നൈജീരിയ ട്വിറ്റർ താൽക്കാലികമായി നിരോധിച്ചതോടെ, ഇന്ത്യൻ നിർമിത ആപ്പായ 'കൂ' ആഫ്രിക്കൻ രാജ്യത്തേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നു. 'കൂ നൈജീരിയയിൽ ലഭ്യമാണ്. അവിടത്തെ പ്രാദേശിക ഭാഷകളും ഇതിൽ കൊണ്ടുവരാൻ ഞങ്ങൾ ആലോചിക്കുന്നുണ്ട്' -കമ്പനിയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ അപ്രമ്യ രാധാകൃഷ്ണൻ ട്വിറ്ററിൽ കുറിച്ചു. ട്വിറ്റർ നിരോധന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് രാധാകൃഷ്ണൻെറ ട്വീറ്റ്.
രാജ്യത്തിന്‍റെ കോർപറേറ്റ് അസ്തിത്വം തകർക്കുന്ന പ്രവർത്തനങ്ങളെ പിന്തുണക്കുന്നുവെന്ന് കാണിച്ചാണ് വെള്ളിയാഴ്ച ട്വിറ്ററിനെ നൈജീരിയ വിലക്കിയത്. അനിശ്ചിത കാലത്തേക്കാണ് നിരോധനം. പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി കഴിഞ്ഞ ദിവസം തന്‍റെ ഔദ്യോഗിക അക്കൗണ്ടിൽ നൽകിയ ട്വീറ്റ് നിയമങ്ങൾ പാലിച്ചില്ലെന്ന് പറഞ്ഞ് ട്വിറ്റർ ഡിലീറ്റ് ചെയ്യുകയായിരുന്നു.
നൈജീരിയക്കാരെ 'കൂ'വിലേക്ക് സ്വാഗതം ചെയ്തുള്ള രാധാകൃഷ്ണൻെറ ട്വീറ്റിന് മികച്ച പ്രതികരണമാണ് വന്നിട്ടുള്ളത്. വിദേശ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളെ നിലക്കുനിർത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതിനാൽ ഇന്ത്യയിലും 'കൂ'വിൻെറ പ്രചാരം വർധിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ മൈക്രോബ്ലോഗിങ് കമ്പനിയായ ട്വിറ്ററുമായി സർക്കാർ ഏറ്റുമുട്ടൽ തുടരുകയാണ്. ഇത് ഒരർഥത്തിൽ കൂ ആപ്പിനെയാണ് സഹായിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് കൂവിന് ലഭിച്ചത്.
ഇംഗ്ലീഷിലും മറ്റു ഏഴ് ഇന്ത്യൻ ഭാഷകളിലും കൂവിൽ പോസ്റ്റ് ചെയ്യാൻ സാധിക്കും. വ്യവസായ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം കൂവിലേക്ക് മാറിയിട്ടുണ്ട്. അനുയായികളോട് ഇത് പിന്തുടരണമെന്നും മന്ത്രിമാർ അഭ്യർഥിച്ചു.
ബംഗളൂരു ആസ്ഥാനമായുള്ള ബോംബിനാട്ടെ ടെക്നോളജീസ് സ്റ്റാർട്ടപ്പാണ് ഈ ആപ്പ് വികസിപ്പിക്കുന്നത്. ട്വിറ്ററിൻെറ നീല-വെള്ള പക്ഷിയോട് സാമ്യമുള്ള മഞ്ഞ കോഴിയുടെ ലോഗോയുള്ള കൂ, ഒരു വർഷം മുമ്പാണ് സ്ഥാപിതമായത്.
അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറിലെ പൂർവ വിദ്യാർത്ഥി രാധാകൃഷ്ണനും മയങ്ക് ബിദാവത്കയുമാണ് ഇതിൻെറ ഉപജ്ഞാതാക്കൾ. ആപ്പ് ഇതുവരെ 34 മില്യൺ ഡോളറിലധികം ധനസഹായം സ്വരൂപിച്ചുവെന്ന് ഫോബ്‌സ് ഇന്ത്യ കണക്കുകൾ സൂചിപ്പിക്കുന്നു.
@kooindia is available in Nigeria. We're thinking of enabling the local languages there too. What say? pic.twitter.com/NUia1h0xUi
— Aprameya R (@aprameya) June 5, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.