ഏറ്റെടുക്കൽ ചർച്ചകൾ ഫലംകണ്ടില്ല; ട്വിറ്ററിന്‍റെ ഇന്ത്യൻ ബദൽ ‘കൂ’ അടച്ചുപൂട്ടുന്നു

മുംബൈ: ഏറ്റെടുക്കൽ ചർച്ചകൾ പരാജയപ്പെട്ടതോടെ ഇന്ത്യൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘കൂ’ സേവനം അവസാനിപ്പിക്കുന്നു. ട്വിറ്ററിന് (നിലവിൽ എക്സ്) ബദലായി 2020ലാണ് സ്വദേശിയായ കൂ ആപ്പ് അവതരിപ്പിച്ചത്. ചുരുങ്ങിയ കാലയളിൽ 30 ലക്ഷം വരിക്കാരെ ലഭിച്ചെങ്കിലും പിന്നീട് പുതിയ ഉപയോക്താക്കളെത്തിയില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ വർഷം നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. ഏതെങ്കിലും വൻകിട കമ്പനികൾ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതിനായുള്ള ചർച്ചകളും പരാജയപ്പെട്ടതോടെ അടച്ചുപൂട്ടാൻ തീരുമാനിച്ചതായി സ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദവാത്കയും അറിയിച്ചു.

ഇംഗ്ലിഷിലും ഹിന്ദിയിലും കൂടാതെ എട്ട് ഭാഷകളിൽ കൂടി ലഭ്യമാക്കിയ കൂ ആപ്പിന് തുടക്കത്തിൽ വലിയ പ്രചാരമായിരുന്നു. തെലുഗ്, കന്നഡ, തമിഴ്, പഞ്ചാബി, അസമീസ്, ബംഗ്ലാ, മറാഠി, ഗുജറാത്തി ഭാഷകളിലും ആപ്പ് ലഭ്യമാക്കി. തുടക്കത്തിൽ പ്രതിദിനം 20 ലക്ഷത്തിലേറെ സജീവ ഉപയോക്താക്കളുണ്ടായി. എന്നാൽ ഇവരിലേറെയും ട്വിറ്ററിലും സജീവമായിരുന്നു. ദീർഘകാല ഫണ്ടിങ്ങിന് ആരും മുന്നോട്ടുവരാഞ്ഞത് കമ്പനിക്ക് തിരിച്ചടിയായി. 2022 സെപ്റ്റംബറിലാണ് ആദ്യമായി പിരിച്ചുവിടൽ നടപടിയുണ്ടായത്. അത്തവണ 40 പേരെയും തൊട്ടടുത്ത വർഷം ഏപ്രിലിൽ 30 ശതമാനം പേരെയും പിരിച്ചുവിട്ടു.

പരീക്ഷണാർഥം കൂവിലെത്തിയ ഉപയോക്താക്കൾ പലരും പിന്നീട് ട്വിറ്ററിലേക്ക് മടങ്ങി. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്ത് റീബ്രാൻഡ് ചെയ്തതോടെ കൂവിന്‍റെ ജനപ്രീതി പാടെ കുറഞ്ഞു. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ ജീവനക്കാർക്ക് ശമ്പളം നൽകാനാവാത്ത സ്ഥിതിവിശേഷമുണ്ടായി. പിന്നീട് പാർട്നർഷിപ് ചർച്ചകളും ഡെയ്‍ലി ഹണ്ട്, ഷെയർ ചാറ്റ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് വിൽക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.

Tags:    
News Summary - Koo, India’s twitter alternative, shuts down as acquisition talks fail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.