സമസ്തയിലെ ഒരു വിഭാഗമാണ് പ്രശ്നം -ഹകീം ഫൈസി

മലപ്പുറം: സമസ്തയിലെ കുറച്ചാളുകളാണ് അസ്വസ്ഥത സൃഷ്ടിക്കുന്നതെന്ന് കോ ഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച അബ്ദുൽ ഹകീം ഫൈസി. സി.ഐ.സി പ്രസിഡന്‍റ് പാണക്കാട് സാദിഖലി തങ്ങൾക്ക് രാജിക്കത്ത് കൊടുത്തയച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.ഐ.സി ജനറൽ ബോഡിയാണ് രാജി അംഗീകരിക്കേണ്ടത്. സമസ്ത മുശാവറയിലെ 40 പണ്ഡിതന്മാരിൽ ഭൂരിഭാഗവും ആദർശകാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. പകരം കുറച്ചാളുകൾ സ്ഥാപനങ്ങളുടെ ഭരണ കാര്യങ്ങൾ മാത്രം നോക്കി നടക്കുകയാണ്. സമസ്തയുടെ ആദർശമാണ് ഞങ്ങൾ സ്വീകരിക്കുന്നത്. അതിൽനിന്ന് പുറത്താക്കാൻ കഴിയില്ല. ആദർശത്തിൽ ഉറച്ചുനിന്ന് പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുന്നത് സ്വാഭാവികമാണ്. പുതിയ മാറ്റങ്ങളെ വ്യതിയാനമായി കണ്ടാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഒരു വിഭാഗം തന്‍റെ രാജി ആഗ്രഹിക്കുമ്പോൾ വലിയൊരു വിഭാഗം വേദനിക്കുന്നവരാണ്. പൂർണ മനസ്സോടെയല്ല രാജി. സി.ഐ.സി പ്രവർത്തനത്തിൽ ഭിന്നതയുണ്ടാക്കി അതിനെ അനാഥമാക്കുന്നത് സമൂഹത്തോടുള്ള അനീതിയാണ്.

സി.ഐ.സി ഒരു കുടുംബമാണ്. അതുമായി ബന്ധപ്പെട്ട ആർക്കും ഭിന്നാഭിപ്രായമില്ല. നാദാപുരത്തെ പരിപാടിയിൽ പങ്കെടുത്തത് ആതിഥേയനെന്ന നിലയിലാണ്. വിട്ടുനിൽക്കണമെന്ന് സാദിഖലി തങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. തങ്ങൾ നിർദേശിച്ചിരുന്നെങ്കിൽ പങ്കെടുക്കില്ല. തങ്ങളോടൊപ്പം മറ്റു പല പരിപാടികളിലും പങ്കെടുത്തിരുന്നു. സാദിഖലി തങ്ങളെ ഒരു വിഭാഗം സമ്മർദത്തിലാക്കി. സി.ഐ.സിയിൽ അധ്യാപകരടക്കം 118 പേർ രാജിവെക്കും. എന്നാൽ ഈ സംവിധാനത്തെ അനാഥമാക്കി പോകില്ല. പകരം സംവിധാനം ഉണ്ടാവുന്നത് വരെ സ്ഥാനത്ത് തുടരും.

വിദ്യാർഥികളും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. അവർക്കുണ്ടാവുന്ന പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന് ചിന്തിക്കേണ്ടത് പണ്ഡിത സഭയാണ്. സാദിഖലി തങ്ങൾ സി.ഐ.സി ജനറൽ ബോഡി വിളിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. മുസ്‍ലിം ലീഗ് സി.ഐ.സി വിഷയത്തിൽ ഇടപെട്ടിട്ടില്ല. ചില നേതാക്കൾ സംസാരിച്ചിരുന്നു. അവരിൽതന്നെ വലിയൊരു വിഭാഗം പിന്തുണ അറിയിച്ചിട്ടുണ്ട്. സാദിഖലി തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടുമാത്രമാണ് രാജിവെക്കുന്നത്- അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Hakeem Faizy Adrisseri press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.