‘തൊടാൻ പോലും പറ്റാത്തത്ര ചൂട്’; ഐഫോൺ 15 പ്രോ സീരീസിനെതിരെ യൂസർമാർ

ഏറെ കൊട്ടിഘോഷിച്ചെത്തിയ ഐഫോൺ 15 സീരീസിനെതിരായ ആദ്യത്തെ പരാതിയുമായി യൂസർമാർ രംഗത്ത്. ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നീ മോഡലുകൾ ആദ്യമായി സ്വന്തമാക്കിയ ചിലരാണ് ഫോൺ അമിതമായി ചൂടാകുന്നതായുള്ള പരാതിയുമായി എത്തിയിരിക്കുന്നത്. ഫോൺ ഉപയോഗിക്കുമ്പോഴും ചാർജ് ചെയ്യുമ്പോഴും ഹീറ്റാകുന്നതായാണ് അവർ പറയുന്നത്. ലക്ഷങ്ങൾ നൽകി വാങ്ങുന്ന ഐഫോണുകൾ ഇത്തരം അനുഭവം സമ്മാനിച്ചത് പല​രെയും ചൊടിപ്പിച്ചിട്ടുണ്ട്.

ആപ്പിൾ ഓൺലൈൻ ഫോറങ്ങളിലും റെഡ്ഡിറ്റ്, X എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിലും നിരവധിയാളുകൾ തങ്ങളുടെ ഐഫോണുകൾ ചൂടാകുന്നതുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകളിട്ടിട്ടുണ്ട്. ഗെയിം കളിക്കുമ്പോഴും ഫോൺ കോൾ ചെയ്യുമ്പോഴും ഫേസ്ടൈമിന്റെ സമയത്തും ഫോണിന്റെ പിൻഭാഗവും വശങ്ങളും തൊടാൻ പറ്റാത്ത അത്രയും ചൂടാകുന്നതായാണ് ആരോപണം.

ടെക് കണ്ടന്റ് ക്രിയേറ്ററും എഞ്ചിനീയറുമായ മോഹിത് വർമ എന്നയാൾ തന്റെ ഐഫോൺ 15 അമിതമായി ചൂടാകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ പ്രകടിപ്പിച്ചുകൊണ്ട് അടുത്തിടെ X-ൽ (മുമ്പ് ട്വിറ്റർ) ഒരു വീഡിയോ അപ്‌ലോഡ് ചെയ്തു. ‘പിടിക്കാൻ പോലും സാധിക്കാത്ത വിധം ടൈറ്റാനിയം ഐഫോൺ 15 പ്രോ ചൂടാകുന്നു’ എന്നാണ് അദ്ദേഹം വിഡിയോ സഹിതം പോസ്റ്റ് ചെയ്തത്.

വെറും 2 മിനിറ്റ് ഫേസ്‌ടൈം കോളിന് ശേഷവും 8-10 മിനിറ്റ് റീലുകൾ സ്ക്രോൾ ചെയ്യുമ്പോ​ഴുമൊക്കെ ഫോൺ ചൂടാകുമെന്ന് വർമ്മ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ കുറേയാളുകൾ തങ്ങളുടെ അനുഭവം പങ്കുവെച്ച് രംഗത്തുവന്നിട്ടുണ്ട്.

ആപ്പിളിന്റെ ടെക്‌നിക്കൽ സപ്പോർട്ട് ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ടുള്ള കോളുകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. അമിതമായ ചൂടോ തണുപ്പോ ഐഫോണുകളിൽ അനുഭവപ്പെടുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് വിവരിക്കുന്ന ലേഖനമാണ് പരിഹാരമായി യൂസർമാർക്ക് ആപ്പിൾ നൽകുന്നത്. ഗെയിമുകൾ പോലെ കൂടുതൽ പ്രൊസസിങ് പവർ ആവശ്യപ്പെടുന്ന ആപ്പുകൾ ഉപയോഗിക്കുമ്പോഴും ചാർജ് ചെയ്യുമ്പോഴും ആദ്യമായി ഫോൺ സെറ്റ്-അപ് ചെയ്യുമ്പോഴും ഫോൺ ഓവർ ഹീറ്റാകാൻ സാധ്യതയുണ്ടെന്നാണ് ആപ്പിൾ വിശദീകരിക്കുന്നത്.

ലോകത്തിലെ ഏറ്റവും സമ്പന്ന കമ്പനികളിലൊന്നായ ആപ്പിളിന്റെ വരുമാനത്തിന്റെ പകുതിയോളം ഐഫോണുകളാണ് സംഭാവന ചെയ്യുന്നത്. ആൻഡ്രോയ്ഡ് ഫോണുകളെ അപേക്ഷിച്ച് വളരെ വിലക്കൂടുതലാണ് ഐഫോണുകൾക്ക്. ഐഫോൺ 15 പ്രോ മാക്സിന്റെ ഒരു ടിബി വകഭേദത്തിന്റെ വില ഇത്തവണ രണ്ട് ലക്ഷം രൂപയിൽ 200 രൂപ മാത്രം കുറവാണ്.

Tags:    
News Summary - iPhone 15 Overheating Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.