വീട്ടുജോലിക്കാരെ അന്വേഷിക്കുന്നവരേ... ഓൺലൈൻ തട്ടിപ്പിൽ വീഴല്ലേ

കോഴിക്കോട്: പഴ്സ് മോഷ്ടിക്കലും ബാങ്ക് കുത്തിത്തുറക്കലും എ.ടി.എം പൊളിക്കലുമെല്ലാം ഔട്ട്ഓഫ് ഫാഷൻ ആയി. എല്ലാം ഡിജിറ്റലായ കാലത്ത് തട്ടിപ്പുകളും ഡിജിറ്റലാണ്. സൈബർ തട്ടിപ്പുകളുടെ എണ്ണം കുത്തനെയാണ് ഉയരുന്നത്.

2016ൽ 283 കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിരുന്ന സ്ഥാനത്ത് 2021ൽ 955 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022 ഫെബ്രുവരി വരെ മാത്രം 128 കേസുകൾ രജിസ്റ്റർ ചെയ്തു.

ജോലി അന്വേഷിക്കുന്നവരെ പറ്റിക്കുന്ന ഏർപ്പാട് തുടങ്ങിയിട്ട് കുറെയായി. ബാങ്കുകളിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് ഒറ്റത്തവണ പാസ്വേഡുകൾ മനസ്സിലാക്കി അക്കൗണ്ടുകളിലെ പണം ചോർത്തുന്നതും സ്ഥിരമാണ്. അതിനെതിരെ ബാങ്കുകളടക്കം വ്യാപക ബോധവത്കരണം നടത്തുന്നുണ്ട്. എന്നാലും എല്ലാമാസവും ഒരു കേസ് എന്ന തരത്തിൽ ഇത്തരം സംഭവം നടക്കുന്നുണ്ട്.

ഓൺലൈൻ ബിസിനസ് നടത്തുന്നവരോട് സാധനങ്ങൾ ആവശ്യപ്പെടുകയും ഗൂഗ്ൾ പേ വഴി തുക നൽകിയെന്ന് തോന്നിപ്പിക്കുന്ന വിധം കൂടുതൽ തുക നൽകിയതായുള്ള സന്ദേശം അയച്ച് ബാക്കി തുക തിരിച്ച് അയപ്പിക്കുക, ഇ-മെയിലുകൾ ചോർത്തി വിവരങ്ങൾ കൈക്കലാക്കുക, ബസുകളും ട്രെയിനുകളും ഉൾപ്പെടെ ബുക്കിങ്ങിന് സഹായിക്കുന്ന സൈറ്റുകൾ എന്ന തരത്തിൽ ആളുകളെ പറ്റിച്ച് പണം നേടുക, ഓൺലൈൻ സൈറ്റുകളിൽ വൻതുകയുള്ള ഉൽപന്നങ്ങൾക്ക് പകരം സോപ്പുപെട്ടി പോലുള്ളവ നൽകി പറ്റിക്കുക, ഫോൺ വിവരങ്ങൾ ചോർത്തി വാട്സ്ആപ്പ് ചാറ്റിലൂടെ സുഹൃത്തുക്കളോട് പണം ആവശ്യപ്പെടുക, കടകളിലെ ക്യു ആർ കോഡിൽ തിരിമറി നടത്തി പണം കൈക്കലാക്കുക തുടങ്ങി ഡിജിറ്റൽ മേഖലയിൽ തട്ടിപ്പുകൾ വ്യാപകമാണ്.

വീട്ടുജോലിക്കാരെ നൽകാമെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം തട്ടിപ്പ് ശ്രമമുണ്ടായത്. ദിവസങ്ങൾക്ക് മുമ്പ് ഫാറൂഖ് കോളജ് സ്വദേശി ജോലിക്ക് ആളെ അന്വേഷിച്ച് സുലേഖ.കോം എന്ന ഓൺലൈൻ സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നു. ജോലിക്ക് ആളുണ്ടെന്ന് പറഞ്ഞ് ഇവരെ വിളിച്ച് പറ്റിക്കാനാണ് ശ്രമം നടന്നത്. ഫാറൂഖ് കോളജിന് സമീപമുള്ള രാമനാട്ടുകര സ്വദേശിയാണ് ജോലിക്ക് തയാറുള്ളതെന്ന് അറിയിക്കുകയായിരുന്നു.

ദിവസവും രണ്ടു മണിക്കൂർ ഇവർ ജോലി ചെയ്യും. ആ സമയം, പാചകം, അലക്ക്, ശുചീകരണം തുടങ്ങി എല്ലാ ജോലികളും ചെയ്യിക്കാമെന്നും 200 രൂപ പ്രതിഫലം നൽകണമെന്നും ആവശ്യപ്പെട്ടു. തയാറാണെങ്കിൽ അവർക്ക് ഫോൺ നമ്പർ കൈമാറാമെന്നും വിളിച്ച് സംസാരിക്കാമെന്നും അറിയിക്കുകയായിരുന്നു. സമ്മതം പറഞ്ഞ വീട്ടുകാരോട് എന്നാൽ 5000 രൂപ അടക്കണം. 4000 രൂപ ഈ ജോലിക്കാരിയെ ഒഴിവാക്കുമ്പോൾ തിരികെ നൽകുമെന്നും 1000 രൂപ സർവിസ് ചാർജായി പിടിക്കുമെന്നും അറിയിച്ചു.

അവർ തയാറാണെന്ന് അറിയിച്ചു. ഉടൻ ഫോണിലേക്ക് ഒരു പേരും അക്കൗണ്ട് നമ്പറും ഐ.എഫ്.എസ് കോഡും നൽകി ആ അക്കൗണ്ടിലേക്ക് പണം കൈമാറാൻ ആവശ്യപ്പെട്ടു.

പണം കിട്ടിയാൽ ഉടൻ ജോലിക്ക് തയാറുള്ള ആളുടെ നമ്പർ നൽകാമെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ പണം അയക്കുന്നതിന് തൊട്ടുമുമ്പ്, വിളിച്ച ആളുടെ തിരിച്ചറിയൽ കാർഡ് വീട്ടുകാർ ആവശ്യപ്പെട്ടു. അതോടെ ഫോൺകട്ടാവുകയും അടുത്ത സെക്കൻഡിൽ വാട്സ് ആപ്പ് ചാറ്റുകൾ മുഴുവൻ ഡിലീറ്റാവുകയും ചെയ്തു.

എന്നാൽ ഫോൺ കട്ടായ ഉടൻ വീട്ടുകാർ വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോർട്ട് എടുത്ത് വെച്ചിരുന്നു. അതുപയോഗിച്ച് ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. പരാതിയിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

Tags:    
News Summary - you want house servants Don't fall for online scams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.