ബാ​​പ്പു​​വി​​ന്റെ സ്വ​​ന്തം എ​​സ്ത​​ർ

മ​ഹാ​ത്മാ​ ഗാ​ന്ധി​യും ഡെ​ൻ​മാ​ർ​ക്കുകാ​രി​യാ​യ ലൂ​ഥ​റ​ൻ മി​ഷ​നറി എ​സ്ത​ർ ഫെ​യ്റി​ങ് എ​ന്ന യു​വ​തി​യു​മാ​യു​ള്ള അ​സാ​ധാ​ര​ണ സൗ​ഹൃ​ദ​ത്തി​​ന്റെ ക​ഥ​ തുടരുന്നു.8. േപ ഇളകിയ നഗരം 1919 ഏപ്രിൽ പത്ത്. പഞ്ചാബിലേക്ക് തിരിച്ച ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് അമൃത് സറിൽ ജനകീയ സമരം കൊടുമ്പിരിക്കൊണ്ടു. സമരം അടിച്ചമർത്താനായുള്ള കൊടിയ പൊലീസ് മർദനവും താണ്ഡവമാടിയപ്പോൾ നഗരത്തിനു ഭ്രാന്തിളകി. ഹിന്ദുക്കളും മുസ്‍ലിംകളും സിഖുകാരും കൈകോർത്തുനിന്ന് കലാപത്തിൽ പങ്കെടുത്തു. അതിനിടെയാണ് നഗരത്തിലൂടെ സൈക്കിളിൽ പോയിരുന്ന മാർസെല്ല ഷെർവുഡ് എന്ന ബ്രിട്ടീഷുകാരിയായ മിഷനറി ...

മ​ഹാ​ത്മാ​ ഗാ​ന്ധി​യും ഡെ​ൻ​മാ​ർ​ക്കുകാ​രി​യാ​യ ലൂ​ഥ​റ​ൻ മി​ഷ​നറി എ​സ്ത​ർ ഫെ​യ്റി​ങ് എ​ന്ന യു​വ​തി​യു​മാ​യു​ള്ള അ​സാ​ധാ​ര​ണ സൗ​ഹൃ​ദ​ത്തി​​ന്റെ ക​ഥ​ തുടരുന്നു.

8. േപ ഇളകിയ നഗരം

1919 ഏപ്രിൽ പത്ത്. പഞ്ചാബിലേക്ക് തിരിച്ച ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് അമൃത് സറിൽ ജനകീയ സമരം കൊടുമ്പിരിക്കൊണ്ടു. സമരം അടിച്ചമർത്താനായുള്ള കൊടിയ പൊലീസ് മർദനവും താണ്ഡവമാടിയപ്പോൾ നഗരത്തിനു ഭ്രാന്തിളകി. ഹിന്ദുക്കളും മുസ്‍ലിംകളും സിഖുകാരും കൈകോർത്തുനിന്ന് കലാപത്തിൽ പങ്കെടുത്തു. അതിനിടെയാണ് നഗരത്തിലൂടെ സൈക്കിളിൽ പോയിരുന്ന മാർസെല്ല ഷെർവുഡ് എന്ന ബ്രിട്ടീഷുകാരിയായ മിഷനറി അക്രമാസക്തമായ ജനക്കൂട്ടത്തിനിടയിൽപ്പെട്ടുപോയത്. ഗുരുതരമായി പരിക്കേറ്റു തെരുവിൽ കിടന്ന മാർസെല്ലയെ മറ്റ് ചില നാട്ടുകാർ തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ചതിനാൽ മാത്രം ജീവൻ രക്ഷിക്കാനായി. പതിനഞ്ച് വർഷമായി അമൃത് സറിൽ കഴിഞ്ഞിരുന്ന മാർസെല്ല ചർച്ച് ഓഫ് ഇംഗ്ലണ്ട് മിഷനറിയായിരുന്നു.

ഈ സംഭവത്തോടെ ബ്രിട്ടീഷ് അധികാരികൾ കോപാന്ധരായി. ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയർ എന്ന കുപ്രസിദ്ധനായ സൈനിക മേധാവി നഗരത്തിന്റെ ഭരണം ഏറ്റെടുത്തു. പിന്നെ നടന്നത് അഭൂതപൂർവമായ നരനായാട്ട്. ജനവാസമേഖലകളിൽ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു. സമരക്കാരെ നഗരമധ്യത്തിൽ കെട്ടിയിട്ടു പരസ്യമായ മർദനത്തിന് ഇരയാക്കി. പള്ളികളും ക്ഷേത്രങ്ങളും അടക്കപ്പെട്ടു. ജനങ്ങൾ പലയിടത്തും തിരിച്ചടിയും അക്രമവും നടത്തി. നേതാക്കളായ സത്യപാലും സെയ്ഫുദ്ദീൻ കിച്ച്ലുവും തടവിലാക്കപ്പെട്ടത് ജനരോഷം ആളിക്കത്തിച്ചു.

ഏപ്രിൽ 13. ബൈശാഖി. സിഖ് സമുദായത്തിന്റെ പവിത്രമായ നവവത്സര ദിനം. അമൃത് സറിലെ സുവർണ ക്ഷേത്രത്തിലേക്ക് ആ ഒഴിവുദിനത്തിൽ പുലർച്ചെ മുതൽ തീർഥാടക പ്രവാഹം ആയിരുന്നു. പിന്നീട് അവരിൽ പലരും വിശ്രമിക്കാനും മറ്റുമായി തൊട്ടടുത്തുള്ള ജാലിയൻ വാലാ ബാഗ് മൈതാനത്തിൽ പ്രവേശിച്ചു. അവിടെ ആ സമയം ഒരു റൗലറ്റ് വിരുദ്ധ സമരസമ്മേളനം നടക്കുകയായിരുന്നു. തീർഥാടകർ പലരും പ്രസംഗങ്ങൾ കേട്ടുനിന്നതോടെ മൈതാനത്തിൽ ആയിരക്കണക്കിന് പേരായി. ഇതിനിടെ ബ്രിഗേഡിയർ ഡയറിന്റെ നേതൃത്വത്തിൽ ഒരു സായുധ സൈനികസംഘം മൈതാനിക്കുള്ളിൽ കടന്നത് അധികമാരും കണ്ടില്ല.

ചുറ്റിനും കൊട്ടിയടച്ച മൈതാനത്തിന്റെ ഏക കവാടം സൈന്യം അടച്ചത് ഏറെപ്പേരും ശ്രദ്ധിച്ചില്ല. പൊടുന്നനെ ഒരു മുന്നറിയിപ്പും കൂടാതെ സൈനികർ നിരന്നുനിന്ന് ജനങ്ങൾക്ക് നേരെ തുരുതുരാ വെടിവെപ്പ് ആരംഭിച്ചു. രക്ഷപ്പെടാൻ മാർഗമില്ലാതെ പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളുമൊക്കെ ജീവനുവേണ്ടി പരക്കംപാഞ്ഞു. പക്ഷേ, മൈതാനത്തിന് പുറത്തുപോകാൻ കഴിയാതെ വെടിയേറ്റു വീഴുക മാത്രമായിരുന്നു അവരുടെ വിധി. മിനിറ്റുകൊണ്ട് 1650 ചുറ്റ് വെടി വെക്കപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്ക് പ്രകാരം നാനൂറ്. വാസ്തവത്തിൽ മരിച്ചത് ആയിരത്തിലേറെ. പരിക്കേറ്റവർക്ക് കണക്കില്ല.

പട്ടാള നിയമവും കടുത്ത സെൻസർഷിപ്പും പോസ്റ്റൽ നിയന്ത്രണങ്ങളും നിലവിലിരുന്നതിനാൽ പഞ്ചാബിലെ ഈ ഭീകരമായ സൈനികതാണ്ഡവം ആദ്യമാദ്യം ദേശീയ നേതാക്കളടക്കം പുറത്ത് ആരും അറിഞ്ഞില്ല. ദിവസങ്ങൾക്കുശേഷം കുറേശ്ശ വിവരങ്ങൾ വന്നുതുടങ്ങി. ചരിത്രത്തിലെ ഏറ്റവും കൊടിയ ക്രൂരതയെപ്പറ്റി അറിഞ്ഞവർ സ്തബ്ധരായി. പലരും രോഷംകൊണ്ട് തിളച്ചു. തക്ക പ്രതികാരം ചെയ്യാൻ വെമ്പിയവർ ഏറെ. സംഭവം നടന്ന് ഒരുമാസത്തിനു ശേഷമാണ് ഗാന്ധിജി തന്നെ വൈസ്രോയിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഒരു കത്ത് എഴുതുന്നത്. “ഇന്നുവരെ പഞ്ചാബിൽ നടന്ന സംഭവങ്ങളെപ്പറ്റി ഞാൻ ഒന്നും മിണ്ടിയില്ല. ഇതുവരെ അതെപ്പറ്റി ആലോചിക്കാത്തതോ അത് എന്നെ വേദനിപ്പിക്കാത്തതോ ആയിരുന്നില്ല കാരണം. കേട്ടതിൽ ഏതൊക്കെ സത്യം ഏതൊക്കെ അസത്യം എന്നറിയാതിരുന്നതിനാലാണ്.”

ജൂൺ മാസമായപ്പോൾ മാത്രമേ ഇന്ത്യൻ പത്രങ്ങളിൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചുള്ളൂ. പക്ഷേ, അതിനകം തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ചും പശ്ചാത്തപിച്ചും ഗാന്ധി ആരംഭിച്ച ഉപവാസം അവസാനിപ്പിച്ചിരുന്നു. പകരം അദ്ദേഹം സാമൂഹിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥ തകർത്ത ഇറക്കുമതി വസ്തുക്കൾ ബഹിഷ്കരിച്ച് സ്വദേശിമാത്രം ഉപയോഗിക്കാൻ അദ്ദേഹം ആഹ്വാനംചെയ്തു. എല്ലാ ഇന്ത്യക്കാരും സ്വയം നെയ്യുന്ന കൈത്തറി വസ്ത്രങ്ങൾ ഉൽപാദിപ്പിക്കാനും ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അനേകം ഇന്ത്യക്കാരെ ചുട്ടുകൊന്ന ഭീകരഭരണത്തിനെതിരെ ആഞ്ഞടിക്കുന്നതിന് പകരം ഈ വക പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞതിനു ദേശീയപ്രസ്ഥാനത്തിലെ നായകർക്കടക്കം ഒട്ടേറെപ്പേർക്ക് ഗാന്ധിയോട് കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നു.

പക്ഷേ, ഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്തവരും ധാരാളം. അവരിൽ എസ്തറിനെപ്പോലുള്ള വിദേശികൾപോലും ഉൾപ്പെട്ടു. തനിക്കെതിരെ ബ്രിട്ടീഷ് അധികാരികളും മിഷനും സഹപ്രവർത്തകരുമൊക്കെ തിരിയുമ്പോൾ എസ്തർ കൂടുതൽ കൂടുതൽ രാഷ്ട്രീയവത്കരിക്കപ്പെടുകയായിരുന്നു. ഗാന്ധിയോടുള്ള വ്യക്തിപരമായ ആരാധനയായിരുന്നു അതിന്റെ അടിസ്ഥാനമെങ്കിലും ക്രമേണ കൂടുതൽ രാഷ്ട്രീയസ്വഭാവം ഉൾക്കൊണ്ടു.

കോത്തഗിരിയിൽനിന്ന് എസ്തർ, ബാപ്പുവിന് താനും അദ്ദേഹത്തിന്റെ സ്വദേശി ആഹ്വാനം ഏറ്റെടുക്കുകയാണെന്ന് എഴുതി.

ഫെയ്ത്ത് വില്ല, കോത്തഗിരി

മെയ് 22, 1919

എന്റെ പ്രിയ ബാപ്പു,

എനിക്കും സ്വദേശി പ്രതിജ്ഞ എടുക്കാനാവുമോ? എത്രത്തോളം അത് എനിക്ക് ദൈനംദിന ജീവിതത്തിൽ പാലിക്കാനാവും? ഇനി ഡെന്മാർക്കിൽനിന്നോ ഇംഗ്ലണ്ടിൽനിന്നോ ഒരു വസ്തുവും വാങ്ങാനോ സ്വീകരിക്കാനോ പാടില്ലെന്നാണോ? ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന വിദേശനിർമിത വസ്തുക്കളൊക്കെ ഉപേക്ഷിക്കണോ? വീട്ടുപകരണങ്ങൾ, ഭക്ഷണവസ്തുക്കൾ, വസ്ത്രങ്ങൾ ഇവയൊക്കെ? എന്തൊക്കെയായാലും ഹിന്ദു പത്രത്തിൽ അങ്ങയുടെ സ്വദേശി പ്രതിജ്ഞ വായിച്ചതു മുതൽ ഞാൻ സ്വയം അതിനു തീരുമാനിച്ചുകഴിഞ്ഞു.

ഒരാഴ്ചക്കകംതന്നെ ബാപ്പുവിന്റെ മറുപടി വന്നു. തങ്ങൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ കാര്യത്തിൽ മാത്രമേ സ്വദേശി പ്രതിജ്ഞ പാലിക്കേണ്ടതുള്ളൂ എന്നായിരുന്നു ബാപ്പുവിന്റെ മറുപടി. നിന്റെ പ്രിയപ്പെട്ടവർ ഡെന്മാർക്കിൽനിന്നയച്ച സമ്മാനങ്ങളൊക്കെ ഉപേക്ഷിക്കാൻ പറയാനുള്ള ചങ്കൂറ്റം എനിക്കില്ല. ഭാവിയിൽ നീ വാങ്ങുന്നതും ഉപയോഗിക്കുന്നതുമായ സാധനങ്ങളൊക്കെ സ്വദേശി ആയിരുന്നാൽ മതിയാകും.

സ്വദേശിപ്രതിജ്ഞക്കപ്പുറത്ത് എസ്തർ പുതിയ രാഷ്ട്രീയ-സാമൂഹിക മൂല്യങ്ങൾ തന്നെ ആശ്ലേഷിക്കാനാരംഭിച്ചിരുന്നു. അവൾ ഗാന്ധിക്ക് എഴുതി: “ബാപ്പു, ഡെന്മാർക്കിൽ കഴിയുന്ന കാലത്ത് ഞാൻ എത്ര സ്വാർഥയായിരുന്നു എന്ന് എനിക്ക് തിരിച്ചറിയാനായില്ല. എന്റെ സ്നേഹം എത്ര സങ്കുചിതമായിരുന്നു, ഞാൻ എത്ര അഹങ്കാരിയായിരുന്നു. സത്യത്തെ ഞാൻ ഒട്ടുംതന്നെ വില മതിച്ചിരുന്നില്ല. സഹനത്തിനു ഞാൻ തയാറായിരുന്നില്ല. എല്ലാ അർഥത്തിലും പോരായ്മകൾ മാത്രമുള്ള വ്യക്തിയായിരുന്നു ഞാൻ. വാസ്തവത്തിൽ ഇന്നത്തെപ്പോലെ ഞാൻ അന്ന് എന്നെ മനസ്സിലാക്കിയിരുന്നില്ല. ഇന്ന് എനിക്ക് ഒരാഗ്രഹമേ ഉള്ളൂ. ഭൂതകാലത്തെ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യുക. രണ്ടു വർഷം മുമ്പ് അങ്ങ് എനിക്കെഴുതിയത് എന്റെ സഹോദരനാകാൻ അങ്ങയെ ഞാൻ അനുവദിച്ചതിനാൽ ഇനി അങ്ങയോടൊപ്പം വേദനകളിൽ പങ്കാളിയാകാൻ ഒരുങ്ങിക്കൊള്ളുക എന്നാണ്. ഇനിയെങ്കിലും അതിന് എന്നെ ദൈവം അനുഗ്രഹിക്കുമെന്നാണ് എന്റെ വിശ്വാസം.”

9. തണുപ്പ് പുതച്ച നീലഗിരി

മേയ് ഒന്നിന് വേനലവധിക്ക് സ്കൂൾ അടച്ച അന്നുതന്നെ എസ്തർ കോത്തഗിരിക്ക് തീവണ്ടി കയറി. അവിടെ മിഷൻ ഓഫിസിനോട് ചേർന്നുള്ള ‘ബെഥനി’ എന്ന വസതിയിലെ അവളുടെ മുറിയിൽനിന്നു നോക്കിയാൽ അതിമനോഹരമായ നീലഗിരി കുന്നുകളാണ് ചുറ്റും. തിരുക്കൊയിലൂരിലെ തിളക്കുന്ന വേനലിൽനിന്ന് മഞ്ഞു തൊപ്പി വെച്ച നീലഗിരിയിലെത്തിയ ഉടൻ അവൾ കുറേനേരം തളർന്നുറങ്ങിപ്പോയി.

വൈകുന്നേരത്തോടെ ഉണർന്ന എസ്തർ മിഷൻ ഓഫിസിൽ തന്റെ ചില സഹപ്രവർത്തകരെ പോയി കണ്ടു. ഒരു വർഷം മുമ്പ് കോത്തഗിരിയിൽ വന്നിട്ടുള്ള എസ്തറിനെ കണ്ടിട്ടുള്ളവരൊക്കെ അന്ന് അൽപ്പമൊന്നു അമ്പരന്നു. എന്തുപറ്റി അതിസുന്ദരിയായിരുന്ന ഈ പെൺകുട്ടിക്ക്? ആകെ ക്ഷീണിച്ച് പത്ത് വയസ്സെങ്കിലും കൂടിയ മട്ട്. ഉത്സാഹവതിയായിരുന്ന ആ പഴയ പെൺകുട്ടി എവിടെ?

ഒരു യൂറോപ്യൻ സുഖവാസകേന്ദ്രംപോലെയുള്ള നീലഗിരിയിലെ അതിസുന്ദര പ്രകൃതിയും സുഖശീതള കാലാവസ്ഥയും ഒന്നും എസ്തറിന് സമാധാനം നൽകിയില്ലെന്നതാണ് വാസ്തവം. മഹാദേവ് ദേശായിയുടെ കത്തിന് മറുപടിയായി അവൾ എഴുതി: “പ്രിയ സഹോദരൻ മഹാദേവ്, ഒരു മാസക്കാലം ഇവിടെ കഴിയാനാണ് എന്റെ പരിപാടി. പക്ഷേ, എന്റെ മനസ്സും ഹൃദയവും അങ്ങ് ദൂരെ ആശ്രമത്തിലായിരിക്കുമ്പോൾ എനിക്ക് എങ്ങനെ ശാന്തി കിട്ടാനാണ്? അതുകൊണ്ട് എനിക്ക് എന്തെങ്കിലും പ്രയോജനം ഇവിടെനിന്ന് ലഭിക്കുമോ എന്ന് സംശയമാണ്. പ്രകൃതി ഇവിടെ അതിമനോഹരമാണ്. ഈ സൗന്ദര്യത്തിൽ തികഞ്ഞ ശാന്തിയും നിറഞ്ഞിരിക്കുന്നു. പക്ഷേ, ഇതേ രാജ്യത്ത് തന്നെ അനേകങ്ങൾ കൊടും ദുരിതങ്ങളിലൂടെ കടന്നുപോകുകയും എന്റെ പ്രിയ സുഹൃത്തുക്കൾ സത്യത്തിനുവേണ്ടി സഹനസമരത്തിലേർപ്പെടുകയും ചെയ്യുന്ന വേളയിൽ എനിക്ക് എങ്ങനെ സമാധാനവും സന്തോഷവും ലഭിക്കും? എല്ലാവരും ഞാൻ ആകെ മാറിപ്പോയെന്ന് പറയുന്നു. എന്റെ യുവത്വവും പ്രസരിപ്പുമൊക്കെ അപ്രത്യക്ഷമായത്രേ. ശരിയാണ്. ഒരുമാസം മുമ്പുള്ള ഞാനല്ലല്ലോ ഇന്നത്തെ ഞാൻ.”

ബാപ്പുവിന്റെ ആരോഗ്യത്തെക്കുറിച്ച് ആരാഞ്ഞ എസ്തർ അത് സംബന്ധിച്ച് വാർത്തകൾ വന്ന ‘ഹിന്ദു’ പത്രങ്ങളെല്ലാം സമാഹരിച്ചുവെച്ചിരിക്കുകയാണെന്നും മഹാദേവിനെ അറിയിച്ചു. തിരുക്കൊയിലൂരിൽ സി.ഐ.ഡികൾ തന്നെ സന്ദർശിച്ച കാര്യവും അവൾ എഴുതി. ജൂൺ മാസമായപ്പോൾ ഗാന്ധിയുമായി മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയരംഗവുമായി ബന്ധമുള്ള ഒരാളുമായും സമ്പർക്കം പുലർത്തുന്നതിൽ മിഷൻ എസ്തറിന് വിലക്ക് കൽപിച്ചു. അതോടെ, നിരാശയുടെ ആഴങ്ങളിലായി അവൾ.

എപ്പോഴും വിഷണ്ണയായി കാണപ്പെട്ട എസ്തറിന് അൽപം സന്തോഷമാകട്ടെയെന്നു കരുതി കോത്തഗിരിയിലെ അവളുടെ ചില സഹപ്രവർത്തകരാണ് ആ നിർദേശംവെച്ചത്. സമീപത്തെ അതിസുന്ദരമായ ജലപാതം കാണാൻ ഒരു യാത്ര. കാതറീൻ എന്നാണ് വെള്ളച്ചാട്ടത്തിന്റെ പേര്. ആദ്യമൊക്കെ ഒഴികഴിവ് പറഞ്ഞെങ്കിലും അവസാനം സുഹൃത്തുക്കളുടെ നിർബന്ധത്തിന് അവൾ വഴങ്ങി. ആ ഒഴിവ് ദിനയാത്ര തന്റെ ജീവിതത്തിൽ മറ്റൊരു വലിയ വഴിത്തിരിവിന് ഇടയാകുമെന്ന് എസ്തർ ഒരിക്കലും കരുതിയില്ല.

 

കാതറീൻ ജലപാതം എസ്തറുടെ പ്രതീക്ഷകളെയൊക്കെ കവച്ചുവെച്ചു. മരതകപ്പച്ച പുതച്ച നീലഗിരിക്കുന്നുകളും അതിനു നടുവിൽ വെള്ളിപ്രവാഹംപോലെ കുതിച്ചിറങ്ങുന്ന ജലപാതവും കണ്ട് എസ്തർ അലൗകികാനുഭൂതിയിലെന്നപോലെ സ്വയം മറന്നുനിന്നു. ഏറെനാളായി നീറിപ്പുകയുന്ന അവളുടെ മനസ്സ് അവാച്യമായ ഒരു ശാന്തിസ്പർശത്താൽ വ്യാമുഗ്ധമായി. ഈ സുന്ദരഭൂമി മനുഷ്യർക്ക് വരദാനമായി നൽകിയ ദൈവത്തെ അവൾ സ്തുതിച്ചു. യെശയ്യായുടെ പ്രവചനം അവൾ സ്മരിച്ചു: “നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തിൽ നയിക്കപ്പെടും; മലകളും കുന്നുകളും നിങ്ങളുടെ മുന്നിൽ ആർത്തുപാടും: വനവൃക്ഷങ്ങൾ കൈകൊട്ടും.” പ്രാർഥനാനിരതമായ എസ്തറുടെ മനസ്സിൽ ക്രിസ്തുവിന്റെയും ബാപ്പുവിന്റെയും കരുണാമയമായ മുഖങ്ങൾ പരസ്പരം കലർന്നു.

ഒരു സ്വപ്നാടകയെപ്പോലെ നിന്ന എസ്തർ കുറേക്കഴിഞ്ഞപ്പോഴാണ് അൽപമകലെ തന്നെ നോക്കിനിൽക്കുന്ന ആ യുവാവിനെ കണ്ടത്. കോളജ് വിദ്യാർഥിയുടെ വേഷം. അൽപം തടിച്ച പ്രകൃതം. ലേശം ഇരുണ്ട നിറം. കുട്ടിത്തമുള്ള വട്ടമുഖം. നെറ്റിയിലേക്ക് വീണുകിടക്കുന്ന ചുരുണ്ട മുടി. എസ്തർ തന്നെ നോക്കുന്നതു കണ്ട യുവാവ് പുഞ്ചിരിച്ചുകൊണ്ട് തലയൊന്ന് ചരിച്ച് അവളെ അഭിവാദ്യംചെയ്തു. എസ്തറും ചെറിയൊരു മന്ദഹാസത്തോടെ പ്രതികരിച്ചശേഷം സുഹൃത്തുക്കൾക്കൊപ്പം നടന്നുപോയി.

എസ്തറും സംഘവും ഉച്ചഭക്ഷണം ഒപ്പം കൊണ്ടുവന്നിരുന്നു. ഒരു വലിയ മരത്തണലിൽ ഇരുന്ന് അവർ ഭക്ഷണം കഴിക്കാനാരംഭിക്കുമ്പോഴാണ് ആ യുവാവ് നേരെ നടന്നുവരുന്നത് എസ്തർ കണ്ടത്. ഒരു മടിയും കൂടാതെ എസ്തറുടെ സമീപമെത്തി പുഞ്ചിരിച്ചുകൊണ്ട് ഭവ്യതയോടെ അയാൾ ഇംഗ്ലീഷിൽ ചോദിച്ചു. “ഒന്ന് പരിചയപ്പെടുന്നതിൽ വിരോധമുണ്ടോ? എന്റെ പേര് കുഞ്ഞികൃഷ്ണ മേനോൻ. മെഡിക്കൽ വിദ്യാർഥിയാണ്.”

അങ്ങനെയൊരു ഇന്ത്യൻ പേര് എസ്തറിന് അന്നുവരെ പരിചിതമായിരുന്നില്ല. തന്റെ നാട് തമിഴകമല്ലെന്നും സമീപത്തുള്ള കൊച്ചി രാജ്യമാണെന്നും അയാൾ വിശദീകരിച്ചു. മലയാളമാണ് തന്റെ മാതൃഭാഷയെന്നും മേനോൻ പറഞ്ഞു. കൊച്ചിയും മലയാളവും ഒന്നും പരിചയമില്ലെങ്കിലും എസ്തറിന് പുതിയ പരിചയക്കാരനോട് അൽപം ഇഷ്ടം തോന്നാതിരുന്നില്ല. അവളെ ഏറ്റവും ആകർഷിച്ചത് അയാളുടെ വളരെ മാന്യമായ പെരുമാറ്റവും വിനയവും വട്ടക്കണ്ണടക്ക് പിന്നിലെ അയാളുടെ കരുണാർദ്രമായ കണ്ണുകളുമായിരുന്നു. പുതിയ സുഹൃത്ത് തന്നെക്കാൾ നാലഞ്ച് വയസ്സ് എങ്കിലും ചെറുപ്പമാണെന്നും എസ്തറിന് മനസ്സിലായി.

എസ്തറിന് ഏറ്റവും ഇഷ്ടമുള്ള ഒരു വിഷയത്തിൽ അയാളും വളരെ തൽപരനായത് അവരെ കൂടുതൽ അടുപ്പിച്ചു. ഗാന്ധിജി ആയിരുന്നു ആ വിഷയം. ബാപ്പുവിന്റെ കടുത്ത ആരാധകനായിരുന്നു ദേശീയവാദിയായ മേനോൻ എന്നത് എസ്തറെ വളരെ സന്തോഷിപ്പിച്ചു. തന്റെ ഗുരുവായ ആൻ മേരി ഒഴിച്ചുള്ള തന്റെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഒക്കെ പഥ്യമല്ലാതിരുന്ന ബാപ്പുവിന്റെ ഒരു കടുത്ത ഭക്തനെ അവൾ അടുത്തൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല. പരസ്പരം സംസാരിച്ചിരുന്നു സമയം പോയത് അവർ അറിഞ്ഞില്ല. എസ്തറുടെ കൂട്ടുകാരികളും അവരുടെ സംഭാഷണത്തിലിടപെട്ടില്ല. വീണ്ടും കാണാമെന്ന് പറഞ്ഞായിരുന്നു എസ്തറും മേനോനും പിരിഞ്ഞത്.

പിറ്റേന്ന് രാവിലെ തന്നെ ഡാനിഷ് വനിതാ മിഷനറി വസതിയായ ‘ബെഥനി ഹൗസി’ൽ എസ്തറിനെ കാണാൻ ഒരു സന്ദർശകൻ എത്തി. തലേന്ന് പരിചയപ്പെട്ട ഡോക്ടർ യുവാവ്. അൽപം അമ്പരന്ന എസ്തർ ചോദിച്ചു: “എന്തുപറ്റി, മിസ്റ്റർ മേനോൻ?” കാണാനും സംസാരിക്കാനും മാത്രമാണ് വന്നതെന്നായിരുന്നു മറുപടി. എസ്തറിന് കുറച്ച് വല്ലായ്മ തോന്നിയെങ്കിലും ദിവസങ്ങളായി കടുത്ത വിഷാദത്തിന്റെ പിടിയിലായിരുന്ന അവൾക്ക് തന്നോടും തന്റെ വിശ്വാസങ്ങളോടും കൂറുള്ള ആരോടെങ്കിലും സംസാരിക്കുന്നത് വലിയ ആശ്വാസമായി തോന്നി. ഒന്നു രണ്ട് മണിക്കൂറുകൾ അവർ സന്ദർശകമുറിയിലിരുന്നു സംസാരിച്ചു. എത്ര പറഞ്ഞാലും എസ്തറിന് മതിവരാത്ത ബാപ്പു ആയിരുന്നു പ്രധാന വിഷയം. മേനോൻ മടങ്ങിയ ഉടനെ മിഷനിലെ സിസ്റ്റർ എമ്മ വന്ന് ആകാംക്ഷയോടെ എസ്തറോട് വിവരമന്വേഷിച്ചു. ഒട്ടൊന്ന് പരിഭ്രമിച്ചുപോയ എസ്തർ പെട്ടെന്ന് ഒരു മറുപടി കണ്ടെത്തി. “മിഷനിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചു വന്നതാണ് അയാൾ.” ‘പ്രാകൃതവിശ്വാസികളായ ഹിന്ദു’ക്കളെ ക്രിസ്തീയ മാർഗത്തിലേക്ക് പരിവർത്തനംചെയ്ത് പാഷാണ്ഡതയിൽനിന്ന് ‘മോചിപ്പിക്കാൻ’ പ്രതിബദ്ധരായ മിഷനറിമാർക്ക് സന്തോഷകരമായിരുന്നു ആ വാർത്ത. അതിനാൽതന്നെ തുടർച്ചയായ ദിനങ്ങളിലും നടന്ന എസ്തറുടെയും മേനോന്റെയും സൗഹൃദം അവർ പ്രോത്സാഹിപ്പിച്ചു.

ബാപ്പുവിനോടും ഇന്ത്യയോടുമുള്ള അളവില്ലാത്ത സ്നേഹം ആയിരുന്നു എസ്തറെയും മേനോനെയും പരസ്പരം ബന്ധിച്ച പ്രധാന ഘടകം. മരുഭൂമിയിൽ വീണുകിട്ടിയ ഒരു തുള്ളി ദാഹജലമെന്നപോലെയായി എസ്തറിന് മേനോന്റെ സാമീപ്യം. ദിവസങ്ങൾക്കകം അത് പ്രണയമായി മാറി. രാജ്യവും മതവും ഭാഷയും പ്രായവും ഒന്നും അവരുടെ മുന്നിൽ തടസ്സമായില്ല. എസ്തറെ ഏറ്റവും കൂടുതൽ അലട്ടിയിരുന്ന വലിയൊരു ഭീഷണിക്കും ഈ ബന്ധം പരിഹാരമായേക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. ഇന്ത്യയിൽനിന്ന് ബ്രിട്ടീഷ് അധികൃതർ എസ്തറെ നാടുകടത്തിയേക്കുമെന്ന ഭീഷണിയായിരുന്നു അത്. ഒരു ഇന്ത്യക്കാരനെ വിവാഹം ചെയ്താൽ തനിക്ക് ഇന്ത്യൻ പൗരത്വം നിഷേധിക്കാനാവില്ലെന്നും പിന്നെ നാട് കടത്താനാവില്ലെന്നും അവൾക്ക് വിവരം കിട്ടി. മേനോൻതന്നെയായിരുന്നു ഈ പോംവഴി അവളോട് ആദ്യം പറഞ്ഞതും. ആദ്യമായി എസ്തറുടെ മുന്നിൽ പ്രതീക്ഷയുടെ പുതിയ വാതിലുകൾ തുറന്നു. എസ്തറും മേനോനും തമ്മിലുള്ള ദീർഘകാലബന്ധത്തിന്റെ തുടക്കം കുറിക്കപ്പെട്ടു. തിരുക്കൊയിലൂരിലേക്ക് എസ്തറിന് മടങ്ങി എത്തേണ്ടതിനാൽ പരസ്പരം ഉടൻ വീണ്ടും കാണാമെന്ന വാഗ്ദാനവുമായി അവർ തൽക്കാലം പിരിഞ്ഞു.

ജൂൺ ആദ്യം കോത്തഗിരി വിടുമ്പോഴേക്കും എസ്തർ പുതിയൊരാളായിരുന്നു. അവളുടെ പഴയ പ്രസരിപ്പും ഉന്മേഷവുമൊക്കെ തിരിച്ചുവന്നു. മടങ്ങുന്നവഴി അവൾ കോയമ്പത്തൂരിൽ ഇറങ്ങി ബാപ്പുവിന്റെ ഉറ്റ അനുയായി വി. സുന്ദരത്തെ സന്ദർശിച്ചു. അദ്ദേഹത്തിനു സുഖമില്ലെന്ന് ബാപ്പു അവളെ അറിയിച്ചിരുന്നു. അസുഖത്തിനു ശേഷം വിശ്രമത്തിലായിരുന്ന സുന്ദരം എസ്തറിനെ തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. സ്ത്രീകൾ ഖാദി നൂൽക്കുന്ന കേന്ദ്രങ്ങളിലൊക്കെ അവർ സന്ദർശിച്ചു. ബാപ്പുവിന്റെ സ്വദേശിവത്കരണ ആഹ്വാനം നടപ്പാക്കാനുള്ള ദരിദ്ര ഗ്രാമീണ സ്ത്രീകളുടെ അധ്വാനം എസ്തറിന് അത്ഭുതവും ആഹ്ലാദവും പകർന്നു.

 

കോയമ്പത്തൂരിൽനിന്ന് മദിരാശിയിലെത്തിയ എസ്തർ ബാപ്പുവിന്റെ മകൻ ദേവദാസിനെ സന്ദർശിച്ചു. അവൾക്ക് അതിയായ സന്തോഷം നൽകിയതായിരുന്നു ആ സന്ദർശനം. മകനെ ദക്ഷിണേന്ത്യയിൽ ഹിന്ദി പ്രചാരണത്തിനായി ബാപ്പു അയച്ചതാണ്. ദേവദാസ് എസ്തറിനും ഹിന്ദി പാഠപുസ്തകം സമ്മാനിച്ചു. “തമിഴ് മുഴുവൻ പഠിച്ചു കഴിഞ്ഞശേഷം ബാപ്പുവിന്റെ നിർദേശപ്രകാരം ഹിന്ദി പഠിക്കും. അന്ന് ദേവദാസിന്റെ സഹായം ഉണ്ടാകുമോ?’’ അവൾ ചോദിച്ചപ്പോൾ ദേവദാസ് പുഞ്ചിരിച്ചതേയുള്ളൂ. എസ്തറുടെ അഭ്യർഥനപ്രകാരം ദേവദാസ് ചില ദേശസ്നേഹപരമായ പാട്ടുകൾ അവൾക്കായി പാടി.

മദിരാശിയിൽനിന്നും തിരുക്കൊയിലൂരിലേക്കുള്ള എസ്തറുടെ തീവണ്ടിയാത്ര സംഭവബഹുലമായി. വില്ലുപുരത്ത് കമ്പാർട്മെന്റ് മാറിക്കയറാൻ നോക്കുമ്പോൾ അവളുടെ വലിയ ഹാൻഡ്ബാഗ് കാണാനില്ല. മദിരാശിയിൽ മിഷന്റെ അക്കൗണ്ടിൽനിന്ന് സ്കൂൾ ചെലവുകൾക്കായി എടുത്ത 460 രൂപയും അതിലുണ്ടായിരുന്നു. സ്വന്തം സാധനങ്ങൾ ജാഗ്രതയോടെ സൂക്ഷിക്കുന്ന കാര്യത്തിൽ വളരെ മോശമാണ് എസ്തർ. ഇന്ത്യയിലെത്തിയശേഷം അവൾക്ക് അന്നുവരെ നഷ്ടമായ സാധനങ്ങൾ ചില്ലറയല്ല. വാച്ച്, വെള്ളി ബട്ടണുകൾ, പണം അങ്ങനെ ധാരാളം സാധനങ്ങൾ. പക്ഷേ, അതൊന്നും ഒരിക്കലും അവൾ സാരമാക്കിയില്ല.

തിരുക്കൊയിലൂരിൽ മടങ്ങിയെത്തിയ ഉടൻ പണം പോയതടക്കം വിശദീകരിച്ച് എസ്തർ ബാപ്പുവിന് എഴുതി. “ബാപ്പു, എന്റെ അശ്രദ്ധയെപ്പറ്റി അങ്ങേക്ക് നന്നായി അറിയുമല്ലോ. വാസ്തവത്തിൽ ആ പണനഷ്ടം അതിന് ലഭിച്ച ശിക്ഷയായി ഞാൻ കാണുന്നു. മറ്റാരും അതുകൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കാനിടവരരുത്. അതിനാൽ ഞാൻ സഭയുടെ ഫണ്ടിൽനിന്ന് വായ്പ എടുക്കാനുദ്ദേശിക്കുകയാണ്. ആവശ്യപ്പെട്ടാൽ എന്റെ അച്ഛൻ പണമയച്ചുതരും. പക്ഷേ, അത് ന്യായമല്ലല്ലോ. മാത്രമല്ല, അദ്ദേഹം എന്നെക്കുറിച്ച് നടത്തിയേക്കാവുന്ന കടുത്ത വിധിപ്രസ്താവങ്ങൾ കേൾക്കാൻ എനിക്ക് താൽപര്യമില്ല. എന്റെ ചെലവുകൾ ഇനിയും കുറച്ച് ലളിതമായി ജീവിക്കാനും ഇതൊരവസരമാണ്. രണ്ടുനേരം മാത്രമേ ഞാൻ അരിയാഹാരം കഴിക്കുന്നുള്ളൂ. പക്ഷേ, രാവിലെ അപ്പത്തിന്റെ കൂടെയുള്ള കാപ്പി ഒഴിവാക്കാനാവുന്നില്ല. എന്തായാലും വീട്ടിൽനിന്ന് കൊണ്ടുവന്ന കാപ്പിക്കുരു തീരുന്നതോടെ ഞാൻ അത് നിർത്തും. ഇതൊക്കെയാണെങ്കിലും എനിക്ക് ഇഷ്ടമുള്ളതുപോലെ പണം ചെലവഴിക്കാൻ ഇക്കൊല്ലം ആവില്ലെന്നത് കുറച്ച് സങ്കടംതന്നെയാണ്.”

അതോടൊപ്പം ഗാന്ധിയുമായുള്ള അടുപ്പത്തിലൂടെ ഇക്കാര്യത്തിലും തന്റെ ചിന്താഗതിയിൽ വന്ന മാറ്റം എസ്തർ വെളിപ്പെടുത്തി. “പണവും മറ്റും നഷ്ടമായതിൽ എനിക്ക് തീരെ ദുഃഖമില്ല. എന്റെ ജാഗ്രതക്കുറവിൽ ലജ്ജ മാത്രമേ ഉള്ളൂ. ഞാൻ എത്രയും അർഹിക്കുന്നതാണ് ഈ ശിക്ഷ. പക്ഷേ, ഈ സംഭവം എനിക്ക് നൽകിയ പാഠം എന്താണെന്ന് എനിക്ക് ഉറപ്പില്ല. ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നതോ, നഷ്ടപ്പെട്ടാലും വിഷമം ഉണ്ടാകാത്തവിധം ഏറ്റവും കുറച്ച് സ്വകാര്യസ്വത്തിനു മാത്രം ഉടമയാകുക എന്ന പാഠമോ?”

ബാപ്പുവിന്റെ ആഹ്വാനപ്രകാരം ഏറ്റെടുത്ത വിദേശവസ്ത്രബഹിഷ്കരണവും മറ്റും എസ്തർ തുടർന്നു. ഡെന്മാർക്കിൽനിന്ന് വസ്ത്രങ്ങളൊന്നും ഇനി അയക്കരുതെന്നും പുസ്തകങ്ങൾ മാത്രം മതിയെന്നും അവൾ ബന്ധുക്കൾക്ക് എഴുതി. ജൂൺ 22നു തന്റെ മുപ്പതാം ജന്മദിനത്തിൽ സ്വദേശി പ്രതിജ്ഞയെടുക്കാൻ എസ്തർ നിശ്ചയിച്ചു.

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.