വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന നരനായാട്ടിനെ ന്യായീകരിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ബൈഡൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചതായും ആക്രമണങ്ങൾ ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡൻ പറഞ്ഞു.
'ആയിരക്കണക്കിന് റോക്കറ്റുകൾ തങ്ങളുടെ നേർക്ക് പറന്നടുക്കുമ്പോൾ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്, ആക്രമണങ്ങൾക്ക് താമസിയാതെ ഒരു അവസാനമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' -ബൈഡൻ പറഞ്ഞു. ഇസ്രായേലിനും പ്രധാനമന്ത്രി നെതന്യാഹുവിനും ഉറച്ച പിന്തുണ ബൈഡൻ വാഗ്ദാനം ചെയ്തതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം, ഈദ് ദിനത്തിലും ഇസ്രായേൽ സൈന്യം ഗസ്സയിൽ ആക്രമണം തുടരുകയാണ്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയോടെയും ഗസ്സയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 69 ആയി ഉയർന്നെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 17 കുട്ടികളും എട്ട് സ്ത്രീകളും ഉൾപ്പെടും. 400ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
തങ്ങളുടെ ഗസ്സ സിറ്റി കമാൻഡർ ബസ്സിം ഇസ്സ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. മുതിർന്ന നേതാക്കളും ഇദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. പലസ്തീൻ സുരക്ഷാ സേനയുടെയും പൊലീസിന്‍റെയും കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
മൂന്നാമത്തെ ഗസ്സ ടവർ ഇസ്രായേൽ മിസൈൽ ഉപയോഗിച്ച് തകർത്തതിന് പിന്നാലെ ഹമാസ് പ്രത്യാക്രമണം നടത്തി. ഒരു കുട്ടി ഉൾപ്പെടെ ആറ് ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 1500ഓളം റോക്കറ്റുകൾ ഗസ്സയിൽ നിന്ന് തങ്ങളെ ലക്ഷ്യമിട്ട് വന്നതായാണ് ഇസ്രായേൽ സൈന്യം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.