മൈക്രോസോഫ്റ്റ് ഇ-മെയിലുകള്‍ ഹാക്ക് ചെയ്ത് റഷ്യന്‍ ഹാക്കര്‍മാര്‍

മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്ത് റഷ്യന്‍ ഹാക്കര്‍മാര്‍. സൈബര്‍ സെക്യൂരിറ്റി, ലീഗല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ചില ജീവനക്കാരുടെയും ഇമെയില്‍ ഐഡികളാണ് ഹാക്ക് ചെയ്തത്. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും നെറ്റ് വര്‍ക്കില്‍ തടസം നേരിട്ടേക്കാമെന്നും കമ്പനി അറിയിച്ചു.

ജീവനക്കാരുടെ കംപ്യൂട്ടറുകളിലേക്കോ മൈക്രോസോഫ്റ്റ് സെര്‍വറിലേക്കോ ഹാക്കര്‍മാര്‍ കടന്നിട്ടില്ലാത്തതിനാല്‍ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു. ഹാക്കിങിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് മൈക്രോസോഫ്റ്റ് സംശയിക്കുന്ന ഹാക്കര്‍ സംഘം സോഴ്‌സ്‌കോഡിലേക്കോ എ.ഐ സംവിധാനങ്ങളിലേക്കോ പ്രവേശിച്ചതിന് തെളിവൊന്നും മൈക്രോസോഫ്റ്റിന് ലഭിച്ചിട്ടില്ല.

മിഡ്‌നൈറ്റ് ബ്ലിസാര്‍ഡ് എന്നും നൊബീലിയം എന്നും അറിയപ്പെടുന്ന ഈ സംഘം റഷ്യന്‍ ബന്ധമുള്ളവരാണെന്നാണ് യു.എസ് പറയുന്നത്. ഇവര്‍ മുമ്പ് യു.എസ് സര്‍ക്കാരിന്റെ കരാര്‍ സ്ഥാപനങ്ങളിലൊന്നായ സോളാര്‍വിന്റ്‌സ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിക്ക് നേരെ സൈബറാക്രമണം നടത്തിയിരുന്നു. കോര്‍പ്പറേറ്റ് അക്കൗണ്ടുകള്‍ കയ്യടക്കുന്നതിന് പ്രത്യേക യുസര്‍നെയിമുകളില്‍ നിരവധി പാസ് വേഡുകള്‍ അതിവേഗം ഉപയോഗിക്കുന്ന ബ്രൂട്ട് ഫോഴ്‌സ് രീതിയാണ് ഇവിടെ ഹാക്കർമാർ ഉപയോഗിച്ചിട്ടുള്ളത്. ഇതുവഴി അക്കൗണ്ടുകള്‍ക്കൊപ്പം ഇമെയിലുകളും അതിലുള്ള രേഖകളും കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും. മുമ്പും പലതവണ മൈക്രോസോഫ്റ്റിന് നേരെ സൈബറാക്രമണം നടന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. 

Tags:    
News Summary - Russian hackers hack into Microsoft e-mails

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.