സമകാലിക കേരളീയ സമൂഹം മുന്നോട്ടു പോകുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിരവധി സാധ്യതകളും പ്രതിസന്ധികളും അഭിസംബോധന ചെയ്തുകൊണ്ടാണ്. ദേശീയതലത്തിലും സംസ്ഥാന തലത്തിലും പലതരം വിദ്യാഭ്യാസ നയങ്ങള്‍ രൂപവത്കരിക്കപ്പെടുന്നത് അനുദിനം പരിണാമങ്ങള്‍ക്ക് വിധേയമാകുന്ന ജീവിതാവസ്ഥകളോട് സക്രിയമായി ഇടപെടുന്നതിന്റെ ഭാഗമായിക്കൂടിയാണ്. ആഗോളീകരണാനന്തര കാലത്തെ വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ചുള്ള ദിശാവ്യതിയാനവും അധികാരത്തിലിരിക്കുന്ന സര്‍ക്കാറുകളുടെ നയങ്ങളും ചേര്‍ന്ന് രൂപവത്കരിക്കുന്ന സമകാലിക വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പലമട്ടില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പുതിയ വിദ്യാഭ്യാസ നയവും സംസ്ഥാന സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ആവിഷ്കരിക്കുന്ന നൂതന പദ്ധതികളും വിമര്‍ശനാത്മകമായ സംവാദങ്ങള്‍ക്ക് വിധേയമാക്കേണ്ടവയാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് സവിശേഷ പ്രാധാന്യം സിദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ തൊഴില്‍ നൈപുണ്യം നേടേണ്ടതിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന Connect Career to Campus പദ്ധതി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ എം.ജി സര്‍വകലാശാലയില്‍ സ്ഥാപിച്ച Innovation and Entrepreneurship Development Centre തുടങ്ങിയ പദ്ധതികള്‍ വിപണി-വ്യവസായ സൗഹൃദമായൊരു കേരളീയാന്തരീക്ഷത്തിലേക്ക് പ്രതീക്ഷയര്‍പ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കാലികപ്രസക്തി വെളിവാക്കുന്നു.
എന്നാല്‍, വിദ്യാഭ്യാസമെന്ന പ്രക്രിയയുടെ ആത്യന്തിക ലക്ഷ്യത്തെയും അന്തഃസത്തയെയും ചോദ്യംചെയ്യുന്ന തരത്തിലേക്ക് കേരള മോഡല്‍ വിദ്യാഭ്യാസ പ്രക്രിയ നീങ്ങാന്‍ സാധ്യതയുള്ള അവസ്ഥ ആശാസ്യകരമല്ല. ജനാധിപത്യമൂല്യങ്ങളും ദിശാബോധവും നഷ്ടപ്പെടുന്ന തലത്തിലേക്ക് മനുഷ്യസമുദായത്തെ പരിവര്‍ത്തിപ്പിക്കുന്ന വിദ്യാഭ്യാസപ്രക്രിയ അർഥശൂന്യമാണ്. കാലത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടും നയരൂപവത്കരണത്തില്‍ സാമൂഹിക പുരോഗതിയും സഹവര്‍ത്തിത്വവും ഉറപ്പാക്കിയും നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. പക്ഷേ, ദേശീയ-അന്തര്‍ദേശീയതലങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള കേരളത്തിലെ സര്‍വകലാശാലകള്‍ സമീപനാളുകളില്‍ വാര്‍ത്താമാധ്യമങ്ങളില്‍ പരസ്യമായി വിമര്‍ശിക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നു.
മറ്റേതൊരു മേഖലയിലുമെന്നപോലെ നിരവധി പോരായ്മകളും പരിമിതികളും നിറഞ്ഞതാണ് കേരളത്തിലെ സര്‍വകലാശാല സമ്പ്രദായം. എന്നാല്‍, വിദ്യാര്‍ഥികളും അധ്യാപകരും സംയോജിച്ച് നിർമിച്ചെടുക്കുന്ന സര്‍വകലാശാലകളിലെ അക്കാദമികാന്തരീക്ഷവും നേട്ടങ്ങളും ഉയര്‍ത്തിക്കാണിക്കുന്നതില്‍ വിമുഖതയുള്ള വാര്‍ത്താമാധ്യമങ്ങള്‍, വിവാദങ്ങളിലേക്കുമാത്രം കേരളീയ പൊതുബോധത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. ഇത്തരം പാളിച്ചകളെ പർവതീകരിക്കുക വഴി കേരളീയ അക്കാദമിക് പരിസരം കാലങ്ങളിലൂടെ ആർജിച്ചെടുത്ത ധൈഷണിക മണ്ഡലത്തെയാകെ റദ്ദു ചെയ്യുന്ന രീതി അനഭിലഷണീയമാണ്.
എന്താണ് സര്‍വകലാശാലകള്‍?
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ സര്‍വകലാശാലകളെക്കുറിച്ച് പൊതുസമൂഹം പുലര്‍ത്തുന്ന ധാരണകളില്‍ ചില പരിമിതികളുണ്ട്. അവയില്‍ മുഖ്യം കോളജുകളെയും സര്‍വകലാശാലകളെയും അവയുടെ സ്ഥാപനലക്ഷ്യങ്ങളെ വിസ്മരിച്ചുകൊണ്ട് താരതമ്യപ്പെടുത്തുന്ന രീതിയാണ്. അധ്യാപനം, പഠനം, ഗവേഷണം തുടങ്ങിയവ ഇവയില്‍ പൊതുവായി അരങ്ങേറുന്നുണ്ടെങ്കിലും, സര്‍വകലാശാലകളുടെ ആത്യന്തിക ലക്ഷ്യം വൈജ്ഞാനിക ഉൽപാദനം നടപ്പാക്കുക എന്നതാണ്. കോളജുകളുടെ സമയക്രമബദ്ധമായ അന്തരീക്ഷത്തില്‍നിന്ന് ഭിന്നമായി തുറവിയുള്ളതും അന്തര്‍വൈജ്ഞാനികവുമായ അക്കാദമിക പരിസരങ്ങളായാണ് സര്‍വകലാശാലകള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. വൈജ്ഞാനിക തലത്തിലുള്ള നിര്‍മിതിയെന്നത് പഠനം, ഗവേഷണം എന്നിവക്കു പുറമേ അക്കാദമികവും അനക്കാദമികവുമായി സര്‍വകലാശാലകളില്‍ അരങ്ങേറുന്ന സംവാദങ്ങളിലൂടെയും അറിവിന്റെ ക്രയവിക്രയങ്ങളിലൂടെയും സാധ്യമാകുന്ന ഒന്നാണ്. പൊതുബോധമെന്നും അംഗീകൃത വസ്തുതകളെന്നും ആനുശീലിക്കപ്പെടുന്ന പാഠ്യക്രമത്തെ പലമട്ടില്‍ വിമര്‍ശനാത്മകമായി അപഗ്രഥിക്കുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള നൂതന ഉള്‍ക്കാഴ്ചകള്‍ പ്രദാനം ചെയ്യുക എന്നതാണ് സര്‍വകലാശാലകളുടെ പ്രാഥമിക കര്‍ത്തവ്യം. അതിനാല്‍തന്നെ, നിയതമായ ചട്ടക്കൂടുകളാല്‍ നിര്വചിക്കുവാനാകുന്നതിന് അപ്പുറമാണ് സര്‍വകലാശാലകള്‍ നിര്‍വഹിക്കേണ്ട ദൗത്യം. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ പ്രാഥമികതലത്തില്‍തന്നെ കോളജ് വിദ്യാഭ്യാസവും സര്‍വകലാശാല ജ്ഞാനനിര്‍മിതിയും വേറിട്ടുനില്ക്കുന്നവയാണെന്ന് വെളിവാകുന്നു. മറ്റൊന്ന്, സര്‍വകലാശാല ഒരു സ്വയംഭരണ സ്ഥാപനമാണ് എന്നതാണ് (സ്വയംഭരണ കോളജുകള്‍ ഉണ്ടെന്ന വസ്തുത നിഷേധിക്കുന്നില്ല). ഒരേസമയം അക്കാദമികവും ഭരണപരവുമായ ദൗത്യങ്ങള്‍ നിര്‍വഹിക്കേണ്ട ബൃഹത്തായ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് സര്‍വകലാശാലകള്‍. സിന്‍ഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഭരണവിഭാഗം, അക്കാദമിക വിഭാഗം, പരീക്ഷാ വിഭാഗം തുടങ്ങിയ നിരവധി സംവിധാനങ്ങളുടെ ഏകീകരണത്തിലൂടെ മാത്രം പ്രവര്‍ത്തനക്ഷമമാകുന്ന സ്ഥാപനമാണത്. ആക്ട്, സ്റ്റാറ്റ്യൂട്ട് എന്നിവയിലധിഷ്ഠിതമായ നിയമസംവിധാനങ്ങളാല് നിര്‍വചിക്കപ്പെടുന്നതും ബിരുദം മുതല്‍ ഡി.ലിറ്റ് വരെ നല്‍കുന്നതിന് അധികാരപ്പെട്ടതുമായ അക്കാദമികയിടമാണത്. ഒരേസമയം അക്കാദമികമായി നിലനില്ക്കുമ്പോള് തന്നെ, പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ജനാധിപത്യയിടമായി നിലനില്ക്കുന്നതിനുമായി അക്കാദമികേതര രംഗങ്ങളില്നിന്നുള്ളവരെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സര്‍വകലാശാലകളുടെ നയരൂപവത്കരണ സമിതിയായ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍തന്നെ, കേവലം പാഠപുസ്തകത്തിലൂന്നിയ ബോധനസമ്പ്രദായമല്ല സര്‍വകലാശാലകളിലൂടെ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന തിരിച്ചറിവ് പൊതുസമൂഹം ആർജിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം മുന്നറിവുകളുടെ പശ്ചാത്തലത്തിലാവണം കേരളത്തിലെ സര്‍വകലാശാലകളില്‍ അരങ്ങേറുന്ന അപലപനീയവും അഹിതകരവുമായ ചില നടപടികളെ വിലയിരുത്തേണ്ടത്. രാഷ്ട്രീയ അതിപ്രസരം, ക്രമവിരുദ്ധമായ നിയമനങ്ങള്‍, ചാന്‍സലര്‍-സര്‍ക്കാര്‍ അധികാര തര്‍ക്കങ്ങള്‍ എന്നിവമൂലം കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് നഷ്ടപ്പെട്ട അക്കാദമിക യശസ്സ് സജീവ ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ടതുണ്ട്. രാഷ്ട്രീയ പക്ഷപാതങ്ങള്‍ക്ക് വിധേയമായി ഉയര്‍ന്നുവരുന്ന നിയമന വിവാദങ്ങളും അവയെ കൗശലപൂർവം ആഘോഷിക്കുന്ന വിപണിയുടെ ബലതന്ത്രങ്ങളറിയുന്ന വാര്‍ത്താമാധ്യമങ്ങളും അവയെ വിമര്‍ശനാത്മകമായി വിലയിരുത്താന്‍ ശ്രമിക്കാതെ വിശ്വാസത്തിലെടുക്കുന്ന കേരളീയ പൊതുബോധവും സവിശേഷമായി പരിശോധിക്കപ്പെടേണ്ടതാണ്.
'അയ്യപ്പനും കോശിയും': ചില സർവകലാശാല നിയമനവിവാദങ്ങൾ
കേരളത്തിലെ സര്‍വകലാശാലകള്‍ സമീപനാളുകളില്‍ വാര്ത്താമാധ്യമങ്ങളിലിടം നേടിയത് അധ്യാപക നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലൂടെയാണ്. ബന്ധുനിയമനം, നിയമനത്തിലെ ക്രമക്കേട് എന്നിവ കേരളസമൂഹത്തില്‍ ഏറെ ചര്‍ച്ചക്ക് വിധേയമായിട്ടുണ്ട്, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നടന്ന അസിസ്റ്റന്റ് പ്രഫസര്‍, അസോസിേയറ്റ് പ്രഫസര്‍, പ്രഫസര്‍ തസ്തികകളിലേക്കുള്ള നിയമനമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഇവയില്‍ മിക്ക സര്‍വകലാശാലകളിലും മലയാള അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത് എന്നതു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു (എം.ജി സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് വിഭാഗവുമായി ബന്ധപ്പെട്ടാണ് നിയമനക്രമക്കേടെന്ന വിവാദം ഉയര്‍ന്നിരിക്കുന്നത്). ഇവയില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഡോ. പ്രിയ വര്‍ഗീസിന്റെ നിയമനത്തിലും എം.ജി സര്‍വകലാശാലയിലെ ഡോ. രേഖ രാജിന്റെ നിയമനം റദ്ദാക്കിയതിന് പിന്നിലും സംഭവിച്ചിരിക്കുന്നത് സര്‍വകലാശാലകളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സാങ്കേതിക പിഴവുകളാണ്. അസോസിേയറ്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള ഡോ. പ്രിയ വര്‍ഗീസിന്റെ അപേക്ഷയില്‍ സൂചിപ്പിച്ചിരിക്കുന്ന അധ്യാപന പരിചയം അവരുടെ പിഎച്ച്.ഡി ഗവേഷണ കാലയളവുകൂടി ഉള്‍പ്പെട്ടതായിരുന്നു. എന്നാല്‍, യു.ജി.സിയുടെ Regulations on Minimum Qualifications for Appointment of Teachers and Other Academic Staff in Universities and Colleges and Measures for the Maintenance of Standards in Higher Education, 2018 പ്രകാരം എഫ്.ഡി.പി ഗവേഷണ കാലയളവ്, ഡി.എസ്.എസ് ഡയറക്ടറായി ജോലിചെയ്ത ഡെപ്യൂട്ടേഷന് കാലം എന്നിവ പ്രസ്തുത തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ബാധകമല്ല. എന്നാല്‍, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ 12 വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് ലഭിക്കുന്ന സ്ഥാനക്കയറ്റമായ അസോസിേയറ്റ് പ്രഫസര്‍ തസ്തികയിലേക്ക് പ്രസ്തുത ഡെപ്യൂട്ടേഷന് കാലയളവും ഗവേഷണ കാലയളവും പരിഗണിക്കാനാകുമെന്ന് യു.ജി.സി ചട്ടങ്ങള്‍ വ്യക്തമാക്കുന്നു.
ഡോ. രേഖ രാജ്, ഡോ. പ്രിയ വർഗീസ്
കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മറ്റൊരു ആരോപണം ഗവേഷണ സ്കോറുമായി ബന്ധപ്പെട്ടതായിരുന്നു. മറ്റ് ഉദ്യോഗാര്‍ഥികളേക്കാള്‍ കുറഞ്ഞ സ്കോര്‍ മാത്രമുണ്ടായിരുന്ന പ്രിയ വര്‍ഗീസ് റാങ്ക് പട്ടികയില്‍ മുന്നിലെത്തിയത് അക്കാദമിക് മേഖലയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. എന്നാല്‍, റിസര്‍ച്ച് സ്കോര്‍ എഴുപത്തിയഞ്ച് മാത്രമായി നിജപ്പെടുത്തുകയും തുടര്‍ന്ന് അഭിമുഖ പരീക്ഷയെ മാത്രം മുന്‍നിര്‍ത്തി ഉദ്യോഗാര്‍ഥിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന രീതിയാണ് സര്‍വകലാശാല പിന്‍പറ്റിയത്. എന്നാല്‍, 2018ലെ യു.ജി.സി ചട്ടങ്ങളില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനുമാത്രം ബാധകമായിട്ടുള്ള പ്രസ്തുത തിരഞ്ഞെടുപ്പുരീതി അസോസിേയറ്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് ഉപയോഗപ്പെടുത്തിയെന്നുള്ളത് വിചിത്രമായ കാര്യമാണ്. പ്രസ്തുത യു.ജി.സി ചട്ടങ്ങളില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയക്ക് സമാനമായ തരത്തില്‍ ഒരു പ്രാഥമിക ചുരുക്കപ്പട്ടിക അസോസിേയറ്റ് പ്രഫസര്‍/പ്രഫസര്‍ തസ്തികയിലേക്കുള്ള നിയമനങ്ങളില്‍ പിന്തുടരണമെന്ന് സൂചിപ്പിച്ചിട്ടില്ല. യു.ജി.സിയുടെ Regulations on Minimum Qualifications for Appointment of Teachers and Other Academic Staff in Universities and Colleges and Measures for the Maintenance of Standards in Higher Education, 2010 പ്രകാരം അക്കാദമിക പശ്ചാത്തലം (20 %), എ.പി.ഐ സ്കോറിന്റെയും ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ നിലവാരത്തിന്റെയും അടിസ്ഥാനം (40 %), വിഷയത്തിലുള്ള അറിവും അധ്യാപനത്തിലെ മികവും (20 %), അഭിമുഖപരീക്ഷയിലെ മികവ് (20 %) എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു അസോസിേയറ്റ് പ്രഫസര്‍/പ്രഫസര്‍ തസ്തികയിലേക്കുള്ള നിയമനം നടന്നിരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ യു.ജി.സി നിയമങ്ങളെ കണ്ണൂര്‍ സര്‍വകലാശാല ദുര്‍വ്യാഖ്യാനം ചെയ്തതായോ തെറ്റായി മനസ്സിലാക്കിയതായോ പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതാണ്.
എം.ജി സര്‍വകലാശാലയിലെ ഡോ. രേഖ രാജിന്റെ നിയമനം റദ്ദാക്കി കേരള ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പരാതിക്കാരിയായ ഉദ്യോഗാര്‍ഥിയെ പ്രസ്തുത തസ്തികയില്‍ നിയമിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇവിടെ കോടതിവിധി വെളിവാക്കുന്ന അടിസ്ഥാന പ്രശ്നം നിയമനവുമായി ബന്ധപ്പെട്ട സാങ്കേതിക വശമാണ്. നെറ്റ് പരീക്ഷയെന്ന യോഗ്യത നേടിയില്ലെങ്കിലും, പിഎച്ച്.ഡിക്ക് ലഭിക്കേണ്ട മാര്‍ക്ക് തനിക്ക് ലഭ്യമാക്കിയിട്ടില്ല എന്ന ഡോ. നിഷാ വേലപ്പന് നായര്‍ എന്ന ഉദ്യോഗാര്‍ഥിയുടെ വാദം കോടതി പരിശോധിക്കുകയും പ്രസ്തുത മാര്‍ക്ക് അവര്‍ക്ക് ലഭ്യമാക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, രേഖ രാജ് അപേക്ഷയില്‍ സൂചിപ്പിച്ചിട്ടില്ലാത്ത ഗവേഷണലേഖനത്തിന് അഭിമുഖപരീക്ഷയില്‍ മാര്‍ക്ക് നല്കിയതും കോടതി റദ്ദാക്കി. ഇത് പരാതിക്കാരിയായ ഉദ്യോഗാര്‍ഥിക്ക് അനുകൂലമായിത്തീര്‍ന്നു.
ദലിത് സ്ത്രീ ആക്ടിവിസ്റ്റ്, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായ ഡോ. രേഖ രാജിന്റെ നിയമനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ടെലിവിഷന്‍-പത്ര മാധ്യമങ്ങളില്‍ അരങ്ങേറിയതിനേക്കാളുപരി സജീവമായ ചര്‍ച്ചകള്‍ നടന്നത് ഓണ്‍ലൈന്‍/ സമൂഹമാധ്യമങ്ങളിലായിരുന്നു. ദിലീപ് രാജ്, രേഷ്മ ഭരദ്വാജ്, ഡോ. ശശികല എ.എസ്, കെ. സന്തോഷ് കുമാര്‍, ദീപക് പച്ച, ജയറാം ജനാർദനന് തുടങ്ങിയ നിരവധിയാളുകളുടെ വാദപ്രതിവാദങ്ങള്‍ പ്രസ്തുത വിഷയത്തിനു പുതിയ മാനങ്ങള്‍ നല്കി. കോടതി വിധിയോട് അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിലെ സാംസ്കാരിക-അക്കാദമിക് മണ്ഡലങ്ങളിലെ പ്രമുഖര്‍ അണിനിരന്നു. രേഖ രാജും എം.ജി സര്‍വകലാശാലയും ഹൈകോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും അനുകൂലമായ വിധി നേടിയെടുക്കാനായില്ല. നിയമനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവശങ്ങൾ ഊന്നിപ്പറഞ്ഞ് ഡോ. രേഖ രാജിന്റെ നിയമനം കോടതി തള്ളുകയാണുണ്ടായത്.
പ്രസ്തുത വിഷയത്തെക്കുറിച്ച് അരങ്ങേറിയ സംവാദത്തില്‍ ഉയര്‍ന്നു വന്ന പ്രധാനവാദങ്ങളിലൊന്ന് രേഖ രാജിന്റെ ദലിത്പശ്ചാത്തലമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പട്ടികജാതി-പട്ടികവര്‍ഗ പ്രാതിനിധ്യം ആശങ്കജനകമാം വിധം കുറവാണെന്ന വസ്തുത തള്ളിക്കളയാനാകില്ല. എയ്ഡഡ് കോളജുകളില്‍ സംവരണം പാലിക്കാത്തതിനാല്‍ സംഭവിക്കുന്ന ദലിത് വിഭാഗങ്ങളുടെ അവകാശ നിഷേധത്തെക്കുറിച്ച് ഡോ. വിനില്‍ പോള്‍, ഒ.പി. രവീന്ദ്രന് തുടങ്ങിയവര്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ തെളിവ് സഹിതം ബോധ്യപ്പെടുത്തിയിട്ടുണ്ട്. സമാനമായി രാജ്യത്തുടനീളമുള്ള സര്‍വകലാശാലകളിലും ദലിത്-പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യം അധ്യാപക മേഖലയില്‍ കുറവാണെന്ന വസ്തുതയും സജീവമായി പരിഗണിക്കേണ്ടത് തന്നെയാണ്. എന്നാല്‍, രേഖ രാജിന്റെ അക്കാദമിക യോഗ്യതകളെക്കുറിച്ച് പരാതിക്കാരി ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു. മാത്രവുമല്ല, അഭിമുഖപരീക്ഷയുടെ ഘട്ടത്തില്‍ സംഭവിച്ചതായി നിരീക്ഷിക്കപ്പെടുന്ന ക്രമവിരുദ്ധമായ നടപടികള്‍ റദ്ദാക്കുകയാണ് കോടതി ചെയ്തിരിക്കുന്നതെന്ന് വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. മറ്റൊരർഥത്തില്‍, സര്‍വകലാശാലയുടെ ഭാഗത്തുനിന്നുമുണ്ടായ സാങ്കേതിക പിഴവിന്റെ മാത്രം പ്രശ്നത്തിലാണ് പ്രസ്തുത കേസ് നടന്നിരിക്കുന്നതെന്ന് വ്യക്തമാകുന്നു. ഇത് ഡോ. പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദവുമായി ബന്ധപ്പെടുന്നില്ലായെന്ന വസ്തുത അവശേഷിക്കുന്നു. അതായത്, യു.ജി.സി നിയമങ്ങളും സര്‍വകലാശാലയുടെ നയങ്ങളും നടപ്പാക്കിയതിലുണ്ടായ സാങ്കേതിക പിഴവ് മാത്രമാണ് ഇരു വിവാദങ്ങളിലും പൊതുവായ ഘടകം. അതിനാല്‍തന്നെ പ്രസ്തുത നിയമന വിവാദങ്ങൾ കേവലം ഉദ്യോഗാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്നതിലുപരി സര്‍വകലാശാലകളുടെയും ഇന്റര്‍വ്യൂ സമിതിയുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ്. എന്നാലിത് രണ്ടു ഉദ്യോഗാര്‍ഥികള്‍ തമ്മില്‍ മാത്രം അരങ്ങേറുന്ന 'അയ്യപ്പനും കോശിയും' മല്ലയുദ്ധംപോലെ ചിത്രീകരിക്കാന്‍ താൽപര്യമെടുക്കുന്ന വാര്‍ത്താമാധ്യമങ്ങളും രാഷ്ട്രീയനയങ്ങളുമാണ് വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടത്.
എം.ജി സര്‍വകലാശാലയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഡോ. ശശികല എ.എസ് ഉയര്‍ത്തിയ ചില വാദങ്ങള്‍ പരിശോധിക്കാം. 28/04/2018ന് സര്‍വകലാശാല പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷനില്‍ സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആൻഡ് െഡവലപ്മെന്റ് സ്റ്റഡീസ്, സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, സ്കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്സ് എന്നീ വിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ഗാന്ധിയന്‍ പഠനവകുപ്പിലേക്ക് ഗാന്ധിയന്‍ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ്, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, എജുക്കേഷന്‍, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക് തുടങ്ങിയ വിഷയങ്ങളില്‍നിന്നുള്ള അപേക്ഷകരെയും സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ പ്രസ്തുത ഫാക്കൽറ്റിയുടെ കീഴില്‍ വരുന്ന എല്ലാ വിഷയങ്ങളില്നിന്നുള്ളവരെയും ക്ഷണിച്ചിരുന്നു. എന്നാല്‍, സ്കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിലേക്ക് ക്ഷണിച്ച അപേക്ഷയില്‍ പ്രസ്തുത വിഷയത്തില്‍ യോഗ്യത നേടിയവരെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ, ഡോ. ശശികല ഉന്നയിച്ച മറ്റു നിയമനങ്ങളിലെ അപാകതകള്‍ സജീവമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുമില്ല. സര്‍വകലാശാല നോട്ടിഫിക്കേഷനില്‍ പ്രതിപാദിച്ചിട്ടില്ലാത്ത വിഷയങ്ങളില്നിന്നുള്ളവര്പോലും ഗാന്ധിയന്‍ പഠന വകുപ്പില്‍ നിയമനം നേടിയെന്നുള്ളത് മറ്റൊരു സാങ്കേതിക പ്രശ്നമാണ്. ശശികലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ദിലീപ് രാജ് ഉന്നയിച്ച വാദം സര്‍വകലാശാല വകുപ്പുകള്‍ അന്തര്വൈജ്ഞാനികമാണെന്നതായിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങള്‍ അംഗീകരിക്കുമ്പോള്‍ തന്നെ, പ്രസ്തുത അന്തര്‍വൈജ്ഞാനിക നയം എന്തു കൊണ്ട് സ്കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിലേക്കുള്ള നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സംശയം ബലപ്പെടുന്നു. സോഷ്യല്‍ സയന്‍സസ് ഫാക്കൽറ്റിയുടെ കീഴില്‍ വരുന്ന മൂന്നു പഠനവിഭാഗങ്ങളിലേക്ക് വ്യത്യസ്ത നിയമന നയം സ്വീകരിക്കുന്നത് തീര്‍ച്ചയായും സാങ്കേതിക പിഴവുതന്നെയാണ്.
അന്തര്‍വൈജ്ഞാനിക പദ്ധതികളുമായി മുന്നോട്ടുപോകുന്ന എം.ജി സര്‍വകലാശാലയില്‍ മറ്റ് സര്‍വകലാശാലകളില്‍ നിന്ന് നേടുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് തുല്യത/യോഗ്യത (Equivalency/Eligibility) സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്ന പതിവുണ്ട് (നിലവില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പകരം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുന്നത്). ഇത് കേരളത്തിലെ സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ വരുന്ന എല്ലാ സര്‍വകലാശാലകളിലും നടപ്പാക്കുന്ന ഒരു പ്രവണതയാണ്. കോഴ്സിന്റെ പേര്, പഠനവിഭാഗം, സിലബസ് എന്നിവ പരിശോധനാവിധേയമാക്കിയാണ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നത്. കൂടാതെ ഇത് പൊതുവായി ലഭ്യമാക്കുന്നതിന് പകരമായി അസിസ്റ്റന്റ് പ്രഫസര്‍ഷിപ്, ഉന്നതപഠനം, ഗ്രേഡ് പ്രമോഷന് തുടങ്ങിയ ഓരോ ആവശ്യങ്ങള്‍ക്കും അപേക്ഷകര്‍ പണമടച്ചു വെവ്വേറെ സര്‍ട്ടിഫിക്കറ്റുകള്‍ നേടേണ്ടതായുണ്ട്. ഇത്തരത്തില്‍ തുല്യത/യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതില് കര്‍ശനമായ നയങ്ങള്‍ പുലര്‍ത്തുന്ന സര്‍വകലാശാലകള്‍ക്ക് എപ്രകാരമാണ് സുതാര്യമായ അന്തര്‍വൈജ്ഞാനിക പഠനപദ്ധതികള്‍ ആവിഷ്കരിക്കാനാകുന്നത്? 13/11/2018ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് (G.O.(Ms) No.272/2018/HEDN) പ്രകാരം ഒരു ആവശ്യത്തിനും തുല്യതാ/യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കരുതെന്ന നിർദേശം നിലവിലുള്ളപ്പോള്‍തന്നെ സംസ്ഥാന സര്‍വകലാശാലകള്‍ ഉന്നതപഠനം, ജോലി തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്ക് ഇവ ഇപ്പോഴും നിര്‍ബന്ധമായും ആവശ്യപ്പെടുന്നുവെന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ചുരുക്കത്തില്‍, സര്‍വകലാശാലകളുടെ നയങ്ങളിലെ സാങ്കേതിക പിഴവുകള്‍ തിരുത്തുന്നതിനു പകരം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ രണ്ട് ഉദ്യോഗാര്‍ഥികള്‍ തമ്മിലുള്ള ബലപരീക്ഷണമായി വിവാദങ്ങളെ പൊതുമധ്യത്തില്‍ നിലനിര്‍ത്തുകയെന്ന ദൗത്യമാണ് രാഷ്ട്രീയകക്ഷികളും വാര്‍ത്താമാധ്യമങ്ങളും നടപ്പാക്കുന്നത്. വിവാദങ്ങള്‍ രണ്ട് ഉദ്യോഗാര്ഥികളിലേക്ക് മാത്രം ചുരുങ്ങുമ്പോള്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റ് ഉദ്യോഗാര്‍ഥികളുടെ മുഖങ്ങള്‍ വേഗത്തില്‍ വിസ്മൃതിയിലേക്ക് നീങ്ങുന്നു.
യു.ജി.സി നിയമങ്ങളുടെ പിന്നാമ്പുറക്കഥകള്‍
ഇന്ത്യയിലെ സര്‍വകലാശാല സംവിധാനങ്ങളുടെ നയങ്ങളെ പൊതുവായി രൂപവത്കരിക്കുന്ന കേന്ദ്ര സംവിധാനമെന്ന നിലയില്‍ യു.ജി.സി കാലാകാലങ്ങളില്‍ അതിന്റെ നിയമവ്യവസ്ഥകളില്‍ പല പരിഷ്കരണങ്ങൾ നടപ്പാക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്റെയും അതിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്ന തീവ്രഹിന്ദുത്വ നിലപാടുകളെയും പലമട്ടില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് യു.ജി.സിയുടെ പല നയങ്ങളും രൂപവത്കരിക്കപ്പെടുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുക, നിലവാരം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ അവതരിപ്പിക്കപ്പെടുന്ന ഭൂരിഭാഗം നയങ്ങളും പലപ്പോഴും ഇന്ത്യയിലെ അടിസ്ഥാന വര്‍ഗ/കീഴാള വിഭാഗം ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നവയാണ്. പ്രഥമദൃഷ്ട്യാ ഗുണകരമെന്ന പ്രതീതി ജനിപ്പിക്കുന്നുവെങ്കിലും, യു.ജി.സിയുടെ സമീപകാല നയങ്ങളില്‍ നിരവധി പോരായ്മകള്‍ കണ്ടെത്താനാകും.
യു.ജി.സിയുടെ Minimum Standards and Procedure for Award of M.Phil/Ph.D Degrees Regulations, 2016 പ്രകാരം പിഎച്ച്.ഡി ഗവേഷണവുമായി ബന്ധപ്പെട്ട ഗവേഷണ മാര്‍ഗദര്‍ശികളുടെ കീഴില്‍ പ്രവര്‍ത്തിക്കാവുന്ന ഗവേഷകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. അസിസ്റ്റന്റ് പ്രഫസര്ക്കൊപ്പം നാല്, അസോസിേയറ്റ് പ്രഫസര്ക്കൊപ്പം ആറ്, പ്രഫസര്ക്കൊപ്പം എട്ട് എന്നീ നിലയിലേക്ക് ഗവേഷകരുടെ എണ്ണം പരിമിതപ്പെടുത്തുന്നുവെന്നതിന് ഗവേഷണ മേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ന്യായമാണ് യു.ജി.സി മുന്നോട്ടുവെക്കുന്നത്. എന്നാല്‍, മുന്‍കാലങ്ങളില്‍നിന്ന് ഭിന്നമായി അംബേദ്കറിസ്റ്റ് മൂല്യങ്ങളാല്‍ ശാക്തീകരിക്കപ്പെട്ട ദലിത്ജനതയില്നിന്ന് നിരവധിയാളുകള്‍ പ്രതിസന്ധികളെ അതിജീവിച്ച് ഉന്നതപഠന മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഗവേഷണത്തിനുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്തുന്ന നടപടികള്‍ ആശങ്കജനകമാണ്. ഗവേഷണത്തിലേര്പ്പെടുന്നവരുടെ എണ്ണം നിജപ്പെടുത്തുന്നതിലൂടെ രാജ്യത്തിലെ ഗവേഷണമേഖലയുടെ നിലവാരമുയരുമെന്ന വാദം അടിസ്ഥാനരഹിതമാണ്. ഗവേഷകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടൊപ്പം അവര്‍ക്കാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍, സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കിയാവണം നിലവാരമുയര്‍ത്തുകയെന്ന പ്രക്രിയ നടപ്പാക്കേണ്ടത്.
കൂടാതെ, സര്‍വകലാശാലകളെ കേവലം പഠനകേന്ദ്രങ്ങളാക്കി മാത്രം പരിമിതപ്പെടുത്താനും വിദ്യാര്‍ഥികളുടെ വിമര്‍ശന-വിചിന്തന ശേഷികളെ ഇല്ലായ്മ ചെയ്യാനും ഇത്തരം നടപടികളിലൂടെ അധികാര കേന്ദ്രങ്ങള്‍ക്ക് സാധിക്കുന്നു. കേന്ദ്രത്തിന്റെ പല ജനവിരുദ്ധ നയങ്ങളോടും വിയോജിച്ചുകൊണ്ട് സമരമുഖത്തേക്ക് കടന്നുവന്നവരില്‍ ഭൂരിഭാഗവും വിദ്യാര്ഥികളായിരുന്നുവെന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ മാത്രമാണ് യു.ജി.സിയുടെ പല നയങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ താൽപര്യങ്ങള് വെളിവാകുന്നത്.
യു.ജി.സി സര്‍വകലാശാല/കോളജ് അധ്യാപക നിയമനത്തിനായി വിഭാവനം ചെയ്ത യു.ജി.സി റെഗുേലഷന്സ് 2018ല്‍ അശാസ്ത്രീയമായതും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് സാധ്യത നല്‍കുന്നതുമായ നിരവധി ഘടകങ്ങളുണ്ട്. അവയിലൊന്ന്, അസിസ്റ്റന്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട നിർദേശങ്ങളാണ്. പ്രാഥമികമായ ചില മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ഒരു ചുരുക്കപ്പട്ടിക ഉണ്ടാക്കാനും പിന്നീട് അഭിമുഖപരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം അധ്യാപക നിയമനം നടപ്പാക്കാനും നിർദേശിക്കുന്ന നയം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാവുന്നതാണ്. ചുരുക്കപ്പട്ടിക നിര്‍മിക്കുന്നതിന് തസ്തികകള്ക്കനുസൃതം എത്രയാളുകളെ അഭിമുഖത്തിന് ക്ഷണിക്കാം എന്നതിനെ സംബന്ധിച്ച് കൃത്യമായ നിർദേശങ്ങള്‍ യു.ജി.സി മുന്നോട്ടുവെക്കാത്തതിനാല്‍ നിയമനാധികാരിയുടെ താൽപര്യപ്രകാരം പട്ടിക രൂപവത്കരിക്കാന്‍ സാധിക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന പക്ഷം അഭിമുഖത്തിലെ പ്രകടനത്തിനനുസൃതം മാര്‍ക്ക് നല്‍കാമെന്നതും, അതിനെ മാത്രം മുന്‍നിര്‍ത്തി നിയമനം നല്‍കാമെന്നതും സ്വജനപക്ഷപാതത്തിനു കാരണമാകുന്നു. അസിസ്റ്റന്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട എല്ലാ അധികാരവും ഇന്റര്‍വ്യൂ സമിതിയിലേക്കും നിയമനാധികാരിയിലേക്കും മാത്രം കേന്ദ്രീകരിക്കുമ്പോള്‍, നീതിരഹിതമായ പല നടപടികള്ക്കുമത് കാരണമാകുന്നു. കേന്ദ്ര സര്‍വകലാശാലകളിലെ അധ്യാപക തസ്തികയിലേക്ക് സംഘ്പരിവാര്‍ ആശയങ്ങളോട് ആഭിമുഖ്യമുള്ളവരെ നിസ്സാരമായി നിയമിക്കാന്‍ ഉതകുന്ന തരത്തില്‍ യു.ജി.സി നിയമങ്ങള്‍ നിലവില്‍ വഴക്കമുള്ളതായിരിക്കുന്നു. സമാനമായ തരത്തില്‍, സംസ്ഥാന സര്‍വകലാശാലകളില്‍ തങ്ങള്‍ക്ക് അഭിമതരായവരെ നിയമിക്കാന്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിനും സാധിക്കുന്നു. കൃത്യമായതും സുദൃഢമായതുമായ നിയമങ്ങളെക്കാള്‍ വേഗത്തില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ തക്കവിധത്തില്‍ രൂപകൽപന ചെയ്യപ്പെട്ടവയാണ് യു.ജി.സി റെഗുലേഷന്‍സ് 2018ലെ അസിസ്റ്റന്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട പല നിർദേശങ്ങളും.
കേരളത്തിലെ വാര്‍ത്താമാധ്യമങ്ങള്‍ സവിശേഷപ്രാധാന്യത്തോടെ അവതരിപ്പിച്ച മറ്റൊരു അധികാര തര്‍ക്കമാണ് സര്‍ക്കാറും ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ ഇടപെടലുകളും. സമകാലിക കേരളീയ സാഹചര്യത്തില്‍ ചാന്‍സലര്‍ ഉന്നയിച്ച പല ആക്ഷേപങ്ങളിലും കഴമ്പുള്ളതായി ബോധ്യപ്പെടുമെങ്കിലും അദ്ദേഹത്തിന്റെ പരസ്യപ്രസ്താവനകളില്‍ മുഴച്ചുനില്‍ക്കുന്ന ബി.ജെ.പി ചായ്വ്, നിലപാടുകളില്‍ കാണിക്കുന്ന മെയ്വഴക്കം എന്നിവ വിമര്‍ശനവിധേയമാക്കേണ്ടതാണ്. ഒരു സര്‍വകലാശാല വൈസ് ചാന്‍സലറെ ക്രിമിനലെന്ന് പരസ്യമായി അധിക്ഷേപിക്കുന്നത് ചാന്‍സലര്‍ പദവിക്കു യോജിച്ചതല്ല. ഔദ്യോഗികമായി അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് തക്കതായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞുനിൽക്കാന് മാത്രം തയാറാക്കുന്ന ചാന്‍സലറുടെ നടപടികള്‍ തികച്ചും രാഷ്ട്രീയപ്രേരിതമാണ്.
യു.ജി.സി നിയമങ്ങളെയും കേരളത്തിലെ സര്‍വകലാശാലകളെയും സംബന്ധിക്കുന്ന മറ്റൊരു വിഷയം വളരെ ഗൗരവമേറിയതാണ്. അത് കേരളത്തിലെ സ്ഥിതി മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും സമാനരീതിതന്നെ പിന്തുടരുന്നു. യു.ജി.സി നിയമങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന് കേന്ദ്ര ഗസറ്റ് വിജ്ഞാപനത്തില്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും, പല സംസ്ഥാനങ്ങളും അത് കൃത്യമായി പാലിക്കുന്നില്ല. വളരെ കാലങ്ങള്‍ക്കുശേഷം മാത്രമാണ് സംസ്ഥാന സര്‍ക്കാറുകള്‍ പ്രസ്തുതചട്ടങ്ങള് അംഗീകരിക്കുന്നത്. അതിനാല്‍തന്നെ, രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലും സംസ്ഥാന സര്‍വകലാശാലകളിലും ഒരേസമയം വെവ്വേറെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. യു.ജി.സി നിയമങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന കാലതാമസം പ്രത്യക്ഷത്തില്‍തന്നെ പല സാങ്കേതിക പ്രതിസന്ധികളും സൃഷ്ടിക്കുന്നു. ഉദാഹരണമായി, അധ്യാപക നിയമനവുമായി ബന്ധപ്പെട്ട 2018ലെ യു.ജി.സി നിയമങ്ങള്‍ പ്രാബല്യത്തിലുള്ളപ്പോള്തന്നെ കേരളമടക്കം നിരവധി സംസ്ഥാനങ്ങളില്‍ യു.ജി.സിയുടെ 2010 റെഗുലേഷന്‍സ് പ്രകാരമാണ് നിയമനം നടന്നിരിക്കുന്നത്. യു.ജി.സിയുടെ 2018ലെ പുതിയ നിയമങ്ങള്‍ കേരള സംസ്ഥാന സര്‍ക്കാര്‍ മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കാന്‍ തീരുമാനിക്കുന്നത് 29/09/2019ല്‍ മാത്രമാണ് (G.O.(P)No.28/2019/HEDN). ഇക്കാലയളവില്‍ സംസ്ഥാനത്തെ കോളജുകളിലും സര്‍വകലാശാലകളിലും നടന്നിട്ടുള്ള നിയമനങ്ങളുടെ സാങ്കേതികമായ സങ്കീർണത വളരെ വലുതായിരിക്കും. യഥാസമയം യു.ജി.സി ചട്ടങ്ങള്‍ പരിശോധിച്ച് സംസ്ഥാനത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത പക്ഷം നിയമനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക സമസ്യകള്‍ ഉയരുമെന്നതില്‍ സംശയമില്ല.
അക്കാദമിക യോഗ്യത, യു.ജി.സി ചട്ടങ്ങള്‍, സംസ്ഥാന സര്‍ക്കാറിന്റെ നിയമങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വളരെ വിശദമായി പ്രതിപാദിക്കുന്ന സുപ്രീംകോടതിയുടെ വിധിപ്രസ്താവമാണ് Kalyani Mathivanan vs K.V. Jeyaraj and Ors എന്ന കേസില്‍ നടന്നിട്ടുള്ളത്. വൈസ് ചാന്‍സലര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് ആവശ്യമായ യോഗ്യതകളില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മധുര കാമരാജ് സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ. കല്യാണി മതിവാണനെ തമിഴ്നാട് ഹൈകോടതി തല്‍സ്ഥാനത്തുനിന്നു നീക്കംചെയ്തു. പ്രസ്തുത വിധി വാചകത്തില്‍ കോടതി ഇപ്രകാരം നിരീക്ഷിക്കുന്നു: "Today Albert Einstein cannot be appointed Vice-Chancellor of any university [at least in India] unless he fulfils the qualifications prescribed by the University Grants Commission."
അതായത്, ഒരു ഉദ്യോഗാര്‍ഥിയുടെ നിയമനം യു.ജി.സി ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കണമെന്ന് ഈ പരാമര്‍ശം വ്യക്തമാക്കുന്നു. അവരുടെ രാഷ്ട്രീയവും അനക്കാദമികവുമായ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയല്ല, മറിച്ച് യു.ജി.സി ചട്ടങ്ങള്‍ക്ക് അനുസൃതമായിരിക്കണം അധ്യാപക നിയമനം എന്ന് സാരം. എന്നാല്‍, പ്രസ്തുത ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചത് വളരെ ശ്രദ്ധേയമായ ചില വസ്തുതകളാണ്. അവ ഇപ്രകാരം ക്രോഡീകരിക്കാം (Refer - Kalyani Mathivanan vs K.V. Jeyaraj and Ors dated 11/03/2015):
1. കേന്ദ്ര സര്‍വകലാശാലകള്‍ക്കും അവിടെ ജോലിചെയ്യുന്ന അധ്യാപകര്‍ക്കും യു.ജി.സിയുടെ നേരിട്ടുള്ള ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും യു.ജി.സി ചട്ടങ്ങള്‍ ബാധകമാണ്.
2. സംസ്ഥാന സര്‍ക്കാറിന്റെ അധികാരപരിധിക്കു കീഴിലുള്ള സര്‍വകലാശാലകളില്‍ യു.ജി.സി ചട്ടങ്ങള്‍ പാലിക്കപ്പെടേണ്ടത് അതതു സര്‍ക്കാറുകളുടെ അംഗീകാരത്തിനുകൂടി വിധേയമായിട്ടാണ്. ഇത്തരമൊരു സാഹചര്യത്തില്‍ യു.ജി.സി ചട്ടങ്ങള്‍ക്കു നിർദേശക (directory) സ്വഭാവം മാത്രമാണുള്ളത്. മറ്റൊരർഥത്തില്‍, സംസ്ഥാന സര്‍ക്കാറുകള്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതു വരെ യു.ജി.സി നിയമങ്ങള്‍ സംസ്ഥാനത്തിന്റെ അധികാരത്തിനു കീഴിലുള്ള സര്‍വകലാശാലകളില്‍ നിര്‍ബന്ധിതമായ (mandatory) വ്യവസ്ഥയാകുന്നില്ല.
3. യു.ജി.സി ചട്ടങ്ങള്‍ ഭാഗികമായി നിർദേശക സ്വഭാവമുള്ളവയും ഭാഗികമായി നിര്‍ബന്ധിത സ്വഭാവമുള്ളവയുമാണ്.
ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍, സംസ്ഥാന സര്‍ക്കാറിനും സര്‍വകലാശാലകള്‍ക്കും നിരവധി അധികാര സാധ്യതകളുണ്ടെന്നും അവ യുക്തമായ വിധത്തില്‍ നടപ്പാക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും വരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കണ്ണൂര്‍ സര്‍വകലാശാല അധ്യാപക നിയമന വിവാദത്തിന് ആസ്പദമായ മറ്റൊരു വാദം പരിശോധിക്കേണ്ടത്. പ്രസ്തുത നിയമനവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിച്ച ചാനല്‍ ചര്‍ച്ചാ പരിപാടിയില്‍ അഭിമുഖ സമിതിയില്‍ അംഗമായിരുന്ന ഒരു പ്രഫസര്‍ പീര്‍-റിവ്യൂ ജേണലുകളെക്കുറിച്ച് കൃത്യമായ നിർവചനങ്ങളില്ലെന്ന തരത്തില്‍ ഒരു പരാമര്‍ശമുയര്‍ത്തി. അതിനെത്തുടര്‍ന്നു പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കണ്ണൂര്‍ സര്‍വകലാശാല മലയാള പഠനവിഭാഗത്തിനായി അംഗീകരിച്ച ജേണലുകളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പ് പ്രകാരം, കണ്ണൂര്‍ സര്‍വകലാശാല ലഭ്യമാക്കിയ പട്ടികയാണത്. എന്നാല്‍, 14/06/2019 മുതല്‍ യു.ജി.സി കെയര്‍ ജേണല്‍ പട്ടിക നിലവില്‍ വരുകയും അവയില്‍ ഉള്‍പ്പെടാത്ത ജേണലുകള്‍ അക്കാദമിക് ആവശ്യങ്ങള്‍ക്ക് അംഗീകരിക്കുകയില്ല എന്നതും യു.ജി.സി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു (യു.ജി.സി കെയര്‍ ജേണല്‍ പട്ടിക നിലവില്‍ വരുന്നതിന് മുമ്പ് അക്കാദമികാവശ്യങ്ങള്ക്കു ഉപയോഗപ്പെടുത്തിയിരുന്ന യു.ജി.സി അപ്രൂവ്ഡ് ജേണല്‍ പട്ടികയിലുണ്ടായിരുന്നവയില് പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളെക്കുറിച്ചുള്ള യു.ജി.സി നിലപാട് അവ്യക്തമാണ്. ഇത് നിലവില്‍ പല തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നുണ്ട്). എന്നാല്‍, കണ്ണൂര്‍ സര്‍വകലാശാല കാലഹരണപ്പെട്ട ജേണല്‍ പട്ടിക ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാക്കിയെന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. കൂടാതെ, യു.ജി.സി കെയര്‍ ജേണല്‍ പട്ടികയിലുള്‍പ്പെട്ട മിക്ക ജേണലുകളും സര്‍വകലാശാല അംഗീകരിച്ച പ്രസ്തുത പട്ടികയില്‍ ഇടം നേടിയിട്ടില്ല. കാലാകാലങ്ങളില്‍ യു.ജി.സി ഉന്നതവിദ്യാഭ്യാസമേഖലയില്‍ വരുത്തുന്ന പരിഷ്കാരങ്ങള്‍ പലതും കേരളത്തിലെ സര്‍വകലാശാലകള്‍ വളരെ വൈകിമാത്രം നടപ്പാക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്. കൂടാതെ, കണ്ണൂര്‍ സര്‍വകലാശാലയിലെ അംഗീകൃത അക്കാദമിക ജേണല്‍ പട്ടികയില്‍ ഭാഷാപോഷിണി മാസിക ഇടം നേടിയിരിക്കുന്നതിന്റെ സാംഗത്യം വ്യക്തമല്ല. ISSN ഉള്ള ആനുകാലികങ്ങള്‍ മലയാളത്തില്‍ പലതുണ്ടെങ്കിലും അക്കാദമിക് രീതി ശാസ്ത്ര രീതികൾ പിൻപറ്റാത്ത അവയെ അക്കാദമിക ജേണലുകളായി അംഗീകരിക്കുന്നതിന്റെ യുക്തി അവ്യക്തമാണ്. വളരെ ശുഷ്കമായതും ബാലിശമായതുമായ ഇത്തരം നയരൂപവത്കരണങ്ങളിലൂടെ മലയാള ഭാഷാ-സാഹിത്യ പഠനമേഖല ഒരുവിധ പുരോഗതിയും ആർജിക്കുകയില്ല എന്നതില്‍ തര്‍ക്കമില്ല.
മുമ്പ് സൂചിപ്പിച്ചതു പോലെ 2018ലെ യു.ജി.സി റെഗുലേഷന് പ്രകാരം അഭിമുഖം മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള അസിസ്റ്റന്റ് പ്രഫസര്‍ നിയമനപ്രക്രിയ കൂടി പ്രശ്നവത്കരിക്കേണ്ടിയിരിക്കുന്നു. പ്രസ്തുത നിയമനവുമായി ബന്ധപ്പെട്ട അധികാരമെല്ലാം വൈസ് ചാന്‍സലര്‍ (അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നോമിനി) അധ്യക്ഷനായ ഒരു വിദഗ്ധസമിതിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. അതിനാല്‍തന്നെ, അഭിമുഖപരീക്ഷാ സമിതിയിലെ അംഗങ്ങളെല്ലാവരും തങ്ങളേര്പ്പെട്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പുലര്‍ത്തേണ്ട നൈതികത അതീവ പ്രാധാന്യമുള്ളതാണ്. തങ്ങളുടെ രാഷ്ട്രീയ പക്ഷപാതിത്വങ്ങള്‍ക്കും വ്യക്തിതാൽപര്യങ്ങള്ക്കും അനുസൃതമായല്ല അവര്‍ യോഗ്യരായവരെ തിരഞ്ഞെടുക്കേണ്ടത്. ഉദ്യോഗാര്‍ഥിയുടെ അക്കാദമിക നിലവാരത്തേക്കാളധികമായി ഇതര ഘടകങ്ങള്‍ തിരഞ്ഞെടുപ്പ് സമിതിയില്‍ പ്രവര്‍ത്തിക്കുന്ന പക്ഷം അവിടെ അരങ്ങേറുന്നത് അഴിമതിയും അനീതിയുമാണ്. ഇത്തരം തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനങ്ങള്‍ കോടതിയില്‍പോലും ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ വിരളമായതിനാല്‍ ഇന്റര്‍വ്യൂ പാനലിലെ അംഗങ്ങള്‍ തങ്ങളോടും പൊതുസമൂഹത്തോടും വിശ്വസ്തത പുലര്‍ത്തുകയെന്ന ധർമം നിറവേറ്റാന്‍ ബാധ്യസ്ഥരാണ്. ഒരു ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനത്തിന്റെ നിലവാരം പരിശോധിക്കുമ്പോള്‍ അഭിമുഖപരീക്ഷ നടത്തുന്ന സമിതിയുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്ക്കനുസൃതം അവ പരിശോധിക്കാന്‍ ഇടയാകരുത്. അത്തരമൊരു സാഹചര്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സമിതിയുടെ വൈയക്തികമായ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കാള്‍ അഭികാമ്യം പരിമിതികള്‍ ധാരാളമുള്ള യു.ജി.സി കെയര്‍ പട്ടികയെ പിന്‍പറ്റുകയെന്ന നയമാണ്. അധികാരം അനര്‍ഹരുടെ പക്കല്‍ കേന്ദ്രീകരിക്കുന്നതില്പരം അപകടം മറ്റൊന്നില്ലെന്ന വസ്തുത ഒരിക്കല്‍ക്കൂടി ഊന്നിപ്പറയുന്നു.
കേരള ഹൈകോടതി 1/9/2022ന് പ്രസ്താവിച്ച Dr. Smitha Chacko vs State of Kerala and Ors എന്ന കേസിലെ വിധി ഇതിന് മികച്ച ദൃഷ്ടാന്തമാണ്. ഇതുപ്രകാരം, എം.ജി സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖപരീക്ഷക്ക് തയാറാക്കിയ മാനദണ്ഡങ്ങള്‍ യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിക്കുന്നു. അഭിമുഖപരീക്ഷയില്‍ ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്, റിസര്‍ച്ച് ആപ്റ്റിറ്റ്യൂഡ് എന്നിവക്ക് എം.ജി സര്‍വകലാശാല പരിഗണിച്ചിരുന്ന മാര്‍ക്കുകള്‍ തുടര്‍ന്നു നല്‍കരുതെന്ന് കോടതി ആവശ്യപ്പെടുന്നു. കാരണം, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ അഭിമുഖം വഴി മാത്രം തിരഞ്ഞെടുക്കാനാണ് യു.ജി.സി ചട്ടങ്ങള്‍ നിഷ്കര്‍ഷിക്കുന്നത്. അതിനാല്‍, അഭിമുഖപരീക്ഷയിലെ ഉദ്യോഗാര്‍ഥിയുടെ പ്രകടനത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാകും തുടര്‍ന്നു തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുക. എന്നാല്‍, ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള അഭിമുഖപരീക്ഷയിലെ പ്രകടനത്തെ മുന്‍നിര്‍ത്തി അധ്യാപക തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍, ഉദ്യോഗാര്‍ഥികളുടെ പൂര്‍വകാല അക്കാദമിക പ്രവൃത്തിപരിചയം പൂര്‍ണമായും തഴയപ്പെടുന്നു. 2018ലെ യു.ജി.സി ചട്ടങ്ങളുടെ പ്രധാന പരിമിതികളില്‍ ഒന്നു മാത്രമാണിത്.
ഗവേഷകരുടെ ഭാവിയും അവശേഷിക്കുന്ന ചോദ്യചിഹ്നങ്ങളും
കോളജ്/സര്‍വകലാശാല പഠനപ്രക്രിയയുടെ തലത്തില്‍നിന്ന് ഗവേഷണത്തിലേക്ക് കടന്നുവരുന്നവരെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്. അതിലൊന്ന് ക്ലാസ് മുറികളെന്ന പൊതു ഇടത്തില്‍നിന്ന് ഒരു ഗവേഷണ മാര്‍ഗദര്‍ശിയുടെ മേല്‍നോട്ടത്തിലേക്ക് ചുരുങ്ങുകയെന്നതാണ്. ഗഹനമായതും ആഴത്തിലുള്ളതുമായ ഗവേഷണ പ്രക്രിയക്ക് ഇത് അനിവാര്യമാണെങ്കിലും, ഒരു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളിലേക്ക് ഒരു ഗവേഷകന്റെ ലോകം പരിമിതപ്പെടുത്തുകയാണ്. നിരവധി സമിതികളുടെ പരിശോധനകള്‍ക്കു ഗവേഷണ കാലയളവില്‍ പ്രസ്തുത പ്രക്രിയ വിധേയമാകുന്നുണ്ടെങ്കിലും ആത്യന്തികമായി ഗവേഷണ മാര്‍ഗദര്‍ശിയുടെ അംഗീകാരം ഉണ്ടെങ്കില്‍ മാത്രമാണ് ഒരു ഗവേഷണപ്രബന്ധം മൂല്യനിര്‍ണയത്തിന് സമര്‍പ്പിക്കാന്‍ സാധിക്കുക. ഇത്തരം സാഹചര്യങ്ങളെ ചൂഷണം ചെയ്യുന്ന നിരവധി ഗവേഷണ മാര്ഗദര്ശികളെക്കൂടി ഉള്‍ക്കൊള്ളുന്ന വികൃതലോകംകൂടിയാണ് അക്കാദമിക മേഖല (ഇതൊരു പൊതുപ്രസ്താവനയല്ല). ഗവേഷക വിദ്യാര്‍ഥി തയാറാക്കുന്ന ഗവേഷണ ലേഖനത്തിന്റെ പങ്കുപറ്റുന്നവര്‍ മുതല്‍ പണം, ലൈംഗിക വിട്ടുവീഴ്ചകള്‍ എന്നിവ വരെ ആവശ്യപ്പെടുന്ന നിരവധി ആളുകളെ അതിജീവിച്ചാണ് ഇന്ത്യയിലെ ഗവേഷകര്‍ തങ്ങളുടെ പ്രബന്ധസമര്പ്പണം നടത്തുന്നത്. മാര്‍ഗദര്‍ശി ആവശ്യപ്പെടുന്ന തിരുത്തലുകള്‍ പലവട്ടം പഠനത്തില്‍ വരുത്തിയാലും പ്രബന്ധ സമര്‍പ്പണ പ്രക്രിയ വൈകിപ്പിക്കുക, തന്റെ സംഭാവനകള്‍ ഒന്നുമില്ലെങ്കില്‍പോലും ഗവേഷകര്‍ തയാറാക്കുന്ന ലേഖനങ്ങളില്‍ പേര് ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുക, ഫെലോഷിപ്പുകള്‍ വരുന്ന ബാങ്ക് അക്കൗണ്ടിന്റെ എ.ടി.എം കാര്‍ഡ് കൈക്കലാക്കുക, വീട്ടുജോലികള്‍ ചെയ്യിക്കുക തുടങ്ങിയ നിരവധി ചൂഷണങ്ങള്‍ക്ക് ഗവേഷകര്‍ പലപ്പോഴും വിധേയരാകുന്നുണ്ട്. വനിതാ ഗവേഷകരെ ലൈംഗിക താൽപര്യത്തോടെ സമീപിക്കുകയും വിട്ടുവീഴ്ചകള്‍ക്ക് തയാറാകാത്തവരെ മാനസികമായി തളര്‍ത്തുകയും അക്കാദമിക മേഖലയില്‍ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത വ്യാപകമായുണ്ട്.
മറ്റെല്ലാ മേഖലയിലുമെന്നപോലെ ജാതീയമായ വേര്‍തിരിവുകളും അക്കാദമിക ഗവേഷണ മേഖലയില്‍ നിലനില്ക്കുന്നു. കാള്‍ സാഗനെ പോലൊരു ശാസ്ത്ര എഴുത്തുകാരനാകാന്‍ ആഗ്രഹിച്ച രോഹിത് വെമുലയുടെ ആത്മഹത്യ (കൊലപാതകം?), ചെന്നൈ ഐ.ഐ.ടിയിലെ ഫാത്തിമ ലത്തീഫിന്റെ മരണം തുടങ്ങി ലോകം അറിഞ്ഞതും അറിയാത്തതുമായ എത്രയോ വിദ്യാര്‍ഥികളുടെ/ഗവേഷകരുടെ ജീവന് അപഹരിച്ചത് അക്കാദമിക മേഖലയിലെ അനാരോഗ്യ പ്രവണതകളായിരുന്നു (ചെന്നൈ ഐ.ഐ.ടിയിലെ അധ്യാപകനായിരുന്ന വിപിന്‍ പി. വീട്ടിലിന്റെ രാജി ജാതി വേര്‍തിരിവ് മൂലമായിരുന്നു. സമാനമായി, എം.ജി സര്‍വകലാശാലക്കു മുന്നില്‍ ദലിത് ഗവേഷകയായ ദീപ പി. മോഹൻ നടത്തിയ നിരാഹാര സമരം മറ്റൊരു ഉദാഹരണമാണ്). മാനസിക പിരിമുറുക്കം, വ്യക്തിപരമായ കാരണങ്ങള്‍ എന്നിവമൂലമാണ് വിദ്യാര്‍ഥികളും ഗവേഷകരും ജീവിതം അവസാനിപ്പിക്കുന്നത് എന്ന അധികാരവര്‍ഗത്തിന്റെ ഭാഷ്യം ക്രമേണ പൊതുബോധമായി പരിണമിക്കുന്നു. ഇത്തരം ദുരന്തങ്ങളുടെ പിന്നിലെ യഥാർഥ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന അന്വേഷണങ്ങള്‍ വിരളമാണ്.
സി.എ.എയുമായി ബന്ധപ്പെട്ട് ജാമിഅ മില്ലിയ്യ സര്‍വകലാശാല, ജെ.എന്‍.യു എന്നിവിടങ്ങളില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ കായികമായി നേരിട്ട ഫാഷിസ്റ്റ് ഭരണകൂടത്തെയും വര്‍ഗീയ ഗുണ്ടായിസത്തെയും ലോകം ലജ്ജയോടെ കാണുന്ന സാഹചര്യമുണ്ടായി. സമാനമായി, ഗവേഷകര്‍ക്ക് അവകാശപ്പെട്ട ഫെലോഷിപ് തടഞ്ഞുവെച്ച് ശാരീരികവും മാനസികവുമായി അവരെ തളക്കാനുള്ള ശ്രമവും കാലാകാലങ്ങളില്‍ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുന്നു. ഫെലോഷിപ് വിതരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിലെ സര്‍വകലാശാലകളുടെ നയവും അപലപനീയമാണ്. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഊര്‍ജസ്വലമായ യൗവനകാലഘട്ടം ഉന്നത പഠനത്തിനും ഗവേഷണത്തിനുമായി വിനിയോഗിക്കുന്ന മുഴുവന്‍ സമയ ഗവേഷകര്‍ക്ക് സാമ്പത്തിക പശ്ചാത്തലമൊരുക്കി വഴി നടത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഒരു അധ്യാപകന് തന്റെ ജോലിചെയ്യുന്നതുപോലെ, ഒരു ഉദ്യോഗസ്ഥന് തന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതുപോലെ, സാമൂഹിക പുരോഗതിയില്‍ സക്രിയമായി ഇടപെടുന്നവരാണ് സര്‍വകലാശാലയിലെ ഗവേഷകസമൂഹം. അതിനാല്‍തന്നെ, ഫെലോഷിപ് എന്നത് ഔദാര്യമല്ല, അവകാശമാണെന്ന തിരിച്ചറിവ് അധികാരികള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. പലപ്പോഴും സാമ്പത്തിക ബാധ്യതകളുടെ പേരില്‍ സര്‍വകലാശാലകള്‍ ആദ്യം തടയുന്നത് ഗവേഷണ ഫെലോഷിപ്പുകളാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെയും സര്‍വകലാശാലകളുടെയും അടിത്തറ അധ്യാപകരോ അധികാര വര്‍ഗമോ അല്ല എന്നും അത് ഉള്‍ക്കാഴ്ചയുള്ള, വിമര്‍ശന ശബ്ദമുള്ള വിദ്യാര്‍ഥി/ഗവേഷക വിഭാഗമാണെന്നുമുള്ള പ്രാഥമിക തിരിച്ചറിവ് സമൂഹത്തിനുണ്ടാകേണ്ടത് അനിവാര്യമാണ്.
ജെ.എൻ.യുവിലെ വിദ്യാർഥി സമരം
ഇന്ത്യയിലെയും കേരളത്തിലെയും സര്‍വകലാശാലകളില്‍ പ്രത്യക്ഷത്തില്‍തന്നെ നിലനില്‍ക്കുന്ന ചില അനാരോഗ്യ പ്രവണതകളാണിവ. സ്വജനപക്ഷപാതം, രാഷ്ട്രീയാതിപ്രസരം, വിദ്യാര്‍ഥി/ഗവേഷക പീഡനങ്ങള്‍, അനാവശ്യ സാങ്കേതിക തടസ്സങ്ങള്‍, പരീക്ഷ നടത്തിപ്പിലും മൂല്യനിര്ണയത്തിലുമുണ്ടാകുന്ന വീഴ്ചകള്‍ തുടങ്ങി നിരവധി പരിമിതികള്‍ സര്‍വകലാശാല സംവിധാനത്തില്‍ ചൂണ്ടിക്കാണിക്കാനാകും. ഇവയെ ഒറ്റപ്പെട്ട വിഷയങ്ങളായി പരിഗണിച്ചുകൊണ്ടുള്ള നീക്കങ്ങളൊന്നും ശാശ്വതമായ പരിഹാരത്തിലെത്തുന്നവയല്ല. മറ്റൊരു അര്‍ഥത്തില്‍, മേല്‍ സൂചിപ്പിച്ച വസ്തുതകളെല്ലാം അടിസ്ഥാനപരമായി വ്യവസ്ഥയുടെ പ്രശ്നങ്ങളാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. കേവലം വ്യക്തിവിരോധത്തിന്റെ തലങ്ങളിലേക്ക് ചുരുക്കുന്നതിലൂടെ പ്രസ്തുത സംഭവങ്ങളുടെ മൂലകാരണങ്ങളിലേക്കുള്ള വഴി അടക്കപ്പെടുന്നു. അതിനാല്‍തന്നെ, ഉന്നത വിദ്യാഭ്യാസത്തിന്റെയും സര്‍വകലാശാല സംവിധാനങ്ങളുടെയും നയരൂപവത്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തന്ത്രപരമായി തമസ്കരിക്കപ്പെടുന്നു. അവക്ക് ബദലെന്ന വണ്ണം ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ അക്കാദമിക രംഗത്തെ പല വസ്തുതകളും യാഥാര്‍ഥ്യങ്ങളും വിസ്മൃതമാകുന്നു.
അധിക വായനക്ക്
'കേരളത്തിലെ സര്‍വകലാശാലകളില്‍ സംഭവിക്കുന്നതെന്ത്?' - wtplive.in
'ഡോ. രേഖ രാജിനെ ഈ വിധി മുന്‍നിര്‍ത്തി റദ്ദ് ചെയ്തു കളയാം എന്നു കരുത്തുന്നവരോട്' - രേഷ്മ ഭരദ്വാജ്, ദിലീപ് രാജ് - The Cue
'എം.ജി യൂനിവേഴ്സിറ്റി നടത്തിയത് നഗ്നമായ നിയമലംഘനം' - ഡോ. ശശികല എ.എസ് - truecopythink.media
'അക്കാദമിക് നിയമനങ്ങളുടെ ഭൂതവും ഭാവിയും: ഒരു കോടതിവിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍' - ജയറാം ജനാർദനന് - themalabarjournal.com
'ജനറല്‍ സീറ്റില്‍ രേഖ രാജിന്റെ 'മെറിറ്റ്' ' -കെ. സന്തോഷ് കുമാര്‍ -malayalam.samayam.com
'ചിലര്‍ക്ക് മാത്രമായി കളിനിയമങ്ങള്‍ മാറ്റുമ്പോള്‍' - ദീപക് പച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.