നവി മുംബൈയിൽ 22.5 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഗൂഗിൾ; ലക്ഷ്യം സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍

മുംബൈ: നവി മുംബൈയിലെ ജൂയിനഗറിൽ 22.5 ഏക്കർ സ്ഥലം വാങ്ങാൻ ആൽഫബെറ്റിന്റെ കീഴിലുള്ള ഗൂഗിൾ വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്ന് റി​പ്പോർട്ട്. ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍ ഒരുക്കുന്നതിനുള്ള പദ്ധതിയിലാണ് ഗൂഗിളെന്നാണ് റിപ്പോർട്ടുകൾ. കാലിഫോർണിയ ആസ്ഥാനമായ ഗൂഗിൾ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ (എംഐഡിസി) ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്തായിരിക്കും ഡേറ്റ സെന്റര്‍ ഒരുക്കുക.

പദ്ധതി നടപ്പായാല്‍ ഗൂഗിള്‍ സ്വന്തമായി ഇന്ത്യയില്‍ വികസിപ്പിക്കുന്ന ആദ്യ ഡേറ്റ സെന്ററായിരിക്കുമിത്. അതേസമയം ഇത് ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

നിലവിൽ കണ്ടെത്തിയിട്ടുള്ള സ്ഥലം മുമ്പ് ഹെര്‍ഡിലിയ കെമിക്കല്‍സ് എന്ന രാസകമ്പനിക്ക് എം.ഐ. ഡി.സി പാട്ടത്തിനു നല്‍കിയതാണ്. ഗൂഗിളിനു സ്ഥലം കൈമാറാനായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. സമീപപ്രദേശങ്ങളിലെ നിലവിലെ പ്രോപ്പർട്ടി നിരക്കും എംഐഡിസിയുടെ ട്രാൻസ്ഫർ ചാർജുകളും കണക്കിലെടുത്ത് ഏകദേശം 850 കോടി രൂപയോളം വരുന്ന ഇടപാടായിരിക്കുമത്.

നവി മുംബൈയിലെയും നോയിഡയിലെയും കോളോക്കേഷൻ ഡാറ്റാ സെൻ്ററുകളിൽ സ്‍പേസ് പാട്ടത്തിനെടുക്കാൻ ഗൂഗിൾ ചില ഡീലുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം, കമ്പനി സ്വന്തമായി വികസിപ്പിക്കുന്ന ആദ്യത്തെ ഡാറ്റാ സെൻ്ററാണിത്. 2022-ല്‍ നോയിഡയില്‍ അദാനിയുടെ ഒരു ഡാറ്റാ സെന്റര്‍ ഗൂഗിള്‍ വാടകയ്‌ക്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.