അതിവിനാശകരമായ ദുരന്തത്തിലേക്കുള്ള യാത്ര നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന്റെ തെക്കുഭാഗത്തൊരിടത്ത് ഒരുകൂട്ടം മനുഷ്യർ സമരത്തിലാണ്. എന്നാൽ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലൂടെ വികസനം പടികയറിവരുന്നുണ്ടെന്നും അതിനെ തടയരുതെന്നും സമരം ചെയ്യുന്നവർ വികസനവിരുദ്ധരാണെന്നും മറുപക്ഷം വാദം ഉന്നയിക്കുന്നു. ''കടലിനും ചെകുത്താനും നടുവിൽ'' എന്ന പഴംചൊല്ലിനെ അന്വർഥമാക്കുന്ന കാര്യങ്ങളാണ് തിരുവനന്തപുരത്ത് അരങ്ങേറുന്നത്. കടലെടുക്കുന്ന തീരത്തുനിന്നും കിട്ടിയതും കൈയിൽ പെറുക്കി ഗോഡൗണുകളിലേക്കും സ്കൂളുകളിലേക്കും ഓടിരക്ഷപ്പെടുകയും അവിടങ്ങളിൽ കൊതുകിനു സമാനമായി കഴിയേണ്ടിവരുകയും ചെയ്യുന്നവരുടെ ദുരവസ്ഥ നമ്മുടെ കണ്ണുകളിൽപെടുന്നേയില്ല. അതുകൊണ്ടാണല്ലോ, ഭരണ സിരാകേന്ദ്രത്തിന്റെ മൂക്കിനു തുമ്പിൽ കുറെ മനുഷ്യർ അഭയാർഥികളായി കഴിയേണ്ടിവരുന്നത്.
കടലിനുമുണ്ട് ഒരു നീതി. കടലിൽ തുരന്നാൽ, തീരത്തുനിന്നും മണ്ണ് വലിക്കും കടൽ. കടലിൽ കല്ലിട്ടാൽ തീരത്ത് ഒരുവശത്തു തീരം വെക്കുകയും മറുവശത്ത് തീരം നഷ്ടപ്പെടുകയും ചെയ്യും. കടലിന്റെ നീതിക്കു മുന്നിൽ മനുഷ്യർ വെറും അശുക്കളാണ്. എന്നിട്ടും കടലിനെ വെല്ലുവിളിക്കുകയും കടലിൽ കല്ലിട്ടു തൂർക്കുകയും കടലിന്റെ അടിത്തട്ട് തുരന്ന് മണൽ കോരുകയും ചെയ്യാൻ ഭരണാധികാരികൾ മടിക്കുന്നില്ല. ഫലമോ, തീരത്തുള്ള പട്ടിണിപ്പാവങ്ങളായ മത്സ്യത്തൊഴിലാളികളുടെ ഒരേയൊരു സമ്പാദ്യമായ വീട് കടൽ വിഴുങ്ങുന്നു. വീടിനകത്തെ മനുഷ്യർ അവരുടെ സ്വപ്നങ്ങളെ കടലിൽ വീഴാൻ വിട്ടിട്ട് ജീവനുംകൊണ്ട് ഓടിപ്പോകേണ്ടിവരുന്നു.
മൺസൂൺ തുടങ്ങിയപ്പോൾതന്നെ പൂന്തുറപോലുള്ള അതിദരിദ്രമായ പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ കടലെടുക്കാൻ തുടങ്ങി. 2022 ജൂൺ 30ന്, ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭാ സമ്മേളനത്തിൽ സാമാജികർക്കു കൈമാറിയ വിവരപ്രകാരം തിരുവനന്തപുരം ജില്ലയിൽ തീരശോഷണംമൂലം വീട് നഷ്ടപ്പെട്ട കുടുംബങ്ങളുടെ എണ്ണം 71. ഇത്രയും കുടുംബങ്ങളിലായി 260 പേരുണ്ട്. 12 ക്യാമ്പുകളിലായാണ് ഇവർ കഴിയുന്നത്. ഈ 71 കുടുംബങ്ങളിൽ ഏഴുപേർക്ക് മാത്രമാണ് സ്വന്തമായി ഭൂമി കണ്ടെത്തി രജിസ്റ്റർ ചെയ്തത്. ബാക്കി 64 കുടുംബങ്ങൾ അനിശ്ചിതകാലം തെരുവിൽ കഴിയാൻ വിധിക്കപ്പെട്ടവരാണെന്ന് ചുരുക്കം. നിയമസഭയെതന്നെ അറിയിച്ച മറ്റൊരു കണക്കുപ്രകാരം, പൊതുസമൂഹവുമായി താരതമ്യം ചെയ്യുമ്പോൾ പൊതുവിഭാഗത്തിന്റെ വാർഷിക പ്രതിശീർഷ വരുമാനത്തിന്റെ പകുതിയിൽ മാത്രമാണ് മത്സ്യത്തൊഴിലാളികളുടെ ആളോഹരി പ്രതിശീർഷ വരുമാനം. അതായത്, 2015-16 വർഷത്തിൽ പൊതുവിഭാഗത്തിന്റേത് 1,64,554 രൂപയും മത്സ്യത്തൊഴിലാളിയുടേത് 81,494 രൂപയുമാണ്. ഇത്തരത്തിൽ പ്രകടമായ വരുമാനഭേദമുള്ള മനുഷ്യർ, ഉള്ള വീട് കൂടി നഷ്ടമായി തെരുവിലിറങ്ങുമ്പോൾ, എങ്ങനെയാണ് വീണ്ടും മറ്റൊരു വീടിനും സ്ഥലത്തിനും പണം കണ്ടെത്തുക. സർക്കാർ കൊടുക്കുന്ന ധനസഹായം ഒന്നിനും തികയില്ലെന്നു തന്നെയാണ് അവരുടെ പരാതി.
വിഴിഞ്ഞം അദാനി തുറമുഖത്തിനെതിരെ കർഷക-മത്സ്യത്തൊഴിലാളി പ്രതിഷേധം രൂക്ഷമാകുകയാണ്. നാശം വിതക്കുന്ന വിഴിഞ്ഞം അദാനി തുറമുഖ പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യമുയർത്തി സമരപരിപാടികളുമായി വിവിധ മത്സ്യത്തൊഴിലാളി സംഘടനകളും കർഷക സംഘടനകളും കടൽ-പരിസ്ഥിതി സംഘടനകളും കൈകോർത്തു. ജൂൺ അഞ്ച്, പരിസ്ഥിതി ദിനത്തിൽ സംയുക്ത സംഘടനയുടെ നേതൃത്വത്തിൽ വിഴിഞ്ഞം പോർട്ടിനെതിരെ, അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നിൽ റിലേ സത്യഗ്രഹം നടന്നുവരുകയാണ്. ജൂലൈ 12ന് ഇത് 36 ദിവസം പിന്നിട്ടു. 2015ൽ വിഴിഞ്ഞത്ത് അദാനിയുടെ വാണിജ്യ തുറമുഖ നിർമാണം തുടങ്ങിയശേഷം വലിയ പ്രശ്നങ്ങളാണ് നേരിടുന്നതെന്നു തീരദേശവാസികൾ പറയുന്നു. ഓരോ വർഷവും കൂടുതൽ വീടുകൾ കടലേറ്റത്തിൽ തകരുന്നു. പനത്തുറ മുതൽ വേളി വരെ നിരവധി കുടുംബങ്ങൾ അഭയാർഥികളായി സ്കൂൾ വരാന്തകളിലും ഗോഡൗണുകളിലും കഴിയുന്നു. വിഴിഞ്ഞം ഫിഷിങ് ഹാർബറിൽ വള്ളങ്ങൾ തകരുന്നു. മത്സ്യത്തൊഴിലാളികൾ മരിക്കുന്നു. ഇത്തരം പോർട്ട് നിർമാണവും കടൽതുരക്കലും മൂലം സമീപതീരങ്ങൾ നഷ്ടമാകുമെന്ന് ശാസ്ത്രീയ പഠനങ്ങൾ ഉണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, രാഷ്ട്രീയ കിസാൻ മഹാസംഘ്, സേവാ യൂനിയൻ, കോസ്റ്റൽ വാച്ച്, ടി.എം.എഫ് യൂനിയൻ, കോസ്റ്റൽ സ്റ്റുഡന്റ്സ് കൾചറൽ ഫോറം, ട്രീ വാക്ക്, എ.ഐ.സി.യു.എഫ്, സ്ത്രീ നികേത് വനിതാ ഫെഡറേഷൻ, പശ്ചിമഘട്ട സംരക്ഷണ സമിതി, എസ്.യു.സി.ഐ, ഏകതാ പരിഷത്ത്, വോയിസ് എന്നീ സംഘടനകളുടെ സംയുക്ത സമിതിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. കൂടംകുളം സമരനായകൻ എസ്.പി. ഉദയകുമാറാണ് ഉദ്ഘാടനംചെയ്തത്. ഓരോ ദിവസവും സത്യഗ്രഹ പന്തലിലേക്ക് കൂടുതൽ സംഘടനകളും മത്സ്യത്തൊഴിലാളികളും എത്തിച്ചേരുന്നുണ്ട്. വീടുകൾ നഷ്ടമായ കുടുംബങ്ങൾക്ക് ഉടനടി പുനരധിവാസം നൽകുക എന്നതാണ് ഇവരുടെ ആവശ്യങ്ങളിൽ ഒന്ന്. ഇതിന് ഉത്തരവാദികളായ അദാനിയും സർക്കാരും പരിഹാരം കണ്ടെത്തണം എന്നാണ് അവരുടെ ആവശ്യം. കടൽഭിത്തികൾ ഇടുന്നത് ശാശ്വതമല്ല. താൽക്കാലികമായി പരിഹരിക്കാം എന്നതല്ലാതെ മറ്റൊരു ഗുണവുമില്ല. ഇവിടെ കല്ലിട്ടാൽ അങ്ങേപ്പുറത്തു കടലേറ്റം വ്യാപിക്കും എന്ന ദോഷംകൂടിയുണ്ട്. കടപ്പുറങ്ങൾ ഇല്ലാതായതോടെ മീൻപിടിത്തം അസാധ്യമായി. കടലിൽനിന്ന് വല വലിച്ചു കയറ്റാൻ ഇടം ഇല്ലാതായി. അത്തരത്തിൽ മീൻ പിടിക്കുന്ന കമ്പവല തൊഴിലാളികൾ ദുരിതത്തിലാണ്. അദാനിയുടെ തുറമുഖത്തിനുള്ള നിർമാണ പ്രവൃത്തികൾ പകുതിപോലും ആയിട്ടില്ലെന്നും ഇപ്പോൾതന്നെ നൂറുകണക്കിന് വീടുകൾ നഷ്ടപ്പെട്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഇനിയും തുറമുഖ നിർമാണം തുടർന്നാൽ തീരദേശത്തെ കടപ്പുറങ്ങളും റോഡുകളും വീടുകളും അനുബന്ധ സൗകര്യങ്ങളും എല്ലാം കടലെടുക്കുമെന്നും ദുരിതത്തിലാകുമെന്നും അവർ ആശങ്കപ്പെടുന്നു.
സംയുക്ത സമരസമിതിയുടെ അടിയന്തര ആവശ്യങ്ങൾ
1. അദാനിയുടെ വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവെക്കുക.
2. വീടുകൾ നഷ്ടമായവർക്ക് ആനുപാതികമായ നഷ്ടപരിഹാരവും പുനരധിവാസവും നൽകുക.
3. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങളായ കടപ്പുറം വീണ്ടെടുക്കാൻ നടപടികൾ സ്വീകരിക്കുക.
അദാനിയുമായി കരാർ ഒപ്പിട്ടത് യു.ഡി.എഫ് ആണ്. തുറമുഖ നിർമാണത്തിന് ആവശ്യമായ എല്ലാ ഒത്താശകളും എൽ.ഡി.എഫും. രണ്ടു കൂട്ടരും പദ്ധതിയെ പരസ്യമായി എതിർക്കാൻ തയാറല്ല. അതിനാൽ ഈ പദ്ധതി നിർത്തിവെക്കണം എന്ന ആവശ്യത്തോട് യോജിക്കുന്നവരെല്ലാം മുന്നോട്ടുവരണമെന്നും സമരസമിതിക്കാർ ആവശ്യപ്പെടുന്നു.
പ്രതിഷേധങ്ങൾക്കിടെ വിഴിഞ്ഞം തുറമുഖത്തിനുള്ള ബ്രേക്ക് വാട്ടർ നിർമാണം 1810 മീറ്റർ പിന്നിട്ടു. മൂന്നു കിലോമീറ്ററിലധികം നീളത്തിൽ, 'L' ഷേപ്പിലുള്ള ബ്രേക്ക് വാട്ടർ നിർമാണം പുരോഗമിക്കുന്നതിനിടെ നിരവധിതവണ കടലേറ്റത്തിൽ തകർന്നു തരിപ്പണമായിരുന്നു. 2022 ഡിസംബറിൽതന്നെ വിഴിഞ്ഞത്ത് ആദ്യ കപ്പൽ അടുപ്പിക്കുമെന്നാണ് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അവകാശപ്പെടുന്നത്.
തുറമുഖ നിർമാണത്തിനുള്ള കരാർ പ്രകാരം 2015 ഡിസംബർ അഞ്ചിന് ആരംഭിച്ച ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ 2019 ഡിസംബർ മൂന്നിന് പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ, ഇന്നുവരെയും നിർമാണം പൂർത്തിയായില്ല. മാത്രമല്ല, കടൽ ഡ്രെഡ്ജിങ്, പുലിമുട്ട് നിർമാണം എന്നിവ 33 ശതമാനം മാത്രമാണ് പൂർത്തിയായത് എന്നാണ് തുറമുഖ മന്ത്രി നിയമസഭയെ അറിയിച്ചത്. ആകെ 7.1 ദശലക്ഷം ഘനമീറ്റർ ഡ്രെഡ്ജിങ്ങും കടൽ നികത്തൽ പരിപാടികളുമാണ് നടക്കേണ്ടത്. ഇതിൽ 2.3 ദശലക്ഷം ഘനമീറ്റർ െഡ്രഡ്ജിങ്, റിക്ലമേഷൻ എന്നിവയാണ് പൂർത്തീകരിക്കാനായത്. തുറമുഖത്തിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നായ 3100 മീറ്റർ നീളമുള്ള പുലിമുട്ടിന്റെ നിർമാണം പൂർത്തീകരിച്ച് തിരമാലകളിൽനിന്നും സംരക്ഷണം നൽകിയാൽ മാത്രമേ െഡ്രഡ്ജിങ്ങും റിക്ലമേഷനും ബെർത്ത് നിർമാണവും പൂർത്തീകരിക്കാനാകൂ എന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കുന്നു. എന്നാൽ, ഇതിനായി വേണ്ടത്ര പാറ ലഭ്യമല്ലെന്നു മന്ത്രിയും അദാനി ഗ്രൂപ്പും ഒരേ സ്വരത്തിൽ പറയുന്നു.
കൺസഷൻ കരാർ പ്രകാരം, തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിൽ 3100 നീളമുള്ള പുലിമുട്ടാണ് നിർമിക്കേണ്ടത്. നിലവിൽ 1350 മീറ്റർ പൂർണമായും 1840 മീറ്റർ വരെയുള്ള ഭാഗം ഭാഗികമായും നിർമാണം പൂർത്തീകരിച്ചു. പുലിമുട്ട് നിർമാണത്തിന് ആവശ്യമായ കരിങ്കല്ലിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി പുതിയ ക്വാറികൾ തുടങ്ങാനും അതുവഴി കല്ല് കണ്ടെത്താനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. പാറ കണ്ടെത്തി കൊടുക്കേണ്ടത് സർക്കാറിന്റെ ചുമതലയല്ല എന്ന് കരാറിൽ പറയുന്നുണ്ടെങ്കിലും അദാനി ഗ്രൂപ്പിന് ആവശ്യമായ കരിങ്കല്ലിനുവേണ്ടി കേരളത്തിൽതന്നെ പാറ ക്വാറികൾ 13 എണ്ണം തുറന്നുകൊടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രളയങ്ങളും മണ്ണിടിച്ചിലുകളുംമൂലം തീരുമാനം നടപ്പാക്കുന്നതിൽ തടസ്സം നേരിട്ടു. പുലിമുട്ടിനായിമാത്രം വേണം 68.70 ലക്ഷം ടൺ കരിങ്കല്ല്. എന്നാൽ, ഇത് കണ്ടെത്താൻ അദാനിക്ക് ആയില്ല. ചെറുകിട ക്വാറികളിൽനിന്നും വിതരണക്കാരിൽനിന്നും കരിങ്കല്ല് സംഭരിക്കുന്നതിനു അദാനി ഗ്രൂപ് നടത്തിയ ശ്രമം വിജയിച്ചില്ല. ഇതേതുടർന്ന് സ്വന്തമായി ക്വാറികൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്നാണ് മന്ത്രി പറയുന്നത്. പറയുക മാത്രമല്ല, തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി രണ്ടു ക്വാറികൾ നേരിട്ടും. 50 ശതമാനം പാറ വിഴിഞ്ഞം തുറമുഖത്തിന് നൽകണമെന്ന വ്യവസ്ഥയിൽ മൂന്ന് ക്വാറികൾ സ്വകാര്യ പങ്കാളികൾക്കും അനുവദിച്ചു. ഇതിനായി കേരളസർക്കാറിന്റെയും കേന്ദ്ര സർക്കാറിന്റെയും പാരിസ്ഥിതിക അനുമതിക്കുള്ള നടപടികളും പൂർത്തിയായി. ഒപ്പം, തമിഴ്നാട്ടിൽനിന്നും കൂടുതൽ പാറ കണ്ടെത്തി കൊണ്ടുവരാനുള്ള ശ്രമവും കേരള സർക്കാർതന്നെ നേരിട്ട് നടത്തി.
വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ പാറശേഖരം കേരളത്തിൽതന്നെയുണ്ടെന്നാണ് മന്ത്രിയുടെ പക്ഷം. എന്നാൽ, വലുപ്പം കൂടിയതും, പ്രത്യേകം തരംതിരിച്ചതുമായ കരിങ്കല്ലുകളാണ് പുലിമുട്ടിനും കടൽഭിത്തിക്കും വേണ്ടത്. എന്നാൽ, ഇവയുടെ ഖനനം, കടത്ത്, നിക്ഷേപം എന്നിവക്ക് കേരളത്തിൽ കാലതാമസം ഉണ്ടാകുന്നുവെന്നും നിയമസഭാ മറുപടിയിൽ മന്ത്രി വിശദീകരിക്കുന്നു. നിലവിൽ ആവശ്യമായതിന്റെ 13 ശതമാനം മാത്രമാണ് തമിഴ്നാട്ടിൽനിന്നും കണ്ടെത്താൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെ കേരളത്തിൽ കൂടുതൽ ക്വാറികൾ ഉടൻ ആരംഭിക്കാനുള്ള നീക്കം തകൃതിയാണ്. നിലവിൽ അദാനിക്കു നേരിട്ടും സ്വകാര്യവ്യക്തികൾക്കുമായി അനുവദിച്ച അഞ്ചെണ്ണത്തിന് പുറമെ എട്ടെണ്ണംകൂടി രണ്ടു മാസത്തിനകം തുറക്കും എന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.
എന്നാൽ, പാറ ക്വാറികൾ അനുവദിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതത്തിന് സമീപം അദാനി ഗ്രൂപ്പിന്റെ ക്വാറിക്ക് ദേശീയ വന്യജീവി ബോർഡിന്റെ പ്രവർത്തനാനുമതി. നിർദിഷ്ട ക്വാറി യൂനിറ്റ് പരിസ്ഥിതിലോല മേഖലയിൽ അല്ലെന്നും ക്വാറി വന്യജീവി സങ്കേതത്തെയോ സംരക്ഷിത വനമേഖലയെയോ പ്രതികൂലമായി ബാധിക്കില്ലെന്നും കേരളം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിസ്ഥിതിലോല മേഖല വിഷയത്തിൽ കേരളത്തിൽ കടുത്ത ആശങ്കകൾ ഉയരുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ നിലപാട്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയിൽ മേയ് 30ന് ഓൺലൈനായി ചേർന്ന ദേശീയ വന്യജീവി ബോർഡിന്റെ സ്ഥിരംസമിതി യോഗമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന്റെ ക്വാറിക്ക് നിശ്ചിത ഉപാധികളോടെ അനുമതി നൽകിയത്. സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിനുശേഷവും ക്വാറി പ്രവർത്തനം പാടില്ല, മനുഷ്യ-വന്യജീവി സംഘർഷം കുറക്കാൻ നടത്തിപ്പുകാർ 10 ലക്ഷം കെട്ടിവെക്കണം, നിബന്ധനകൾ പാലിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വാർഷിക സർട്ടിഫിക്കറ്റ് ക്വാറി ഉടമ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനു നൽകണം, ചീഫ് വൈൽഡ് ലൈഫ് വാർഡനും സമാന റിപ്പോർട്ട് കേന്ദ്രസർക്കാറിന് നൽകണം തുടങ്ങിയ വ്യവസ്ഥകളാണ് അദാനി ഗ്രൂപ്പിന്റെ ക്വാറി പ്രവർത്തനത്തിന് ദേശീയ വന്യജീവി ബോർഡ് യോഗം നിർദേശിച്ച വ്യവസ്ഥകൾ.
പേപ്പാറ വന്യജീവി സങ്കേതത്തിൽനിന്ന് 5.12 കിലോമീറ്ററും നെയ്യാർ വന്യജീവി സങ്കേതത്തിൽനിന്ന് 6.76 കിലോമീറ്ററും ആകാശദൂരത്തിലാണ് നിർദിഷ്ട ക്വാറി പ്രദേശം സ്ഥിതിചെയ്യുന്നതെന്നും നിർദിഷ്ട പരിസ്ഥിതി ലോല മേഖലയുടെ അതിർത്തിക്ക് പുറത്തുനിന്നുള്ള പ്രദേശമാണ് ക്വാറി പ്രവർത്തിക്കുക എന്നുമാണ് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിയുടെ ആഘാതം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക ലഘൂകരണ നടപടികളുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പദ്ധതി അനുമതിക്ക് ശിപാർശ നൽകിയത്.
നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ സംരക്ഷിത മേഖലകളുടെ അതിർത്തിയിൽനിന്ന് 2.72 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്ന 70.906 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MOEFCC) 2022 മാർച്ചിൽ കരടു വിജ്ഞാപനം (Search with Neyyar or Peppara) പുറപ്പെടുവിച്ചിരുന്നു (ഈ കരട് വിജ്ഞാപനത്തിൽ മുഴുവൻ ജന്തുജീവജാലങ്ങളെയും സംബന്ധിച്ച കണക്കുണ്ട്). ജനവാസമേഖലകളെ ഈ വിജ്ഞാപനം ബാധിക്കുമെന്നതിനാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളും ഭരണകൂടങ്ങളും വിവിധ പാർട്ടി പ്രവർത്തകരും ആശങ്ക ഉയർത്തുകയും വിവിധ പ്രക്ഷോഭങ്ങൾ നടത്തിവരുകയുമാണ്. അതിനിടയിലാണ് അദാനി ഗ്രൂപ്പിന് ക്വാറികൾ അനുവദിച്ചുള്ള നടപടികൾ ഉണ്ടായത്.
ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആദ്യ കപ്പൽ വിഴിഞ്ഞത്തു അടുപ്പിക്കുമെന്ന് തുറമുഖ മന്ത്രി അവകാശപ്പെടുന്നു. എന്നാൽ, 33 ശതമാനം മാത്രം പൂർത്തിയായ പദ്ധതിയിൽ ഇതെങ്ങനെ സാധ്യമാകുമെന്ന കഥയിൽ ചോദ്യമില്ല. ഈ മൺസൂൺ കാലത്ത് അസംസ്കൃത വസ്തുക്കളുടെ ശേഖരണം മാത്രമാണ് നടക്കുകയെന്നും മൺസൂണിനു ശേഷമേ കടലിലെ നിർമാണ പ്രവൃത്തികൾ പുനരാരംഭിക്കൂ എന്നും അദാനി ഗ്രൂപ് തന്നെ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതിനൊപ്പം തുറമുഖത്തിന്റെ പുതുക്കിയ നിർമാണ ഷെഡ്യൂൾ 2022 ജൂണിൽ അദാനി ഗ്രൂപ് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. അതു പ്രകാരം 2024 ഡിസംബറിലാണ് ഒന്നാം ഘട്ടം നിർമാണം പൂർത്തീകരിക്കാനാകുക എന്നാണ് അവർ പറയുന്നത്. എന്നാൽ, ഇത് അംഗീകരിക്കാൻ സർക്കാർ തയാറായിട്ടില്ല എന്നാണ് സർക്കാറിന്റെ വാദം.
കരാർപ്രകാരം 2019 ഡിസംബറിൽ പൂർത്തീകരിക്കേണ്ട പദ്ധതിയാണിത്. പദ്ധതി സമയബന്ധിതമായി നടപ്പാക്കാത്തതു സംബന്ധിച്ച് നിലവിൽ അദാനി ഗ്രൂപ്പും കേരളസർക്കാറും തമ്മിൽ നിയമനടപടി നടന്നു വരുന്നുണ്ട്. 2020 മാർച്ച് മാസത്തിൽ പിഴ ഈടാക്കാനായി സർക്കാർ നോട്ടീസ് നൽകി. എന്നാൽ, പ്രകൃതിക്ഷോഭം, കോവിഡ് മഹാമാരി തുടങ്ങിയ അപ്രതീക്ഷിത ദുരന്തങ്ങൾ നിമിത്തമാണ് നിർമാണം പൂർത്തീകരിക്കാൻ കഴിയാതെ പോയത് എന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. അതിനാൽ അഞ്ചു വർഷംകൂടി കരാർ കാലാവധി നീട്ടിനൽകണമെന്നാണ് അവരുടെ ആവശ്യം. ഇതിലെ വാദങ്ങൾ ആർബിട്രേഷൻ ട്രൈബ്യൂണലിൽ നടന്നുകൊണ്ടിരിക്കുകയാണ്.
മൺസൂൺ കാലത്ത് സാധാരണ ഗതിയിൽ കേരളത്തിന്റെ 589.5 കിലോമീറ്റർ നീളമുള്ള കടൽതീരത്ത് കടൽക്ഷോഭം രൂക്ഷമാണ്. ശക്തമായ തീരശോഷണംമൂലം, അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ സവിശേഷമായ സ്ഥാനമുള്ള കോവളം ബീച്ച് തകർന്നുപോയത് വാർത്തകളിലൂടെ പുറംലോകമറിഞ്ഞു. മറ്റൊരു പ്രസിദ്ധ ബീച്ച് ആയ ശംഖുംമുഖം തകർന്നു. ഒരു വർഷമായി ശംഖുംമുഖം-എയർ പോർട്ട് റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. 400 മീറ്റർ നീളമുള്ള ഈ ബീച്ചിൽ മൂന്നുവർഷമായി സന്ദർശകരെ അനുവദിക്കുന്നില്ല. തീരശോഷണം മൂലം തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലേക്കുള്ള റോഡ് തകർന്നുപോയത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയതിനെ തുടർന്ന് സംസ്ഥാന സർക്കാർ അടിയന്തര സ്വഭാവത്തോടെ ഈ റോഡ് നവീകരിച്ചു. 2022 മാർച്ച് 15നാണ് ഈ റോഡ് കൊട്ടിഗ്ഘോഷിച്ച് തുറന്നുകൊടുത്തത്. എന്നാൽ, രണ്ടു മാസം പൂർത്തിയാകും മുമ്പ് റോഡ് മണ്ണൊലിപ്പിൽ തകർന്നു. റോഡിനു സുരക്ഷ വർധിപ്പിക്കാൻ ഡയഫ്രം വാൾ സ്ഥാപിച്ചാണ് റോഡ് നിർമിച്ചത്. ഇതിനെല്ലാം ചേർന്ന് 12 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. നൂതന സാങ്കേതിക വിദ്യയായ റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് ഡയഫ്രം വാൾ നിർമിച്ച് എട്ടുമീറ്റർ താഴ്ചയിലും 50 സെന്റിമീറ്റർ കനത്തിലും 260 മീറ്റർ നീളത്തിലുമാണ് സംരക്ഷണ ഭിത്തി സ്ഥാപിച്ചത്.
ഇതിനിടെ, സംസ്ഥാന ഭരണകക്ഷിയുടെ തന്നെ അനുഭാവികളായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (KSSP) അടിയന്തര തീരസംരക്ഷണ പദ്ധതികൾ നടപ്പാക്കണമെന്നു സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. 'hard structures like seawalls and groynes' എന്നിവ നിക്ഷേപിക്കുന്നതിന് പകരം 'beach nourishment and offshore submerged reefs' നടപ്പാക്കണമെന്നാണ് അവരുടെ ആവശ്യം. വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലെ മത്സ്യബന്ധന തുറമുഖങ്ങളും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും തിരുവനന്തപുരം ജില്ലയിൽ തീരദേശ ശോഷണം രൂക്ഷമാക്കിയതായി അവർ ചൂണ്ടിക്കാട്ടി. മനുഷ്യനിർമിത ഘടനകൾ തീരത്തിന്റെ സ്വാഭാവിക പ്രക്രിയകളെ തകിടം മറിച്ചതായും തീരദേശത്തെ മണലിന്റെ ചലനത്തെയും അതിന്റെ ശേഖരണത്തെയും തടസ്സപ്പെടുത്തുന്നതായും അവർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനവും സമുദ്രജലനിരപ്പ് ഉയരുന്നതും ഈ മനുഷ്യനിർമിത സാഹചര്യം കൂടുതൽ വഷളാക്കുന്നു. ''തിരുവനന്തപുരം തീരം മനുഷ്യനിർമിത ദുരന്തമാണ് അനുഭവിക്കുന്നതെന്ന് നിസ്സംശയം പറയാം'', - KSSP പ്രമേയത്തിൽ പറയുന്നു.
പതിറ്റാണ്ടുകൾക്കുമുമ്പ്, തിരുവനന്തപുരം ജില്ലയുടെ 78 കിലോമീറ്റർ തീരപ്രദേശത്ത് മണൽ നിറഞ്ഞ ബീച്ചുകൾ ഉണ്ടായിരുന്നു. ഇന്ന്, ഏകദേശം 25 കിലോമീറ്റർ കടൽഭിത്തി നിറഞ്ഞ തീരവും സാൻഡ് ബീച്ചുകളുമായി മാറിയിരിക്കുന്നു. കൊല്ലങ്കോട്, പൊഴിയൂർ, പനത്തുറ, പൂന്തുറ, ബീമാപള്ളി, വലിയതുറ, കൊച്ചുതോപ്പ്, ശംഖുമുഖം, താഴംപള്ളി, അഞ്ചുതെങ്ങ് തുടങ്ങിയ ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങൾ തിരമാലകളുടെ ആക്രമണത്തിന് ഇരയാകുന്നതായി പരിഷത്ത് അറിയിച്ചു.
കേരളത്തിൽ ഏറ്റവും ആദ്യമായി കടലേറ്റം തടയാനുള്ള ഭിത്തി 1970കളുടെ തുടക്കത്തിൽ നിർമിച്ച തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശമാണ് പൂന്തുറ. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനായി രണ്ട് ചെറിയ പുലിമുട്ടുകൾ (ഏകദേശം 600 മീറ്റർ നീളം) നിർമിച്ചശേഷമാണ് പൂന്തുറയിൽ കടലേറ്റം ആരംഭിക്കുന്നത്. ഇക്കഴിഞ്ഞ 50 വർഷത്തിനിടെ ഇവിടെ കടൽഭിത്തികൾ പലപ്പോഴും പുതുക്കിയിട്ടുണ്ട്. ഏകദേശം 15 വർഷം മുമ്പ് കടൽഭിത്തിയുടെ കൂടെ നിരവധി ഗ്രോയിനുകളും (25 മീറ്റർ നീളം വരുന്ന ചെറിയ പുലിമുട്ടുകൾ) നിർമിച്ചു. ഇവ നിർമിച്ചശേഷമാണ് ബീമാപള്ളി-ചെറിയതുറ തീരങ്ങളിൽ കടലേറ്റം കൂടിയതെന്ന് കടൽ പരിസ്ഥിതി പ്രവർത്തകനും ഓഷ്യൻ ഗവേണൻസ് വിദഗ്ധനും 'കോസ്റ്റൽവാച്ച്' എന്ന പരിസ്ഥിതി സംഘടനയുടെ പ്രധാന സംഘാടകനുമായ എ.ജെ. വിജയൻ പറയുന്നു. ഇപ്പോൾ പൂന്തുറയിലെ കടൽഭിത്തികളും ഗ്രോയിനുകളും തകരുകയും മണ്ണിൽ താഴുകയും ചെയ്യുന്നു. വീണ്ടും കല്ലിട്ട് ഉള്ളതിനെ ബലപ്പെടുത്താനാണ് നീക്കം. വിഴിഞ്ഞം അദാനി തുറമുഖത്തിനുപോലും കല്ല് കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. അദാനി തുറമുഖം പൂർത്തിയാകുന്നതോടെ പൂന്തുറയിലെ കടലേറ്റം ഇനിയും രൂക്ഷമാകും. ഈ കടൽഭിത്തികളും ഗ്രോയിനുകളും താഴുകയും കടൽവെള്ളം കരയിലെ വീടുകളിലേക്ക് കയറുകയും ചെയ്യും. പൂന്തുറ തീരത്തുനിന്നും കൂടുതൽ മണൽ ഒലിച്ചുപോകും, തിരികെ മണൽ വരാനും പോകുന്നില്ല. ഈ കാരണം തിരിച്ചറിയാതെയുള്ള എന്ത് കല്ലിടൽ നടപടികളും വെറും താൽക്കാലിക ആശ്വാസനടപടി മാത്രം. പരിഹാരമല്ല. വരാനിരിക്കുന്നത് കൂടുതൽ ദുരിതങ്ങളാണെന്ന് ഭയപ്പെടുന്നുവെന്നും വിജയൻ പറയുന്നു.
നിലവിൽ ചേരിയാമുട്ടം മുതൽ ജോനക പൂന്തുറ വരെയുള്ള തീരത്തെ 250 വീടുകൾ തകർച്ച ഭീഷണിയിലാണ്. ചേരിയാമുട്ടം മുതൽ പൂന്തുറ സെന്റ് തോമസ് പള്ളി വരെ കടലിൽ അടുക്കിയ ഒമ്പതു പുലിമുട്ടുകൾ ഇളകി തുടങ്ങി. സ്ഥലം എം.എൽ.എയും ഗതാഗത മന്ത്രിയുമായ ആന്റണി രാജു ഇവിടം സന്ദർശിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം വൻകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ കല്ലുകൾ അടുക്കിത്തുടങ്ങുകയും ചെയ്തു. ഒപ്പം, കടൽക്ഷോഭം നേരിടാൻ 24.25 ലക്ഷം അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ പണി ആരംഭിക്കുമെന്നാണ് മന്ത്രി ആന്റണി രാജു വ്യക്തമാക്കുന്നത്. ബീമാപള്ളി തൈക്കാപള്ളി പ്രദേശത്ത് 50 മീറ്റർ കടൽഭിത്തി നിർമിക്കാനാണ് തുക അനുവദിച്ചത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി തുക അനുവദിച്ചത്. ഇതുമൂലം 14 വീടുകൾ സംരക്ഷിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മയുടെ ഭരണത്തിന് കീഴെ ഒരുകൂട്ടം ഉദ്യോഗസ്ഥരും ചില മത്സ്യത്തൊഴിലാളികളും തമിഴ്നാട്ടിലെ കടലൂരിൽ സ്ഥാപിച്ച ഭൂവസ്ത്ര കുഴൽ കണ്ടു മനസ്സിലാക്കാൻ യാത്രപോയത്. അത്തരത്തിൽ ഭൂവസ്ത്ര കുഴൽ സ്ഥാപിച്ചാൽ തിരുവനന്തപുരത്തെ കടലേറ്റം തടയാനാകുമെന്ന് അവർ വിശ്വസിച്ചു. പദ്ധതി വിജയകരമായാൽ കേരളത്തിന്റെ മുഴുവൻ തീരപ്രദേശത്തും പദ്ധതി നടപ്പാക്കാമെന്നാണ് അവർ മനക്കണക്ക് കൂട്ടിയത്. ഇതിനായി നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ നിയമ വകുപ്പ് തടസ്സം സൃഷ്ടിച്ചതിനാൽ 2020 ഒക്ടോബറിൽ മേഴ്സികുട്ടിയമ്മ ക്ഷുഭിതയായിരുന്നു. കിഫ്ബി സഹായത്തോടെയാണ് കടൽ സംരക്ഷണത്തിനുള്ള ബദൽ മാർഗമായ ഭൂവസ്ത്ര കുഴൽ (ജിയോ ട്യൂബ്) പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ, അത് പുനഃപരിശോധിക്കണമെന്ന നിയമവകുപ്പിന്റെ നിർബന്ധം ഉണ്ടായതോടെ അന്നത്തെ നിയമ മന്ത്രി എ.കെ. ബാലനെതിരെ അവർ പൊട്ടിത്തെറിച്ചു.
ഒന്നാം പിണറായി സർക്കാറിന്റെ അവസാനകാലത്താണ് പിന്നീട് ഈ പദ്ധതി വീണ്ടും നടപ്പിൽ വരുത്തിയത്. തീരദേശ വികസന കോർപറേഷനാണ് പദ്ധതിയുടെ സ്പെഷൽ പർപ്പസ് വെഹിക്കിൾ ചുമതലയിൽ വന്നത്. 2021 ഫെബ്രുവരിയിൽ ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ നിർമാണത്തിന്റെയും കൃത്രിമപാര് നിക്ഷേപിക്കലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓൺലൈനായി നിർവഹിച്ചു. തീരം നിലനിർത്താന്‍ കരിങ്കല്ലിനു പകരം ബദല്‍ എന്ന നിലയിലാണ് ജിയോ ട്യൂബ് ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ നിർമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രമുഖ സമുദ്ര ഗവേഷണ സ്ഥാപനമായ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി തയാറാക്കിയ രൂപരേഖ അനുസരിച്ചാണ് 150 കോടി രൂപയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാന്‍ സർക്കാർ അംഗീകാരം നൽകിയത്. ഇതില്‍ ആദ്യഘട്ടമെന്ന നിലയിലാണ് 19.57 കോടി രൂപ അടങ്കല്‍ തുകയില്‍ പൂന്തുറ പ്രദേശത്തെ 700 മീറ്റര്‍ തീരസംരക്ഷണ പ്രവൃത്തികള്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി അന്ന് പറഞ്ഞു.
തീരത്തുനിന്ന് 80 മുതൽ 120 മീറ്റർ അകലത്തിൽ തീരത്തിനു സമാന്തരമായി ആറു മീറ്റർ ആഴമുള്ള സമുദ്രത്തിന് അടിത്തട്ടിൽ 15 മീറ്റർ വ്യാസമുള്ള സിന്തറ്റിക് ജിയോ ട്യൂബുകൾ മണൽ നിറച്ച് മൂന്ന് അടുക്കായി സ്ഥാപിക്കാനായിരുന്നു തീരുമാനിച്ചത്. അഞ്ച് യൂനിറ്റാണ് നിലവിൽ സ്ഥാപിക്കുകയെന്നും അന്ന് വ്യക്തമാക്കിയിരുന്നു. ഓരോ ബ്രേക്ക് വാട്ടർ യൂനിറ്റിലെയും നീളം 100 മീറ്ററും ഇവ തമ്മിലുള്ള അകലം 50 മീറ്ററും ആണ്.
ജിയോ ട്യൂബിന്റെ ഉപരിതലം വേലിയിറക്ക നിരപ്പിൽനിന്ന് ഏകദേശം ഒന്നുമുതൽ ഒന്നര മീറ്റർ താഴെയായിരിക്കും.
മുംബൈ ആസ്ഥാനമായ ഡി.വി.പി ജി.സി.സി ജോയന്റ് വെഞ്ചർ എന്ന കമ്പനിയാണ് നിർമാണച്ചുമതല ഏറ്റെടുത്തത്. 1000 ടൺ ശേഷിയുള്ള ബാർജുകൾ, ഉയർന്ന ശേഷിയുള്ള ഹാൻഡ് പമ്പ് െഡ്രഡ്ജറുകൾ, 800 മുതൽ 1000 ടൺ ശേഷിയുള്ള െഡ്രഡ്ജറുകൾ, സ്കൂബ ഡൈവിങ്, ഓക്സിജൻ ജനറേറ്റർ എന്നിവ ഘടിപ്പിച്ച പ്രത്യേകതരം ബാർജുകൾ തുടങ്ങിയ മറൈൻ യന്ത്രങ്ങൾ ഉപയോഗിച്ചാണ് നിർമാണം. തീരദേശ സംരക്ഷണത്തിനുള്ള കല്ലിന്റെ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ജിയോ ട്യൂബ് ഉപയോഗിച്ച് ബ്രേക്ക് വാട്ടര്‍ എന്ന ആശയം സർക്കാര്‍ പരിഗണിച്ചത്.
ചൈനയിൽനിന്നാണ് ഭൂവസ്ത്രക്കുഴലുകള്‍ എത്തിച്ചത്. തിരമാലകള്‍ ജിയോ ട്യൂബിൽ തട്ടുന്നതോടെ ശക്തി കുറയുമെന്നും കടലാക്രമണം പൂർണമായും കുറക്കാന്‍ സഹായിക്കുമെന്നും അവർ കരുതി. തിരമാലകൾക്ക് ശക്തി കുറയുന്നതിനാല്‍ ബീച്ച് രൂപപ്പെടുമെന്നായിരുന്നു പ്രതീക്ഷ. ഇവിടെ വള്ളങ്ങൾക്ക് അനായാസം കരക്കടുപ്പിക്കാൻ കഴിയുമെന്നും അവർ കരുതി. അഞ്ചു മീറ്റര്‍ വ്യാസവും 20 മീറ്റര്‍ നീളവുമുള്ള പോളി പ്രൊപ്പലിന്‍ ട്യൂബുകളിലാണ് മണല്‍ നിറച്ച് ബ്രേക്ക് വാട്ടര്‍ സ്ഥാപിക്കുന്നത്. ഇത്തരം ട്യൂബുകളുടെ മൂന്ന് അടുക്കുകള്‍ ഒരു ബ്രേക്ക് വാട്ടറില്‍ ഉണ്ടാകും.
നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയാണ് പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നത്. പൂന്തുറ നിന്നും ആരംഭിച്ച് വലിയതുറ, ബീമാപള്ളി, ശംഖുമുഖം മേഖലകളിലെ തീരസംരക്ഷണത്തിന് ഉതകുന്ന രീതിയിലാണ് പദ്ധതി വിഭാവനംചെയ്തത്.
എന്തായാലും ഈ പദ്ധതി വിജയിക്കില്ലെന്ന് മത്സ്യത്തൊഴിലാളികളും അവരുടെ സംഘടനാ പ്രതിനിധികളും മുന്നറിയിപ്പ് നൽകിയിരുന്നു. അത് വളരെ കൃത്യമായ പ്രവചനമാണെന്ന് 2022 ജൂൺ മാസത്തിൽതന്നെ പൂന്തുറയിൽ ഉണ്ടായ സംഭവവികാസങ്ങൾ കണ്ടാൽ മനസ്സിലാകും. ഒന്നാം ഘട്ടത്തില്‍ കടലില്‍ സ്ഥാപിച്ച ഭൂവസ്ത്രക്കുഴലുകളെപോലും മറികടന്ന് തിരമാലകള്‍ മൺസൂണ്‍ കനക്കുന്നതിനു മുമ്പേ തീരത്തെ വിഴുങ്ങി തുടങ്ങിയിരുന്നു. ഈ പദ്ധതികൾ യാഥാർഥ്യബോധമില്ലാത്ത ഭരണാധികാരികളുടെ സൃഷ്ടിയാണെന്ന് കടൽ-പരിസ്ഥിതി പ്രവർത്തകനും മത്സ്യത്തൊഴിലാളിയും തൊഴിലാളി സംഘടനാ നേതാവുമായ ക്രിസ്തുദാസ് അടിമലത്തുറ പറയുന്നു. ലോകത്തു പലയിടത്തും പല ഭൂപ്രകൃതിയാണ്. കടലിലും അങ്ങനെത്തന്നെയാണ്. കടലറിയാതെ പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചാൽ പദ്ധതികൾ ഇതുപോലെ തകർന്നുപോകുമെന്ന് അദ്ദേഹം പറയുന്നു. കോടികളുടെ നഷ്ടമുണ്ടായെന്നു മാത്രമല്ല, പദ്ധതി ഗുണത്തേക്കാളേറെ ദോഷവും വൻ നഷ്ടവും ഉണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.