ഡിജിറ്റൽ ലോകത്തിന്റെ ഏറ്റവും വലിയ സഹായിയാണ് ഗൂഗിൾ. സംശയങ്ങളുണ്ടെങ്കിൽ ഗൂഗിൾ ചെയ്യാനാണ് ഇന്നത്തെ തലമുറ പറയുക. 'ഇന്റർനെറ്റിൽ തിരയുക' എന്ന പ്രയോഗമൊക്കെ മാഞ്ഞുപോയി. എല്ലാത്തിനുമുള്ള ഉത്തരം ഗൂഗിളിന്റെ കൈയ്യിലുണ്ട്. ഗൂഗിൾ സെർച്ചിൽ കാലക്രമേണ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സെർച്ചിങ് അനുഭവം നൽകാനായി കഷ്ടപ്പെട്ട് പണിയെടുത്തുകൊണ്ടിരിക്കുകയാണ് ഗൂഗിളിലെ ഡെവലപ്പർമാർ.
'സെർച്ച് ഓൺ 2022' എന്ന ഗൂഗിളിന്റെ പുതിയ കോൺഫറൻസിൽ ഗൂഗിൾ സെർച്ചിൽ ഉൾപ്പെടുത്താൻ പോകുന്ന അഞ്ച് കിടിലൻ മാറ്റങ്ങളാണ് പ്രഖ്യാപിച്ചത്. മൊബൈൽ ഫോണിലൂടെയുള്ള ആളുകളുടെ തിരയൽ അനുഭവം ഇനി വേറെ ലെവലാകുമെന്നാണ് ഗൂഗിൾ പറയുന്നത്.
ഗൂഗിൾ സേർച്ച് ഷോർട്ട്കട്ടുകൾ
വാക്കുകളായി ടൈപ്പ് ചെയ്യുന്നതിന് പുറമേ നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ഗൂഗിളിൽ തിരയാൻ നിരവധി മാർഗങ്ങളുണ്ട്. സ്‌ക്രീൻഷോട്ടുകൾ അപ്‌ലോഡ് ചെയ്ത് ഉത്പന്നങ്ങൾ തിരയാം, ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ടെക്‌സ്‌റ്റ് വിവർത്തനം ചെയ്യാം, മൈക്രോഫോണിൽ മൂളിക്കൊണ്ട് പാട്ടുകളേതെന്ന് കണ്ടെത്താം. ഇപ്പോൾ, iOS-ന് വേണ്ടിയുള്ള ഗൂഗിൾ ആപ്പിൽ, പുതിയ ഷോർട്ട്കട്ട് ഫീച്ചറും ഗൂഗിൾ ചേർത്തിരിക്കുകയാണ്. ഷോർട്ട്കട്ടുകളിൽ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള കാര്യങ്ങൾ തിരയാം. വൈകാതെ ആൻഡ്രോയ്ഡ് യൂസർമാർക്കും ഫീച്ചർ ലഭിക്കും. -സ്ക്രീൻഷോട്ട് ചുവടെ..
സേർച്ച് ബാറിൽ തന്നെ ഫലങ്ങൾ
ഗൂഗിൾ ആപ്പിലെ സെർച്ച് ബാറിൽ ക്ലിക്ക് ചെയ്ത് വാക്കുകൾ ടൈപ്പ് ചെയ്യുമ്പോൾ തന്നെ അതിന്റെ ഫലങ്ങൾ പ്രദർശിപ്പിക്കുന്നതാണ് മറ്റൊരു ഗംഭീര ഫീച്ചർ. തിരയാനുള്ള ബട്ടണിൽ അമർത്താതെ, സെർച്ച് ബാറിൽ തന്നെ ഫലങ്ങൾ ദൃശ്യമാകുന്നത്, കാര്യങ്ങൾ ഒരുപാട് എളുപ്പമാക്കുമെന്ന് പറയേണ്ടതില്ലല്ലോ...
ചുവടെയുള്ള സ്ക്രീൻഷോട്ടിൽ, തിരയൽ ബാറിൽ ഒരു ലൊക്കേഷൻ പേജിലേക്കുള്ള ലിങ്ക് ഗൂഗിൾ പ്രദർശിപ്പിക്കുന്നത് നിങ്ങൾക്ക് കാണാം:
മെച്ചപ്പെടുത്തിയ അന്വേഷണ പരിഷ്കരണങ്ങൾ
നമ്മൾ ഏന്തെങ്കിലും തിരയുമ്പോൾ ഏറ്റവും പ്രസക്തവും ഉപയോഗപ്രദവുമായ ഫലങ്ങൾ ലഭിക്കാനായി പുതിയ ഫീച്ചർ ഗൂഗിൾ ചേർത്തിട്ടുണ്ട്.
കണ്ടെത്താനുള്ള കാര്യം സേർച്ച് ബാറിൽ ടൈപ്പ് ചെയ്യുമ്പോൾ, അവ കൃത്യമാകാനും കൂടുതൽ വ്യക്തമാകാനും ഗൂഗിൾ ചില ആശയങ്ങൾ ഇങ്ങോട്ട് വാഗ്ദാനം ചെയ്യും.
ചുവടെയുള്ള ഉദാഹരണത്തിൽ, "മികച്ച മെക്‌സിക്കോ നഗരങ്ങൾ" എന്ന ചോദ്യം വിപുലീകരിക്കാൻ ഗൂഗിൾ വ്യത്യസ്തമായ ചില മാർഗങ്ങൾ നിർദ്ദേശിക്കുന്നത് നിങ്ങൾക്ക് കാണാം:
ഗൂഗിൾ വെബ് സ്റ്റോറീസ്
ഗൂഗിൾ വെബ് സ്റ്റോറികളുടെ മികച്ച സംയോജനത്തിലൂടെ മൊബൈലിലൂടെയുള്ള തിരയൽ കൂടുതൽ ദൃശ്യവത്കരിക്കുകയാണ് ഗൂഗിൾ. എന്തെങ്കിലും വിഷയം ഗൂഗിളിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നവർക്കായി അതുമായി ബന്ധപ്പെട്ട എല്ലാതരം വിവരങ്ങളും ചിത്രങ്ങളായും വിഡിയോകളായുമൊക്കെ കാട്ടിക്കൊടുക്കപ്പെടും. ഓപ്പൺ വെബിലെ കണ്ടന്റ് ക്രിയേറ്റർമാരിൽ നിന്നുള്ള ഉള്ളടക്കം ഉൾപ്പെടെ ഏറ്റവും പ്രസക്തവും സഹായകരവുമായ വിവരങ്ങൾ ഹൈലൈറ്റ് ചെയ്യും.
നഗരങ്ങളെ കുറിച്ച് തിരഞ്ഞാൽ, അവിടം സന്ദർശിച്ച ആളുകളിൽ നിന്നുള്ള വിഷ്വൽ സ്റ്റോറികളും ഹ്രസ്വ വീഡിയോകളും, നഗരത്തിലൂടെ എങ്ങനെ ചുറ്റാം, ചെയ്യേണ്ട കാര്യങ്ങൾ, അവിടെ എങ്ങനെ എത്തിച്ചേരാം, നിങ്ങളുടെ യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ നിങ്ങൾ അറിയാൻ ആഗ്രഹിച്ചേക്കാവുന്ന മറ്റ് പ്രധാന വശങ്ങൾ എന്നിവയെക്കുറിച്ചുള്ള നുറുങ്ങ് വിവരങ്ങൾ നിങ്ങൾ കണ്ടേക്കാം.
ടെക്സ്റ്റുകളും ചിത്രങ്ങളും വീഡിയോകളും സംയോജിപ്പിക്കുന്നു
സെർച്ച് ബാറിൽ എന്തെങ്കിലും കീവേഡ് തിരഞ്ഞാൽ ചിത്രം, വിഡിയോ, ന്യൂസ് അടക്കം ഏറ്റവും പ്രസക്തമായ ഫലങ്ങളായിരിക്കും ഇനിമുതൽ ലഭിക്കുക. നിലവിൽ ന്യൂസ്, വിഡിയോ, ഇമേജ്, മാപ്പ് അടക്കം വിവിധ വിഭാഗങ്ങൾ വ്യത്യസ്ത ടാബുകളായി തിരിച്ചാണ് ലഭിക്കുന്നത്. ഇതിനായി ഓരോ ടാബും ഓരോന്നായി ക്ലിക്ക് ചെയ്യേണ്ടിവരും. അതിനു പകരമായി ഒറ്റ സെർച്ച് റിസൽറ്റ് പേജിൽ തന്നെ എല്ലാ വിഭാഗം കണ്ടെന്റുകളും കാണിക്കുന്ന തരത്തിലാണ് പുതിയ സവിശേഷത വരുന്നത്.
ബുധനാഴ്ച നടന്ന 'സെർച്ച് ഓൺ 2022' പരിപാടിയിൽ ഗൂഗിൾ എൻജിനീയറിങ് വൈസ് പ്രസിഡന്റ് രാജൻ പട്ടേലാണ് ഗൂഗിൾ ആപ്പിലെ പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചത്. ഉപയോക്താക്കൾ ഓരോ വിഷയവും തിരയുന്ന രീതിയിൽ സെർച്ച് ഫലങ്ങളെ ഏകീകരിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പല രീതികളിലുള്ള ഏറ്റവും പ്രസക്തമായ റിസൽറ്റുകളായിരിക്കും ഉപയോക്താക്കൾക്കു ലഭിക്കുക.
ഗൂഗിളിലെ പരസ്യത്തിന്റെ രീതിയിലും മാറ്റമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ തന്നെ അമേരിക്കയിൽ ഗൂഗിൾ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുകൾ അനുഭവിച്ചറിയാനാകും. വൈകാതെ മറ്റു പ്രദേശങ്ങളിലും ഗൂഗിൾ സെർച്ചിലെ മാറ്റങ്ങൾ എത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.