ദുബൈ മഹാനഗരത്തിലെ സാധാരണക്കാരുടെ ഏറ്റവും പ്രധാന ആകർഷക കേന്ദ്രമാണ് ഗ്ലോബൽ വില്ലേജ്. ഓരോ ദിവസവും ആയിരങ്ങൾ ഈ ആഗോള ഗ്രാമത്തിൽ വിനോദത്തിനായി എത്തിച്ചേരുന്നുണ്ട്. രണ്ടര ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന ഗ്ലോബൽ വില്ലേജിൽ ഓരോ ഘട്ടത്തിലും പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തി നവീകരിക്കാൻ സംഘാടകർ ശ്രദ്ധിച്ചുവരുന്നുമുണ്ട്. ഇത്തവണത്തെ സീസണിൽ തുടക്കം മുതൽ തന്നെ കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടി പുതിയ വിനോദ സംരംഭങ്ങൾ രൂപപ്പെടുത്തിയിരുന്നു. അവസാനമായി സംവിധാനിച്ച ‘നിയോൺ ഗാലക്സി എക്സ് - ചാലഞ്ച് സോൺ’ ഇക്കൂട്ടത്തിൽ ശ്രദ്ധേയമാണ്.
5,022 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ രൂപപ്പെടുത്തിയ കേന്ദ്രം കായിക വിനോദങ്ങളും സാഹസിക പ്രകടനങ്ങളും ആഗ്രഹിക്കുന്നവർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. ആറു വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇവിടേക്ക് പ്രവേശനം. 10 വ്യത്യസ്ത രീതിയിലുള്ള സാഹസിക ചാലഞ്ചുകൾ കടന്നുപോകാനുള്ള അവസരമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോന്നും വിനോദവും ത്രില്ലും സമ്മാനിക്കുന്നതാണ്.
‘നിയോൺ ഗാലക്സി എക്‌സ്’ ഗ്ലോബൽ വില്ലേജിലെ ചലഞ്ച് സോൺ മിനി വേൾഡിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാവർക്കും ഹൃദയസ്പർശിയായ വിനോദം പ്രദാനം ചെയ്യുമെന്ന് ഉറപ്പാക്കുന്ന അന്തരീക്ഷത്തിലാണിത് സ്ഥിതി ചെയ്യുന്നത്. 32 മീറ്റർ നീളമുള്ള നിഞ്ച ട്രയൽ ചലഞ്ച്, 15 മീറ്റർ താഴേക്ക് പോകുന്ന സൈക്ലോൺ സ്ലൈഡ്, എയർ കോസ്റ്ററിനൊപ്പം 4-ലെവൽ ഉയരമുള്ള റോപ്പ് കോഴ്‌സ് എന്നിവയും ആകർഷണങ്ങളിൽ ഉൾപ്പെടും. 18 മീറ്ററിലധികം ഉയരമുള്ള ഒരു നെറ്റ് ക്ലൈംബിങ് ടവർ, ഡോനട്ട് ആൻഡ് ലോഞ്ച് സ്ലൈഡുകൾ, 8 മീറ്ററിലധികം ഉയരമുള്ള ക്ലൈംബിങ് മതിലുകൾ എന്നിവയാണ് മറ്റ് ആകർഷണങ്ങൾ. ബഹിരാകാശം പ്രമേയമാകുന്ന ചാലഞ്ചുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വർണാഭമായ കേന്ദ്രം പ്രായഭേദമന്യേ ആവേശം പകരുന്നതും ത്രസിപ്പിക്കുന്നതുമാണ്.
മിനി വേൾഡിൽ തന്നെ സമീപകാലത്ത് സ്ഥാപിച്ച ഉരുക്ക് ഫാൽക്കൺ മറ്റൊരു പ്രധാന ആകർഷണമാണ്. ഇഫൽ ടവർ, താജ്മഹൽ, ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്, ബുർജ് ഖലീഫ, സ്റ്റാച്യു ഓഫ് ലിബർട്ടി ഉൾപ്പെടെ ലോകത്തിലെ 25 മിനിയേച്ചർ പതിപ്പുകളും മിനി വേൾഡിൽ സന്ദർശകർക്ക് പുത്തൻ അനുഭവം സമ്മാനിക്കുന്നതാണ്. വിവിധ രാജ്യങ്ങളുടെ പാചക രീതികളും രുചിഭൈവങ്ങളും കൊണ്ട് കുടുംബങ്ങളുടെ ഇഷ്ട വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്‍റെ 28ാമത് സീസൺ സീസൺ ഒക്ടോബർ 18നാണ് ആരംഭിച്ചത്. കഴിഞ്ഞ പതിപ്പിൽ ഏതാണ്ട് 90 ലക്ഷം സന്ദർശകരെയാണ് ആഗോള ഗ്രാമം സ്വാഗതം ചെയ്തത്. പ്രവൃത്തി ദിനങ്ങളിൽ വൈകിട്ട് നാലു മുതൽ 12 മണിവരെയും വെള്ളി, ശനി, ഞായർ ദിനങ്ങളിൽ രാത്രി ഒരു മണിവരെയമാണ് സന്ദർശന സമയം. വാരാന്ത്യങ്ങളും വെടിക്കെട്ടുകളും ആസ്വദിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.