ഇന്ത്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവാകുന്നതാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം. വിലക്കയറ്റവും വർഗീയതയും അഴിമതിയുംകൊണ്ട് പൊറുതിമുട്ടിയ പൊതുജനങ്ങൾക്ക് മുന്നിൽ സാധ്യതകളെക്കുറിച്ച് സൂചന നൽകിയ തെരഞ്ഞെടുപ്പ്. 2024ൽ നടക്കാനിരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമാറ് മറ്റു സംസ്ഥാനങ്ങളിലേക്ക് ഈ തരംഗം പടർന്നാൽ ജനാധിപത്യ ഇന്ത്യക്ക് അത് പുതുജീവനാകും. നരേന്ദ്ര മോദിയെ മാത്രം മുന്നിൽനിർത്തി എക്കാലവും ജനത്തെ വിഡ്ഢികളാക്കാൻ കഴിയില്ലെന്ന് കർണാടക തെളിയിച്ചു. വർഗീയ വിഷയങ്ങളിലേക്ക് മാത്രമായി പ്രചാരണത്തെ വഴിതിരിച്ചുവിട്ട ബി.ജെ.പി നാണംകെട്ടു. വോട്ടിങ് ബട്ടണിൽ വിരലമർത്തുമ്പോൾ ‘ബജ്റങ് ബലി കീ ജയ്’ എന്ന് മുദ്രാവാക്യം വിളിക്കണമെന്ന് ആഹ്വാനം ചെയ്തത് ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നത് രാജ്യം എത്തിനിൽക്കുന്ന ദുരവസ്ഥയുടെ കൃത്യമായ പ്രതിഫലനമാണ്. എന്നിട്ടും വർഗീയതക്കുമേൽ മനുഷ്യസ്നേഹം ആധികാരികമായി വിജയിച്ചു എന്നതാണ് കർണാടക തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകത.
മുമ്പ് കോൺഗ്രസിന്റെ കോട്ടയായി നിലകൊണ്ട കർണാടകയിൽ 1983ൽ രാമകൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തിൽ ജനതാ പാർട്ടി 139 സീറ്റോടെ അധികാരത്തിലേറിയതു മുതലാണ് കോൺഗ്രസിന്റെ അപ്രമാദിത്വത്തിന് മങ്ങലേറ്റുതുടങ്ങിയത്. 1989ന് ശേഷമുള്ള കോൺഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനമാണ് 2023 തെരഞ്ഞെടുപ്പിൽ നടന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കർണാടകയിൽ ഒരു സർക്കാറിനും ഒറ്റക്ക് ഭരണത്തുടർച്ചയുണ്ടായിട്ടില്ലെന്നതാണ് കൗതുകകരം. കർണാടകയിലെ സർക്കാറുകളുടെ അസ്ഥിരത പ്രചാരണത്തിൽ ചൂണ്ടിക്കാട്ടിയ കോൺഗ്രസ്, അഞ്ചു വർഷം തികച്ചു ഭരിക്കാൻ 150 സീറ്റാണ് ജനങ്ങളോട് തേടിയത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ രൺദീപ് സുർജേവാല, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, കെ.സി. വേണുഗോപാൽ അടക്കമുള്ളവർക്കൊപ്പം
സാമൂഹിക പ്രശ്നങ്ങളിലൂന്നി കോൺഗ്രസ് ജനങ്ങളെ സമീപിച്ചപ്പോൾ, ബി.ജെ.പി വർഗീയ വിഷയങ്ങളിലും കാലൂന്നി. വിദ്വേഷത്തിനും വർഗീയതക്കും ബി.ജെ.പിയുടെ കേഡർ വോട്ടുകൾ മാത്രം ലഭിച്ചപ്പോൾ പൊതുസമൂഹം കോൺഗ്രസിന്റെ സാമൂഹിക കാഴ്ചപ്പാടിനെ സ്വീകരിച്ചു. 2018ൽ ബി.ജെ.പിക്ക് ലഭിച്ചത് 36.02 ശതമാനം വോട്ടായിരുന്നു. 2023ൽ ലഭിച്ചത് 36 ശതമാനം വോട്ടും. ഡൽഹി, പഞ്ചാബ്, ഗുജറാത്ത് മോഡലിൽ കർണാടകയിലും ബലപരീക്ഷണം നടത്തിയ ആം ആദ്മി പാർട്ടിക്ക് ഒരു ചലനവും സൃഷ്ടിക്കാനായില്ല. നോട്ടക്കും പിറകിലായാണ് ആപ് ഫിനിഷ് ചെയ്തത്. എല്ലാ സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് പോയി.
ബി.ജെ.പിയിൽ പാളിയ പരീക്ഷണങ്ങൾ
കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പാർട്ടിതല സ്ട്രാറ്റജിസ്റ്റായിരുന്നു ദേശീയ ജനറൽ സെക്രട്ടറിയായ ബി.എൽ. സന്തോഷ്. കർണാടക ഉഡുപ്പി ഹിരിയട്ക സ്വദേശിയായ സന്തോഷിനെ കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ദക്ഷിണേന്ത്യയുടെ ചുമതലയിലേക്ക് മാറ്റുന്നത് 2014ൽ മോദി പ്രധാനമന്ത്രിയാവുമ്പോഴാണ്. 2019ൽ ദേശീയ ചുമതലയിലേക്ക് ഉയർത്തപ്പെട്ടു. ഇതിനുശേഷം അദ്ദേഹം പാർട്ടിയിൽ നടത്തിയ പരീക്ഷണങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ ഫലം കണ്ടെങ്കിലും കർണാടകയിൽ പാളുകയായിരുന്നു.
ഗുജറാത്തിലും ത്രിപുരയിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരെ മാറ്റിയും പുതുമുഖങ്ങളെ പരീക്ഷിച്ചും ബി.ജെ.പി ഫലമുണ്ടാക്കിയിരുന്നു. എന്നാൽ, ബി.എസ്. യെദിയൂരപ്പയെ പോലൊരു ലിംഗായത്ത് നേതാവിനെ അസംതൃപ്തനാക്കി 2021ൽ മുഖ്യമന്ത്രി പദവിയിൽനിന്നിറക്കിയത് വൻതിരിച്ചടിയാണ് ബി.ജെ.പിക്ക് നൽകിയത്. യെദിയൂരപ്പയുടെ കണ്ണീരിന് ബി.ജെ.പി വലിയ വില നൽകേണ്ടി വരുമെന്ന് ലിംഗായത്ത് നേതാക്കൾ മുന്നറിയിപ്പ് നൽകിയെങ്കിലും ബി.ജെ.പി കേന്ദ്രനേതൃത്വം വകവെച്ചില്ല. യെദിയൂരപ്പക്ക് പാർലമെന്ററി ബോർഡ് സ്ഥാനം നൽകി. പക്ഷേ, തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ മുതിർന്ന ലിംഗായത്ത് നേതാക്കളടക്കം 20ഓളം സിറ്റിങ് എം.എൽ.എമാരെ മാറ്റി. നിരവധി പുതുമുഖങ്ങളെയും ബി.ജെ.പി അണിനിരത്തി. ലിംഗായത്ത് നേതാക്കളായ ജഗദീഷ് ഷെട്ടാറിന്റെയും ലക്ഷ്മൺസവാദിയുടെയും സീറ്റ് നിഷേധം ബി.ജെ.പിയിൽ പുകഞ്ഞു. ബി.എൽ. സന്തോഷിനെതിരെ തുറന്നടിച്ച് രംഗത്തുവന്ന ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേക്കേറി. അസംതൃപ്തനായ ലക്ഷ്മൺ സവാദിയും കോൺഗ്രസിൽ അഭയംതേടി. ലിംഗായത്ത് നേതാക്കളെ ബി.ജെ.പി അവഗണിക്കുന്നുവെന്ന പ്രചാരണമാണ് ഇരുവരെയും മുന്നിൽ നിർത്തി പിന്നീട് കോൺഗ്രസ് നയിച്ചത്. മുഖ്യമന്ത്രി പദത്തിൽനിന്ന് യെദിയൂരപ്പയെ പടിയിറക്കിയതും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഇത് ബി.ജെ.പിക്കും ലിംഗായത്ത് സമുദായത്തിനുമിടയിൽ വിടവുണ്ടാക്കിയിട്ടുണ്ട്.
മുമ്പ് സമാനമായൊരു സംഭവത്തെ തുടർന്നാണ് ലിംഗായത്ത് സമൂഹം കോൺഗ്രസിൽനിന്നകന്ന് ബി.ജെ.പിക്കൊപ്പം ചേരുന്നത്. യെദിയൂരപ്പയോടും ഷെട്ടാറിനോടും സവാദിയോടും ബി.ജെ.പി അവഗണന കാട്ടിയെന്ന കോൺഗ്രസ് പ്രചാരണത്തെ എതിർക്കാൻ വടക്കൻ കർണാടകയിലെ പ്രചാരണങ്ങളിൽ നരേന്ദ്ര മോദിയും അമിത് ഷായും ഈ സംഭവമാണ് ഓർമിപ്പിച്ചത്. ഏറെക്കാലം കോൺഗ്രസിനൊപ്പം നിന്ന ലിംഗായത്ത് സമൂഹം എങ്ങനെ കോൺഗ്രസിൽനിന്ന് അകന്നുവെന്നതും ബി.ജെ.പി പിന്തുണയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടു എന്നതും കർണാടക രാഷ്ട്രീയത്തിലെ നിർണായകമായ ഏടാണ്.
മോദി ബംഗളൂരുവിൽ നയിച്ച റോഡ് ഷോ
അയോധ്യയിലെ രാമക്ഷേത്രത്തിനായി 1990കളിൽ എൽ.കെ. അദ്വാനി നയിച്ച രഥയാത്രയെ തുടർന്ന് കർണാടകയിൽ പലയിടത്തും വർഗീയ കലാപങ്ങൾ അരങ്ങേറിയിരുന്നു. വി.പി. സിങ്ങായിരുന്നു അന്ന് പ്രധാനമന്ത്രി. രാജീവ് ഗാന്ധി കോൺഗ്രസ് അധ്യക്ഷനും. വീരേന്ദ്ര പാട്ടീലിന്റെ നേതൃത്വത്തിൽ കോൺഗ്രസായിരുന്നു കർണാടക ഭരിച്ചിരുന്നത്. വർഗീയ കലാപങ്ങൾ പാർട്ടിക്ക് വല്ലാതെ ചീത്തപ്പേരുണ്ടാക്കിയപ്പോൾ രാജീവ് ഗാന്ധി നേരിട്ട് ബംഗളൂരുവിലേക്ക് പുറപ്പെട്ടു. അതിന് രണ്ടു മൂന്നു ദിവസം മുമ്പ് മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയും വിശ്രമവുമായി കഴിയുകയായിരുന്നു. ബംഗളൂരു വിമാനത്താവളത്തിലെത്തിയ രാജീവ് ഗാന്ധിക്ക് കർണാടകയിൽനിന്നുള്ള കോൺഗ്രസ് നേതാവ് സി.കെ. ജാഫർ ശരീഫ് സംസ്ഥാനത്തെ സാഹചര്യം വിശദീകരിച്ചു നൽകി. വീരേന്ദ്ര പാട്ടീൽ അസുഖബാധിതനായ സാഹചര്യം ചൂണ്ടിക്കാട്ടിയ ജാഫർ ശരീഫ്, നേതൃമാറ്റമാണ് അടിയന്തരമായി വേണ്ടതെന്ന നിർദേശം മുന്നോട്ടുവെച്ചു. ഇതോടെ, വിമാനത്താവളത്തിൽ വെച്ച് രാജീവ് ഗാന്ധി കർണാടകയിലെ മുഖ്യമന്ത്രി മാറ്റം പ്രഖ്യാപിച്ചു. ഇത് ലിംഗായത്ത് സമുദായത്തിലുണ്ടാക്കിയ പ്രതിഷേധ ഓളം കോൺഗ്രസിന് കണക്കുകൂട്ടാവുന്നതിലപ്പുറമായിരുന്നു. ലിംഗായത്ത് സമുദായം കോൺഗ്രസിൽനിന്ന് പതിയെ ബി.ജെ.പിയിലേക്ക് ഷിഫ്റ്റ് ചെയ്തു.
2011ലെ സെൻസസ് പ്രകാരം കർണാടക ജനസംഖ്യയുടെ 17 ശതമാനം വരുന്നതാണ് ലിംഗായത്ത് സമൂഹം. എല്ലാ കാലത്തും ഒറ്റ പാർട്ടി നയം സ്വീകരിക്കുന്നതാണ് ലിംഗായത്തുകൾ നിർണായക വോട്ടുബാങ്കായി നിലനിൽക്കാനുള്ള കാരണം. ലിംഗായത്തുകൾ എല്ലാ കാലത്തും രാഷ്ട്രീയ നേതൃത്വത്തെ നിലനിർത്താറുണ്ട്. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പടിയിറക്കിയപ്പോഴും മറ്റൊരു ലിംഗായത്ത് നേതാവായ ബസവരാജ് ബൊമ്മൈയെ ബി.ജെ.പിക്ക് പകരം വെക്കേണ്ടിവരുന്നത് ആ സമ്മർദത്താലാണ്. എന്തുതന്നെയായാലും യെദിയൂരപ്പയെ പോലൊരു നേതാവിനെ ബി.ജെ.പി പാതിവഴിയിൽ അധികാരത്തിൽനിന്നിറക്കിയത് ലിംഗായത്ത് സമൂഹത്തിന് തീരെ ദഹിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം വടക്കൻ കർണാടകയിലെ ഷിരഹട്ടി ഫക്കീരേശ്വർ മഠത്തിലെ ദിംഗലേശ്വർ സ്വാമി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. യെദിയൂരപ്പയടക്കമുള്ള ലിംഗായത്ത് നേതാക്കളെയും കെ.എസ്. ഈശ്വരപ്പയടക്കമുള്ള മുതിർന്ന നേതാക്കളെയും അവഗണിച്ചതാണ് ബി.ജെ.പി ഇന്നത്തെ സാഹചര്യത്തിലേക്ക് പതിക്കാൻ കാരണമായതെന്നാണ് അദ്ദേഹം പറഞ്ഞത്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ കർണാടകയിലെ പാളിയ പദ്ധതികൾ പുനഃപരിശോധിക്കാനാണ് ബി.ജെ.പി തീരുമാനം.
ഹിന്ദി ബെൽറ്റിലെ പോലെ വർഗീയതയും വിദ്വേഷവും കർണാടകയിൽ അത്രക്ക് ഏൽക്കുന്നില്ലെന്നതാണ് ശരി. ഭരണപിന്തുണയിൽ കർണാടകയിലെ സൗഹാർദ സാമൂഹികാന്തരീക്ഷത്തെ തകർക്കും വിധം സംഘ്പരിവാർ സംഘടനകൾ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ പൊതുസമൂഹത്തിൽനിന്ന് വൻ വിമർശനമാണുയർന്നത്. ഹിജാബ് നിരോധനം, ബാങ്ക് വിളി വിവാദം, ഹലാൽ വിവാദം, സാമ്പത്തിക ബഹിഷ്കരണാഹ്വാനം, സംവരണ നിഷേധം, ആൾക്കൂട്ട കൊലപാതകം, പുരോഹിതർക്കും ചർച്ചുകൾക്കും എതിരായ അക്രമം തുടങ്ങി നിരവധി വർഗീയ-വിദ്വേഷ പ്രവർത്തനങ്ങളാണ് ബി.ജെപി സർക്കാറിന്റെ കാലത്ത് അരങ്ങേറിയത്. കടുത്ത മുസ്ലിം വിരുദ്ധ പ്രസ്താവനകളുമായി ബി.ജെ.പി നേതാക്കളായ കെ.എസ്. ഈശ്വരപ്പയും സി.ടി. രവിയും രംഗത്തുവന്നു. മുസ്ലിം വോട്ടുകൾ വേണ്ടെന്ന് പരസ്യമായി പറയാൻ മുതിർന്ന നേതാവായ കെ.എസ്. ഈശ്വരപ്പ മടി കാണിച്ചില്ല. വിദ്വേഷ പ്രസ്താവനകൾക്ക് കുപ്രസിദ്ധി നേടിയ നേതാവായ ഈശ്വരപ്പയും ഇത്തവണ ബി.ജെ.പി ലിസ്റ്റിൽ തഴയപ്പെട്ട നേതാവാണ്.
ഏശാതെ സംവരണ കാർഡ്
ബി.ജെ.പി സർക്കാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റവും പ്രചാരം നൽകിയത് മുസ്ലിം സംവരണ നിഷേധത്തിനും വൊക്കലിഗ, ലിംഗായത്ത്, എസ്.സി, എസ്.ടി സംവരണ വർധനക്കുമായിരുന്നു. എന്നാൽ, ഇവയൊന്നും ബി.ജെ.പിയെ തുണച്ചില്ല. വൊക്കലിഗ ബെൽറ്റായ പഴയ മൈസൂരുവിലും ലിംഗായത്ത് ബെൽറ്റായ മധ്യ കർണാടക, കിറ്റൂർ കർണാടക (പഴയ മുംബൈ- കർണാടക)യിലും എസ്.സി, എസ്.ടി ബെൽറ്റായ കല്യാണ കർണാടകയിലും (പഴയ ഹൈദരാബാദ്-കർണാടക) കോൺഗ്രസ് കുതിപ്പ് നടത്തി. ഒ.ബി.സി കാറ്റഗറിയിലെ നാല് ശതമാനം മുസ്ലിം സംവരണം എടുത്തുമാറ്റിയാണ് വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്കായി കർണാടക സർക്കാർ വീതിച്ചു നൽകിയത്. ഇതുസംബന്ധിച്ച കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 1994ൽ എച്ച്.ഡി. ദേവഗൗഡ മുഖ്യമന്ത്രിയായപ്പോഴാണ്, കർണാടകയിൽ മുസ്ലിംകളിലെ സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിച്ച് സർക്കാർ ജോലികളിലും വിദ്യാഭ്യാസ രംഗത്തും ഒ.ബി.സി വിഭാഗത്തിൽ രണ്ട് ബി കാറ്റഗറിയിൽ നാല് ശതമാനം സംവരണം ഏർപ്പെടുത്തിയത്. എന്നാൽ, ഇത് മതാടിസ്ഥാനത്തിലുള്ള സംവരണമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ബി.ജെ.പി വാദം. മുസ്ലിം സംവരണം എടുത്തുമാറ്റി ആ നാലു ശതമാനം ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾക്ക് അധികമായി നൽകി. ഒരേസമയം, രണ്ടു കാര്യങ്ങളാണ് ബി.ജെ.പി ഉന്നമിട്ടത്. ഒന്ന് മുസ്ലിം സംവരണം ഭരണഘടനാവിരുദ്ധമാണെന്ന പ്രചാരണത്തിലൂടെ മറ്റു പാർട്ടികൾ മുസ്ലിം പ്രീണനം നടത്തുന്നെന്ന ആരോപണമുയർത്തൽ. രണ്ട്, കർണാടകയിലെ രണ്ട് പ്രബല വിഭാഗങ്ങളായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളുടെ വോട്ട്.
എന്നാൽ, തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ധൃതിപിടിച്ച് നടപ്പാക്കിയ സംവരണ നടപടി തിരിച്ചടിക്കുകയാണുണ്ടായത്. തങ്ങൾ ആവശ്യപ്പെട്ട രീതിയിലല്ല സംവരണ വർധന നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ലിംഗായത്തുകളിൽ ഒരു വിഭാഗം ബി.ജെ.പിക്കെതിരെ തിരിഞ്ഞു. സംസ്ഥാന ജനസംഖ്യയുടെ 17 ശതമാനം വരുന്നതാണ് ലിംഗായത്തുകൾ. നേരത്തേ 3 ബി സംവരണ വിഭാഗത്തിലായിരുന്നു അവർ. അത് 2 ഡി വിഭാഗത്തിലേക്ക് മാറ്റിയാണ് ബി.ജെ.പി സർക്കാർ അഞ്ചിൽനിന്ന് ഏഴു ശതമാനമാക്കി സംവരണം ഉയർത്തിയത്. എന്നാൽ, ഇതിനൊപ്പം 3 ബി കാറ്റഗറിയിൽ 41 ഉപജാതികളുണ്ടായിരുന്നത് 2 ഡി കാറ്റഗറിയിൽ 50 ഉപജാതികളാക്കി ഉയർത്തി. സംവരണത്തിലെ സർക്കാർ നിലപാട് കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി അഖിലേന്ത്യാ പഞ്ചമശാലി ലിംഗായത്ത് മഹാസഭ രംഗത്തുവന്നു. 2 എ കാറ്റഗറിയിൽ സംവരണം വേണമെന്നാണ് ലിംഗായത്തുകളുടെ ആവശ്യം. മുസ്ലിം സംവരണത്തിൽനിന്ന് നൽകിയ രണ്ടു ശതമാനം തങ്ങൾക്ക് ഫലം ചെയ്യില്ലെന്നാണ് അവരുടെ വാദം.
സർക്കാറിന്റെ അവസാനകാലത്ത് കൊണ്ടുവന്ന എസ്.സി, എസ്.ടി സംവരണവും ഇന്റേണൽ സംവരണ വർധനവും പിന്നാക്ക ജാതിക്കാരായ ബൻജാര സമുദായത്തിൽ കടുത്ത അതൃപ്തിക്കും വഴിവെച്ചു. മുതിർന്ന നേതാവ് ബി.എസ്. യെദിയൂരപ്പയുടെ വീടും ഓഫിസും വരെ ബൻജാര പ്രതിഷേധക്കാർ ആക്രമിച്ചു. 2022 ഡിസംബറിൽ എസ്.സി സംവരണം 15ൽനിന്ന് 17ഉം എസ്.ടി സംവരണം മൂന്നിൽനിന്ന് ഏഴും ശതമാനമാക്കി സർക്കാർ വർധിപ്പിച്ചിരുന്നു. എന്നാൽ, ഇന്റേണൽ റിസർവേഷൻ ഏർപ്പെടുത്തുകയും ചെയ്തു. എസ്.സി വിഭാഗത്തിൽ ഭൂരിപക്ഷം വരുന്ന ബൻജാര സമുദായത്തിന് ഇന്റേണൽ റിസർവേഷനിൽ പകുതിയോളം പ്രാതിനിധ്യം കുറഞ്ഞതോടെ സർക്കാറിനെതിരെ അവർ തെരുവിലിറങ്ങി.
നിഷ്പ്രഭനായി ബൊമ്മൈ
കർണാടകയിൽ ബി.ജെ.പി ആദ്യമായി അധികാരത്തിലെത്തിയത് 2008 ലായിരുന്നു. അഴിമതിയും കുതികാൽവെട്ടും പരകോടിയിലായ ആ അഞ്ചു വർഷത്തെ ഭരണകാലയളവിനിടെ മൂന്ന് മുഖ്യമന്ത്രിമാരാണ് കർണാടക ഭരിച്ചത് (ബി.എസ്. യെദിയൂരപ്പ, സദാനന്ദഗൗഡ, ജഗദീഷ് ഷെട്ടാർ). ഓപറേഷൻ താമരക്ക് ബി.ജെ.പി തുടക്കമിട്ടതും ആ കാലത്താണ്. അഴിമതിയും ക്രമക്കേടുകളുമായി വിവിധ കേസുകളിൽ യെദിയൂരപ്പയും ഗാലി ജനാർദന റെഡ്ഡിയുമടക്കമുള്ളവർ ജയിലിലായി. 2018ലെ തെരഞ്ഞെടുപ്പിൽ 104 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിനെ ഒരു വർഷത്തിനുശേഷം ഓപറേഷൻ താമരയിലൂടെ വീഴ്ത്തിയാണ് കർണാടകയിൽ രണ്ടാം വട്ടം ഭരണത്തിലേറുന്നത്.
കേന്ദ്ര നേതൃത്വത്തിന്റെ ചരടുവലിക്കൊത്ത് ചലിക്കാതിരുന്ന യെദിയൂരപ്പയെ മാറ്റി, ബസവരാജ് ബൊമ്മൈ എന്ന പാവയെ ഭരണത്തിന് നിയോഗിച്ചതോടെ അഴിമതി വ്യാപകമായി. ഭരണപക്ഷ എം.എൽ.എമാർ സർക്കാർ കരാർ പദ്ധതികൾക്ക് കരാറുകാരിൽനിന്ന് 40 ശതമാനം കമീഷൻ വാങ്ങുന്നു എന്നതായിരുന്നു സർക്കാർ നേരിട്ട ഏറ്റവും വലിയ ആരോപണം. ഇതിനെ കോൺഗ്രസ് പ്രചാരണത്തിൽ വിദഗ്ധമായി ഉപയോഗിച്ചതോടെ ബൊമ്മൈ സർക്കാർ തീർത്തും പ്രതിരോധത്തിലായി. മന്ത്രി കെ.എസ്. ഈശ്വരപ്പക്കെതിരെ ഇതേ ആരോപണമുന്നയിച്ച് ബി.ജെ.പി പ്രവർത്തകനായ കരാറുകാരൻ സന്തോഷ് പാട്ടീൽ ആത്മഹത്യ ചെയ്ത സംഭവം അരങ്ങേറി. ഒടുവിൽ ഈശ്വരപ്പ രാജിവെച്ചൊഴിഞ്ഞു. കേസ് അന്വേഷിച്ച ഉഡുപ്പി പൊലീസ് തെളിവില്ലെന്ന് കണ്ടെത്തി ഈശ്വരപ്പയെ വെറുതെ വിട്ടത് മറ്റൊരു കാര്യം. ഈശ്വരപ്പ കുറ്റക്കാരനാണെന്ന് പൊലീസ് റിപ്പോർട്ട് പുറത്തുവന്നാൽ സർക്കാറിന് അതുണ്ടാക്കിയേക്കാവുന്ന ഇമേജ് നഷ്ടം ചെറുതല്ല.
ഫണ്ട് അനുവദിക്കാൻ മഠങ്ങളിൽനിന്ന് 30 ശതമാനം കമീഷൻ വാങ്ങുന്നതായി ബലേഹൊസുർ മഠാധിപതി ആരോപണമുന്നയിച്ചതും മുഖ്യമന്ത്രിയാവാൻ തന്നിൽനിന്ന് 2500 കോടി ആവശ്യപ്പെട്ടെന്ന് ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീലിന്റെ വെളിപ്പെടുത്തലും കോൺഗ്രസ് ആയുധമാക്കി. എസ്.ഐ നിയമന ക്രമക്കേടിൽ ബി.ജെ.പി നേതാക്കളും ഉദ്യോഗസ്ഥരും അടക്കം പ്രതികളായതും കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ് ലിമിറ്റഡ് ചെയർമാനായ ബി.ജെ.പി എം.എൽ.എ മദാൽവിരുപക്ഷപ്പ അഴിമതിയെ തുടർന്ന് ലോകായുക്ത പിടിയിലായത് തുടങ്ങി കർണാടകയെ അഴിമതി വിഴുങ്ങിയ കാലമായിരുന്നു കടന്നുപോയത്.
അതേസമയം, കൃത്യമായ ഇടവേളകളിൽ വർഗീയ വിഷയങ്ങൾ ചർച്ചക്കെത്തിച്ച് അഴിമതിയെ മൂടാനായിരുന്നു ബി.ജെ.പി ശ്രമം. ഒരുവശത്ത് ഗോവധ നിരോധനം, മതപരിവർത്തന നിരോധനം, ഹിജാബ് നിരോധനം, കാർഷിക വിരുദ്ധ നിയമങ്ങൾ തുടങ്ങിയവ. മറുവശത്ത് മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമവും ബഹിഷ്കരണവുമടക്കമുള്ളവ അരങ്ങേറി. പശുസംരക്ഷണത്തിന്റെ പേരിൽ കൊണ്ടുവന്ന കർണാടക കന്നുകാലി സംരക്ഷണ-ഗോവധ നിരോധന നിയമം സംസ്ഥാനത്തെ ഗ്രാമീണ കർഷകരുടെ സാമ്പത്തിക നട്ടെല്ലൊടിച്ചു. ഗ്രാമീണ കർഷകരിൽ ഭൂരിഭാഗവും ക്ഷീരോൽപാദനത്തിനും നിലമുഴുന്നതിനും കന്നുകാലികളെ ഉപയോഗപ്പെടുത്തുന്നതിന് പുറമെ, അവരുടെ പ്രധാന വരുമാന മാർഗംകൂടിയാണ്. കറവ വറ്റുമ്പോഴും പ്രായമാവുമ്പോഴും കർഷകർ ഇവയെ ചന്തകളിൽ വിൽക്കുകയാണ് പതിവ്. ഗോവധ നിരോധനം വന്നതോടെ മാടുകൾക്ക് ചന്തയിൽ ആവശ്യക്കാരില്ലാതായത് കർഷകരെ പ്രതിസന്ധിയിലാക്കി. ഹിന്ദുത്വ-വർഗീയ പ്രീണനങ്ങൾക്കായി സർക്കാർ നടപ്പാക്കിയ സാമൂഹിക വിരുദ്ധ നിയമങ്ങൾ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ബംഗളൂരു നഗര മേഖലയിലൊഴികെ മറ്റെല്ലാ മേഖലകളിലും തെരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് മുൻതൂക്കം ലഭിക്കുന്നതിൽ ഇത്തരം സർക്കാർ നടപടികൾ കാരണമായി.
മണ്ണിളക്കിയ ഭാരത് ജോഡോ യാത്ര
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര 2022 സെപ്റ്റംബർ 30നാണ് കേരളത്തിൽനിന്ന് കർണാടകയിൽ പ്രവേശിക്കുന്നത്. ചാമരാജ് നഗറിലെ നഞ്ചൻകോടിൽനിന്ന് തുടങ്ങി മൈസൂരു, മാണ്ഡ്യ, തുമകൂരു, ചിത്രദുർഗ, ബെള്ളാരി, റായ്ച്ചൂർ ജില്ലകളിലൂടെയാണ് കടന്നുപോയത്. ഓരോ ദിവസവും 25 കിലോമീറ്റർ വീതം 21 ദിവസംകൊണ്ട് 511 കിലോമീറ്റർ രാഹുൽ ഗാന്ധി കർണാടകയിലൂടെ പദയാത്ര നയിച്ചു. പദയാത്ര കടന്നുപോയ 20 മണ്ഡലങ്ങളിൽ ശരാശരി 10 ശതമാനം വോട്ടുയർത്താൻ കോൺഗ്രസിന് കഴിഞ്ഞു. ബെള്ളാരി സിറ്റി, ഗുണ്ടൽപേട്ട്, ഹിരിയൂർ, മൊളകാൽമുരു, നഞ്ചൻകോട് എന്നീ മണ്ഡലങ്ങൾ ബി.ജെ.പിയിൽനിന്നും ഗുബ്ബി, സിറ, ശ്രീരംഗപട്ടണ, നാഗമംഗല, മേലുകോട്ടെ തുടങ്ങിയ മണ്ഡലങ്ങൾ ജെ.ഡി.എസിൽനിന്നും കോൺഗ്രസ് പിടിച്ചു. രാഹുൽ ഗാന്ധിയുടെ യാത്ര തീർത്ത ബി.ജെ.പിക്കെതിരായ ജനരോഷം ജെ.ഡി.എസിനും ഗുണംചെയ്തു. യാത്ര കടന്നുപോയ ചിക്കനായകനഹള്ളി, തുറുവകരെ മണ്ഡലങ്ങൾ ബി.ജെ.പിയിൽനിന്ന് ജെ.ഡി.എസ് പിടിച്ചു. ഒമ്പതു സിറ്റിങ് സീറ്റിൽ രണ്ടെണ്ണം മാത്രമാണ് ബി.ജെ.പിക്ക് നിലനിർത്താനായത്. ഭാരത് ജോഡോ യാത്രാവഴിയിൽ കോൺഗ്രസിന്റെയോ ജെ.ഡി.എസിന്റെയോ ഒരു സീറ്റുപോലും ബി.ജെ.പിക്ക് പിടിക്കാനായില്ലെന്നതാണ് ശരി. ഈ റൂട്ടിലെ 43 ശതമാനം വോട്ടും കോൺഗ്രസിനൊപ്പമാണ്.
കോൺഗ്രസ് പ്രവർത്തകരെ ഉണർത്തുന്നതിനൊപ്പം സാധാരണ ജനങ്ങളിലേക്ക് പദയാത്രയുടെ ഉദ്ദേശ്യമെത്തിക്കുന്നതിലും രാഹുൽ ഗാന്ധി വിജയം കണ്ടുവെന്നാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. മറ്റൊരർഥത്തിൽ കർണാടകയിലെ ഭാരത് ജോഡോ യാത്ര ജനഹിതം തേടിയുള്ള കോൺഗ്രസിന്റെ ഫീൽഡ് സർവേയായിരുന്നെന്നും വിലയിരുത്താം. പദയാത്രക്കിടെ വിവിധയിടങ്ങളിൽ സാധാരണക്കാരുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിൽനിന്ന് കടഞ്ഞെടുത്ത വിവരങ്ങൾ ഉപയോഗിച്ചാണ് വിവിധ സാമൂഹിക ക്ഷേമ പദ്ധതികൾക്കും മറ്റും പ്രകടനപത്രികയിൽ കോൺഗ്രസ് ഇടം നൽകിയത്. ഓരോ വീടിനും 200 യൂനിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി), വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ (ഗൃഹലക്ഷ്മി), ഓരോരുത്തർക്കും പ്രതിമാസം 10 കിലോ അരി (അന്ന ഭാഗ്യ), വനിതകൾക്ക് സൗജന്യ ബസ് യാത്ര (ഉചിത പ്രയാണ), തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും (യുവനിധി) തുടങ്ങിയ വാഗ്ദാനങ്ങൾ സർക്കാർ അധികാരമേറ്റാൽ വൈകാതെ നടപ്പാക്കുമെന്നും കോൺഗ്രസ് ഫലപ്രഖ്യാപനത്തിനുശേഷം ഉറപ്പ് നൽകിയിട്ടുണ്ട്.
കർണാടക തെരഞ്ഞെടുപ്പ് ഫലം രാഹുലിന്റെയെന്നപോലെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയുടെയും ഗ്രാഫ് ഉയർത്തിയിട്ടുണ്ട്. ചിക്കമഗളൂരുവിൽ പ്രിയങ്ക നടത്തിയ ചരിത്രപരമായ പ്രസംഗം 2023 നിയമസഭ തെരഞ്ഞെടുപ്പിലെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. കോൺഗ്രസിന് ചിക്കമഗളൂരുവുമായി വൈകാരികമായൊരു അടുപ്പം എന്നുമുണ്ട്. ഇന്ദിരഗാന്ധിക്ക് രാഷ്ട്രീയ പുനർജന്മം നൽകിയ നാടെന്ന സവിശേഷതയിലാണ് ആ അടുപ്പം. അടിയന്തരാവസ്ഥക്കാലത്തിനുശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ തോൽവി പിണഞ്ഞ ഇന്ദിരഗാന്ധിയെ 1978ലെ ഉപതെരഞ്ഞെടുപ്പിൽ എതിർതരംഗത്തിനിടയിലും വിജയിപ്പിച്ചതാണ് ചിക്കമഗളൂരുവിന്റെ ചരിത്രം. അന്ന് ഇന്ദിരയെ വേട്ടയാടിയതുപോലെ ഇന്ന് തന്റെ സഹോദരനെയും കള്ളക്കേസിൽ കുടുക്കി ലോക്സഭയിൽനിന്ന് സസ്പെൻഡ് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയ പ്രിയങ്ക ഏറെ വികാരഭരിതമായാണ് സംസാരിച്ചത്. ചിക്കമഗളൂരു ജില്ലയിലെ അഞ്ചു സീറ്റിൽ 2018ൽ ബി.ജെ.പി നാലിലും കോൺഗ്രസ് ഒന്നിലുമായിരുന്നു വിജയിച്ചത്. ഇന്ദിരയെ പോലെ പ്രിയങ്കയും ഇളക്കിമറിച്ച മണ്ണിൽ ഇത്തവണ കോൺഗ്രസ് നാലും ബി.ജെ.പി ഒരു സീറ്റുമായി ഫലം. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി ചിക്കമഗളൂരു മണ്ഡലത്തിൽ 5926 വോട്ടിന് കോൺഗ്രസിനോട് തോറ്റു.
കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നീ ദ്വന്ദത്തിലാണ് കർണാടക കോൺഗ്രസ് കുറച്ചുകാലമായി നീങ്ങുന്നത്. ശിവകുമാർ പാർട്ടിയിലൂടെ വളർന്ന് ശക്തനായ നേതാവായി മാറിയതാണെങ്കിൽ സിദ്ധരാമയ്യ ജനതാദൾ പശ്ചാത്തലത്തിൽനിന്ന് കോൺഗ്രസിലെത്തിയയാളാണ്. പക്ഷേ, ഡി.കെ. ശിവകുമാറിന്റെ പ്രവർത്തനശൈലിയും സിദ്ധരാമയ്യയുടെ പ്രവർത്തന ശൈലിയും രണ്ടാണ്. കർണാടകയിൽ സംഘടനാ ചുമതലയേറ്റശേഷം ശിവകുമാർ നടത്തിയ അഴിച്ചുപണിയിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അടിത്തറയുണ്ടാക്കിയത്. സിദ്ധരാമയ്യയാകട്ടെ ‘അഹിന്ദ’ വോട്ടുകളുടെ ഏകീകരണത്തിലൂടെയാണ് കോൺഗ്രസിന് ശക്തി പകർന്നത്. കന്നടയിൽ ന്യൂനപക്ഷത്തെയും (അൽപസംഖ്യതരു), പിന്നാക്ക വിഭാഗങ്ങളെയും (ഹിന്ദുളിതവരു), ദലിതരെയും (ദലിതർ) സൂചിപ്പിക്കുന്നതാണ് ‘അഹിന്ദ’ എന്ന പ്രയോഗം. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് ഇരുവരും ഒന്നിച്ച് പ്രചാരണം നയിച്ചത് കോൺഗ്രസിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. ‘മണ്ണിന്റെ പുത്രൻ’ എന്ന വിശേഷണമുള്ള ദലിത് നേതാവുകൂടിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ അദ്ദേഹത്തിന്റെ തട്ടകമായ കലബുറഗി ഉൾപ്പെടുന്ന, പിന്നാക്ക വോട്ടുകൾ നിർണായകമായ കല്യാണ കർണാടക മേഖലയിൽ കോൺഗ്രസിന് അനുകൂല തരംഗമൊരുക്കി.
കോൺഗ്രസിന് ബംഗളൂരു മേഖലയിൽ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാനാവാതെ പോയതാണ് ഈ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ ഫലങ്ങളിലൊന്ന്. 2018ൽ കോൺഗ്രസ്- 15, ബി.ജെ.പി- 11, ജെ.ഡി.എസ് -രണ്ട് എന്നിങ്ങനെയായിരുന്നു ബംഗളൂരു നഗര മേഖലയിലെ സീറ്റ് നില. എന്നാൽ, കോൺഗ്രസിന്റെ മൂന്നും ജെ.ഡി.എസിന്റെ ഒരു സീറ്റുമടക്കം നാല് സീറ്റുകൾ 2019ലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി പിടിച്ചു. സീറ്റുനില ബി.ജെ.പി -15, കോൺഗ്രസ് -12, ജെ.ഡി.എസ് -ഒന്ന് എന്നിങ്ങനെയായി. ജെ.ഡി.എസിന്റെ ഏക സീറ്റായ ദാസറഹള്ളി ബി.ജെ.പി പിടിച്ചതോടെ ബംഗളൂരുവിൽ ദൾ പൂജ്യമായി. ബി.ജെ.പിയുടെ ഗോവിന്ദരാജ് നഗർ സീറ്റ് കോൺഗ്രസ് പിടിച്ചെങ്കിലും ജയനഗർ കൈവിട്ടു. ഇതോടെ ബംഗളൂരു നഗരത്തിലെ സീറ്റു നില ബി.ജെ.പി- 16, കോൺഗ്രസ് -12 എന്നായി. ജയനഗറിൽ 16 വോട്ടിന് തോറ്റതിന് പുറമെ, മുൻ കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു 105 വോട്ടിനാണ് സിറ്റിങ് സീറ്റായ ഗാന്ധിനഗറിൽ കഷ്ടിച്ച് ജയിച്ചത്. ഗ്രാമീണ മേഖലകൾ കോൺഗ്രസിനൊപ്പം നിന്നപ്പോൾ ബംഗളൂരു നഗരമേഖല മാത്രം പുറം തിരിഞ്ഞു. ഇത്തവണ ബി.ജെ.പിക്ക് ലഭിച്ച സീറ്റുകളുടെ നാലിലൊന്നും ബംഗളൂരുവിൽനിന്നാണ്.
അസ്തിത്വ പ്രതിസന്ധിയിൽ ജെ.ഡി.എസ്
അധികാരത്തിനായി നിലപാടുകളിലെ ചാഞ്ചാട്ടമാണ് ജെ.ഡി.എസിന്റെ പ്രതിസന്ധിക്ക് കാരണം. കർണാടകയിൽ തരാതരംപോലെ ബി.ജെ.പിക്കൊപ്പവും കോൺഗ്രസിനൊപ്പവും ജനതാദൾ അധികാരത്തിലേറിയിട്ടുണ്ട്. എന്നാലും കോൺഗ്രസിനെക്കാളും കൂടുതൽ അടുപ്പം ബി.ജെ.പിയോടാണ് ജെ.ഡി.എസ് പുലർത്തിയത്. ബി.ജെ.പിയാകട്ടെ സന്ദർഭത്തിനനുസരിച്ച് കറിവേപ്പിലപോലെ ജെ.ഡി.എസിനെ ഉപയോഗിച്ച് തള്ളുകയും ചെയ്തു. എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെയാണ് 2019ൽ കോൺഗ്രസുമായുള്ള സഖ്യസർക്കാർ വീഴുന്നത്. സർക്കാറിനെ വീഴ്ത്തിയ ബി.ജെ.പിയേക്കാളും ജെ.ഡി.എസിന് അരിശം കോൺഗ്രസിനായിരുന്നു. കുമാരസ്വാമിക്ക് ഭരണസ്വാതന്ത്ര്യം നൽകിയില്ലെന്നായിരുന്നു പരാതി. പിന്നീട് നിയമനിർമാണ കൗൺസിലിൽ കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് ബി.ജെ.പി പിന്തുണയിൽ ജെ.ഡി.എസിന്റെ മുതിർന്ന നേതാവ് ബസവരാജ് ഹൊരട്ടി ഉപരിസഭ ചെയർമാനായി. എന്നാൽ, ബസവരാജ് ഹൊരട്ടിയെ വലവീശി ഒപ്പം ചേർത്ത് ജെ.ഡി.എസിനെ ബി.ജെ.പി കാലുവാരി.
10 ജില്ലകൾ ഉൾപ്പെടുന്ന പഴയ മൈസൂരു മേഖലയിലെ മൈസൂരു, മാണ്ഡ്യ, രാമനഗര, ഹാസൻ, തുമകുരു ജില്ലകളാണ് പൊതുവെ ജെ.ഡി.എസിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കുന്നത്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ജില്ലകളിലെ 40 സീറ്റുകളിൽ 25 എണ്ണം ജെ.ഡി.എസിന്റെ കൈയിലായിരുന്നു. എന്നാൽ, ഓപറേഷൻ താമരയെ തുടർന്ന് മൂന്നു എം.എൽ.എമാർ പാർട്ടി വിട്ടു. മാണ്ഡ്യയിലെ കെ.ആർ പേട്ട് മണ്ഡലത്തിലെ കെ.സി. നാരായണ ഗൗഡ, മൈസൂരുവിലെ ഹുൻസൂരിലെ എ.എച്ച്. വിശ്വനാഥ്, ബംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിലെ കെ. ഗോപാലയ്യ എന്നിവർ രാജിവെച്ച് ബി.ജെ.പി ടിക്കറ്റിൽ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട് വിജയംനേടി. പൊതുവെ ദുർബല, പോരാത്തതിന് ഗർഭിണിയും എന്നു പറഞ്ഞപോലെയാണ് ജെ.ഡി.എസിലെ സാഹചര്യം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം മറ്റു പാർട്ടികളിലേക്ക് ജെ.ഡി.എസ് നേതാക്കളുടെ ഒഴുക്കായിരുന്നു. 2023ലെ നിയമസഭ ഫലം പുറത്തുവന്നപ്പോൾ മൈസൂരു, മാണ്ഡ്യ, രാമനഗര, ഹാസൻ, തുമകുരു ജില്ലകളായി ആകെയുള്ള 40 സീറ്റിൽ 11 സീറ്റേ ജെ.ഡി.എസിന് ലഭിച്ചുള്ളൂ. 14 സീറ്റുകൾ ഈ മേഖലയിൽ കൈവിട്ടു. കർണാടക തെരഞ്ഞെടുപ്പിൽ ജെ.ഡി.എസിന് ആകെ ലഭിച്ചത് 19 സീറ്റാണ്. 2018 നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.എസ് നേടിയ 37 സീറ്റിൽ 29ഉം പഴയ മൈസൂരു മേഖലയിൽനിന്നായിരുന്നു എന്നതിൽനിന്ന് വൊക്കലിഗ ബെൽറ്റായ പഴയ മൈസൂരുവിന് ജെ.ഡി.എസിന്റെ രാഷ്ട്രീയ ഭൂപടത്തിൽ എത്ര പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാനാവും. തൊണ്ണൂറിലേക്ക് കടന്ന എച്ച്.ഡി. ദേവഗൗഡതന്നെ രംഗത്തിറങ്ങി 11 ദിവസത്തിനിടെ 42 മണ്ഡലങ്ങളിൽ പ്രചാരണം നയിച്ചിട്ടും ഇതാണ് സ്ഥിതിയെങ്കിൽ വരുംകാലങ്ങളിൽ കർണാടകയിൽ ജെ.ഡി.എസിന്റെ നിലനിൽപുതന്നെ ഭീഷണിയിലാണ്.
ബാബരി തകർച്ചക്കുശേഷം കോൺഗ്രസിൽനിന്ന് അകന്നു നിന്ന ഒരു വിഭാഗം മുസ്ലിം വോട്ടുകളാണ് വൊക്കലിഗർക്കൊപ്പം കർണാടകയിൽ ജെ.ഡി.എസിനെ താങ്ങിനിർത്തിയിരുന്നത്. ഇത്തവണ മുസ്ലിം വോട്ടുകൾ മുന്നിൽകണ്ട് ജെ.ഡി.എസ് ചില നീക്കങ്ങൾ നടത്തിയെങ്കിലും ഉറച്ച നിലപാടില്ലായ്മ വിനയായി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ജെ.ഡി.എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി നടത്തിയ പ്രസ്താവന ഇതിനുദാഹരണമാണ്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയാറെന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്. അവസരം ലഭിച്ചാൽ ബി.ജെ.പിയോട് കൂട്ടുകൂടാൻ ഒരു മടിയും പ്രകടിപ്പിക്കാത്ത ജെ.ഡി.എസിൽ കർണാടകയിലെ മുസ്ലിംകൾക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്.
ചലനമുണ്ടാക്കാനാകാതെ എസ്.ഡി.പി.ഐയും ഉവൈസിയും
തെരഞ്ഞെടുപ്പിൽ സോഷ്യൽ െഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യക്കും (എസ്.ഡി.പി.ഐ), ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനും ചലനമുണ്ടാക്കാനായില്ല. 13 ശതമാനമാണ് കർണാടകയിലെ മുസ്ലിം ജനസംഖ്യ. എസ്.ഡി.പി.ഐ മത്സരിച്ച മണ്ഡലങ്ങളും കിട്ടിയ വോട്ടും ഇങ്ങനെയാണ്: നരസിംഹരാജ -41037, മംഗളൂരു (ഉള്ളാൾ) -15054, ബന്ത്വാൾ -5436, പുലികേശിനഗർ-4102, മൂഡബിദ്രി -3617, തെർദൽ -3527, ശരവണനഗർ -2995, പുത്തൂർ -2788, ചിത്രദുർഗ-2555, ബെൽത്തങ്ങാടി -2513, കൗപ്പ -1616, മടിക്കേരി -1436, ഹുബ്ബള്ളി ഈസ്റ്റ് -1360, ദേവൻഗരെ സൗത്ത് -1311, റായ്ചൂർ -632, മുദിഗരെ -503. ആകെ കിട്ടിയത് 90445 വോട്ടുകൾ. ഇതിൽ പുത്തൂർ, മംഗളൂരു, ബന്ത്വാൾ, ബെൽത്തങ്ങാടി, മൂഡബിദ്രി എന്നിവ സംഘ്പരിവാറിന്റെ ശക്തികേന്ദ്രമായ ദക്ഷിണ കന്നട ജില്ലയിലെ തീരദേശമേഖലയിലും കപ്പു മണ്ഡലം ഉഡുപ്പി ജില്ലയിലുമാണ്. എന്നാൽ, ഇതിൽ ഒരിടത്തും ചലനമുണ്ടാക്കാനായില്ല. മൈസൂരു ജില്ലയിലെ നരസിംഹരാജ (എൻ.ആർ) മണ്ഡലത്തിൽ എസ്.ഡി.പി.ഐയുടെ അബ്ദുൽ മജീദ് 38,606 വോട്ടുകൾ നേടി മൂന്നാമതെത്തി (25 ശതമാനം വോട്ടുവിഹിതം). ഇവിടെ ജയിച്ച കോൺഗ്രസ് 83,480 വോട്ടും രണ്ടാമതെത്തിയ ബി.ജെ.പി 52,360 വോട്ടും നേടി. 2018ൽ കോൺഗ്രസ് ഇവിടെ 62,268 വോട്ടും ബി.ജെ.പി 44,141 ഉം എസ്.ഡി.പി.ഐ 33,284 വോട്ടുമാണ് നേടിയിരുന്നത്. മംഗളൂരുവിൽ എസ്.ഡി.പി.ഐയുടെ റിയാസ് പറങ്കിപ്പേട്ട് 15,054 വോട്ട് നേടി മൂന്നാമതെത്തി (10 ശതമാനം വോട്ടുവിഹിതം). ഇവിടെ ജയിച്ച കോൺഗ്രസ് 83,219 വോട്ടുകൾ നേടിയപ്പോൾ രണ്ടാമതെത്തിയ ബി.ജെ.പി 60,429 വോട്ട് നേടി. ബാക്കിയെല്ലായിടത്തും നാല് ശതമാനത്തിൽതാഴെയാണ് എസ്.ഡി.പി.ഐയുടെ വോട്ടുവിഹിതം. ബന്ത്വാൾ, മൂഡബിദ്രി, തെർദൽ, ബെൽത്തങ്ങാടി, കൗപ്പ, റായ്ചൂർ എന്നിവിടങ്ങളിൽ ജയിച്ചത് ബി.ജെ.പിയാണ്. കോൺഗ്രസ് രണ്ടാമതും. ഇവിടങ്ങളിലെ വോട്ട് ഇങ്ങനെയാണ്: ബന്ത്വാൾ -ബി.ജെ.പി 93,324; കോൺഗ്രസ് 85,042. മൂഡബിദ്രി -ബി.ജെ.പി 86,925; കോൺഗ്രസ് 64,457. തെർദൽ - ബി.ജെ.പി 77,265; കോൺഗ്രസ് 66,520. ബെൽത്തങ്ങാടി -ബി.ജെ.പി 101,004; കോൺഗ്രസ് 82,788. കപ്പു -ബി.ജെ.പി 80,559; കോൺഗ്രസ് 67,555. റായ്ചൂർ -ബി.ജെ.പി 69,655; കോൺഗ്രസ് 65,923. പുത്തൂർ മണ്ഡലത്തിൽ ജയിച്ച കോൺഗ്രസ് 66,607 വോട്ടും ബി.ജെ.പി 62,458 വോട്ടുമാണ് നേടിയത്.
എ.ഐ.എം.ഐ.എമ്മിന്റെ ഹുബ്ബള്ളി-ധാർവാഡ് ഈസ്റ്റിലെ സ്ഥാനാർഥി ദുർഗപ്പ കാശപ്പ ബിജാവാദ് 5600 വോട്ടും ബസവന ബാഗേവാഡിയിലെ അല്ലാബക്ഷ് ബിജാപുർ 1472 വോട്ടുകളുമാണ് നേടിയത്. രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസാണ് വിജയിച്ചത്.
സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ പങ്ക്
ബി.ജെ.പിയുടെ പരാജയം ഉറപ്പിക്കാൻ സാമൂഹിക പ്രസ്ഥാനങ്ങളും സംഘടനകളും സിവിൽ കൂട്ടായ്മകളും കർഷക സംഘടനകളും അടങ്ങുന്ന പൗര ചേരി കർണാടകയിൽ രൂപപ്പെട്ടു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന സവിശേഷതകളിലൊന്ന്. കോൺഗ്രസിന്റെയെന്നോ ജെ.ഡി.എസിന്റെയെന്നോ വ്യത്യാസമില്ലാതെ ബി.ജെ.പിക്കെതിരെ ശക്തനായ സ്ഥാനാർഥിയിലേക്ക് വോട്ട് കേന്ദ്രീകരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ബുദ്ധിജീവികളും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമെല്ലാം ചേർന്ന് രൂപം നൽകിയ എദ്ദേളു കർണാടക (ഉണരൂ കർണാടക), ബഹുത്വ കർണാടക (ബഹുസ്വര കർണാടക) തുടങ്ങിയവ സർക്കാറിന്റെ ഭരണ പരാജയങ്ങളെ കുറിച്ച് പൊതുജനത്തെ ബോധവത്കരിക്കാൻ പലവിധ പ്രവർത്തനങ്ങളാണ് നടത്തിയത്. ദേവനൂർ മഹാദേവപ്പ, റഹ്മത്ത് താരീക്കരെ, താര റാവു, എ.ആർ. വാസവി, ഡു സരസ്വതി, നടോജ, ഡോ. കമല ഹംപന, മനോഹർ ഇളവരതി, യോഗേന്ദ്ര യാദവ്, വിജയ് മഹാജൻ തുടങ്ങിയവരാണ് എദ്ദേളു കർണാടകയെ നയിച്ചത്. ബി.ജെ.പി സർക്കാറിന്റെ നാലു വർഷത്തെ ഭരണത്തെ വസ്തുതാപരമായി വിലയിരുത്തുന്ന 25 പേജ് വരുന്ന ബുക്ക് ലെറ്റ് എദ്ദേളു കർണാടക പുറത്തിറക്കിയിരുന്നു. 75 ഇടങ്ങളിൽ സമ്മേളനങ്ങളും ഭരണപരാജയം ചൂണ്ടിക്കാട്ടുന്ന 80 വിഡിയോകളും പുറത്തിറക്കി. ബി.ജെ.പിക്കെതിരെ ശക്തമായ മത്സരം നടക്കുന്ന 70 നിയോജക മണ്ഡലങ്ങൾ സർവേയിലൂടെ കണ്ടെത്തി അവയെ കേന്ദ്രീകരിച്ച് എദ്ദേളു കർണാടക പ്രവർത്തിച്ചു. പൊതുവെ വോട്ടിൽനിന്ന് വിട്ടുനിൽക്കുന്നവരെ കണ്ടെത്തി ഈ മണ്ഡലങ്ങളിൽ ബി.ജെ.പിക്കെതിരെ പരമവാധി വോട്ടുകൾ സമാഹരിക്കാൻ സഹായിച്ചു. ചില മണ്ഡലങ്ങളിൽ വോട്ടുചിതറിക്കാൻ സാധ്യതയുള്ള സ്ഥാനാർഥികളെ കണ്ട് മത്സരത്തിൽനിന്ന് പിന്തിരിപ്പിച്ചു. മുഖ്യധാര പാർട്ടികളെപ്പോലെ തന്നെ സജീവമായ ഐ.ടി സെല്ലും എദ്ദേളു കർണാടകക്ക് പിന്നിൽ പ്രവർത്തിച്ചു. നിമിഷങ്ങൾക്കകം മൂന്നു ലക്ഷം പേരിലേക്ക് സന്ദേശങ്ങളെത്തിക്കാൻ 50,000 സന്നദ്ധ വളന്റിയർമാരാണ് ഇതിനായി പ്രവർത്തിച്ചത്. 15 മേഖലകളിലായി ബി.ജെ.പി സർക്കാറിന്റെ പ്രവർത്തനങ്ങൾ സമഗ്രമായി വിലയിരുത്തുന്ന ‘റിപ്പോർട്ട് കാർഡ്’ പുറത്തുവിട്ട ബഹുത്വ കർണാടകയും ബി.ജെ.പി വിരുദ്ധ പ്രചാരണ കാമ്പയിനിൽ പ്രധാന പങ്കുവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.