ട്വിറ്ററിന്റെ (ഇപ്പോൾ എക്സ്) ഇന്ത്യൻ ബദലായി എത്തിയ മൈക്രോബ്ലോഗിങ് ആപ്പാണ് കൂ. സംരംഭകരായ അപ്രമേയ രാധാകൃഷ്ണനും മായങ്ക് ബിദ്‌വത്കയും ചേർന്നായിരുന്നു ബാംഗ്ലൂർ ആസ്ഥാനമായി 2020-ൽ ‘കൂ’ സ്ഥാപിക്കുന്നത്. പുറത്തിറങ്ങി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയിൽ 30 ലക്ഷത്തിലേറെ യൂസർമാരെ ആപ്പ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയിൽ ട്വിറ്ററിനെ ‘കൂ’ മറികടന്നേക്കുമെന്ന് വരെ പലരും വിധിയെഴുതിയിരുന്നു.
എന്നാൽ, ‘കൂ’- ആപ്പന്റെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണെന്നാണ് സൂചനകൾ. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് അവർ കടന്നുപോകുന്നതെന്നും ജീവനക്കാരുടെ ശമ്പളം മുടങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതെങ്കിലും കമ്പനി ‘ഇന്ത്യൻ മൈക്രോബ്ലോഗിങ് ആപ്പി’നെ ഏറ്റെടുക്കുമെന്നാണ് ‘കൂ’ അധികൃതർ പ്രതീക്ഷിക്കുന്നത്. മുടങ്ങിയ ശമ്പളം വിതരണം ചെയ്യാൻ അവർക്ക് അതല്ലാതെ മറ്റ് മാർഗങ്ങളില്ല.
2024 ഏപ്രിൽ മുതൽ എല്ലാ ജീവനക്കാർക്കും ശമ്പളം നൽകുന്നത് നിർത്തിയിരിക്കുകയാണ് കമ്പനി. ഒന്നിലധികം കൂ ജീവനക്കാർ ഏപ്രിൽ മുതൽ ശമ്പളം നിർത്തലാക്കുന്നതിനെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചിരുന്നു.
അതേസമയം, പുതിയ ബിസിനസ് പങ്കാളികളുമായുള്ള ചർച്ചകളിലാണെന്നും അത് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നതായും ഒരു കൂ വക്താവ് അറിയിച്ചു. മുൻകാല ശമ്പളം നൽകുന്നതിനായി ഗണ്യമായ രീതിയിൽ വ്യക്തിഗത ഫണ്ടുകൾ വിനിയോഗിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
കൂ-വിൽ അക്കൗണ്ട് എടുത്തവരെല്ലാം തന്നെ ട്വിറ്റർ അക്കൗണ്ടും അന്ന് നിലനിർത്തിയിരുന്നു. തുടക്കക്കാർ എന്ന നിലക്ക് ഒരുപാട് പരിമിതികൾ ‘കൂ’ ആപ്പിൽ ഉണ്ടായിരുന്നു. എന്നാൽ, ട്വിറ്റർ മറുവശത്ത് ‘എക്സ്’ ആയി മാറുകയും വൻ കുതിപ്പ് നടത്തുകയുംചെയ്തു. ആളുകൾ കൂ ആപ്പിനെ പാടെ അവഗണിച്ചതോടെ തുടക്കത്തിലെ കുതിപ്പ് മാറി ഇന്ത്യൻ ബദൽ കിതക്കാൻ തുടങ്ങുകയായിരുന്നു.
ഓൺലൈൻ ക്യാബ് ബുക്കിംഗ് സേവനമായ ടാക്‌സി ഫോർ ഷുവർ സ്ഥാപിച്ച വ്യക്തിയാണ് കൂ-വിന് പിന്നിലുള്ള രാധാകൃഷ്ണൻ. അത് പിന്നീട് ‘ഒല’ എന്ന കമ്പനിക്ക് വിൽക്കുകയായിരുന്നു. കൂവിന് മുമ്പ്, മാതൃ കമ്പനിയായ ബോംബിനേറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് - ക്വോറയുടെ ഇന്ത്യൻ പതിപ്പായ ‘വോക്കൽ’ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.