സന്താക്​ഫുവിലെ ലാൻഡ്​ റോവറുകൾ (image courtesy: land rover)

ഇവിടെയിപ്പോഴും ടാക്​സി 1950ലെ ലാൻഡ്​ റോവറുകൾ; കീഴടക്കുന്നത്​ മഞ്ഞുമലകൾ

ഗാങ്​ടോക്ക്​. ആ പേര്​ കേൾക്കാൻ തന്നെ ഇമ്പമുണ്ട്​. ഒരു ഇന്ത്യൻ നഗരത്തിന്​ ഇങ്ങനെയൊരു പേരോ എന്ന്​ സംശയം വരും. നമ്മൾ കേട്ടുപരിചരിച്ച രീതിയിലല്ല ആ പേര്​. തനി യൂറോപ്യൻ ശൈലി​. രാവിലെ എണീറ്റ്​ ബാൽക്കണിയിൽനിന്ന്​ നോക്കു​േമ്പാൾ പേരുപോലെ തന്നെ ഗാങ്​ടോക്ക്​ നഗരം കാണാനും വല്ലാത്തൊരു ചേല്​.

മുകളിൽ മരങ്ങൾ തിങ്ങിനിറഞ്ഞ വനം. താഴെ കോ​ൺഗ്രീറ്റ്​ കെട്ടിടങ്ങൾ ഇടതൂർന്നുനിൽക്കുന്നു. എട്ട്​ മണിയോടെ റൂം വെക്കേറ്റ്​ ചെയ്​ത്​ യാത്ര തുടങ്ങി. 150 കിലോമീറ്റർ അകലെ വെസ്​റ്റ്​ബംഗാളിൽ നേപ്പാൾ അതിർത്തിയോട്​ ചേർന്നുകിടക്കുന്ന മനെ ബൻജാങ്​ എന്ന ഗ്രാമവും സന്താക്​ഫു ഹിൽസ്​റ്റേഷനുമാണ്​ ലക്ഷ്യം.

ഗാങ്​ടോക്ക്​ നഗരം

നഗരത്തിരക്ക്​ പിന്നിട്ടശേഷം​ ഭക്ഷണം കഴിക്കാമെന്നാണ്​ പ്ലാൻ. ഗാങ്​ടോക്കിലെ റോഡുകൾ വളരെ ഇടുങ്ങിയപോലെ. ഒരിഞ്ച്​ സ്​ഥലം പോലും ഒഴിച്ചിടാതെ കെട്ടിടങ്ങൾ. കഴിഞ്ഞ ദിവസം സന്ദർശിച്ച എം.ജി മാർഗ്​ കഴിഞ്ഞതോടെ വാഹനത്തിരക്ക്​ തുടങ്ങി. റോഡിൽ ഒരു ആക്​സിഡൻറ്​ ഉണ്ടായിട്ടുണ്ട്​. അതുകാരണം​ വാഹനങ്ങളുടെ നീണ്ടനിരയാണ്​.

ഏകദേശം മൂന്ന്​ കിലോമീറ്റർ നീളത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ടാക്​സി വാഹനങ്ങളാണ്​ അധികവും. ഭൂട്ടാനിൽനിന്ന്​ വന്ന ചില വാഹനങ്ങളും ഇവിടെ കണ്ടു. ബുദ്ധമതവുമായി ബന്ധപ്പെട്ട ഒരുപാട്​ സ്​ഥാപനങ്ങളും ക്ഷേത്രങ്ങളുമെല്ലാം ഗാങ്​ടോക്കിലുണ്ട്​. അവിടേക്ക്​ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നാണ്​​ വി​ശ്വാസികൾ വരാറ്​​.

ഗാങ്​ടോക്കിൽനിന്ന്​ മടങ്ങുന്നു

സിക്കിമിലെ റോഡുകൾ പലപ്പോഴും ഭൂട്ടാനെ ഒാർമിപ്പിക്കുന്നു​. വാഹനങ്ങളുടെ മര്യാദയാണ്​ അതിനൊരു കാരണം. നീണ്ടനിരയായിട്ടും ആരും മുന്നിലേക്ക്​ എതിർദിശയിലൂടെ ധൃതിപിടിച്ച്​ പോകാൻ ശ്രമിക്കുന്നില്ല. ഹോണടിച്ച്​ വെറുപ്പിക്കുന്ന പരിപാടിയും ഇവിടെയില്ല. സിക്കിമിൽ ഫുട്​ബാൾ കമ്പം ഒരൽപ്പം കൂടുതലാണ്​​.

ഒാരോ വാഹനത്തിലും ഇഷ്​ട ടീമുകളുടെ കൊടികൾ ഇടംപിടിച്ചിട്ടുണ്ട്​. ട്രാഫിക്ക്​ കുരുക്കിനിടെ ഞങ്ങൾക്ക്​ തിരിയേണ്ട റോഡ്​ മാറിപ്പോയി. റാണി ഖോല നദിക്ക്​ കുറുകെയുള്ള പാലം കടന്ന്​ റാണിപൂൾ വഴിയാണ്​ ഞങ്ങൾക്ക്​ പോകാനുള്ളത്​​. തിരിച്ച്​ ആ റോഡിലെത്തുക എന്ന കാര്യവും വളരെ ശ്രമകരമായി. കാരണം അത്രക്കായിരുന്നു വാഹനങ്ങളുടെ നീണ്ടനിര.

വാഹനങ്ങളുടെ നീണ്ടനിര

ഇതി​െൻറ പിന്നിൽനിന്നാൽ​ മണിക്കൂറുകൾ പിടിക്കും. പിന്നെ നമ്മുടെ നാട്ടിലെ സ്വഭാവം വെച്ച്​ ഇടക്ക്​ കുത്തിക്കയറ്റാനും പറ്റില്ല. ഒന്ന്​ ഇവിടത്തെ ട്രാഫിക്​ മര്യാദ അതിന്​ മനസ്സ്​ നൽകില്ല. എല്ലാവരും വളരെയധികം സംയമനം പാലിച്ച്​ കാത്തുനിൽക്കുന്നു. മറ്റൊരു പ്രശ്​നം, ഒരുഭാഗത്ത്​ വാഹനങ്ങളുള്ളതിനാൽ വണ്ടി വളച്ചെടുക്കാനും സാധ്യമല്ല. അത്രക്കും വീതികുറവാണ്​ റോഡിന്​​.

ഒടുവിൽ അന്വേഷിച്ചപ്പോൾ കുറച്ച്​ ചുറ്റിയാണെങ്കിലും ഞങ്ങൾ പോകുന്ന വഴിയും റാങ്​പോയിലെത്തുമെന്ന് അറിയാൻ കഴിഞ്ഞു​. പക്ഷെ, ഞങ്ങളെ കാത്തിരുന്നത്​ പ്രയാസകരമായ സാഹചര്യങ്ങളായിരുന്നു. സിക്കിമിലെ ഏകെ എയർപോർട്ടായ പാക്യോങ്ങിലേക്കുള്ള റോഡാണിത്​. എല്ലായിടത്തും റോഡ്​ പണി നടക്കുന്നു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. കൂടാതെ നല്ല പൊടിയുമുണ്ട്​. ക്ഷമയുടെ നെല്ലിപ്പലക കാണാൻ തുടങ്ങി. ഭക്ഷണവും കഴിച്ചിട്ടില്ല. നല്ല വിശപ്പുണ്ട്​.

എയർപോർട്ട്​ റോഡ്​

മുന്നോട്ടുപോകുന്നതിനിടെ എയർപോർട്ടി​െൻറ സംരക്ഷണഭിത്തി ഉയരത്തിൽ കണ്ടു. കുറഞ്ഞ സർവിസുകൾ മാത്രമാണ്​ ഇവിടെയുള്ളത്​. അത്​ ത​െന്ന മോശം കാലാവസ്​ഥ കാരണം​ പല​പ്പോഴും മുടങ്ങാറുണ്ട്​. ചോദിച്ച്​ ചോദിച്ചാണ്​ മുന്നോട്ടുപോകുന്നത്​. പല റോഡുകളും ഗൂഗിൾ മാപ്പിൽ പോലുമില്ല. എങ്ങോട്ടാണ്​ പോകുന്നത്​ എന്നുപോലും നിശ്ചയമില്ലാത്ത വഴികൾ.

പല വഴികളും കേരളത്തിലെ വനപാതകളെ ഒാർമിപ്പിക്കുന്നു. മലഞ്ചെരുവിൽ പുതിയ റോഡ്​ വെട്ടിത്തെളിക്കുകയാണ്​. ചിലപ്പോൾ ആ റോഡിലൂടെയുള്ള ആദ്യ യാത്രക്കാർ ഞങ്ങളാണെന്ന്​ തോന്നിപ്പോയി. പലയിടത്തും വളവിനപ്പുറം വഴി കാണാത്തതിനാൽ പുറത്തിറങ്ങി നടന്നുനോക്കണം. വണ്ടിക്ക്​ പോകാൻ കഴിയും എന്ന്​ മനസ്സിലാകു​േമ്പാൾ മുന്നോട്ടുവരാൻ പറയും.

ഗൂഗ്​ൾ മാപ്പിൽ പോലുമില്ലാ​ത്ത വഴികൾ

ഒരുപാട്​ കഷ്​ടപ്പെട്ടാണ്​ യാത്ര. വിശപ്പാണെങ്കിൽ മൂർധന്യാവസ്​ഥയിലും. വാഹനത്തിലുണ്ടായിരുന്ന ബ്രഡ്ഡും ജാം കഴിച്ചാണ്​ തൽക്കാലം പിടിച്ചുനിന്നത്​. ഒടുവിൽ നാല്​ മണിക്കുർ നേരത്തെ ദുർഘടമായ യാത്രക്കൊടുവിൽ പ്രതീക്ഷയുടെ തീരമണിഞ്ഞു. റാങ്​പോ എത്തു​​േമ്പാൾ സമയം 12 മണി​. നഗരത്തിൽ ധാരാളം ഹോട്ടലുകൾ ഉണ്ടെങ്കിലും പാർക്കിങ്​ ഇല്ലാത്തതിനാൽ വീണ്ടും മുന്നോട്ടുപോകാൻ നിർബന്ധിതരായി.

സിക്കിമിൽനിന്ന്​ ബംഗാളിലേക്ക്​

റാങ്​പോ നദിക്ക്​ കുറുകെയുള്ള പാലം കടന്ന്​ വീണ്ടും വെസ്​റ്റ്​ ബംഗാളി​െൻറ മണ്ണിൽ തന്നെയെത്തി. ഏതാനും കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും ടീസ്​റ്റ നദിയും റോഡിന്​ സമാന്തരമായി ഒഴുകുന്നത്​ കാണാം. പ്രത്യേകതരം പച്ചനിറത്തിലാണ്​ ഇതിലെ വെള്ളം. വടക്കെ സിക്കിമിൽ ചൈന അതിർത്തിക്ക്​ സമീപത്തുനിന്ന്​ ഉദ്​ഭവിക്കുന്ന ഇൗ നദി 300ലേറെ കിലോമീറ്റർ പിന്നിട്ട്​ ബംഗ്ലാദേശിലെത്തി ബംഗാൾ ഉൾക്കടലിൽ ചെന്നുചേരുകയാണ്​.

ടീസ്റ്റ നദി    

പോകുന്നവഴിയിൽ പലയിടത്തും റിവർ റാഫ്​റ്റിങ്ങിനുള്ള സൗകര്യമെല്ലാമുണ്ട്​. നദിയുടെ സമീപത്തെ ചെറിയ ഹോട്ടലിൽ കയറി ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു. ചോറും പരിപ്പുകറിയും ആണ്​ അവിടെയുണ്ടായിരുന്നത്​. കൂടെ ഒാംലെറ്റും കൂടി വന്നതോടെ രാവിലെ ഭക്ഷണം കഴിക്കാത്തതി​െൻറ കടം അങ്ങ്​ വീട്ടി.

വീണ്ടും യാത്ര തുടർന്നു. കോടമഞ്ഞ്​ മൂടിക്കെട്ടിയിരിക്കുന്നു. അന്തരീക്ഷത്തിനാകെ ഒരു ചാരനിറം​. ചിത്ര എന്ന സ്​ഥലമെത്തിയപ്പോൾ വലിയ ഒരുപാലത്തിലൂടെ ടീസ്​റ്റ മുറിച്ചുകടന്നു. എന്നിട്ട്​ നേരെ പോകുന്നതിന്​ പകരം ഡാർജിലീങ്​ ലക്ഷ്യമാക്കി ഇടത്തോട്ട്​ വണ്ടി തിരിച്ചു. നേരെ പോയാൽ കഴിഞ്ഞദിവസം നമ്മൾ വന്ന സിലിഗുരിയിലെത്തും.

റാങ്​പോക്ക്​ സമീപം ഭക്ഷണത്തിനായി നിർത്തിയപ്പോൾ

ടീസ്​റ്റ ബസാർ എന്ന സ്​ഥലത്തിലേക്കാണ്​ ഞങ്ങളെത്തിയത്​. ചെറിയ കവലയും ഇരുമ്പുപാലവും കഴിഞ്ഞതോടെ റോഡി​െൻറ സ്വഭാവം മാറി. വളവുകൾ നിറഞ്ഞ കുത്തനെയുള്ള കയറ്റമായിരുന്നു പിന്നീടങ്ങോട്ട്​. ഇരുവശത്തും തേക്കുമരങ്ങൾ നിറഞ്ഞുനിൽപ്പുണ്ട്​. റോഡിൽ വാഹനങ്ങൾക്ക്​ കൂടുതൽ ഗ്രിപ്പ്​ കിട്ടാൻ ടാറിൽ കോറിവെച്ചിട്ടുണ്ട്​. കഷ്​ടിച്ച്​ ഒരു വാഹനത്തിന്​ പോകാനുള്ള വീതിയേ ഉള്ളൂ.

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ടൂറിസ്​റ്റ്​ ഡെസ്​റ്റിനേഷനുകളായ ഡാർജിലിങ്ങിനും ഗാങ്​ടോക്കിനും ഇടയിലുള്ള ഒരു റോഡാണിതെന്ന്​​ തോന്നുകയേയില്ല. വല​പ്പോഴു​മാണ്​ വീടുകൾ കാണാനാവുന്നത്​. ഡാർജിലീങിലെ പ്രശസ്​തമായ തേയിലത്തോട്ടങ്ങൾ ഇടക്ക്​ വിരുന്നൂട്ടുന്നുണ്ട്​. ഒരു മണിക്കൂർ കൊണ്ട്​ ഞങ്ങൾ സിലിഗുരി-ഡാർജിലീങ്​ റോഡിലെത്തി.

ടീസ്റ്റ ബസാറിന്​ സമീപത്തെ പാലം

ഇതോടെ ജനത്തിരക്കും വാഹനങ്ങളും വർധിച്ചു. പോരാത്തതിന്​ ഡാർജിലീങി​െൻറ മുഖമുദ്രയായ ടോയ്​ ട്രെയിൻ പാളവും റോഡി​െൻറ ഒരുവശത്ത്​ കാണാം. നിർഭാഗ്യവശാൽ ഞങ്ങൾ കടന്നുപോയ സമയം ട്രെയിനൊന്നും വന്നില്ല. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ഗൂം റെയിൽവേസ്​റ്റഷ​െൻറ സമീപത്തുനിന്ന്​ ഗൂഗിൾ മാപ്പി​െൻറ നിർദേശാനുസരണം വണ്ടി ഇടത്തോട്ട്​ തിരിച്ചു.

നേരെ അഞ്ച്​ കിലോമീറ്റർ പോയാൽ ഡാർജിലീങി​െൻറ ആസ്​ഥാനത്തെത്തും​. പക്ഷെ, തൽക്കാലം ഞങ്ങളുടെ ബക്കറ്റ്​ ലിസ്​റ്റിൽ അവിടെയുള്ള സ്​ഥലങ്ങൾ​ ഉൾപ്പെടുത്തിയിട്ടില്ല. ഏതാനും കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും റോഡ്​ വിജനമായി. നഗരം തേയിലത്തോട്ടങ്ങൾക്ക്​ മുന്നിൽ വഴിമാറി. സമയം മൂന്ന് മണി​ കഴിഞ്ഞു​.

ഡാർജിലീങിലെ ടോയ്​ ട്രെയിനിന്‍റെ ട്രാക്ക്​

കോടമഞ്ഞ്​ മൂടി ഒന്നും കാണാനാവത്ത അവസ്​ഥ​. മുന്നിൽ പോകുന്ന വാഹനത്തി​െൻറ ഇൻഡിക്കേറ്ററും നോക്കി പതുക്കെയാണ്​ യാത്ര. സിമാന എന്ന നേപ്പാളി​െൻറ അതിർത്തിയിൽനിന്നാണ്​ സന്താക്​ഫുവിലേക്കുള്ള റോഡ്​. അവിടെനിന്ന്​ അങ്ങോട്ട്​ മൊത്തം ഒാഫ്​റോഡാണ്​. കുലുങ്ങികുലുങ്ങിയാണ്​ യാത്ര. ഏഴ്​ കിലോമീറ്റർ അകലെയുള്ള മനെ ബൻജാങ്​ എന്ന​ ഗ്രാമത്തിലെത്താൻ അരമണിക്കൂറിലേറെ പിടിച്ചു.

കോടമഞ്ഞ്​ പലപ്പോഴും കാഴ്ചയെ മറക്കുന്നുണ്ട്​

ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ 'കുളംകര'

ഒരു ചായക്കടക്ക്​ മുന്നിൽ വണ്ടിനിർത്തി സന്താക്​ഫുവിലേക്ക്​ പോകുന്നത്​ സംബന്ധിച്ച്​ അന്വേഷിക്കാമെന്ന്​ കരുതി. വണ്ടി നിർത്തിയതി​െൻറ എതിർഭാഗത്തായി ഒരു ബോർഡ്​ കണ്ടു. അതുവായിച്ച്​ ശരിക്കും കണ്ണ്​ തള്ളിപ്പോയി. വെൽക്കം ടു നേപ്പാൾ എന്നായിരുന്നു ആ ബോർഡിലുണ്ടായിരുന്നത്​.

ഒരു ചെറിയ അഴുക്കുചാലാണ്​ ഇന്ത്യയെയും നേപ്പാളിനെയും ഇവിടെ വേർതിരിക്കുന്നത്​. യാത്രയുടെ ആറാമത്തെ ദിവസം നേപ്പാളിൽ പോയിരുന്നു. അന്ന്​ സുരക്ഷജീവനക്കാരുടെ പരിശോധനയെല്ലാം കഴിഞ്ഞാണ്​ അതിർത്തി കടന്നത്​. എന്നാൽ ഇവിടെ അത്തരമൊരു സംഭവമേയില്ല. വെറുതെയങ്ങ്​ കയറി നേപ്പാളി​െൻറ മണ്ണിൽ കാലുകുത്താം എന്നതാണ്​ അവസ്​ഥ.


ഒരേസമയം ഇന്ത്യയിലും നേപ്പാളിലും കാലുകുത്തിയപ്പോൾ

കടയിൽ കയറി ചായകുടിക്കുന്നതിനിടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സമയം വൈകിയതിനാൽ ഇനി സന്താക്​ഫുവിൽ പോകാൻ പറ്റില്ല എന്നവർ പറഞ്ഞു. പ്രത്യേക പെർമിറ്റ്​ എടുത്തുവേണം അങ്ങോട്ട്​ പോകാൻ. പിന്നെ പക്ക ഒാഫ്​റോഡ്​ ആയതിനാൽ സ്വന്തം വണ്ടി ഇവിടെവെച്ച്​ ഫോർവീലുള്ള ടാക്​സി വിളിച്ചുപോകാനും അവർ പറഞ്ഞു.

മനെ ബൻജാങിന്​ മറ്റൊരു പ്രത്യേകതയുണ്ട്​. ഇവിടെനിന്ന്​ സന്താക്​ഫുവിലേക്ക്​ പോകാൻ 1950 മോഡൽ ലാൻഡ്​റോവർ ടാക്​സികൾ​ കിട്ടും. അങ്ങനെയൊരു സംഗതിയുണ്ടെങ്കിൽ പിന്നെ നമ്മുടെ വണ്ടി ഇവിടെ നിർത്താം എന്ന്​ ഉറപ്പിച്ചു. ചായകുടിച്ച്​ കഴിഞ്ഞ്​ അവർ തന്നെ ഒരു റൂം കാണിച്ചുതന്നു. ചെറിയ ഹോംസ്​റ്റേ ആണ്​. ആ വീടുള്ളത്​ നേപ്പാളിൽ. അത്​ പൊളിക്കും. ഭൂട്ടാനിന്​ പുറമെ നേപ്പാള​ി​െൻറ മണ്ണിലും അന്തിയുറങ്ങാനുള്ള അവസരം​.


മനെ ബൻജാങിലെ കടക്ക്​ മുന്നിൽ ഫുട്​ബാൾ മത്സരവുമായി ബന്ധപ്പെട്ട പോസ്റ്റർ പതിച്ചിരിക്കുന്നു

മരം കൊണ്ട്​ നിർമിച്ച വീടാണ്​. മുകളിൽ വീട്ടുകാരാണ്​ താമസം. താഴെ​ ഞങ്ങൾക്കുള്ള മുറി. സൗകര്യങ്ങൾ പരിമിതമാണെങ്കിലും ഞങ്ങൾക്കത്​ ധാരാളം. നേപ്പാള​ിലെ ജനവാതിലിലൂടെ നോക്കിയാൽ ഇന്ത്യയിലെ താഴ്​വാരങ്ങൾ കാണാം. സ്വിറ്റ്​സർലൻഡിനും ഫ്രാൻസിനുമിടയിൽ സ്​ഥിതിചെയ്യുന്ന ഹോട്ടലിൽ താമസിക്കാൻ​ പോയ യു.എൻ സുരക്ഷ കൗൺസിൽ ഉ​േദ്യാഗസ്​ഥൻ മുരളി തുമ്മാരുകുടിയുടെ യാത്രാവിവരണമാണ്​ എനിക്ക്​ ഒാർമവന്നത്​.

സാധങ്ങൾ റൂമിൽ വെച്ച്​ പരിസരമൊന്ന്​ ചുറ്റിക്കറങ്ങി. ഒരു കാൽ ഇന്ത്യയിലും മറുകാൽ നേപ്പാളിലും വെച്ച്​ ഫോ​േട്ടായെടുത്തു. അതിനുശേഷം ഇന്ത്യയി​ൽനിന്ന്​ നേപ്പാളിലേക്കും തിരിച്ചും 'കുളംകര' കളിച്ചു. കുട്ടികളെപ്പോലെ കളിക്കുന്നത്​ കണ്ട്​ ഇരുരാജ്യത്തെയും ആളുകൾ കൗതുകപൂർവം നോക്കുന്നു.

ഞങ്ങളുടെ വാഹനം റോഡിൽനിന്ന്​ ഹോംസ്​റ്റേക്ക്​ മുന്നിലേക്ക്​ മാറ്റുന്നു

കേരള രജിസ്​ട്രേഷൻ വാഹനം കണ്ട്​ രണ്ടുപേർ ഞങ്ങളുടെ അടുത്തേക്ക്​ വന്നു. മലയാളി ജവാൻമാരാണ്​. അതിർത്തിയിലെ പോസ്​റ്റിലാണ്​ അവർക്ക്​ ഡ്യൂട്ടി. ഒരാൾ കണ്ണൂർ സ്വദേശി, മറ്റൊരാൾ തിരുവനന്തപുരം. അപൂർവമായിട്ട്​ മാത്രമാണ്​ ഇവിടെ മലയാളികൾ എത്താറുള്ളതെന്ന്​ അവർ പറഞ്ഞു. ഇവിടെ എന്ത്​ ആവശ്യമുണ്ടെങ്കിലും ഞങ്ങളെ അറിയിച്ചാൽ മതിയെന്ന്​ പറഞ്ഞ്​ അവർ ധൈര്യം തന്നു.

കവലയിലെ കടകൾ അടക്കാൻ തുടങ്ങിയതോടെ റോഡിൽ നിർത്തിയിട്ട വണ്ടി ഹോംസ്​റ്റേക്ക്​ മുന്നിലേക്ക്​ മാറ്റാൻ ഉടമസ്​ഥൻ ആവ​ശ്യപ്പെട്ടു. ചാലിന്​ കുറുകെയുള്ള ചെറിയ നടപ്പാലത്തിലൂടെ വണ്ടി ഏറെ ശ്രമകരമായി നേപ്പാളിലെ ഹോംസ്​റ്റേയുടെ​ മുന്നിൽനിർത്തി. ഏഴ്​ മണിയായപ്പോഴേക്കും ഇരുട്ടായി​. കൂടാതെ നല്ല തണുപ്പും.

ഹോംസ്​റ്റേക്ക്​ മുന്നിൽ വാഹനം പാർക്ക്​ ചെയ്​തപ്പോൾ

ഞങ്ങൾ റൂമിലേക്ക്​ മടങ്ങി. അവിടെ അവർ ഭക്ഷണ​െമല്ലാം ഒരുക്കിവെച്ചിരുന്നു. ചപ്പാത്തിയും ചിക്കൻ കറിയും. അതി​െൻറ കൂടെ മധുരമുള്ള ഒരുതരം അച്ചാറുമുണ്ട്​. പ്രാദേശികമായി ലഭിക്കുന്ന ഏതോ ഒരു പഴം കൊണ്ടാണ്​ അത്​ തയാറാക്കുന്നത്​. ഞങ്ങൾക്കത്​ വല്ലാതെ ഇഷ്​ടപ്പെട്ടു. അത്​ നാട്ടിലേക്ക്​ വേണമെന്ന്​ ആവ​ശ്യപ്പെട്ടതനുസരിച്ച്​ അവരത്​ കുപ്പിയിലാക്കി നൽകുകയും ചെയ്​തു.

ലാൻഡ്​ ഒാഫ്​ ലാൻഡ്​ റോവേഴ്​സ്​

പിറ്റേന്ന്​ അതിരാവിലെ പുറത്തിറങ്ങു​​​േമ്പാൾ ആ ചെറിയ കവല തണുപ്പിൽ മുങ്ങിനിൽക്കുകയാണ്​. ലാൻഡ്​ റോവറുകൾ പലയിടത്തായി നിർത്തിയിട്ടിരിക്കുന്നത്​ കാണാം. എട്ട്​ മണി മുതലാണ്​ അവ സർവിസ്​ തുടങ്ങുക. പാതയോരത്ത്​ പ്രായമായ രണ്ട്​​ സ്​ത്രീകൾ തീ കായുന്നു​. വളരെ ഉയരം കുറഞ്ഞ സ്​ത്രീകൾ. ഇവിടത്തെ ജനങ്ങൾക്ക് പൊതുവെ​ ഉയരം കുറവാണ്​. മനെ ബൻജാങി​െൻറ ഉൾവഴികളിലൂടെ കുറച്ചുനേരം കറങ്ങി തിരിച്ച്​ റൂമിലെത്തി.

മനെ ബൻജാങ്​

അപ്പോഴേക്കും ഭക്ഷണം ഒരുക്കിവെച്ചിട്ടുണ്ട്. ചാപ്പാത്തിയും സബ്​ജിയും​. അടുത്ത പരിപാടി കുളിയാണ്​.​ നോക്കു​േമ്പാൾ വെള്ളത്തിന്​ ഒടുക്കത്തെ തണുപ്പ്​. ചെറിയ ഹോംസ്​റ്റേ ആയതിനാൽ ചൂടുവെള്ളം കിട്ടാനുമില്ല. തൽക്കാലം അന്ന്​ കുളിക്കണ്ട എന്ന്​ തീരുമാനിച്ചു. അല്ലെങ്കിലും യാത്രകൾ അങ്ങനെയാണ്​. പലപ്പോഴും നമ്മുടെ പതിവുശീലങ്ങൾ തെറ്റിക്കേണ്ടി വരും. പക്ഷെ, യാത്രയുടെ വൈബിൽ ഇഴുകിച്ചേരു​േമ്പാൾ അതൊരു പ്രശ്​നമേ ആകില്ല.

അങ്ങനെ സന്താക്​ഫുവിൽ പോകാനുള്ള ടാക്​സിക്കായി ബുക്കിങ്​ ഒാഫിസിലെത്തി. പഴയ ലാൻഡ്​ റോവറും ​മഹീന്ദ്രയുടെ ബൊലേറയുമാണ്​ അവിടേക്ക്​ സർവിസ്​ നടത്തുന്നത്​. ഞങ്ങൾക്ക്​ ലാൻഡ് ​റോവർ മതിയെന്ന്​ പറഞ്ഞു. പരമാവധി ഏഴുപേർക്ക്​ സഞ്ചരിക്കാം. സന്താക്​ഫുവിൽ പോയി വരാൻ 4500 രൂപയാണ്​ ഈടാക്കുന്നത്​.

ലാൻഡ്​ റോവറിന്​ മുന്നിൽ

ഞങ്ങൾ മൂന്ന​ുപേരെയുള്ളൂ​. ഒരാൾക്ക്​ 1500 രൂപ വേണം. ആ സമയത്താണ്​ രണ്ട്​ ഹൈദരാബാദ്​ സ്വദേശികൾ വന്നത്​. അവരും ഞങ്ങളെ​േ​പ്പാലെ അവിടെപ്പോയി അന്ന്​ തന്നെ മടങ്ങാൻ തീരുമാനിച്ചവരാണ്​. അവരെയും കുടെകൂട്ടി. അതോടെ ഒരാൾക്ക്​ 900 രൂപയിൽ ഒതുങ്ങി. പലരും സന്താക്​ഫുവിൽ തങ്ങാറുണ്ട്​. ഇതിന്​ കൂടുതൽ നിരക്കാണ്​ ടാക്​സി ഡ്രൈവർമാർ ഇൗടാക്കുക.

ഏകദേശം നാൽപതിനടുത്ത്​ ലാൻഡ്​ റോവർ ടാക്​സികളാണ്​ ഇവിടെയുള്ളത്​. ഒട്ടും ആഡംബരങ്ങളില്ലാത്ത ഈ വാഹനത്തിൽ കയറിയിരിക്കു​േമ്പാൾ കാലം അറിയാതെ പിറകിലേക്ക്​ പോകും. 70 വർഷം പിന്നി​​ട്ടെങ്കിലും അതി​െൻറ പ്രൗഢിയോടെ ഇവർ ഇന്നും പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നു.

തീ കായാൻ തയാറെടുക്കുന്ന സ്​ത്രീകൾ

അതേസമയം, സ്​പെയർ പാർട്​സുകൾ കിട്ടാനുള്ള ബുദ്ധിമുട്ട്​ കാരണം പല വണ്ടികൾക്കും​ ഇപ്പോൾ കരുത്തേകുന്നത്​ മഹീന്ദ്രയുടെ എൻജിനാണ്​ എന്നത്​ പരസ്യമായ രഹസ്യം​​. ഗിയർ ബോക്​സ്​ അടക്കമുള്ള മറ്റു ഭാഗങ്ങളെല്ലാം അസ്സൽ ബ്രിട്ടൻ തന്നെ​. ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ ഉപയോഗിക്കാൻ കൊണ്ടുവന്ന ജീപ്പുകളാണിവ. വർഷങ്ങൾക്കപ്പുറം ആശുപത്രികൾ ഇവ ഒഴിവാക്കിയതോടെ ഇന്നാട്ടുകാർ സ്വന്തമാക്കുകയായിരുന്നു.

മഞ്ഞണിഞ്ഞ വഴികൾ

ടെൻസിങ്​ ഭൂട്ടിയയയാണ്​​ ഞങ്ങളുടെ ഡ്രൈവർ. നേരത്തെ പറഞ്ഞപോലെ ഉയരം കുറവുള്ള യുവാവ്​​. 70 പിന്നിട്ട ആ ലാൻഡ്​ റോവർ മുത്തച്​ഛൻ യാത്ര തുടങ്ങി. മനെ ബൻജാങിലെ ഫോറസ്​റ്റ്​ ചെക്ക്​പോസ്​റ്റ്​ കഴിഞ്ഞതോടെ വണ്ടിയുടെ യഥാർഥ ശൗര്യം പുറത്തുചാടി​. കുത്തനെയുള്ള കയറ്റമാണ്​ പിന്നീടങ്ങോട്ട്​. ഒപ്പം പേടിപ്പിക്കുന്ന വളവുകളും.

സന്താക്​ഫുവിലേക്ക്​ പോകുന്ന ലാൻഡ് ​റോവർ

സിൻഗാലില ദേശീയ ഉദ്യാനത്തിന്​ നടുവിലൂടെയുള്ള റോഡ്​ കുളംകര കളിക്കുന്നത്​ പോലെ നേപ്പാളിലും ഇന്ത്യയിലുമായാണ്​ കടന്നുപോവുന്നത്​. വഴിയിൽ ഓരോ വളവുകൾ തിരിയു​േമ്പാഴും പ്രവചിക്കാനാവാത്ത ഭംഗിയാണ്​ പ്രകൃതി ഒരുക്കിവെച്ചിരിക്കുന്നത്​.ചിലപ്പോൾ മൊ​​ട്ടക്കുന്നുകൾ. അല്ലെങ്കിൽ ഇടതൂർന്ന മരങ്ങൾ നിറഞ്ഞ കാട്​. അതുമല്ലെങ്കിൽ മഞ്ഞ്​ പൊതിഞ്ഞ മല​​​ഞ്ചെരിവുകൾ. ഇടക്ക്​ മനോഹരമായ ബുദ്ധക്ഷേത്രവും കാണാനായി.

സന്താക്​ഫുവിലേക്കുള്ള പാത

യാത്ര ഏകദേശം 20 കിലോമീറ്റർ പിന്നിട്ടു. ഖരിബാസ്​ എന്ന സ്​ഥലത്ത്​ വണ്ടി നിർത്തി. ചായകുടിക്കാനാണ്​ പരിപാടി. അവിടെ താമസസൗകര്യവുമുണ്ട്. യാത്രക്കിടയിൽ ചിലയിടങ്ങളിലെല്ലാം ഇതുപോലെ കൊച്ചുലോഡ്​ജുകളും ഭക്ഷണശാലകളും കാണാം.

ഖരിബാസിൽ എത്തിയ​പ്പോൾ

കാഴ്​ചകളുടെ പെരുന്നാൾ​

ഖരിബാസ്​ കഴിഞ്ഞതോടെ റോഡിലെ കോ​ൺഗ്രീറ്റ്​ മാഞ്ഞു. പിന്നെ കല്ലും ചളിയും മഞ്ഞു​മെല്ലാം നിറഞ്ഞ സാഹസിക വഴികൾ​. ഇവിടെയും ലാൻഡ്​ റോവർ മുത്തച്​ഛന്​​ കുലുക്കമില്ല. ഫോർവീലിലേക്ക്​ മാറ്റിയാൽ പിന്നെ ആൾ കുതിര പോലെ ചാടിക്കയറും. ഇതിനിടയിൽ കാലാപൊഖ്​രി എന്ന കൊച്ചുതടാകമെത്തി.

ഐസ്​ മൂടിയ പാത

10,000 അടി ഉയരത്തിലാണ്​ ഇൗ തടാകം. ചുറ്റും കോട മൂടിയിട്ടുണ്ട്​​. തടാകം കഴിഞ്ഞാൽ പിന്നെ നേപ്പാളിലെ ഇലാം ജില്ലയിലേക്ക്​ പ്രവേശനമേകിയുള്ള ബോർഡെത്തി. എന്നാൽ, ഇനിയുമങ്ങോട്ടും ഇന്ത്യയുടെ ഭാഗങ്ങൾ ഒരുപാടുണ്ട്​. അതിന്​ തെളിവാണ്​ ബി.എസ്​.എഫി​െൻറ ക്യാമ്പുകൾ.

വഴിയിൽ കണ്ട ബുദ്ധക്ഷേത്രം

കൂടുതൽ ഉയരത്തിലേക്ക്​ പോകുംതോറും തണുപ്പി​െൻറ കാഠിന്യം കൂടുന്നു​. നട്ടുച്ചക്ക്​ പോലും താപനില​ മൈനസിൽ​​. ഒരു മണിയോടെ സന്താക്​ഫുവിലെത്തി. 30 കിലോമീറ്റർ ദൂരം താണ്ടാൻ ഏകദേശം മൂന്ന്​ മണിക്കൂറെടുത്തു​.വളരെ കുറഞ്ഞ ആളുകൾ മാത്രമാണ്​ മലമുകളിലുള്ളത്​. ഒരു പട്ടാളക്യാമ്പാണ്​ ആദ്യം കാണുക.

 കാലാപൊഖ്​രി തടാകം

വണ്ടിയിൽനിന്ന്​ ഇറങ്ങി ഞങ്ങൾ മുന്നോട്ടു​നടന്നു.വഴിയോരത്തെ വീട്​ മഞ്ഞിൽ മൂടിയിട്ടുണ്ട്​.​ വീടി​െൻറ മുറ്റത്ത്​ ഒരു ലാൻഡ് ​റോവർ തുരുമ്പ്​ പിടിച്ച് മഞ്ഞുമൂടി​ കിടപ്പുണ്ട്​. ഏതൊരു വണ്ടി​ഭ്രാന്ത​െൻറയും ചങ്ക്​ തകർക്കുന്ന രംഗം.

സന്താക്​ഫു - മനെ ബൻജാങ്​ റോഡ്

ഒരു ഹോട്ടലിന്​ മുന്നിലാണ്​ നടത്തം അവസാനിപ്പിച്ചത്​. അവിടെ കയറി ന്യൂഡിൽസും ബ്രഡ്ഡ്​ ഒാംലെറ്റുമെല്ലാം ഒാർഡർ ചെയ്​തു. കൂടെ നല്ല ചൂടുള്ള ചായയും. വെസ്​റ്റ്​ബംഗാളി​െൻറ ഏറ്റവും ഉയരത്തിലിരുന്ന്​ ഭക്ഷണം കഴിക്കു​േമ്പാൾ കിടിലൻ സ്വാദായിരുന്നു. ട്രെക്കിങ്​ ചെയ്​ത്​ വന്ന ഒരുപാട്​ പേർ അവിടെയുണ്ട്​.എല്ലാവിധ സാഹസികതയും ഇഷ്​ടപ്പെടുന്നവർക്ക്​ പറ്റിയ സ്​ഥലമാണ്​ സന്താക്​ഫു. ഞങ്ങൾ വരുന്നതിന്​ രണ്ട്​ മാസം മുമ്പ്​ ഇവിടെ തമിഴ്​ താരജോഡികളായ സൂര്യയും ജ്യോതികയും ട്രെക്കിങ്ങിന്​ വന്നിരുന്നുവെന്ന്​ ഡ്രൈവറാണ്​ പറഞ്ഞുതന്നത്​.

വഴിയിൽ കണ്ട ട്രെക്കിങ്​ സംഘം

12,000 അടി ഉയരമുണ്ട്​​ സന്താക്​ഫുവിന്​​. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ എവറസ്​റ്റും മൂന്നാം സ്​ഥാനക്കാരനായ കാഞ്ചൻജംഗയും മറ്റനേകം പർവതങ്ങളും ഇവിടെനിന്നാൽ കാണാം. ഭക്ഷണം കഴിച്ച്​ ഞങ്ങൾ കൊടുമുടികൾ കാണാനിറങ്ങി. മഞ്ഞി​െൻറ മെത്തയണിഞ്ഞ മലഞ്ചെരിവുകൾ.

വീടിന്​ മുന്നിൽ തുരു​െമ്പടുത്ത്​ കിടക്കുന്ന ലാൻഡ്​ റോവർ

ഹിമാർദ്രമായ അന്തരീക്ഷം. മുന്നോട്ടുള്ള റോഡ്​ നീളുന്നത്​ 20 കിലോമീറ്റർ അകലെയുള്ള ഫാലൂട്ട്​ വരെയാണ്​. നടന്ന്​ ഒരു മലഞ്ചെരുവിലെത്തി. കൂടെയുള്ള ഹൈദരാബാദുകാർ പർവത ആരോഹണങ്ങളിൽ താൽപര്യമുള്ളവരാണ്​. ഒരു ബൈനോക്കുലറും പിടിച്ചാണ്​ അവർ വന്നിട്ടുള്ളത്​. ചുറ്റും കോടമൂടിയതിനാൽ ദൂരേക്ക്​ ഒന്നും കാണാനാവാത്ത അവസ്​ഥ. എവറസ്​റ്റ്​ കാണുമെന്ന യാതൊരു പ്രതീക്ഷയും വേണ്ടെന്ന്​ അവർ പറഞ്ഞു.

മഞ്ഞുമൂടിയ വഴിയും മലനിരകളും

ഇനിയുള്ളത്​ കാഞ്ചൻജംഗയാണ്​. വെയിലടിച്ച്​ കോട മാറിയാൽ അത്​ കാണാം. മഞ്ഞിൽ ഉതിർന്നും ​െഎസ്​കട്ടകൾ വാരിയെറിഞ്ഞും ഫോ​േട്ടായെടുത്തുമെല്ലാം ഒരു മണിക്കൂർ അവിടെ ചെലവഴിച്ചു. അപ്പോഴേക്കും സൂര്യൻ മെല്ലെ പുറത്തുവരാൻ തുടങ്ങി.

കോടമഞ്ഞ്​ നീങ്ങുന്നു​. ദൂരെ കാഞ്ചൻജംഗയുടെ കൂർത്ത ശൃംഗം മെല്ലെ പുറത്തുവന്നു. കുറച്ചുനേരം മാത്രമേ ആ കാഴ്​ചക്ക്​ ആയുസ്സുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും വീണ്ടും കോട മൂടി. ഇതോടെ ഞങ്ങൾ വണ്ടിയുടെ അടുത്തേക്ക്​ മടങ്ങി.

കാഞ്ചൻജംഗയുടെ കൂർത്ത ശൃംഗം അൽപ്പനേരം ദൃശ്യമായപ്പോൾ

വിടപറയും ഹിമാലയം

ഞങ്ങൾ എത്തു​േമ്പാൾ ഡ്രൈവർ കൂട്ടുകാർക്കൊപ്പം ശീട്ട്​ കളിക്കുകയായിരുന്നു. കളി മതിയാക്കി വണ്ടിയിൽ കയറി. അയാളെ മദ്യം മണക്കുന്നുണ്ട്​. ഞങ്ങളുടെ മനസ്സൊന്ന്​ കാളി. കഷ്​ടിച്ച്​ ഒരു വണ്ടിക്ക്​ പോകാൻ കഴിയുന്ന റോഡിലൂടെയാണ്​ യാത്ര. ഒന്ന്​ പാളിയാൽ തവിടുപൊടിയാകും. രണ്ടും​ കൽപ്പിച്ച്​ വണ്ടിയിലിരുന്നു. എന്നാൽ, ഡ്രൈവർക്ക്​ യാതൊരു കൂസലുമില്ല. നമ്മളിതൊക്കെ എത്ര കണ്ടിട്ടുണ്ടെന്ന മട്ടിലാണ്​ പുള്ളി വണ്ടിയോടിക്കുന്നത്​​.

സന്താക്​ഫു - മനെ ബൻജാങ്​ റോഡ്​

ഇടക്ക്​ ജീപ്പുകൾ എതിർദിശയിൽ വരുന്നുണ്ട്​. അവക്ക്​ പോകാൻ റോഡിനോട്​ ചേർന്ന്​​ ഒതുക്കിനിർത്തണം​. പലപ്പോഴും സ്​ഥലമില്ലാത്തതിനാൽ റിവേഴ്​സ്​ എടുക്കേണ്ടി വരും. പതിയെയുള്ള ആ യാത്ര കഴിഞ്ഞ്​ മനെ ബൻജാങിലെത്തു​​േമ്പാൾ ആറ്​ മണി​. അവിടെനിന്ന്​ സാധനങ്ങളെല്ലാം എടുത്ത് വീണ്ടും ഫോർച്യൂണറിൽ കയറി.​ രാത്രിയാകു​േമ്പാഴേക്കും സിലിഗുരിയിലെത്താനാണ്​ പ്ലാൻ.

സന്താക്​ഫു - മനെ ബൻജാങ്​ റോഡിൽ വെച്ച്​ നേപ്പാളിനോട്​​ വിടപറയുന്നു

ഡാർജിലീങിലെ ഗൂം​ എത്തിയതോടെ ടോയ്​ ട്രെയിനി​െൻറ ട്രാക്കും കൂടെക്കൂടി​. പലസമയത്തും ഇൗ ​ട്രാക്ക്​ റോഡ്​​ മുറിച്ചുകടക്കുന്നുണ്ട്​. മുന്നോട്ടുപോകുന്നതിനിടെ പെ​െട്ടന്നാണ്​ ഒരു ട്രെയിൻ വന്നത്​. പ്രതീക്ഷിക്കാത്ത നിമിഷം​. മര്യാദക്ക്​ ചിത്രം പോലും എടുക്കാൻ കഴിഞ്ഞില്ല. സെക്കൻഡുകൾക്കുള്ളിൽ ആ ട്രെയിൻ ഞങ്ങളെയും കടന്നുപോയി.

എട്ട്​ മണിയായപ്പോഴേക്കും തേയിലത്തോട്ടങ്ങൾക്ക്​ നടുവിലൂടെ ചുരം ഇറങ്ങാൻ തുടങ്ങി. ദിവസങ്ങളോളം കാഴ്​ചകളുടെ വിരുന്നൂട്ടിയ ഹിമാലയത്തിനോട്​ സിലിഗുരിക്ക്​ സമീപം ഞങ്ങൾ​ വിടപറഞ്ഞു​.

ടോയ്​ ട്രെയിൻ മുന്നിലൂടെ കടന്നുപോയപ്പോൾ

നാ​ളെ ബംഗാളിലെ ഗ്രാമങ്ങളും ബംഗ്ലാദേശ്​ അതിർത്തിയുമെല്ലാമാണ്​ എക്​സ​്​​േപ്ലാർ ചെയ്യാനുള്ളത്​. ഒമ്പത്​ മണിയോടെ സിലുഗിരി നഗരത്തിൽ യാത്ര അവസാനിപ്പിച്ചു.

(തുടരും)
vkshameem@gmail.com

Itinerary
Day 12:
Gangtok to Mane Bhanjang (West Bengal) 120 KM
Route: Pakyong, Rangpo, Tista Bazar, Darjeeling, Simana
Journey Time: 8.00 AM - 4.00 AM (8 hrs)

Day 13:
Mane Bhanjang ​To Siliguri (West Bengal) 75 KM
Route: Simana, Darjeeling, Kurseong, Matigara
Visited: Sandakphu
Journey Time: 6.00 PM - 9.00 PM (3 hrs)
Tags:    
News Summary - Taxi 1950 Land Rover still here; Conquering icebergs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT