എ.ഐ സൃഷ്ടിച്ചതല്ല..! ഓപൺഎ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ വിവാഹിതനായി, പങ്കാളി ദീർഘകാല സുഹൃത്ത്

ചാറ്റ്ജിപിടി സൃഷ്ടാക്കളായ ഓപൺ എ.ഐയുടെ സി.ഇ.ഒ സാം ആൾട്ട്മാൻ വിവാഹിതനായി. ദീർഘകാല സുഹൃത്തും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ഒലിവർ മൾഹെറിനാണു പങ്കാളി. മോതിരം കൈമാറുന്നടക്കമുള്ള വിവാഹ ചടങ്ങിലെ ചിത്രങ്ങൾ എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


നിർമിത ബുദ്ധിയുപയോഗിച്ച് സൃഷ്ടിക്കുന്ന ഡീപ് ഫേക്കുകൾ ഓൺലൈനിൽ വിഹരിക്കുന്ന കാലമായതിനാൽ, പലരും ആൾട്ട്മാന്റെ വിവാഹം വ്യാജമാണെന്ന് തെറ്റിധരിച്ചിരുന്നു. എന്നാൽ, യു.എസ് ചാനലായ 'എൻ.ബി.സി ന്യൂസി'നോട് ആൾട്ട്മാൻ തന്നെ വിവാഹക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.

യു.എസിലെ ഹവായിയിൽ നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ആസ്‌ട്രേലിയൻ പൗരനാണ് ഒലിവർ മുൾഹെറിൻ. ദീർഘകാലമായി സാം ആൾട്ട്മാന്റെ അടുത്ത സുഹൃത്താണ്. ഇരുവരും ഏറെ കാലമായി ഒരുമിച്ചാണു കഴിയുന്നത്.

കഴിഞ്ഞ വർഷം യു.എസ് ഭരണകൂടം നരേന്ദ്ര മോദിക്കായി ഒരുക്കിയ വിരുന്നിൽ ആൾട്ട്മാനും മുൾഹെറിനും അതിഥികളായി പങ്കെടുത്തിരുന്നു. ഇരുവർക്കും കുട്ടികളുണ്ടാക്കാൻ ആഗ്രഹമുണ്ടെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ന്യൂയോർക്ക് മാഗസിനു നൽകിയ അഭിമുഖത്തിൽ ആൾട്ട്മാൻ വെളിപ്പെടുത്തിയിരുന്നു.

ആശയവിനിമയം വ്യക്തമല്ലെന്നും വിശ്വാസം നഷ്ടപ്പെട്ടെന്നും പറഞ്ഞ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സാം ആൾട്ട്മാനെ ഓപൺ എ.ഐ സി.ഇ.ഒ പദവിയിൽനിന്ന് ബോർഡ് അംഗങ്ങൾ പുറത്താക്കിയിരുന്നു. എന്നാൽ, പുറത്താക്കിയ ഡയറക്ടർ ബോർഡിനെതിരെ നിക്ഷേപകരും 750ഓളം വരുന്ന ജീവനക്കാരും ഒന്നിച്ച് രംഗത്തെത്തിയതോടെ അദ്ദേഹം തിരിച്ചെത്തുകയും ചെയ്തു.

Tags:    
News Summary - OpenAI CEO Sam Altman quietly weds in a private beachside ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.