ഓപൺഎ.ഐ-യെ കൂട്ടുപിടിച്ച് മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഉണ്ടാക്കിയ തരംഗം കണ്ട് ഭയന്ന സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ കഴിഞ്ഞ ദിവസമായിരുന്നു അവരുടെ എ.ഐ ചാറ്റ്ബോട്ടായ ‘ബാർഡ്’ ലോകമെമ്പാടുമായി 180-ലധികം രാജ്യങ്ങളിൽ അവതരിപ്പിച്ചത്. ചാറ്റ്ജി.പി.ടിയെ വെല്ലാനാണ് ഗൂഗിൾ പുതിയ എ.ഐ സെർച്ച് എഞ്ചിനുമായി രംഗപ്രവേശം ചെയ്തത്.
എന്നാലിപ്പോൾ ഗൂഗിളിന്റെ ‘എ.ഐ സമന്വയിപ്പിക്കൽ’ കാരണം ലോട്ടറിയടിച്ചിരിക്കുന്നത് സഹസ്ഥാപകരായ ലാരി പേജിനും സെർജി ബ്രിന്നിനുമാണ്. നവീകരിച്ച സെർച്ച് എഞ്ചിൻ അവതരിപ്പിച്ചതോടെ ഇരുവരും ഒരാഴ്‌ചയ്‌ക്കുള്ളിൽ തങ്ങളുടെ ആസ്തിയിലേക്ക് ചേർത്തത് 18 ബില്യൺ ഡോളറിലധികം. അതായത് 1.48 ലക്ഷം കോടി രൂപ.
ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ലാരി പേജിന്റെ ആസ്തി ഈ ആഴ്ച 9.4 ബില്യൺ ഡോളർ വർദ്ധിച്ച് 106.9 ബില്യൺ ഡോളറായി, സെർജി ബ്രിന്നിന്റേത് 8.9 ബില്യൺ ഡോളർ ഉയർന്ന് 102.1 ബില്യൺ ഡോളറുമായി. 2021 ഫെബ്രുവരിക്ക് ശേഷമുള്ള അവരുടെ ഏറ്റവും വലിയ പ്രതിവാര നേട്ടമായിരുന്നു അത്.
ഗൂഗിൾ സ്ഥാപിച്ചതിന് ശേഷം പേജും ബ്രിനും, കമ്പനിയിൽ ഏറ്റവും കൂടുതൽ ഇടപെട്ടത് സമീപകാലത്തായിരുന്നു. എ.ഐ രംഗത്തേക്കുള്ള കടന്നുവരവിൽ ഗൂഗിളിനെ ഏറ്റവും കൂടുതൽ സഹായിച്ചത് ഇരുവരും ചേർന്നായിരുന്നു. അതിന്റെ പ്രതിഫലം രണ്ടുപേർക്കും ലഭിക്കുകയും ചെയ്തു. 22 ബില്യൺ ഡോളർ വീതം തങ്ങളുടെ സമ്പത്തിൽ ചേർത്ത പേജും ബ്രിന്നും 2023 ലെ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയവരിൽ ഉൾപ്പെടുന്നു. നിലവിൽ ഇരുവരും യഥാക്രമം ലോകത്തിലെ എട്ടാമത്തെയും ഒമ്പതാമത്തെയും സമ്പന്നരാണ്.
ഗൂഗിളിന്റെ നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന എ.ഐ ചാറ്റ് ബോട്ട് ആയ ബാര്‍ഡ് ഇന്ത്യയിലുമെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.