പുതിയ ഐ​ഫോണിലെ 'ക്രാഷ് ഡിറ്റക്ഷൻ' വെറുതെയോ ? പരീക്ഷിച്ച് യൂട്യൂബർ; ഇതാണ് സംഭവിച്ചത്...!

ഐഫോൺ 14 ലോഞ്ച് ഇവന്റിന് പിന്നാലെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സുരക്ഷാ ഫീച്ചറുകളിൽ ഒന്നായിരുന്നു ക്രാഷ് ഡിറ്റക്ഷൻ. വാഹനാപകടങ്ങൾ തിരിച്ചറിഞ്ഞ് ഐഫോൺ യൂസർമാരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഫീച്ചറെന്നായിരുന്നു ആപ്പിൾ അതിനെ വാഴ്ത്തിയത്. ഐഫോണിലെ അല്ലെങ്കിൽ ആപ്പിൾ വാച്ചിലെ ആക്‌സിലറോമീറ്റർ, ജൈറോസ്‌കോപ്പ് പോലുള്ള സെൻസറുകൾ ഉപയോഗിച്ചാണ് ഫീച്ചർ പ്രവർത്തിക്കുന്നത്. ക്രാഷ് ഡിറ്റക്ഷന്റെ മികച്ച കൃത്യതയ്ക്കായി ചലനം കണ്ടെത്തുന്ന അൽഗോരിതങ്ങൾ പോലും തങ്ങൾ മെച്ചപ്പെടുത്തിയതായി കമ്പനി അവകാശപ്പെട്ടിരുന്നു.

വാഹനം അപകടത്തിൽ പെട്ടാൽ, അത് ഐഫോൺ തിരിച്ചറിയുകയും നിങ്ങളുടെ കോൺടാക്റ്റുകളെ അറിയിക്കുന്നതിനൊപ്പം അടിയന്തര സേവനങ്ങളിലേക്ക് സന്ദേശങ്ങൾ അയക്കുകയും ചെയ്യും. ഐഫോൺ 14 സീരീസിലെ എല്ലാ ഫോണുകൾക്കും ഈ ഫീച്ചറിന്റെ പിന്തുണയുണ്ട്.

ടെക് യൂട്യൂബർമാരും മറ്റും പുതിയ ഐഫോണിലെ എല്ലാ ഫീച്ചറുകളും പരീക്ഷിക്കുകയും അവയുടെ വിഡിയോകൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ക്രാഷ് ഡിറ്റക്ഷൻ പരീക്ഷിച്ച് ഉറപ്പിക്കാൻ ആരുമില്ല. സ്വാഭാവികമായും ജീവൻ പണയം വെച്ച് ആരും അതിന് തയ്യാറാവില്ല. പക്ഷെ, ടെക്റാക്സ് (TechRax) യൂട്യൂബ് ചാനൽ ഉടമയായ ടാറാസ് മക്സിമുക് അത് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. ആപ്പിളിന്റെ അവകാശവാദങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ, ആർക്കെങ്കിലും അപകടം പറ്റുന്നതിനായി കാത്തിരിക്കാൻ ടാറാസ് ഒരുക്കമല്ലായിരുന്നു.

അദ്ദേഹം, ഐഫോൺ 14 പ്രോ, ഒരു കാറിന്റെ സീറ്റിൽ കെട്ടി വെച്ചുകൊണ്ട് റിമോട്ട് കൺട്രോളിൽ പഴയ കാറുകളുടെ കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി. മെർക്കുറി ഗ്രാൻഡ് മാർക്വിസ് സെഡാന്റെ 2005 മോഡലായിരുന്നു ഇര. നാടകാന്ത്യം, ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറിന്റെ പരീക്ഷണം വിജയിക്കുക തന്നെ ചെയ്തു.

അൽപ്പം സമയമെടുത്തെങ്കിലും, ഏകദേശം 10 സെക്കൻഡുകൾ കൊണ്ട്, ഫോൺ ഒരു SOS മോഡിലേക്ക് പ്രവേശിക്കുകയും അടിയന്തര സേവനങ്ങളുമായി ഫോണിനെ ബന്ധിപ്പിക്കുന്നതിന് മുമ്പായി 20 സെക്കൻഡുള്ള കൗണ്ട്ഡൗൺ പ്രദർശിപ്പിക്കുകയും ചെയ്തു. അപകടത്തിൽ പെട്ടയാൾ ബോധരഹിതനാണെങ്കിൽ, ​ഫോൺ ഒരു ശബ്ദ സന്ദേശം എമർജൻസി സേവനങ്ങൾക്ക് അയക്കും. നിങ്ങളുടെ ലൊക്കേഷനും പങ്കുവെക്കും. യൂട്യൂബർ കാർ ഉപയോഗിച്ച് രണ്ട് തവണ ക്രാഷ് ഡിറ്റക്ഷൻ പരീക്ഷിക്കുന്നുണ്ട്. ഇരുതവണയും, വിജയിക്കുന്നതായും കാണാം.

വിഡിയോ കാണാം :-

Full View

Tags:    
News Summary - to test iPhone 14 Pro's crash detection feature YouTuber purposely crashes his car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.