ലക്ഷത്തിലേറെ കർഷകരെ പഞ്ചാബിലെ ഗ്രാമങ്ങളിൽനിന്ന് ഡൽഹി അതിർത്തി സമരഭൂമിവരെ എത്തി കർഷകസമരത്തിന് ദിശാബോധം നൽകിയ നേതാവാണ് ജോഗീന്ദർ സിങ് ഉഗ്രഹാൻ. ഭാരതീയ കിസാൻ യൂനിയൻ (ഉഗ്രഹാൻ) വിഭാഗം നേതാവ്. കർഷക സമരത്തെ തുടർന്ന് മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാർലമെൻറിെൻറ ഇരു സഭകളും പാസാക്കിയ ശേഷം മാധ്യമം ആഴ്ചപ്പതിപ്പുമായി അദ്ദേഹം സംസാരിക്കുന്നു.
കർഷകസമരം അതിെൻറ ഏറ്റവും പ്രധാന ആവശ്യം നേടിക്കഴിഞ്ഞു. ഇനി മുന്നോട്ടുള്ള വഴി?
വിവാദ നിയമങ്ങൾ പിൻവലിച്ചുകഴിഞ്ഞു. അക്കാര്യത്തിലിനി ഒരു സംശയവും കർഷകർക്കില്ല. മറ്റു ആവശ്യങ്ങളാണ് ഇനി ഞങ്ങൾക്ക് മുന്നിലുള്ളത്. അവയിൽ ചിലത് സമരം തുടങ്ങിയ ശേഷമുന്നയിച്ച ആവശ്യങ്ങളാണ്. ഞങ്ങൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്, രക്തസാക്ഷികളുെട കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം, ലഖിംപുർ കൂട്ടക്കൊലക്ക് ഉത്തരവാദികളായവർക്കെതിരായ നടപടി എന്നീ മൂന്ന് ആവശ്യങ്ങളും സമരത്തെ തുടർന്നുണ്ടായതാണ്.
മിനിമം താങ്ങുവില (എം.എസ്.പി)ക്കുള്ള നിയമപ്രാബല്യം, വൈദ്യുതി ബില്ലിെൻറ കാര്യം, ട്രാക്ടറുകൾക്ക് മലിനീകരണത്തിനുള്ള പിഴ എന്നിവ സമരം തുടങ്ങുേമ്പാൾതന്നെ തങ്ങൾ സർക്കാറിന് മുന്നിൽ െവച്ച ആവശ്യങ്ങളാണ്. ഇവയിലെന്താണ് സർക്കാറിെൻറ നിലപാട് എന്ന് വിവാദ നിയമങ്ങൾ പിൻവലിക്കുേമ്പാഴും അവർ പറഞ്ഞില്ല. നെന്ന ചുരുങ്ങിയത് കർഷകർക്കൊപ്പമിരുന്ന് സംഭാഷണം നടത്താനെങ്കിലും സർക്കാർ തയാറാകണം. അല്ലെങ്കിൽ സർക്കാർ രേഖാമൂലം ഞങ്ങളെ, ഇതിലെത്ര ആവശ്യങ്ങൾ അംഗീകരിച്ചു എന്നറിയിക്കണം. അങ്ങനെ വല്ല നിർദേശവും സർക്കാറിെൻറ ഭാഗത്തുനിന്ന് വന്നാലല്ലാതെ കർഷകർക്ക് എന്തു പറയാൻ കഴിയും?
മിനിമം താങ്ങുവിലയ്ക്ക് നിയമപ്രാബല്യം വേണം എന്നതല്ലേ അവശേഷിക്കുന്ന ആവശ്യങ്ങളിൽ ഏറ്റവും പ്രധാനം?
ഹരിയാനയിലും പടിഞ്ഞാറൻ യു.പിയിലും മിനിമം താങ്ങുവില പ്രധാന ആവശ്യമാണ്. കർഷകന് മിനിമം താങ്ങുവില നിർബന്ധമായും നൽകണമെന്നത് എല്ലാവരും ആഗ്രഹിക്കുന്നതാണ്. അതിനുള്ള സമരം ഞങ്ങളുടേതും താങ്കളുടേതുംകൂടിയാണ്. അത് ശരിക്കും വലിയ സമരമാണ്. അതിേലക്ക് ആദ്യ ചുവടുവെപ്പ് എന്ന നിലയിൽ വല്ല നടപടിയും സർക്കാർ ഭാഗത്തുനിന്നുണ്ടാകണം. എം.എസ്.പിയുണ്ട്, എം.എസ്.പിയുണ്ടാകും എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. ഞങ്ങളുടെ നിയമപരമായ അവകാശമായിരിക്കണം അത്. സർക്കാർ ഇൗ ദിശയിൽ വല്ലതും ചെയ്യാൻ ആഗ്രഹിക്കുന്നു എന്നെങ്കിലും ഞങ്ങൾക്ക് ബോധ്യമാകണം. എന്നാൽ അത്തരത്തിലൊന്നുമുണ്ടായില്ല.
മിനിമം താങ്ങുവിലയുടെ കാര്യത്തിൽ കർഷകർക്ക് പറയാനുള്ളതെന്താണ്?
മിനിമം താങ്ങുവിലയിൽ കുറഞ്ഞ വിലയ്ക്ക് ഒരാളും കർഷകെൻറ വിളകൾ വാങ്ങിക്കാതിരിക്കണം. അങ്ങനെ വാങ്ങുകയാണെങ്കിൽ അത് കുറ്റകരമാക്കണം. സർക്കാറിെൻറ പക്കൽ വിളകൾ ശേഖരിക്കാനുള്ള ശേഷി അതിന് മാത്രമില്ലെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. അതിനാൽ സ്വകാര്യ കമ്പനികൾ വാങ്ങുകയാണെങ്കിലും മിനിമം താങ്ങുവില നൽകണമെന്ന് സർക്കാറിനാണ് ഗാരൻറി നൽകാനാകുക. അക്കാര്യം സർക്കാറിന് മാത്രമേ ചെയ്യാൻ കഴിയൂ.
ഇക്കാര്യത്തിൽ ഏതെങ്കിലും സംസ്ഥാനങ്ങളുടെ കുറ്റമറ്റ മാതൃക സമരക്കാർക്ക് മുന്നിലുണ്ടോ?
അത്തരത്തിൽ ഒരു മാതൃകയും ഞങ്ങൾക്ക് മുന്നിലില്ല. എം.എസ്.പിയുടെ കാര്യത്തിൽ പഞ്ചാബ് മോഡൽ എന്ന് വേണമെങ്കിൽ പറയാം. പഞ്ചാബിൽ സ്വകാര്യ കമ്പനികൾ ഗോതമ്പ് സംഭരിക്കുകയാണെങ്കിലും എം.എസ്.പിക്ക് മുകളിൽ വില കൊടുത്ത് വാങ്ങണം. ഇതുവരെയായി ഗോതമ്പുവില കുറക്കേണ്ട സാഹചര്യം ഞങ്ങൾക്ക് പഞ്ചാബിലുണ്ടായിട്ടില്ല. അതേസമയം സർക്കാർ സംഭരണശേഷി ഇനിയും വർധിപ്പിക്കേണ്ടതുണ്ട്.
ലഖിംപുർ കൂട്ടക്കൊലയിൽ കേന്ദ്രമന്ത്രിയുടെ രാജി തന്നെ ആവശ്യപ്പെടുന്നതെന്തുകൊണ്ടാണ്?
കേന്ദ്ര മന്ത്രിസഭയിൽനിന്ന് അദ്ദേഹെത്ത പുറത്താക്കുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ഉണ്ടായില്ല. ആഭ്യന്തര സഹമന്ത്രിയായിരിക്കുേമ്പാൾ അയാൾക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരെങ്ങെന നടപടിയെടുക്കും? അതിനുള്ള ശേഷി പൊലീസിനില്ല. പ്രതി അധികാരസ്ഥാനങ്ങളിൽ തുടരുേമ്പാൾ കേസിലെ സാക്ഷികൾ എങ്ങനെ അയാൾക്കെതിരെ മൊഴി നൽകാൻ പോകും?
ഒന്നേകാൽ വർഷം പിടിച്ചുനിന്നിട്ടും അവസാനം ഇത്രയും കനത്ത േതാൽവി സർക്കാറിന് സമ്മതിക്കേണ്ടിവന്നത് എന്തുകൊണ്ടാണ്?
ഇൗ സർക്കാറിനെ എനിക്കും താങ്കൾക്കും അറിയാം. പുതിയ സാമ്പത്തിക നയങ്ങൾമൂലം കർഷകരോടുള്ള ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനായിരുന്നു സർക്കാറിെൻറ ശ്രമം. സർക്കാർ എല്ലാറ്റിൽനിന്നും കൈകഴുകി സ്വകാര്യ കോർപറേറ്റുകളുടെ കൈകളിലേൽപിക്കാൻ ആഗ്രഹിച്ചു. മറിച്ച് സർക്കാർ സംഭരിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതിനായി രാജ്യത്തെവിടെയെല്ലാം സർക്കാർ ചന്തകളുണ്ടോ (മണ്ഡി) അെതാക്കെ അവസാനിപ്പിക്കാനായിരുന്നു സർക്കാറിെൻറ നീക്കം. സർക്കാറിെൻറയും കർഷകരുെടയും നിലപാടുകൾ പരസ്പര വിരുദ്ധങ്ങളാണ്. അതിനാൽ മൂന്ന് കരിനിയമങ്ങൾ പിൻവലിക്കാനും എം.എസ്.പിക്ക് നിയമപ്രാബല്യം നൽകാനും സർക്കാറിനുമേൽ കനത്ത സമ്മർദമാണ് കർഷകർക്ക് സൃഷ്ടിക്കേണ്ടിവന്നത്. ഇൗ സർക്കാറിന് 2022ൽ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നേരിടാനുണ്ട്. ഉത്തരാഖണ്ഡിലും പോകാനുണ്ട്. അവിടേക്ക് പോകുേമ്പാൾ ഞങ്ങളുടെ കാര്യമെന്തായി എന്ന് ജനം ചോദിക്കും. കർഷകസമരംമൂലം ജനത്തിന് മുമ്പാകെ ഇതൊരു വിഷയമായി നിലനിന്നു. രാഷ്ട്രീയപരമായി ഇത് തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ് എന്തു ചെയ്യാം എന്ന ആലോചനയിൽനിന്നുണ്ടായതാണ് ഇൗ പിന്മാറ്റം.
ഇൗ തീരുമാനം കോർപറേറ്റുകൾക്കുകൂടിയുള്ള തിരിച്ചടിയായി കാണുന്നുണ്ടോ? ആ നിലക്ക് ഭാവിയിൽ കേന്ദ്ര സർക്കാറിെൻറ കോർപറേറ്റുകൾക്കായുള്ള നയരൂപവത്കരണത്തെ ഇൗ പോരാട്ടം സ്വാധീനിക്കുമെന്ന് കരുതുന്നുണ്ടോ?
കോർപേററ്റുകൾ ഒരുകാലത്തും നഷ്ടം സഹിക്കുകയില്ല. അവരെന്തിന് നഷ്ടം സഹിക്കണം? ഇവിടെ വിഷയം രാജ്യത്തെ വിളകൾ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ കോർപറേറ്റുകൾ ആഗ്രഹിക്കുന്നതാണ്. രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ, ജല, ൈവദ്യുതി മേഖലകളെല്ലാം തങ്ങളുടെ കൈപ്പിടിയിലായപോലെ ഭക്ഷ്യധാന്യങ്ങളും തങ്ങളുെട നിയന്ത്രണത്തിലാകണം എന്നാണ് കോർപേററ്റുകൾ ആഗ്രഹിക്കുന്നത്. ഭക്ഷ്യധാന്യങ്ങൾ അവരുെട നിയന്ത്രണത്തിലായാൽ അവ തൽക്കാലം പൂഴ്ത്തിവെച്ച് താൽക്കാലിക ക്ഷാമം ഉണ്ടാക്കി തങ്ങൾ ആഗ്രഹിക്കുന്ന വിലയ്ക്ക് വിൽക്കാൻ ഇവർക്ക് കഴിയും. അതോടെ കോർപറേറ്റുകളുടെ തന്നിഷ്ടം നടക്കും. രാജ്യത്തെ 80 ശതമാനം ജനവും ആശ്രയിക്കുന്ന പൊതുവിതരണ സമ്പ്രദായവും ഇല്ലാതാകും. നമ്മുടെ ഭക്ഷണം കോർപറേറ്റുകളുടെ നിയന്ത്രണത്തിലേക്ക് എത്തുകയെന്നതായിരിക്കും അതിെൻറ പരിണത ഫലം. കാർഷിക വിപണിയും കോർപറേറ്റുകൾ ഏറ്റെടുക്കുന്നതോടെ കർഷകർ വയലുകൾ കിട്ടുന്ന വിലയ്ക്ക് അവർക്ക് വിറ്റ് കൃഷി അവസാനിപ്പിച്ച് പോകേണ്ടിവരും. കൃഷിഭൂമിയും കോർപറേറ്റുകൾ കൈയടക്കുന്ന സ്ഥിതിവിശേഷം സംജാതമാകും. പിന്നീട് കോർപറേറ്റുകളുടെ താന്തോന്നിത്തമാകും. തൊഴിലില്ലായ്മ വർധിക്കും. സാമ്പത്തിക മാന്ദ്യമേറും.
മിനിമം താങ്ങുവിലയുടെ കാര്യത്തിൽ സർക്കാറിെൻറ ഒളിച്ചുകളിക്ക് പിന്നിൽ സ്വകാര്യ കോർപറേറ്റുകളുടെ താൽപര്യങ്ങളുണ്ടോ?
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഞങ്ങൾക്ക് വില കുറച്ച് ഭക്ഷ്യധാന്യങ്ങൾ കിട്ടുമല്ലോ എന്നായിരിക്കും സർക്കാർ പറയുന്നത്. എന്നാൽ രാജ്യത്തെ കർഷകരെ സർക്കാർ രക്ഷിക്കേണ്ടതുണ്ടോ ഇല്ലേ എന്നതാണ് ചോദ്യം. രാജ്യത്തെ രക്ഷിക്കണമെങ്കിൽ കർഷകനെ രക്ഷിക്കണം.
കർഷകരെ രക്ഷിക്കാൻ 80 ശതമാനം സബ്സിഡി പോലും നൽകുന്ന രാജ്യങ്ങളുണ്ട്. കൃഷിയിറക്കാനുള്ള ചെലവ് കുറക്കാനെങ്കിലും സർക്കാർ തയാറാകണം. അങ്ങനെ ചെയ്താൽ അതുവഴി വില കുറക്കാനും സാധിക്കും. കർഷകർക്കും ലാഭം കിട്ടും. കൃഷിക്കുള്ള ചെലവ് കുറക്കാനും തയാറല്ല, മിനിമം താങ്ങുവില കൂട്ടി വാങ്ങാനും തയാറല്ല എന്ന് പറഞ്ഞാൽ എങ്ങനെ നടക്കും.
കർഷകരുടെ ചരിത്രസമരം ഒരു വർഷവും മൂന്നു മാസവും പിന്നിട്ടു. ഡൽഹി അതിർത്തിയിലേക്ക് ഏറ്റവും കൂടുതൽ കർഷകരുമായി എത്തിയ നേതാവെന്ന നിലയിൽ എന്തുമാത്രം കഷ്ടനഷ്ടങ്ങൾ താങ്കളും അനുയായികളും നേരിട്ടു?
അനുഭവിച്ച കഷ്ടപ്പാടുകൾ പറഞ്ഞുതീർക്കാനാവില്ല. അതിനുമാത്രം അത്യാഹിതങ്ങളാണുണ്ടായത്. ഇത്രയും മനുഷ്യർക്ക് രക്തസാക്ഷികളാേകണ്ടി വന്നതാണ് ഏറ്റവും വലിയ അത്യാഹിതം. അകലങ്ങളിൽനിന്ന് വീട് വിട്ടിറങ്ങി നടുറോഡിൽ ഒന്നേകാൽ വർഷമായി ഇരിക്കുന്ന മനുഷ്യർ അനുഭവിച്ച യാതനകൾക്ക് കണക്കില്ല. ഇൗ വന്നിരിക്കുന്ന മനുഷ്യർ അനുഭവിച്ച മാനസിക പീഡനങ്ങൾക്ക് കണക്കില്ല. രാത്രികളിൽ ഞങ്ങളൊക്കെ ഉറങ്ങാതെ ഇരിക്കുകയായിരുന്നു. സമരപ്പന്തലിന് പലപ്പോഴായി തീവെച്ചു. പലരും അപകടങ്ങളിൽപെട്ടു. രോഗബാധിതർ രാത്രികാലങ്ങളിൽ പ്രയാസങ്ങളേറെ അനുഭവിച്ചു. ഒരിക്കൽ കൊടുങ്കാറ്റിൽ ടെൻറുകളെല്ലാം തകർന്നു. ലഹരിയിൽ ചിലർ വന്ന് കുഴപ്പങ്ങളുണ്ടാക്കി. കനത്ത മഴയും കടുത്ത ശൈത്യവുംകൊണ്ടുള്ള കഷ്ടപ്പാടുകൾ... ഇങ്ങനെ എണ്ണിയാൽ തീരാത്ത ദുരിതങ്ങളുടെ കാലമാണ് കടന്നുപോയത്. എന്നിട്ടും നിശ്ചയദാർഢ്യത്തോടെ സമരഭൂമിയിൽ ഉറച്ചുനിന്ന കർഷകർക്ക് രാജ്യം അഭിവാദ്യം അർപ്പിക്കണം.
സമരം അവസാനിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ചക്ക് മുന്നിൽ ഭാരതീയ കിസാൻ യൂനിയൻ (ഉഗ്രഹാൻ) വെക്കുന്ന നിർദേശമെന്താണ്?
ഞങ്ങളെല്ലാവരും ഒരുമിച്ച് വന്നതാണ് ഇൗ സമരത്തിന്. ഇവിടെനിന്ന് സമരം അവസാനിപ്പിച്ച് എഴുന്നേൽക്കുന്നതും ഒരുമിച്ചാകണം. തീർപ്പായ വിഷയങ്ങൾ കഴിഞ്ഞു. അവശേഷിക്കുന്ന വിഷയങ്ങളിൽ കർഷകർ സമരവുമായി മുന്നോട്ടുപോകണം. അതിർത്തിയിലിരുന്ന് തന്നെ സമരം തുടരണമെന്നില്ല. തുടർന്ന് സമരം മുന്നോട്ടുകൊണ്ടുപോകേണ്ടത് ഏത് തരത്തിലായിരിക്കണമെന്ന് സംയുക്തമായി തീരുമാനിക്കണം. കർഷകർക്ക് ഏതായാലും സമരം മുന്നോട്ടുകൊണ്ടുപോകേണ്ടി വരും. ഇത്രയും നാൾ കാത്തുസൂക്ഷിച്ച വീര്യം ഇനിയും നഷ്ടമാകാതെ കാക്കണം.
ഇൗ കർഷകസമരം രാജ്യത്തെ കർഷകരുടെ മുന്നോട്ടുള്ള പ്രയാണത്തിന് ദിശ നിർണയിച്ചുകഴിഞ്ഞു എന്ന ആത്മവിശ്വാസമുണ്ടോ? ഭാവിയിലും കർഷകർക്ക് സംഘടിക്കാൻ സംയുക്ത കിസാൻ മോർച്ചപോലൊരു വേദി സഹായകമാകുമോ?
ഇത്രയും ദീർഘിച്ച സമാധാനപൂർണമായ ഒരു സമരം രാജ്യത്തിെൻറ ചരിത്രത്തിലും ലോകചരിത്രത്തിലും ആദ്യമാണ്. ഭരണകൂടം ഇൗ സമരം പൊളിക്കാൻ നാനാവിധത്തിലുള്ള മാർഗങ്ങളും നോക്കി. പല ടാഗുകൾ നൽകി. പഞ്ചാബിൽനിന്നുള്ള ഖലിസ്ഥാൻ മൂവ്മെൻറ് എന്ന ടാഗ് ആയിരുന്നു ആദ്യം നൽകിയത്. അവരെ സഹായിക്കുന്നവരാണെന്നു പറഞ്ഞ് വലിയ ആക്രമണമാണ് കർഷകസമരത്തിനെതിരെ ബി.ജെ.പി നടത്തിയത്. ഹിന്ദുത്വവാദികളും വർഗീയവാദികളും നിരന്തരം ആക്രമിച്ചു. സംസ്ഥാന സർക്കാറുകളും പലതരത്തിൽ നേരിട്ടു. എന്നിട്ടും സമരമാർഗത്തിൽനിന്ന് പിന്തിരിയാതെ ഏറ്റവും മികച്ച രീതിയിൽ കർഷകർ സമരം ലക്ഷ്യത്തിലെത്തിച്ചു.
ഇതാദ്യമായാണ് വിവിധ വിചാരധാരകളും ചിന്താഗതികളും ആശയാദർശങ്ങളുമുള്ള സംഘടനകൾ ഒരു മിനിമം പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ യോജിച്ചുനിന്ന് ഒരു നല്ല സമരമാതൃക രാജ്യത്തിന് കാണിച്ചുകൊടുത്തത്. ഇന്ത്യക്ക് മാത്രമല്ല, ലോകത്തെങ്ങുമുള്ള തൊഴിലാളി സംഘടനകൾക്കും ട്രേഡ് യൂനിയനുകൾക്കുമുള്ള സമരമാതൃകകൂടിയാണിത്. അവർക്കും ആത്മവിശ്വാസവും ആവേശവും നൽകിയ സമരമാതൃകയായി ഇന്ത്യൻ കർഷകരുടെ സമരം മാറി. പുതിയ സാമ്പത്തിക ക്രമത്തിനെതിരെയുള്ള കർഷകരുടെ പോരാട്ടവിജയമായാണ് അവരിതിനെ കാണുന്നത്. അമേരിക്കയിൽ ആറു ശതമാനമുണ്ടായിരുന്ന കർഷകർ ഇന്ന് കേവലം ഒന്നര ശതമാനമായി കുറഞ്ഞു. മറ്റേത് രാജ്യങ്ങളെടുത്താലും കർഷക സംഘടനകളും ട്രേഡ് യൂനിയനുകളും പരാജയപ്പെട്ട് പിന്മാറിയ അനുഭവങ്ങളാണുള്ളത്. അവർക്ക് കൂടി ദിശ നിർണയിച്ചുകൊടുത്ത സമരമാണിതെന്ന് അവർ തന്നെയാണ് പറയുന്നത്. ലോകത്തിന് ഒന്നാകെ കർഷക സമരത്തിെൻറ ഏറ്റവും നല്ല ഉദാഹരണമായി ഇത് മാറി.
ബി.ജെ.പിയെ തോൽപിക്കാൻ നേരിട്ടിറങ്ങി ഉത്തർപ്രദേശിൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ് സംയുക്ത കിസാൻ മോർച്ച. ഇതോടെ കർഷക സമരത്തിന് രാഷ്ട്രീയലക്ഷ്യം കൂടി കൈവരുകയാണോ?
പലതരം ചിന്താഗതിക്കാർ യോജിച്ചുനിന്ന് നടത്തിയ സമരമാണിത്. പലതരത്തിലുള്ള സംഘടനകൾ ഇൗ സംയുക്ത സമരത്തിെൻറ ഭാഗമായി. ചില സംഘടനകൾക്ക് പിറകിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ സംഘടനകളുമുണ്ടായിരുന്നു. അവർക്ക് ബന്ധമുള്ള രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യും. എന്നാൽ, ഞങ്ങൾ ഒരിക്കലും വോട്ട് ആർക്ക് ചെയ്യണമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല, പറയുകയുമില്ല. എന്നാൽ, ബി.ജെ.പി 2014 മുതൽ 2021 വരെ എന്താണ് ഞങ്ങളോട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങൾ പറയും. എന്തുമാത്രം ആക്രമണങ്ങളാണ് അവർ കർഷകർക്ക് നേരെ നടത്തിയതെന്നും എന്തൊക്കെ ടാഗുകളുപയോഗിച്ചാണ് അവർ സമരത്തിന് പ്രതിബന്ധങ്ങളുണ്ടാക്കിയതെന്നും ഞങ്ങൾ ജനങ്ങളോട് പറയും. ബാക്കി തീരുമാനം ജനങ്ങളെടുക്കും. വോട്ട് ആർക്കു ചെയ്യണം, ആർക്ക് ചെയ്യരുത് എന്ന് അവർ തീരുമാനിച്ചോളും. അല്ലാതെ ബി.ജെ.പിക്കെതിരെ വോട്ടുചെയ്യണമെന്ന് പിന്നെ പറയേണ്ട കാര്യമില്ല (ചിരിക്കുന്നു).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.