ന്യൂയോർക്ക്: ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വാട്ട്സ്ആപ്പും തിങ്കളാഴ്ച മണിക്കൂറുകളോളം പണിമുടക്കിയതോടെ ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗിന്‍റെ സ്വത്ത് കുത്തനെ ഇടിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ ആറ് ബില്യൺ ഡോളറിലധികമാണ് (ഏകദേശം 44,710 കോടി രൂപ) കുറഞ്ഞത്.
ലോകത്തെ ധനികരുടെ പട്ടികയിൽനിന്നും അദ്ദേഹം പിന്നാക്കം പോയി. ഇപ്പോൾ ബിൽഗേറ്റ്സിന് പിറകിൽ അഞ്ചാം സ്ഥാനത്താണ് സക്കർബർഗ്. ഫേസ്ബുക്കിന്റെ ഓഹരിമൂല്യവും 4.9 ശതമാനം കുറഞ്ഞു. സെപ്റ്റംബർ മുതൽ ഏകദേശം 15 ശതമാനമാണ് ഓഹരിമൂല്യം ഇടിഞ്ഞത്.
ഫേസ്ബുക്കിന് അകത്തെ നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 13 മുതൽ വാൾസ്ട്രീറ്റ് ജേണൽ പരമ്പര പ്രസിദ്ധീകരിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാം കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു, ജനുവരി ആറിലെ കാപ്പിറ്റോൾ കലാപത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി എന്നിവയെല്ലാം ഈ പരമ്പരയിൽ പ്രതിപാദിച്ചിരുന്നു. ഇക്കാര്യങ്ങൾ യു.എസ് സർക്കാറിന്‍റെയും ശ്രദ്ധയിൽ വന്നിട്ടുണ്ട്.
ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ് എന്നിവയുടെ സേവനം ലോകമെമ്പാടും തടസ്സപ്പെട്ടത്. തകരാർ പരിഹരിച്ചെന്നും ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും സക്കർബർഗ് വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ നെയിം സിസ്റ്റത്തിനുണ്ടായ (ഡി.എൻ.എസ്) തകരാറാണ് പ്രശ്നമായതെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.