''പുന്നപ്ര വയലാർ തടവുകാരെ മോചിപ്പിക്കുന്ന കാര്യത്തിൽ എന്തെങ്കിലും തീരുമാനമായോ?''
ജനായത്തഭരണം അധികാരത്തിലേറിയതിനു ശേഷമുള്ള ആദ്യത്തെ പത്രസമ്മേളനത്തിൽ, തിരുവിതാംകൂറിന്റെ ഭാവിയെക്കുറിച്ച് പുതിയ പ്രധാനമന്ത്രി നടത്തുന്ന പ്രഖ്യാപനങ്ങൾക്കായി എല്ലാവരും കാതോർത്തിരിക്കുന്ന നേരത്ത്, 'ഔചിത്യ'മില്ലാതെ ചോദിച്ച ആ ചോദ്യംകേട്ട് മറ്റുള്ളവർ തിരിഞ്ഞ് ചോദ്യകർത്താവിന്റെ നേർക്ക് നീരസത്തോടെ നോക്കി. നീണ്ടു മെലിഞ്ഞ്, അകത്തേക്ക് അൽപം വളഞ്ഞുകൂടി, മുഖത്ത് നല്ല കട്ടിയുള്ള മീശയൊക്കെ വെച്ച ഒരു ചെറുപ്പക്കാരനായിരുന്നു അത്.
നരച്ചു കനത്ത പുരികങ്ങൾ ഉയർത്തി, വിശാലമായ നെറ്റിത്തടം ചുളിച്ചുകൊണ്ട് പട്ടം താണുപിള്ള ആരാഞ്ഞു:
''ഏതാ കടലാസ്?''
''യുവകേരളം.'' ഒട്ടും കൂസലില്ലാതെ യുവാവ് മറുപടി നൽകി. 'കാര്യം മനസ്സിലായി'യെന്ന മട്ടിൽ പട്ടം നീട്ടിയൊന്നു മൂളി.
അധികാരമെറ്റെടുത്തതിനു ശേഷം പഴവങ്ങാടിയിൽ നടന്ന വമ്പിച്ച പൊതുസമ്മേളനത്തിൽവെച്ച് ''സോഷ്യലിസത്തെയും കമ്യൂണിസത്തെയും തിരുവിതാംകൂറിന്റെ മണ്ണിൽ കാലുകുത്താൻ അനുവദിക്കുകയില്ലെ''ന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച താണുപിള്ള സാർ, ആ യുവപത്രപ്രവർത്തകന്റെ ചോദ്യത്തിനുള്ള ഉത്തരമായി, എന്നാൽ പൊതുവിൽ എല്ലാവരോടുമെന്നപോലെ ഇങ്ങനെ പ്രസ്താവിച്ചു: ''ദീനാനുകമ്പ രാജ്യനന്മക്ക് എതിരാകാൻ പാടില്ല.''
കാമ്പിശ്ശേരിയും പ്രേമയും
പ്രധാനമന്ത്രിയുടെ പ്രസ്താവന ഒന്നാം പേജിൽ വെണ്ടക്ക അക്ഷരങ്ങളിൽ പ്രധാന തലക്കെട്ടായി പ്രസിദ്ധീകരിച്ച അടുത്ത ദിവസത്തെ യുവകേരളത്തിൽ, അദ്ദേഹത്തെ നിശിതമായി വിമർശിച്ച് ചീഫ് എഡിറ്റർ എൻ. ഗോപിനാഥൻ നായർ എഴുതിയ മുഖപ്രസംഗവുമുണ്ടായിരുന്നു:
''ശ്രീ. പട്ടം, ഞങ്ങൾ വിയോജിക്കുന്നു!''
ഉഗ്രശാസനനായ പട്ടത്തിന്റെ അടങ്ങാത്ത കോപത്തിന് ഇരയായതിനെ തുടർന്ന്, യുവകേരളത്തിന്റെ മാനേജിങ് എഡിറ്ററും കോൺഗ്രസ് എം.എൽ.എയുമായ കെ.കെ. ചെല്ലപ്പൻ പിള്ളയുടെ പാർട്ടിക്കുള്ളിലെ നിലയാകെ പരുങ്ങലിലായി. അദ്ദേഹത്തെ രക്ഷപ്പെടുത്താനായി എൻ. ഗോപിനാഥൻ നായർ, ആർ. ഗോപിനാഥൻ നായർ, കെ.എൻ. പങ്കജാക്ഷൻ നായർ, കോൺസ്റ്റന്റയിൻ ക്രിസ്പി, കെ.പി. രാമചന്ദ്രൻ നായർ എന്നിവരടങ്ങിയ പത്രാധിപസമിതി ഒന്നടങ്കം രാജിവെച്ചൊഴിഞ്ഞു. അന്ന് ഒളിവിൽ കഴിയുകയായിരുന്ന കമ്യൂണിസ്റ്റ് നേതാവ് എം.എൻ. ഗോവിന്ദൻ നായരുടെ ആശീർവാദത്തോടെ ആ ചെറുപ്പക്കാരൊത്തു ചേർന്ന് 1949ലെ ലെനിൻ ദിനത്തിൽ പുതിയൊരു പത്രം പുറത്തിറക്കി -ജനയുഗം.
രാഷ്ട്രീയ പത്രപ്രവർത്തനത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവു തന്നെ ഉണ്ടാകാൻ ഇടയാക്കിയ ആ ചോദ്യം ചോദിച്ച ചെറുപ്പക്കാരന്റെ പേര് കാമ്പിശ്ശേരി കരുണാകരൻ എന്നായിരുന്നു. യുവകേരളത്തിന്റെ തിരുവനന്തപുരം ലേഖകനായിരുന്നു അന്ന് കാമ്പിശ്ശേരി കരുണാകരൻ. മദ്രാസ് മെട്രിക്കുലേഷന് പഠിക്കുമ്പോൾ ഇംഗ്ലീഷ് ഭാഷയിൽ ലഭിച്ച സാമാന്യ പരിജ്ഞാനവും പിന്നെ രാഷ്ട്രീയപ്രവർത്തനത്തിൽനിന്നു കിട്ടിയ ചങ്കൂറ്റവുമാണ് കാമ്പിശ്ശേരിയെ പുതിയ തൊഴിലിന്റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തനാക്കിയത്. പത്രത്തിന്റെ ലേഖകൻ മാത്രമല്ല, മുഖ്യ ഏജന്റും കാമ്പിശ്ശേരിതന്നെയായിരുന്നു. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെത്തുന്ന നാനൂറോ അഞ്ഞൂറോ പത്രങ്ങൾ കെട്ടുപൊട്ടിച്ച് ബസ് സ്റ്റാൻഡിൽ വെച്ചുതന്നെ പല ഏജന്റുമാർക്കായി വീതംവെച്ച് റൊക്കമായോ കടമായോ കൊടുക്കലായിരുന്നു ഏജൻസി പ്രവർത്തനം. പട്ടിണിയും ദാരിദ്ര്യവും മാത്രമാണ് ആകെയുള്ള വരുമാനം. കൊല്ലത്തുനിന്നുതന്നെ പുറത്തിറങ്ങിയിരുന്ന തങ്ങൾ കുഞ്ഞു മുസ്ലിയാരുടെ 'പ്രഭാതം' പത്രത്തിന്റെ തലസ്ഥാന ലേഖകൻ പ്രഭാകരൻ നായരാണ് കാമ്പിശ്ശേരിയെ ആഹാരം നൽകി സംരക്ഷിച്ചുപോന്നിരുന്നത്.
ഉഗ്രപ്രതാപിയായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ഉറ്റ അനുയായിയായ മമ്മക്കർ സാഹിബ് ഒരുദിവസം ഈ ചങ്ങാതിമാരെ രഹസ്യമായി ഒരു വിവരമറിയിച്ചു. തമ്പാനൂരിലെ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിന് നേരെ എതിർവശത്തായി ദിവാൻ സചിവോത്തമ സർ സി.പി. രാമസ്വാമി അയ്യരുടെ ഷഷ്ട്യബ്ദപൂർത്തി സ്മാരകമായി പണികഴിപ്പിച്ച സത്രം അന്നത്തെ തിരുവിതാംകൂർ രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമായിരുന്നു. കെ.സി.എസ്. മണി എന്ന വിപ്ലവസാഹസികന്റെ കത്താളുകൊണ്ടുള്ള വെട്ടേറ്റ്, സ്വതന്ത്ര തിരുവതാംകൂറും അമേരിക്കൻ മോഡലുമെല്ലാം ഉപേക്ഷിച്ചുകൊണ്ട് മൈലാപ്പൂരിലേക്ക് സി.പി പലായനം ചെയ്തിട്ട് ഏതാനും മാസങ്ങൾ പിന്നിട്ടു കഴിഞ്ഞിരുന്നു. എന്നാൽ, സത്രകവാടത്തിന് മുന്നിലായി സ്വാമിഭക്തന്മാർ ചേർന്ന് പണ്ടു സ്ഥാപിച്ച സി.പിയുടെ അർധകായ പ്രതിമ, സ്വാതന്ത്ര്യസമരധീരരെയും രക്തസാക്ഷിസ്മരണകളെയും വെല്ലുവിളിച്ചു അവിടെത്തന്നെ അങ്ങനെ നിൽക്കുകയായിരുന്നു. സി.പിയെ വെട്ടുന്നതിന് മുമ്പ് കുമ്പളത്തു ശങ്കുപ്പിള്ള പറഞ്ഞതനുസരിച്ച് മണി പ്രതിമ തകർക്കാൻ ശ്രമിച്ചുനോക്കിയെങ്കിലും, സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നതുകൊണ്ട് പൂർണമായും വിജയിച്ചില്ല. ആ സംഭവം റിപ്പോർട്ട് ചെയ്ത 'യുവകേരളം' പത്രം സി.പി അന്ന് നിരോധിക്കുകയും ചെയ്തിരുന്നു.
മമ്മക്കർ സാഹിബ് പറഞ്ഞതനുസരിച്ച്, തമ്പാനൂരിൽചെന്ന് കണ്ണിലെണ്ണയുമൊഴിച്ച് കാത്തുനിന്ന കാമ്പിശ്ശേരിയും പ്രഭാകരൻ നായരും അർധരാത്രിയോടെ ആ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ക്ലോക്ക് ടവറിൽ രണ്ടുമണിയടിച്ചതോടെ ഒരു ജീപ്പ് പാഞ്ഞുവന്ന് സത്രത്തിനു മുന്നിൽ ബ്രേക്കിട്ടു. മുഖം മറച്ച രണ്ടാളുകൾ പ്രതിമയുടെ അടുത്തേക്ക് ചെന്ന്, കൈയിലുണ്ടായിരുന്ന ചുറ്റികകൊണ്ട് പ്രതിമ അടിച്ചുതകർത്തു. ശബ്ദം കേട്ട് ആരെങ്കിലും അവിടേക്ക് എത്തുന്നതിനു മുമ്പ് പെട്ടെന്ന് ജീപ്പ് വിട്ടുപോകുകയും ചെയ്തു. പിറ്റേന്നു രാവിലെ തിരുവിതാംകൂർ ഉറക്കമുണർന്നത് സർ സി.പിയുടെ വിഗ്രഹഭഞ്ജനത്തെ കുറിച്ച് 'യുവകേരള'ത്തിൽ വന്ന ദൃക്സാക്ഷി വിവരണം വായിച്ചുകൊണ്ടാണ്. അങ്ങനെ സ്വേച്ഛാധിപത്യത്തിന്റെ ഉരുക്കുമുഖം ചുറ്റികകൊണ്ട് അടിച്ചുതകർക്കുന്ന രംഗത്തിന്റെ നേർക്കാഴ്ച റിപ്പോർട്ട് ചെയ്തുകൊണ്ടാണ് കാമ്പിശ്ശേരി കരുണാകരൻ തന്റെ സുദീർഘമായ പത്രപ്രവർത്തന ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്.
സമുദായപ്രമാണിയും പ്രതാപശാലിയുമായ കാമ്പിശ്ശേരിൽ കൊച്ചീക്കൽ ചാന്നാരുടെയും ഇലവുന്തിട്ട അയത്തിൽ പുത്തൻവീട്ടിൽ കുഞ്ഞിക്കയുടെയും മകനായി 1922 മാർച്ച് മൂന്നിന് മധ്യതിരുവിതാംകൂറിലെ വള്ളികുന്നം ഗ്രാമത്തിൽ ജനിച്ച കരുണാകരന് തീരെ ചെറുപ്പത്തിൽതന്നെ പത്രപ്രവർത്തനത്തോടും അഭിനയത്തോടുമെല്ലാം വല്ലാത്തൊരു അഭിനിവേശമുണ്ടായിരുന്നു. ഒരുമിച്ചു കളിച്ചു വളർന്ന തോപ്പിൽ വീട്ടിലെ ഭാസ്കരൻ പിള്ളയോട് കൂട്ടുചേർന്ന് 'ഭാരതത്തൊഴിലാളി' എന്ന കൈയെഴുത്തു മാസിക പുറത്തിറക്കുകയും സ്വയം രചിച്ച 'ഭ്രാന്തന്റെ പരമാർഥം അഥവാ വൈതരണി' എന്ന നാടകം കളിക്കുകയും 'വള്ളികുന്നം യുവജന സംസത്' എന്ന സംഘടന രൂപവത്കരിച്ചുകൊണ്ട് അധഃസ്ഥിതവർഗത്തിൽപെട്ടവർക്ക് ആലംബമായി പ്രവർത്തിക്കുകയുമൊക്കെ ചെയ്യുമ്പോൾ കർമധീരമായ ഒരു സാമൂഹിക വ്യക്തിത്വം രൂപപ്പെടുകയായിരുന്നു. തിരുവനന്തപുരത്തെ സംസ്കൃത കോളജിൽ സാഹിത്യമഹോപധ്യായക്ക് പഠിക്കുമ്പോൾ ഉത്തരവാദ പ്രക്ഷോഭണത്തിൽ പങ്കെടുത്തതിന്റെ പേരിൽ പ്രിൻസിപ്പൽ പ്രഫ. എൻ. ഗോപാലപിള്ള കരുണാകരനെ ഡിസ്മിസ് ചെയ്തു. തുടർന്ന് ഉറ്റ ചങ്ങാതിയായ തോപ്പിൽ ഭാസിയോടൊപ്പം സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ ആഴ്ന്നിറങ്ങിയ കരുണാകരൻ പ്രസംഗവേദികളിലും സമരമുഖങ്ങളിലുമൊരുപോലെ കത്തിജ്വലിച്ചുനിന്നു. ഒളിവിലും തടവിലുമായി പിന്നിട്ട നാളുകൾ. ഖദർ ധാരിയും അഹിംസാവാദിയുമായ ശുദ്ധ കോൺഗ്രസുകാരനായി ഇരണിയൽ ജയിലിൽ കിടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന കമ്യൂണിസ്റ്റ് നേതാവ് പി. ജീവാനന്ദവും മറ്റുമായുള്ള നിരന്തര സംവാദത്തിലൂടെ കമ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെട്ടു. ജയിലിൽനിന്നിറങ്ങിയതിനുശേഷമാണ് കാമ്പിശ്ശേരി പത്രപ്രവർത്തനത്തിന്റെ വഴിയിലേക്ക് തിരിയുന്നത്.
പിന്നീട് 'യുവകേരള'ത്തിന്റെ പത്രാധിപ സ്ഥാനം ഏറ്റെടുത്ത പന്തളം പി.ആർ. മാധവൻ പിള്ളയും കമ്യൂണിസത്തിന്റെ വഴിയേ പോയതോടെ പത്രത്തിന്റെ പ്രസിദ്ധീകരണം തന്നെ നിലച്ചുപോയി. പന്തളം പി.ആറും കാമ്പിശ്ശേരിയും പിന്നീട് കൊല്ലത്തുനിന്ന് പുറത്തിറങ്ങിയ 'കേരള'ത്തിന്റെ പത്രാധിപരും സഹപത്രാധിപരുമായി. പത്രമുടമയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾമൂലം 'കേരളം' വിട്ട കാമ്പിശ്ശേരി പിന്നീട് തിരുവനന്തപുരത്തുനിന്ന് പി.കെ. ശിവശങ്കരപ്പിള്ളയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ 'വിശ്വകേരള'ത്തിൽ ചേർന്നു.
അപ്പോഴേക്കും കാമ്പിശ്ശേരിയുടെ കമ്യൂണിസത്തിലുള്ള വിശ്വാസം ഉറച്ചുകഴിഞ്ഞിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലത്തിൽ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാനാർഥിയായി നിർത്തിയത്, അതുവരെ സി.പിയുടെ കൈയാളായി സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകരെ വേട്ടയാടിയ പി.കെ. കുഞ്ഞിനെയാണ്. ഈ നടപടിയിൽ പ്രതിഷേധിച്ച് കാമ്പിശ്ശേരിയും തോപ്പിൽ ഭാസിയും മറ്റും ചേർന്ന് ഒരു ബീഡിതെറുപ്പ് തൊഴിലാളിയും കമ്യൂണിസ്റ്റ് അനുഭാവിയുമായ ടി.എ. മൈതീൻ കുഞ്ഞിനെ എതിർ സ്ഥാനാർഥിയായി നിർത്തി വിജയിപ്പിച്ചു. അതോടെ മധ്യ തിരുവിതാംകൂറിലെ ഒരു വലിയ സംഘം ചെറുപ്പക്കാരായ കോൺഗ്രസുകാർ കൂട്ടത്തോടെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.
കൽക്കത്ത തീസിസ് നടപ്പാക്കിയ ആ നാളുകളിൽ കമ്യൂണിസ്റ്റ് പാർട്ടി ഏതാണ്ട് നിരോധിക്കപ്പെട്ട അവസ്ഥയിലായിരുന്നു. അപ്പോഴാണ് മധ്യ തിരുവിതാംകൂറിൽ ചോരച്ചാലൊഴുക്കിയ ശൂരനാട് സംഭവം നടക്കുന്നത്. ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പൊലീസുകാർ കൊല്ലപ്പെട്ട ആ സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട നിരവധിപേർ പൊലീസ് ലോക്കപ്പിൽവെച്ചുതന്നെ കൊല്ലപ്പെട്ടു. കമ്യൂണിസ്റ്റുകാരുടെ വീടുകൾക്ക് ജന്മിമാരുടെ ഗുണ്ടകളും പൊലീസും ചേർന്ന് തീവെച്ചു. വീടുകളിൽ കയറി മൃഗീയനായാട്ട് നടത്തിയ പൊലീസ് സ്ത്രീകളെ ബലാൽക്കാരംചെയ്തു. തിരുവിതാംകൂറിന്റെ പുതിയ പ്രധാനമന്ത്രി പറവൂർ ടി.കെ. നാരായണ പിള്ള കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. ശൂരനാട് കേസിൽ പ്രതികളായ ആർ. ശങ്കരനാരായണൻ തമ്പിയും പുതുപ്പള്ളി രാഘവനും തോപ്പിൽ ഭാസിയും ഒളിവിൽ പോയി. കാമ്പിശ്ശേരി അപ്പോൾ മഹോദരമെന്ന മഹാവ്യാധിക്കടിപ്പെട്ട് മരണത്തോട് മുഖത്തോടു മുഖം കണ്ടുകൊണ്ട് ആശുപത്രി കിടക്കയിലായിരുന്നു.
'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യിലെ പരമുപിള്ളയുടെ വേഷത്തിൽ
കൽക്കത്ത തീസിസിന്റെയും ഭരണകൂട വേട്ടയാടലുകളുടെയും ഇരുണ്ട ദിനരാത്രങ്ങൾ താണ്ടി, യാഥാർഥ്യബോധമുള്ള പുതിയ നയസമീപനം സ്വീകരിച്ച കമ്യൂണിസ്റ്റ് പാർട്ടി ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. തിരു കൊച്ചിയിൽ അപ്പോഴും പാർട്ടിയുടെ നിരോധനം നീക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് സ്വതന്ത്ര സ്ഥാനാർഥികളായാണ് പാർട്ടിയുടെ നേതാക്കൾ മത്സരിച്ചത്. കായംകുളം ഉൾപ്പെടുന്ന പുതുപ്പള്ളി മണ്ഡലത്തിൽ മത്സരിക്കാനായി പാർട്ടി നിശ്ചയിച്ചത് കാമ്പിശ്ശേരിയെയാണ്. മഹാരോഗം പിടിപെട്ട് ആശുപത്രിയിൽ കിടന്നതുകൊണ്ട് മാത്രം ശൂരനാട് കേസിൽ പ്രതിയാകാതെ രക്ഷപ്പെട്ട കാമ്പിശ്ശേരി, സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതേ ഉണ്ടായിരുന്നുള്ളൂ, അപ്പോൾ. രാവും പകലും രോഗശയ്യയുടെ സമീപത്തുനിന്ന് വിട്ടുമാറാതെ ഉറക്കമൊഴിച്ചു ശുശ്രൂഷിച്ച്, ജീവിതത്തിലേക്ക് കൈപിടിച്ചു മടക്കിക്കൊണ്ടുവന്ന മുറപ്പെണ്ണായ പ്രേമയെ കാമ്പിശ്ശേരി വിവാഹം കഴിച്ചതും ആയിടെയായിരുന്നു. എന്നാൽ, പാർട്ടിയേൽപിച്ച ഉത്തരവാദിത്തം ചോദ്യംചെയ്യാതെ നടപ്പാക്കുക എന്ന കമ്യൂണിസ്റ്റ് തത്ത്വമനുസരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ കാമ്പിശ്ശേരി, കോൺഗ്രസ് നേതാവ് തഴവാ കേശവനെ തോൽപിച്ച് നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രഗല്ഭമതികളായ കുറെ നേതാക്കൾ അംഗങ്ങളായ സഭയായിരുന്നു അത്. പട്ടം താണുപിള്ള, ടി.എം. വറുഗീസ്, സി. കേശവൻ, എ. ജെ. ജോൺ, പനമ്പിള്ളി ഗോവിന്ദമേനോൻ, കെ. കരുണാകരൻ, കെ.എം. ചാണ്ടി, കളത്തിൽ വേലായുധൻ നായർ, ജി. ചന്ദ്രശേഖരപിള്ള തുടങ്ങിയ കോൺഗ്രസ്-സോഷ്യലിസ്റ്റ് കക്ഷികളുടെ നേതാക്കളോടൊപ്പം ടി.വി. തോമസ്, എം.എൻ. ഗോവിന്ദൻ നായർ, സി. അച്യുതമേനോൻ, സി.കെ. കുമാരപ്പണിക്കർ, ആർ. സുഗതൻ, കെ.ആർ. ഗൗരി, സി. കെ. വിശ്വനാഥൻ, കെ.പി. പ്രഭാകരൻ, കാമ്പിശ്ശേരി കരുണാകരൻ, പി. ഗോവിന്ദപ്പിള്ള, പുനലൂർ എൻ. രാജഗോപാലൻ നായർ, സി.ജി. സദാശിവൻ, കോട്ടയം ഭാസി എന്നിവരടക്കമുള്ള 27 കമ്യൂണിസ്റ്റുകാരും ടി.കെ. ദിവാകരൻ, ബേബി ജോൺ, പ്രാക്കുളം ഭാസി തുടങ്ങിയുള്ള ആർ.എസ്.പിക്കാരും സഭയിൽ അംഗങ്ങളായിരുന്നു.
നിയമസഭയിൽ വാഗ്ധോരണികൊണ്ടു കത്തിജ്വലിച്ചു കയറിയ പ്രസംഗകനായിരുന്നില്ലെങ്കിലും ചാട്ടുളിപോലെ ചങ്കിൽ കൊണ്ടുകയറുന്ന പ്രയോഗങ്ങൾ കാമ്പിശ്ശേരിയുടേതായി ചരിത്രത്തിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. തന്റെ മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചുള്ള ശ്രദ്ധ ക്ഷണിക്കൽ പ്രസംഗത്തിനിടയിലുയർത്തിയ, ''ഈ റോഡുകളെല്ലാം തോടുകളായി പ്രഖ്യാപിക്കാമോ സാർ'' എന്ന ചോദ്യം സർവകാല പ്രസക്തമായി ചരിത്രത്തിൽ തിളങ്ങിനിൽക്കുന്നു. എന്നാൽ, കാമ്പിശ്ശേരി തന്റെ സ്വതഃസിദ്ധമായ പതിഞ്ഞ മട്ടും സൗമ്യഭാവവുമെല്ലാം മാറ്റിവെച്ച്, രൂക്ഷമായി ആഞ്ഞടിച്ച ഒരു സന്ദർഭവുമുണ്ടായി. താൻ പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെട്ട 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകം എ.ജെ. ജോണിന്റെ സർക്കാർ നിരോധിച്ച സന്ദർഭമായിരുന്നു അത്.
'കമ്മ്യൂണിസ്റ്റാക്കി' നിരോധിക്കപ്പെട്ടപ്പോൾ, അതിനു നിമിത്തമായ കാലഹരണപ്പെട്ട ഡ്രമാറ്റിക് പെർഫോമൻസ് ആക്ടിെനതിരെ നിയമസഭയിൽ ശക്തമായി പോരാടിയത് കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരു-കൊച്ചി സെക്രട്ടറി എം.എൻ. ഗോവിന്ദൻ നായരും നാടകത്തിലെ അഭിനേതാക്കൾകൂടിയായ കാമ്പിശ്ശേരിയും പുനലൂർ രാജഗോപാലൻ നായരുമാണ്.
''സാർ, അങ്ങ് അനുവദിക്കുകയാണെങ്കിൽ ഈ നാടകം ഞങ്ങൾ സഭയിൽ ഒന്നു കളിക്കാമായിരുന്നു'' എന്ന് കാമ്പിശ്ശേരി അഭ്യർഥിച്ചത് ചങ്കിൽ തട്ടിയായിരുന്നു. ഭരണപക്ഷത്തുള്ള പല എം.എൽ.എമാരും കോൺഗ്രസ് നേതാക്കളും സ്വകാര്യമായി വന്ന് നാടകം കണ്ടിട്ട് കാമ്പിശ്ശേരിയെയും മറ്റു അഭിനേതാക്കളെയും അഭിനന്ദിച്ച സന്ദർഭങ്ങൾ കുറവായിരുന്നില്ല...
1952ൽ 'എന്റെ മകനാണ് ശരി' എന്ന നാടകവുമായി കേരള പീപ്പിൾസ് ആർട്സ് ക്ലബ് ആരംഭിച്ചപ്പോൾ, അതിനു മുൻകൈയെടുത്ത അഡ്വ. ജി. ജനാർദനക്കുറുപ്പിനും പുനലൂർ എൻ. രാജഗോപാലൻ നായർ എം.എൽ.എക്കും എല്ലാ പിന്തുണയും പ്രോത്സാഹനവുമായി കാമ്പിശ്ശേരി ഒപ്പംതന്നെയുണ്ടായിരുന്നു. കെ.പി.എ.സിയുടെ രണ്ടാമത്തെ നാടകമായി, സോമൻ എന്ന പേരിൽ തോപ്പിൽ ഭാസി പ്രസിദ്ധീകരിച്ച 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എടുക്കാൻ തീരുമാനിച്ചപ്പോൾ കാമ്പിശ്ശേരിയാണ് ഏറ്റവും സന്തോഷിച്ചത്. അന്ന് വിചാരണ തടവുകാരനായി അടൂർ ലോക്കപ്പിൽ കിടക്കുകയായിരുന്ന ഭാസിയെ ചെന്നു കണ്ട ജനാർദനക്കുറുപ്പിനോടും രാജഗോപാലൻ നായരോടും ഭാസി തന്റെ ഒരാഗ്രഹം പ്രകടിപ്പിച്ചു. പരമുപിള്ളയെ അവതരിപ്പിക്കുന്നത് കുട്ടിക്കാലത്ത് തന്നെ അരങ്ങത്തേക്ക് കൈപിടിച്ചുകയറ്റി വിട്ട പ്രിയപ്പെട്ട കാമ്പിശ്ശേരി അളിയൻതന്നെ ആകണം.
ചവറയിൽ കോടാകുളങ്ങര വാസുപിള്ള യുടെ വീട്ടിൽവെച്ച് നാടകത്തിന്റെ റിഹേഴ്സൽ തുടങ്ങുന്നതിനു തൊട്ടുമുമ്പ് കേശവൻ പോറ്റി സാർ തന്റെ സൈക്കിളെടുത്ത് ഇരുപതു മൈൽ അപ്പുറത്തുള്ള വള്ളികുന്നത്ത് ചെന്ന് കാമ്പിശ്ശേരിയെയും പിറകിലിരുത്തി ക്യാമ്പിലെത്തി. കെ. സുലോചന, ഒ. മാധവൻ, രാജാഗോപാലൻ നായർ, ജനാർദനക്കുറുപ്പ്, വി. സാംബശിവൻ, തോപ്പിൽ കൃഷ്ണപിള്ള, സുധർമ, ഭാർഗവി, വിജയകുമാരി എന്നിവർ അരങ്ങത്തും ഒ.എൻ.വി. കുറുപ്പ്, പരവൂർ ദേവരാജൻ, കെ.എസ്. ജോർജ് എന്നിവർ അണിയറയിലുമായി അണിനിരന്നു.
1952 ഡിസംബർ ആറിലെ ആ തണുത്ത രാത്രിയിൽ ചവറയിലെ തട്ടാശ്ശേരിയിലുള്ള സുദർശന തിയറ്ററിൽവെച്ച് ''എനിക്കീ കൊടിയൊന്ന് പിടിക്കണം... ഇതെനിക്കൊന്ന് പൊക്കിപ്പൊക്കി പിടിക്കണം'' എന്ന് പറഞ്ഞുകൊണ്ട് കൂനിക്കൂടിയ ഒരു വയോവൃദ്ധൻ ചോരച്ചെങ്കൊടി ഉച്ചത്തിലുയരത്തിലുയർത്തി പിടിച്ചപ്പോൾ, നാടും നാടകവും വിപ്ലവകരമായ ഒരു മുന്നേറ്റത്തിന്റെ തുടക്കം കുറിക്കുകയായിരുന്നു.
ആയിരക്കണക്കിന് വേദികളിൽ പരമുപിള്ളയെ അവതരിപ്പിച്ച കാമ്പിശ്ശേരി ഒരുതരം തപോനിഷ്ഠയോടെയാണ് ആ കൃത്യം നിർവഹിച്ചിരുന്നത്. മേക്കപ്പ് ഇട്ടുകഴിഞ്ഞാൽ, ഒന്നും കഴിക്കാതെ, ആരോടും ഉരിയാടാതെ അണിയറയിൽ ഒരിടത്ത് ധ്യാനലീനനായി ഇരിപ്പുറപ്പിക്കുന്ന കാമ്പിശ്ശേരി, അണിയറയിൽനിന്ന് കെ.എസ്. ജോർജിന്റെ ഭാവഗാംഭീര്യമാർന്ന ശബ്ദത്തിൽ ''ദീപങ്ങൾ മങ്ങി കൂരിരുൾ തിങ്ങി'' എന്ന ഈരടികൾ ഉയർന്നു കേട്ടു തുടങ്ങുന്നതോടെ, പരമുപിള്ളയുടെ വൈകാരികഭാവമാകെ സ്വയം ആവാഹിച്ചെടുത്ത്, ഒരുണക്ക ഓലമെടലും പിടിച്ച് തന്നത്താൻ പിറുപിറുത്തുകൊണ്ട് പ്രാഞ്ചി പ്രാഞ്ചി രംഗത്തേക്ക് നടന്നുകയറുന്ന കാഴ്ച ചരിത്രത്തിലെ അപൂർവ മുഹൂർത്തങ്ങളിലൊന്നായിരുന്നു.
കാമ്പിശ്ശേരിക്ക് സുഖമില്ലാതായതിനെ തുടർന്ന് പരമുപിള്ളയായി അൽപകാലം അഭിനയിച്ച പി.ജെ. ആന്റണിയും അതിനുശേഷം ഒ. മാധവനും വർഷങ്ങൾക്കുശേഷം നാടകം ചലച്ചിത്രമാക്കിയപ്പോൾ സത്യനും ആ വേഷത്തിൽ കാമ്പിശ്ശേരിയോളം ഉയരാൻ കഴിഞ്ഞില്ല എന്നത് ചരിത്രസത്യമായി നിലനിൽക്കുന്നു. ആന്റണി പരമുപിള്ളയായി അഭിനയിച്ചു തുടങ്ങിയ റീഹേഴ്സൽവേളയിലൊരിക്കൽ ''കാമ്പിശ്ശേരി ഇങ്ങനെയല്ല ചെയ്യുന്നത്'' എന്ന് കൂടെ അഭിനയിക്കുന്നവരിലാരോ അറിയാതെ പറഞ്ഞുപോയപ്പോൾ ആന്റണി പരുഷമായി പ്രതികരിച്ചു:
''ഞാൻ പരമുപിള്ള ആകണോ അതോ കാമ്പിശ്ശേരി ആകണോ?''
അത്രമാത്രം ആഴത്തിലാണ് കാമ്പിശ്ശേരിയുടെ ആ നാടൻ കാരണവർ അതു കണ്ടവരുടെയൊക്കെ മനസ്സുകളിൽ പതിഞ്ഞുകിടന്നിരുന്നത്. എന്നാൽ, പിന്നീട് കാമ്പിശ്ശേരി സിനിമയിൽ അഭിനയിച്ച വേഷങ്ങൾ -'കാലം മാറുന്നു'വിലെ കാരണവർ, 'മുടിയനായ പുത്രനി'ലെ ചാത്തൻ പുലയൻ, 'അശ്വമേധ'ത്തിലെ കുഷ്ഠരോഗി, 'ആദ്യകിരണങ്ങളി'ലെയും 'നിണമണിഞ്ഞ കാൽപാടുകളി'ലെയും 'നിത്യകന്യക'യിലെയുമൊക്കെ നായികയുടെ പിതാവ്- നിറക്കൂട്ടൽപം കൂടുതൽ വേണ്ട നാടകാഭിനയത്തിൽനിന്ന്, പ്രത്യേകിച്ച് പരമുപിള്ള എന്ന ലെജൻഡറി കഥാപാത്രത്തിൽനിന്ന് കാമ്പിശ്ശേരിക്ക് ഒരിക്കലും പൂർണമായും മുക്തി നേടാൻ കഴിഞ്ഞില്ല എന്നുള്ളതിന്റെ തെളിവായിരുന്നു.
1953ൽ ബോംബെയിൽ നടന്ന ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷന്റെ സമ്മേളനത്തിൽ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ ചില രംഗങ്ങൾ അവതരിപ്പിച്ചപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പ്രതിഭാധനരായ കലാപ്രവർത്തകർ ആവേശത്തോടെയാണ് അത് കണ്ടിരുന്നത്. കോടതിയിൽനിന്ന് അനുകൂലമായ വിധി നേടി വീണ്ടും നാടകം കളിക്കാനിറങ്ങിയ കെ.പി.എ.സി, കമ്യൂണിസ്റ്റ് വിരുദ്ധരുടെയും ജന്മി മുതലാളി പക്ഷക്കാരുടെയും അനവധി ആക്രമണങ്ങളെ അതിജീവിച്ചുകൊണ്ട് ആയിരക്കണക്കിന് അരങ്ങുകളിൽ നാടകം അവതരിപ്പിച്ചു. അപ്പോഴേക്കും കാമ്പിശ്ശേരി, കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ 'ജനയുഗ'ത്തിന്റെ എഡിറ്റോറിയൽ വിഭാഗത്തിൽ ചേരുകയും ചെയ്തിരുന്നു. ഉറക്കമൊഴിച്ചുള്ള നാടകം കളിയും പത്രേമാഫിസിലെ ജോലിയും കാമ്പിശ്ശേരിയുടെ ആരോഗ്യം പാടേ തകർത്തു. 1954ൽ നിയമസഭ പിരിച്ചുവിട്ടപ്പോൾ കാമ്പിശ്ശേരി ഒരുറച്ച തീരുമാനമെടുത്തു. മേലിൽ ഒരൊറ്റ തെരഞ്ഞെടുപ്പിലും മത്സരിക്കില്ല!
'ജനയുഗം' അന്ന് മുടന്തിയും ഇടക്കിടെ മുടങ്ങിയുമൊക്കെ മെല്ലെ മുന്നോട്ടുപോകുകയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ മധുര കോൺഗ്രസിൽവെച്ച് ഇടത്തട്ട നാരായണൻ മുഖാന്തരം അരുണാ ആസിഫലിയിൽനിന്ന് എം.എൻ. ഗോവിന്ദൻ നായർ കടമായി വാങ്ങിയ 25,000 രൂപകൊണ്ട് 1953 നവംബർ 16 തൊട്ട് ജനയുഗം ദിനപത്രമായി പുറത്തിറങ്ങി.ആ നാളുകളെ കാമ്പിേശ്ശരി ഓർമിക്കുന്നത് ഇങ്ങനെയാണ്:
''അന്ന് ജനയുഗം പത്രാധിപരെന്ന നിലയിൽ ഞങ്ങൾക്ക് കിട്ടുന്ന, അഥവാ ഞങ്ങളെടുക്കുന്ന ശമ്പളം പ്രതിമാസം അറുപതു രൂപ വീതമായിരുന്നു. ഇത് 'പാർട്ടി വേജ്' ആണ്. ഓരോ രംഗത്തും പ്രവർത്തിക്കുന്ന ഫുൾ ടൈം പാർട്ടി പ്രവർത്തകർക്ക് കമ്യൂണിസ്റ്റ് പാർട്ടി നിശ്ചയിച്ചിരുന്ന ജീവിതച്ചെലവാണ് ഈ അറുപതു രൂപ. ചീഫ് എഡിറ്റർ ആർ. ഗോപിനാഥൻ നായർക്കും പ്രസാധകനായ ആർ. ഗോപിനാഥൻ നായർക്കും മാനേജർ എം.എൻ. രാമചന്ദ്രൻ നായർക്കും സ്റ്റാഫ് ലേഖകൻ വി. ലക്ഷ്മണനും പത്രാധിപ സമിതി അംഗങ്ങളായ ഞങ്ങൾക്കോരോരുത്തർക്കും കമ്പോസിറ്റർമാർക്കും പ്യൂണിനും തൂപ്പുകാരിക്കുമെല്ലാം ഇതേ ശമ്പളംതന്നെ. ഈ അറുപതു രൂപ എൺപതു രൂപയായി ഉയരാൻ പിന്നെയും അഞ്ചുകൊല്ലം കഴിയേണ്ടി വന്നു. ഈ തുക തന്നെ ഞങ്ങൾക്ക് ഒന്നിച്ചെടുക്കാൻ കഴിയാത്തവിധം ദയനീയമായിരുന്നു പത്രത്തിന്റെ സാമ്പത്തിക സ്ഥിതി.''
കടുത്ത ആരോഗ്യപ്രശ്നങ്ങൾ വീണ്ടും കാമ്പിശ്ശേരിയെ പിടികൂടിയത് ആ നാളുകളിലാണ്. ശ്വാസകോശസംബന്ധമായ രോഗം ഗുരുതരമായതിനെ തുടർന്ന് മദ്രാസിലെ ജനറൽ ഹോസ്പിറ്റലിൽവെച്ച് ശസ്ത്രക്രിയയിലൂടെ ഒരു ശ്വാസകോശം മുഴുവൻ നീക്കം ചെയ്തു. 'ഏകലംഗൻ' എന്ന് സ്വയം കളിയാക്കി വിളിക്കുന്ന അവസ്ഥയിലാണ് പിന്നീടുള്ള 20 വർഷക്കാലം കാമ്പിശ്ശേരി ജീവിച്ചത്.
ആ കാലമായപ്പോഴേക്കും 'ജനയുഗം' കേരളത്തിലെ മുൻനിര പത്രങ്ങളിലൊന്നായി വളർന്നിരുന്നു. അടിസ്ഥാനവർഗത്തിന്റെ ജീവൽപ്രശ്നങ്ങളെ ഉയർത്തിക്കൊണ്ടുവന്ന്, അവയുടെ പരിഹാരത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിക്കൊണ്ട് കേരള രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിർണായക ശക്തിയായി പത്രംമാറി. രണ്ടു ഗോപിമാർ, കാമ്പിശ്ശേരി, വൈക്കം ചന്ദ്രശേഖരൻ നായർ, പി.കെ. വാസുദേവൻ നായർ, വി. ലക്ഷ്മണൻ എന്നിവർക്ക് പുറമെ തെങ്ങമം ബാലകൃഷ്ണൻ, ടി.എ. മജീദ്, ജി.എം. നെന്മേലി, കേരളവർമ, കെ. ഗോവിന്ദപ്പിള്ള, പറക്കോട് എൻ.ആർ. കുറുപ്പ്, കെ.എസ്. ചന്ദ്രൻ, ആര്യാട് ഗോപി, സി.ആർ.എൻ. പിഷാരടി, ഗോപകുമാർ തുടങ്ങിയവർ പത്രാധിപസമിതിയിലെത്തി.
1958ൽ വൈക്കം പത്രാധിപരായി ജനയുഗം സാംസ്കാരിക വാരികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. വൈക്കം പ്രഭാത് ബുക്ക് ഹൗസിന്റെ ചുമതലയേറ്റെടുത്തപ്പോൾ എൻ. ഗോപിനാഥൻ നായരും അദ്ദേഹം ജനയുഗത്തോട് വിടപറഞ്ഞപ്പോൾ കാമ്പിശ്ശേരിയും വാരികയുടെ പത്രാധിപരായി. അന്ന് വടക്കൻ കേരളത്തിൽ എൻ.വി. കൃഷ്ണവാര്യർ പത്രാധിപരായ 'മാതൃഭൂമി' ആഴ്ചപ്പതിപ്പും തെക്ക് കെ. ബാലകൃഷ്ണന്റെ 'കൗമുദി' വാരികയുമായിരുന്നു ഏറ്റവും പ്രചാരമുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങൾ. കൗമുദിയെ കടത്തിവെട്ടിക്കൊണ്ട് ജനയുഗം അതിവേഗം വളർന്നു. അമ്പതുകളുടെ തുടക്കത്തിൽ വയലാർ, ഒ.എൻ.വി, തിരുനല്ലൂർ കരുണാകരൻ, പുനലൂർ ബാലൻ, പുതുശ്ശേരി രാമചന്ദ്രൻ, പൊൻകുന്നം ദാമോദരൻ തുടങ്ങിയ അരുണകവിനിര ജനയുഗത്തിന്റെ താളുകളിലൂടെയാണ് പ്രസിദ്ധിയുടെ പടവുകൾ ചവിട്ടിക്കയറിയത്. പി.എ. വാര്യർ തർജമ ചെയ്ത യശ്പാലിന്റെ 'രാജ്യദ്രോഹി', 'നിറം പിടിപ്പിച്ച നുണകൾ' എന്നീ നോവലുകളിലൂടെ വായനക്കാരുടെ മനസ്സുകളിൽ പ്രമുഖമായൊരിടം നേടിയ വാരിക തോപ്പിൽ ഭാസിയുടെ 'ഒളിവിലെ ഓർമകൾ' എന്ന ആത്മകഥാക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചുകൊണ്ട് വലിയൊരു കുതിച്ചുചാട്ടംതന്നെ നടത്തി.
തോപ്പിൽ ഭാസിയെയും തന്നെയും കഥാപാത്രങ്ങളാക്കി, 'കൂനന്തറ പരമുവും പൂനാ കേശവനും' എന്ന ഹാസ്യപരമ്പര കൽക്കി എന്ന പേരിൽ കാമ്പിശ്ശേരി എഴുതുന്നത് ആ നാളുകളിലാണ്.
''വിഡ്ഢികളും സ്വാർഥന്മാരും നിറഞ്ഞ ഈ ലോകത്ത് ജീവിക്കാൻ കുറേ തട്ടിപ്പ് അത്യാവശ്യമാണെന്ന് കരുതുന്ന ഈ മച്ചുണന്മാർ സ്വയം പ്രചാരവേല ചെയ്തുകൊണ്ട് എളിമയിൽനിന്ന് ദിവ്യപദവിയിലേക്ക് ഉയരുന്ന'' ഈ കഥയിലൂടെ പേരിനും പ്രശസ്തിക്കുംവേണ്ടി വിലകുറഞ്ഞ പരിപാടികളിൽ ഏർപ്പെടുന്നവരെ കളിയാക്കി വിളിക്കുന്ന പേരുകളായി കൂനന്തറ പരമുവും പൂനാ കേശവനും മാറി.
നർമരസത്തിൽ ചാലിച്ചെഴുതിയ കാമ്പിശ്ശേരിയുടെ ഓർമക്കുറിപ്പുകളും കൽക്കി എന്ന പേരിലെഴുതിയ മർമഭേദിയായ ആക്ഷേപഹാസ്യ പംക്തിയും ആ നാളുകളിലാണ് 'ജനയുഗ'ത്തിലൂടെ വെളിച്ചം കണ്ടത്.
1960കൾ മുതൽക്കുള്ള രണ്ടു പതിറ്റാണ്ട് കാലം മലയാളത്തിലെ പ്രമുഖ ആഴ്ചപ്പതി പ്പുകളിലൂടെയാണ് സാഹിത്യത്തിലെ നാഴികക്കല്ലുകളെന്ന് ചരിത്രം രേഖപ്പെടുത്തിയ ഒട്ടനവധി ചെറുകഥകൾ, നോവലുകൾ, കവിതകൾ, ലേഖനങ്ങൾ... ഇവയൊക്കെ വായനക്കാരുടെ അടുക്കലേക്ക് എത്തുന്നത്. മലയാളത്തിലെ ഒന്നാമത്തെ ആനുകാലിക പ്രസിദ്ധീകരണമായി മാതൃഭൂമി മുന്നോട്ടുപോയപ്പോൾ അതിഗംഭീരമായി പുറത്തിറങ്ങാറുള്ള ഓണം വിശേഷാൽപ്രതികളിലൂടെ കൗമുദി സാന്നിധ്യം അറിയിച്ചു. കൊല്ലത്തുനിന്നു പ്രസിദ്ധീകരണമാരംഭിച്ച കേരളശബ്ദം, കുങ്കുമം വാരികകളും അറുപതുകളുടെ ഒടുവിൽ തുടങ്ങിയ മലയാളനാട് വാരികയും 'ജനയുഗ'ത്തിന് വെല്ലുവിളി ഉയർത്തി. എന്നാൽ മറ്റ് പ്രസിദ്ധീകരണങ്ങൾക്ക് ഉണ്ടായിരുന്നതുപോലെയുള്ള വലിയ മുതൽമുടക്കോ കനത്ത പ്രതിഫലം കൊടുത്ത് പ്രശസ്ത എഴുത്തുകാരെക്കൊണ്ട് മാസ്റ്റർ പീസുകൾ എഴുതിക്കാനുള്ള സാമ്പത്തികശേഷിയോ ഇല്ലാതെയിരുന്നിട്ടും, പ്രചാരത്തിന്റെ കാര്യത്തിൽ ജനയുഗം എന്നും മുന്നിൽ തന്നെയായിരുന്നു. കഥ, കവിത, നോവൽ, നാടകം, ലേഖനങ്ങൾ, തൂലികാചിത്രങ്ങൾ, അനുഭവകഥകൾ, യാത്രാവിവരണങ്ങൾ, ശാസ്ത്രസംബന്ധിയായ കുറിപ്പുകൾ, കുട്ടിക്കഥകൾ, കാർട്ടൂൺ പരമ്പര, പുസ്തകനിരൂപണം, സിനിമ, സ്പോർട്സ്... ഇങ്ങനെ വൈവിധ്യമാർന്ന വിഭവങ്ങൾകൊണ്ടു സമ്പന്നമായ ഉള്ളടക്കമായിരുന്നു ജനയുഗത്തിന്റെ പ്രത്യേകത. ധാരാളം പുതിയ എഴുത്തുകാർ രംഗത്തുവന്നത് ജനയുഗത്തിലൂടെയാണ്.
'സർപ്പക്കാവ്' എന്ന നോവലിലൂടെ പെരുമ്പടവം ശ്രീധരൻ, 'കാക്കതമ്പുരാട്ടി', 'കുട്ടനാട്' എന്നീ നോവലുകളിലൂടെ ഹരിപ്പാട് ശ്രീകുമാരൻ തമ്പി എന്നീ എഴുത്തുകാർ വിശാലമായ ഒരു വായനാസമൂഹത്തിനിടയിൽ അംഗീകാരം നേടി. പി. ഭാസ്കരനുണ്ണി, കെ.എസ്. ചന്ദ്രൻ, ടി.എൻ. ജയചന്ദ്രൻ, എം. കൃഷ്ണൻ നായർ തുടങ്ങിയവർ പുസ്തകവിചാരം കൈകാര്യം ചെയ്തു. കാമ്പിശ്ശേരിയുടെയും ജനയുഗത്തിന്റെയും ഉറ്റ സുഹൃത്തുക്കളായ പഴയ തലമുറക്കാരായ മയ്യനാട് കെ. ദാമോദരൻ, മുൻഷി പരമുപിള്ള, എൻ.പി. ചെല്ലപ്പൻ നായർ, വൈക്കത്തേത്ത് തുടങ്ങിയവർക്ക് പിന്നാലെ കാക്കനാടൻ, പി.ആർ. ശ്യാമള, ബാലകൃഷ്ണൻ, പി. പത്മരാജൻ, എം.ഡി. രത്നമ്മ, എം.ഡി. അജയഘോഷ് എന്നീ പുത്തൻകൂറ്റുകാരും തുടർച്ചയായി ജനയുഗത്തിൽ എഴുതി. പി. നരേന്ദ്രനാഥിന്റെ വിഖ്യാത ബാലസാഹിത്യ കൃതികളായ 'കുഞ്ഞിക്കൂനൻ', 'മനസ്സറിയും യന്ത്രം', 'ഇത്തിരിക്കുഞ്ഞൻ', 'കള്ളൻ രാമു'... ഇവയൊക്കെ പ്രസിദ്ധീകരിച്ചത് 'ജനയുഗ'ത്തിലാണ്. ഡി. ശ്രീമാൻ നമ്പൂതിരി ആയിരുന്നു മറ്റൊരു പ്രധാന എഴുത്തുകാരൻ. ഇഗ്നേഷ്യസ് കാക്കനാടൻ, ഡി. ഉത്തമൻ തുടങ്ങിയവർ കൈകാര്യംചെയ്ത ശാസ്ത്രപംക്തി മറ്റൊരാകർഷണമായി.
നാടകമെന്ന കലാരൂപത്തിന് സിനിമയേക്കാൾ പ്രാധാന്യം കൽപിക്കപ്പെട്ടിരുന്ന അന്നാളുകളിൽ നാടകങ്ങളും നാടകസംബന്ധിയായ ഒട്ടേറെ ലേഖനങ്ങളും കാമ്പിശ്ശേരി പ്രസിദ്ധീകരിച്ചു. എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ എന്നപേരിൽ പ്രശസ്തരായ നാടക നടീനടന്മാർ എഴുതിയ കുറിപ്പുകൾ അപൂർവ ചിത്രങ്ങൾകൊണ്ടും സവിശേഷമായ സംഭവവിവരണങ്ങൾകൊണ്ടും അമൂല്യമായ ചരിത്രരേഖയായി മാറി. മുൻഷി പരമുപിള്ളയെയും എൻ.പി. ചെല്ലപ്പൻ നായരെയുംപോലെ പ്രാധാന്യം നൽകി കാമ്പിശ്ശേരി അവതരിപ്പിച്ച നാടകകൃത്തായിരുന്നു ബോംബെയിലെ പ്രമുഖ മലയാളി കലാകാരനായിരുന്ന പി.എ. കുര്യാക്കോസ്. 'ദാഹിക്കുന്ന ആത്മാവ്', 'കുടുംബ ദോഷികൾ', 'കാൽവരി', 'കുറ്റവാളി' തുടങ്ങിയ കുര്യാക്കോസിന്റെ നാടകങ്ങൾക്കുവേണ്ടി ജനയുഗം വായനക്കാർ കാത്തിരിക്കുമായിരുന്നു.
കെ.പി.എ.സിയിൽനിന്ന് ആയിടെ രാജിവെച്ചു പിരിഞ്ഞുപോയശേഷം പുതിയ ട്രൂപ്പായ കായംകുളം പീപ്പിൾസ് തിയറ്റേഴ്സ് രൂപവത്കരിച്ച നടനും സംവിധായകനും നാടകകൃത്തുമെല്ലാമായ സി.ജി. ഗോപിനാഥിന്റെ 'അഗ്നിഗോളം' എന്ന നാടകം ജനയുഗത്തിൽ തുടർച്ചയായി പ്രസിദ്ധീകരിക്കാൻ അന്ന് കെ.പി.എ.സിയുടെ പ്രസിഡന്റുകൂടിയായിരുന്ന കാമ്പിശ്ശേരി ഒട്ടും മടിച്ചില്ല. ആധുനിക സാഹിത്യകാരന്മാരുടെ അപ്പോസ്തലന്മാരിൽ ഒരാളായ കാക്കനാടൻ എഴുതിയ 'വസൂരി' എന്ന നോവൽ അന്നത്തെ സദാചാര സങ്കൽപങ്ങളെ അതിലംഘിക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കൗൺസിലിന്റെ നിർദേശപ്രകാരം നോവലിന്റെ പ്രസിദ്ധീകരണം കാമ്പിശ്ശേരിക്ക് നിർത്തിവെക്കേണ്ടിവന്ന സംഭവവുമുണ്ടായി.
ആത്മകഥകളും ജീവചരിത്രങ്ങളുമാണ് ജനയുഗം പ്രാമുഖ്യം കൊടുത്ത മറ്റൊരു മേഖല. ബോംബെ നഗരത്തെ കിടുകിടാ വിറപ്പിച്ച രാമൻ രാഘവൻ എന്ന സീരിയൽ കില്ലറെയും ഹേ വാർഡ് ഹ്യൂസ് എന്ന വിചിത്ര കോടീശ്വരനെയും ചമ്പൽക്കാട്ടിലെ ഭീകര കൊള്ളത്തലവന്മാരെയും കുറിച്ചുള്ള പരമ്പരകളെല്ലാംതന്നെ വായനക്കാർക്ക് ആസ്വാദ്യകരമായിരുന്നു. ഹാസ്യസാമ്രാട്ടായ എസ്.പി. പിള്ള, തൂക്കുമരത്തിൽനിന്ന് രക്ഷപ്പെട്ടുപോന്ന വിപ്ലവകാരി സി.എ. ബാലൻ, കാമ്പിശ്ശേരിയുടെ സുഹൃത്ത് കൂടിയായ കള്ളൻ മൂസ എന്നിവരുടെ ആത്മകഥകൾ, പ്രേംനസീറിന്റെ ബാല്യകാല സ്മരണകൾ, എന്നെ തേടിയെത്തിയ കഥാപാത്രങ്ങൾ എന്ന പരമ്പര, പുതുപ്പള്ളി രാഘവൻ എഴുതിയ സുഗതൻ സാറിന്റെ ജീവചരിത്രം, എം.എൻ. സത്യാർഥി രചിച്ച ഭഗത് സിങ്ങിന്റെയും സഖാക്കളുടെയും വീരകഥകൾ... ആ പട്ടിക അങ്ങനെ നീണ്ടുപോകുന്നു. ജനപ്രീതിയുടെ കാര്യത്തിൽ അതിനെയൊക്കെ മറികടന്നുകൊണ്ടാണ് മലയാള നാടകരംഗത്തെ സർവകാല നിഷേധി എന്നു വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിയുടെ ഞെട്ടിക്കുന്ന തുറന്നുപറച്ചിൽകൊണ്ട് സവിശേഷതയാർജിച്ച ഒരു ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. കാമ്പിശ്ശേരി എന്ന സുഹൃത്തിനോടുള്ള ഹൃദയബന്ധം കൊണ്ടുമാത്രം, 'ഞാൻ' എന്നു പേരിട്ട ആ വികാരതീക്ഷ്ണമായ ആ അനുഭവക്കുറിപ്പുകൾ എഴുതാൻ തയാറായത് എൻ.എൻ. പിള്ളയാണ്.
'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' ടീമിലെ കാമ്പിശ്ശേരി, പരവൂർ ജി. ദേവരാജൻ, കെ.എസ്. ജോർജ്, വെളിയം ഭാസ്കരപ്പണിക്കർ
വേളൂർ കൃഷ്ണൻകുട്ടിയുടെ ഹാസ്യപരമ്പരയും കാട്ടാക്കട ദിവാകരന്റെ കേരളീയ ഗ്രാമങ്ങളിലൂടെയുള്ള യാത്രയും പ്രമുഖ രാഷ്ട്രീയ നേതാക്കളെ അവതരിപ്പിക്കുന്ന പവനന്റെ 'പരിചയം' എന്ന പരമ്പരയും അറുപതുകളിലെ ജനയുഗത്തിന്റെ പ്രധാന വിഭവങ്ങളായി.
കിട്ടുമ്മാവൻ എന്ന പോക്കറ്റ് കാർട്ടൂണിലൂടെ പുതിയൊരു പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ജനയുഗം കാർട്ടൂൺ കലാകാരന്മാരുടെയും രേഖാചിത്രകാരന്മാരുടെയും ഒരു കളരിയായിരുന്നു. കിട്ടുമ്മാവന്റെ പിതാവായ യേശുദാസൻ ഗുരുവെന്ന് വിളിക്കുന്ന കാമ്പിശ്ശേരിയുടേതായിരുന്നു പഞ്ച് ലൈൻ. യേശുദാസൻതന്നെ വരച്ച ചന്തുവും സർക്കാർ കുറുപ്പും പി.കെ. മന്ത്രിയുടെ മിസ്റ്റർ കുഞ്ചുവും സോമനാഥന്റെ വാസുവേട്ടനും പോപുലർ താരങ്ങളായിരുന്നു. കാർട്ടൂണിസ്റ്റ് തോമസിന്റെ രാമുവും ഗഫൂറിന്റെ പരമ്പരയും ഗള്ളിവറുടെയും ഒഡീസ്യൂസിന്റെയും മറ്റും സാഹസിക യാത്രകളും കുട്ടികൾക്ക് ഹരം പകർന്നു.
വൈക്കവും ആർട്ടിസ്റ്റ് ശങ്കരൻകുട്ടിയും യേശുദാസനും കൊല്ലം എസ്.എൻ കോളജിലെ ഒരു അധ്യാപകനായിരുന്ന ആർട്ടിസ്റ്റ് രാമകൃഷ്ണനും എം.ഡി. അജയഘോഷും ജനയുഗത്തിന് വേണ്ടി ഇലസ്ട്രേഷൻ നടത്തി. എന്നാൽ, ആർട്ടിസ്റ്റ് ഗോപാലൻ എന്ന കലാകാരനെ 'കേരളശബ്ദ'ത്തിൽനിന്ന് കാമ്പിശ്ശേരി 'തട്ടിയെടുത്ത'തോടെയാണ് ജനയുഗത്തിന്റെ രൂപഭാവങ്ങൾക്ക് ചന്തമേറിയത്.
പ്രചാരത്തിലും വളർച്ചയിലും മറ്റെല്ലാ പ്രസിദ്ധീകരണങ്ങളെയും കടത്തിവെട്ടി മുന്നേറാൻ ജനയുഗത്തെ സഹായിച്ചത് ഒരു ബംഗാളി നോവലിന്റെ വിവർത്തനത്തിലൂടെയാണ്. പ്രശസ്ത ബംഗാളി എഴുത്തുകാരനായ ബിമൽ മിത്രയുടെ 'കടി ദിയെ കിൻലാം' എം.എൻ. സത്യാർഥി വിവർത്തനംചെയ്തപ്പോൾ അത് ജനയുഗത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവിനാണ് നിമിത്തമായത്. 1964 തൊട്ടുള്ള രണ്ടു മൂന്ന് വർഷക്കാലം തുടർച്ചയായി പ്രസിദ്ധീകരിച്ച 'വിലയ്ക്ക് വാങ്ങാം' വായിക്കാൻവേണ്ടി ഓരോ ആഴ്ചയും വായനക്കാർ ആകാംക്ഷയോടെ കാത്തിരുന്നു. ദീപാങ്കുരനും കിരണനും അമ്മയും സതിയും ലക്ഷ്മിയേട്ടത്തിയും അഘോരനപ്പൂപ്പനും ദാത്താർ ബാബുവും നയനരഞ്ജിനി ദാസിയും ഘോഷാലും ശംഭുവുമെല്ലാം വായനക്കാർക്ക് പ്രിയങ്കരരായി. ആർട്ടിസ്റ്റ് ഗോപാലൻ ഇന്ത്യൻ ഇങ്കിനോടൊപ്പം തന്റെ പ്രതിഭാവിലാസം കൂടി ചാലിച്ചുകൊണ്ട് ആ കഥാസന്ദർഭങ്ങൾക്ക് അസാധാരണമായ മിഴിവ് പകർന്നു. തുടർന്ന് മിത്രയുടെ തന്നെ 'പ്രഭുക്കളും ഭൃത്യരും', 'ഇരുപതാം നൂറ്റാണ്ട്', 'ബീഗം മേരി ബിശ്വാസ്', 'ചലോ കൽക്കത്ത', ശങ്കർ എഴുതിയ 'ചൗരംഗി' തുടങ്ങി കാമ്പിശ്ശേരി പ്രസിദ്ധീകരിച്ച ബംഗാളി നോവലുകൾ ഓരോന്നും 'ജനയുഗ'ത്തിന്റെ വളർച്ചയിലെ നാഴികക്കല്ലുകളായി.
അക്കാലത്തെ രീതിയനുസരിച്ച് കവർചിത്രങ്ങളായി ഫോട്ടോഗ്രാഫർ ശിവൻ എടുത്ത അഭിനേത്രികളുടെയും മറ്റും ചിത്രങ്ങളാണ് മിക്കവാറും വരാറുണ്ടായിരുന്നത്. ഇ.എം.എസ് നമ്പൂതിരിപ്പാടും ആർ. സുഗതനും മുണ്ടശ്ശേരി മാസ്റ്ററും ജനയുഗം ജനറൽ മാനേജറായ പി.ഒ. ജോർജുമൊക്കെ ഇടക്ക് കവർചിത്രങ്ങളായി കൊടുത്തുകൊണ്ട് കാമ്പിശ്ശേരി പരീക്ഷണം നടത്തി. 'പ്രഭുക്കളും ഭൃത്യരും' പ്രസിദ്ധീകരണമാരംഭിച്ച ലക്കത്തിന്റെ മുഖചിത്രമായത് 'സാഹിബ് ബീബി ഔർ ഗുലാം' എന്ന വിഖ്യാത ചലച്ചിത്രത്തിൽ റഹ്മാന്റെ ചെറിയ യജമാനൻ, മീനാകുമാരി വേഷമിട്ട ചെറിയ വധുവിന്റെ അധരങ്ങളിലേക്ക് മദ്യചഷകം പിടിച്ചുകിടക്കുന്ന ആ അവിസ്മരണീയ മുഹൂർത്തത്തെ പെൻസിലുപയോഗിച്ച് ഗോപാലൻ പകർത്തിയ ഛായാചിത്രമായിരുന്നു.
ജനയുഗത്തിന്റെ ഓണം വിശേഷാൽപ്രതി സാംസ്കാരിക രംഗത്തെ ഒരു സംഭവമായി മാറി. സാഹിത്യത്തിലെ മാത്രമല്ല, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെയും മുൻനിരക്കാർ ഓരോ പേജിലുമായി അണിനിരന്നു. പത്രപ്രവർത്തനത്തിൽനിന്നും എഴുത്തിൽനിന്നുമൊക്കെ വിട്ടുമാറി, എല്ലാ ആരാധകരെയും നിരാശപ്പെടുത്തിക്കൊണ്ട് ഒതുങ്ങിക്കൂടിയ കെ. ബാലകൃഷ്ണനെ ഒരിക്കൽകൂടി വായനക്കാരുടെ മുമ്പാകെ എത്തിച്ചത് കാമ്പിശ്ശേരിയാണ്. 'കെ. ബാലകൃഷ്ണൻ സംസാരിക്കുന്നു' എന്ന ചോദ്യോത്തര പംക്തി കൗമുദിയിലേതുപോലെ വായനക്കാരെ ആകർഷിക്കുന്ന ഒന്നായി.
കാമ്പിശ്ശേരി തൊട്ടു പൊന്നാക്കിയ മറ്റൊരു മേഖല ചലച്ചിത്ര പ്രസിദ്ധീകരണമാണ്. 1967ൽ ജനയുഗം പ്രസിദ്ധീകരണങ്ങളുടെ ഭാഗമായി പുറത്തിറങ്ങിയ 'സിനിരമ', കൗമുദിയുടെയും കേരളശബ്ദത്തിന്റെയും മാതൃകയിൽ ടാേബ്ലായ്ഡ് രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ഒരു സിനിമാ വാരികക്ക് തീരെ അനുയോജ്യമല്ലാത്ത രൂപം. അന്ന് പാട്ടെഴുത്തിലൂടെ പ്രശസ്തിയിലേറിയ ശ്രീകുമാരൻ തമ്പിയെയാണ് തുടക്കത്തിൽ മദിരാശി ലേഖകനായി കാമ്പിശ്ശേരി നിയോഗിച്ചത്. പിന്നീട് എ.സി. സാബുവും ടി.എച്ച്. കോടമ്പുഴയും ലേഖകരായി. സത്യനും പ്രേംനസീറും ശിവാജി ഗണേശനും ഷീലയുമുൾപ്പെടെയുള്ള പ്രശസ്തർ പലരും അനുഭവക്കുറിപ്പുകൾ എഴുതി. വിശ്രുത ഹോളിവുഡ് താരമായ ഹെഡി ലാമറുടെ ആത്മകഥ, മാർലൻ ബ്രാണ്ടോ, രാജ് കപൂർ, ലതാ മങ്കേഷ്കർ തുടങ്ങിയവരുടെ ജീവിതകഥകൾ, തോപ്പിൽ ഭാസിയും എസ്.എൽ. പുരവും എഴുതിയ, പ്രമുഖ സിനിമകളുടെ തിരക്കഥകൾ (പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ തിരക്കഥ പ്രസിദ്ധീകരിക്കുന്നത് ആദ്യമായായിരുന്നു) സിനിമക്കുള്ളിൽ എഡിറ്റിങ് സംബന്ധമായ അബദ്ധങ്ങൾ പ്രേക്ഷകർതന്നെ ചൂണ്ടിക്കാണിക്കുന്ന കട്ട് കട്ട് എന്ന പംക്തി, സിനിമയുടെ വ്യാകരണത്തെ കുറിച്ച് പറഞ്ഞുകൊടുക്കുന്ന പരമ്പര... ഇങ്ങനെ ഒരു സിനിമാപ്രേമിക്ക് താഴെ വെക്കാതെ വായിക്കാൻ പ്രേരിപ്പിക്കുന്ന ഉള്ളടക്കമാണ് കാമ്പിശ്ശേരി ഒരുക്കിയത്. വിതുര ബേബിയായിരുന്നു സിനിരമയിൽ കാമ്പിശ്ശേരിയുടെ സഹായി.
1970ൽ ആരംഭിച്ച 'ബാലയുഗം' കുട്ടികളുടെ പ്രിയപ്പെട്ട പ്രസിദ്ധീകരണമായി. പ്രശസ്ത സാഹിത്യകാരന്മാരും ചലച്ചിത്ര അഭിനേതാക്കളുമൊക്കെയായി കുട്ടികളുടെ സംഘം നടത്തുന്ന അഭിമുഖങ്ങളും കുട്ടികൾതന്നെ എഴുതുന്ന മുഖപ്രസംഗങ്ങളും ബാലയുഗത്തിന്റെ പ്രത്യേകതയായിരുന്നു. പിൽക്കാലത്ത് പ്രശസ്തരായിത്തീർന്ന ഒട്ടേറെ പേർ എഴുതിത്തുടങ്ങിയ കളരിയായിരുന്നു ബാലയുഗം. ശങ്കേഴ്സ് വീക്കിലിയിൽനിന്ന് ജനയുഗത്തിലേക്ക് മടങ്ങിവന്ന കാർട്ടൂണിസ്റ്റ് യേശുദാസനായിരുന്നു ബാലയുഗത്തിന്റെ ചുമതല.
സാറാ തോമസിന്റെ 'മുറിപ്പാടുകൾ' എന്ന നോവൽ പ്രസിദ്ധീകരിച്ചുകൊണ്ട് നോവൽപതിപ്പ് കാമ്പിശ്ശേരി ആരംഭിച്ചത് 1970ൽ തന്നെയാണ്. അത്തരമൊരു പ്രസിദ്ധീകരണം മലയാളത്തിലാദ്യമായിരുന്നു. വായനക്കാരിൽനിന്ന് ലഭിച്ച ആയിരക്കണക്കിന് അനുമോദനക്കത്തുകളാണ് പ്രതിഫലമായി പത്രാധിപർ എഴുത്തുകാരിക്ക് അന്ന് നൽകിയത്.
കാമ്പിശ്ശേരി, തോപ്പിൽ ഭാസി, വയലാർ രാമവർമ
'വിലയ്ക്ക് വാങ്ങാം' എന്ന കൃതിക്ക് വായനക്കാർ നൽകിയ അഭൂതപൂർവമായ സ്വീകരണം കണക്കിലെടുത്ത് ആ നോവൽ രണ്ടുഭാഗങ്ങളായി പ്രസിദ്ധീകരിച്ചുകൊണ്ട് 'ജനയുഗം ബുക്സ്' ആരംഭിച്ചത് 1964ലാണ്. കാമ്പിശ്ശേരിക്കുതന്നെയായിരുന്നു ജനയുഗം ബുക്സിന്റെയും ചുമതല. ജനയുഗം വാരികയിൽ പ്രസിദ്ധീകരിച്ച പല പ്രധാന കൃതികളും പുസ്തകരൂപത്തിൽ പുറത്തുകൊണ്ടുവന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന് അധികനാൾ നീണ്ടുനിൽക്കാനായില്ല.
കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഔദ്യോഗികപക്ഷത്തിന്റെ മുഖപത്രമായി തുടർന്ന ജനയുഗം, കാമ്പിശ്ശേരിയുടെ പത്രാധിപത്യത്തിനു കീഴിൽ കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളിലൊന്നായി, ഏറ്റവും പ്രചാരമുള്ള രാഷ്ട്രീയ മുഖപത്രമായി വളരുകയായിരുന്നു. രണ്ടു കമ്യൂണിസ്റ്റ് പാർട്ടികളും തമ്മിലുള്ള അഭിപ്രായഭിന്നത മൂർച്ഛിച്ച 1964-77കാലയളവിൽ, നിലപാടുകളിലെ ദൃഢത വ്യക്തമാക്കുമ്പോഴും സമചിത്തത കൈവിടാതെയിരിക്കാൻ കാമ്പിശ്ശേരി ശ്രദ്ധിച്ചിരുന്നു. 1968ൽ റോട്ടറി പ്രസിൽനിന്ന് ജനയുഗം അച്ചടിച്ചിറക്കുക എന്ന സ്വപ്നം സഫലീകൃതമായപ്പോഴും 1974ൽ പത്രം രജതജൂബിലി കൊണ്ടാടിയപ്പോഴും ആഘോഷങ്ങളുടെ ചുക്കാൻ പിടിച്ചത് കാമ്പിശ്ശേരിയാണ്. ഇന്ത്യയിൽനിന്നുള്ള പത്രപ്രവർത്തകരുടെ ഒരു സംഘത്തിൽ അംഗമായി സോവിയറ്റ് യൂനിയൻ സന്ദർശിക്കാനുള്ള അവസരം ലഭിച്ചത് കാമ്പിശ്ശേരി എന്ന കമ്യൂണിസ്റ്റുകാരന്റെ മറ്റൊരു സ്വപ്നസാക്ഷാത്കാരമായി.
1964ൽ അന്നത്തെ പൊലീസ് മേധാവിയായിരുന്ന ഐ.ജി വി.പി. നായരുടെ ചില ദുർനടപടികളെ സംബന്ധിച്ച് മുൻ പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് എഴുതിയ ഒരു കത്തിന്റെ ഫോട്ടോസ്റ്റാറ്റ് പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ജനയുഗം പത്രത്തിന്റെ കാമ്പിശ്ശേരി, തെങ്ങമം ബാലകൃഷ്ണൻ, സി.ആർ.എൻ. പിഷാരടി എന്നിവരെയും തൃശൂരുനിന്ന് പാർട്ടിയുടെ ജിഹ്വയായി പ്രസിദ്ധീകരിച്ചു വന്ന നവജീവന്റെ കെ.കെ. വാര്യർ, ടി.കെ.ജി. നായർ, കെ.വി.എസ്. ഇളയത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്ത് 101 മണിക്കൂറോളം കസ്റ്റഡിയിൽ പാർപ്പിച്ച സംഭവം കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചു. കേൾവിശക്തി അൽപം കുറവാണെന്ന് ഭാവിച്ച്, ചോദ്യം ചെയ്യാനെത്തിയ പൊലീസ് ഏമാന്മാരെ വട്ടം ചുറ്റിച്ച കാമ്പിശ്ശേരിയെക്കുറിച്ച് സി.ആർ.എൻ. പിഷാരടി '101മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ' എന്ന അനുഭവക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്.
1960ൽ ജി. ജനാർദനക്കുറുപ്പിൽനിന്ന് കെ.പി.എ.സിയുടെ അധ്യക്ഷസ്ഥാനമെറ്റെടുത്ത കാമ്പിശ്ശേരി 66 വരെ ആ സ്ഥാനത്ത് തുടർന്നു. 1975ൽ കെ.പി.എ.സിയുടെ രജതജൂബിലി ആഘോഷിച്ചപ്പോൾ അളിയനായ തോപ്പിൽ ഭാസിയുമായി തോളോടുതോൾ ചേർന്ന് കാമ്പിശ്ശേരി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. അഭിപ്രായവ്യത്യാസങ്ങൾമൂലം പണ്ട് കെ.പി.എ.സി വിട്ടുപോയ സുലോചനയുൾപ്പെടെയുള്ള പലരെയും സമിതിയിലേക്ക് മടക്കിക്കൊണ്ടുവരാൻ മുൻകൈയെടുത്തത് കാമ്പിശ്ശേരിയാണ്. ആഘോഷപരിപാടികളുടെ അവസാനത്തെ ദിവസം പഴയ കെ.പി.എ.സി സംഘം ഒരുമിച്ചുചേർന്ന് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' വീണ്ടും അവതരിപ്പിച്ചപ്പോൾ ചെങ്കൊടി പൊക്കിപ്പൊക്കി പിടിച്ചുകൊണ്ട് പരമുപിള്ളയെന്ന അനശ്വര കഥാപാത്രമായി കാമ്പിശ്ശേരി വീണ്ടുമൊരിക്കൽകൂടി അരങ്ങത്തെത്തി.
ചലച്ചിത്ര അഭിനേതാവായും ചലച്ചിത്രവാരികയുടെ പത്രാധിപരായും തിളങ്ങിയ കാമ്പിശ്ശേരി, 1970ൽ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ആരംഭിച്ചപ്പോൾ മുതൽ തുടർച്ചയായി മൂന്നു ജൂറികളിൽ അംഗമായിരുന്നു.
അധികം വൈകാതെ കാമ്പിശ്ശേരി ഒരു സിനിമാ നിർമാതാവിന്റെ വേഷവുമണിഞ്ഞു. 1972ൽ കെ.പി.എ.സി ഫിലിംസ് രൂപവത്കരിച്ച് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ തകഴിയുടെ 'ഏണിപ്പടികൾ' ചലച്ചിത്രമാക്കിയപ്പോൾ നിർമാതാവിന്റെ ചുമതല നിർവഹിച്ചത് കാമ്പിശ്ശേരിയായിരുന്നു. കെ.പി.എ.സി ഫിലിംസ് പിന്നീട് ഒരു ചിത്രം കൂടി നിർമിച്ചു. ഒ.എൻ.വി. കുറുപ്പിന്റെ ഖണ്ഡകാവ്യത്തെ ആധാരമാക്കി മധു സംവിധാനംചെയ്ത 'നീലക്കണ്ണുകൾ'.
നിർമമത്വവും നർമഭാവവുമായിരുന്നു കാമ്പിശ്ശേരിയുടെ മുഖമുദ്ര. അന്ത്യദർശനം എന്ന ഏകനോവൽ ഒഴിച്ച് എഴുതിയ എന്തിന്റെയും -'കുറേ സംഭവകഥകൾ', 'കണ്ടതും കേൾക്കാത്തതും', 'കാണാത്ത സിനിമ' തുടങ്ങിയ അനുഭവക്കുറിപ്പുകളുടെ മാത്രമല്ല അഭിനയകലയെ കുറിച്ച് ആഴത്തിലുള്ള നിരീക്ഷണങ്ങൾ കാഴ്ചവെക്കുന്ന 'അഭിനയചിന്തകൾ' എന്ന പുസ്തകത്തിന്റെപോലും പ്രധാന സവിശേഷത അവനവനെതന്നെ നിശിതമായ പരിഹാസത്തിനിരയാക്കുന്ന ഈ നർമഭാവമാണ്. ''നീണ്ടകര പാലത്തിൽനിന്ന് പത്തു കുറുക്കന്മാർ കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തു!''
തിരുവനന്തപുരത്തു നിന്നിറങ്ങിയിരുന്ന ഒരു പത്രത്തിന്റെ ഒന്നാം പേജിൽ വന്ന ഒരു ബോക്സ് വാർത്തയായിരുന്നു ഇത്. എഴുപതിൽപരം വർഷങ്ങൾക്കുമുമ്പ് കാമ്പിശ്ശേരി ഒപ്പിച്ച ഒരു 'പ്രാക്ടിക്കൽ ജോക്ക്' ആയിരുന്നു അത്.
1948ൽ 'കേരളം' ദിനപത്രത്തിൽ കാമ്പിശ്ശേരി പ്രവർത്തിച്ചിരുന്ന കാലം. പത്രമടിക്കാനുള്ള സമയം കഴിഞ്ഞിട്ടും വാർത്ത തികയുന്നില്ല. പെട്ടെന്ന് എടുത്തുകൊടുക്കാൻ പറ്റിയ വാർത്തയൊന്നും കിട്ടാഞ്ഞതുകൊണ്ട് സ്വന്തമായി ഒരെണ്ണം നിർമിക്കാൻ കാമ്പിശ്ശേരി തീരുമാനിച്ചു. പന്തളത്തിനടുത്തുള്ള ഇലവുംതിട്ടയെന്ന സ്വന്തം നാട് തന്നെയാണ് സംഭവസ്ഥലമായി തിരഞ്ഞെടുത്തത്. ഒരു പെരുമഴക്കാലമായിരുന്നു അത്. അച്ചൻകോവിലാറിന്റെ കരക്കു താമസിക്കുന്ന ഒരു സ്ത്രീ രാവിലെ കടവിൽവെച്ച് ഒഴുക്കിൽപെട്ട മലവാഴയെന്നു കരുതി ഒരു മലമ്പാമ്പിന്റെ പുറത്തുചവിട്ടിയെന്നും, സത്യം തിരിച്ചറിഞ്ഞപ്പോൾ അവർ നിലവിളിച്ചുകൊണ്ടോടിയെന്നും നാട്ടുകാർ ഓടിയെത്തി പാമ്പിനെ തല്ലിക്കൊന്നുവെന്നുമായിരുന്നു സ്റ്റോറി.
കാമ്പിശ്ശേരി നടൻ കൊട്ടാരക്കര ശ്രീധരൻ നായരോടൊപ്പം
വാർത്ത ഏറ്റുവെന്ന് മനസ്സിലായത്, അടുത്ത ദിവസങ്ങളിൽ മറ്റുപല പത്രങ്ങളും ഈ സംഭവം കുറച്ചുകൂടി പൊടിപ്പും തൊങ്ങലും ചേർത്ത് പ്രസിദ്ധീകരിച്ചത് കണ്ടപ്പോഴാണ്.
വർഷങ്ങൾക്കുശേഷം ഒരിക്കൽ കാമ്പിശ്ശേരി ജനയുഗത്തിലിരുന്നുകൊണ്ട് തന്റെ 'പരാക്രമ'കഥകൾ സഹപ്രവർത്തകരോട് പറഞ്ഞ കൂട്ടത്തിൽ ഈ കഥയും പറഞ്ഞു. ആരും വിശ്വസിക്കാൻ കൂട്ടാക്കിയില്ല. അപ്പോൾതന്നെ കാമ്പിശ്ശേരി അത്തരമൊരു സ്റ്റോറി എഴുതി ഒരു തിരുവനന്തപുരം പത്രത്തിനു പോസ്റ്റ് ചെയ്തു. പാമ്പിനെ കണ്ടതും സ്ത്രീ പേടിച്ചോടിയതും പോരാഞ്ഞിട്ട് പാമ്പിന്റെ വയറ്റിൽ ഒരു മനുഷ്യശിശുവിന്റെ അവശിഷ്ടങ്ങൾ കണ്ടുവെന്നുകൂടിയെഴുതി. പിറവത്തൂരിൽനിന്നുള്ള 'പ്രത്യേക ലേഖകന്റെ' പേരിലുള്ള വാർത്ത മൂന്നാം ദിവസം പ്രധാന മലയാളപത്രങ്ങളിലും ഒരു ഇംഗ്ലീഷ് പത്രത്തിലും അച്ചടിച്ചുവന്നു. കുറച്ചുദിവസങ്ങൾക്കുശേഷം 'ജനയുഗം' വഴി വന്ന ഒരു പത്രലേഖകനോട് കാമ്പിശ്ശേരിയും മറ്റുള്ളവരും ഇതിന്റെ നിജാവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ സംഭവം സത്യമാണെന്നു മാത്രമല്ല, നാട്ടുകാർ പാമ്പിനെയും ശിശുവിന്റെ അവശിഷ്ടങ്ങളും കണ്ടുവെന്ന് കൂടി അയാൾ ആണയിട്ടു പറഞ്ഞു!
കാമ്പിശ്ശേരിയുടെ മക്കളായ ഉഷ, റാഫി, റോബി എന്നിവരാരും ജീവിതമാർഗമായി പത്രപ്രവർത്തനം സ്വീകരിച്ചില്ലെങ്കിലും രാഷ്ട്രീയ വിശ്വാസത്തിലും കലാപരമായ താൽപര്യങ്ങളിലും അച്ഛന്റെ വഴിയേ സഞ്ചരിക്കുന്നവരാണ്. ഉഷയുടെ ഭർത്താവും തോപ്പിൽ ഭാസിയുടെ അനന്തരവനുമായ തോപ്പിൽ ഗോപാലകൃഷ്ണൻ ജനയുഗത്തിന്റെയും കെ.പി.എ.സിയുടെയും ചുമതലകളേറ്റെടുത്തുകൊണ്ട് പാരമ്പര്യവഴികളിലൂടെ മുന്നോട്ടുനടന്ന കമ്യൂണിസ്റ്റുകാരനായിരുന്നു.
''ഒരു പത്രപ്രവർത്തകന്റെ ഒന്നാമത്തെ ചുമതല അയാളുടെ പത്രം നിലനിർത്തുക എന്നതാണ്. വായനക്കാർക്ക് വേണ്ടത് എന്തൊക്കെയാണെന്ന് പഠിക്കുകയായിരിക്കണം പത്രപ്രവർത്തനത്തിനിറങ്ങുന്ന ഒരുവന്റെ ആദ്യത്തെ ജോലി. വായനക്കാരന്റെ വാസനക്കൊത്തു പത്രം നടത്തുകയാണോ, പത്രത്തിന്റെ വീക്ഷണത്തിനൊത്ത് വായനക്കാരെ വളർത്തുകയാണോ വേണ്ടതെന്നുള്ളത് ഭൂമുഖത്ത് പത്രമാരംഭിച്ച കാലം മുതലുള്ള ഒരു ചർച്ചാവിഷയമാണ്. ഒരു ഒത്തുതീർപ്പിൽ കാര്യം മുന്നോട്ടുകൊണ്ടുപോകുകയാണ് ബുദ്ധിപൂർവകമായ പ്രവൃത്തി...''
കാമ്പിശ്ശേരിയുടെ നിഘണ്ടുവിൽ പത്രപ്രവർത്തനത്തിന് വെറുമൊരു ജീവിതോപാധി എന്നതായിരുന്നില്ല വ്യാഖ്യാനം. പണ്ഡിതന്റെയും ബുദ്ധിജീവിയുടെയും അതിസങ്കീർണമായ വ്യവഹാരഭാഷയിൽ നടത്തിയ ബൗദ്ധിക ഇടപെടലുകളിൽ കാമ്പിശ്ശേരി ഒരിക്കലും വിശ്വസിച്ചിരുന്നില്ല. പത്രപ്രവർത്തനത്തിന്റെ മനുഷ്യപ്പറ്റുള്ള മുഖം -അതായിരുന്നു പ്രായത്തിൽ നൂറുവയസ്സ് പിന്നിടുന്ന ആ പത്രാധിപപ്രതിഭ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.