ന്യൂഡൽഹി: ഗെയിമർമാർ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ പബ്ജി ഗെയിം ഇന്ത്യയിൽ അവതരിപ്പിച്ചു. പബ്ജി ന്യൂ സ്റ്റേറ്റ് എന്ന പുതിയ ഗെയിമാണ് ദക്ഷിണ കൊറിയൻ വിഡിയോ ഗെയിം ഡെവലപ്പറും പബ്ജിയുടെ നിർമാതാക്കളുമായ ക്രാഫ്റ്റൺ ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഗൂഗ്ൾ പ്ലേ സ്റ്റോറിൽ പോയാൽ പുതിയ പേരിലെത്തിയ ഗെയിം ഡൗൺലോഡ് ചെയ്യാം. ആപ്പിൾ പ്ലേ സ്റ്റോറിൽ നവംബർ 12 മുതലാണ് ലഭ്യമാകുക.
2020 സെപ്റ്റംബറിൽ ചൈനീസ് കമ്പനിയായ ടെൻസെന്‍റിന്‍റെ കീഴിലുള്ള പബ്ജി മൊബൈൽ ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഇതോടെ ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ രീതിയിൽ മാറ്റം വരുത്തി ചൈനീസ് ബന്ധം ഉപേക്ഷിച്ചുകൊണ്ട് ക്രാഫ്റ്റൺ ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ (Battlegrounds Mobile India, ബി.ജി.എം.ഐ) എന്ന പേരിൽ മറ്റൊരു ഗെയിം ലോഞ്ച് ചെയ്യുകയായിരുന്നു. ബി.ജി.എം.ഐയുടെ വികസനത്തിനായി ചൈന ആസ്ഥാനമായ ടെൻസന്‍റുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി ക്രാഫ്റ്റൺ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ പുതിയ പബ്ജി ന്യൂ സ്റ്റേറ്റ് വികസിപ്പിച്ചെടുത്തതിൽ ചൈനീസ് കമ്പനിക്ക് പങ്കില്ലെന്നാണ് വിവരം.
ഗൂഗ്ൾ പ്ലേയിൽ ഏകദേശം 1.4 ജി.ബി സൈസുള്ളതാണ് പബ്ജി ന്യൂ സ്റ്റേറ്റ്. വിവിധ ഫോണുകളിൽ വ്യത്യസ്ഥ സൈസുകളിലായിരിക്കും. ആൻഡ്രോയ്ഡ് വേർഷൻ 6 അല്ലെങ്കിൽ അതിന് മുകളിലുള്ള ഫോണുകളിൽ ഗെയിം സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
ആഗോളതലത്തിൽ 17 ഭാഷകളിൽ പുതിയ ഗെയിം ലഭ്യമാകുമെന്ന് ക്രാഫ്റ്റൺ അറിയിച്ചു. സ്മാർട്ട്ഫോൺ ഗെയിമർമാർക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്നതാണ് പുതിയ പബ്ജിയെന്നാണ് നിർമാതാക്കളുടെ അഭിപ്രായം. പബ്ജി പോലെ ഒരു ബാറ്റിൽ റോയൽ ഗെയിം, പബ്ജിയിൽ ഉള്ളതുപോലെ ഇൻ-ഗെയിം ഇവൻറുകളും പുതുപുത്തൻ ഒൗട്ട്ഫിറ്റുകളും തോക്കും പടക്കോപ്പുകളുമെല്ലാം തന്നെ 'പബ്ജി ന്യൂ സ്റ്റേറ്റിലും' ഉണ്ടാകും.
പബ്ജി മൊബൈൽ, ബി.ജി.എം.െഎ, കോൾ ഒാഫ് ഡ്യൂട്ടി തുടങ്ങിയ ഗെയിമുകൾ പിന്തുടർന്നുപോരുന്ന ബാറ്റിൽ റോയൽ ഫോർമാറ്റിലുള്ള ഗെയിമാണ് പബ്ജി ന്യൂ സ്റ്റേറ്റും. എന്നാൽ, പുതിയ ലൊക്കേഷനും ആയുധങ്ങളും ഗെയിം പ്ലേ രീതികളും എലമെൻറുകളുമാണ് മറ്റ് ഗെയിമുകളുമായി ക്രാഫ്റ്റൺ നിർമിച്ച ന്യൂ സ്റ്റേറ്റിനെ വ്യത്യസ്തമാക്കുന്നത്.
2051-ലാണ് ഗെയിം സജ്ജീകരിച്ചിരിക്കുന്നത്. ഗെയിമേഴ്സിന് ആസ്വദിക്കാനായി മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ളതായി തോന്നിക്കുന്ന ഗെയിം ലൊക്കേഷനും നൽകിയിട്ടുണ്ട്. പബ്ജി മൊബൈലിൽ നേരത്തെയുണ്ടായിരുന്ന എറാങ്കൽ (Erangel) എന്ന മാപ്പിനോട് സാമ്യതകളുണ്ടെങ്കിലും പുതിയ ഏരിയകളും അതിനൂതനമായ കെട്ടിടങ്ങളും വാഹനങ്ങളും മറ്റ് സൗകര്യങ്ങളും നിറച്ച് ഭാവിയിലെ ലോകത്തെ വരച്ചുകാട്ടാനും ഗെയിം ഡെവലപ്പർമാർ ശ്രമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.