ഇതെല്ലാമാണ്​ ഏക കാർബൺ നെഗറ്റീവ്​ രാജ്യമാകാൻ ഭൂട്ടാനെ സഹായിക്കുന്നത്​

കഴിഞ്ഞ ദിവസ​ത്തെ ആലസ്യം ശരീരം​ വി​െട്ടാഴിഞ്ഞിട്ടില്ലെന്ന്​ തോന്നുന്നു. അതിരാവിലെ എണീക്കാൻ മൂന്നുപേർക്കും ചെറിയൊരു മടി. പിന്നെ മരംകോച്ചുന്ന തണുപ്പും. പുതപ്പി​െൻറ ഉള്ളിൽനിന്ന്​ തലപുറത്തിടാൻ പോലും തോന്നുന്നില്ല. റൂം ഹീറ്റർ ഉപയോഗിച്ചാണ്​ ഒരുവിധം പിടിച്ചുനിന്നത്​. ഭൂട്ടാനിലെ മൂന്നാമത്തെ ദിവസം പിറന്നിരിക്കുകയാണ്​​.

പാറോ ആണ്​ ഇന്നത്തെ ലക്ഷ്യം. റൂമിൽ സ്വയം തയാറാക്കിയ​ കോഫിയും കുടിച്ച്​ എട്ട്​​ മണിയോടെ വണ്ടിയെടുത്ത്​ ​പുറത്തിറങ്ങി. രാജ്യതലസ്​ഥാനമായ തിംഫു നഗരത്തി​െൻറ തെക്ക്​ ഭാഗത്തുകൂടിയാണ്​ യാത്ര. റോഡിൽ അത്യാവശ്യം വാഹനത്തിരക്കുണ്ട്​. ജനങ്ങൾ രാവിലെത്തന്നെ ഒാഫിസുകളിലേക്കും മറ്റു ജോലിസ്​ഥലങ്ങളിലേക്കും പോകുന്ന തിരിക്കിലാണ്​. നഗരം കഴിഞ്ഞതോടെ പിന്നെ മലകൾ മാത്രമായി ഇരുവശത്തും. തിംഫു നദിയും റോഡിന്​ സമാന്തരമായി ഒഴുകുന്നു​.

തിംഫു നഗരം

ഏകദേശം 25​ കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും വലിയ കമാനം കണ്ടു. അവിടെനിന്ന്​ വണ്ടി വലത്തോട്ട്​ തിരിച്ചു. ചുസോം പാലത്തിലേക്കാണ്​ എത്തിയത്​. പാലം കഴിഞ്ഞതും റോഡ്​ രണ്ടായി. ഇടത്തോട്ട്​ ഹാ വാലി എന്ന സ്​ഥലത്തേക്കാണ്​. ഭൂട്ടാ​െൻറ പടിഞ്ഞാറെ അറ്റത്താണ്​ ഇൗ സ്​ഥലം.

രാജ്യത്തെ ഏറ്റവും ഉയരത്തിലെ റോഡ്​ ഇൗ ഭാഗത്താണ്​ സ്​ഥിതി​ ചെയ്യുന്നത്​. കൂടാതെ ഞങ്ങൾ വന്ന ​ഫെബ്രുവരി സമയത്തും അവിടെ പോയാൽ മഞ്ഞുമലകൾ കാണാം. സാധാരണ ജനുവരി ആകു​േമ്പാഴേക്കും ഭൂട്ടാ​െൻറ മറ്റു പല ഭാഗങ്ങളിലും മഞ്ഞ്​ തീരാറുണ്ട്​. ഞങ്ങളുടെ കൈവശം ഹാ വാലിയിലേക്കുള്ള പെർമിറ്റെല്ലാം ഉണ്ട്​. പക്ഷെ, ഇന്ന്​ പാറോ വരെ പോകാനാണ്​ തീരുമാനിച്ചിട്ടുള്ളത്​. സമയം കിട്ടുകയാണെങ്കിൽ പാറോയിൽനിന്ന്​ നേരെ ഹാ വാലിയിലേക്കും പോകാം.

പാറോയിലേക്കുള്ള പാത

ജംഗ്​ഷനിൽനിന്ന്​ വണ്ടി പാറോ ലക്ഷ്യമാക്കി വലത്തോട്ട്​ തിരിച്ചു. വിജനമായ പാതയിലൂടെ മുന്നോട്ടുനീങ്ങാൻ തുടങ്ങി. കാഴ്​ചകൾക്ക്​ കാര്യമായ മാറ്റമൊന്നുമില്ല. ഇരുഭാഗത്തും വലിയ മലനിരകൾ ഉയർന്നുനിൽക്കുന്നു. മരതകകാന്തി ചിന്നും മലകളും താഴ്വാരങ്ങളും. ശൈത്യകാലമായതിനാൽ പച്ചപ്പ്​ ഒട്ടുമില്ല. മാർച്ച്​ മുതൽ ഇൗ മലകൾക്കെല്ലാം പച്ചപ്പ്​ നിറയും. ഒപ്പം വയലുകളും കതിരിടാൻ തുടങ്ങും. ആ സമയത്താണ്​ ഭൂട്ടാനിലേക്ക്​ കൂടുതൽ സഞ്ചാരികൾ എത്താറ്​.

മുന്നോട്ടുള്ള യാത്രയിൽ ഗ്രാമങ്ങളും വീടും വല്ലപ്പോഴും മാത്രമാണ്​ കാണുന്നത്​. ഭൂട്ടാൻ മൊത്തമായിട്ട്​ ഇങ്ങനെയാണ്​. എവിടെയും കുന്നും മലകളും മാത്രം. നല്ലൊരു ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്​. രാജ്യത്തി​െൻറ 70 ശതമാനവും വനമേഖലയാ​ണെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​.

മുന്നോട്ടുള്ള യാത്രയിൽ ഗ്രാമങ്ങളും വീടും വല്ലപ്പോഴും മാത്രമാണ്​ കാണുന്നത്

ലോകത്ത്​ കാർബൺ നെഗറ്റീവായ ഏക രാജ്യമാണ്​​ ഭൂട്ടാൻ​. അതായത് ജീവജാലങ്ങൾക്ക്​ ആവശ്യമായ​ ഒാക്​സിജനേക്കാൾ കൂടുതൽ ഇവിടത്തെ മരങ്ങൾ പുറംതള്ളുന്നു​. പിന്നെ ഫാക്​ടറികളും അമിത വാഹനങ്ങളുമില്ല. ഇതെല്ലാം കാർബൺ നെഗറ്റീവാകാൻ സഹായിക്കുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ട്​ തന്നെയാകാം രാജ്യത്തെ 91 ശതമാനം ജനങ്ങളും സന്തോഷവാൻമാരായിരിക്കാൻ കാരണം​.

ഒഴിഞ്ഞുകിടക്കുന്ന മലനിരകൾ

ഹോട്ടലിലെ ഇന്ത്യൻ നേതാക്കൾ

സമയം പത്ത്​ മണിയായിട്ടുണ്ട്​. ഭക്ഷണമൊന്നും കഴിച്ചിട്ടില്ല. ​വിജനമായ വഴികളായതിനാൽ റെസ്​റ്റോറൻറുകൾ ഒന്നുമില്ല. ഇസുന എന്ന സ്​ഥലത്ത്​ എത്തിയപ്പോൾ റോഡി​െൻറ വലത്​ ഭാഗത്ത്​ മനോഹരമായ കെട്ടിടം കണ്ടു. ​സൂക്ഷിച്ചുനോക്കിയപ്പോൾ അതൊരു ഹോട്ടലാണെന്ന്​ മനസ്സിലായി. മരങ്ങൾ കൊണ്ട്​ അലങ്കരിച്ച അതിഗംഭീരമായ നിർമിതി​.

ഭൂട്ടാനിലെ എല്ലാ കെട്ടിടങ്ങളും ഇതേരീതിയിലാണ്​. കൂടാതെ ആറ്​ നിലക്ക്​ മുകളിൽ ഉയരം പാടില്ലെന്ന്​ നിയമവുമുണ്ട്​. അതുകൊണ്ട്​ തന്നെ സന്തോഷ്​ ജോർജ്​ കുളങ്ങരയുടെ ഭാഷയിൽ പറഞ്ഞാൽ അംബരചുംബികളായ കെട്ടിടങ്ങളൊന്നും ഭൂട്ടാനിൽ കാണാൻ സാധിക്കില്ല.

ഇസുനയിലെ ഹോട്ടൽ

മരത്തിൽ തീർത്ത പടികൾ കടന്ന്​ ഞങ്ങൾ ഹോട്ടലിന്​ മുകളിലേക്ക്​ കയറി. ശരിക്കും അതൊരു രണ്ട്​ നില വീടാണ്​. മുകൾ ഭാഗം​ ഹോട്ടലാക്കി മറ്റി എന്നെയുള്ളൂ. ചുമരെല്ലം മരങ്ങളിൽ തീർത്തതാണ്​. ഇത്​ തണുപ്പിനെ പ്രതിരോധിക്കാൻ സഹായിക്കും. ചുമരുകളിൽ ബുദ്ധമത​ ആചാരപ്രകാരമുള്ള കൊത്തുപണികളും ചിത്രങ്ങളും തീർത്തിട്ടുണ്ട്​.

ഹോട്ടലിന്​ സമീപത്തുകൂടി ഒഴുകുന്ന പാറോ നദി

പിന്നെ ഭൂട്ടാൻ രാജക്കൻമാരുടെയും ബുദ്ധമത ആചാര്യൻമാരുടെയും ചിത്രങ്ങളും അവിടെയുണ്ട്​. ഇതിനിടയിൽ നെഹ്​റു മുതൽ മോദി വരെയുള്ള ഇന്ത്യൻ രാഷ്​ട്രീയ നേതാക്കളുടെയും ചിത്രങ്ങൾ ആ ചുമരുകളിൽ കാണാം​. ഇന്ത്യയും ഭൂട്ടാനും തമ്മിലെ ബന്ധത്തിന്‍റെ ഊഷ്​മളത ഈ ചിത്രങ്ങൾ വിളിച്ചോതുന്നു. ഇവിടത്തെ പ്രതിരോധം മുതൽ വൈദ്യുതി വരെ ഇന്ത്യയുടെ സഹായത്തോടെയാണ്​. ന്യൂഡിൽസും ചൗമിനും ഒാംലെറ്റുമാണ്​ ഒാർഡർ ചെയ്​തത്​. കുറച്ചുതാമസം പിടിക്കുമെന്ന്​ പറഞ്ഞതോടെ ഞങ്ങൾ കാഴ്​ചകാണാൻ പുറത്തിറങ്ങി. പിന്നിലൂടെ പാറോ നദി ഒഴുകുന്നുണ്ട്​. നല്ല തെളിനീര്​ പോലത്തെ വെള്ളം ഹിമാലയത്തി​െൻറ മടിത്തട്ടിലൂടെ ഉരുളൻ കല്ലുകളെ തഴുകി ഒഴുകുന്നു.

ഇൗ പുഴ നമ്മൾ രാവിലെ കണ്ട തിംഫു നദിയിൽ ചെന്നാണ്​ ചേരുന്നത്​. ചു എന്നാണ്​ നദിക്ക്​ ഭൂട്ടാൻ ഭാഷയിൽ പറയുന്നത്​. പുറത്ത്​ ഭക്ഷണം കഴിക്കാൻ മനോഹരമായ ഇരിപ്പിടമുണ്ടെങ്കിലും തണുപ്പ്​ കാരണം അവിടെ നിൽക്കാൻ കഴിയാത്ത അവസ്​ഥയാണ്​. കെട്ടിടത്തിന്​ മുന്നിൽ​ കരകൗശല വസ്​തുക്കൾ വിൽപ്പനക്ക്​ വെച്ചിട്ടുണ്ട്​. അപ്പുറത്തെ മലഞ്ചെരുവിൽ രണ്ട്​ വീടുകളും കൃഷിയിടങ്ങളും കാണാം.

ഭൂട്ടാൻ സ്​പെഷൽ ന്യൂഡിൽസും ചൗമിനും ഒാംലെറ്റും

കാഴ്​ചകൾ കണ്ട്​ തിരിച്ചെത്തിയപ്പോഴേക്കും ഭക്ഷണം റെഡിയായിട്ടുണ്ട്​. ന്യൂഡിൽസാണെങ്കിലും അവരുടേതായ ഒരു കൈയൊപ്പ്​ അതിലുണ്ടായിരുന്നു. ചിക്കനെല്ലാം പ്രത്യേക രീതിയിൽ തയാറാക്കിയാണ്​ അതിൽ ചേർത്തിട്ടുള്ളത്​. ഹോട്ടലി​െൻറ പ്രൗഢി​ പോ​െലത്തന്നെ അൽപ്പം വില കൂടുതലായിരുന്നു ഭക്ഷണത്തിന്​.

മൂന്നുപേർക്കും കൂടി 800 രൂപയോളമായി​. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും ചെലവേറിയ ഭക്ഷണമായിരുന്നു അത്​. എത്തിച്ചേരുന്ന നാടുകളിലെ തനത്​ രുചികൾ ആസ്വദിക്കുക എന്നത്​ കൂടി ഇൗ യ​ാത്രയിൽ ഞങ്ങളുടെ ലക്ഷ്യമായിരുന്നു. അതിനൊപ്പം തന്നെ ചെലവ്​ ചുരുക്കാനും പരമാവധി ശ്രമിച്ചിരുന്നു. പക്ഷെ യാത്രയല്ലെ, എല്ലായ്​പ്പോഴും നമ്മൾ ആഗ്രഹിച്ചത്​ തന്നെ നടക്കണമെന്നില്ല​​േല്ലാ.

പാറോ നദിക്ക്​ കുറുകെയുള്ള പാലം

മലഞ്ചെരുവിലെ വിമാനത്താവളം

ഭക്ഷണം കഴിച്ച്​ വീണ്ടും മുന്നോട്ടുനീങ്ങി. പാറോ നദിക്ക്​ കുറുകെയുള്ള പാലം കടന്നു. ഇരുമ്പുകൊണ്ട്​ തയാറാക്കിയ പാലമാണ്​. പാലത്തിൽ സ്​ഥാപിച്ച ബുദ്ധമത ആചാ​ര പ്രകാരമുള്ള ബഹുവർണ കൊടികൾ സ്വാഗതം ചെയ്യുന്നതുപോലെ​. മുന്നോട്ടുപോകും തോറും ജനവാസ കേന്ദ്രങ്ങൾ കടന്നുവരാൻ തുടങ്ങി.

ഒരു ജങ്​ഷൻ എത്തിയപ്പോൾ എയപോർട്ട്​ എന്ന ബോർഡ്​ കണ്ടു. കുറച്ചുദൂരം കഴിഞ്ഞപ്പോൾ റോഡിന്​ സമാന്തരമായി റൺവേയും വന്നു. ചുറ്റും കമ്പിവേലികളെല്ലാം ഉണ്ട്​. ഭൂട്ടാനിലെ ഏക അന്താരാഷ്​ട്ര വിമാനത്താവളം​. ഇതിന്​ ചുറ്റും വലിയ മലനിരകളാണ്​. പിന്നെ നിറഞ്ഞൊഴുകുന്ന പാറോ നദിയും. അത്​ കൊണ്ട്​ തന്നെ ലോകത്തെ അപകടകരമായ എയർപോർട്ടുകളിൽ ഒന്നാണിത്​.

പാറോ എയർപോർട്ട്​ റൺവേ

പാറോ നഗരത്തിൽനിന്ന്​ ആറ്​ കിലോമീറ്റർ അകലെയാണ്​ എയർപോർട്ട്​. ഇന്ത്യയുടെ സഹായത്തോടെയാണ്​ ഇൗ എയർപോർട്ട്​ യാഥാർഥ്യമായത്​. 1968ൽ ഇന്ത്യൻ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പാറോ താഴ്വരയിൽ വിമാനമിറങ്ങാൻ ഒരു സ്ട്രിപ് നിർമിച്ചു. ആദ്യകാലങ്ങൾ ഭൂട്ടാൻ സർക്കാർ ഉപയോഗിച്ച ഇന്ത്യൻ സൈന്യത്തി​െൻറ ഹെലികോപ്റ്ററുകളാണ്​ ഇവിടെ ഇറങ്ങിയിരുന്നത്​​. പിന്നീട്​ ഭൂട്ടാ​െൻറ ആദ്യത്തെ വിമാനക്കമ്പനിയായ ഡ്രൂക് എയർ 1981ൽ സർവിസ്​ തുടങ്ങി.

ഭൂട്ടാൻ എയർലൈൻസ്​, ഡ്രൂക്​ എയർലൈൻസ്​ എന്നിവയാണ്​ ഇവിടെനിന്ന്​ സർവിസ്​ നടത്തുന്നത്​. കാര്യമായിട്ടും ഇന്ത്യയിലേക്കാണ്​ സർവിസ്​. കൂടാതെ തായ്​ലൻഡ്​, ബംഗ്ലാദേശ്​, സിംഗപ്പൂർ, നേപ്പാൾ എന്നിവിടങ്ങളിലേക്കും​ സർവിസുണ്ട്​. ദുബൈയിലേക്കും ജപ്പാനിലേക്കും ഉടൻ തന്നെ ഇവിടെനിന്ന്​​ വിമാനങ്ങൾ പറന്നുയരും.

എയർപോർട്ട്​ കവാടം

ട്രെയിൻ ഇല്ലാത്ത രാജ്യമാണ്​ ഭൂട്ടാൻ. കൂടാതെ പൊതുഗതാഗത സംവിധാനവും കുറവാണ്​. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ബസുകളൊക്കെ വല്ല​േപ്പാഴുമാണ്​ ലഭിക്കുക. സഞ്ചാരികളടക്കമുള്ളവർ കൂടതലും ആശ്രയിക്കുന്നത്​ കാർ ടാക്​സികളെയാണ്​. പാറോയിലേത്​​ കൂടാതെ മൂന്ന്​ ആഭ്യന്തര എയർപോർട്ടുകളും ഭൂട്ടാനിലുണ്ട്​.

ചെറിയ രണ്ട്​ വിമാനങ്ങൾ മാത്രമാണ്​ അവിടെ ഞങ്ങൾ കണ്ടത്​​. ഇന്ത്യയിൽനിന്ന്​ വരുന്ന സഞ്ചാരികൾക്ക്​ എയർപോർട്ടിലെ കൗണ്ടറിൽനിന്ന്​ തന്നെ പെർമിറ്റ്​ ലഭിക്കും. എയർപോർട്ട്​ കഴിഞ്ഞതോടെ പാറോ നഗരത്തിലേക്ക്​ പ്രവേശിച്ചു. തിംഫുവിൽ കണ്ടതിനേക്കാൾ വ്യത്യസ്​തമായി കുറച്ചകൂടി സമതല പ്രദേശമാണ്​ ഇൗ ഭാഗത്ത്​. വലത്​വശത്ത്​ പ്രശസ്​തമായ റിൻപുങ്​ സോങ്​ എന്ന ബുദ്ധിസ്​റ്റ്​ മൊണാസ്​ട്രി തലയുയർത്തി നിൽപ്പുണ്ട്​.

ഇല പൊഴിഞ്ഞ ഒാക്​ മരങ്ങളും സ്​തൂപങ്ങളും 

ഇൗ ഭാഗത്തായി റോഡിന്​ നടുവിൽ സ്​തൂപങ്ങളും സ്​ഥാപിച്ചിട്ടുണ്ട്​. ഇല പൊഴിഞ്ഞ ഒാക്​ മരങ്ങൾ പാതയോരങ്ങളിൽ കാണാം. മലമുകളിൽ സ്​ഥിതി ചെയ്യുന്ന ടൈഗർ നെസ്​റ്റ്​ എന്ന പ്രശസ്​തമായ ബുദ്ധമത ക്ഷേത്രത്തിലേക്കാണ്​ ഞങ്ങൾക്ക്​ പോകാനുള്ളത്​. പാറോ നഗരവും പിന്നിട്ട്​ യാത്ര തുടർന്നു.

തികച്ചും ഗ്രാമീണ വഴികളിലൂടെയാണ്​ കടന്നുപോകുന്നത്​

ഗൂഗിൾ മാപ്പി​െൻറ നിർദേശപ്രകാരം പ്രധാന റോഡിൽനിന്ന്​ വലത്തോട്ട്​ വണ്ടിതിരിച്ചു. നേരെ പോയതാൽ ഹാ വാലിയിൽ എത്താം. ഭൂട്ടാനി​െൻറ തന്നെ മുഖമുദ്ര എന്ന്​ കരുതുന്ന പ്രശസ്​ത തീർഥാടന-ടൂറിസ്​റ്റ്​ കേ​ന്ദ്രത്തിലേക്കാണ്​ പോകുന്നത്. എന്നാൽ, ​അതി​െൻറ അഹങ്കാരം ഒട്ടുമില്ലാത്ത റോഡിലൂടെയാണ്​ യാത്ര.

പൈൻ മരങ്ങൾ നിറഞ്ഞ പാത

തികച്ചും ഗ്രാമീണ വഴികൾ. ഒരു വാഹനത്തിന്​ പോകാനുള്ള വീതി മാത്രമേയുള്ളൂ. കാഴ്​ചകൾക്കും ഭംഗിക്കും ഒട്ടും കുറവില്ല. എത്ര മനോഹരമായ താഴ്​വാരത്തുകൂടിയുള്ള യാത്ര. ഇതെല്ലാം തന്നെയായിരുന്നു ഒരാഴ്​ച മുമ്പ്​ ഞങ്ങൾ കേരളത്തിൽനിന്ന്​ വണ്ടിയുമെടുത്ത്​ ഇറങ്ങു​േമ്പാൾ സ്വപ്​നം കണ്ടിരുന്നത്​. ഏകദേശം മൂന്ന്​ കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും പച്ചപ്പ്​ നിറഞ്ഞ പൈൻമരങ്ങൾ അകമ്പടി സേവിക്കുന്ന ഇടമെത്തി.

കഠിനം ഇൗ മലകയറ്റം

വണ്ടി പാർക്കിങ്​ ഏരിയയിൽ നിർത്തി. സീസണല്ലാത്തതിനാൽ കാര്യമായ തിരക്കൊന്നുമില്ല. ടിക്കറ്റ്​ കൗണ്ടറിൽ പോയി വിവരങ്ങൾ അന്വേഷിച്ചു. 1000 രൂപയാണ്​ ടൈഗർ നെസ്​റ്റ്​ മൊണസ്​ട്രിയിൽ പ്രവേശിക്കാൻ ഒരാളുടെ ടിക്കറ്റ്​ നിരക്ക്​. ഏകദേശം നാല്​ മുതൽ ആറ്​ മണിക്കൂർ വരെ പിടിക്കും നടന്നുകയറാൻ.

ടൈഗർ നെസ്​റ്റ്​ മൊണാസ്​ട്രിയിലേക്കുള്ള ടിക്കറ്റ്​

മൊണാസ്​ട്രിക്ക്​ അടുത്തും ടിക്കറ്റ്​ കൗണ്ടറുണ്ട്​. മുമ്പ്​ 500 രൂപയായിരുന്നു നിരക്ക്​. തൽക്കാലം ഞങ്ങൾ ഒരു ടിക്കറ്റ്​ മാത്രം എടുത്തു. ബാക്കി അവിടെ എത്തുകയാണെങ്കിൽ നോക്കാം എന്ന്​ കരുതി. പാർക്കിങ്​ ഏരിയയിൽ ഏതാനും കച്ചവടക്കാർ ഭൂട്ടാനി​െൻറ തനത്​ ഉൽപ്പന്നങ്ങൾ വിൽപ്പനക്ക്​ വെച്ചിട്ടുണ്ട്​. തിരിച്ചുവരു​േമ്പാൾ നോക്കാം എന്ന്​ കരുതി നടത്തം തുടങ്ങി.

വഴിയോരത്തെ കച്ചവട കേ​ന്ദ്രം

താഴെനിന്ന്​ തന്നെ ടൈഗർ മൊണാസ്​ട്രി കാണാം. മലയുടെ തുഞ്ചത്ത്​ നിൽക്കുന്ന അദ്​ഭുതം. പക്ഷെ, അതി​െൻറ ദൂരം കണ്ടപ്പോൾ തന്നെ ഞങ്ങളുടെ മനസ്സ്​ കാളാൻ തുടങ്ങി. മൂന്നുപേരും വർഷങ്ങളായി എ.സിയിലിരുന്ന്​ ജോലി ചെയ്യുകയല്ലാതെ കാര്യമായ അധ്വാനങ്ങളൊന്നും ചെയ്​ത്​ ശീലമില്ല.

​ട്രെക്കിങ്ങിന്‍റെ ആരംഭം

അതുകൊണ്ട്​ തന്നെ ഇൗ മലകയറ്റം സാധ്യമാകുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. അവിടെ ഏതാനും കുതിരകളുമായി ആളുകൾ നിൽക്കുന്നുണ്ട്​. അവർ മലയുടെ പകുതി വരെ കൊണ്ടു​പോകാൻ സഹായിക്കും. 1000 രൂപയാണ്​ ഇതിനും നിരക്ക്​. പക്ഷെ, അത്​ വേണ്ടെന്ന്​ വെച്ച്​ ഞങ്ങൾ നടക്കാൻ തീരുമാനിച്ചു.


സഞ്ചാരികളെ കൊണ്ടുപോകാനുള്ള കുതിരകൾ

സമയം ഏകദേശം 11 മണിയായി​. ആദ്യത്തെ 200 മീറ്റർ വലിയ പ്രയാസമില്ലാതെ നടന്നു. ഇൗ ഭാഗത്ത്​ വലിയ കയറ്റമൊന്നും ഇല്ലായിരുന്നു. വഴിയരികിൽ കണ്ട നീരുറവയിൽനിന്ന്​ വെള്ളം കുടിച്ച്​ ദാഹമകറ്റി. അവിടെ ചില ബുദ്ധമത സ്​തൂപങ്ങളും ഉണ്ടായിരുന്നു. തമിഴ്​നാട്ടിൽനിന്ന്​ വന്ന നാലുപേരെ വഴിയിൽവെച്ച്​ കാണാനിടയായി. അവർ കുടുംബസമേതം ഭൂട്ടാൻ കാണാൻ വന്നതാണ്​. പക്ഷെ, സ്​ത്രീകളും കുട്ടികളുമൊന്നും ഇൗ സാഹസത്തിന്​ മുതിർന്നിട്ടില്ല.

വഴിയോരത്തെ ബുദ്ധസ്​തൂപങ്ങൾ

ബുദ്ധസ്​തൂപങ്ങൾ കഴിഞ്ഞതോടെ പിന്നെ കുത്തനെ കയറ്റമായിരുന്നു. ഞങ്ങളുടെ സകലനിയന്ത്രണവും നഷ്​ടപ്പെടാൻ തുടങ്ങി. നട്ടുച്ചയാണെങ്കിലും നല്ല തണുപ്പ്​​. ഇത്​ കാരണം പെ​െട്ടന്ന്​ കിതാക്കാൻ തുടങ്ങി. ഒാരോ 15 മിനുറ്റ്​ കഴിയു​േമ്പാഴും അഞ്ച്​ മിനുറ്റ്​ ഇരുന്നാണ്​ യാത്ര തുടരുന്നത്​. പോകുന്ന വഴിയി​ൽനിന്നെല്ലാം മൊണാസ്​ട്രി കാണുന്നുണ്ട്​.

എവിടെയും നല്ല പച്ചപ്പാണ്​

അത്​ കാണു​േമ്പാൾ വീണ്ടുമൊരു ഉൗർജം ലഭിക്കും പോലെ. കൂടാതെ കഴിഞ്ഞദിവസങ്ങളിൽ കണ്ടപോലെ വരണ്ട പ്രദേശങ്ങൾ അല്ല ഇവിടെ. നല്ല പച്ചപ്പട്ടുടുത്ത്​ നിൽക്കുകയാണ്​ മലനിരകൾ. നിശ്ശബ്​ദത കനത്തുനിൽക്കുന്ന കാട്. പിന്നെ അങ്ങ്​ ദൂരെ മഞ്ഞുമലകളും സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്നു​. നടന്നും ഇരുന്നും കിടന്നും കിതച്ചുമെല്ലാം ഒടുവിൽ പകുതി ദൂരം പിന്നിട്ടു. അപ്പോഴേക്കും മൂന്ന്​ മണിക്കൂർ പിടിച്ചിട്ടുണ്ട്​.

ട്രെക്കിങ്ങിനിടെയുള്ള വിശ്രമം

അവിടെ ഒരു ചെറിയ കഫറ്റീരിയ ഉണ്ട്​. ഇൗ ഭാഗത്ത്​ ഭക്ഷണം കിട്ടുന്ന ഏക കേന്ദ്രമാണത്​. മുകളിൽ പോയാലും ഒന്നും കിട്ടി​ല്ല എന്നാണ്​ അറിഞ്ഞത്​. അതിന്​ അകത്ത്​ കയറി. ഒടുക്ക​ത്തെ വിലയാണ്​ ഭക്ഷണത്തിന്​. ബഫെറ്റ്​ രീതിയിലാണ്​ ഭക്ഷണം. ഉൗണിന്​ ഒരാൾക്ക്​ 550 രൂപ!! പിന്നെയുള്ളത്​ കോഫിയും ബിസ്​കറ്റുമാണ്​. ഇതിന്​ 120 രൂപയാണ്​ വില.

കഫറ്റീരിയയിലെ ഉച്ചഭക്ഷണം

തൽക്കാലം ഞങ്ങൾ ബിസ്​കറ്റിൽ ഒതുക്കി ലഞ്ച്​. അവിടെ വന്ന സായിപ്പൻമാരും മദാമകളുമാണ്​ കാര്യമായും ഉൗണ്​ കഴിക്കുന്നത്​. ഇന്ത്യക്കാർക്കും ബംഗ്ലാദേശിൽനിന്നുമുള്ളവർക്ക്​ ഒഴികെ ഭൂട്ടാനിൽ വരാൻ നല്ല ചെലവാണ്​. അവർക്ക്​ ഒരുദിവസം ചെലവഴിക്കാൻ 17,500 രൂപയാണ്​ ഇൗടാക്കുന്നത്​. അത്രയും പൈസ കൊടുത്ത്​ വരുന്നവർക്ക്​ 550 രൂപയുടെ ഭക്ഷണവും വലിയ വിഷയമായി വരില്ല.

ഭക്ഷണം കഴിച്ച്​ പുറത്ത്​ ടൈഗർ നെസ്​റ്റും നോക്കി ഞങ്ങൾ ഇരുന്നു. ഇനി എന്ത്​ ചെയ്യണമെന്ന്​ അറിയില്ല. മൂന്ന്​ മണിക്കൂർ പിടിച്ചു ഇത്രയും ദൂരം താണ്ടാൻ. പകുതി ദൂരം ബാക്കികിടപ്പാണ്​. ട്രെക്ക്​ ചെയ്​ത്​ വരുന്ന പകുതി പേരും ഇവിടെനിന്ന്​ മടങ്ങിപ്പോകുന്നത്​ കണ്ടു. ഒടുവിൽ മനസ്സില്ലാ മന​സ്സോടെ ഞങ്ങളും അത്​ തന്നെ തീരുമാനിച്ചു. ഇനി നടന്നാൽ അടുത്ത ദിവസങ്ങളിൽ ശരീരത്തിന്​ നല്ല പണികിട്ടാൻ സാധ്യതയുണ്ട്​.

ടൈഗർ നെസ്റ്റ്​ മൊണാസ്​ട്രി

ഏകദേശം ഇനിയും പത്ത്​ ദിവസത്തോളം ഡ്രൈവ്​ ചെയ്യാനുള്ളതാണ്​. പിന്നെ മൊണാസ്​ട്രിയുടെ അകത്ത്​ കയറിയാലും വീഡിയോയും ഫോ​േട്ടായുമെന്നും എടുക്കാൻ അനുവാദമില്ല. അതുകൊണ്ട്​ തന്നെ മെല്ലെ തിരിച്ചുനടക്കാൻ തുടങ്ങി. അപ്പോഴും ചെറിയ സങ്കടം മനസ്സിൽ ബാക്കികിടപ്പുണ്ട്​. ഇത്ര അടുത്തെത്തിയിട്ട്​ ഭൂട്ടാനിലെ ഏറ്റവും പ്രശസ്​തമായ ബുദ്ധക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞില്ല എന്ന സങ്കടം.

കടുവയുടെ കൂട് (ടൈഗേഴ്​സ്​ നെസ്​റ്റ്​) എന്നറിയപ്പെടുന്ന തക്ത്സാങ് പാൽഫഗ് മൊണാസ്​ട്രിയെ സാധാരണയായി വിളിക്കുന്ന പേര്​ പാറൊ തക്ത്സാങ് എന്നാണ്​. എട്ടാം നൂറ്റാണ്ടിൽ ഗുരു പദ്​മസംഭവ മൂന്ന് വർഷവും മൂന്ന് മാസവും മൂന്ന് ആഴ്​ചയും മൂന്ന് ദിവസവും മൂന്ന് മണിക്കൂറും ധ്യാനിച്ചതായി കരുതപ്പെടുന്ന തക്സങ് സെൻഗെ സംഡപ് എന്ന ഗുഹ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ക്ഷേത്രസമുച്ചയം ആദ്യമായി പണിതത് 1692ലാണ്.

മലമുകളിൽ നിർമിച്ച ഈ ​മൊണാസ്​ട്രി ഒരു അത്​ഭുതം തന്നെയാണ്​

ഭൂട്ടാനിൽ ബുദ്ധമതം സ്ഥാപിച്ചതായി കരുതപ്പെടുന്ന വ്യക്തിയാണ് പദ്​മസംഭവ. ഇദ്ദേഹം രാജ്യത്തെ പ്രധാന ആരാധനാമൂർത്തിയാണ്. ഇദ്ദേഹം ധ്യാനിച്ചതായി കരുതപ്പെടുന്ന പതിമൂന്ന് കടുവമടകളിൽ ഏറ്റവും പ്രശസ്​തമാണ് പാറോ തക്ത്സാങ്. സമുദ്രനിരപ്പിൽനിന്ന്​ 3120 മീറ്റർ മുകളിലാണ് ഇൗ ക്ഷേത്രസമുച്ചയം.

മലയിറങ്ങിപ്പോകുന്നവർ

പാറോ നഗരത്തിൽ

തിരിച്ച്​ ഏകദേശം ഒരു​ മണിക്കൂർ കൊണ്ട്​ ഞങ്ങൾ താ​ഴെ​െയത്തി. നേരത്തെ കണ്ട തെരുവ്​ കച്ചവടക്കാരിൽനിന്ന്​ ഏതാനും സാധനങ്ങളും വാങ്ങി. വീണ്ടും പാറോ നഗരത്തിലെത്തി. തിംഫു പോലെത്തന്നെ നല്ല വൃത്തിയുള്ള നഗരം. പക്ഷെ, എയർപോർട്ടും ടൈഗർ നെസ്​റ്റി​െൻറ സാന്നിധ്യവും കാരണമാകും സാധനങ്ങൾക്കെല്ലാം ഉയർന്ന വിലയാണ്​. കൂടാ​െത ഹൈക്ലാസ്​ കടകൾ മാത്രമാണ്​ എല്ലായിടത്തുമുള്ളത്​.

പാറോ നഗരം

ഇവിടെ കടകളിൽ മറ്റൊരു സംഭവം ശ്രദ്ധയിൽപ്പെട്ടു. പുരുഷ ലിംഗത്തി​െൻറ മാതൃക മരത്തിൽ തയാറാക്കി വിൽക്കാൻ വെച്ചിരിക്കുന്നു. ഇവ വീടുകളിൽ കൊണ്ടുവെച്ചാൽ ​െഎശ്വര്യമുണ്ടാകുമെന്നാണ്​ ഭൂട്ടാനിലുള്ള ചില വിഭാഗക്കാരുടെ വിശ്വാസം. വീടുകൾക്ക്​ മുന്നിൽ ലിംഗത്തി​െൻറ ചിത്രം വലുതായി വരച്ചിരിക്കുന്നത്​ പലയിടത്തും ശ്രദ്ധയിൽപെട്ടിരുന്നു.

നഗരത്തിലൂടെ നടക്കു​േമ്പാൾ ​ഡ്രൂക്​ പി.എൻ.ബി എന്ന ബാങ്കി​െൻറ എ.ടി.എം കൗണ്ടർ കണ്ടു. നമ്മുടെ പഞ്ചാബ്​ നാഷനൽ ബാങ്കുമായി സഹകരിച്ചുള്ള സ്​ഥാപനമാണിത്​. കൈയിൽ​ പൈസയെല്ലാം തീരാറായിട്ടുണ്ട്​. റൂപേ കാർഡ്​ ഇൗ എ.ടി.എമ്മിൽ സ്വീകരിക്കും. എസ്​.ബി.​െഎയുടെ കാർഡിട്ട്​ 5000 എന്ന്​ അടിച്ചു.

പാറോയിലെ കടകൾ

5000 'ങൾട്രം' അങ്ങനെ ഇന്ത്യൻ കാർഡ്​ വഴി​ ലഭിച്ചു. വില കൂടുതലായതിനാൽ കാര്യമായ സാധനങ്ങളൊന്നും വാങ്ങാൻ ഞങ്ങൾ മെനക്കെട്ടില്ല. സമയം അഞ്ച്​ മണിയായിട്ടുണ്ട്​. ഉച്ചക്ക്​ മലമുകളിൽനിന്ന്​ കഴിച്ച ബിസ്​ക്കറ്റെല്ലാം ദഹിച്ചുകഴിഞ്ഞു​. ചെറിയ ഹോട്ടലിൽ കയറി. ഷഹീർ ന്യൂഡിൽസും ഫൈസലും ഒാംലെറ്റുമാണ്​ പറഞ്ഞത്​. ഞാൻ ചോറും ഒപ്പം ഭൂട്ടാ​െൻറ തനത്​ വിഭവമായ എമാദാഷിയും ഒാർഡർ ചെയ്​തു. 10​ മിനുറ്റ്​ കൊണ്ട്​ സാധനങ്ങൾ തയാറായി എത്തി.

ഭൂട്ടാ​െൻറ ദേശീയ വിഭാമാണീ എമാദാഷി. പച്ചമുളകും കുരുമുളകും പാൽക്കട്ടിയും ഉപയോഗിച്ചാണ്​ ഇത്​ തയാറാക്കുന്നത്​. ധാരാളം മുളകുള്ളതിനാൽ നല്ല എരിവുണ്ട്​. അതോടൊപ്പം പ്രത്യേകതരം ഇല കൂടി വേവിച്ച്​ കൊണ്ടുവന്നു തന്നു. സംഗതി നല്ല സ്വാദുണ്ടെങ്കിലും എരുവുള്ളത്​ കാരണം കഴിക്കാൻ കുറച്ച്​ ബുദ്ധിമുട്ടാണ്​.

ഭൂട്ടാ​െൻറ തനത്​ വിഭവമായ എമാദാഷി

പിന്നെ അന്തരീക്ഷത്തിൽ നല്ല തണുപ്പള്ളതിനാൽ എരിവി​െൻറ കാഠിന്യവും കൂടുതലാണ്​. ഒരുവിധത്തിൽ അതെല്ലാം കഴിച്ച്​ പുറത്തിറങ്ങി. സമയം ഇരുട്ടിതുടങ്ങിയിട്ടുണ്ട്​. പാ​േറായിൽ രണ്ട്​ ദിവസം താമസിച്ച്​ നിന്ന്​ കാണാനുള്ള സംഭവങ്ങൾ ഉണ്ട്​. പക്ഷെ, തിംഫുവിലെ റൂം ബുക്ക്​ ചെയ്​തിരിക്കുന്നത്​ മൂന്ന്​ ദിവസത്തേക്കാണ്​​. അത്​ കൊണ്ട്​ വണ്ടിയെടുത്ത്​ തലസ്​ഥാന നഗരി ലക്ഷ്യമാക്കി മടങ്ങി.

(തുടരും)
vkshameem@gmail.com

Itinerary
Day 9: Thimphu - Paro - Thimphu: 130 KM
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT