മാധ്യമം ആഴ്ചപ്പതിപ്പിന്റെ ആദ്യ മുഖ്യ പത്രാധിപർ ആയിരുന്ന ലേഖകൻ ആഴ്ചപ്പതിപ്പിലേക്ക് താൻ എത്തിയതും തുടർന്നുള്ള ദിനങ്ങളിലെ പ്രവർത്തനവും ഓർമിക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഒരു സുപ്രഭാതത്തിൽ രണ്ടുപേർ എന്നെ കാണാൻ വന്നു. ഒരാൾ നേരത്തേ അറിയാവുന്ന സമാദരണീയനായ സുഹൃത്ത്: പ്രഫസർ സിദ്ദീഖ് ഹസൻ സാഹിബ്. വി.കെ. ഹംസ സാഹിബ് എന്ന മറ്റേയാളെ ഞാൻ ആദ്യമായി കാണുകയാണ്.
ഉപചാരങ്ങൾ കഴിഞ്ഞപ്പോൾ സിദ്ദീഖ് ഹസൻ സാഹിബ് തുടങ്ങിെവച്ചത് ഇങ്ങനെ: ''ഞങ്ങളെ ഒന്നു സഹായിക്കണം എന്ന് പറയാനാണ് വന്നത്.''
''പറയൂ'', ഞാൻ അപേക്ഷിച്ചു: ''എന്താണാവോ വേണ്ടത്?'' മതിയായ വിവരവും വിവേകവും ഉള്ള ആളെന്ന് എനിക്ക് പൂർണബോധ്യമുള്ളതുകൊണ്ട് എന്തു പറഞ്ഞാലും സമ്മതിക്കാം എന്ന ഭാവത്തോടുകൂടി തന്നെയാണ് ഞാനിത് ചോദിച്ചത്.
മാധ്യമം പത്രത്തിന് ഒരു പത്രാധിപരെ വേണം, ശ്രീ പി.കെ. ബാലകൃഷ്ണന് ശരീരസുഖം ഇല്ലാതായതിൽ പിന്നെ ആ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു. ആവശ്യമുള്ള മറ്റൊരു കാര്യംകൂടിയുണ്ട്: മാധ്യമം എന്ന സ്ഥാപനം ഒരു ആഴ്ചപ്പതിപ്പ് തുടങ്ങണമെന്ന് നിശ്ചയിച്ചിട്ട് ഏതാണ്ട് ഒരു കൊല്ലത്തോളമായി, പുറത്തിറക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അത് സാധിപ്പിക്കണം. ഒരു കാര്യത്തിലും അനാവശ്യമായി ആരും ഇടപെടില്ല. പരിപൂർണ സ്വാതന്ത്ര്യം ഉറപ്പുതരാം. ധൂർത്തിന് ഒട്ടും കോപ്പില്ലെങ്കിലും 'മാധ്യമ'ത്തിന്റെ ഒരു സമാരംഭത്തിന് സാമ്പത്തികമായ വിഷമം വരാതെ ശ്രദ്ധിക്കാം.
'മാധ്യമ'ത്തിന്റെ ലക്ഷ്യം അദ്ദേഹം സാമാന്യമായി ഇങ്ങനെ വിശദീകരിച്ചു: കേരളത്തിലെ ഇസ്ലാമിക സമൂഹത്തിൽ വന്നുപെട്ട അപചയങ്ങൾ നീക്കാൻ പരിശ്രമിക്കുക, ഇസ്ലാമിനെ ആഴത്തിൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അവസരമൊരുക്കുക, സമുദായ സൗഹൃദത്തിന് കൂടുതൽ വേരോട്ടം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുക, വർഗീയതയെ നിരുത്സാഹപ്പെടുത്തുക...
കുട്ടിക്കാലത്തേ ഞാൻ ''മർത്ത്യൻ സുന്ദരനാണ്'' എന്ന് പാടിയ കവിയുടെ പിന്നാലെയാണ്. ജാതിമതഭേദം കൂടാതെ 'കൂട്ടുകൃഷി' ചെയ്തു ജീവിക്കുന്ന മനുഷ്യനെ കുറിച്ചാണ് കവി ഇങ്ങനെ പാടിയത്.
പുതിയ ഉത്തരവാദിത്തത്തെ പറ്റിയുള്ള അവരുടെ ഈ നിർദേശം സ്വീകരിക്കാൻ തത്ത്വത്തിൽ വിഷമമില്ല. എങ്കിലും ചില പ്രായോഗിക പ്രയാസങ്ങൾ ഉണ്ടായിരുന്നു. അമ്മക്ക് നല്ല സുഖമില്ലാത്തതുകൊണ്ട് എനിക്ക് പെട്ടെന്ന് കോഴിക്കോട്ടേക്ക് താമസം മാറ്റാനോ ദിവസേന അവിടെ പോയിവരാനോ സാധിക്കുമായിരുന്നില്ല.
ഹംസ സാഹിബിന്റെ ഉറക്കെയുള്ള ചിരി മുഴങ്ങി: ''ആഴ്ചയിൽ എത്ര ദിവസം കോഴിക്കോട്ട് ഉണ്ടായി എന്നുള്ളതല്ല, കാര്യം എങ്ങനെയെങ്കിലും നടക്കുകയാണ്, അത് മാത്രമാണ്, വേണ്ടത്.''
അങ്ങനെയാണ് ആഴ്ചയിലൊരു ദിവസം കോഴിക്കോട്ട് യാത്രയും ബാക്കിദിവസങ്ങളിൽ 'വർക്കിങ് ഫ്രം ഹോം' എന്ന മുറയും തുടങ്ങുന്നത്.
ആഴ്ചപ്പതിപ്പിന്റെ കാര്യം ആദ്യം നോക്കി. വിഭവങ്ങളൊക്കെ എന്നോ സജ്ജമായിക്കഴിഞ്ഞിരുന്നു. മത്തങ്ങ മുറിക്കാൻ പേടിച്ച് കറി വെക്കാതെ ഇരിക്കുന്ന അവസ്ഥയാണ് വാസ്തവത്തിൽ ഉണ്ടായിരുന്നത്. ചോദിച്ചു വാങ്ങിയ ലേഖനം എങ്ങനെ മുറിക്കും എന്നായിരുന്നു അതിന് ചുമതലപ്പെട്ടവർക്ക് തടസ്സമായി നിന്ന ആശങ്ക!
ഞാൻ അവർക്ക് കാണിച്ചുകൊടുത്തു, ഒരൊറ്റ വഴിയേ ഉള്ളൂ, കത്തിയെടുക്കുക, മുറിക്കുക, ആവശ്യമില്ലാത്തത് കളയുക! വിഭവം നന്നായാൽ ഒരു മത്തങ്ങക്കും ഒരു ആക്ഷേപവും ഉണ്ടാവില്ല എന്ന് മാത്രമല്ല സന്തോഷമേ കാണൂ എന്നും ഞാൻ അവർക്ക് ഉറപ്പു നൽകി. ആ ഉറപ്പു എങ്ങനെ ഉണ്ടായി എന്നല്ലേ? അനുഭവത്തിൽനിന്ന് കിട്ടിയതാണ്.
സയൻസ് ടുഡേ എന്ന പ്രസിദ്ധീകരണത്തിനുവേണ്ടി ഡോ. രാജാരാമണ്ണ എന്ന വലിയ സയന്റിസ്റ്റിനെക്കൊണ്ട് എഴുതിച്ച ലേഖനം 'കറിക്ക് പാകപ്പെടുത്തി' ഞാൻ അതുമായി അദ്ദേഹത്തിന്റെ അനുമതി വാങ്ങാൻ ചെന്നു. താൻ എഴുതിയത് ആളുകൾക്ക് മനസ്സിലാകാനായി കൂടുതൽ സരളമാക്കിയിരിക്കുന്നു എന്ന അറിവ് അദ്ദേഹത്തെ ക്ഷോഭിപ്പിക്കുകയാണ് ചെയ്തത്. ''നിങ്ങൾ എന്ത് ധിക്കാരമാണ് ഈ പറയുന്നത്!'' എന്ന അദ്ദേഹത്തിന്റെ പതിവില്ലാത്ത ആക്രോശം കേട്ടാവണം അദ്ദേഹത്തിന്റെ വീട്ടുകാരി ചിരിച്ചുകൊണ്ട് സ്വീകരണമുറിയിലേക്ക് വന്നു: ''അത് ഞാനൊന്ന് നോക്കട്ടെ? അങ്ങ് ഓഫീസിൽ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലല്ലോ!''
ലേഖനം അവരെ ഏൽപ്പിച്ച് അദ്ദേഹം ക്രോധവുമായി മിണ്ടാതെ ഇരിപ്പ് തുടർന്നു. അകത്തു പോയ അവർ പത്തു മിനിറ്റിനകം കൂടുതൽ വിടർന്ന ചിരിയുമായി വന്നു: ''ഇങ്ങനെ പറഞ്ഞു കിട്ടിയെങ്കിൽ പണ്ടേ തന്നെ..!''
''എങ്കിൽ'', സമ്മതം എന്നെഴുതി ഒപ്പുവെച്ച ലേഖനം ഒരു ചിരിയോടെ എനിക്ക് തന്ന് അദ്ദേഹം പറഞ്ഞു: ''ഞാൻ തോൽവി സമ്മതിക്കുന്നു!''
അതിൽപിന്നെ ഏതു മഹാ ശാസ്ത്രജ്ഞന്റെയും ലേഖനം തിരുത്തിക്കുറിക്കുന്നതിൽ ഒരു ശങ്കയും എനിക്ക് ഉണ്ടാകാറില്ല. ഭാഷാപോഷിണിയുടെ ചുമതല ഉണ്ടായിരുന്നപ്പോൾ അൽപരസക്കാരൻ എന്നു പ്രഖ്യാതനായ അഴീക്കോട് സാർ മുതൽ പലരുടെയും അക്ഷരവിന്യാസത്തിൽ 'ഉഴിച്ചിലും പിഴിച്ചിലും' നടത്തിയത് അവരാരും അറിഞ്ഞേ ഇല്ല എന്നാണ് തോന്നിയത്.
ഈ സമീപനം ഇവിടെയും സ്വീകരിച്ചതോടെ പണി നിഷ്പ്രയാസം തീർന്നു. മൂന്നുമാസംകൊണ്ട് വാരിക ഇറങ്ങി. പിന്നെയൊക്കെ, ഏതോ സിനിമയിൽ പറയുന്നതുപോലെ, വളരെ പെട്ടെന്നായിരുന്നു. മലയാളത്തിൽ അന്നുണ്ടായിരുന്ന വാരികകൾക്ക് ഇടയിൽ വ്യക്തമായി ഒഴിഞ്ഞുകിടന്ന ഇടം കണ്ടുപിടിച്ച് അവിടെ നിറഞ്ഞു വളരാൻ തക്ക രീതിയിൽ കെട്ടും മട്ടും ഉള്ളടക്കവും ആസൂത്രണം ചെയ്യാൻ കഴിഞ്ഞതുകൊണ്ട് വാരിക പെട്ടെന്ന് വളർന്നു. ജോലിക്കാരുടെ അർപ്പണബോധം അന്യൂനമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതുണ്ട്. തങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങളിൽ ഇടപെടാൻ മാനേജ്മെന്റ് ഒരുങ്ങിയും ഇല്ല. എല്ലാ ആഴ്ചയും 'തുടക്ക'മെന്ന പേരിൽ ആമുഖമായി ഒരു കുറിപ്പ് എഴുതുന്ന പണികൂടി ഞാൻ ഏറ്റെടുത്തു. അത് ആളുകൾക്ക് ഇഷ്ടമായതും വാരികയുടെ വളർച്ചയെ തുണച്ചു.
കമ്പ്യൂട്ടർ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ ഓരോ ആഴ്ചയിലേയും പതിപ്പ് അതിലെ ഉള്ളടക്കത്തിന്റെ കാര്യത്തിൽ രണ്ടാഴ്ചയെങ്കിലും പിറകിലായി പോകുമെന്നു വന്നു. ബന്ധപ്പെട്ട എല്ലാവരിലും കമ്പ്യൂട്ടർ സാക്ഷരത നിലവിൽ വരുത്താനായി അടുത്ത ശ്രമം. അതുകൂടി ആയതോടുകൂടി ആഴ്ചപ്പതിപ്പ് തികച്ചും മോഡേണായി. പിന്നെ വിതരണത്തിനും ഉൽപാദനത്തിനും മികവു കൂട്ടാനുള്ള സാങ്കേതികതകൾ മാത്രമേ ശ്രദ്ധിക്കാൻ ഉണ്ടായിരുന്നുള്ളൂ.
മാനേജർമാർക്ക് പരിചയക്കുറവ് ഉണ്ടായിരുന്നു. പക്ഷേ, മുൻവിധി ഒന്നുമുണ്ടായിരുന്നില്ല എന്നത് വലിയ സൗകര്യമായി. എന്തെങ്കിലും ഒന്ന് പഠിക്കണമെങ്കിൽ അത് എനിക്ക് അറിയില്ല എന്ന് തന്നോടുതന്നെ ആദ്യമേ സമ്മതിക്കണമല്ലോ!
എന്റെ പല സുഹൃത്തുക്കളും എന്നോട് ചോദിച്ചു: ''നിങ്ങൾ എന്താണ് അവിടെ ചെയ്യുന്നത്? അത് ഒരു ഇസ്ലാമിക പ്രസിദ്ധീകരണം അല്ലേ?''
ഞാൻ അവരോട് പറഞ്ഞു: ''ഞാൻ എന്നെ കരുതുന്നത് ഒരു പാചകക്കാരൻ ആയാണ്. എനിക്ക് രുചിക്കാത്തതൊന്നും ഞാൻ ഉണ്ടാക്കുന്നില്ല. എന്റെ സ്വാതന്ത്ര്യത്തിൽ അവിടെ ആരും കൈകടത്താറുമില്ല. മറ്റൊരു മതക്കാരനായ ഡോക്ടറിൽനിന്ന് മരുന്നു വാങ്ങരുത് എന്നോ മറ്റൊരു മതക്കാരൻ വഴി ചോദിക്കുമ്പോൾ പറഞ്ഞുകൊടുക്കരുത് എന്നോ ഞാൻ കരുതുന്നില്ല.''
ആഴ്ചപ്പതിപ്പ് റെയിലിൽ കയറിയപ്പോൾ 'മാധ്യമ'ത്തിന്റെ ഉടമസ്ഥരോട് ഞാൻ എനിക്ക് പിരിഞ്ഞുപോകണം എന്ന കാര്യം സൂചിപ്പിച്ചു. 'തീക്കടൽ കടഞ്ഞ് തിരുമധുരം' എന്ന നോവൽ എഴുതാൻ ഉണ്ടായിരുന്നതുകൊണ്ടുകൂടിയാണ് മറ്റ് എല്ലാ ജോലിയും ഉപേക്ഷിച്ച് ഞാൻ നാട്ടിലേക്ക് മടങ്ങിയത്. ആ കാര്യവും പറഞ്ഞു.
''ഒരു ചെറിയ സഹായംകൂടി ചെയ്തിട്ട്...'' എന്നായി. പത്രത്തെ കൂടി മോഡേണൈസ് ചെയ്യുക എന്നതായിരുന്നു ആ സഹായം. അതിന് ഒരു ഒന്നര കൊല്ലംകൂടി വേണ്ടിവന്നു. ഇവിടെയും ജോലിക്കാരുടെ ഉത്സാഹം ആണ് ഏറ്റവും വലിയ സഹായമായത്, അവരുടെ അർപ്പണബോധവും.
അപ്പോഴേക്കും പക്ഷേ മറ്റൊരു സ്വപ്നംകൂടി സ്ഥാപനത്തിന്റെ ഉടമസ്ഥരുടെ മനസ്സിൽ ഉദിച്ചു: ദിനപത്രത്തിന് ഗൾഫിൽനിന്ന് അച്ചടിക്കുന്ന ഒരു എഡിഷൻ. ഒരു മലയാള പത്രത്തിനും അക്കാലത്ത് അതില്ല. എന്നാലോ, ഇന്റർനെറ്റിലൂടെ വേണം ഡാറ്റ അയക്കാൻ, ഇന്റർനെറ്റ് ആണെങ്കിൽ ബാല്യ അവസ്ഥയിലും! വലിയ പെടാപ്പാട് ആയിരുന്നു ആ സമാരംഭം.
അതുകൂടി കഴിഞ്ഞിട്ടും പരസ്പരം പിരിയാൻ അവർക്കും എനിക്കും വലിയ മനോവിഷമത്തെ മറികടക്കേണ്ടിവന്നു. അത്രയും ദൃഢമായി കഴിഞ്ഞിരുന്നു ആ ബന്ധം. പക്ഷേ, പോരാതെ എന്ത് ചെയ്യാൻ! എനിക്കല്ലാതെ ആർക്കും ചെയ്യാൻ കഴിയാത്ത ഒരു പണി ബാക്കി കിടന്നുവല്ലോ -ഒരു ജീവിതകാലത്തെ മുഴുവൻ തയാറെടുപ്പുകളുടെ ഫലമായി എഴുതാൻ പാകമായിരുന്ന ആ നോവൽ എഴുതാൻ പിന്നെയും വൈകിക്കാൻ പറ്റുമായിരുന്നില്ല.
ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ മറ്റൊരു കാര്യം കൂടി എനിക്ക് മനസ്സിലാകുന്നുണ്ട്. എഴുത്ത് എന്ന ഒരു കാര്യത്തിന് അല്ലാതെ ഒന്നിനും വേണ്ടി സമയപരിധി ഇല്ലാതെ പ്രവർത്തിക്കാൻ എനിക്കു മനസ്സു വരാറില്ല. മറ്റു കർമരംഗങ്ങളിൽ ഏത് വെല്ലുവിളിക്കും പരമാവധി നീക്കിവെക്കാൻ കഴിഞ്ഞ സമയം രണ്ടോ മൂന്നോ വർഷം മാത്രം. അത്രയും കാലംകൊണ്ട് അത് നിറവേറ്റാൻ ആയില്ലെങ്കിൽ പിന്നെ വെറുതെ വിഷമിച്ചിട്ട് കാര്യമില്ല എന്നതായിരുന്നു സമീപനം. നിറവേറ്റി കഴിഞ്ഞാൽ പിന്നെയോ അത് വിരസവും ആവുന്നു. എന്തോ ഒരു ഭാഗ്യംകൊണ്ട് ഇത്തരം ഒരു പരിശ്രമവും പൂർണപരാജയം ആയില്ല. സാഹചര്യം ഒത്തുവന്നു എന്നേ കരുതാനാവൂ. അല്ലാതെ എനിക്ക് എന്ത് വിശേഷം! ചെയ്യുന്ന ജോലിയിലെ ആത്മാർഥതയിൽ മായം കലരാതിരിക്കാൻ ശ്രദ്ധിച്ചു എന്നത് മാത്രമാണ് ഞാൻ ചെയ്ത കാര്യം.
മഹാപണ്ഡിതനും വാഗ്മിയും സ്നേഹശീലനുമായ സിദ്ദീഖ് ഹസൻ സാഹിബ് ഇപ്പോൾ ഇല്ല. അദ്ദേഹത്തിന്റെ ഓർമക്കു മുന്നിൽ ഒരു നിമിഷം തല കുനിക്കാം. 'മാധ്യമ'ത്തിന് വഴി പിഴക്കാത്ത മുന്നേറ്റം ഉണ്ടാകട്ടെ എന്ന് സർവശക്തനോട് പ്രാർഥിക്കുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.