ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്ട്‌സ്ആപ്പ് എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങളിൽ തങ്ങളുടെ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചാറ്റ്‌ബോട്ടായ മെറ്റാ എഐ പരീക്ഷിച്ച് ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ. ഇന്ത്യയിലെ തിരഞ്ഞെടുത്ത ഉപയോക്താക്കൾ മാത്രമാണ് നിലവിൽ മെറ്റ എ.ഐ എന്ന എ.ഐ ചാറ്റ്ബോട്ട് ഉപയോഗിക്കാൻ സാധിക്കുക.
ജനറേറ്റീവ് എ.ഐ-യിലേക്കുള്ള വലിയ മുന്നേറ്റത്തിൻ്റെ ഭാഗമായി 2023 സെപ്റ്റംബറിലായിരുന്നു സോഷ്യൽ നെറ്റ്‌വർക്കിംഗ് ഭീമനായ മെറ്റ ‘Meta AI’ അവതരിപ്പിച്ചത്.
ഇൻസ്റ്റാഗ്രാമിൽ, ഡയറക്ട് മെസ്സേജ് (ഡി.എം) ഫീച്ചറിലാണ് മെറ്റാ AI ലഭ്യമാക്കിയിട്ടുള്ളത്. സെർച്ച് ബാറിലെ ‘Meta AI’ ഐക്കണിൽ ടാപ്പ് ചെയ്‌ത് ഇത് ആക്‌സസ് ചെയ്യാൻ കഴിയും. ഓപ്പൺഎഐയുടെ ചാറ്റ്‌ജിപിടി, ഗൂഗിളിൻ്റെ ജെമിനി എന്നിവയ്‌ക്ക് സമാനമായി ചാറ്റ്‌ബോട്ടുമായി നിങ്ങൾക്ക് നേരിട്ട് സംവദിക്കാം, തത്സമയ വിവരങ്ങളടക്കം, നിങ്ങളുടെ എല്ലാതരം ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ കഴിയുന്ന സഹായിയായിട്ടാണ് മെറ്റ എ.ഐ പ്രവർത്തിക്കുന്നത്,
നിങ്ങളുടെ ചോദ്യങ്ങൾക്ക് നൽകുന്ന ഉത്തരത്തോടൊപ്പം, ഉത്തരം നൽകാൻ മെറ്റാ എ.ഐ ഉപയോഗിക്കിച്ചിരിക്കുന്ന ഗൂഗിൾ സെർച് റിസൽട്ടുകളുടെ പേജിലേക്കുള്ള ഒരു ലിങ്കും ലഭിക്കുന്നതായിരിക്കും.
ഇൻസ്റ്റാഗ്രാം ഡിഎം ഫീച്ചറിലെ മെറ്റാ എഐയുടെ സ്ക്രീൻഷോട്ട് ചുവടെ...
ടെക്‌സ്‌റ്റുകളും ചിത്രങ്ങളും സൃഷ്‌ടിക്കാനും, ദൈർഘ്യമേറിയ വാചകങ്ങൾ സംഗ്രഹിക്കാനും, പ്രൂഫ് റീഡിങ്, എഡിറ്റിങ്, ടെക്‌സ്‌റ്റ് ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് വിവർത്തനം ചെയ്യൽ, കവിതകളും കഥകളും സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സഹായിക്കാനും മെറ്റ എ.ഐ-ക്ക് കഴിയും.
ഇൻസ്റ്റഗ്രാമിൽ നിങ്ങൾ ആരെങ്കിലുമായി ചാറ്റ് ചെയ്യുമ്പോൾ മെറ്റ എ.ഐ അസിസ്റ്റൻ്റിനെ വിളിക്കാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു ഗ്രൂപ്പ് യാത്രയ്ക്കുള്ള ശുപാർശകൾ അല്ലെങ്കിൽ ഡിന്നർ പാർട്ടി പാചകക്കുറിപ്പുകൾക്കുള്ള ആശയങ്ങൾ ആവശ്യപ്പെടാം, അത് ചാറ്റിൽ നേരിട്ട് ഓപ്ഷനുകൾ നിങ്ങളുടെ മുന്നിലേക്ക് ഇട്ടുതരും. ചാറ്റ്‌ബോട്ടുമായി സംവദിക്കാൻ നിങ്ങൾ “@” എന്ന് ടൈപ്പ് ചെയ്‌ത് ശേഷം Meta AI എന്ന് ടാപ്പ് ചെയ്താൽ മതി.
മെറ്റ വാട്ട്‌സ്ആപ്പിലും ചാറ്റ്ബോട്ട് പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. എക്‌സിൽ നിരവധി ആളുകൾ ചാറ്റ്‌ബോട്ടിൻ്റെ സ്‌ക്രീൻഷോട്ടുകൾ പങ്കിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.