ഗണ്ടി കോട്ട (ചിത്രം: ഫൈസൽ ചേലക്കുളം)

നന്ദി ഹിൽസും പാവങ്ങളുടെ ഗ്രാൻഡ്​ കാന്യണും

കോടമഞ്ഞ്​ മാറാൻ മടിച്ചുനിൽക്കുന്ന ഫെബ്രുവരിയിലെ ഒരു പുലർക്കാലം​. ഏറെനാൾ സ്വപ്​നം കണ്ട യാത്ര ആരംഭിക്കാൻ സമയമായി. ലക്ഷ്യം ചെറിയ ദൂരമൊന്നുമല്ല. ഇന്ത്യയുടെ അയൽരാജ്യവും സ​ന്തോഷങ്ങളുടെ നാടുമായ ഭൂട്ടാനിലേക്ക്​ കാറിലൊരു​​ യാത്ര. പറ്റുമെങ്കിൽ നേപ്പാളിലും ഒന്നു കറങ്ങണം. കൂടാതെ ബംഗ്ലാദേശി​െൻറയും ചൈനയുടെയും അതിർത്തി വരെയും ചെന്നത്തെണം. ഏകദേശം 20 ദിവസം നീളുന്ന റോഡ്​ ട്രിപ്പ്​​. സ്വപ്​നയാത്രക്ക്​ കൂടെയുള്ളത്​ സുഹൃത്തുക്കളായ ഷഹീർ അലിയും ഫൈസലും. പിന്നെ ടൊയോട്ട ഫോർച്യൂണറെന്ന കരുത്തനും.

ആറ്​ മാസത്തോളമായി യാത്രയുടെ ഒരുക്കം തുടങ്ങിയിട്ട്​. ഗൂഗിളിൽ പരതി റൂട്ട്​ മാപ്പെല്ലാം കുറിച്ചിട്ടു. ആവശ്യമായ സാധനങ്ങളും വാങ്ങിവെച്ചു. വണ്ടിയുടെ ഇരുവശവും റൂട്ടടക്കമുള്ള വിവരങ്ങള്‍ അടങ്ങിയ സ്​റ്റിക്കറുകള്‍ പതിപ്പിച്ച് സംഗതി കളറാക്കി. ടൊയോട്ടയുടെ സർവിസ്​ സെൻററിൽ പോയി ഓയിൽ​ ചെയ്​ജിങ്​ ഉൾപ്പെടെ ആവശ്യമായ കാര്യങ്ങളും ചെയ്​തു.

നാടുകാണി ചുരത്തിൽ ഉരുൾ പൊട്ടിയതിന്‍റെ ശേഷിപ്പുകൾ

മലപ്പുറത്തുനിന്നാണ്​ യാത്രയുടെ തുടക്കം. ഫോർച്യൂണറി​െൻറ എൻജിന്​ ജീവൻ ​വെക്കു​​േമ്പാൾ നേരം പുലരുന്നതേയുള്ളൂ. മഞ്ചേരിയിലെത്തിയപ്പോൾ ഡീസലടിക്കാൻ നിർത്തി. 80 ലിറ്റർ ഉൾക്കൊള്ളു​ന്ന ടാങ്ക്​ നിറച്ചു. നിലമ്പൂരിലെത്താറ​യപ്പോഴേക്കും വെളിച്ചം വന്ന്​​ തുടങ്ങി​യിരുന്നു. നാടുകാണി ചുരത്തിൽ പ്രളയത്തി​െൻറ ശേഷിപ്പുകൾ പേടിപ്പിച്ച്​ നിൽപ്പുണ്ട്​. പശ്ചിമഘട്ടത്തി​ലെ മലനിരകളിലുണ്ടായ ഉരുൾപൊട്ടലിൽ നിലംപതിച്ച മരങ്ങളും കല്ലുമെല്ലാം റോഡിന്​ അരികിൽ കാണാം​​.

ചുരത്തിന്​ നടുവിൽവെച്ച്​ ​തമിഴ്​നാട്ടിലേക്ക്​ പ്രവേശിച്ചു. 12 സംസ്​ഥാനങ്ങളും രണ്ട്​ രാജ്യങ്ങളും താണ്ടാനുള്ള യാത്രയിലെ ആദ്യ നാഴികക്കല്ലായിരുന്നു അത്​. കാനന പാത പിന്നിട്ട്​ ഗൂഡല്ലൂർ എത്താറായപ്പോൾ കുളിരേകുന്ന മഞ്ഞ് വാഹനത്തിന്​​ അകത്തേക്ക്​ കയറാൻ തുടങ്ങി. തേയിലത്തോ​ട്ടങ്ങൾക്ക്​ നടുവിലൂടെ മനോഹരമായ റോഡ്​ മുന്നോട്ടുള്ള പ്രയാണത്തിന്​ കൂടുതൽ ഉൗർജം നൽകുന്നു.

തീറ്റതേടി നടക്കുന്ന പുള്ളിമാൻ കൂട്ടങ്ങൾ 

ഗൂഡല്ലൂർ കഴിഞ്ഞതോടെ പ്രഭാത ഭക്ഷണത്തിനിറങ്ങി. ദോശയാണ്​ ഓർഡർ ചെയ്​തത്​. ആവി പറക്കുന്ന ദോശയും ചായയും വയറും മനസ്സും നിറച്ചു. ഹോട്ടലിൽനിന്ന്​ ഒരു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും മുതുമല വനത്തിലെത്തി. കാനനപാതയായതിനാൽ വേഗത കുറച്ചാണ്​ യാത്ര. പതിവ്​ പോലെ പുള്ളിമാൻ കൂട്ടങ്ങൾ തീറ്റതേടി നടക്കുന്നത്​ കാണാം​. തൊപ്പക്കാട്​ എത്താറായപ്പോൾ പുഴയയോരത്ത്​ വെള്ളം കുടിക്കാൻ ആനകൾ നിൽപ്പുണ്ട്​. കാട്ടിലൂടെയുള്ള യാത്രക്കിടെ മയിലടക്കമുള്ള മറ്റു ജീവികളും ആതിഥേയത്വമേകി പാതയോരത്തിരിപ്പുണ്ടായിരുന്നു​.

അഴകേറും ​ഗ്രാമങ്ങൾ

കാട്ടിലൂടെ ഏകദേശം ഒരു മണിക്കൂർ സഞ്ചരിച്ചപ്പോഴേക്കും തമിഴ്​നാടി​നോട്​ വിടപറഞ്ഞു. കാടിന്​ നടുവിൽ പുഴക്ക്​ കുറുകെയുള്ള പാലം കടന്നാണ്​ കർണാടകയിലേക്ക്​ പ്രവേശിച്ചത്​. ബന്ദിപ്പുർ വനം​ കഴിഞ്ഞതോടെ കാർഷിക ഗ്രാമങ്ങൾ ദൃശ്യമാകാൻ തുടങ്ങി. നേർരേഖപോലെ കിടക്കുന്ന റോഡിലൂടെ വാഹനം കുതിച്ചുപായുകയാണ്​. റോഡി​െൻറ ഇരുവശത്തെയും മനോഹരമായ കാഴ്​ചകൾ മാടിവിളിക്കുന്നുണ്ട്​. ഗൂണ്ടൽപേട്ട് നഗരം​ കഴിഞ്ഞതോടെ ഒാട്ടത്തിനൊരു ഷോർട്ട്​ ബ്രേക്കെടുത്തു. അടുത്തുള്ള കൃഷിയിടത്തില​ൂടെ ഒന്ന്​ നടക്കാനിറങ്ങി. തെങ്ങും വാഴയുമെല്ലാമാണ്​ കൃഷി. കാലികൾ തീറ്റതേടി അലയുന്നു. ഓടിട്ട ഒറ്റനിലയുള്ള കൊച്ചുവീടുകൾ കർഷകരുടെ ജീവതനിലവാരം വിളിച്ചോതുന്നു.

കർണാടകയിലെ കൃഷിപ്പാടങ്ങൾ

12 മണിയോടെ മൈസൂരുവിലെത്തി. നഗരത്തിരക്ക്​ ഒഴിവാക്കി വിശലാമായ ഔട്ടർ റിങ്​ റോഡ്​ വഴി ബംഗളൂരു പാതയിലേക്ക്​ പ്രവേശിച്ചു. റോഡിൽ തരക്കേടില്ലാത്ത തിരക്കുണ്ട്​. മാണ്ഡ്യ കഴിഞ്ഞ്​ മദ്ദൂരിൽനിന്ന്​ വണ്ടി ഇടത്തോട്ട്​ തിരിച്ചു. നേരെ പോയാൽ ബംഗളൂരു നഗരത്തിലെ മടുപ്പിക്കുന്ന ട്രാഫിക്​ ​േബ്ലാക്കിൽ അകപ്പെടാനായിരിക്കും വിധി.

ഗ്രാമീണ കാഴ്​ചകൾ നിറഞ്ഞ കുനിഗൽ, നെലമംഗല വഴിയാണ്​ യാത്ര. രാവിലത്തെ ദോശയൊക്കെ ദഹിച്ച്​ കഴിഞ്ഞിട്ടുണ്ട്​. ദൊഡ്​ഡബല്ലാപുരക്ക്​ സമീപം പാ​തയോരത്തെ ഹോട്ടലിന്​ മുന്നിൽ വാഹനം നിർത്തി. ചെടികളെല്ലാം നട്ടുപിടിപ്പിച്ച മനോഹരമായ ഹോട്ടൽ​. ​ഫ്രൈഡ്​ റെയ്​സായിരുന്നു വിഭവം​. ഹോട്ടൽ പോലെത്തന്നെ ഭക്ഷണവും ഗംഭീരം.

കർണാടകയിലെ ഗ്രാമീണ കാഴ്ച

ചുരം കയറി നന്ദി ഹിൽസിലേക്ക്​

ഭക്ഷണവും കഴിച്ചിറങ്ങി ലക്ഷ്യസ്​ഥാനത്തേക്ക്​ യാത്ര തുടർന്നു. 30 കിലോമീറ്റർ അകലെയുള്ള നന്ദി ഹിൽസാണ്​ ഇന്ന്​ സന്ദർശിക്കാനുള്ള പ്രധാന സ്​ഥലം. ഗ്രാമീണ വഴികൾ മാറി ചുരം താണ്ടാൻ തുടങ്ങി. വലിയ പാറക്കെട്ടുകൾ വെട്ടിയുണ്ടാക്കിയ പാത. റോഡിന്​ വീതി കുറവാണെങ്കിലും വാഹനത്തിരക്കില്ലാത്തതിനാൽ സുഗമമായി യാത്ര ചെയ്യാം. ഇലപൊഴിഞ്ഞ മരങ്ങൾ അതിര്​ കാക്കുന്നു. മുകളിലേക്ക്​ പോകുംതോറും താഴെയുള്ള കാർഷിക ഗ്രാമങ്ങൾ കൂടുതൽ വ്യക്​തമായി കാണാൻ തുടങ്ങി. കൂറ്റൻ കവാടത്തിലൂടെ വേണം​ നന്ദി ഹിൽസിലേക്ക്​ പ്രവേശിക്കാൻ. പാർക്കിങ്​ ഏരിയയിൽ വണ്ടി നിർത്തി നടക്കാൻ തുടങ്ങി.

മലയുടെ മുകളിൽ കോട്ടപോലെ ചുറ്റും വലിയ മതിൽക്കെട്ടുണ്ട്​. അതിന്​ ഇടയിലെ ഭീമാകാരമായ വഴിയിലൂടെയാണ്​ അകത്ത്​ കയറുക. ഏതാനും മീറ്റർ നടന്നാൽ ഇടത്​ വശത്തേക്ക്​ ടിപ്പു ലോഡ്​ജ്​ എന്ന ബോർഡ്​ കാണാം. അതുവഴി പടിയിറങ്ങി ചെന്നാൽ എത്തുക ടിപ്പു സുൽത്താൻ വേനൽക്കാലത്ത്​ താമസിക്കാൻ ഉപയോഗിച്ച ചെറിയ വസതിക്ക്​ മുന്നിൽ​. ഒട്ടും ആഡംബരങ്ങളില്ലാത്ത കൊച്ചുകൊട്ടാരം​. കാലപ്പഴക്കം കാരണം കെട്ടിടത്തിന്​ ബലക്ഷയം സംഭവിച്ച്​ തുടങ്ങിയിട്ടുണ്ട്​. ഇതിന്​ പിന്നിലൂടെയുള്ള നടവഴി ചെന്നെത്തുന്നത്​ ​ക്ഷേത്രത്തിലേക്കാണ്​. കല്ല്​ പാകിയ, മരങ്ങൾ തണൽ വിരിക്കുന്ന വഴിയിലൂടെ വീണ്ടും മുന്നോട്ടുനടന്നു.

നന്ദി ഹിൽസിലേക്കുള്ള പാത

അവധി ദിവസമല്ലാത്തതിനാൽ സഞ്ചാരികൾ കുറവാണ്​. ബംഗളൂരുവിൽനിന്ന്​ 60 കിലോമീറ്റർ മാത്രമേയുള്ളൂ​ ഇങ്ങോട്ട്​. അതുകൊണ്ട്​ തന്നെ സിലിക്കൺ വാലിക്കാരുടെ വീക്കെൻഡ്​ ഡെസ്​റ്റിനേഷനാണ് 1478 മീറ്റർ ഉയരത്തിലുള്ള​ നന്ദി ഹിൽസ്​. സൂര്യോദയത്തിനും അസ്​തമയത്തിനുമാണ്​ ഏറ്റവും കൂടുതൽ പേർ ഇവിടെയെത്താറ്​.

ചോള രാജാക്കൻമാരുടെ കാലത്ത്​ സ്​ഥാപിച്ച യോഗ നന്ദീശ്വര ക്ഷേത്രം, അമൃത സരോവര, അർകാവതി, പാലാർ എന്നീ നദികളുടെ ഉദ്​ഭവ കേന്ദ്രം, ടിപ്പു ഡ്രോപ്പ്​ തുടങ്ങിയവയെല്ലാം സഞ്ചാരികളെ ​ഇങ്ങോട്ട്​ ആകർഷിക്കുന്നു. രാത്രി താമസിക്കാനും ഇവിടെ സൗകര്യമുണ്ട്​​. അമൃത സരോവര എന്ന വലിയ കുളത്തിന്​ സമീപം എത്തിയപ്പോൾ വീഡിയോ ഷൂട്ടിങ്ങ്​ നടക്കുന്നത് കണ്ടു​. നവദമ്പതികളുടെ പോസ്​റ്റ്​ വെഡ്ഡിങ്​ ഷൂട്ടിങ്ങാണ്​. അവിടെനിന്ന്​ നേരെ പോയത്​ ടിപ്പു ഡ്രോപ്പിലേക്ക്​​.

ടിപ്പുവിന്‍റെ വേനൽ വസതി

സൂര്യാസ്​തമയം കാണാൻ വരുന്നവർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്​. സമയം അഞ്ച്​ മണിയായി​ട്ടേയുള്ളൂ. അസ്​തമയത്തിന്​ ഇനിയും ഏ​റെ നേരം കാത്തിരിക്കണം. നന്ദി ഹിൽസി​െൻറ ചെറിയ ഭാഗം മാത്രമാണ്​ നടന്നുകണ്ടത്​. ഒരു പകൽ മുഴുവൻ ചുറ്റിക്കണ്ടാലും മതിയാവാത്ത കാഴ്​ചകളുണ്ട്​ ഇവിടെ. പക്ഷെ, സമയത്തി​െൻറ ദൗർലഭ്യം കാരണം വണ്ടിയെടുത്ത്​ തിരിച്ചിറങ്ങി.

ഒരു ദിവസം, നാല്​ സംസ്​ഥാനങ്ങൾ

നന്ദി ഹിൽസി​െൻറ താഴ്​വാരത്ത്​ താമസത്തിനും ഭക്ഷണത്തിനും ധാരാളം സൗകര്യങ്ങളുണ്ട്​. ഇവിടെയുള്ള ഹോട്ടലിൽ കടയിൽ കയറി ചായ കുടിച്ചു. വീണ്ടും യാത്ര തന്നെ. 10 കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ബംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിൽ കയറി. നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ട്​. 120 കിലോമീറ്റർ അക​ലെയുള്ള പുട്ടപർത്തിയിലാണ്​ ഹോട്ടൽ ബുക്ക്​ ചെയ്​തിട്ടുള്ളത്​. 80 കിലോമീറ്റർ പിന്നിട്ട്​ ബാഗേപള്ളി കഴിഞ്ഞതോടെ ആ​ഡ്ര പ്രദേശിലേക്ക്​ പ്രവേശിച്ചു. ആദ്യ ദിവസത്തെ യാത്രയിലെ നാലാമത്തെ സംസ്​ഥാനം.

നന്ദി ഹിൽസിലെ അമൃത സരോവര എന്ന വലിയ കുളം

ദേശീയപാതയിലൂടെ 20 കിലോമീറ്റർ കൂടി കഴിഞ്ഞതോടെ വലത്തോട്ട്​ തിരിയാൻ ഗൂഗിൾ മാപ്പി​െൻറ നിർദേശം. പിന്നീടുള്ള യാത്ര ആ​ന്ധ്രയിലെ ഗ്രാമീണ വീഥികളിലൂടെയാണ്​. രാത്രിയായതിനാൽ പുറത്തെ കാഴ്​ചകൾക്ക്​ ഇരുട്ട്​ മാത്രം.

ഒമ്പത്​ മണിയോടെ പുട്ടപർത്തിയിലെത്തി. ഹോട്ടലുകൾ പലതും അടക്കാൻ തുടങ്ങിയിരിക്കുന്നു​. നല്ല വിശപ്പുണ്ട്​. ഒപ്പം 500ലേറെ കിലോമീറ്റർ സഞ്ചരിച്ചതി​െൻറ ക്ഷീണവും. നഗരത്തിൽ കണ്ട തട്ടുകടയിൽ കയറി ഭക്ഷണവും കഴിച്ച്​ നേരെ താമസസ്​ഥലത്തേക്ക്​ വിട്ടു.

നന്ദി ഹിൽസിൽ സൂര്യാസ്​തമയം കാണാൻ വരുന്നവർക്കായി ഒരുക്കിയ ഇരിപ്പിടങ്ങൾ 

സായിബാബയുടെ നാട്ടിൽ

രണ്ടാം ദിനത്തി​െൻറ തുടക്കം ആധ്യാത്മിക ഗുരു സത്യ സായിബാബയുടെ ജന്മസ്​ഥലമായ പുട്ടപർത്തിയിൽനിന്നാണ്​. ഏഴ്​ മണിയോടെ ലോഡ്​ജിൽനിന്ന്​ ബാഗെല്ലാമെടുത്ത്​ പുറത്തിറങ്ങി. ഇതിന്​ സമീപം തന്നെ ചെറിയ ചായക്കടയുണ്ട്​. തൊട്ടാൽ പൊള്ളുന്ന ചായ കുടിച്ച്​ ശരീരമൊന്ന്​ ചൂടാക്കി. ഇന്ത്യയുടെ ഗ്രാൻഡ്​ കാന്യൺ എന്നറിയപ്പെടുന്ന ഗണ്ടികോട്ടയാണ്​ ഇന്ന്​ സന്ദർശിക്കാനുള്ളയിടം. അതിന്​ മുമ്പ്​ പുട്ടപർത്തി നഗരമൊന്ന്​ വണ്ടിയിൽ ചുറ്റിക്കാണാൻ തീരുമാനിച്ചു. ചിത്രാവതിയുടെ തീരത്ത്​ സായിബാബയുടെ സാമീപ്യം കൊണ്ട്​ വളർന്ന നഗരമാണ്​.

എവിടെ നോക്കിയാലും ബാബയുടെ ചിത്രമടങ്ങിയ ഫ്ലക്​സുകൾ മാത്രം. പ്രശാന്തി നിലയം എന്ന പേരിലാണ്​​ അദ്ദേഹത്തി​െൻറ ആശ്രമം അറിയപ്പെടുന്നത്​. ഇങ്ങോട്ടുള്ള വഴിയിൽ ആ​ശ്രമവുമായി ബന്ധപ്പെട്ട ഒരുപാട്​ സ്​ഥാപനങ്ങൾ ഉയർന്നുനിൽക്കുന്നു​. മ്യൂസിയങ്ങൾ, സ്​പേസ്​ തിയറ്റർ, സ്​പോർട്​സ്​ ​േകാംപ്ലക്​സ്​, ക്ഷേത്രങ്ങൾ എന്നിവയെല്ലാം റോഡി​െൻറ ഇരുഭാഗത്തുമുണ്ട്​. രണ്ട്​ കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും​ പ്രശാന്തി നിലയത്തിന്​ മുന്നിലെത്തി. പ്രധാന ഗേറ്റിന്​ മുന്നിൽ​ രാവിലെത്തന്നെ നല്ല തിരക്കാണ്​. വിദേശികളടക്കം ആയിരക്കണക്കിന്​ തീർഥാടകരാണ്​​ ഇവിടെ എത്തുന്നത്​. ഇവരെയും പ്രതീക്ഷിച്ച്​​ പാതയോരത്ത്​ പൂകച്ചവടക്കാരെല്ലാം ഇടംപിടിച്ചിട്ടുണ്ട്​.

പുട്ടപർത്തി പ്രശാന്തി നിലയത്തിലേക്കുള്ള കവാടം

പുലർച്ച നാല്​ മുതൽ രാത്രി 9.30 വരെ ആശ്രമം സജീവമാണ്​. 1950ലാണ്​ പ്രശാന്തി നിലയത്തിന്​ തറ​ക്കല്ലിടുന്നത്​. ഇവിടെവെച്ചായിരുന്നു ബാബ ഭക്​തർക്ക്​ ദർശനം നൽകാറ്​​. 2011ൽ 84ാം വയസ്സിൽ അദ്ദേഹം മരിക്കു​േമ്പാൾ ഭൗതികശരീരം സംസ്​കരിച്ചതും ഇതിനകത്ത്​ തന്നെ​. ഒരുകാലത്ത്​ ഓണംകേറാമൂലയായിരുന്ന പുട്ടപർത്തിയിൽ ഇന്ന്​ വിമാനത്താവളം വരെയുണ്ട്​. ഇതിന്​ പുറമെ യൂനിവേഴ്​സിറ്റി, സൂപ്പർ സ്​പെഷാലിറ്റി ആശുപത്രി തുടങ്ങി ഒരുപാട്​ സ്​ഥാപനങ്ങൾ സത്യസായ്​ ഓർഗനൈസേഷന്​ കീഴിൽ ഈ നാടി​െൻറ വളർച്ചക്കൊപ്പം ഉയർന്നുവന്നവയാണ്​. സത്യത്തിൽ പുട്ടപർത്തി ഞങ്ങളുടെ യാത്രാലിസ്​റ്റിൽ ഇല്ലാത്തതാണ്​. കൂടുതൽ താമസസൗകര്യം ലഭിക്കുമെന്നതിനാലാണ്​​ ഇവിടെയെത്തിയത്​. വണ്ടിയിലെ ഓട്ടപ്രദക്ഷിണം കഴിഞ്ഞതോടെ നഗരത്തിനോട്​ വിടപറഞ്ഞു.

വിജനമാം വീഥികൾ താണ്ടി

140 കിലോമീറ്റർ ദൂരമുണ്ട്​ ഗണ്ടികോട്ടയിലേക്ക്​​. ചിത്രാവതി നദിക്ക്​ കുറുകെയുള്ള പാലം കഴിഞ്ഞതോടെ ​കോൺക്രീറ്റ്​ കാടുകളെല്ലാം വഴിമാറി. വീതികുറഞ്ഞ റോഡിലൂടെയാണ്​ യാത്ര. വീടുകൾ കുറവാണ്​. കൃഷിയിടങ്ങൾ വല്ലപ്പോഴും കണ്ടാലായി. പ്രത്യേകതരം പാറകൾ നിറഞ്ഞ മലനിരകളാണ്​ എവിടെയും. മുഡിഗുബ്ബ എന്ന സ്​ഥലം കഴിഞ്ഞതോടെ കൂറ്റൻ പാറക്കെട്ടുകൾക്ക്​ ഇടയിലൂടെ ചുരം കയറാൻ തുടങ്ങി. വരണ്ട പ്രദേശമാണെങ്കിലും എന്തോ ഒരു ആകർഷണീയത​ ഈ പ്രദേശങ്ങൾക്കുണ്ട്​. കാഴ്​ചകൾ കണ്ട്​ യാത്ര തുടരു​ന്നതിനിടെ സമയം പോയതറിഞ്ഞില്ല. പത്ത്​ മണിയായി​. രാവിലെ കുടിച്ച ചായ​യുടെ ഊർജമൊക്കെ എപ്പോഴോ തീർന്നു. കിലോമീറ്ററുകൾ ദൂരം വിജനമാണ്​. ഒരു ഹോട്ടൽ തപ്പിയിട്ട്​ എവിടെയും കാണുന്നില്ല.

അംബകപള്ളി എന്ന ഗ്രാമത്തിലെ ചായക്കട

ഒടുവിൽ അംബകപള്ളി എന്ന ഗ്രാമത്തിലെത്തി​യപ്പോഴാണ്​ സമാധാനമായത്​. കൃഷിയിടങ്ങൾക്കിടയിൽ ഏതാനും വീടുകളും പിന്നെ രണ്ട്​ കടകളും.​ സിനിമയിലെല്ലാം കാണുന്നപോലെയൊരിടം. ചെറിയ കടക്ക്​ മുന്നിൽ വണ്ടിനിർത്തി​. ആദ്യനോട്ടത്തിൽ സ്​റ്റേഷനറി കടയാണെന്നാണ്​ വിചാരിച്ചത്​. മേൽക്കൂരക്ക്​ ഇടയിലൂടെ പുക ഉയരുന്നത്​ കണ്ടപ്പോൾ​ ഭക്ഷണം കിട്ടുമെന്ന്​ മനസ്സിലായി​​.

രണ്ട്​ സ്​ത്രീകളാണ് സ്​ഥാപനം നടത്തുന്നത്​. അവർ തന്നെയാണ്​ ഭക്ഷണവും ഒരുക്കുന്നത്​. ചട്ടിണിയും ചമ്മന്തിയുമെല്ലാമായി ദോശയും ചപ്പാത്തിയും തീൻമേശയിലെത്തി. ഓരോ വിഭവവും ഒന്നിനൊന്ന്​ മെച്ചം. വിശപ്പി​െൻറ കാഠിന്യവും ഭക്ഷണത്തി​െൻറ രുചിയും ഒരുമിച്ചതോടെ എത്രയെണ്ണം അകത്താക്കി എന്നതിന്​ ഒരു കണക്കുമില്ല. പക്ഷെ, പൈസയെക്കുറിച്ച്​ കടയുടമക്ക്​ കൃത്യമായ ധാരണയുണ്ടായിരുന്നു. എന്നാൽ പോലും വളരെ കുറഞ്ഞ തുക മാത്രമാണ്​ അവർ ഇൗടാക്കിയത്​. അവിടെനിന്ന്​ കുറെ തെലുങ്ക്​ ശൈലിയിലെ നാരങ്ങമിഠായികളും വാങ്ങി​ പുറത്തിറങ്ങി​.

അംബകപ്പള്ളിയിലെ കാഴ്ചകൾ

മലയിടുക്കിലെ സ്വർഗം

മുന്നോട്ടുള്ള യാത്രയിൽ കാഴ്​ചകൾക്ക്​ കാര്യമായ മാറ്റമൊന്നുമില്ല. ആൾപെരുമാറ്റം കുറഞ്ഞ വഴികൾ പാറക്കെട്ടുകൾക്കിടയിലൂടെ ചാടിച്ചാടി പോകുന്നത്​ പോലെ. പൂർവഘട്ടത്തി​െൻറ ഭാഗമായ മലനിരകൾ ഇടക്കിടക്ക്​ വന്നുപോകുന്നുണ്ട്​. ചെറിയ കുറ്റിച്ചെടികൾ മാത്രമാണ്​ കൂടുതലായും കാണാനാവുക​. ഗണ്ടികോട്ടയിൽ എത്തു​േമ്പാൾ നട്ടുച്ചയായി​.

ഒരു ടൂറിസ്​റ്റ്​ ഡെസ്​റ്റിനേഷനാണെന്നതി​െൻറ അഹങ്കാരം ഒട്ടുമില്ലാത്ത സ്​ഥലം. ഭൂമിശാസ്​ത്രവും ചരിത്രപരവുമായ ഏറെ പ്രാധാന്യമുള്ള സ്​ഥലമാണെങ്കിൽ പോലും വഴിയിലെവിടെയും നല്ലൊരു ദിശാസൂചിക​ പോലും കണ്ടില്ല. സൂര്യൻ രൗദ്രഭാവം പൂണ്ട്​ തലക്ക്​ മീതെ കത്തിയാളുകയാണ്​. തണലേകാൻ ഒരു മേഘം പോലുമില്ല.

ഗണ്ടികോട്ടയിലേക്കുള്ള പാത

വലിയ കോട്ടക്ക്​ നടുവിലെ കവാടം വഴി വേണം അകത്തേക്ക്​ ​പ്രവേശിക്കാൻ. ടിക്കറ്റൊന്നും എടുക്കേണ്ട ആവശ്യമില്ല. കൂറ്റൻകല്ലുകൾ കൊണ്ടാണ്​ കോട്ട നിർമിച്ചിട്ടുള്ളത്​. മലയിടുക്കിലെ കോട്ട എന്നാണ് ഗണ്ടികോട്ടയുടെ​ അർഥം. 1123ൽ കല്യാണയിലെ പടിഞ്ഞാറൻ ചാലൂക്യ വംശത്തിലെ കാപ്പാ രാജാവാണ് കോട്ട പണികഴിപ്പിച്ചത്. കാകതീയ, വിജയനഗര, കുതബ് ഷാഹി തുടങ്ങിയ വംശങ്ങളുടെ കാലഘട്ടത്തിൽ ഇവിടം തന്ത്രപ്രധാന പ്രദേശമായിരുന്നു. ഇന്നീ പ്രദേശം ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയുടെ ഭാഗമാണ്​.

കോട്ടക്കുള്ളിലൂടെ നടന്നെത്തുന്നത്​ ചാർമിനാറിന്​ മുന്നിലാണ്​. ഹൈദരാബാദിലേത്​ പോലെ വലിയ വലിപ്പമൊന്നുമില്ല ഈ ചാർമിനാറിന്​. അതി​െൻറ​ ഇടത്​ ഭാഗത്തായി ജയിൽ എന്ന്​ ബോർഡ്​ വെച്ച കെട്ടിടം കാണാം. യുദ്ധത്തടവുകാരെ താമസിപ്പിച്ചിരുന്ന ഇടമാണിത്​. സമീപം പ്രൈമറി സ്​കൂളും ഏതാനും വീടുകളും കടകളുമെല്ലാമുള്ള കവലയുണ്ട്​​​.

ഗണ്ടികോട്ടയിലെ പ്രധാന കവാടം

വീണ്ടും മുന്നോട്ടു നടക്കു​േമ്പാൾ നൂറ്റാണ്ടുകൾക്ക്​​ അപ്പുറത്തേക്ക്​ വെളിച്ചംവീശുന്ന കൂടുതൽ നിർമിതികൾ കണ്ണിലുടുക്കും. അതിന്​ പുറമെ വലിയ കുളവുമുണ്ട്​ ഇവിടം. കുളത്തിന്​ മുന്നിൽ ജുമാമസ്​ജിദും കാണാം. ഇതെല്ലാം കൂടാതെ രണ്ട്​ ക്ഷേത്രങ്ങളും ഇവിടെ സ്​ഥിത​ിചെയ്യുന്നു.

മസ്​ജിദിന്​ മുന്നിലൂടെ നീളുന്ന വഴിയിലൂടെ ഇടതുവശം ചേർന്ന്​ പോയാലാണ്​ ​ക്ഷേത്രത്തിലെത്തുക​​. പക്ഷെ, ഞങ്ങൾക്ക്​ പോകാനുള്ളത്​​ നേരെയുള്ള വഴിയിലൂടെയായിരുന്നു​. സത്യത്തിൽ വഴിയൊന്നും ഇല്ല. പാറക്കെട്ടിന്​ മുകളിൽ കാൽപ്പാദങ്ങൾ പതിഞ്ഞുണ്ടായ പാതയാണ്​. അതിനപ്പുറമാണ്​ ഏറെനാൾ സ്വപ്​നം കണ്ട കാഴ്​ച മറഞ്ഞിരിക്കുന്നത്​.

ഗണ്ടികോട്ടയിലെ ജുമാമസ്​ജിദ്​

മലയിടുക്കിന്​​ ഇടയിലൂടെ പെണ്ണാ നദി പച്ചനിറത്തിൽ ഒഴുകുന്നു. പ്രകൃതിയെന്ന കൽപ്പണിക്കാരൻ നാനാഭാഗത്തും​ തട്ടുതട്ടായി കല്ലുകൾ അടുക്കിവെച്ചിരിക്കുന്നു. വല്ലാത്തൊരു മായിക ലോകം. സ്വർഗം ആകാശുത്തുനിന്ന്​ താഴേക്കിറങ്ങി വന്ന അനുഭവം. കാഴ്​ചയുടെ മായാസൗന്ദര്യത്തിന്​ മുന്നിൽ കത്തുന്ന വെയിൽ പോലും മാറിനിൽക്കുന്നു. ഇതുപോലെയൊരു കാഴ്​ച ഇന്ത്യയിൽ വേറെയുണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ്​.

ഇന്ത്യയുടെ ഗ്രാൻഡ്​ കാന്യൺ എന്നാണ്​ ഇവിടം അറിയപ്പെടുന്നത്​. അമേരിക്കയിൽ അരിസോണ സ്​റ്റേറ്റിൽ 446 കിലോമീറ്റർ നീളം വരുന്ന മലയിടുക്കാണ്​ ഗ്രാൻഡ്​ കാന്യൺ​. കൊളറാഡോ നദിയാണ്​ ഇതിനിടയിലൂടെ ഒഴുകുന്നത്​. ഇതി​െൻറ ചെറുപതിപ്പാണ്​ ഗണ്ടികോട്ടയിലേത്​. അമേരിക്ക വരെ പോയിവരാൻ ത്രാണിയില്ലാത്തവർക്ക്​ തൽക്കാലം ആ​ന്ധ്രയിലെത്തി സായൂജ്യമടിയാം. അതുകൊണ്ട്​ തന്നെ പാവങ്ങളുടെ ഗ്രാൻഡ്​ കാന്യൺ എന്നും ഗണ്ടികോട്ടയെ വിശേഷിപ്പിക്കാം.

ഇന്ത്യയുടെ ഗ്രാൻഡ്​ കാന്യൺ എന്നാണ്​ ഗണ്ടികോട്ട അറിയപ്പെടുന്നത്

പക്ഷെ, ഈ സ്​ഥലത്തി​െൻറ പ്രാധാന്യമനുസരിച്ചുള്ള മേൽനോട്ടമൊന്നും അധികൃതരുടെ ഭാഗത്തുനിന്നില്ല. യുനൊസ്​കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി പുരോഗമിക്കുന്നുണ്ട്​. ഇതോടെ പ്രദേശത്ത്​ കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങുമെന്നാണ്​ പ്രതീക്ഷ. മലമുകളിൽ ടെൻറടിച്ചുള്ള താമസം, ഡാമിലൂടെയുള്ള ബോട്ടിങ്​ തുടങ്ങിയ വിനോദങ്ങളും ഇവിടെയുണ്ട്​.

പരുത്തിവിളയും നാട്​

ഗണ്ടികോട്ടയോട്​ വിടപറഞ്ഞ്​ വണ്ടിയിയിൽ കയറി. ഏകദേശം 10 കിലോമീറ്റർ വന്നവഴിയിലൂടെ തന്നെയാണ്​ യാത്ര. പെണ്ണാ നദിക്ക്​ കുറുകയെുള്ള പാലം കടന്ന്​ ജമ്മാലമദുഗുവിലെത്തി. വെള്ളിയാഴ്​ചയാണ്​. ജുമുഅ നമസ്​കാരം കഴിഞ്ഞാൽ പിന്നെ പോത്തിറച്ചി കൂട്ടിയുള്ള ഭക്ഷണം നിർബന്ധമാണ്​. പക്ഷെ, ആ​ന്ധ്രയായതിനാൽ ബീഫ്​ കിട്ടുമോ എന്ന കാര്യത്തിൽ സംശയം​. എന്തായാലും ഭക്ഷണം തപ്പി നടക്കാൻ തുടങ്ങി. ഒടുവിൽ തരക്കേടില്ലാത്തൊരു ഹോട്ടലിൽ കയറി. മെനുവിൽ ബീഫ്​ വിഭവങ്ങളൊന്നും കാണാനില്ല. പിന്നെയുള്ളത്​ ഹൈദരാബാദി ചിക്കൻ ബിരിയാണിയാണ്​. വലിയ മോശമില്ലാത്ത സാധനമാണ്​ മുന്നിലെത്തിയത്​. നമ്മുടെ ബിരിയാണിയേക്കാൾ മസാലയെല്ലാം കൂടുതലാണ്​. അത്യാവശ്യത്തിന്​ എരിവുമുണ്ട്​. വയർ​ നിറച്ചുണ്ട്​ വീണ്ടും യാത്ര തുടർന്നു.

ആന്ധ്രാപ്രദേശിലെ ഗ്രാമീണ പാതകൾ

രാത്രിയാകു​േമ്പാഴേക്കും 360 കി​േലാമീറ്റർ അകലെയുള്ള ഹൈദരാബാദിലെത്തണം. രാവിലെ കണ്ട കാഴ്​ചകൾക്കെല്ലാം മാറ്റം വരാൻ തുടങ്ങി. കൂടുതൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളുമെല്ലാം യാത്രക്ക്​ അകമ്പടിയേകുന്നു​. പലപ്പോഴും വീടുകളുടെ അതിർത്തി റോഡാണ്​. ഇതിനിടക്ക്​ മറ്റൊരു കാഴ്​ച കണ്ണിലുടക്കി.

കറുത്ത ചെടികളിൽ വെളുത്ത നിറത്തിൽ എന്തോ വിളഞ്ഞുനിൽപ്പുണ്ട്​. എന്താണെന്ന്​ മനസ്സിലാക്കാൻ മണ്ണിലേക്കിറങ്ങി. സംഗതി പരുത്തിയാണ്​. ഇതുപോലെയുള്ള സ്​ഥലങ്ങളിലാണ്​ നാമൊക്കെ ധരിക്കുന്ന വസ്​ത്രങ്ങൾക്കുള്ള പരുത്തി വിളയുന്നത്​. പിന്നീടങ്ങോട്ടുള്ള യാത്രയിലും ധാരാളം പരുത്തിപ്പാടങ്ങൾ കാണാനിടയായി. ഇവക്ക്​​ സമീപ​ം പരുത്തി സംസ്​കരിക്കുന്ന വലിയ ഫാക്​ടറികളും ഉയർന്നുനിൽപ്പുണ്ട്​.

പരുത്തി കൃഷി

തുംഗഭദ്ര പിന്നിട്ട്​ തെലങ്കാനായിൽ

40 കിലോമീറ്റർ പിന്നിട്ട്​ അല്ലാഗദ്ദ എന്ന സ്​ഥലമെത്തിയതോടെ നാലുവരി പാതയിലേക്ക്​ പ്രവേശിച്ചു. പിന്നീടങ്ങോട്ട്​ വണ്ടി പറക്കാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിലാണ്​ കിലോമീറ്ററുകൾ പിന്നിലേക്ക്​ മറയുന്നത്​.

പ്രധാന നഗരങ്ങളുടെ പുറത്തുകൂടി പാതകൾ നിർമിച്ചിട്ടുള്ളതിനാൽ വലിയ തിരക്കൊന്നുമില്ല. ആകെയുള്ള പ്രശ്​നം, ഇടക്കിടക്ക്​ ടോൾ കൊടുക്കണമെന്നുള്ളത്​ മാത്രം​. വണ്ടിയിൽ ഫാസ്​റ്റാഗ്​ ഉള്ളതിനാൽ ടോൾപ്ലാസകളിൽ വരിനിൽക്കാതെ വേഗം കടന്നുപോകാം.

ദേശീയപാതയിലൂടെ മുളകുമായി പോകുന്ന വാഹനം

കുർണൂലെ​ത്തിയപ്പോൾ റോഡിന്​ ഇരുവശത്തും കൂറ്റൻ പാറക്കെട്ടുകൾ കാണാനിടയായി. വലിയ മല വെട്ടിയാണ്​​ റോഡ്​ നിർമിച്ചിട്ടുള്ളത്​. ഇൗ സ്​ഥലത്തുനിന്ന്​ ഫോ​േട്ടായെടുത്ത്​ വാട്ട്​സാപ്പിൽ സ്​റ്റാറ്റസ്​ ആക്കിയപ്പോൾ പലർക്കും ഒരു സംശയം, ഇൗ സീനാണല്ലോ ദുൽഖർ സൽമാൻ അഭിനയിച്ച 'നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി എന്ന സിനിമയിൽ കണ്ടതെന്ന്​. സംഭവം സത്യമാണോ എന്നറിയില്ല, എന്തായാലും അതുപോലെയൊരു കിടു സ്​ഥലമാണെന്നതിൽ യാ​തൊരു സംശയവുമില്ല.

കുർണൂലിന്​ സമീപം തുംഗഭദ്ര നദിക്ക്​ കുറുകെയുള്ള പാലം കഴിഞ്ഞതോടെ തെലങ്കാന സംസ്​ഥാനത്തേക്ക്​ പ്രവേശിച്ചു. സൂര്യൻ ചെഞ്ചായം പരത്തി അസ്​തമിക്കാനുള്ള തയാറെടുപ്പിലാണ്​​. ദേശീയ പാതയിലൂടെ തുടർച്ചയായുള്ള ഒാട്ടം കാരണം മൂന്നുപേരും ക്ഷീണിച്ചിട്ടുണ്ട്​. പാതയോരത്ത്​ കണ്ട ധാബയിൽ കയറി ചായകുടിച്ച്​ വീണ്ടും ട്രാവൽ മോഡ്​ ഒാണാക്കി. രാത്രി എട്ട്​ മണിയോടെ ഹൈദരാബാദിന്​ അടുത്തെത്തി. നഗരത്തിൽ പ്രവേശിക്കാതെ നെഹ്​റുീ ഒൗട്ടർ റിംഗ്​ റോഡിൽ കയറി.

കുർണൂലിന്​ സമീപം മല വെട്ടിയുണ്ടാക്കിയ പാത

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റോഡുകളിലൊന്ന്​​. ഹൈദരാബാദിന്​ ചുറ്റുമായി 158 കിലോമീറ്റർ നീളത്തിൽ എട്ട്​ വരിയിലാണ്​ ഇൗ പാത. ബൈക്ക്​, ഒാ​േട്ടാറിക്ഷ എന്നിവക്കൊന്നും ഇൗ റോഡിലേക്ക്​ പ്രവേശനമില്ല. കാൽനട യാത്രക്കാർക്കും വിലക്കുണ്ട്​. ഞങ്ങൾക്ക്​ പോകേണ്ടത്​ നാഗ്​പുർ റോഡിലേക്കാണ്​. 60 കി​േലാമീറ്റർ റിംഗ്​ റോഡിലൂടെ സഞ്ചരിച്ചുകാണും. അതിനുശേഷം എക്​സിറ്റ്​ അടിച്ചു. അപ്പോഴേക്കും 100 രൂപയോളം ടോൾ ഫാസ്​റ്റാഗിൽനിന്ന്​ പിടിച്ചിട്ടുണ്ടായിരുന്നു.

വഴിയോരത്ത്​ കണ്ട ഹോട്ടലിൽ കയറി ആലൂപറാത്തയും കഴിച്ച്​ താമസസ്​ഥലം തപ്പിയിറങ്ങി. ഗൂഗിൾ മാപ്പി​െൻറ സഹായത്തോടെയാണ്​ ​റൂം തപ്പുന്നത്​. 15 മിനുറ്റ്​ മുന്നോട്ടുപോയതോടെ റൂം കിട്ടി. സമയം പത്ത്​ മണിയായിട്ടുണ്ട്​. 520 കിലോമീറ്റററിനടുത്താണ്​​ സഞ്ചരിച്ചത്​. ഒപ്പം ഗണ്ടികോട്ടയിലെ വെയിലെല്ലാം കൊണ്ടതുമാണ്​. അതിനാൽ തന്നെ കിടക്ക കണ്ടതും ഉറങ്ങിയതുമെല്ലാം ഒരുമിച്ചായിരുന്നു.

(തുടരും)

vkshameem@gmail.com

ഹൈദരാബാദിലെ നെഹ്​റു ഔട്ടർ റിങ്​ റോഡ്​


Itinerary
Day 1
Malappuram To Puttaparthi (Andra Pradesh) - 530 KM
Route: Gudalur, Gundlupete, Mysore, Nelamangala, Nandi Hills, Bagepalli.
Journey Time: 6.00 AM - 9.00 PM (15 hrs)

Day 2
Puttaparthi To Hyderabad (Telengana) - 520 KM
Route: Mudiguba, Gandikota, Nandyala, Kurnool, Shadnagar.
Journey Time: 7.00 AM - 10.00 PM (15 hrs)

യാത്രാ സംഘം നന്ദി ഹിൽസിൽ


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.