ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ ഭൂ​​മി ത​​ട്ടി​​യെ​​ടു​​ത്ത​​ത് എ​​ങ്ങ​​നെ?; അ​​ട്ട​​പ്പാ​​ടി​​യി​​ലെ ഭൂ​​മാ​​ഫി​​യ​​യു​​ടെ ചെയ്തികൾ തുറന്നുകാണിക്കുന്നു

ന​ാ​ഞ്ചി​​യ​​മ്മ​ക്ക് ദേ​​ശീ​​യ അ​​വാ​​ർ​​ഡ് ല​​ഭി​​ച്ച് ഏ​​താ​​നും ദി​​വ​​സം ക​​ഴി​​ഞ്ഞ​​പ്പോ​​ഴാ​​ണ് അ​​ട്ട​​പ്പാ​​ടി​​യി​​ലെ എം.​ ​സു​​കു​​മാ​​ര​​ന്റെ ഫേ​സ്ബു​​ക്കി​​ലൂ​​ടെ ഒ​​രു വി​ഡി​​യോ പു​​റ​​ത്തു​​വ​​ന്ന​​ത്. ജോ​​സ​​ഫ് കു​​ര്യ​​ൻ എ​​ന്ന​​യാ​​ൾ ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ കു​​ടും​​ബ​​ഭൂ​​മി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​തും ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ ബ​​ന്ധു​​ക്ക​​ൾ അ​​ത് ത​​ട​​യു​​ന്ന​​തു​​മാ​​യി​​രു​​ന്നു വി​​ഡി​​യോ. നി​​യ​​മ​​സ​​ഭ​​യി​​ൽ ക​​ഴി​​ഞ്ഞ സ​​മ്മേ​​ള​​നം ന​​ട​​ക്കു​​മ്പോ​​ൾ ഐ.​​സി. ബാ​​ല​​കൃ​​ഷ്ണ​​ൻ ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ...

ന​ാ​ഞ്ചി​​യ​​മ്മ​ക്ക് ദേ​​ശീ​​യ അ​​വാ​​ർ​​ഡ് ല​​ഭി​​ച്ച് ഏ​​താ​​നും ദി​​വ​​സം ക​​ഴി​​ഞ്ഞ​​പ്പോ​​ഴാ​​ണ് അ​​ട്ട​​പ്പാ​​ടി​​യി​​ലെ എം.​ ​സു​​കു​​മാ​​ര​​ന്റെ ഫേ​സ്ബു​​ക്കി​​ലൂ​​ടെ ഒ​​രു വി​ഡി​​യോ പു​​റ​​ത്തു​​വ​​ന്ന​​ത്. ജോ​​സ​​ഫ് കു​​ര്യ​​ൻ എ​​ന്ന​​യാ​​ൾ ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ കു​​ടും​​ബ​​ഭൂ​​മി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​തും ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ ബ​​ന്ധു​​ക്ക​​ൾ അ​​ത് ത​​ട​​യു​​ന്ന​​തു​​മാ​​യി​​രു​​ന്നു വി​​ഡി​​യോ. നി​​യ​​മ​​സ​​ഭ​​യി​​ൽ ക​​ഴി​​ഞ്ഞ സ​​മ്മേ​​ള​​നം ന​​ട​​ക്കു​​മ്പോ​​ൾ ഐ.​​സി. ബാ​​ല​​കൃ​​ഷ്ണ​​ൻ ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ കു​​ടും​​ബ​​ഭൂ​​മി ത​​ട്ടി​​യെ​​ടു​​ത്ത വി​​വ​രം ചോ​​ദ്യ​​മാ​​യി ഉ​​ന്ന​​യി​​ച്ച​​തും അ​​തി​​ന് മ​​ന്ത്രി കെ.​ ​രാ​​ജ​​ൻ ന​​ൽ​​കി​​യ മ​​റു​​പ​​ടി​​യു​മാ​ണ് അ​​ത് ക​​ണ്ട​​പ്പോ​​ൾ ഓ​​ർ​​മ​​യി​​ലെ​​ത്തി​​യ​​ത്. മ​​ന്ത്രി​​യു​​ടെ മ​​റു​​പ​​ടി​പ്ര​​കാ​​രം അ​​വ​​സാ​​നം ഈ ​​ഭൂ​​മി കൈ​​വ​​ശം​വെ​​ച്ചി​​രി​​ക്കു​​ന്ന​​വ​​രി​​ൽ ഒ​​രാ​​ൾ ജോ​​സ​​ഫ് കു​​ര്യ​​നാ​​ണ്. വി​ഡി​​യോ​​യി​​ൽ ആ​​ദി​​വാ​​സി സ്ത്രീ​​ക​​ളു​​മാ​​യി ത​​ർ​​ക്കി​​ക്കു​​ന്ന​​ത് ജോ​​സ​​ഫ് കു​​ര്യ​​നാ​​ണെ​​ന്ന് മ​​ന​​സ്സി​ലാ​​യി. 'മാ​​ധ്യ​​മം ഓ​​ൺ​​ലൈ​​നി'​​ൽ ഈ ​​വി​​ഡി​​യോ അ​​ട​​ക്കം വാ​​ർ​​ത്ത ന​​ൽ​​കി. ജോ​​സ​​ഫ് കു​​ര്യ​​ൻ വി​​ളി​​ച്ച് 'മാ​​ധ്യ​​മ​'​ത്തി​​ലെ വാ​​ർ​​ത്ത അ​​ദ്ദേ​​ഹ​​ത്തി​​ന് മാ​​ന​​ഹാ​​നി​​യു​​ണ്ടാ​​ക്കു​​ന്ന​​താ​​യി അ​​റി​​യി​​ച്ചു. സം​​ഭ​​വ​​ത്തി​​ന്റെ സ​​ത്യം മ​​ന​​സ്സി​​ലാ​​ക്കാ​​നാ​​യി അ​​ദ്ദേ​​ഹം കു​​റെ രേ​​ഖ​​ക​​ൾ അ​​യ​​ച്ചു​​ത​​ന്നു. അ​​തോ​​ടൊ​​പ്പം ആ​​ദി​​വാ​​സി​​ക​​ൾ ശേ​​ഖ​​രി​​ച്ച വി​​വ​​ര​​ങ്ങ​​ളും ല​​ഭി​​ച്ചു. ഇ​​രു​​വ​​രും ന​​ൽ​​കി​​യ രേ​​ഖ​​ക​​ളെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് ഈ ​​ലേ​​ഖ​​നം.

ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ കു​​ടും​​ബ​​ഭൂ​​മി ത​​ട്ടി​​യെ​​ടു​​ക്ക​​ലി​​ന്റെ ക​​ഥ പ​​രി​​ശോ​​ധി​​ച്ചാ​​ൽ ആ​​ദ്യം തോ​​ന്നു​​ക അ​​ത്ഭു​​ത​​മാ​​ണ്. ഭൂ​​മി ത​​ട്ടി​​യെ​​ടു​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി ഒ​​രു സം​​ഘം ആ​​ളു​​ക​​ൾ ന​​ട​​ത്തി​​യ കൂ​​ട്ടാ​​യ നി​​യ​​മ​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​ന്‍റെ​ നാ​​ൾ​​വ​​ഴി​​ക​​ളാ​​ണ് ഫ​​യ​​ലു​​ക​​ൾ പ​​റ​​യു​​ന്ന​​ത്. അ​​ട്ട​​പ്പാ​​ടി​​ അ​​ട​​ക്കി​​വാ​​ണ ജ​​ന്മി​​യാ​​യ ക​​ന്ത​​സാ​​മി ബോ​​യ​​ൻ, ആ​​ധാ​​രം എ​​ഴു​​ത്തു​​കാ​​ർ, വി​​ല്ലേ​​ജ് ഓ​​ഫി​സ​​ർ, ത​​ഹ​​സി​ൽ​ദാ​​ർ, രാ​​ഷ്ട്രീ​​യ​​ക്കാ​​ർ തു​​ട​​ങ്ങി​​യ​​വ​​രെ​​ല്ലാം ഈ ​​നാ​​ട​​ക​​ത്തി​​ൽ ഭം​​ഗി​​യാ​​യി അ​​ഭി​​ന​​യി​​ച്ചു.

രേ​​ഖ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചാ​​ൽ ഈ ​​നാ​​ട​​ക​​ത്തി​​ലെ ആ​​ദ്യ​​വി​​ല്ല​​ൻ ക​​ന്ത​​സാ​​മി ബോ​​യ​​ൻ എ​​ന്ന ത​​മി​​ഴ്നാ​​ട്ടു​​കാ​​ര​​നാ​​ണ്. 1962ൽ ​​ക​​ന്ത​​സാ​​മി ബോ​​യ​​ൻ തീ​​റ് വാ​​ങ്ങി​​യെ​​ന്നാ​​ണ് രേ​​ഖ. ക​​ന്ത​​സാ​​മി​​യെ​​ക്കു​​റി​​ച്ച് ഒ​​രു​​പാ​​ട് ക​​ഥ​​ക​​ൾ ആ​​ദി​​വാ​​സി​​ക​​ളു​​ടെ ഇ​​ട​​യി​​ൽ പ്ര​​ചാ​​ര​​ത്തി​​ലു​​ണ്ട്. ക​​ന്ത​​സാ​​മി​​യു​​ടെ പി​​താ​​വ് മാ​​രി ബോ​​യ​ൻ ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നാ​​ണ് അ​​ട്ട​​പ്പാ​​ടി​​യി​​ൽ എ​​ത്തി​​യ​​ത്. അ​​ഗ​​ളി​​യി​​ലെ ആ​​ദി​​വാ​​സി​​ക​​ളു​​ടെ ഓ​​ർ​​മ​​യി​​ൽ ക​​ന്ത​​സാ​​മി 1960ക​​ളി​​ൽ നാ​​ട് അ​​ട​​ക്കി​​വാ​​ണ ജ​​ന്മി​​യാ​​ണ്. ആ​​ദി​​വാ​​സി​​ക​​ളെ ഉ​​പ​​യോ​​ഗി​​ച്ച് പ​​ര​​മാ​​വ​​ധി കൃ​​ഷി​ചെ​​യ്തു ലാ​​ഭ​​മു​​ണ്ടാ​​ക്കു​​ന്ന​​തി​​ൽ അ​​ദ്ദേ​​ഹം വി​​ജ​​യി​​ച്ചു. ക്ര​​മേ​​ണ നാ​​ട്ടി​​ലെ ജ​​ന്മി​​മാ​​രി​​ൽ പ്ര​​മാ​​ണി​​യാ​​യി. അ​​ഗ​​ളി ആ​​ശു​​പ​​ത്രി​​ക്ക​ടു​​ത്ത് 60 ഏ​​ക്ക​​ർ ഭൂ​​മി​ അ​​ദ്ദേ​​ഹ​​ത്തി​​ന് ഉ​​ണ്ടാ​​യി​​രു​​ന്നത്രെ. ആ​​ദി​​വാ​​സി​​ക​​ളി​​ൽ​നി​​ന്ന് ചി​​ല ഭൂ​​മി​​ക​​ൾ​​ക്ക് ആ​​ധാ​​രം ഉ​​ണ്ടാ​​ക്കു​​ക​​യും മ​​റ്റു ചി​​ല​​ത് പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത് കൃ​​ഷി ചെ​​യ്യു​​ക​​യു​മാ​​ണ് ക​​ന്ത​​സാ​​മി ചെ​​യ്ത​​ത്. ആ​​ദി​​വാ​​സി​​ക​​ൾ​​ക്ക് ന​ല്ല​പോ​​ലെ ആ​​ഹാ​​രം ന​​ൽ​​കും. കൂ​​ലി ന​​ൽ​​കി​​ല്ല. ചെ​​ല​​വി​​നു​​ള്ള പൈ​​സ ന​​ൽ​​കും. കൂ​​ലി ചോ​​ദി​​ച്ച് വാ​​ങ്ങേ​​ണ്ട​​താ​​ണെ​​ന്ന് ആ​​ദി​​വാ​​സി​​ക​​ൾ​​ക്ക് അ​​റി​​യി​​ല്ലാ​​യി​​രു​​ന്നു.

1970ൽ ​​ഭൂ​​പ​​രി​​ഷ്ക​​ര​​ണ നി​​യ​​മം ന​​ട​​പ്പാ​​ക്കി​​യ​​പ്പോ​​ൾ ക​​ന്ത​​സാ​​മി​​യു​​ടെ ഏ​​താ​​ണ്ട് 60ല​​ധി​​കം ഏ​​ക്ക​​ർ ഭൂ​​മി മി​​ച്ച​​ഭൂ​​മി​​യാ​​യി താ​​ലൂ​​ക്ക് ലാ​​ൻ​​ഡ് ബോ​​ർ​​ഡ് പി​​ടി​​ച്ചെ​​ടു​​ത്തു. എ​​ന്നാ​​ൽ, സ​​ർ​​ക്കാ​​ർ അ​​ത് ഭൂ​​ര​​ഹി​​ത​​ർ​​ക്ക് വി​​ത​​ര​​ണം ചെ​​യ്തില്ല. ഗൂ​​ളി​​ക്ക​​ട​​വി​​ൽ മി​​ച്ച​​ഭൂ​​മി​​യാ​​യി ഏ​​റ്റെ​​ടു​​ത്ത ഭൂ​​മി പി​​ന്നീ​​ട് ഭൂ​​ര​​ഹി​​ത​​രാ​​യ ആ​​ദി​​വാ​​സി​​ക​​ൾ പി​​ടി​​ച്ചെ​​ടു​​ത്തു. 2013ലാ​​ണ് ഗൂ​​ളി​​ക്ക​​ട​​വി​​ൽ ആ സമരം ന​​ട​​ന്ന​​ത്. ന​ാ​ഞ്ചി​​യ​​മ്മ​​യും ഭ​​ർ​​ത്താ​​വ് ന​​ഞ്ച​​നും ഈ ​​സ​​മ​​ര​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു.

അ​​ട്ട​​പ്പാ​​ടി ഉ​​ൾ​​പ്പെ​​ട്ട മ​​ണ്ണാ​​ർ​​ക്കാ​​ട് മ​​ണ്ഡ​​ല​​ത്തി​​ലെ സ്ഥാ​​നാ​​ർ​​ഥി ആ​​രാ​​യി​​രി​​ക്ക​​ണ​​മെ​​ന്ന് തീ​​രു​​മാ​​നി​​ക്കു​​ന്ന​​തി​​ൽ ക​​ന്ത​​സാ​​മി​​ക്ക് പ്ര​​ധാ​​ന പ​​ങ്കു​​ണ്ടാ​​യി​​രു​​ന്നു. വി​​ജ​​യി​​ച്ച എം.​​എ​​ൽ.​​എ​​മാ​​രൊ​​ക്കെ ക​ന്ത​​സാ​​മി​​യു​​ടെ ച​​ങ്ങാ​​തി​​മാ​ർ. ക​​ന്ത​​സാ​​മി​​യു​​ടെ മി​​ച്ച​​ഭൂ​​മി കേ​​സ് ഇ​​ന്നും ലാ​​ൻ​​ഡ് ബോ​​ർ​​ഡി​​ൽ പെ​​ൻഡിങ്ങി​​ലാ​​ണ്. പി​​ടി​​ച്ചെ​​ടു​​ത്ത വ​​ള​​രെ കു​​റ​​ച്ച് സ്ഥ​​ല​​ങ്ങ​​ളി​​ലേ പ​​ട്ട​​യം ന​​ൽ​​കി​​യി​​ട്ടു​​ള്ളൂ. പ​​ട്ട​​യം ന​​ൽ​​കി​​യ ഭൂ​​മി​​യി​​ൽ ത​​ന്നെ ലാ​​ൻ​​ഡ് ബോ​​ർ​​ഡി​​ൽ കേ​​സ് നി​​ല​​നി​​ൽ​​ക്കു​​ക​​യാ​​ണ്. ക​​ന്ത​​സാ​​മി​​യും അ​​ഗ​​ളി​​യി​​ലെ നാ​​ഗ​​മൂ​​പ്പ​​നും (ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ ഭ​​ർ​​ത്താ​​വി​​ന്റെ പി​​താ​​വ്) ന​​ല്ല ബ​​ന്ധ​​ത്തി​​ലാ​​യി​​രു​​ന്നു. നാ​​ഗ​​മൂ​​പ്പ​​നെ എ​​ല്ലാ​ കാ​​ര്യ​​ത്തി​​നും ക​​ന്ത​​സാ​​മി ഉ​​പ​​യോ​​ഗി​​ച്ചു. നാ​​ഗ​​ന്റെ നാ​​ലേ​​ക്ക​​ർ ഭൂ​​മി​​ക്ക് ആ​​ധാ​​ര​​മു​​ണ്ടാ​​ക്കി ക​​ന്ത​​സാ​​മി സ്വ​​ന്ത​​മാ​​ക്കി​​യ​​ത് ആ​​രും അ​​റി​​ഞ്ഞി​​ല്ല. ഇ​​ത് ന​​ട​​ന്ന​​ത് 1962ലാ​​ണെ​​ന്ന് പ​​റ​​യു​​ന്നു. ഈ ​​ആ​​ധാ​​രം ആ​​ദി​​വാ​​സി​​ക​​ൾ ഇ​​തു​​വ​​രെ ക​​ണ്ടി​​ട്ടി​​ല്ല.

അ​​ക്കാ​​ല​​ത്ത് അ​​ഗ​​ളി​​യി​​ൽ വ​​ലി​​യ​​തോ​​തി​​ൽ ക​​രി​​മ്പ് കൃ​​ഷി ഉ​​ണ്ടാ​​യി​​രു​​ന്നു. ക​​രി​​മ്പ് വാ​​റ്റി ശ​​ർ​​ക്ക​​ര ഉ​​ണ്ടാ​​ക്കു​​ന്ന സാ​​ങ്കേ​​തി​​ക വി​​ദ്യ​​യും ക​​ന്ത​​സാ​​മി അ​​ട്ട​​പ്പാ​​ടി​​ക്കാ​​രെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി. അ​​തി​​ന് ക​​രി​​മ്പ് ആ​​ട്ടു​​ന്ന ആ​​ല​​യും നി​​ർ​​മി​​ച്ചു. ക​​രി​​മ്പ് കൃ​​ഷി​​യി​​ൽ​നി​​ന്ന് ശ​​ർ​​ക്ക​​ര ഉ​​ണ്ടാ​​ക്കി അ​​ദ്ദേ​​ഹം ധാ​​രാ​​ളം പ​​ണം നേ​​ടി. ക​​ന്ത​​സാ​​മി ആ​​ദി​​വാ​​സി​​ക​​ളോ​​ട് സ്നേ​​ഹ​​മു​​ള്ള ആ​​ളാ​​ണെ​​ന്ന് എ​​പ്പോ​​ഴും അ​​ഭി​​ന​​യി​​ച്ചി​​രു​​ന്നു. ആ​​ദി​​വാ​​സി​​ക​​ൾ​​ക്ക് എ​​ന്ത് ആ​​വ​​ശ്യ​​മു​​ണ്ടെ​​ങ്കി​​ലും സ​​ഹാ​​യി​​ക്കു​​ന്ന ജ​​ന്മി​​യാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ട് ആ​​ദി​​വാ​​സി​​ക​​ൾ സ്വ​​ന്തം ഭൂ​​മി​​യെ കു​​റി​​ച്ച് ചി​​ന്തി​​ച്ചി​​രു​​ന്നി​​ല്ല. ഈ ​​സ്നേ​​ഹ​​ത്തി​​ലൂ​​ടെ​​യാ​​ണ് അ​​ദ്ദേ​​ഹം ഭൂ​​മി​​യെ​​ല്ലാം കൈ​​ക്ക​​ലാ​​ക്കി​​യ​​ത്. ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ ഊ​​രി​​നും പ​​റ​​യാ​​നു​​ള്ള​ത് കു​​ടി​​ച്ച് മ​​രി​​ച്ച ആ​​ണു​​ങ്ങ​​ളു​​ടെ ക​​ഥ​​യാ​​ണ്. ഊ​​രി​​ലി​​പ്പോ​​ൾ ആ​​ണു​​ങ്ങ​​ളി​​ല്ല. പെ​​ണ്ണു​​ങ്ങ​​ളാ​​ണ് ഭൂ​​മി സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ന് ഇ​​റ​​ങ്ങു​​ന്ന​​ത്. ന​ാ​ഞ്ചി​​യ​​മ്മ ഇ​​പ്പോ​​ഴും വി​​ശ്വ​​സി​​ക്കു​​ന്ന​​ത് ഭൂ​​മി കൈ​​യേ​​റി​​യ​​വ​​രെ ദൈ​​വം ശി​​ക്ഷി​​ക്കും എ​​ന്നാ​​ണ്.

മരപ്പാലത്ത്​ ആദിവാസിഭൂമി കൈയേറിയവർ മണ്ണുമാന്തിയ​ന്ത്രവുമായി എത്തിയപ്പോൾ

കൈ​​യേ​​റ്റ​​ക്കാ​​ർ​​ക്ക് എ​തി​രാ​യി 1975ലെ ​​നി​​യ​​മം

കേ​​ര​​ള നി​​യ​​മസ​​ഭ​​യി​​ൽ 1970ക​​ളു​​ടെ ആ​​രം​​ഭം മു​​ത​​ൽ അ​​ട്ട​​പ്പാ​​ടി​​യി​​ലെ ആ​​ദി​​വാ​​സി​​ക​​ളു​​ടെ ഭൂ​​മി ത​​ട്ടി​​യെ​​ടു​​ക്കു​​ന്ന​​തി​​നെ സം​​ബ​​ന്ധി​​ച്ച് പ​​ല എം.​​എ​​ൽ.​​എ​​മാ​​രും ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​രു​​ന്നു. രാ​​ജ്യ​​ത്തു​​ട​​നീ​​ളം ഗോ​​ത്ര​​വ​​ർ​​ഗ ക​​ലാ​​പം ആ​​ളി​​ക്ക​​ത്തി​​യ​​പ്പോ​​ൾ കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് പ്ര​​ത്യേ​​ക നി​​ർ​​ദേ​​ശം ന​​ൽ​​കി. അ​ങ്ങ​നെ 1975ൽ ​​പ​ാ​സാ​​ക്കി​​യ നി​​യ​​മ​​പ്ര​​കാ​​രം 1960 മു​​ത​​ല്‍ ന​​ട​​ന്ന എ​​ല്ലാ ആ​​ദി​​വാ​​സി ഭൂ​​മി കൈ​​മാ​​റ്റ​​ങ്ങ​​ളും മു​​ന്‍കാ​​ല പ്ര​ാ​ബ​​ല്യ​​ത്തോ​​ടെ റ​​ദ്ദാ​​ക്ക​​പ്പെ​​ട്ടു. 1975ല്‍ ​​നി​​യ​​മം പാ​​സാ​​ക്കി​​യെ​​ങ്കി​​ലും ച​​ട്ട​​ങ്ങ​​ള്‍ നി​​ല​​വി​​ല്‍വ​​ന്ന​​ത് 1986ലാ​​ണ്.

നി​​യ​​മം അ​​തേ​​പ​​ടി ന​​ട​​പ്പാ​​ക്കി​​യി​​രു​​ന്നു​​വെ​​ങ്കി​​ൽ അ​​ട്ട​​പ്പാ​​ടി​​യി​​ൽ 955 കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് അ​​ന്യാ​​ധീ​​ന​​പ്പെ​​ട്ട മു​​ഴു​​വ​​ൻ ഭൂ​​മി​​യും തി​​രി​​ച്ചു​​കി​​ട്ടു​​മാ​​യി​​രു​​ന്നു. നി​​യ​​മ​​പ്ര​​കാ​​രം1960 മു​​ത​​ലു​​ള്ള ആ​​ദി​​വാ​​സി ഭൂ​​മി കൈ​​മാ​​റ്റം റ​​ദ്ദാ​​യി. എ​​ന്നാ​​ൽ അ​​ന്യാ​​ധീ​​ന​​പ്പെ​​ട്ട ഭൂ​​മി​​ക്ക് എ​​വി​​ടെ, എ​​ങ്ങ​​നെ പ​​രാ​​തി ന​​ൽ​​ക​​ണം എ​​ന്ന് അ​​റി​​വി​​ല്ലാ​​ത്ത (ഇ​​ന്നും അ​​തി​​ല്ല) ആ​​ദി​​വാ​​സി​​ക​​ൾ വീ​​ണ്ടും കു​​ഴ​​ങ്ങി. അ​​തി​​നാ​​ലാ​​ണ് ഭൂ​​മി​​യേ​​റെ​​യും ന​​ഷ്ട​​പ്പെ​​ട്ട​​ത്. വ​​ലി​​യൊ​​രു വി​​ഭാ​​ഗ​​ത്തെ പ​​രാ​​തി ന​​ൽ​​കു​​ന്ന​​തി​​ൽ​​നി​​ന്ന് മാ​​റ്റി​നി​​ർ​​ത്താ​​ൻ കൈ​​യേ​​റ്റ​​ക്കാ​​ർ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി. പ​​രാ​​തി ന​​ൽ​​കി​​യ പ​​ല ആ​​ദി​​വാ​​സി​​ക​​ൾ​​ക്കും കൃ​​ത്യ​​മാ​​യി മൊ​​ഴി കൊ​​ടു​​ക്കാ​​ൻ ക​​ഴി​​ഞ്ഞതുമില്ല.

ആ​​ദി​​വാ​​സി​​ക​​ളെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ആ​​ർ.​​ഡി.​​ഒ ന​​ട​​ത്തു​​ന്ന ഹി​​യ​​റി​​ങ് വ​​ലി​​യ ക​​ട​​മ്പ​​യാ​​യ​ി​രു​​ന്നു. പ​​ല​​പ്പോ​​ഴും ഭൂ​​മി കൈ​​യേ​​റി​​യ​​വ​​രു​​ടെ ഭീ​​ഷ​​ണി​​ക്ക് വ​​ഴ​​ങ്ങി ആ​​ദി​​വാ​​സി സ​​ത്യം പ​​റ​​യി​​ല്ല. സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​നം കൈ​​യേ​​റ്റ പ​​ക്ഷ​​ത്താ​​യ​​തി​​നാ​​ൽ ഭൂ​​മി​​യേ​​റെ​​യും ന​​ഷ്ട​​പ്പെ​​ട്ടു. ഭൂ​​മി കൈ​​മാ​​റ്റം ചെ​​യ്തി​​ട്ടി​​ല്ലെ​​ന്ന് തെ​​ളി​​യി​​ക്കാ​​ൻ ആ​​ദി​​വാ​​സി​​ക​​ളു​​ടെ കൈ​​യി​​ൽ രേ​​ഖ​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. കൈ​യേ​റ്റ​ക്കാ​​ർ സ​​മ​​ർ​​പ്പി​​ക്കു​​ന്ന രേ​​ഖ​​ക​​ൾ പ​​ല​​തും വ്യാ​​ജ​​മാ​​യി​​രു​​ന്നു​​വെ​​ങ്കി​​ലും അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​ത് പ​​രി​​ശോ​​ധി​​ച്ചി​​ല്ല.

1975ലെ ​​ആ​​ദി​​വാ​​സി ഭൂ​​സം​​ര​​ക്ഷ​​ണ നി​​യ​​മ​​വും 1986ലെ ​​ച​​ട്ട​​വും പ്ര​​കാ​​രം ആ​​ദി​​വാ​​സി​​ക​​ളു​​ടെ അ​​ന്യാ​​ധീ​​ന​​പ്പെ​​ട്ട ഭൂ​​മി​​ക​​ൾ തി​​രി​​ച്ച് ല​​ഭി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി ഒ​​റ്റ​​പ്പാ​​ലം റ​​വ​​ന്യൂ ഡി​​വി​​ഷ​​ന​ൽ മ​​ജി​​സ്ട്രേ​റ്റ് കൂ​​ടി​​യാ​​യ ആ​​ർ.​​ഡി.​​ഒ​​ക്ക് 1987ൽ ​​നാ​​ഗ​​മൂ​​പ്പ​​ൻ പരാതി ന​​ൽ​​കി. നാ​​ഗ​​മൂ​​പ്പ​​ൻ ഭൂ​​മി വി​​റ്റി​​ട്ടി​​ല്ലെ​​ന്നും അ​​ഗ​​ളി​​യി​​ലെ ക​​ന്ത​​സാ​​മി ബോ​​യ​​ൻ ത​​ട്ടി​​യെ​​ടു​​ത്ത​​ത് തി​​രി​​ച്ചു​​ല​​ഭി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് പ​​രാ​​തി ന​​ൽ​​കി​​യ​​ത്. 1995 ഒ​​ക്ടോ​​ബ​​ർ 11ന് ​​ക​​ന്തസാ​​മി​​യു​​ടെ 1962ലെ ​​ആ​​ധാ​​രം 1975ലെ ​​നി​​യ​​മ​​പ്ര​​കാ​​രം ആ​​ർ.​​ഡി.​​ഒ ത​​ള്ളി. ടി.​​

എ​​ൽ.​​എ കേ​​സി​​ൽ നാ​​ഗ​​മൂ​​പ്പ​​ന് ഭൂ​​മി തി​​ര​ി​ച്ചു ന​ൽ​​കി​​യാ​​യി​​രു​​ന്നു ആ​​ർ.​​ഡി.​​ഒ​​യു​​ടെ ഉ​​ത്ത​​ര​​വ്. ആ​​ദി​​വാ​​സി വി​​ഭാ​​ഗ​​ത്തി​​ൽ​​പെ​​ട്ട നാ​​ഗ​​മൂ​​പ്പ​​ന്റെ അ​​വ​​കാ​​ശി​​ക​​ളു​​ടെ കൈ​​വ​​ശ​​ത്തി​​ലു​​ള്ള​​താ​​ണ് ഈ ​​ഭൂ​​മി​​യെ​​ന്ന് ആർ.ഡി.ഒ നിരീക്ഷിച്ചു.

എ​​ന്നാ​​ൽ, 1999ലെ ​​ആ​​ദി​​വാ​​സി നി​​യ​​മം നാ​​ഗ​​മൂ​​പ്പ​​ൻ അ​​ട​​ക്ക​​മു​​ള്ള ആ​​ദി​​വാ​​സി​​ക​​ൾ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി. നി​​യ​​മ​​പ്ര​​കാ​​രം (1960നും 1986 ​​ജ​​നു​​വ​​രി 26നും ​​ഇ​​ട​​യി​​ൽ) അ​​ഞ്ചേ​​ക്ക​​റി​​ൽ താ​​ഴെ​​യാ​​ണ് ആ​​ദി​​വാ​​സി​​ക​​ൾ​​ക്ക് അ​​ന്യാ​​ധീ​​ന​​പ്പെ​​ട്ട​​തെ​​ങ്കി​​ൽ അ​​തി​​ന് പ​​ക​​രം ഭൂ​​മി ന​​ൽ​​കി​​യാ​​ൽ മ​​തി. അ​​ന്യാ​​ധീ​​ന​പ്പെ​​ട്ട​​ത് അ​​ഞ്ചേ​​ക്ക​​റി​​ൽ താ​​ഴെ​​യാ​​ണെ​​ന്ന് മാ​​ത്രം ചൂ​​ണ്ടി​​ക്കാ​​ട്ടി ഒ​​റ്റ​​പ്പാ​​ലം സ​​ബ് ക​​ല​​ക്ട​​ർ 2020 ഫെ​​ബ്രു​​വ​​രി 28ന് ​​ക​​ന്ത​​സാ​​മി​​യു​​ടെ അ​​വ​​കാ​​ശി​​ക​​ൾ​​ക്ക് അ​​നു​​കൂ​​ല​​മാ​​യി വി​​ധി​​ച്ചു. അ​​തി​​ന് മു​​മ്പ് താ​​ലൂ​​ക്ക് ലാ​​ൻ​​ഡ് ബോ​​ർ​​ഡ് ക​​ന്ത​​സാ​​മി ത​​ട്ടി​​യെ​​ടു​​ത്ത ഭൂ​​മി​​യി​​ൽ 3.41 ഏ​​ക്ക​​ർ മി​​ച്ച​​ഭൂ​​മി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. അ​​ത് ക​​ഴി​​ച്ചു​​ള്ള 1.40 ഏ​ക്ക​​ർ ഭൂ​​മി​​യാ​​ണ് ക​​ന്ത​​സാ​​മി​​യു​​ടെ അ​​ന​​ന്ത​​രാ​​വ​​കാ​​ശി​​ക​​ൾ​​ക്ക് കൈ​​വ​​ശ​​ത്തി​​ൽ നി​​ല​​നി​​ർ​​ത്താ​​ൻ നി​​ർ​​ദേ​​ശി​​ച്ച​​ത്. തു​​ട​​ർ​​ന്ന് പാ​​ല​​ക്കാ​​ട് ക​​ല​​ക്ട​​ർ​​ക്ക് ന​ാ​ഞ്ചി​​യ​​മ്മ അ​​ട​​ക്ക​​മു​​ള്ള ഭൂ​​മി​​യു​​ടെ അ​​വ​​കാ​​ശി​​ക​​ൾ അ​​പ്പീ​​ലും ന​​ൽ​​കി.

മരപ്പാലത്തെ​ ആദിവാസി ഭൂമി

നി​​യ​​മ​​സ​​ഭ​​യി​​ൽ മ​​റ​​ച്ചു​​പി​​ടി​​ച്ച മാ​​രി​​മു​​ത്ത്

നാ​​ഞ്ചി​​യ​​മ്മ​​യു​​ടെ കു​​ടും​​ബ​​ഭൂ​​മി അ​​ന്യാ​​ധീ​ന​​പ്പെ​​ട്ട​ വി​ഷ​യം നി​​യ​​മ​​സ​​ഭ​​യി​​ലെ​​ത്തി​​യ​​ത് 2021 ന​​വം​​ബ​റി​​ലാ​​ണ്. ഐ.​​സി. ബാ​​ല​​കൃ​​ഷ്ണ​​നാ​​ണ് ചോ​​ദ്യം ഉ​​ന്ന​​യി​​ച്ച​​ത്. 2021 ന​​വം​​ബ​​ർ ഒ​​ന്നി​​ന് മ​​ന്ത്രി കെ.​ ​രാ​​ജ​​ൻ രേ​​ഖാ​​മൂ​​ലം ന​​ൽ​​കി​​യ മ​​റു​​പ​​ടി​​യി​​ൽ ഭൂ​​മി കൈ​​മാ​​റ്റ​ത്തി​​ന്റെ നാ​​ൾ​വ​​ഴി വ്യക്തമാക്കുന്നു. എ​​ന്നാ​​ൽ, ഈ ​​ക​​ഥ​​യി​​ലെ പ്ര​​ധാ​​ന ക​​ഥാ​​പ​ാ​ത്ര​​മാ​​യ മാ​​രി​​മു​​ത്തു​​വി​​നെ ഒ​​ഴി​​വാ​​ക്കി​​യാ​​ണ് മ​​ന്ത്രി മ​​റു​​പ​​ടി ന​​ൽ​​കി​​യ​​ത്. ''അ​​ഗ​​ളി വി​​ല്ലേ​​ജി​​ൽ സ​​ർ​​വേ ന​​മ്പ​​ർ 1167/1,6 എ​​ന്നി​​വ​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട നാ​​ല് ഏ​​ക്ക​​ർ ഭൂ​​മി അ​​ന്യാ​​ധീ​​ന​​പ്പെ​​ട്ടു​​വെ​​ന്ന് കാ​​ണി​​ച്ച് ന​​ഞ്ച​​ന്റെ ഭാ​​ര്യ ന​ാ​ഞ്ചി​​യ​​മ്മ, നാ​​ഗ​​മൂ​​പ്പ​​ന്റെ മ​​ക​​ൻ മ​​ണി​​യ​​ൻ എ​​ന്നി​​വ​​ർ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. അ​​ഗ​​ളി വി​​ല്ലേ​​ജ് ഓ​​ഫി​​സി​​ൽ ല​​ഭി​​ച്ച പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 1975ലെ ​​നി​​യ​​മ​​പ്ര​​കാ​​രം ഒ​​റ്റ​​പ്പാ​​ലം ആ​​ർ.​​ഡി.​​ഒ ഫ​​യ​​ലി​​ൽ സ്വീ​​ക​​രി​​ച്ചു. കേ​​സി​​ന്റെ തു​​ട​​ർ​ന​​ട​​പ​​ടി​​ക​​ൾ​​ക്കാ​​യി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ൾ അ​​ഗ​​ളി വി​​ല്ലേ​​ജി​​ൽ 4.81 ഏ​​ക്ക​​ർ ഭൂ​​മി പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​ര​​നാ​​യ നാ​​ഗ​​നി​​ൽ​​നി​​ന്ന് പ​​ട്ടി​​ക​​വ​​ർ​​ഗേ​​ത​​ര​​നാ​​യ ക​​ന്ത​​സാ​​മി ബോ​​യ​​ന് കൈ​​മാ​​റി​​യ​​താ​​യി ക​​ണ്ടെ​​ത്തി. അ​​തി​​ൽ 3.41 ഏ​​ക്ക​​ർ ക​​ന്ത​​സാ​​മി ബോ​​യ​​നി​​ൽ​​നി​​ന്ന് മി​​ച്ച​​ഭൂ​​മി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച് മ​​ണ്ണാ​​ർ​​ക്കാ​​ട് താ​​ലൂ​​ക്ക് ലാ​​ൻ​​ഡ് ബോ​​ർ​​ഡ് ഏ​​റ്റെ​​ടു​​ത്തു. ബാ​​ക്കി 1.40 ഏ​​ക്ക​​ർ ഭൂ​​മി ഒ​​റ്റ​​പ്പാ​​ലം സ​​ബ് കോ​​ട​​തി​​യു​​ടെ ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം ക​​ല്ലു​​മേ​​ലി​​ൽ കെ.​​വി. മാ​​ത്യു​​വി​​ന് ല​​ഭി​​ച്ചു​​വെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്... '' നി​​യ​​മ​​സ​​ഭ​​യി​​ലെ ഇൗ ​മ​​റു​​പ​​ടി അ​​തേ​​പ​​ടി വി​​ശ്വ​​സി​​ച്ചാ​​ൽ പ്ര​​ശ്ന​​മൊ​​ന്നും തോ​​ന്നി​​ല്ല. എ​​ന്നാ​​ൽ, മ​​ന്ത്രി​​ക്ക് ഈ ​​നോ​​ട്ട് ത​​യാ​​റാ​​ക്കി​​യ റ​​വ​​ന്യൂ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ നാ​​ട​​ക​​ത്തി​​ലെ മാ​​രി​​മു​​ത്തു ക​​ഥാ​​പ​ാ​ത്ര​​ത്തെ ഒ​​ഴി​​വാ​​ക്കി​​യ​​തി​​ന് പ്ര​​ത്യേ​​ക കാ​​ര​​ണ​​മു​​ണ്ട്. മാ​​രി​​മു​​ത്തു​​വി​​നെ മ​​ന്ത്രി​​യു​​ൾ​​പ്പെ​​ടെ ആ​​രും അ​​റി​​യ​​രു​​തെ​​ന്ന് റ​​വ​​ന്യൂ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് നി​​ർ​​ബ​​ന്ധ​​മു​​ണ്ട്. അ​​ക്കാ​​ര്യ​​ത്തി​​ൽ നി​​യ​​മ​​സ​​ഭ​​യെ​​പ്പോ​​ലും ക​​ബ​​ളി​​പ്പി​​ക്കു​​ന്ന​​തി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വി​​ജ​​യി​​ച്ചു.

മ​​ന്ത്രി കെ.​ ​രാ​​ജ​​ന്റെ മ​​റു​​പ​​ടി വാ​​യി​​ക്കു​​ന്ന​​വ​​ർ ക​​ന്ത​​സാ​​മി ബോ​​യ​​നി​​ൽ​​നി​​ന്ന് ഭൂ​​മി കെ.​​വി.​​ മാ​​ത്യു​​വി​​ലേ​​ക്ക് കൈ​​മാ​​റ്റം ചെ​​യ്തു​​വെ​​ന്നാ​​ണ് വി​​ചാ​​രി​​ക്കു​​ക. മാ​​രി​​മു​​ത്തു​​വെ​​ന്ന ക​​ഥാ​​പാ​​ത്ര​​ത്തെ​​ക്കു​​റി​​ച്ച് 'മാ​​ധ്യ​​മ​'​ത്തി​​ന് വി​​വ​​രം ന​​ൽ​​കി​​യ​​ത് ജോ​​സ​​ഫ് കു​​ര്യ​​നാ​​ണ് (ജോ​​സ​​ഫ് കു​​ര്യ​​ൻ നി​​ര​​വ​​ധി​ത​​വ​​ണ ഫോ​​ൺ ചെ​​യ്യു​​ക​​യും വി​​വ​​ര​​ങ്ങ​​ൾ വാ​​

ട്സ്ആപ് വ​​ഴി അ​​യ​​ക്കു​​ക​​യും ചെ​​യ്തു). കെ.​​വി.​ മാ​​ത്യു​​വി​​ൽ​​നി​​ന്ന് 50 സെ​​ന്റ് വാ​​ങ്ങി​​യ​ത് ജോ​​സ​​ഫ് കു​​ര്യ​​നാ​​ണ്. മാ​​ധ്യ​​മം ഓ​​ൺ​​ലൈ​​നി​​ൽ ന​​ൽ​​കി​​യ വാ​​ർ​​ത്ത​​യി​​ൽ തെ​​റ്റു​​ണ്ടെ​​ന്നും ശ​​രി​​യാ​​യ വാ​​ർ​​ത്ത ന​​ൽ​​ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​തി​​നാ​​യി അ​​ദ്ദേ​​ഹം അ​​യ​​ച്ചു​​ത​​ന്ന ഫ​​യ​​ലി​​ലാ​​ണ് മാ​​രി​​മു​​ത്തു​​വി​​ന്റെ പേ​​ര് ആ​​ദ്യ​​മാ​​യി ക​​ണ്ട​​ത്. നി​​യ​​മ​​സ​​ഭ രേ​​ഖ​​ക​​ളി​​ൽ​​നി​​ന്ന് റ​​വ​​ന്യൂ​​വ​​കു​​പ്പ് മ​റ​ച്ചു​​പ​ി​ടി​​ച്ച ഈ ​​ക​​ഥാ​​പാ​​ത്രം ആ​​രെ​​ന്ന് തി​​ര​​ക്കി​​യ​​പ്പോ​​ൾ ക​​ന്ത​​സാ​​മി​​യി​​ൽ​നി​​ന്ന് മാ​​ത്യു​​വി​​ലേ​​ക്ക് ഭൂ​​മി എ​​ത്തി​​ക്കു​​ന്ന​​തി​​ന് ഇ​​ട​​ക്ക​​ണ്ണി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച​​ത് മാ​​രി​​മു​​ത്തു ആ​​ണെ​​ന്ന് ആ​​ദി​​വാ​​സി​​ക​​ൾ പ​​റ​​ഞ്ഞു. ഇ​​ക്കാ​​ര്യം

പ​ാ​ല​​ക്കാ​​ട് ക​​ല​​ക്ട​​ർ​​ക്ക് ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ലും അ​​വ​​ർ രേ​​ഖ​​പ്പെ​​ടു​​ത്തി. തു​​ട​​ർ​​ന്നു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് പ​​ട്ടി​​ക​​ജാ​​തി ഗോ​​ത്ര ക​​മീ​​ഷ​​ന്റെ ഉ​​ത്ത​​ര​​വ് ല​​ഭി​​ച്ച​​ത്.

ഗോ​​ത്ര​ ക​​മീ​​ഷ​​ന്റെ ക​​ണ്ടെ​​ത്ത​​ൽ

2021 ആ​​ഗ​​സ്റ്റ് 20നാ​​ണ് മാ​​രി​​മു​​ത്തു പ​​ട്ടി​​ക​​ജാ​​തി ഗോ​​ത്ര ക​​മീ​ഷ​​നി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കി​​യ​​ത്. ത​​ന്റെ മാ​​താ​​വ് രാ​​മി ആ​​ദി​​വാ​​സി ഇ​​രു​​ള വി​​ഭാ​​ഗ​ത്തി​​ൽ​​പെ​​ട്ട ആ​​ളാ​​ണെ​​ന്നും ക​​ന്ത​​സാ​​മി ബോ​​യ​​ന്റെ ഭാ​​ര്യ​യാ​ണെ​​ന്നും മാ​​രി​​മു​​ത്തു അ​​പേ​​ക്ഷ​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി. മാ​​താ​​വി​​ന്റെ അ​​ച്ഛ​​ൻ ന​​ഞ്ച​​പ്പ ഗൗ​​ഡ​​ർ ഹി​​ന്ദു ബ​​ഡു​​ഗ​​ർ സ​​മു​​ദാ​​യ​​ത്തി​​ൽ​​പെ​​ട്ട ആ​​ളാ​​ണ്. അ​​മ്മ​​ക്ക് വേ​​റെ മൂ​​ന്ന് സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​മു​​ണ്ട്. മു​​ത്ത​​ച്ഛ​​ൻ മ​​രി​​ച്ച​​തി​​ന് ശേ​​ഷം അ​​ദ്ദേ​​ഹ​​ത്തി​​ന്റെ കൈ​​വ​​ശ​​മു​​ണ്ടാ​​യി​​രു​​ന്ന അ​​ഗ​​ളി വി​​ല്ലേ​​ജി​​ൽ 1103/1, 1103/2 സ​​ർ​​വേ​​യി​​ൽ​പെ​​ട്ട 17 ഏ​​ക്ക​​ർ ഭൂ​​മി ത​​ന്റെ അ​​മ്മ​​യാ​​യ രാ​​മി​​ക്ക് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണ്. അ​​മ്മ​​യു​​ടെ മ​​ര​​ണ​​ശേ​​ഷം ആ ​​സ്വ​​ത്തു​​ക്ക​​ൾ അ​​ച്ഛ​​ൻ ക​​ന്ത​​സാ​​മി കൈ​​വ​​ശം വെ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ത​​മി​​ഴ്നാ​​ട്ടി​​ലെ സ്കൂ​​ളി​​ൽ ത​​ന്റെ അ​​ച്ഛ​​ൻ ക​​ന്ത​​സാ​​മി ബോ​​യ​​ൻ എ​​ന്ന​ പേ​​ര് മാ​​റ്റി ന​​ഞ്ച​​ൻ മാ​​രി​​മു​​ത്തു എ​​ന്ന് പി​​താ​​വി​​ന്റെ പേ​​രി​​ന്റെ സ്ഥാ​​ന​​ത്ത് ചേ​​ർ​​ത്തു. ഈ ​​ര​​ണ്ടു​​പേ​​രും ഒ​​ന്നാ​​ണെ​​ന്നും അ​​ച്ഛ​​ന്റെ സ്വ​​ത്തി​​ന് ത​​നി​​ക്കും അ​​വ​​കാ​​ശ​​മു​​ണ്ടെ​​ന്ന് ഗോ​​ത്ര ക​​മീ​​ഷ​​ൻ തീ​​ർ​​പ്പ് ക​​ൽ​​പി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു മാ​​രി​​മു​​ത്തു​​വി​​ന്റെ അ​​പേ​​ക്ഷ​​യി​​ലെ ആ​​വ​​ശ്യം.

മാ​​രി​​മു​​ത്തു​​വി​​ന് ഏ​​താ​​ണ്ട് 60 വ​​യ​​സ്സു​വ​​രെ (2021 വ​​രെ)​ അ​​ച്ഛ​​ന്റെ പേ​​ര് ന​​ഞ്ച​​ൻ എ​​ന്നാ​​യ​​തി​​ൽ കു​​ഴ​​പ്പ​​മി​​ല്ലാ​​യി​​രു​​ന്നു. പി​​ന്നീ​​ട് അ​​ച്ഛ​​ന് ര​​ണ്ടു​​പേ​​ര് ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് മാ​​രി​​മു​​ത്തു​​വി​​ന് തോ​​ന്ന​​ി. പേ​​ര് തി​​രു​​ത്താ​​ൻ എ​​ളു​​പ്പ​മാ​​ർ​​ഗം എ​​ന്ന നി​​ല​​യി​​ലാ​​ണ് അ​​ദ്ദേ​​ഹം പ​​ട്ടി​​ക​​ജാ​​തി-​​ഗോ​​ത്ര ക​​മീ​​ഷ​​നെ സ​​മീ​​പി​​ച്ച​​ത്. 1981ൽ ​​സ്കൂ​​ളി​​ൽ​നി​​ന്ന് ന​​ൽ​​കി​​യ വി​​ടു​​ത​​ൽ (ട്രാ​​ൻ​​സ്ഫ​​ർ) സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ൽ എ​​ൻ. മാ​​രി​​മു​​ത്തു എ​​ന്നാ​​ണ് പേ​​ര്. എ​​ൻ എ​​ന്നാ​​ൽ ന​​ഞ്ച​​ൻ. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പ്ര​​കാ​​രം 1965ലാ​​ണ് മാ​​രി​​മു​​ത്തു ജ​​നി​​ച്ച​​ത്. കോ​​ന്നൂ​​ർ ട്രൈ​​ബ​​ൽ ഹൈ​​സ്കൂ​​ളി​​ലെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റാ​​ണ് സ​​മ​​ർ​​പ്പി​​ച്ച​​ത്. ന​​ഞ്ച​​ൻ എ​​ന്ന് സ്കൂ​​ൾ രേ​​ഖ​​ക​​ളി​​ലു​​ള്ള ആ​​ൾത​​ന്നെ​​യാ​​ണ് അ​​ഗ​​ളി​​യി​​ലെ ജ​​ന്മി​​യാ​​യ ക​​ന്ത​​സാ​​മി​​യെ​​ന്ന് മാ​​രി​​മു​​ത്തു രേ​​ഖ​​പ്പെ​​ടു​​ത്തി. മാ​​രി​​മു​​ത്തു ക​​മീ​​ഷ​​ന് ന​​ൽ​​കി​​യ വിലാസത്തിൽ ക​​ന്ത​​സാ​​മി മ​​ക​​ൻ നക്കുപതി എ​​ന്നാണ്.

2021 ഡി​​സം​​ബ​​ർ എ​​ട്ടി​​ന് ക​​മീ​​ഷ​​നി​​ലെ ര​​ജി​​സ​്ട്രാ​ർ അ​​ട്ട​​പ്പാ​​ടി ട്രൈ​​ബ​​ൽ താ​​ലൂ​​ക്ക് ത​​ഹ​​സി​​ൽ​​ദാ​​ർ​​ക്ക് മാ​​രി​​മു​​ത്തു​​വി​​നെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ച്ച് 30 ദി​​വ​​സ​​ത്തി​​ന​​കം റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കാ​​ൻ ക​​ത്തെ​​ഴു​​തി. ആ ​​ക​​ത്ത് പ​​ല​​ത​​വ​​ണ എ​​ഴു​​തേ​​ണ്ടി വ​​ന്നു. 2022 മാ​​ർ​​ച്ച് 11ന് ​ക​​മീ​​ഷ​​ൻ പാ​​ല​​ക്കാ​​ട് ജി​​ല്ല പ​​ഞ്ചാ​​യ​​ത്ത് ഹാ​​ളി​​ൽ അ​​ദാ​​ല​​ത്ത് ന​​ട​​ത്തി. ക​​മീ​​ഷ​​ൻ വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി. ന​​ഞ്ച​​നും ക​​ന്ത​​സാ​​മി​​യും ബോ​​യ​​നും ഒ​രാ​​ളാ​​ണെ​​ന്ന് സ്ഥാ​​പി​​ക്കാ​​ൻ തെ​​ളി​​വു​​ക​​ളൊ​​ന്നു​​മി​​ല്ലെ​​ന്നും ക​​മീ​​ഷ​​ൻ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി. പ്രാ​​ദേ​​ശി​​ക​​മാ​​യി ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ മാ​​രി​​മു​​ത്തു അ​​ട്ട​​പ്പാ​​ടി താ​​ലൂ​​ക്ക് പ​​രി​​ധി​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന ആ​​ള​​ല്ലെ​​ന്നും അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ഇ​​പ്പോ​​ഴ​​ത്തെ പേ​​ര് ഇ​​ബ്രാ​​ഹിം എ​​ന്നാ​​ണെ​​ന്ന് ക​​മീ​​ഷ​​ന് അ​​ഗ​​ളി ത​​ഹ​​സി​​ൽ​​ദാ​​ർ റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി. നാ​ഞ്ചി​​യ​​മ്മ​​യു​​ടെ ഭൂ​​മി ത​​ട്ടി​​യെ​​ടു​​ത്ത് ക​​ന്ത​​സാ​​മി ബോ​​യ​​ന്റെ മ​​ക​​ന്റെ വേ​​ഷം കെ​​ട്ടി ഭൂ​​മി വി​​ൽ​​പ​​ന ന​​ട​​ത്തി​​യ ആ​​ളാ​​ണ് മാ​​രി​​മു​​ത്തു​​വെ​​ന്ന് അ​​റി​​യാ​​തെ​​യാ​​ണ് ക​​മീ​​ഷ​​ൻ ഈ കേ​​സി​​ൽ ഉ​​ത്ത​​ര​​വി​​ട്ട​​ത്.

കെ.​​വി. മാ​​ത്യു​​വി​​ന്റെ സാ​​ങ്ക​​ൽ​​പി​​ക ഭൂ​​മി

മാ​​രി​​മു​​ത്തു​​വി​​ന് നി​​കു​​തി ര​​സീ​​ത് ന​​ൽ​​കി​​യി​​ട്ടി​​ല്ലെ​​ന്ന് അ​​ഗ​​ളി വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ ഉ​​ഷാ​​കു​​മാ​​രി 2020 ജൂ​​ൺ 24ന് ​​മ​​ണ്ണാ​​ർ​​ക്കാ​​ട് മു​​ൻ​​സി​​ഫ് കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ മൊ​​ഴി​​യാ​​ണ് ഭൂ​​മി കൈ​​മാ​​റ്റ ച​​രി​​ത്ര​​ത്തി​​ലെ വ​​ഴി​​ത്തി​​ര​ി​വാ​​യ​​ത്. അ​​തു​​വ​​രെ ക​​ന്ത​​സാ​​മി ബോ​​യ​​ന്റെ കൈ​​യി​​ൽ​​നി​​ന്ന് കെ.​​വി. മാ​​ത്യു​​വി​​ലേ​​ക്ക് ഭൂ​​മി എ​​ത്തി​​യ​​ത് എ​​ങ്ങ​​നെ​​യെ​​ന്ന് റ​​വ​​ന്യൂ​​വ​​കു​​പ്പ് പ​​രി​​ശോ​​ധി​​ച്ചി​​രു​​ന്നി​​ല്ല. അ​​ല്ലെ​​ങ്കി​​ൽ അ​​ത് മ​​റ​ച്ചു​​പി​​ടി​​ക്കേ​​ണ്ട​​ത് വ​​കു​​പ്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ താ​​ൽ​​പ​​ര്യ​​മാ​​യി​​രു​​ന്നു. ആ ​​താ​​ൽ​​പ​​ര്യം നി​​യ​​മ​​സ​​ഭ​​യി​​ൽ മ​​ന്ത്രി കെ.​ ​രാ​​ജ​​ന് ന​​ൽ​​കി​​യ മ​​റു​​പ​​ടി​​യി​​ലും റ​​വ​​ന്യൂ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി​​ക്ക് പാ​​ല​​ക്കാ​​ട് ക​​ല​​ക്ട​​ർ ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ടി​​ലും കാ​​ണാം. റ​​വ​​ന്യൂ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ മാ​​രി​മു​​ത്തു​​വി​​നെ ഭൂ​​മി കൈ​​മാ​​റ്റ ചി​​ത്ര​​ത്തി​​ൽ​​നി​​ന്ന് മാ​​റ്റി​​ന​ി​ർ​​ത്തി​​യാ​​ണ് എ​​ല്ലാ ഫ​​യ​​ലും ത​​യാ​​റാ​​ക്കി​​യ​​ത്. എ​​ന്നാ​​ൽ, കെ.​​വി.​ മാ​​ത്യു പ്ര​​മാ​​ണ​രേ​​ഖ ത​​യാ​​റാ​​ക്കി​​യ​​പ്പോ​​ൾ അ​​തി​​ൽ മാ​​രി​​മു​​ത്തു പ്ര​​ധാ​​നി​​യാ​​യി.

മ​​ന്ത്രി വി​​ട്ടു​​പോ​​യ ഈ ​​ച​​രി​​ത്രം കൂ​​ടി വാ​​യി​​ക്ക​​ണം... ''മ​​ണ്ണാ​​ർ​​ക്കാ​​ട് മൂ​​പ്പി​​ൽ സ്ഥാ​​നം​​വ​​ക ജ​​ന്മ​​വും അ​​വി​​ടെ​​നി​​ന്നും ന​​ക്കു​​പ​​തി ക​​ന്ത​​സാ​​മി ബോ​​യ​​ൻ വാ​​ക്കാ​​ൽ പാ​​ട്ട​​ത്തി​​ന് വാ​​ങ്ങി കൈ​​വ​​ശം വെ​​ച്ചി​​രു​​ന്ന​​തും... ക​​ന്ത​​സാ​​മി​​യു​​ടെ മ​​ര​​ണ​​ശേ​​ഷം ഏ​​ക അ​​വ​​കാ​​ശി​​യും മ​​ക​​നു​​മാ​​യ മാ​​രി​​മു​​ത്തു​​വി​​ന് അ​​വ​​കാ​​ശം സി​​ദ്ധി​​ച്ച​​തു​​മാ​​യ വ​​സ്തു... മാ​​രി​​മു​​ത്തു​​വി​​ൽ​​നി​​ന്ന് ര​​ണ്ട് ല​​ക്ഷം രൂ​​പ​​ക്ക് കെ.​​വി.​ മാ​​ത്യു തീ​​റ് വാ​​ങ്ങാ​​ൻ തീ​​രു​​മാ​​നി​​ച്ചു. അ​​തി​​ൽ1,60,000 കൊ​​ടു​​ക്കു​​ക​​യും ചെ​​യ്തു. ഇ​​തു​സം​​ബ​​ന്ധി​​ച്ച് ക​​രാ​​ർ എ​​ഴു​​തി മാ​​രി​​മു​​ത്തു​​വ​ു​മാ​​യി ഒ​​പ്പു​​വെ​​ച്ച​​ത് 2009 ഏ​​പ്രി​​ൽ 12നാ​​ണ്. എ​​ന്നാ​​ൽ മാ​​രി​​മു​​ത്തു കെ.​​വി. മാ​​ത്യു​​വി​​നെ ച​​തി​​ച്ചു. ക​​രാ​​ർ പ്ര​​കാ​​രം തീ​​റാ​​ധാ​​രം ന​​ട​​ത്തി​​ക്കൊ​​ടു​​ക്കാ​​ൻ മാ​​രി​​മു​​ത്തു വീ​​ഴ്ച​​വ​​രു​​ത്തി ( ഈ ​​ക​​ഥ അ​​വ​​ർ ത​​മ്മി​​ൽ ന​​ട​​ത്തി​​യ ഒ​​ത്തു​​തീ​​ർ​​പ്പാ​​ണോ എ​​ന്ന​​റി​​യി​​ല്ല). അ​​തോ​​ടെ മാ​​രി​​മു​​ത്തു​​വി​​നെ പ്ര​​തി​​യാ​​ക്കി കെ.വി.​ മാ​​ത്യു തീ​​റാ​​ധാ​​രം എ​​ഴു​​തി​​ക്കി​​ട്ടാ​​ൻ ഒ​​റ്റ​​പ്പാ​​ലം സ​​ബ് കോ​​ട​​തി​​യി​​ൽ (ഒ.​​എ​​സ് 21) ഹ​​ര​​ജി ന​​ൽ​​കു​​ന്നു.

ഈ ​കേ​​സി​​ൽ ഭൂ​​മി​​യു​​ടെ അ​​വ​​കാ​​ശി​​ക​​ളാ​​യ നാ​​ഗ​​മൂ​​പ്പ​​നോ ന​ാ​ഞ്ച​ി​യ​​മ്മ​​യു​​ടെ കു​​ടും​​ബ​​ത്തി​​നോ ബ​​ന്ധ​​മി​​ല്ല. കാ​​ര​​ണം അ​​വ​​ർ ഇ​​ങ്ങ​​നെ​​യൊ​​രു വ്യ​​വ​​ഹാ​​രം കോ​​ട​​തി​​യി​​ൽ ന​​ട​​ക്കു​​ന്ന​​താ​​യി അ​​റി​​ഞ്ഞി​​ട്ടി​​ല്ല. മാ​​രി​​മു​​ത്തു ആ​​ൾ​​മാ​​റാ​​ട്ടം ന​​ട​​ത്തി ഭൂ​​മി​ ത​​ട്ടി​​യെ​​ന്ന വി​​വ​​രം അ​​വ​​ർ​​ക്ക​​റി​​യ​ി​ല്ല. മാ​​ത്യു​​വി​​ന്റെ ഈ ​​ഭൂ​​മി ക​​ച്ച​​വ​​ട​​ത്തി​​ൽ ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ കു​​ടും​​ബം വാ​​ദി​​യോ പ്ര​​തി​​യോ അ​​ല്ല. നാ​​ഗ​​മൂ​​പ്പ​​നി​​ൽ​​നി​​ന്ന് ക​​ന്ത​​സാ​​മി ഭൂ​​മി ത​​ട്ടി​​യെ​​ടു​​ത്ത സം​​ഭ​​വ​​വും ചി​​ത്ര​​ത്തി​​ലി​​ല്ല. കെ.​​വി. മാ​​ത്യു​​വി​​ന്റെ ദു​​ഷ്ട​​ബു​​ദ്ധി​​യാ​​യ​ി​രി​​ക്കാം ഇ​​വി​​ടെ പ്ര​​വ​​ർ​​ത്തി​​ച്ച​ത്. അ​​തി​​ന് അ​​ദ്ദേ​​ഹം ആ​​വി​​ഷ്ക​​രി​​ച്ച പ​​ദ്ധ​​തി​​യാ​​യി​​രി​​ക്കാം വി​​ജ​​യം ക​​ണ്ട​​ത്. വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ ഭൂ​​മി കാ​​ണു​​ക​​യോ അ​​ള​​ന്ന് തി​​ട്ട​​പ്പെ​​ടു​​ത്തു​​ക​​യോ ചെ​​യ്തി​​ല്ല. കോ​​ട​​തി​​യെ ഭം​​ഗി​​യാ​​യി ക​​ബ​​ളി​​പ്പി​​ക്കാ​​ൻ ഈ ​​കേ​​സി​​ൽ കെ.​​വി. മാ​​ത്യു​​വി​​ന് ക​​ഴി​​ഞ്ഞു.

കേ​​സി​​ൽ 2010 ഫെ​​ബ്രു​​വ​​രി​​യി​​ൽ കോ​​ട​​തി വി​​ധി പ്ര​​സ്താ​​വി​​ച്ചു. 2011 മാ​​ർ​​ച്ച് 25ന് ​​ബാ​​ക്കി തു​​ക കെ​​ട്ടി​​വെ​​ച്ച് തീ​​റാ​​ധാ​​രം ത​​യാ​​റാ​​ക്കു​​ന്ന​​തി​​ന് വി​​ധി​​യു​​ണ്ടാ​​യെ​​ന്നാ​​ണ് പ്ര​​മാ​​ണ​​ത്തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് (പേ​​ജ് -05 എ.​ ​ശ​​ങ്ക​​ര​​ൻ നാ​​യ​​ർ ബി.​​എ, എ​​ൽഎ​​ൽ.​​എം ആ​​ണ് ഒ​​പ്പി​​ട്ടി​​രി​​ക്കു​​ന്ന​​ത്). ബാ​​ക്കി തു​​ക​​യാ​​യ 40,000 രൂ​​പ കൂ​​ടി മാ​​രി​​മു​​ത്തു​​വി​​ന് കൊ​​ടു​​ത്തു. ക്ര​​യ​​വി​​ക്ര​​യ സ്വാ​​ത​​ന്ത്ര്യം അ​​ട​​ക്കം കെ.​​വി.​ മാ​​ത്യു​​വി​​ന് ന​​ൽ​​കി​​യാ​​ണ് പ്ര​​മാ​​ണം ച​​മ​​ച്ച​​ത്. മാ​​രി​​മു​​ത്തു​​വി​​ന് ഈ ​​ഭൂ​​മി​​യി​​ൽ ഒ​രു അ​​വ​​കാ​​ശ​​വും ഉ​​ണ്ടാ​​യി​​രി​​ക്കി​​ല്ലെ​​ന്നും കു​​റി​​ച്ചു. ഈ ​​രേ​​ഖ​​യി​​ൽ സാ​​ക്ഷി​​യാ​​യി ഒ​​പ്പ് ചാ​​ർ​​ത്തി​​യ​​തി​​ൽ ഒ​​രാ​​ൾ നി​​ര​​പ്പ​​ത്ത് ജോ​​സ​​ഫ് കു​​ര്യ​​നാ​​ണ്. മ​​റ്റൊ​​രാ​​ൾ സി.​​പി. ജോ​​സാ​​ണ്.

ചീരക്കടവിൽ ആദിവാസി ഭൂമി പിടിച്ചെടുക്കാൻ പൊലീസ്​ സഹായത്തോടെ കൈയേറ്റക്കാർ എത്തിയ​േപ്പാൾ

പെ​​ട്രോ​​ൾ പ​​മ്പി​​ന് അ​​നു​​മ​​തി​​യു​​മാ​​യി ജോ​​സ​​ഫ് കു​​ര്യ​​ൻ

ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ അ​​ട്ട​​പ്പാ​​ടി​​യി​​ലെ ഭൂ​​മി​​യി​​ൽ പെ​​ട്രോ​​ൾ പ​​മ്പ് തു​​ട​​ങ്ങു​​ന്ന​​തി​​ന് പാ​​ല​​ക്കാ​​ട് ജി​​ല്ല മ​​ജി​​സ്ട്രേ​​റ്റി​​ന്റെ അ​​നു​​മ​​തി ല​​ഭി​​ച്ചു​​വെ​​ന്ന വി​​വ​​രം ജോ​​സ​​ഫ് കു​​ര്യ​​ൻ നേ​​രി​​ട്ടാ​​ണ് 'മാ​​ധ്യ​​മ​'​ത്തെ അ​​റി​​യ​ി​ച്ച​​ത്. ഭൂ​​മി അ​​ന്യാ​​ധീ​​ന​​പ്പെ​​ട്ടു​​വെ​​ന്ന് കാ​​ണി​​ച്ച് നാ​​ഗ​​ൻ (ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ ഭ​​ർ​​ത്താ​​വി​​ന്റെ അ​​ച്ഛ​​ൻ) ന​​ൽ​​കി​​യ പ​​രാ​​തി ഒ​​റ്റ​​പ്പാ​​ലം സ​​ബ് ക​​ല​​ക്ട​​ർ ത​​ള്ളി​​​യെ​​ന്നും ജോ​​സ​​ഫ് കു​​ര്യ​​ൻ പ​​റ​​ഞ്ഞു. 1999ലെ ​​പ​​ട്ടി​​ക​​വ​​ർ​​ഗ​​ ഭൂ​​മി കൈ​​മാ​​റ്റ നി​​യ​​ന്ത്ര​​ണ​​വും പു​​ന​​ര​​വ​​കാ​​ശ സ്ഥാ​​പ​​ന​​വും നി​​യ​​മ​​പ്ര​​കാ​​രം 1986 ജ​​നു​​വ​​രി 24നു ​​ശേ​​ഷം കൈ​​മാ​​റ്റം ചെ​​യ്ത ര​​ണ്ട് ഹെ​​ക്ട​​റി​​ൽ കു​​റ​​വു​​ള്ള ഭൂ​​മി കൈ​​വ​​ശം നി​​ല​​നി​​ർ​​ത്താ​​മെ​​ന്ന വ്യ​​വ​​സ്ഥ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച് അ​​ഗ​​ളി വി​​ല്ലേ​​ജ് ഓ​​ഫി​സ​​ർ റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കിയിട്ടുണ്ട്. അ​​ങ്ങ​​നെ അ​​നു​​കൂ​​ല ഉ​​ത്ത​​ര​​വ് ല​​ഭി​​ച്ചു​​വെ​​ന്നാ​​ണ് ജോ​​സ​​ഫ് കു​​ര്യ​​ന്റെ വാ​​ദം.

സ​​ബ് ക​​ല​​ക്ട​​റു​​ടെ ഉ​​ത്ത​​ര​​വി​​ൽ മി​​ച്ച​​ഭൂ​​മി​​യാ​​യി ഏ​​റ്റെ​​ടു​​ത്ത​​ത് (3.41 ഏ​​ക്ക​​ർ) ക​​ഴി​​ച്ചു​​ള്ള ഈ ​​ഭൂ​​മി (1.40) കൈ​​മാ​​റി വാ​​ങ്ങി​​യ​​വ​​രി​​ൽ​​നി​​ന്ന് ഭൂ​​നി​​കു​​തി സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നും കൈ​​വ​​ശ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​കു​​ന്ന​​തി​​നും അ​​നു​​മ​​തി ല​​ഭി​​ച്ചു. അ​​തു​​പ്ര​​കാ​​ര​​മാ​​ണ് ഈ ​​ഭൂ​​മി​​യി​​ൽ പെ​​ട്രോ​​ളി​​യം ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ സം​​ഭ​​രി​​ച്ചു​വെ​​ക്കു​​ന്ന​​തി​​നും വി​​പ​​ണ​​നം ചെ​​യ്യു​​ന്ന​​തി​​നും സം​​ഭ​ര​​ണ ടാ​​ങ്കു​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നും അ​​പേ​​ക്ഷ ന​​ൽ​​കി​​യ​​ത്. അ​​തി​​ന് നി​​രാ​​ക്ഷേ​​പ പ​​ത്രം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ഭാ​​ര​​ത് പെ​​ട്രോ​​ളി​​യം കോ​​ർ​​പ​​റേ​​ഷ​​ൻ ലി​​മി​​റ്റ​​ഡ് (ബി.​​പി.​​സി.​എ​​ൽ) മാ​​നേ​​ജ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. മ​​ണ്ണാ​​ർ​​ക്കാ​​ട് ത​​ഹ​​സി​​ൽ​​ദാ​​ർ, ജി​​ല്ല പൊ​​ലീ​​സ് മേ​​ധാ​​വി, ഫ​​യ​​ർ ആ​​ൻ​​ഡ് റെ​​സ്ക്യൂ സ​​ർ​​വി​സ​​സ് ഓ​​ഫി​​സ​​ർ, അ​​ഗ​​ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി എ​​ന്നി​​വ​​രെ​​ല്ലാം ഈ ​​ഭൂ​​മി​​യി​​ൽ പെ​​ട്രോ​​ൾ പ​​മ്പ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് ത​​ട​​സ്സ​മി​​ല്ലെ​​ന്ന് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി.

അ​​ഗ​​ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി​​യും അ​​നു​​കൂ​​ല​​മാ​​യി റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി. ഈ ​​സ്ഥ​​ല​​ത്ത് കൂ​​ടി ക​​ട​​ന്നു​പോ​​കു​​ന്ന 33 കെ.​​വി വൈ​​ദ്യു​​തി ലൈ​​ൻ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് ത​​ഹ​​സി​​ൽ​​ദാ​​ർ റി​​പ്പോ​​ർ​​ട്ടി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി. ഈ ​​സ്ഥ​​ല​​ത്ത് നി​​ല​​വി​​ലു​​ള്ള കേ​​സ് ഒ​​റ്റ​​പ്പാ​​ലം സ​​ബ് ക​​ല​​ക്ട​​ർ ജോ​​സ​​ഫി​​ന് അ​​നു​​കൂ​​ല​​മാ​​യി ഉ​​ത്ത​​ര​​വി​ന്റെ പ​​ക​​ർ​​പ്പും ത​​ഹ​​സി​​ൽ​​ദാ​​ർ സ​​മ​​ർ​​പ്പി​​ച്ചു. ഭൂ​​മി സം​​ബ​​ന്ധി​​ച്ച കേ​​സി​​ൽ അ​​പ്പീ​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ടെ​​ന്നും ഗ്രാ​​മ​പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു. നാ​​ഗ​​നി​​ൽ​​നി​​ന്ന് ഭൂ​​മി വാ​​ങ്ങി​​യ​​ത് ക​​ന്ത​​സാ​​മി ബോ​​യ​​ൻ ആ​​ണ്. പി​​ന്നീ​​ട് കെ.​​വി. മാ​​ത്യു വാ​​ങ്ങി. അ​​വ​​സാ​​ന​​മാ​​ണ് ഈ ​​ഭൂ​​മി ജോ​​സ​​ഫ് കു​​ര്യ​​ൻ തീ​​റ് വാ​​ങ്ങി​​യ​​ത്. ഈ ​​സ്ഥ​​ല​​ത്തി​​നെ​​തി​​രെ ഫ​​യ​​ൽ​ചെ​​യ്ത അ​​പ്പീ​​ൽ സ്ഥ​​ല ഉ​​ട​​മ​​ക്കോ ഡീ​​ല​​ർ​​ക്കോ അ​​തു​​മൂ​​ലം ക​​മ്പ​​നി​​ക്കോ എ​​തി​​രാ​​കു​​ന്ന​പ​​ക്ഷം പൂ​​ർ​​ണ ഉ​​ത്ത​​ര​​വാ​​ദി​​ത്തം അ​​പേ​​ക്ഷ​​ക​​നാ​​യി​​രി​​ക്കു​​മെ​​ന്ന് ജോ​​സ​​ഫ് കു​​ര്യ​​ൻ 2022 ഫെ​​ബ്രു​​വ​​രി 17ന് ​​സ​​ത്യ​​വാ​​ങ്മൂ​​ലം ന​​ൽ​​കി.

സം​​സ്ഥാ​​ന മ​​ലി​​നീ​​ക​​ര​​ണ ബോ​​ർ​​ഡും അ​​നു​​മ​​തി​​പ​​ത്രം ന​​ൽ​​കി. വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ നി​​രാ​​ക്ഷേ​​പ പ​​ത്രം ഹാ​​ജ​​രാ​​ക്കി​​യ​​തി​​നാ​​ൽ ടി.​​എ​​ൽ.​​എ ഹ​​ര​​ജി​​യു​​ടെ അ​​ന്തി​​മ ഉ​​ത്ത​​ര​​വി​​ന് വി​​ധേ​​യ​​മാ​​യി​​രി​​ക്കും എ​​ന്ന വ്യ​​വ​​സ്ഥ​​യോ​​ടെ​​യാ​​ണ് പാ​​ല​​ക്കാ​​ട് ജി​​ല്ല മ​​ജി​​സ്ട്രേ​​റ്റ് അ​​നു​​മ​​തി ന​​ൽ​​കി​​യ​​ത്. എ​​ന്നാ​​ൽ, ഭൂ​​മി ത​​ന്റെ കൈ​​വ​​ശ​​മാ​​ണെ​​ന്നും ന​ാ​ഞ്ചി​​യ​​മ്മ ഭൂ​​മി​​ക്കു​​മേ​​ൽ അ​​വ​​കാ​​ശം ഉ​​ന്ന​​യി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ജോ​​സ​​ഫ് കു​​ര്യ​​ൻ 'മാ​​ധ്യ​​മ​'​ത്തോ​​ട് പ​​റ​​ഞ്ഞു. ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ ഭൂ​​മി അ​​ന്യാ​​ധീ​​ന​​പ്പെ​​ട്ട​​ത് സം​​ബ​​ന്ധി​​ച്ച് മാ​​ധ്യ​​മ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​ത് തെ​​റ്റാ​​യ വാ​​ർ​​ത്ത​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം സൂ​​ചി​​പ്പി​​ച്ചു. അ​​തേ​​സ​​മ​​യം, സ​​ബ് ക​​ല​​ക്ട​​റു​​ടെ ഉ​​ത്ത​​ര​​വി​​നെ​​തി​​രെ നാ​​ഗ​ന്റെ അ​​വ​​കാ​​ശി​​ക​​ൾ പാ​​ല​​ക്കാ​​ട് ക​​ല​​ക്ട​​ർ​​ക്ക് സ​​മ​​ർ​​പ്പി​​ച്ച അ​​പ്പീ​​ൽ ഹ​​ര​​ജി​​മേ​​ൽ ന​​ട​​പ​​ടി​​ക​​ൾ തു​​ട​​രു​​ക​​യാ​​ണെ​​ന്നാ​ണ് നി​​യ​​മ​​സ​​ഭ​​യി​​ൽ മ​​ന്ത്രി കെ.​ ​രാ​​ജ​​ൻ അ​​റി​​യി​​ച്ച​​ത്. നി​​യ​​മ​​സ​​ഭ​​യി​​ൽ​​നി​​ന്ന് ഇ​​ക്കാ​​ര്യ​​വും മ​​റ​​ച്ചു​​വെ​​ച്ചു.

റ​​വ​​ന്യൂ മ​​ന്ത്രി​​യെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ച്ച​​ത് ആ​​ര്?

ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ ഭൂ​​മി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് റ​​വ​​ന്യൂ മ​​ന്ത്രി കെ. ​​രാ​​ജ​​നെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ച്ചു​​വെ​​ന്നാ​​ണ് അദ്ദേഹത്തിന്റെ നിയമസഭാ മ​​റു​​പ​​ടി വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. ഭൂ​​മി​​ക്കു​​മേ​​ൽ അ​​വ​​കാ​​ശ​​വാ​​ദം ഉ​​ന്ന​​യി​​ച്ച ജോ​​സ​​ഫ് കു​​ര്യ​​ന് ഈ ​​ഭൂ​​മി​​യി​​ൽ പെ​​ട്രോ​​ൾ പ​​മ്പ് ന​​ട​​ത്തു​​ന്ന​​തി​​ന് അ​​നു​​കൂ​​ല​​മാ​​യി മ​​ണ്ണാ​​ർ​​ക്കാ​​ട് ത​​ഹ​​സി​​ൽ​​ദാ​​ർ, പാ​​ല​​ക്കാ​​ട് ജി​​ല്ല പൊ​​ലീ​​സ് മേ​​ധാ​​വി, റീ​​ജ​ന​ൽ ഓ​​ഫി​​സ​​ർ, പാ​​ല​​ക്കാ​​ട് ഫ​​യ​​ർ ആ​​ൻ​​ഡ് റെ​സ്ക്യൂ സ​​ർ​​വി​​സ​​സ്, അ​​ഗ​​ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി എ​​ന്നി​​വ​​ർ റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യെ​​ന്ന കാ​​ര്യം നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചി​​ല്ല.

ഭൂ​​മി സം​​ബ​​ന്ധി​​ച്ച ടി.​​എ​​ൽ.​​എ കേ​​സി​​ൽ ഒ​​റ്റ​​പ്പാ​​ലം സ​​ബ് ക​​ല​​ക്ട​​റു​​ടെ 2020 ഫെ​​ബ്രു​​വ​​രി 28ലെ ​​ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം 1.40 ഏ​​ക്ക​​ർ ഭൂ​​മി ല​​ഭി​​ച്ച​​ത് ക​​ന്ത​​സാ​​മി ബോ​​യ​​ന്റെ അ​​വ​​കാ​​ശി​​ക​​ൾ​​ക്കാ​​ണ്. എ​​ന്നാ​​ൽ, രേ​​ഖ​​ക​​ൾ​പ്ര​​കാ​​രം ഇ​​തേ ഭൂ​​മി​​യി​​ൽ പെ​​ട്രോ​​ൾ പ​​മ്പ് തു​​ട​​ങ്ങു​​ന്ന​​തി​​ന് ജോ​​സ​​ഫ് കു​​ര്യ​​ന് ഫ​​യ​​ർ ആ​​ൻ​​ഡ് റെ​​സ്ക്യൂ സ​​ർ​​വി​​സ​​സ് റീ​​ജ​​ന​​ൽ ഓ​​ഫി​​സ​​ർ 2019 ഡി​​സം​​ബ​​ർ 15ന് ​​റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കിയിട്ടുണ്ട്. സ​​ബ് ക​​ല​​ക്ട​​റു​​ടെ ഉ​​ത്ത​​ര​​വി​​ന് ഏ​​ക​​ദേ​​ശം ര​​ണ്ട​​ര​​മാ​​സം മു​​മ്പാ​​ണി​​ത്. ജി​​ല്ല പൊ​​ലീ​​സ് മേ​​ധാ​​വി 2020 ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​നാ​​ണ് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യ​​ത്; സ​​ബ് ക​​ല​​ക്ട​​റു​​ടെ ഉ​​ത്ത​​ര​​വി​​ന് ഏ​​താ​​ണ്ട് 26 ദി​​വ​​സം മു​​മ്പ്.

സ​​ബ് ക​​ല​​ക്ട​​ർ ഉ​​ത്ത​​ര​​വ് ന​​ൽ​​കി 12ാം ദി​​വ​​സം മ​​ണ്ണാ​​ർ​​ക്കാ​​ട് ത​​ഹ​​സി​​ൽ​​ദാ​​ർ (2020 മാ​​ർ​​ച്ച് 12ന്) ​​പെ​​ട്രോ​​ൾ പ​​മ്പ് തു​​ട​​ങ്ങു​​ന്ന​​തി​​ന് അ​​നു​​കൂ​​ല​​മാ​​യി റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യി​​രു​​ന്നു. ഒ​​റ്റ​​പ്പാ​​ലം സ​​ബ് ക​​ല​​ക്ട​​ർ ജോ​​സ​​ഫി​​ന് അ​​നു​​കൂ​​ല​​മാ​​യി ഉ​​ത്ത​​ര​​വാ​​യ​​തി​​ന്റെ പ​​ക​​ർ​​പ്പ് സ​​ഹി​​തം റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യെ​​ന്നാ​​ണ് രേ​​ഖ. അ​​ഗ​​ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ​സ​​മി​​തി​​യു​​ടെ തീ​​രു​​മാ​​ന​​പ്ര​​കാ​​രം സെ​​ക്ര​​ട്ട​​റി 2021 ഒ​​ക്ടോ​​ബ​​ർ ഒ​​ന്നി​​ന് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യ​​പ്പോ​​ൾ ടി.​​

എ​​ൽ.​​എ കേ​​സി​​ൽ അ​​പ്പീ​​ലു​​ള്ള സ്ഥ​​ല​​മാ​​ണെ​​ന്ന് രേ​​ഖ​​പ്പെ​​ടു​​ത്തി. പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് നി​​ര​​ത്ത് വി​​ഭാ​​ഗം എ​​ക്സി​​ക്യൂ​​ട്ടി​വ് എ​​ൻ​ജി​നീ​​യ​​റു​​ടെ കാ​​ര്യാ​​ല​​യം സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശം അ​​നു​​സ​​രി​​ച്ചു​​ള്ള മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​ത്ത​​തി​​നാ​​ൽ നി​​രാ​​ക്ഷേ​​പ പ​​ത്രം അ​​നു​​വ​​ദി​​ക്കാ​​ൻ ആ​​ദ്യം ത​​യാ​​റാ​​യി​​ല്ല. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഹൈ​​കോ​​ട​​തി​​യി​​ൽ​​നി​​ന്ന് 2021 ആ​​ഗ​​സ്റ്റ് അ​​ഞ്ചി​​ന് ഉ​​ത്ത​​ര​​വ് സ​​മ്പാ​​ദി​​ച്ചു. തു​​ട​​ർ​​ന്ന് 2021 ഒ​​ക്ടോ​​ബ​​ർ ഏ​​ഴി​​ന് ക​​ത്ത് ന​​ൽ​​കി. 2021 ന​​വം​​ബ​​ർ 10ന് ​​സം​​സ്ഥാ​​ന മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ ബോ​​ർ​​ഡ് 2026 ന​​വം​​ബ​​ർ ഒ​​മ്പ​​തുവ​​രെ​​യു​​ള്ള അ​​നു​​മ​​തി പ​​ത്ര​​മാ​​ണ് ന​​ൽ​​കി​​യ​​ത്. ഇ​​ത്ര​​യും അ​​നു​​മ​​തി പ​​ത്ര​​ങ്ങ​​ളു​​ടെ, റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് പാ​​ല​​ക്കാ​​ട് അ​​ഡീ​​ഷ​​ന​​ൽ ജി​​ല്ല മ​​ജി​​സ്ട്രേ​​റ്റി​​ൽ​നി​​ന്ന് 2022 ജൂ​​ലൈ ഏ​​ഴി​​ന് ജോ​​സ​​ഫ് കു​​ര്യ​​ൻ ഉ​​ത്ത​​ര​​വ് നേ​​ടി​​യ​​ത്. പെ​​ട്രോ​​ൾ പ​​മ്പി​​ന് നി​​ലമൊ​​രു​​ക്കാ​​ൻ ത​​യാ​​റെ​​ടു​​ക്കു​​മ്പോ​​ഴാ​​ണ് ജൂ​​ലൈ 22ന് ​​ന​ാ​ഞ്ചി​​യ​​മ്മ​​ക്ക് ദേ​​ശീ​​യ അ​​വാ​​ർ​​ഡ് ല​​ഭി​​ച്ച​​ത്. ടി.​​എ​​ൽ.​​എ കേ​​സി​​ലെ അ​​പ്പീ​​ൽ നി​​ല​​നി​​ൽ​​ക്ക​​വേ എ​​ങ്ങ​​നെ​​യാ​​ണ് എ​​ല്ലാ ഓ​​ഫി​​സു​​ക​​ളി​​ൽ​​നി​​ന്നും അ​​നു​​മ​​തി​​പ​​ത്രം ല​​ഭി​​ച്ച​​തെ​​ന്ന​​ത് ആ​​ശ്ച​​ര്യ​​ക​​ര​​മാ​​ണ്. നി​​യ​​മ​​സ​​ഭ​​യി​​ൽ​​നി​​ന്ന് ഇ​​തെ​​ല്ലാം മ​​റ​​ച്ചു​​പി​​ടി​​ക്കാ​​നും റ​​വ​​ന്യൂ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് ക​​ഴി​​ഞ്ഞു.

അ​​വാ​​ർ​​ഡ് കി​​ട്ടി ഏ​​താ​​നും ദി​​വ​​സം ക​​ഴി​​ഞ്ഞ​​പ്പോ​​ൾ ഭൂ​​മി​​യി​​ലെ കാ​​ടു​ വെ​​ട്ടി​​ത്തെ​​ളി​​ക്കാ​​ൻ ജോ​​സ​​ഫ് കു​​ര്യ​​ൻ എ​​ത്തി. ഊ​​രി​​ലെ സ്ത്രീ​​ക​​ൾ എ​​തി​​ർ​​ക്കാ​​ൻ എ​​ത്തി​​യ​​തോ​​ടെ​​യാ​​ണ് വി​​വ​​രം പു​​റം​​ലോ​​കം അ​​റി​​യു​​ന്ന​​ത്. ജോ​​സ​​ഫ് കു​​ര്യ​​ൻ അ​​ട്ട​​പ്പാ​​ടി​​യി​​ൽ പ​​ല​​യി​​ട​​ത്തും ഭൂ​​മി കൈ​​യേ​​റ്റം ന​​ട​​ത്തി​​യെ​​ന്നും ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് ലാ​​ൻ​​ഡ് റ​​വ​​ന്യൂ ക​​മീ​​ഷ​​ണ​​ർ​​ക്കും റ​​വ​​ന്യൂ അ​​ഡീ​​ഷ​​ന​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ഡോ.​ ​എ.​ ജ​​യ​​തി​​ല​​കി​​നും പ​​രാ​​തി അ​​യ​​ച്ചു. അ​​ട്ട​​പ്പാ​​ടി​​യി​​ൽ ആ​​ദി​​വാ​​സി​​ക​​ളു​​ടെ ഭൂ​​മി​​ക്ക് വ്യാ​​ജ​​രേ​​ഖ​​യു​​ണ്ടാ​​ക്കി വ​​ൻ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ​​തി​​നെ​​ക്കു​​റി​​ച്ച് ഉ​​ന്ന​​ത​​ത​​ല സ​മി​തി അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് എം. ​​സു​​കു​​മാ​​ര​​നാ​​ണ് പ​​രാ​​തി ന​​ൽ​​കി​​യ​​ത്.

കാ​​റ്റാ​​ടി ക​​മ്പ​​നി ന​​ല്ല​​ശി​​ങ്ക​​യി​​ൽ വ​​ൻ​​തോ​​തി​​ൽ ആ​​ദി​​വാ​​സി ഭൂ​​മി കൈ​​യേ​​റി​​യ​​പ്പോ​​ഴും സ​​ർ​​ക്കാ​​റി​​ന് പ​​രാ​​തി ന​​ൽ​​കി​​യ​​ത് സു​​കു​​മാ​​ര​​നാ​​ണ്. പ​​രാ​​തി​​യി​​ൽ മു​​ൻ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യാ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​യ​ത്. 'അ​​ഹാ​​ർ​​ഡ്സി​​'ലെ ഉ​​ദ്യോ​​ഗ​സ്ഥ​​ർ ഉ​​ൾ​​പ്പെ​​ടെ ആ​​ദി​​വാ​​സി ഭൂ​​മി​​ക്ക് വ്യാ​​ജ​​രേ​​ഖ​​യു​​ണ്ടാ​​ക്കി ത​​ട്ടി​​പ്പ് ന​​ട​​ത്തു​​ന്ന​​തി​​ൽ പ്ര​​ധാ​​ന പ​​ങ്കു​​വ​​ഹി​​ച്ചു​​വെ​​ന്ന് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി. എ​​ന്നാ​​ൽ, റി​​പ്പോ​​ർ​​ട്ടി​​ലെ ശി​​പാ​​ർ​​ശ​​ക​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന് സ​​ർ​​ക്കാ​​ർ ഇ​​റ​​ക്കി​​യ ഉ​​ത്ത​​ര​​വ് കു​​പ്പ​​ത്തൊ​​ട്ടി​​യി​​ലാ​​യി. അ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി വി​​ളി​​ച്ച യോ​​ഗ​​ത്തി​​ൽ അ​​ട്ട​​പ്പാ​​ടി​​യി​​ൽ​​നി​​ന്ന് പ​​ങ്കെ​​ടു​​ത്ത​​ത് സു​​കു​​മാ​​ര​​നാ​​യി​​രു​​ന്നു. ആ​​ദി​​വാ​​സി​​ക​​ൾ​ക്കൊ​​പ്പം നി​​ൽ​​ക്കു​ന്ന സു​​കു​​മാ​​ര​​നെ​​യാ​​ണ് ന​ാ​ഞ്ചി​​യ​​മ്മ ഭൂ​​മി​ കേ​​സ് ഏ​​ൽ​​പി​​ച്ച​​ത്. കാ​​ര​​ണം, ജോ​​സ​​ഫ് കു​​ര്യ​​ൻ ഹൈ​​കോ​​ട​​തി​​യി​​ൽ ന​ൽ​​കി​​യ ഹ​​ര​​ജി​​യി​​ൽ ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ ബ​​ന്ധു​​ക്ക​​ളോ​​ടൊ​​പ്പം സു​​കു​​മാ​​ര​​നെ എ​​തി​​ർ​ക​​ക്ഷി​​യാ​​യി ചേ​​ർ​​ത്തി​​രു​​ന്നു. അ​​ട്ട​​പ്പാ​​ടി​​യി​​ൽ എ​​ൺ​​പ​​തി​​ല​​ധി​​കം വ്യാ​​ജ ആ​​ധാ​​ര​​ങ്ങ​​ളി​​ലൂ​​ടെ ആ​​ദി​​വാ​​സി ഭൂ​​മി കൈ​​യേ​​റി​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് പ​​രാ​​തി​​യി​​ൽ ആ​​രോ​​പി​​ക്കു​​ന്ന​​ത്. അ​​ഗ​​ളി വി​​ല്ലേ​​ജി​​ലെ നെ​​ല്ലി​​പ​​തി സ്വ​​ദേ​​ശി നി​​ര​​പ്പ​​ത്ത് ജോ​​സ​​ഫ് കു​​ര്യ​​ൻ 20 ഏ​​ക്ക​​ർ ഭൂ​​മി​​ക്ക് വ്യാ​​ജ​​രേ​​ഖ​​യു​​ണ്ടാ​​ക്കി ത​​ട്ടി​​യെ​​ടു​​ത്ത​​തി​​ന്റെ തെ​​ളി​​വു​​ക​​ളും പ​​രാ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

അ​​ഗ​​ളി മു​​ൻ വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ​​ക്കും അ​​ട്ട​​പ്പാ​​ടി ത​​ഹ​​സി​​ൽ​​ദാ​​ർ​​ക്കും നേ​​രി​​ട്ട് അ​​റി​​വു​​ണ്ടാ​​യി​​ട്ടും ഭൂ​​മി ത​​ട്ടി​​പ്പി​​നെ​​തി​​രെ ഇ​​രു​​വ​​രും ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. ഫ​​ല​​ത്തി​​ൽ റ​​വ​​ന്യൂ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഭൂ​​മി കൈ​​യേ​​റ്റ​​ക്കാ​​രെ സ​​ഹാ​​യി​​ക്കു​​ക​​യാ​​ണ്. ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ കു​​ടും​​ബ​ഭൂ​​മി​​യി​​ൽ ടി.​​എ​​ൽ.​​എ കേ​​സ് നി​​ല​​വി​​ലു​​ണ്ടാ​​യി​​രു​​ന്നി​​ട്ടും കെ.​​വി.​ മാ​​ത്യു​​വും ജോ​​സ​​ഫ് കു​​ര്യ​​നും രേ​​ഖ​​ക​​ളു​​ണ്ടാ​​ക്കി. അ​​ഗ​​ളി വി​​ല്ലേ​​ജി​​ൽ നാ​​യ​​ക്ക​​ൻ പാ​​ടി​​യി​​ൽ ജി.​​പി. ശെ​​ൽ​​വ​​രാ​​ജി​​ൽ​നി​​ന്നും ര​​ജി​​സ്ട്രേ​​ഷ​​ൻ വ​​ഴി 20 ഏ​​ക്ക​​റോ​​ളം ഭൂ​​മി​​യും ജോ​​സ​​ഫ് കു​​ര്യ​​ൻ സ്വ​​ന്ത​​മാ​​ക്കി. അ​​ട്ട​​പ്പാ​​ടി​​യി​​ലെ മ​​റ്റ് വി​​ല്ലേ​​ജു​​ക​​ളി​​ലും സ​​മാ​​ന​​രീ​​തി​​യി​​ൽ വ്യാ​​ജ​​രേ​​ഖ​​യു​​ണ്ടാ​​ക്കി ഭൂ​​മി ജോ​​സ​​ഫ് കു​​ര്യ​​ൻ സ്വ​​ന്ത​​മാ​​ക്കി​​യെ​​ന്നാ​​ണ് ആ​​രോ​​പ​​ണം.

ശെ​​ൽ​​വ​​രാ​​ജി​​ന് ലാ​​ൻ​​ഡ് ബോ​​ർ​​ഡ് അ​​നു​​വ​​ദി​​ച്ച​​ത് വ്യ​​ക്തി​​യെ​​ന്ന നി​​ല​യി​​ൽ ഏ​​ഴ​​ര ഏ​​ക്ക​​ർ ഭൂ​​മി​​യാ​​ണ്. അ​​യാ​​ൾ​​ക്ക് 13 ഏ​​ക്ക​​ർ ഭൂ​​മി​​യു​​ണ്ടെ​​ന്നാ​​ണ് ലാ​​ൻ​​ഡ് ബോ​​ർ​​ഡി​​ൽ ന​​ൽ​​കി​​യ രേ​​ഖ. ബാ​​ക്കി​​യു​​ള്ള അ​​ഞ്ച​​ര ഏ​​ക്ക​​ർ മി​​ച്ച​​ഭൂ​​മി​​യാ​​യി റ​​വ​​ന്യൂ​​ വ​​കു​​പ്പ് ഏ​​റ്റെ​​ടു​​ത്ത് അ​​ഞ്ച് ആ​​ദി​​വാ​​സി​​ക​​ൾ​​ക്ക് വി​​ത​​ര​​ണം ചെ​​യ്ത​​താ​​ണ്. ആ ​​ഭൂ​​മി​​ക്ക് നി​​കു​​തി അ​​ട​​ച്ചു​​കി​​ട്ടാ​​നാ​​ണ് ഹൈ​​കോ​​ട​​തി​​യി​​ൽ ജോ​​സ​​ഫ് കു​​ര്യ​​ൻ പ​​രാ​​തി ന​​ൽ​​കി​​യ​​ത്. വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ​​മാ​​രെ​​യും ത​​ഹ​​സി​​ൽ​​ദാ​​റെ​​യും സ്വാ​​ധീ​​നി​​ച്ച് അ​​നു​​കൂ​​ല റി​​പ്പോ​​ർ​​ട്ടു​​ക​​ളും രേ​​ഖ​​ക​​ളും ത​​യാ​​റാ​​ക്കി​​യാ​​ണ് കു​​ര്യ​​ൻ ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ന്ന​​ത്. അ​​ങ്ങ​​നെ കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ ര​​ണ്ട് കേ​​സു​​ക​​ളും പ​​രാ​​തി​​യി​​ൽ തെ​​ളി​​വാ​​യി ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു​​ണ്ട്. കോ​​ട​​തി​​യി​​ൽ​നി​​ന്ന് അ​​നു​​കൂ​​ല ഉ​​ത്ത​​ര​​വു​​മാ​​യി പൊ​​ലീ​​സി​​നെ സ​​മീ​​പി​​ക്കും. പൊ​​ലീ​​സ് സം​​ര​​ക്ഷ​​ണം ന​​ൽ​​കാ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ നി​​ർ​​ബ​​ന്ധി​​ത​​രാ​​വും. അ​​തു​​വ​​ഴി ഏ​​ക്ക​​ർ​​ക​​ണ​​ക്കി​​ന് ഭൂ​​മി​​യി​​ൽ കൈ​​യേ​​റ്റം ന​​ട​​ത്തി മ​​റി​​ച്ചു​​വി​​റ്റു​​വെ​​ന്നാ​​ണ് പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്ന​​ത്. അ​​ട്ട​​പ്പാ​​ടി​​യി​​ൽ 80ല​​ധി​​കം ആ​​ധാ​​ര​​ങ്ങ​​ളി​​ലാ​​യി ഒ​​രാ​​ളു​​ടെ പേ​​രി​​ൽ ക്ര​​യ​​വി​​ക്ര​​യം ന​​ട​​ന്നു​​വെ​​ന്നാ​​ണ് അ​​റി​​വ്.

നാഞ്ചിയമ്മയുടെ വീട്

ഭൂ​​മി കൈ​​മാ​​റ്റ​​ത്തെ ത​​ട​​ഞ്ഞ് ആ​​ർ.​​ഡി.​​ഒ

1995 ഒ​​ക്ടോ​​ബ​​ർ 11ന് ​​ആ​​ർ.​​ഡി.​​ഒ​​യു​​ടെ ഉ​​ത്ത​​ര​​വി​​ലൂ​​ടെ നാ​​ഗ​​മൂ​​പ്പ​​ന് ഭൂ​​മി തി​​രി​​ച്ചു​​കി​​ട്ടി​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ കു​​ടും​​ബം ഭൂ​​മി​​യി​​ൽ കാ​​വ​​ൽ​ചാ​​ള നി​​ർ​​മി​​ച്ച് കൃ​​ഷി ചെ​​യ്തു. എ​​ന്നാ​​ൽ, 2007 ജൂ​​ലൈ 19ന് ​​ഈ ഭൂ​​മി​​യി​​ൽ​നി​​ന്ന് ഒ​​ഴി​​ഞ്ഞു​​പോ​​ക​​ണ​​മെ​​ന്ന് അ​​ഗ​​ളി വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ നാ​​ഗ​​മൂ​​പ്പ​​ന്റെ മ​​ക​​ൻ ന​​ഞ്ച​​ന് ക​​ത്ത് ന​​ൽ​​കി.

കാ​​ര​​ണം, മി​​ച്ച​​ഭൂ​​മി​​യാ​​യി താ​​ലൂ​​ക്ക് ലാ​​ൻ​​ഡ് ബോ​​ർ​​ഡ് ക​​ന്ത​​സാ​​മി​​യി​​ൽ​​നി​​ന്ന് ഏ​​റ്റെ​​ടു​​ത്ത ഭൂ​​മി​​യാ​​ണ​​ത്. ഭൂ​​മി​​യി​​ൽ അ​​ന​​ധി​​കൃ​​ത​​മാ​​യി പ്ര​​വേ​​ശി​​ച്ച് കു​​ടി​​ൽ​​കെ​​ട്ടി കൃ​​ഷി​​പ്പ​​ണി​​ക​​ൾ ചെ​​യ്യു​​ന്നു​​വെ​​ന്നു കാ​​ണി​​ച്ച് ന​​ഞ്ച​​നും കു​​ടും​​ബ​​വും കു​​ടി​​യൊ​​ഴി​​യ​​ണ​​മെ​​ന്ന് നോ​​ട്ടി​സ് ന​​ൽ​​കി. ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ കു​​ടും​​ബം ഒ​​ഴി​​ഞ്ഞുപോ​​യി​​ല്ല. ഈ ​​നോ​​ട്ടീസ് വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത് ഭൂ​​മി നാ​​ഞ്ചി​​യ​​മ്മ​​യു​​ടെ കു​​ടും​​ബ​​ത്തി​​ന്റെ കൈ​​വ​​ശ​​ത്തി​​ലെ​​ന്നാ​​ണ്. അ​​താ​​ണ് അ​​ട്ട​​പ്പാ​​ടി​​യി​​ലെ റ​​വ​​ന്യൂ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ത​​ന്ത്ര​​പ​​ര​​മാ​​യ നീ​​ക്കം.

ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ കു​​ടും​​ബ​ഭൂ​​മി കൈ​​മാ​​റ്റം ചെ​​യ്യു​​ന്ന​​തി​​നെ ഒ​​റ്റ​​പ്പാ​​ലം ആ​​ർ.​​ഡി.​​ഒ 2014ൽ ​​ത​​ട​​ഞ്ഞി​​രു​​ന്നു. നാ​​ഗ​​ന്റെ നാ​​ലേ​​ക്ക​​ർ ഭൂ​​മി​​യി​​ൽ അ​​ന​​ധി​​കൃ​​ത കൈ​​മാ​​റ്റ​​വും നി​​ർ​​മാ​​ണ​​വും ന​​ട​​ത്തു​​ന്ന​​താ​​യി പ​​രാ​​തി ല​​ഭി​​ച്ച​​തി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ആ​​ർ.​​ഡി.​​ഒ ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​ത്. 1999ലെ ​​പ​​ട്ടി​​ക​​വ​​ർ​​ഗ ഭൂ​​മി (കൈ​​മാ​​റ്റ നി​​യ​​ന്ത്ര​​ണ​​വും പു​​ന​​ര​​വ​​കാ​​ശ സ്ഥാ​​പ​​ന​​വും) നി​​യ​​മ​​പ്ര​​കാ​​ര​​മാ​​ണ് കേ​​സ് എ​​ടു​​ത്ത​​ത്. ആ ​​കേ​​സ് തീ​​ർ​​പ്പാ​​കു​​ന്ന​​തു​​വ​​രെ ഈ ​​ഭൂ​​മി​​യി​​ൽ നി​​ർ​​മാ​​ണം അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്ന് ഉ​​ത്ത​​ര​​വി​​ൽ വ്യ​​ക്ത​​മാ​​ക്കി. ഭൂ​​മി കൈ​​മാ​​റാ​​ൻ വ​​ഴി​​യൊ​​രു​​ക്കു​​ന്ന രീ​​തി​​യി​​ൽ നി​​കു​​തി സ്വീ​​ക​​രി​​ക്കു​​ക​​യോ കൈ​​വ​​ശം അ​​നു​​വ​​ദി​​ക്കു​​ക​​യോ ചെ​​യ്യു​​ന്നി​​ല്ലെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണ​​മെ​​ന്നും അ​​ഗ​​ളി വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി. അ​​ട്ട​​പ്പാ​​ടി ഐ.​​ടി.​​ഡി.​​പി ഓ​​ഫി​​സ​​ർ​​ക്കും ഉ​​ത്ത​​ര​​വി​​ന്റെ പ​​ക​​ർ​​പ്പ് അ​​യ​​ച്ചു. ഈ ​​ഉ​​ത്ത​​ര​​വ് നി​​ല​​നി​​ൽ​​ക്ക​​വേ​​യാ​​ണ് 2017ൽ ​​കെ.​​വി. മാ​​ത്യു​​വി​​ന് ഭൂ​​മി വ​ി​ൽ​​പ​​ന ന​​ട​​ത്തി​​യ​​ത്. അ​​തി​​ന് ര​​ജി​​സ്ട്രേ​​ഷ​​ൻ ഓ​​ഫി​​സി​​ൽ ഹാ​​ജ​​രാ​​ക്കാ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ ന​​ൽ​​കി. തു​​ട​​ർ​​ന്നാ​​ണ് ജോ​​സ​​ഫ് കു​​ര്യ​​ന് 50 സെ​​ന്റ് വി​​ൽ​​പ​ന ന​​ട​​ത്തി​​യ​​ത്.

അ​​ഗ​​ളി വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ 2017 ഡി​​സം​​ബ​​റി​​ൽ സ​​ബ് ര​​ജി​​സ്ട്രാ​​ർ​​ക്ക് ഭൂ​​മി ര​​ജി​​സ്ട്രേ​​ഷ​​ന് കൈ​​വ​​ശ​​രേ​​ഖ ന​​ൽ​​കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് ന​​ൽ​​കി​​യ ക​​ത്ത് അ​​തി​​നേ​​ക്കാ​​ൾ ര​​സ​​ക​​ര​​മാ​​ണ്. വി​​ല്ലേ​​ജ് രേ​​ഖ​​ക​​ൾ പ്ര​​കാ​​രം സ്ഥ​​ല​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. അ​​ഗ​​ളി എ​​സ്.​​ആ​​ർ.​​ഒ​​യി​​ലെ പ​​ട്ട​​യ​​ഭാ​​ഗ​​പ​​ത്രം ജ​​ന്മ​​ംതീ​​റാ​​ധാ​​ര പ്ര​​കാ​​രം 1.40 ഏ​​ക്ക​​ർ ഭൂ​​മി​​ ക​​ല്ലു​​വേ​​ലി​​ൽ കെ.​​വി. മാ​​ത്യു​​വി​​ന് ല​​ഭി​​ച്ചു. ഭൂ​​മി മാ​​ത്യു കൈ​​വ​​ശം വെ​​ച്ച് ക​​ര​​മൊ​​ടു​​ക്കി വ​​രു​​ന്ന​​താ​​ണ്. വി​​ല്ലേ​​ജ് രേ​​ഖ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ച​​തി​​ൽ ഈ ​​വ​​സ്തു ആ​​ദി​​വാ​​സി ഭൂ​​മി, വ​​ന​​ഭൂ​​മി, മി​​ച്ച​​ഭൂ​​മി, സ​​ർ​​ക്കാ​​ർ പു​​റ​​മ്പോ​​ക്ക് എ​​ന്നി​​വ​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​ത​​ല്ലെ​​ന്ന് വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ റി​​പ്പോ​​ർ​​ട്ട് എ​​ഴു​​തി. ആ​​ർ.​​ഡി.​​ഒ​​യു​​ടെ നി​​ർ​​ദേ​​ശം ലം​​ഘി​​ച്ചാ​​ണ് ടി.​​എ​​ൽ.​​എ കേ​​സി​​ൽ ഉ​​ൾ​​പ്പെ​​ട്ട് സ്ഥ​​ലം ആ​​ദി​​വാ​​സി ഭൂ​​മി​​യ​​ല്ലെ​​ന്ന് ക​​ത്ത് ന​​ൽ​​കി​​യ​​ത്.

മാ​​രി​​മു​​ത്തു​​വി​​നെ ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്ന് ക​​ല​​ക്ട​​ർ

ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ കു​​ടും​​ബ​ഭൂ​​മി ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ൽ മാ​​രി​​മു​​ത്തു​​വി​​നെ ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്ന് പാ​​ല​​ക്കാ​​ട് ക​​ല​​ക്ട​​റു​​ടെ നി​​ർ​​ദേ​​ശം. ന​ാ​ഞ്ചി​​യ​​മ്മ അ​​ട​​ക്ക​​മു​​ള്ള ഭൂ​​മി​​യു​​ടെ അ​​വ​​കാ​​ശി​​ക​​ൾ ന​​ൽ​​കി​​യ അ​​പ്പീ​​ലി​​ൽ 2022 ആ​​ഗ​​സ്റ്റ് 10ന് ​​ക​​ല​​ക്ട​​ർ ആ​​ദ്യ ഹി​​യ​​റി​​ങ് ന​​ട​​ത്തി. ക​​ന്ത​​സാ​​മി ബോ​​യ​​നി​​ൽ​​നി​​ന്ന് ഭൂ​​മി ല​​ഭി​​ച്ചു​​വെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത് മാ​​രി​​മു​​ത്തു​​വാ​​ണ്.

ആ​​ദി​​വാ​​സി​​ക​​ളെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ക​യാ​​ണ് കൈ​​യേ​​റ്റ​​ക്കാ​​ർ ചെ​​യ്ത​​ത്. ആ​​ദി​​വാ​​സി​​ക​​ൾ​​ക്ക് നി​​യ​​മ​​ത്തെ​​ക്കു​​റി​​ച്ച് അ​​റി​​വി​​ല്ലാ​​ത്ത​​തി​​നാ​​ൽ അ​​തി​​നെ ചോ​​ദ്യം​ചെ​​യ്യാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. ഒ​​റ്റ​​പ്പാ​​ലം സ​​ബ് ക​​ല​​ക്ട​​റു​​ടെ ഉ​​ത്ത​​ര​​വ് പ്ര​​കാ​​ര​​മാ​​ണ് ക​​ന്ത​​സാ​​മി​​യു​​ടെ അ​​വ​​കാ​​ശി​​ക​​ൾ​​ക്കാ​ണ് (1999ലെ ​​നി​​യ​​മ​​പ്ര​​കാ​​രം) ഭൂ​​മി അ​​നു​​വ​​ദി​​ച്ച​​ത്.

ടി.​​എ​​ൽ.​​എ കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഭൂ​​മി ത​​ട്ടി​​യെ​​ടു​​ക്കാ​​ൻ ഈ ​​കേ​​സി​​ലെ ഭൂ​​മാ​​ഫി​​യ സം​​ഘം മാ​​ര​ി​മു​​ത്തു​​വി​​നെ അ​​വ​​ത​​രി​​പ്പി​​ച്ച​​താ​​ണോ? നി​​യ​​മ​​പ്ര​കാ​​രം ഈ ​​ഭൂ​​മി​​യി​​ൽ അ​​വ​​കാ​​ശ​​മി​​ല്ലാ​​ത്ത മാ​​രി​​മു​​ത്തു​​വി​​നെ ഉ​​പ​​യോ​​ഗി​​ച്ച് മാ​​ഫി​​യ​​ക​​ൾ ന​​ട​​ത്തി​​യ​​ത് ആ​​ൾ​​മാ​​റാ​​ട്ട​​മാ​​ണോ?

അ​​ട്ട​​പ്പാ​​ടി​​യി​​ലെ റ​​വ​​ന്യൂ-പ​​ട്ടി​​ക​​വ​​ർ​​ഗ-ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രി​​ലേ​​റെ​​േ​പ്പ​രും ഭൂ​​മാ​​ഫി​​യ സം​​ഘ​​ത്തി​​ന്റെ ന​​ല്ല സേ​​വ​​ക​​രാ​​ണ്. 2014 ജൂ​​ൺ മൂ​​ന്നി​​ന് ത​​ർ​​ക്ക​​ഭൂ​​മി കൈ​​മാ​​റ്റം സാ​​ധ്യ​​മാ​​കു​​ന്ന രീ​​തി​​യി​​ൽ നി​​കു​​തി സ്വീ​​ക​​രി​​ക്കു​​ക​​യോ കൈ​​വ​​ശം അ​​നു​​വ​​ദി​​ക്കു​​ക​​യോ ചെ​​യ്യു​​ന്നി​​ല്ലെ​​ന്ന് ഉ​​റ​​പ്പു​വ​​രു​​ത്ത​​ണ​​മെ​​ന്ന് സ​​ബ് ക​​ല​​ക്ട​​റു​​ടെ കാ​​ര്യ​ാ​ല​​യ​​ത്തി​​ൽ​​നി​​ന്ന് അ​​ഗ​​ളി വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​തി​​ന്റെ പ​​ക​​ർ​​പ്പ് ഫ​​യ​ൽ കാ​​ണാ​​നി​​ല്ല. ആ ​​ഉ​​ത്ത​​ര​​വി​​ന്റെ പ​​ക​​ർ​​പ്പ് ന​​ശി​​പ്പി​​ച്ച​​ത് ആ​​ർ​​ക്കു​​വേ​​ണ്ടി​​യാ​​ണ്? ആ​​ദി​​വാ​​സി​​ക​​ൾ ഒ​​രി​​ക്ക​​ലും ഉ​​ത്ത​​ര​​വ് സൂ​​ക്ഷി​​ക്കി​​ല്ലെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വി​​ചാ​​രി​​ച്ചു. അ​​തി​​ന്റെ പ​​ക​​ർ​​പ്പ് ആ​​ദി​​വാ​​സി​​ക​​ൾ സൂ​​ക്ഷി​​ച്ചു​​വെ​​ച്ച​​താ​​ണ് തി​​ര​ി​ച്ച​​ടി​​യാ​​യ​​ത്. ഫ​​യ​​ലി​​ൽ​​നി​​ന്ന് അ​​ത് അ​​പ്ര​​ത്യ​​ക്ഷ​​മാ​​യ​​തി​​നെ ല​​ളി​​ത​​മാ​​യി കാ​​ണാ​​നാ​​വി​​ല്ല.

നാ​​ഗ​​മൂ​​പ്പ​​ന് കു​​മ​​ര​​പ്പ​​ൻ, ന​​ഞ്ച​​ൻ, മ​​ണി​​യ​​ൻ എ​​ന്നീ മൂ​​ന്ന് മ​​ക്ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ആ​​ണു​​ങ്ങ​​ൾ മൂ​​ന്നു​​പേ​​രും മ​​രി​​ച്ചു. കു​​മ​​ര​​പ്പ​​ന്റെ മ​​ക​​ൾ വ​​സ​​ന്ത, ന​​ഞ്ച​​ന്റെ ഭാ​​ര്യ ന​​ാഞ്ചി​​യ​​മ്മ, മ​​ണി​​യ​​ന്റെ ഭാ​​ര്യ മ​​രു​​തി എ​​ന്ന​ി​വ​​രാ​​ണ് ഭൂ​​മി​​ക്കു​​വേ​​ണ്ടി ക​​ല​​ക്ട​​റെ സ​​മീ​​പി​​ച്ച​​ത്. അ​​ഡ്വ. ദി​​നേ​​ശ് അ​​വ​​ർ​​ക്കുവേ​​ണ്ടി ഹാ​​ജ​​രാ​​യി. അ​​ട്ട​​പ്പാ​​ടി​​യി​​ലെ എം.​​ സു​​കു​​മാ​​ര​​ൻ ത​​ങ്ങ​​ൾ​​ക്കുവേ​​ണ്ടി ഹാ​​ജ​​രാ​​യി വി​​വ​​ര​​ങ്ങ​​ൾ സം​​സാ​​രി​​ക്കു​​മെ​​ന്നും അ​​വ​​ർ ക​​ത്ത് ന​​ൽ​​കി.

കൈ​​യേ​​റ്റം തു​​ട​​ർ​​ക്ക​​ഥ​​യാ​​വു​​മ്പോ​​ൾ

അ​​ട്ട​​പ്പാ​​ടി​​യി​​ലെ ആ​​ദി​​വാ​​സി ഭൂ​​മി ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ തു​ച്ഛ​മാ​​യ വി​​ല​​ക്ക് ത​​ട്ടി​​യെ​​ടു​​ക്ക​​ു​ന്ന​തി​ൽ എ​ല്ലാ​വ​രു​മു​ണ്ട്. മു​​ൻ ചീ​​ഫ് സെ​​ക്ര​​ട്ട​​റി രാ​​മ​​ച​​ന്ദ്ര​​ൻ നാ​​യ​​രു​​ടെ വി​​ദ്യാ​​ധി​​രാ​​ജ വി​​ദ്യാ​സ​​മാ​​ജം ട്ര​​സ്റ്റ് വ​​ട്ടി​​ല​​ക്കി​​യ​ി​ൽ 55 ഏ​​ക്ക​​ർ കൈ​​വ​​ശം​വെ​​ച്ചി​​രി​​ക്കു​​ന്നു. അ​​തി​​ൽ ആ​​ദി​​വാ​​സി ഭൂ​​മി​​യു​​ണ്ടെ​​ന്ന് വി​​ല്ലേ​​ജ് രേ​​ഖ​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​ന്നു. മ​​ര​​പ്പാ​​ല​​ത്ത് ആ​​ദി​​വാ​​സി ആ​​റ് ഏ​​ക്ക​​ർ ഭൂ​​മി കൈ​​യേ​​റി​​യ​​ത് ഒ​​റ്റ​​പ്പാ​​ലം സ്വ​​ദേ​​ശി രാ​​മ​​ൻ​​കു​​ട്ടി വാ​​ര്യ​​രാ​​ണ്. കൈ​​യേ​​റ്റം വാ​​ർ​​ത്ത​​യാ​​യ​​പ്പോ​​ൾ വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ പ​​റ​​ഞ്ഞ​​ത് വി​​വ​​രം അ​​റി​​ഞ്ഞി​​ല്ലെ​​ന്നാ​​ണ്. ആ​​ദി​​വാ​​സി​​ക​​ളും കൈ​​യേ​​റ്റ​​ക്കാ​​രുമായി നേ​​ര​​ത്തേ ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ത് വി​​ല്ലേ​​ജ് ഓ​​ഫി​​സ​​റാ​​ണ്. രാ​​മ​​ൻ​​കു​​ട്ടി വാ​​ര്യ​​ർ ഊ​​രി​​ൽ നേ​​രി​​ട്ട് ചെ​​ന്ന് ആ​​ദി​​വാ​​സി​​ക​​ളെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി. വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ പി​​ന്നാ​​ലെ ചെ​​ന്ന് വീ​​ണ്ടും ഭീ​​ഷ​​ണി മു​​ഴ​​ക്കി. 1986ന് ​​മു​​മ്പ് കൈ​​മാ​​റ്റം ചെ​​യ്ത ആ​​ദി​​വാ​​സി ഭൂ​​മി​​യാ​​ണെ​​ന്ന് വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ വാ​​ദി​​ക്കു​​ന്നു. വാ​​ദ​​ത്തി​​നുവേ​​ണ്ടി അ​​ത് അം​​ഗീ​​ക​​രി​​ച്ചാ​​ലും വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ​​ക്ക് 1999ലെ ​​നി​​യ​​മ​​പ്ര​​കാ​​രം തീ​​ർ​​പ്പുക​​ൽ​​പി​​ക്കാ​​ൻ അ​​ധി​​കാ​​ര​​മി​​ല്ല.

ഭൂ​​മി കൈ​​മാ​​റ്റ​​ത്തി​​ന്റെ നാ​​ൾ​​വ​​ഴി

◆ 1962ൽ ​​നാ​​ഗ​​മൂ​​പ്പ​​നി​​ൽ (ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ ഭ​​ർ​​ത്താ​​വി​​ന്റെ അ​​ച്ഛ​​ൻ) നി​​ന്ന് ക​​ന്ത​​സാ​​മി 4.81 ഏ​​ക്ക​​ർ ഭൂ​​മി ത​​ട്ടി​​യെ​​ടു​​ത്തു.
◆ 1975ലെ ​​നി​​യ​​മം നി​​ല​​വി​​ൽ വ​​ന്ന​​പ്പോ​​ൾ ഭൂ​​മി ത​​ട്ടി​​യെ​​ടു​​ത്ത​​താ​​ണെ​​ന്ന് ആ​​ർ.​​ഡി.​​ഒ​​ക്ക് 1987ൽ ​​പ​​രാ​​തി ന​​ൽ​​കി.
◆ 1995 ഒ​​ക്ടോ​​ബ​​ർ 11ന് 1962​​ലെ ക​​ന്ത​​സാ​​മി​​യു​​ടെ ആ​​ധാ​​രം ആ​​ർ.​​ഡി.​​ഒ ത​​ള്ളി.
◆ 1970 ലെ ​​ഭൂ​​പ​​രി​​ഷ്ക​​ര​​ണ നി​​യ​​മ​​പ്ര​​കാ​​രം ക​​ന്ത​​സാ​​മി​​യു​​ടെ 3.41 ഏ​​ക്ക​​ർ താ​​ലൂ​​ക്ക് ബോ​​ർ​​ഡ് 1987ൽ ​​മി​​ച്ച​​ഭൂ​​മി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചു.
◆ 1999ലെ ​​ആ​​ദി​​വാ​​സി നി​​യ​​മം നാ​​ഗ​​മൂ​​പ്പ​​ന് തി​​രി​​ച്ച​​ടി​​യാ​​യി. ഭൂ​​മി ടി.​​
എ​​ൽ.​​എ കേ​​സി​​ലാ​​യി ഒ​​റ്റ​​പ്പാ​​ലം ആ​​ർ.​​ഡി.​​ഒ അ​​ന്യാ​​ധീ​​ന​പ്പെ​​ട്ട​​ത് അ​​ഞ്ചേ​​ക്ക​​റി​​ൽ താ​​ഴെ​​യാ​​ണെ​​ന്ന് മാ​​ത്രം ചൂ​​ണ്ടി​​ക്കാ​​ട്ടി ക​​ന്ത​​സാ​​മി​​യു​​ടെ അ​​വ​​കാ​​ശി​​ക​​ൾ​​ക്ക് അ​​നു​​കൂ​​ല​​മാ​​യി വി​​ധി​​ച്ചു.
◆ താ​​ലൂ​​ക്ക് ലാ​​ൻ​​ഡ് ബോ​​ർ​​ഡി​ന്റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം അ​​ഗ​​ളി വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ 2007 ജൂ​​ലൈ 10ന് ​​ന​​ഞ്ച​​ന് (ന​ാ​ഞ്ചി​​യ​​മ്മ​​യു​​ടെ ഭ​​ർ​​ത്താ​​വ്) മി​​ച്ച​​ഭൂ​​മി​​യി​​ൽ​​നി​​ന്ന് കു​​ടി​​യൊ​​ഴി​​യ​​ണ​​മെ​​ന്ന് നോ​​ട്ടി​സ് ന​​ൽ​​കി.
◆ 2014 ജൂ​​ൺ മൂ​​ന്നി​​ന് ഈ ​​ഭൂ​​മി കൈ​​മാ​​റ്റം സാ​​ധ്യ​​മാ​​ക്കു​​ന്ന രീ​​തി​​യി​​ൽ നി​​കു​​തി സ്വീ​​ക​​രി​​ക്ക​​രു​​തെ​​ന്ന് അ​​ഗ​​ളി വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ​​ക്ക് ഒ​​റ്റ​​പ്പാ​​ലം ആ​​ർ.​​ഡി.​​ഒ നി​​ർ​​ദേ​​ശം ന​​ൽ​​കി.
◆ ഇ​​തി​​നി​​ട​​യി​​ൽ 1.40 ഏ​​ക്ക​​ർ ഭൂ​​മി​​ക്ക് (ലാ​​ൻ​​ഡ് ബോ​​ർ​​ഡ് ഏ​​റ്റെ​​ടു​​ത്ത​​ത് ഒ​​ഴി​​കെ) മാ​​രി​​മു​​ത്തു നി​​കു​​തി​ര​​സീ​​ത് വ്യാ​​ജ​​മാ​​യി നി​​ർ​​മി​​ച്ചു.
◆ കെ.​​വി. മാ​​ത്യു 1.40 ഏ​​ക്ക​​ർ ര​​ണ്ട് ല​​ക്ഷം രൂ​​പ​​ക്ക് തീ​​രാ​​ധാ​​രം ന​​ൽ​​കാ​​ൻ മാ​​രി​​മു​​ത്തു​​വു​​മാ​​യി ക​​രാ​​ർ ഉ​​റ​​പ്പി​​ച്ചു.
◆ തു​​ട​​ർ​​ന്ന് മാ​​രി​​മു​​ത്തു ക​​രാ​​ർ പാ​​ലി​​ച്ചി​​ല്ലെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി കെ.​​വി.​ മാ​​ത്യു കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു.
◆ കോ​​ട​​തി​​യി​​ൽ ക​​ന്ത​​സാ​​മി​​യു​​ടെ ഏ​​ക​​മ​​ക​​നാ​​ണ് മാ​​രി​​മു​​ത്തു​​വെ​​ന്ന് വാ​​ദി​​ച്ചു. അ​​തോ​​ടെ മാ​​ത്യു​​വി​​ന് അ​​നു​​കൂ​​ല​​മാ​​യി കോ​​ട​​തി​വി​​ധി ഉ​​ണ്ടാ​​യി.
◆ അ​​ഗ​​ളി വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ ഉ​​ഷാ​​കു​​മാ​​രി നി​​കു​​തി​ര​​സീ​​ത് ന​​ൽ​​കി​​
യ​ി​ട്ടി​​ല്ലെ​​ന്ന് 2020 ജൂ​​ൺ 24ന് ​​മ​​ണ്ണാ​​ർ​​ക്കാ​​ട് മു​​ൻ​​സി​​ഫ് കോ​​ട​​തി​​യി​​ൽ മൊ​​ഴി ന​​ൽ​​കി.
◆ ക​​ന്ത​​സാ​​മി​​യു​​ടെ മ​​ക​​നാ​​ണെ​​ന്ന് സ്ഥാ​​പി​​ക്കാ​​ൻ മാ​​രി​​മു​​ത്തു പ​​ട്ടി​​ക​​ജാ​​തി -ഗോ​​ത്ര ക​​മീ​​ഷ​​നെ സ​​മീ​​പി​​ച്ചു.
◆ പ​​ട്ടി​​ക​​ജാ​​തി ഗോ​​ത്ര ക​​മീ​​ഷ​​ൻ മാ​​രി​​മു​​ത്തു മ​​ല​​പ്പു​​റം സ്വ​​ദേ​​ശി ഇ​​ബ്രാ​​ഹിം ആ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി.
◆ കെ.​വി.​ മാ​​ത്യു ത​​യാ​​റാ​​ക്കി​​യ ക​​രാ​​റി​​ലെ സാ​​ക്ഷി​​യാ​​യ ജോ​​സ​​ഫ് കു​​ര്യ​​ന് 50 സെ​​ന്റ് കൈ​​മാ​​റി.

◆ 2022 ജൂ​​ലൈ ഏ​​ഴി​​ന് ജോ​​സ​​ഫ് കു​​ര്യ​​ൻ പെ​​ട്രോ​​ൾ പ​​മ്പി​​നു​​ള്ള അ​​നു​​മ​​തി വാ​​ങ്ങി. 


മ​​ണ്ണി​​നു​വേ​​ണ്ടി പോ​​രാ​​ടും -​ന​ാ​ഞ്ചി​​യ​​മ്മ

ന​​മ്മു​​ടെ മ​​ണ്ണി​​നു​വേ​​ണ്ടി പോ​​രാ​​ടു​ം. ഭൂ​​മി വി​​ട്ടു​​ന​​ൽ​​കി​​യാ​​ൽ ന​​മ്മു​​ടെ പേ​​ര​​ക്കു​​ട്ടി​​ക​​ൾ​​ക്ക് എ​​വി​​ടെ ഭൂ​​മി? ന​​മ്മ​​ൾ ന​​മ്മു​​ടെ മ​​ണ്ണി​​നുവേ​​ണ്ടി പോ​​രാ​​ടും. അ​​ട്ട​​പ്പാ​​ടി​​യി​​ൽ കു​​റെ ഭൂ​​മി​​യൊ​​ക്കെ ത​​ട്ടി​​യെ​​ടു​​ത്തി​​ട്ടു​​ണ്ട്. വ​​രു​​ന്ന​​വ​​രൊ​​ക്കെ ഇ​​നി ഭൂ​​മി ത​​ട്ടി​​യെ​​ടു​​ത്താ​​ൽ ന​​മ്മ​​ൾത​​ന്നെ തി​​രി​​ച്ചു​പി​​ടി​​ക്കും. ചാ​​ന​​ലി​​ൽ ന​​മ്മ​​ൾ പ​​റ​​യു​​ന്ന കാ​​ര്യ​​ങ്ങ​​ളൊ​​ക്കെ വ​​ന്നു. ''നി​​ന്റെ ഭൂ​​മി നി​​ന​​ക്ക്'' എ​​ന്നു പ​​റ​​ഞ്ഞാ​​ണ് ആ​​ർ.​​ഡി.​​ഒ ക​​ട​​ലാ​​സ് ത​​ന്ന​​ത്. അ​​ട്ട​​പ്പാ​​ടി​​യി​​ലെ ആ​​ദി​​വാ​​സി​​ക​​ൾ ഇ​​നി ആ​​ർ​​ക്കും ഭൂ​​മി വി​​ട്ടു​​കൊ​​ടു​ക്കി​​ല്ല. ഊ​​രു​​ക​​ളി​​ൽ മൊ​​ത്തം പേ​​ര​​ക്കു​​ട്ടി​​ക​​ളാ​​ണ്. അ​​വ​​ർ​​ക്ക് ഭൂ​​മി വേ​​ണം. കൃ​​ഷി​​ചെ​​യ്​​ത് ന​​മ്മു​​ടെ ഭൂ​​മി​​യി​​ൽ ജീ​​വി​​ക്ക​​ണം.

ആ​​ൺ​​തു​​ണ​​യി​​ല്ലാ​​ത്ത ഊ​​രാ​​ണി​​ത്. നി​​ങ്ങ​​ൾ മാ​​ധ്യ​​മ​​ങ്ങ​​ൾ ന​​മ്മ​​ളോ​​ടൊ​​പ്പം നി​​ൽ​​ക്ക​​ണം. നി​​ങ്ങ​​ൾ വി​​ളി​​ക്കു​​ന്ന സ്ഥ​​ല​​ത്ത് ന​​മ്മ​​ളു​​ണ്ടാ​​വും. ന​​മ്മ​​ൾ സ്ത്രീ​​ക​​ൾ വ​​സ​​ന്ത, പു​​ഷ്പ, പൊ​​ന്നി, മീ​​ന എ​​ല്ലാ​​വ​​രും ഒ​​ന്നി​​ച്ചാ​​ണ് ഭൂ​​മി​​യി​​ലേ​​ക്കു പോ​​യ​​ത്. പാ​​ല​​ക്കാ​​ട് ക​​ല​​ക്ട​​റു​​ടെ കൈ​​യി​​ൽ ഭൂ​​മി​​യു​​ടെ കേ​​സു​​ണ്ട്. ന​​മ്മ​​ൾ മ​​രി​​ച്ചാ​​ലും ഭൂ​​മി വി​​ട്ടു​​കൊ​​ടു​​ക്കി​​ല്ല. ന​​മ്മ​​ൾ പേ​​ടി​​ക്കൂ​​ല. ന​​ല്ല അ​​ടി​​പൊ​​ളി ഭൂ​​മി​​യാ​​ണ്. ടൗ​​ണി​​ൽ നാ​​ലേ​​ക്ക​​റാ​​ണ്. വി​​ത്തി​​ട്ട് കൃ​​ഷി ചെ​​യ്യാ​​റു​​ണ്ട്. ന​​മ്മ​​ൾ ഇ​​നി​​ പാ​​ടു​​ന്ന​​ത് ഭൂ​​മി​​ക്കു​​വേ​​ണ്ടി​​യു​​ള്ള പാ​​ട്ടു​​ക​​ളാ​​വും. അ​​ട്ട​​പ്പാ​​ടി​​യി​​ൽ ആ​​ദി​​വാ​​സി​ മ​​ക്ക​​ൾ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ട ജീ​​വി​​ത​​ത്തി​​ന്റെ​ പാ​​ട്ടു​​ക​​ൾ. 


Tags:    
News Summary - Adivasi land encroached upon: Nanjiyamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT