‘എഴുത്ത് നിര്‍ത്തിയതില്‍ പശ്ചാത്താപമില്ല’

നീണ്ട നാളുകളായി നളിനി ബേക്കൽ മുഖ്യധാരയിൽ ഇല്ല. എഴുത്തുനിർത്തി അവർ പിന്നണിയിലേക്ക്​ മറഞ്ഞു. ഇപ്പോൾ സപ്​തതി. ത​െന്റ സര്‍ഗജീവിതത്തിലെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്​ നളിനി ബേക്കൽ ഇൗ സംഭാഷണത്തിൽ.പതിറ്റാണ്ടു നീണ്ട മൗനത്തിനുശേഷം നളിനി ബേക്കല്‍ വായനക്കാര്‍ക്കു മുന്നില്‍ മനസ്സ് തുറക്കുകയാണ്​. അവർ എഴുത്തിനെപ്പറ്റിയും ജീവിതത്തെപ്പറ്റിയും തുറന്നുപറയുന്നു. ആദ്യ നോവല്‍ ‘തുരുത്ത്’ ‘മാതൃഭൂമി’യുടെ നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയിരുന്നു. അക്കാലത്തെ എഴുത്തിനെപ്പറ്റി ഓര്‍ക്കാമോ? 1977ലാണ് ‘തുരുത്ത്’ ‘മാതൃഭൂമി’യുടെ മത്സരത്തിന് അയക്കുന്നതും സമ്മാനം നേടുന്നതും. കഥകള്‍...

നീണ്ട നാളുകളായി നളിനി ബേക്കൽ മുഖ്യധാരയിൽ ഇല്ല. എഴുത്തുനിർത്തി അവർ പിന്നണിയിലേക്ക്​ മറഞ്ഞു. ഇപ്പോൾ സപ്​തതി. ത​െന്റ സര്‍ഗജീവിതത്തിലെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്​ നളിനി ബേക്കൽ ഇൗ സംഭാഷണത്തിൽ.

പതിറ്റാണ്ടു നീണ്ട മൗനത്തിനുശേഷം നളിനി ബേക്കല്‍ വായനക്കാര്‍ക്കു മുന്നില്‍ മനസ്സ് തുറക്കുകയാണ്​. അവർ എഴുത്തിനെപ്പറ്റിയും ജീവിതത്തെപ്പറ്റിയും തുറന്നുപറയുന്നു.

ആദ്യ നോവല്‍ ‘തുരുത്ത്’ ‘മാതൃഭൂമി’യുടെ നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയിരുന്നു. അക്കാലത്തെ എഴുത്തിനെപ്പറ്റി ഓര്‍ക്കാമോ?

1977ലാണ് ‘തുരുത്ത്’ ‘മാതൃഭൂമി’യുടെ മത്സരത്തിന് അയക്കുന്നതും സമ്മാനം നേടുന്നതും. കഥകള്‍ നേരത്തേതന്നെ എഴുതുമായിരുന്നു. നോവല്‍ എഴുതുന്നതിനെപ്പറ്റി ആലോചന നടത്തുകയും ചില കുറിപ്പുകള്‍ തയാറാക്കുകയും ചെയ്തപ്പോഴാണ് ‘മാതൃഭൂമി’യുടെ നോവല്‍ മത്സരം സംബന്ധിച്ച അറിയിപ്പ് വരുന്നത്. അങ്ങനെ അയച്ചു. അറിയിപ്പ് വന്നതിനുശേഷം ഒന്നരമാസത്തെ സാവകാശം മാത്രമേ കിട്ടിയുള്ളൂ. അതിനിടെ എഴുതി അയക്കുകയാണുണ്ടായത്. 300ഓളം രചനകളില്‍നിന്നാണ് ‘തുരുത്ത്’ തിരഞ്ഞെടുക്കപ്പെട്ടത് എന്നത് വലിയ അംഗീകാരമായി തോന്നി. അച്ഛന്‍ വലിയ കര്‍ക്കശ സ്വഭാവക്കാരനായിരുന്നു.

പാഠപുസ്തകങ്ങളല്ലാതെ മറ്റൊന്നും വായിക്കുന്നത് അച്ഛന് ഇഷ്ടമല്ല. രാത്രിയായാല്‍ പിന്നെ പാഠപുസ്തകങ്ങള്‍ക്കൊപ്പം മറ്റുള്ളവയും വായിക്കും. എഴുത്തും വായനയും നേരംവൈകുവോളം തുടരും. ‘തുരുത്തി’ന് സമ്മാനം കിട്ടിയപ്പോള്‍ അച്ഛനും സന്തോഷമായി. വായനയുടെ നിയമങ്ങളില്‍ ചില്ലറ അയവു വന്നു.

നോവലിന് സമ്മാനം കിട്ടിയപ്പോള്‍ നാട്ടുകാരുടെ പ്രതികരണം എന്തായിരുന്നു? ആദ്യകാലത്തെ വായന എങ്ങനെയാണ് പുരോഗമിച്ചത്?

നാട്ടുകാരുമായി വലിയ കണക്ഷന്‍ ഒന്നുമുള്ള കാലമല്ലല്ലോ. അടുത്ത സുഹൃത്തുക്കള്‍ എന്നുപറയാനും അധികമാളില്ല. ഉള്ളവര്‍തന്നെ ഇടക്കു കാണും. വരും പോകും എന്നുമാത്രം. എന്നാല്‍, കുഗ്രാമമായ ബേക്കലില്‍ ഇത്തരമൊരു സാഹിത്യസമ്മാനം എത്തിയത് എല്ലാവര്‍ക്കും വലിയ വിസ്മയമായിരുന്നു. അതിന്റെ ആഹ്ലാദം പലരും പങ്കുവെച്ചു. ഏട്ടന്‍ ചന്ദ്രശേഖരന്‍ നല്ല വായനക്കാരന്‍ ആയിരുന്നു. ലൈബ്രറിയില്‍നിന്ന് പുസ്തകം കൊണ്ടുവന്ന് വായിക്കും.

ഏട്ടന്‍ വായിക്കാത്ത സമയം ഞാനെടുത്ത് വായിക്കും. ഹൈസ്‌കൂള്‍കാലത്ത് കൂടെ പഠിച്ചിരുന്ന ലക്ഷ്മി എന്ന കൂട്ടുകാരിയെ മറക്കാനാവില്ല. അവളുടെ ജ്യേഷ്ഠന്‍ അടുത്തുള്ള പാലക്കുന്ന് ലൈബ്രറിയുടെ നടത്തിപ്പുകാരനായിരുന്നു. ഏട്ടന്‍ വഴി ലക്ഷ്മിക്ക് പുസ്തകങ്ങള്‍ കിട്ടും. അവള്‍ എനിക്ക് കൊണ്ടുത്തരും. ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’മൊക്കെ അങ്ങനെയാണ് വായിച്ചത്. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ലൈബ്രറിയുണ്ടായിരുന്നു. അവിടെ നിന്ന് അച്ഛന്‍ ഏട്ടനുവേണ്ടി പുസ്തകം എടുക്കും. അതും എനിക്ക് വായിക്കാന്‍ കിട്ടുമായിരുന്നു.

‘തുരുത്ത്’, ‘ഹംസഗാനം’ എന്നിവയുടെ ആധാരശ്രുതി ദുരന്തങ്ങളാണെന്ന് കാണാം. അതിന്റെ കാരണമെന്താണ്?

അങ്ങനെ പലരും ചോദിച്ചിട്ടുണ്ട്. ദുരന്തം ചിത്രീകരിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചിട്ടില്ല. ദുരന്തം എന്ന ചിന്ത പലപ്പോഴും ഉണ്ടായിട്ടുമില്ല. ഒന്നും മുന്‍കൂട്ടി നിശ്ചയിച്ച് എഴുതുകയല്ല. മനസ്സിലേക്ക് വരുന്നത് എഴുതുന്നു എന്നുമാത്രം. എഴുത്തില്‍ കടന്നുവരുന്ന ദുരന്തങ്ങളെല്ലാം ഒരു നിമിത്തമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പലരും പലതരം പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. വീട്ടിനകത്തും കുടുംബത്തിലും പ്രശ്‌നങ്ങളുണ്ടാവാം. അതുമായി ബന്ധപ്പെട്ട് അച്ഛനും മറ്റും സംസാരിക്കും. അതെല്ലാം നമ്മുടെ മനസ്സ് പിടിച്ചെടുക്കും. പിന്നെ കഥയില്‍ അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കും.

അതല്ലാതെ സ്വന്തം അനുഭവങ്ങള്‍ ഒന്നും ഉണ്ടാവില്ല. പത്തും ഇരുപതും വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് എന്ത് അനുഭവം ഉണ്ടാകാനാണ്. കണ്ടതും കേട്ടതുമെല്ലാം കഥയായി മാറും അത്രതന്നെ.എന്നാല്‍, ‘കണ്വതീര്‍ത്ഥ’യിലെ പെണ്‍കുട്ടിയെ തെങ്ങിൽ കെട്ടി തീ കൊളുത്തുന്ന സംഭവം വീടിനടുത്ത് ഉണ്ടായതാണ്. അതിന് നേരിട്ട് സാക്ഷിയായിട്ടില്ലെങ്കിലും വ്യക്തമായി അറിയാം. അക്കാലത്ത് അത്തരം സംഭവങ്ങള്‍ പതിവാണ്. അതിന് ഭാവനയുടെ നിറംകൂടി നല്‍കുമ്പോള്‍ കഥയായി രൂപാന്തരപ്പെടുന്നു.

മാനസി, ഗ്രേസി, ചന്ദ്രമതി തുടങ്ങിയ എഴുത്തുകാരികള്‍ താങ്കളുടെ കാലത്ത് തന്നെ എഴുതി തുടങ്ങിയവരല്ലേ. അവരുമായുള്ള ബന്ധം എങ്ങനെയായിരുന്നു?

മാനസി എന്നേക്കാള്‍ സീനിയര്‍ ആയ എഴുത്തുകാരിയാണ്. ഗ്രേസി എനിക്കുശേഷമാണ് സജീവമായത്. ഞാന്‍ തൃശൂര്‍ ആകാശവാണിയില്‍ സാഹിത്യരംഗത്തില്‍ കഥ അവതരിപ്പിക്കുന്ന കാലത്ത് ഗ്രേസി വനിതാവിഭാഗത്തില്‍ കഥ അവതരിപ്പിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഞാന്‍ എഴുത്തുനിര്‍ത്തിയശേഷമാണ് ഗ്രേസി കൂടുതല്‍ ശ്രദ്ധേയയായി തീര്‍ന്നത്. ചന്ദ്രമതിയും അക്കാലത്ത് എഴുതിത്തുടങ്ങി. ഇവരുമായൊന്നും വലിയ അടുപ്പം അന്നും ഇന്നും ഇല്ല.

കാസര്‍കോടിന്റെ സാഹിത്യപാരമ്പര്യം എങ്ങനെ കാണുന്നു?

കവി ഉബൈദിനെയാണ് ആദ്യം ഓര്‍മവരുന്നത്. അദ്ദേഹത്തിന്റെ കവിതകള്‍ കാസര്‍കോടിന്റെ മണ്ണില്‍നിന്ന് മുളച്ചുപൊന്തിയതാണല്ലോ. കുട്ടമത്ത് എന്ന കവിയെയും മറക്കാനാവില്ല. മഹാകവി കുഞ്ഞിരാമൻ നായര്‍ കാഞ്ഞങ്ങാടുകാരനാണെങ്കിലും താമസിയാതെ നിളയുടെ തീരത്തേക്കും മറ്റും പോന്നുവല്ലോ. അദ്ദേഹം കേരളത്തിന്റെ മൊത്തം മേല്‍വിലാസത്തിലാണ് പിന്നീട് അറിയപ്പെട്ടത്. എന്റെ തലമുറയില്‍ ബാലകൃഷ്ണന്‍ മാങ്ങാട് ആണ് അറിയപ്പെടുന്ന എഴുത്തുകാരന്‍.

ഇപ്പോഴത്തെ എഴുത്തുകാരില്‍ അംബികാസുതന്‍ മാങ്ങാട്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് തുടങ്ങിയവരുമായൊന്നും കോണ്‍ടാക്ടില്ല. ശിഹാബുദ്ദീനെ ഞാന്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. ഒരുകാലത്തും എഴുത്തുകാരുമായി അടുപ്പം സ്ഥാപിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല. ഞാന്‍ നേരില്‍ കണ്ട ആദ്യത്തെ എഴുത്തുകാരന്‍ സി.പി. ശ്രീധരന്‍ ആയിരിക്കും. ഏതോ ഒരു സാഹിത്യ പരിപാടിയില്‍. നോവല്‍, കഥാ ക്യാമ്പുകളിലൊന്നും ഞാന്‍ ഇതേവരെ പങ്കെടുത്തിട്ടില്ല.

താങ്കളുടെ രചനകളെ നിരൂപകര്‍ എങ്ങനെ വിലയിരുത്തി എന്ന്് ശ്രദ്ധിച്ചിട്ടുണ്ടോ?

എന്റെ എഴുത്തിനെ നിരൂപകര്‍ വിലയിരുത്തിയോ എന്നറിയില്ല. കാരണം, ഞാന്‍ അല്‍പംപോലും അത് ശ്രദ്ധിച്ചിട്ടില്ല. നിരൂപകര്‍ എന്റെ കൃതികളെപ്പറ്റി എഴുതിയാലും എഴുതാതിരുന്നാലും എനിക്ക് ഒരുപോലെയാണ്. അതെന്റെ വിഷയമേയല്ല. എന്നെ സംബന്ധിച്ചിടത്തോളം എഴുതുന്നതോടെ ആ വിഷയം കഴിഞ്ഞു. അതില്‍ എന്റെ താല്‍പര്യം കുറഞ്ഞു.

പിന്നെ അടുത്ത ആശയം ഏത് എന്നായിരിക്കും ചിന്ത. എന്റെ കൃതി എന്റേത് മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍ മറ്റാര്‍ക്കും പങ്കില്ല. പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ആര്‍ക്കും ഒന്നും തിരുത്താനോ വായിക്കാനോ ഞാന്‍ കൊടുക്കാറില്ല. ഇപ്പോള്‍ പലരും രചനകള്‍ പരസ്പരം വായിക്കാന്‍ കൊടുക്കുകയും രചനാസമ്പ്രദായവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നതായും മറ്റും കേള്‍ക്കാറുണ്ട്. ഞാന്‍ അതിന് ഒരിക്കലും തയാറായിട്ടില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നുമില്ല.

പുസ്തകങ്ങള്‍ക്ക് പുതിയ പതിപ്പുകള്‍ വരുന്നില്ല. അക്കാര്യത്തില്‍ വ്യക്തിപരമായ താല്‍പര്യക്കുറവ് ഉണ്ടോ?

എന്റെ ‘തുരുത്ത്’ ഉള്‍പ്പെടെയുള്ള ആദ്യകാല കൃതികള്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസിദ്ധീകരിച്ചത്. നാഷനല്‍ ബുക്‌സ്റ്റാള്‍ വഴി. പിന്നീട് സംഘത്തിന് അതിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ ക്ഷീണാവസ്ഥയുണ്ടായി എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എഡിഷനുകള്‍ ഇറക്കുന്ന കാര്യത്തില്‍ താമസം നേരിട്ടു. എന്റെ പുസ്തകങ്ങള്‍ക്ക് പുതിയ എഡിഷന്‍ വരണമെന്ന താല്‍പര്യത്തോടുകൂടി ഞാന്‍ രംഗത്ത് വരാറില്ല. അതിന് താല്‍പര്യമില്ല. ആരുടെയെങ്കിലും അടുത്ത് സ്വാധീനം ചെലുത്താന്‍ പോവാറുമില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല.

ഇപ്പോഴും എപ്പോഴും അതാണ് നിലപാട്. എഴുത്ത് എന്നെ സംബന്ധിച്ചിടത്തോളം തീര്‍ത്തും യാദൃച്ഛികമാണ്. ഒരുശതമാനംപോലും ബാഹ്യപ്രേരണയില്ല. ബേക്കല്‍ എന്ന റിമോട്ട് ഏരിയയില്‍നിന്ന് എഴുത്തുകാരിയായി പുറത്തുവന്നു എന്നത് തന്നെ വലിയ നേട്ടമായി കാണുന്നു. ചെറുപ്പകാലത്ത് വായനയായിരുന്നു പ്രധാനം എന്നു പറഞ്ഞുവല്ലോ. ഉപ്പു പൊതിഞ്ഞു കൊണ്ടുവരുന്ന കടലാസ് വരെ അരിച്ചുപെറുക്കി വായിക്കും. എഴുത്തുമുറി തുടങ്ങിയ സംവിധാനങ്ങളൊന്നും അന്നില്ല. സ്വാതന്ത്ര്യത്തോടെ എഴുതാന്‍ കഴിഞ്ഞു. അതങ്ങനെ സംഭവിക്കുകയായിരുന്നു. അതില്‍ കവിഞ്ഞ് ഒന്നും ഒരുകാലത്തും ആഗ്രഹിച്ചിട്ടില്ല.

പായിപ്ര രാധാകൃഷ്ണൻ

 

‘ശിലാവനങ്ങള്‍’ ആണല്ലോ ഒടുവില്‍ പ്രസിദ്ധീകരിച്ച നോവല്‍. അതിന്റെ പശ്ചാത്തലം..?

ചില നല്ല പുസ്തകങ്ങള്‍ എഴുതാന്‍ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. ‘ശിലാവനങ്ങള്‍’ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃതികളില്‍ ഒന്നാണ്. അത് വായനക്കാര്‍ പൂര്‍ണമായും മനസ്സിലാക്കിയോ എന്നറിയില്ല. ഒരാള്‍ മരണത്തിന് തൊട്ടുമുമ്പ് കൂടുതല്‍ സമയം തന്റെ ബാല്യകാലത്തെക്കുറിച്ച് ആലോചിക്കും. ബാല്യത്തിലേക്ക് മനസ്സുകൊണ്ട് തിരിച്ചുപോകുന്ന ഒരു അവസ്ഥയുണ്ടാവും. അതാണ് ഞാന്‍ ആ നോവലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ഭദ്ര എന്ന പെണ്‍കുട്ടി അങ്ങനെ തിരിച്ചുപോകുന്നുണ്ട് നോവലില്‍. ശാസ്ത്രീയമായ ഒരു സമീപനമാണത്. അത് വായനക്കാര്‍ എത്രമാത്രം ഉള്‍ക്കൊണ്ടു എന്നറിയില്ല. ‘മാതൃഭൂമി’യില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാനിരുന്ന നോവലായിരുന്നു അത്. അന്ന് എം.ടി. വാസുദേവൻ നായര്‍ വാരികയുടെ എഡിറ്റര്‍ ആയിരുന്ന കാലമാണ്. ‘ശിലാവനങ്ങള്‍’ പ്രസിദ്ധീകരിക്കാമെന്ന് എം.ടി പറഞ്ഞു.

നോവലിനെപ്പറ്റി നല്ല അഭിപ്രായവും പറയുകയുണ്ടായി. എന്നാല്‍, അതിനിടെ എം.ടി ‘മാതൃഭൂമി’ വിട്ടു. പിന്നീട് വാരിക കൈകാര്യം ചെയ്തവര്‍ ‘ശിലാവനങ്ങളു’ടെ കാര്യം വിട്ടുപോയി. പ്രസിദ്ധീകരിക്കുമോ എന്നാരാഞ്ഞപ്പോള്‍ അനുകൂലമായ മറുപടിയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ മറ്റു പ്രസിദ്ധീകരണങ്ങളെ സമീപിച്ചുമില്ല. ഏതായാലും ‘മാതൃഭൂമി’യില്‍ വന്നില്ല. പിന്നീട് തൃശൂര്‍ കറന്റ്ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. ‘ശിലാവനങ്ങള്‍’ക്കു ശേഷം കുട്ടികള്‍ക്കുവേണ്ടി ഒരു നോവല്‍ എഴുതി.

‘കുഞ്ഞുതെയ്യം’ എന്ന പേരില്‍. കവി എസ്. രമേശന്‍നായരുടെ ആവശ്യപ്രകാരമായിരുന്നു അത്. നാല്‍പത് എഴുത്തുകാരുടെ പത്ത് വീതം പുസ്തകങ്ങള്‍ നാലുതവണയായി പ്രസിദ്ധീകരിക്കുന്ന ഒരു സ്‌കീം ആയിരുന്നു അത്. അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധം കാരണം എഴുതി. കുട്ടികള്‍ക്കായി എന്തെങ്കിലും എഴുതണമെന്ന് നേരത്തേ ആഗ്രഹിച്ചതായിരുന്നു. 2004ലാണ് അത് ഇറങ്ങിയത്. കുട്ടികള്‍ക്ക് അത് ഇഷ്ടപ്പെട്ടു എന്നാണ് തോന്നുന്നത്.

? ‘മുച്ചിലോട്ടമ്മ’ എന്ന കൃതി തനി നാടന്‍ ഭാഷയും പ്രയോഗവുംകൊണ്ട് ഹൃദ്യവും മനോഹരവുമാണ്. അതിന്റെ പിന്നിലുള്ള കഥ എന്താണ്?

കരിപ്പോടി എന്ന സ്ഥലത്ത് ഞങ്ങള്‍ താമസിക്കുന്ന കാലം മുച്ചിലോട്ട് ഭഗവതിയുടെ ക്ഷേത്രം വീട്ടില്‍നിന്ന് നോക്കിയാല്‍ കാണാം. ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള മരങ്ങളില്‍നിന്ന് സന്ധ്യയായാല്‍ വവ്വാലുകള്‍ കൂട്ടത്തോടെ പറന്നുപോകുന്നത് കാണാം. നേരം പുലരുമ്പോള്‍ എല്ലാം വീണ്ടും കൂടണയും. അന്നൊക്കെ പെണ്‍കുട്ടികളെ പതിനഞ്ച്, പതിനാറ് വയസ്സാകുമ്പോള്‍ വിവാഹം ചെയ്തയക്കും. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് അച്ഛന്‍ എന്റെ വിവാഹം നടത്താന്‍ ആലോചിച്ചിരുന്നു.

എല്ലാ കാര്യങ്ങളും റെഡിയായിരുന്നു. പിന്നെ എന്തോ നടക്കാതെ പോയി. എന്റെ വീടിന് അടുത്തുള്ള നാരായണി എന്ന പെണ്‍കുട്ടിയെ ഓര്‍ക്കുന്നു. എന്തുകൊണ്ടോ അവള്‍ക്ക് കല്യാണമായില്ല. ജാതകദോഷമോ എന്തോ ആണ് പറഞ്ഞുകേട്ടത്. അവള്‍ പിന്നീട് നഴ്സിങ്ങിന് പഠിച്ചു. നാരായണിയുടെ ജീവിത സന്ദര്‍ഭമാണ് ‘മുച്ചിലോട്ടമ്മ’യില്‍ കാവേരി എന്ന കഥാപാത്രത്തിനായി ഉപയോഗിച്ചത്. വീട് മേയുന്ന പുല്ല് (മുളി) അരിയുന്നത് സ്ത്രീകളുടെ പ്രധാന ജോലിയായിരുന്നു അന്ന്.

മിക്ക വീടുകളും പുല്ലുമേഞ്ഞതായിരിക്കും. ഓടിട്ട വീടുകള്‍ വളരെ കുറവാണ്. സ്ത്രീകള്‍ പുലര്‍ച്ചെ മൂന്ന് മണിക്കൊക്കെ എഴുന്നേറ്റ് പുല്ലരിയാന്‍ പോകും. അവരുടെ ഉച്ചത്തിലുള്ള സംസാരവും ചിരിയും വീടുകളിലേക്ക് കേള്‍ക്കാം. അതൊരു പ്രത്യേക സംസ്‌കാരമായിരുന്നു. അത്തരത്തില്‍ അധ്വാനശീലരായ സ്ത്രീകളുടെ പ്രതിനിധിയാണ് ‘മുച്ചിലോട്ടമ്മ’യിലെ കാരിച്ചി. അവര്‍ ഒരു പ്രതീകമാണ്. താന്‍പോരിമയുടെയും അധ്വാനത്തിന്റെയും എല്ലാം. നമ്മള്‍ കണ്ടതോ കടമെടുത്തതോ ആയ സംഭവങ്ങളാണല്ലോ എഴുത്തില്‍ വരുന്നത്. അതിന് നമ്മളുടേതായ ഭാഷ്യം കൊടുക്കുന്നു എന്നേയുള്ളൂ. ‘മുച്ചിലോട്ടമ്മ’യിലും അതാണ് സംഭവിക്കുന്നത്.

നോവല്‍ എഴുതുന്നതിനുമുമ്പ് കഥകളും പുറത്തുവന്നുവല്ലോ. അതിനെപ്പറ്റിയുള്ള ഓര്‍മകള്‍ പറയാമോ?

അമ്മയെ കണ്ടവരുണ്ടോ എന്ന കഥയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. 1976ലോ മറ്റോ ആവണം. ആ കഥയെപ്പറ്റി ‘സാഹിത്യവാരഫല’ത്തില്‍ എം. കൃഷ്ണന്‍ നായര്‍ അഭിനന്ദന രൂപത്തില്‍ അഭിപ്രായം പറഞ്ഞു. അപ്പോള്‍ വലിയ സന്തോഷം തോന്നി. അംഗീകാരം കിട്ടിയപോലെ അനുഭവപ്പെട്ടു. ആത്മവിശ്വാസം വര്‍ധിക്കാനും അത് കാരണമായി. എന്നാല്‍, ആദ്യകഥയും ആദ്യകാലത്ത് എഴുതിയ പല കഥകളും സമാഹാരങ്ങളില്‍ ചേര്‍ക്കുകയുണ്ടായില്ല. അങ്ങനെ വേണ്ടെന്ന് തോന്നി. ‘ഒറ്റക്കോലം’ എന്ന കഥാസമാഹാരം തന്നെ വൈകിയാണ് വരുന്നത്.

 

‘തുരുത്ത്’ സിനിമയാക്കാന്‍ ആലോചനകള്‍ നടന്നതായി കേട്ടിട്ടുണ്ട്?

‘തുരുത്ത്’ സിനിമയാക്കാന്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ചത് രാമു കാര്യാട്ട് ആയിരുന്നു. അദ്ദേഹം ഇത് സംബന്ധിച്ച് എനിക്ക് എഴുതി. 1977 ജൂണില്‍ ആണത്. ‘തുരുത്ത്’ താന്‍ വായിച്ചിട്ടില്ലെന്നും കഥ അറിയില്ലെന്നും എന്നാല്‍ സിനിമക്ക് യോജിച്ചതാണെങ്കില്‍ താല്‍പര്യമുണ്ടെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാര്യാട്ട് മരിച്ചു. പിന്നീട് തോപ്പില്‍ ഭാസിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാന നേതൃത്വം ഏറ്റെടുത്തുകൊണ്ട് ഒരു പ്രോജക്ട് ആലോചനയില്‍ വന്നു. എന്തോ അതും നടന്നില്ല.

‘കുങ്കുമം’ വാരികയില്‍ ജോലി ചെയ്തുവല്ലോ. അന്നത്തെ അനുഭവം എന്തൊക്കെയാണ്?

ഒരിക്കല്‍ കുടുംബാംഗങ്ങളുമൊത്ത് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍ യാദൃച്ഛികമായി എഴുത്തുകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിനെ കണ്ടു. അദ്ദേഹമാണ് കൊല്ലത്തുള്ള ‘കുങ്കുമ’ത്തില്‍ ജോലിസാധ്യതയുണ്ടെന്ന കാര്യം പറയുന്നത്. അങ്ങനെ അന്വേഷിച്ചു. ജോലി കിട്ടി. എസ്.ടി. റെഡ്യാര്‍ ആണ് ‘കുങ്കുമം’ ഉള്‍പ്പെടെയുള്ള ‘കേരളശബ്ദം’ ഗ്രൂപ്പിന്റെ സ്ഥാപകന്‍. അദ്ദേഹമാണ് എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുക. പ്രസിദ്ധീകരണരംഗത്തും സാമൂഹിക, സാംസ്‌കാരികരംഗത്തും തിളങ്ങിനിന്ന ആളായിരുന്നു റെഡ്യാര്‍.

സിനിമാമേഖലയിലൊക്കെ സ്വാധീനമുണ്ടായിരുന്നു. സിനിമയില്‍ സാമ്പത്തിക നിക്ഷേപത്തിനും മടിയുണ്ടായിരുന്നില്ല. അന്ന് സിനിമാക്കാരൊക്കെ അദ്ദേഹത്തെ കാണാന്‍ വരും. സംവിധായകന്‍ ബാലചന്ദ്രമേനോന്‍ വന്നത് കണ്ടിട്ടുണ്ട്. നടി ശ്രീവിദ്യയെ ‘കുങ്കുമം’ ഓഫിസില്‍ എത്തിയ വേളയിലാണ് ഞാന്‍ ആദ്യമായി കാണുന്നത്. അവിടെ ജോലി അധികം തുടര്‍ന്നില്ല. വിവാഹം കഴിഞ്ഞതോടെ നിര്‍ത്തി. ഭര്‍ത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ട് മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ടിവന്നതോടെ കൊല്ലത്ത് തുടരാനായില്ല.

എഴുത്ത് നിര്‍ത്താനുള്ള തീരുമാനത്തിന് പിന്നിലുള്ള കാരണം എന്താണ്?

കാരണമുണ്ട്. അത് പക്ഷേ പരസ്യമായി പറയാനുള്ളതല്ല. എഴുതിയതെല്ലാം എനിക്ക് ഇഷ്ടപ്പെട്ടതാണ്. ഇഷ്ടത്തോടെ എഴുതിയതുമാണ്. അതുകൊണ്ടുതന്നെ എഴുത്ത് നിര്‍ത്തിയതില്‍ ഒട്ടും പശ്ചാത്താപമോ കുറ്റബോധമോ ഇല്ല. എഴുതാതിരിക്കുന്നത് വലിയ തെറ്റാണെന്നും തോന്നുന്നില്ല. നാല്‍പത് വയസ്സുവരെ എഴുത്തിനോടായിരുന്നു പൂര്‍ണമായ താല്‍പര്യം. ‘കണ്വതീര്‍ത്ഥ’ പോലെ, ‘ശിലാവനങ്ങള്‍’ പോലെ ഒരു കൃതി എഴുതാന്‍ എനിക്ക് ഇപ്പോഴും കഴിയും. എഴുത്തിന്റെ കാര്യത്തില്‍ അത്രമേല്‍ ആത്മവിശ്വാസമുണ്ട്. പിന്നെ സാഹിത്യഭ്രാന്ത് ഒരുകാലത്തും ഉണ്ടായിട്ടില്ല. സാഹിത്യവും സാഹിത്യകാരനും അഥവാ സാഹിത്യകാരിയും വലിയ സംഭവമാണ് എന്ന് ഒരിക്കലും കരുതുന്നില്ല. എഴുത്തൊക്കെ ഇങ്ങനെ നടന്നുപോകും എന്ന് കരുതുന്ന ആളാണ് ഞാന്‍.

എഴുത്തുകാരുമായി വലിയ അടുപ്പം ഒരുകാലത്തും ഉണ്ടായിട്ടില്ല. അതില്‍ താല്‍പര്യവും ഇല്ല. വിവാഹശേഷം പായിപ്രയുമായി ചേര്‍ന്നതിനുശേഷമാണ് കുറച്ചെങ്കിലും മാറ്റമുണ്ടായത്. സാഹിത്യ അക്കാദമിയുടെ ക്വാർട്ടേഴ്‌സില്‍ കഴിയുന്ന കാലത്ത് എഴുത്തുകാരുടെ പല സ്വഭാവവിശേഷങ്ങളും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എഴുത്തുകാര്‍ ഇങ്ങനെയൊക്കെയാണല്ലോ എന്ന് തോന്നിയിട്ടുമുണ്ട്. പുസ്തകങ്ങളോടാണ് എന്നും വലിയ താല്‍പര്യം. പുസ്തകം വായിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വലുതാണ്.

എന്റെ പുസ്തകം മറ്റുള്ളവര്‍ വായിക്കുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന ഫീലിങ് മാത്രമാണ് പ്രധാനമായി കാണുന്നത്. പരിമിതമായ ചിന്തകളും ആഗ്രഹങ്ങളുമാണ് എനിക്കുള്ളത്. അതുകൊണ്ട് എഴുത്ത് നിര്‍ത്തിയത് ഒരു സംഭവമായി കരുതുന്നില്ല. എഴുത്തിനെ പ്രോത്സാഹിപ്പിച്ച പത്രാധിപര്‍ ഉണ്ട്. എം.ടി. വാസുദേവന്‍നായരെപ്പോലുള്ള അപൂര്‍വം ചിലര്‍. അവര്‍ സ്വന്തമായി തീരുമാനം എടുക്കാന്‍ കെല്‍പുള്ളവരായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

എന്റെ കൃതികള്‍ തിരിച്ചറിയുന്നവര്‍ ഇപ്പോഴുമുണ്ട് എന്നാണ് വിശ്വാസം. കവി എസ്. ജോസഫ് ഈയിടെ ഫേസ്ബുക്കില്‍ ‘കൃഷ്ണ’ എന്ന നോവലിനെപ്പറ്റി എഴുതിയതായി മരുമകന്‍ പറഞ്ഞു. ‘കൃഷ്ണ’ നോവല്‍ ആണെങ്കിലും ഒരു കവിതപോലെ ഹൃദ്യമായി അനുഭവപ്പെടുന്നു എന്നാണ് ജോസഫ് പറഞ്ഞത്. മാധവിക്കുട്ടിക്കു ശേഷം ഇത്ര മനോഹരമായി ഭാഷ കവിതപോലെ ഉപയോഗിച്ചത് കണ്ടിട്ടില്ല എന്ന അർഥത്തിലാണ് ജോസഫ് പറഞ്ഞത്. അത് ഞാന്‍ കാണുകയുണ്ടായില്ല. മരുമകന്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്.

എഴുത്തുകാരന്‍ പായിപ്ര രാധാകൃഷ്ണനുമായി പരിചയപ്പെടുന്നത്​?

എന്റെ ജ്യേഷ്ഠന്‍ ചന്ദ്രശേഖരൻ നായര്‍ നാട്ടിലുള്ള സ്‌കൂളില്‍ അധ്യാപകനായിരുന്നു. പോസ്റ്റ് ഗ്രാേജ്വഷന്‍ ഒക്കെ കഴിഞ്ഞ ആളാണ്. വലിയ ഉദ്യോഗമൊക്കെ കിട്ടുമായിരുന്നു. അച്ഛന് പ്രായമായതോടെ കുടുംബം നോക്കേണ്ട അവസ്ഥയായി. അതുകൊണ്ട് ദൂരസ്ഥലങ്ങളിലേക്ക് ജോലി തേടി പോകാതെ നാട്ടില്‍ തന്നെ അധ്യാപകനായി പ്രവര്‍ത്തിച്ചു. എഴുത്തിലും വായനയിലുമെല്ലാം താല്‍പര്യമുള്ള ആളായിരുന്നു അക്കാലത്ത് തന്നെ. സ്‌കൂളില്‍ സാഹിത്യസമാജം ഉദ്ഘാടനംചെയ്യാന്‍ അന്നത്തെ യുവ എഴുത്തുകാരനായ പായിപ്ര രാധാകൃഷ്ണനെ കൊണ്ടുവന്നു. ഏട്ടന്റെ ഉത്സാഹത്തിലായിരുന്നു അത്. പരിപാടിക്കെത്തിയ രാധാകൃഷ്ണന്‍ വീട്ടിലും വന്നു. അന്നാണ് കാണുന്നത്. പിന്നീടത് വിവാഹത്തില്‍ കലാശിച്ചു. 1980 ഫെബ്രുവരി 10നായിരുന്നു വിവാഹം.

കഥയാവശ്യപ്പെട്ട് പത്രാധിപര്‍ ഇപ്പോഴും വിളിക്കാറുണ്ടോ?

മുമ്പൊക്കെ വിളിക്കുമായിരുന്നു. എഴുത്ത് നിര്‍ത്തിയ കാര്യം പറഞ്ഞപ്പോള്‍ പിന്നെ വിളിക്കാതായി.

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.