ആ ചോദ്യങ്ങൾക്ക് ഉത്തരം തേടാനുള്ള ശ്രമങ്ങളാണ് എന്‍റെ കഥകൾ

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ യുവ പുരസ്കാരം നേടിയ തമിഴ് എഴുത്തുകാരൻ ലോകേഷ് രഘുരാമൻ സംസാരിക്കുന്നു -ജീവിതം, എഴുത്ത്​, തമിഴകം, സാഹിത്യം, നിലപാടുകൾ, വിശ്വാസം എന്നിവയെല്ലാം ഇൗ സംഭാഷണത്തിൽ കടന്നുവരുന്നു.കരിങ്കല്ലു കുഴിച്ചിട്ടാലും മുളച്ചുവരുന്ന അത്രയും ഫലഭൂയിഷ്ഠമാണ് കാവേരീതടമെന്ന് പറയാറുണ്ട്. കൊടുക്കുന്നതിന്‍റെ ഇരട്ടിയായി തിരിച്ചുതരുന്ന ആ ഗുണം മണ്ണിന് മാത്രമല്ല, അവിടത്തെ മിത്തുകൾക്കുമുണ്ട്. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള പുരാവൃത്തങ്ങളുടെയും ഐതിഹ്യങ്ങളുടെയും മായക്കഥകളിൽ കെട്ടിപ്പടുത്ത ഭൂമിക. തമിഴകത്തിന്‍റെ ഹൃദയഭൂമി. എഴുതിത്തുടങ്ങുന്ന ഏതൊരാൾക്കും അപരിമിതമായ സാധ്യതകൾ തുറന്നിടുന്ന...

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ യുവ പുരസ്കാരം നേടിയ തമിഴ് എഴുത്തുകാരൻ ലോകേഷ് രഘുരാമൻ സംസാരിക്കുന്നു -ജീവിതം, എഴുത്ത്​, തമിഴകം, സാഹിത്യം, നിലപാടുകൾ, വിശ്വാസം എന്നിവയെല്ലാം ഇൗ സംഭാഷണത്തിൽ കടന്നുവരുന്നു.

കരിങ്കല്ലു കുഴിച്ചിട്ടാലും മുളച്ചുവരുന്ന അത്രയും ഫലഭൂയിഷ്ഠമാണ് കാവേരീതടമെന്ന് പറയാറുണ്ട്. കൊടുക്കുന്നതിന്‍റെ ഇരട്ടിയായി തിരിച്ചുതരുന്ന ആ ഗുണം മണ്ണിന് മാത്രമല്ല, അവിടത്തെ മിത്തുകൾക്കുമുണ്ട്. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള പുരാവൃത്തങ്ങളുടെയും ഐതിഹ്യങ്ങളുടെയും മായക്കഥകളിൽ കെട്ടിപ്പടുത്ത ഭൂമിക. തമിഴകത്തിന്‍റെ ഹൃദയഭൂമി. എഴുതിത്തുടങ്ങുന്ന ഏതൊരാൾക്കും അപരിമിതമായ സാധ്യതകൾ തുറന്നിടുന്ന ഈ ദേശത്ത് നിന്നാണ് ലോകേഷ് രഘുരാമൻ തമിഴ് സാഹിത്യ ലോകത്തേക്ക് മെല്ലെ കടന്നുവരുന്നത്. പാരമ്പര്യവും മിത്തും വിശ്വാസവുമൊക്കെ സ്വാധീനിച്ച ജീവിതമാണ് ലോകേഷിന്‍റേത്. പക്ഷേ, കഥയിലേക്കുള്ള ജ്ഞാനസ്നാനം സയൻസ് ഫിക്ഷനിലായിരുന്നു.

നിലാവിനെ ഭയന്ന് അപരഗ്രഹങ്ങളിലേക്ക് യാത്ര പോയൊരാളുടെ കഥ. അവിടെനിന്ന് വിഷ്ണുപുരാണത്തിലേക്കും ബൈബിളിന്‍റെ നാട്ടിലേക്കും അനായാസം സഞ്ചരിക്കാൻ ലോകേഷിനെ പ്രാപ്തനാക്കുന്നത് ഈ മണ്ണിന്‍റെ ഗുണമാണ്, ഇവിടത്തെ അതിസമ്പന്നമായ കാവ്യപാരമ്പര്യമാണ്. അതിനുള്ള അംഗീകാരമായി കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരവും ലോകേഷിനെ തേടിയെത്തിയിരിക്കുന്നു. ‘വിഷ്ണുവന്താർ’ എന്ന കഥാസമാഹാരം വഴിയാണ് ഈ വർഷത്തെ യുവ പുരസ്കാരം 34കാരനായ ലോകേഷിന് ലഭിച്ചത്. രണ്ടാമത്തെ ചെറുകഥാ സമാഹാരം ‘അരോമ’ അടുത്തിടെ പുറത്തിറങ്ങി. തിരുവാരൂർ സ്വദേശിയായ ലോകേഷ് ബംഗളൂരുവിൽ നെറ്റ് വർക്കിങ് കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലിനോക്കുകയാണ്. ലോകേഷ് സംസാരിക്കുന്നു.

ലോകേഷിന് പുരസ്കാരം നേടിത്തന്ന ‘വിഷ്ണുവന്താർ’ എന്താണ്?

ഇൻക്ലുസിവിറ്റിയുടെ കഥകളാണ് ‘വിഷ്ണുവന്താറി’ലുള്ളത്. കഥ സംഭവിക്കുന്നത് തിരുവാരൂരിലെ വിഷ്ണുപുരം എന്ന ഒരു അഗ്രഹാരത്തിലാണ്. എന്‍റെ അമ്മ വേദാംബാളിന്‍റെ നാടാണത്. വലിയ മിത്തുകളുടെയും പുരാവൃത്തങ്ങളുടെയും ദേശമാണ് വിഷ്ണുപുരം. 1008 താമരപ്പൂക്കളുമായി ശിവനെ പ്രകീർത്തിക്കുന്ന വിഷ്ണുവിന്‍റെ പുരാണംതന്നെ പ്രധാനം. വിഷ്ണുവിനെ പരീക്ഷിക്കാൻ അതിലൊരു താമരപ്പൂവ് ശിവൻ മാറ്റുന്നു. പക്ഷേ, തന്‍റെ ഇടത്തേക്കണ്ണിനെ താമരയായി അർപ്പിച്ച് വിഷ്ണു പ്രകീർത്തനം പൂർത്തിയാക്കുന്നു. വിഷ്ണുപുരമാണ് ഈ മിത്തിലെ ദേശം. കാവേരിയുടെ പ്രധാന പോഷക നദികളിലൊന്നായ അരസലാറ് ഒഴുകുന്നതും അതുവഴിയാണ്. ഹരി (വിഷ്ണു) സൊല്ലി വന്ത ആറ് ആണ് പിന്നീട് അരസലാറ് ആയി മാറിയത്. ഈ നാടിനെ കുറിച്ചുള്ള കഥയാണ് വിഷ്ണുവന്താർ. വിഷ്ണുപുരം എന്ന പേരിൽ ജയമോഹൻ ഒരു നോവൽ എഴുതിയിട്ടുണ്ട്. അതുപക്ഷേ, നാഗർകോവിലിന് സമീപത്തെ തിരുവട്ടാറിനെ കുറിച്ചാണ്.

എന്താണ് ലോകേഷിന്‍റെ പശ്ചാത്തലം?

തിരുവാരൂരിലെ നാടാകുടിയിലാണ് ഞാൻ ജനിച്ചത്. അപ്പന്‍റെ നാടാണത്. കലൈജ്ഞർ കരുണാനിധിയുടെ നാടിന് 20 കിലോമീറ്റർ അകലെ. തമിഴ്നാട് ഷുഗർ കോർപറേഷനിൽ ലേബർ ഓഫിസറായിരുന്നു അപ്പ. നടേശൻ എന്നാണ് അദ്ദേഹത്തിന്‍റെ പേര്. തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും അദ്ദേഹം ജോലി ചെയ്തിരുന്നു. അദ്ദേഹത്തിനൊപ്പം ഞങ്ങളും അവിടങ്ങളിലേക്ക് യാത്രചെയ്തു. അതുകൊണ്ട് ചെറുപ്പത്തിലേ തന്നെ പല നാടുകളും അവിടത്തെ കഥകളും പരിചയപ്പെടാൻ അവസരംകിട്ടി.

തഞ്ചാവൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തഞ്ചാവൂർ ഭരിച്ചിരുന്ന ഭോൺസ് ലെ രാജവംശത്തിന്‍റെ ആസ്ഥാനമായിരുന്ന മറാത്ത പാലസിന്‍റെ വളപ്പിനുള്ളിലെ രാജാസ് ഹൈസ്കൂളിലാണ് അഞ്ചു മുതൽ 12 വരെ പഠിച്ചത്. അക്കാലത്ത് ഞങ്ങൾ അതിനടുത്ത് വാടകക്ക് താമസിക്കുകയായിരുന്നു. പിന്നീട് മധുരയിലെ ത്യാഗരാജർ കോളജിൽ എൻജിനീയറിങ്ങിന് ചേർന്നു. അപ്പോഴൊന്നും എഴുത്ത് ആലോചനയിൽപോലും ഉണ്ടായിരുന്നില്ല.

കുടുംബത്തിൽ വായിക്കുന്നവരും എഴുത്തുകാരും ഉണ്ടായിരുന്നോ?

കുടുംബത്തിലൊന്നും അങ്ങനെ സാഹിത്യവുമായി ബന്ധമുള്ളവരില്ല. പക്ഷേ, അപ്പന്‍റെ കുടുംബത്തിന് സംഗീതവുമായി ബന്ധമുണ്ട്. മിക്കവരും തിരുപ്പുകഴ് പാടും. 15ാം നൂറ്റാണ്ടിലെ ഭക്ത കവിയായ അരുണഗിരിനാഥർ രചിച്ച മുരുക സ്തുതികളാണ് തിരുപ്പുകഴ്. എന്‍റെ അപ്പനുൾപ്പെ​െടയുള്ളവർക്ക് തിരുപ്പുകഴിൽ അവഗാഹമുണ്ട്. ഇവരുടെ തിരുപ്പുകഴ് ആലാപനം കേട്ടാണ് ഞാൻ വളർന്നത്. എന്‍റെ എഴുത്തിന്‍റെ അടിസ്ഥാനം അതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

കുടുംബത്തിൽ സന്യാസിമാരും ഉണ്ട്. അവരിൽ ചിലരൊക്കെ ‘ആസുകവി’കളുമാണ്. ആസുകവിയെന്നാൽ ഒരുതരത്തിൽ നിമിഷകവികൾ. കോവിലുകളിൽ പോയി മൂർത്തിക്ക് മുന്നിൽ നിന്ന് തൽക്ഷണം വരികളുണ്ടാക്കി രാഗവും താളവും ഒക്കെ ചേർത്ത് പാടുന്നവർ. മണിക്കൂറുകളോളം ഇങ്ങനെ വരികൾ പടച്ചു പാടാൻ കഴിയുന്നവരുണ്ട്. അപ്പന്‍റെ ഒരു മാമൻ ഈ കാവ്യശാഖയിൽ പേരുകേട്ടയാളാണ്. സാധുറാം സ്വാമികൾ. അദ്ദേഹമാണ് എനിക്ക് ലോകേഷ് എന്ന പേരുവെച്ചതും ആശീർവദിച്ചതും. അമ്മയുടെ വീട്ടുകാരാണ് രഘുരാമൻ എന്ന പേര് വെച്ചത്. ഇരു കുടുംബങ്ങളുടെയും സംഭാവന ശിശുവിന്‍റെ പേരിലുണ്ടാകണമെന്ന ഒരു പാരമ്പര്യം നമുക്കുണ്ട്.

ഈ സാധുറാം സ്വാമികളായിരുന്നോ പ്രചോദനം?

സാധുറാം സ്വാമികൾ നന്നായി പഠിക്കുന്ന ആളായിരുന്നു. പ്ലസ് ടു കഴിഞ്ഞതും അദ്ദേഹം വീടുവിട്ട് പോയി. ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സ്വപ്നത്തിൽ മുരുകദർശനം ഉണ്ടായി അദ്ദേഹം ആത്മീയജ്ഞാനം തേടി നാടുവിടുകയായിരുന്നു. വേലൂരിന് അടുത്തുള്ള വള്ളിമലയിലുള്ള ഗുരുവിനെ സന്ധിച്ച് അവിടെ കൂടി. ഗാർഹിക, ലൗകിക ജീവിതത്തോട് അദ്ദേഹത്തിന് വിരക്തിയായിരുന്നു.

ഒടുവിൽ വീട്ടുകാർ അന്വേഷിച്ച് അവിടെനിന്ന് കണ്ടെത്തി തിരിച്ചുകൊണ്ടുവന്നു. അദ്ദേഹത്തിന്‍റെ വഴികളിൽ വിവാഹത്തിന്‍റെയും ഗാർഹിക ജീവിതത്തിന്‍റെയും തടസ്സങ്ങൾ ഉണ്ടാക്കില്ലെന്ന് വീട്ടുകാർ ഉറപ്പുനൽകിയാണ് മടക്കിയെത്തിച്ചത്. തിരുപ്പുകഴിന്‍റെ പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. പക്ഷേ, എനിക്ക് തിരുപ്പുകഴ് അറിയില്ല. എന്‍റെ കുടുംബം കടുത്ത മതവിശ്വാസികളാണെങ്കിലും ഞാൻ അങ്ങനെയല്ല. എനിക്ക് സ്വന്തമായ ചോദ്യങ്ങളുണ്ട്, സന്ദേഹങ്ങളുണ്ട്. എല്ലാത്തിനെയും ഭക്തിയുമായി ബന്ധപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.

എന്താണ് ലോകേഷിന്‍റെ ചോദ്യങ്ങൾ?

യഥാർഥത്തിൽ ആ ചോദ്യങ്ങൾക്ക് ഉത്തരം തേടാനുള്ള ശ്രമങ്ങളാണ് എന്‍റെ കഥകൾ. മനുഷ്യജീവിതം എത്ര ചെറുതാണ്, എത്ര ദരിദ്രമാണ്. പ്രകൃതിയോടും പ്രപഞ്ചത്തോടും താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വലിപ്പക്കുറവും ദാരിദ്ര്യവും കൂടുതൽ സ്പഷ്ടമാകുന്നത്. ഒരു കൊതുക്, ഒരു ഒച്ച് അതിന്‍റെ ജീവിതവും മനുഷ്യജീവിതവും ജീവൻ എന്ന നിലയിൽ സമംതന്നെ. പക്ഷേ, ഞാൻ മനുഷ്യൻ എന്ന് മനുഷ്യൻ അഹങ്കരിക്കുന്നു. ഞാനിവിടെ കൂടുതൽ ഉയർന്ന ജീവി എന്ന് മനുഷ്യൻ ചിന്തിക്കുന്നു.

 

ഒരു വിശ്വാസിയാണോ?

ഞാനൊരു നാസ്തികനല്ല. വിശ്വാസി തന്നെയാണ്. പക്ഷേ, പാരമ്പര്യമായി നോക്കുമ്പോഴുള്ള വിഗ്രഹാരാധകനോ, ആചാരവാദിയോ അല്ല. കൃത്യമായി ഈ സമയത്ത് ഇതുചെയ്യണം എന്ന തരത്തിലുള്ള നിർബന്ധിത ആചാരങ്ങളോട് താൽപര്യമില്ല. എനിക്ക് ഇഷ്ടപ്പെട്ട് ചെയ്യാൻ കഴിഞ്ഞാൽ ചെയ്യും. ഹൃദയത്തിൽനിന്ന് വരാത്ത കാര്യങ്ങൾ ചെയ്യാൻ താൽപര്യമില്ല. അതേസമയം, കോവിലുകളിൽ പോകും, പ്രാർഥിക്കും. ബ്രഹ്മം എന്നൊന്നുണ്ട്. ആദിശങ്കരന്‍റെ ആ അദ്വൈത തത്ത്വചിന്തയാണ് എന്‍റെ വഴി. അതുവഴി ഫിലോസഫിയിലും താൽപര്യമുണ്ട്.

ഏതു മതമായാലും ഇത്തരം ചില ആചാരങ്ങളുംകൂടി ചേർന്നതാണല്ലോ?

അതെ. പക്ഷേ, ആചാരംമാത്രം മതിയെന്നും പറയുന്നില്ലല്ലോ. മതത്തിന്‍റെ ഫിലോസഫി തിരിച്ചറിയാനുള്ള പ്രാപ്തി നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ ആചാരങ്ങളിൽ മാത്രം നിൽക്കില്ല.

ജീവിതത്തിൽ ഈശ്വരൻ എവിടെയാണ്?

സ്വകാര്യമായി നിങ്ങൾക്ക് പല പ്രശ്നങ്ങളും ഉണ്ടാകും. എന്‍റെ കാര്യംതന്നെ പറയാം. ഏറെ കാലത്തിനു ശേഷമാണ് എന്‍റെ ജീവിതത്തിൽ ഒരു നല്ലകാര്യം നടന്നത്. സാഹിത്യ അക്കാദമിയുടെ അംഗീകാരം. ഈ വാർത്ത അറിഞ്ഞപ്പോൾ ആവേശവും ആഹ്ലാദവുംകൊണ്ട് ഞാൻ നിലത്തില്ലാത്ത അവസ്ഥയിലായിരുന്നു. പക്ഷേ, ഏതാനും മണിക്കൂറിനുള്ളിൽ എന്‍റെ സകല സന്തോഷത്തെയും കെടുത്തുന്ന തരത്തിൽ ഭാര്യക്ക് ഒരു അപകടമുണ്ടായി. കുഞ്ഞിന് മരുന്നുകൊടുക്കുന്ന ഗ്ലാസ് ഫില്ലർ നിലത്ത് വീണ് പൊട്ടി ഭാര്യയുടെ കാലിൽ തുളച്ചുകയറി. ചെറിയ മുറിവാണെന്ന് കരുതും, പക്ഷേ, രക്തം നിൽക്കുന്നില്ല. ഒഴുകിക്കൊണ്ടേയിരിക്കുന്നു. മണിക്കൂറുകൾ നീണ്ട വലിയ അസ്വസ്ഥതയായി. ഇതൊരു ചെറിയ കാര്യമെന്ന് മറ്റുള്ളവർക്ക് തോന്നാം.

ഇത് ഒറ്റപ്പെട്ടതല്ല. എന്‍റെ വിവാഹം വളരെ വൈകിയാണ് സംഭവിച്ചത്. ദീർഘകാലം പെണ്ണ് അന്വേഷിച്ചു നടന്നു. ഒന്നും ശരിയാകാതെ പോയ ഒരുപാട് വർഷങ്ങൾ. ഒടുവിൽ വിവാഹം നിശ്ചയിച്ച ദിവസം. ആ ചടങ്ങ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം എന്‍റെ അപ്പായെ ഒരു ബൈക്കുകാരൻ ഇടിച്ചിടുന്നു. എന്നും അപ്പാ നടന്നുപോകുന്ന വഴിയാണ്. അദ്ദേഹത്തിന് സാരമായി പരിക്കേൽക്കുന്നു. ഇങ്ങനെ നിറയെ സംഭവങ്ങളുണ്ട്. എന്‍റെ ജീവിതത്തിലും കുടുംബത്തിലും മുൻഗാമികളിലും. സന്തോഷമായിരിക്കുന്ന നിമിഷങ്ങളെ തകർക്കാൻ വരുന്ന ഇത്തരം മുള്ളുകൾ. ആഹ്ലാദത്തെ പൂർണമായും ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ.

ഇങ്ങനെയുള്ള ചിന്തയുടെ ലോജിക് എന്താണ്?

നീയൊന്നും സന്തോഷിക്കുകയേ അരുതെന്ന് ആരോ പറയുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. ഈ അനിശ്ചിതാവസ്ഥ ഉണ്ടല്ലോ. അതിനുമേൽ എനിക്ക് കോപം വരും. ഇപ്പോൾ എന്തെങ്കിലും നല്ല കാര്യം നടന്നാൽ ഉടനെ ഞാൻ കൂടുതൽ സൂക്ഷ്മാലുവാകും. പക്ഷേ, എന്താണ് നാം പ്രതീക്ഷിക്കേണ്ടത്. അതാണ് ജീവിതത്തിന്‍റെ സൗന്ദര്യം. ഈ പ്രാപഞ്ചിക അസ്വാസ്ഥ്യങ്ങളോടും അലട്ടലുകളോടുമുള്ള സാധാരണക്കാരന്‍റെ പോരാട്ടങ്ങളെയാണ് കഥകളിലൂടെ വരച്ചുകാട്ടാൻ ശ്രമിക്കുന്നത്. അതിന് മെറ്റഫറായി പ്രകൃതിയെയും മറ്റ് ജീവജാലങ്ങളെയും ഉപയോഗിക്കുന്നു. അനിശ്ചിതത്വം എന്നൊന്ന് ഉണ്ടല്ലോ, ജീവിതത്തിൽ. ഒന്നിനുമേലും നമുക്കൊരു നിയന്ത്രണവുമില്ല. നമുക്ക് നിയന്ത്രണമില്ലാത്ത കാര്യങ്ങളാണ് ജീവിതത്തിൽ നടക്കുന്നത്.

ലോകേഷ് രഘുരാമൻ കുടുംബത്തോടൊപ്പം

 

എന്തായിരുന്നു എഴുത്തിനുള്ള പ്രേരണ?

തമിഴകത്തിന്‍റെ സാംസ്കാരിക, പൈതൃക ഹൃദയമാണ് തഞ്ചാവൂർ. ഞങ്ങൾക്ക് കാവേരിയില്ലാതെ തഞ്ചാവൂർ ഇല്ല. കാവേരീതടവും അതിന്‍റെ സമീപത്തെ ജീവിതവും എന്നും എനിക്ക് പ്രചോദനമായിരുന്നു. പ്രകൃതിയോടുള്ള താൽപര്യത്തിന്‍റെ അടിത്തറയും കാവേരീതടം തന്നെ. ആ ഭൂമിയും ആ ആറും അവിടത്തെ പ്രകൃതിയും ഇല്ലാതെ ഞാനില്ല. ‘‘സോഴ നാട് സോറുടൈത്ത്’’ എന്നൊരു ചൊല്ല് തന്നെയുണ്ട് ഈ നാട്ടിനെ കുറിച്ച്. ചോഴ നാട്ടിൽ ചോറ് കിട്ടും. അതായത് ഇവിടെ പട്ടിണിയില്ല, എന്തെങ്കിലും നിങ്ങൾക്ക് കഴിക്കാൻ കിട്ടും എന്ന അർഥത്തിൽ. ആ ചൊല്ലിന്‍റെ അടിസ്ഥാനംതന്നെ കാവേരിയാണ്. കാവേരി നനക്കുന്ന നെൽപ്പാടങ്ങൾ. എങ്ങും പാടങ്ങളും കൃഷിയുമാണ്. അവിടെ​െയങ്ങനെ പട്ടിണി വരാൻ. ആ ഭൂമിക ആരെയാണ് പ്രചോദിപ്പിക്കാതിരിക്കുക.

പക്ഷേ, എന്‍റെ ആദ്യകഥ നടക്കുന്ന വിഷ്ണുപുരത്തിലെ അഗ്രഹാരം ഇന്ന് എനിക്ക് അന്യമാണ്. അവിടത്തെ ജീവിതത്തിൽനിന്ന് എത്രയോ അകന്ന്, അതിൽനിന്ന് വിച്ഛേദിക്കപ്പെട്ടാണ് ഇപ്പോൾ ജീവിക്കുന്നത്. പക്ഷേ, എന്നും സജീവമായ ആ ഓർമകൾ, ആ നൊസ്റ്റാൾജിയ, അതാണ് വിഷ്ണുപുരത്തിലേക്ക് കൊണ്ടെത്തിച്ചത്. ഈസ്റ്റേൺ ഗാട്സിലെ കൽവരായൻ കുന്നുകൾക്ക് സമീപത്തെ കള്ളക്കുറിച്ചിയിൽ അപ്പ കുറേക്കാലം ജോലി ചെയ്തിരുന്നു. എന്‍റെ ആദ്യകാല കഥകളിലൊന്നായ ‘തേനാണ്ടാൾ’ കൽവരായൻ കുന്നിനെയും അവിടത്തെ ജീവിതത്തെയും കുറിച്ചുള്ള കഥയാണ്. പൊതുവെ കഥകളിലും പുരാണങ്ങളിലും പശ്ചിമഘട്ടമാണല്ലോ നിറഞ്ഞുനിൽക്കുന്നത്. ഈസ്റ്റേൺ ഗാട്സിനെ കുറിച്ച് എഴുതണമെന്ന ആഗ്രഹത്തിലാണ് ആ ഭൂമിക തിരഞ്ഞെടുത്തത്.

കോളജ് കാലത്തേ എഴുതുമായിരുന്നോ...

കോളജിൽ പഠിക്കുമ്പോൾ എല്ലാവരെയുംപോലെ സിനിമ തന്നെയായിരുന്നു പ്രധാനം. വലിയ സിനിമാപ്രേമി അല്ലെങ്കിലും കലാമൂല്യമുള്ള സിനിമകളോട് താൽപര്യം ഉണ്ടായിരുന്നു. കോളജിൽ വെച്ച് കൂട്ടുകാർക്ക് സ്റ്റേജിൽ അഭിനയിക്കാൻ സ്കിറ്റ് എഴുതി നൽകുമായിരുന്നു. കോളജ് കാലത്തിന്‍റെ അവസാനത്തിൽ ഒരു ചെറുകഥ എഴുതി, അതിനെ അടിസ്ഥാനമാക്കി ഷോർട്ട് ഫിലിം എടുത്തു. വളരെ അമച്വറായ ഒരു സംരംഭം. അത് നന്നായിരുന്നുവെന്ന് പിന്നീട് തോന്നി. അത്തരത്തിൽ ചെറിയ കഥകളും കുറിപ്പുകളും അനുഭവങ്ങളും പിന്നീട് ബ്ലോഗിൽ അപ് ലോഡ് ചെയ്യാൻ തുടങ്ങി. അതിനെയൊന്നും കഥ എന്ന് പറയാൻ കഴിയില്ല.

എഴുത്തിലേക്കുള്ള ഗൗരവതരമായ പ്രവേശനം എങ്ങനെയായിരുന്നു?

ചെന്നൈയിലാണ് ആദ്യം ജോലി കിട്ടുന്നത്. ചെന്നൈ വൈ.എം.സി.എയിൽ സ്ഥിരമായി ബുക്ഫെയർ നടക്കാറുണ്ട്. കൂട്ടുകാരോടൊപ്പമാണ് ഒരിക്കൽ അവിടെ പോയത്. അവിടെ വെച്ച് ഒരു പുസ്തകം ഞാൻ കൈയിലെടുത്തു. അത് വായിച്ചതോടെ ഞാൻ സാഹിത്യത്തിലേക്ക് ആമഗ്നനായി. ജയമോഹന്‍റെ ‘വെൺകടൽ’ എന്ന കഥാസമാഹാരമായിരുന്നു അത്. അതിലെ ‘വെൺകടൽ’ എന്ന കഥ വായിക്കുമ്പോൾ അത്ഭുതപ്പെടുകയായിരുന്നു ഞാൻ. ഇങ്ങനെയെല്ലാം ഒരു ലോകമുണ്ടോ, എങ്ങനെ ഇതെല്ലാം എഴുതുന്നു.

ഈ എഴുത്തുകാരൻ ജയമോഹൻ ആണെന്ന് അറിഞ്ഞപ്പോഴാണ് അദ്ദേഹം എഴുതിയ ‘അങ്ങാടിത്തെരു’ എന്ന സിനിമയിലെ ഒരു രംഗംകൂടി മനസ്സിൽ തെളിഞ്ഞത്. യഥാർഥത്തിൽ ആ സിനിമയുമായി കാര്യമായി ബന്ധമില്ലാത്ത ഒരു സീനാണ്. തെരുവിൽ ജീവിക്കുന്ന ഒരു അഭിസാരിക. അവരിപ്പോൾ ഒരു കുള്ളന്‍റെ ഭാര്യയാണ്. അവർക്കൊരു കുഞ്ഞ് ജനിച്ചു. കുള്ളനെപ്പോലെ കൈകാലുകൾക്ക് നീളം കുറഞ്ഞ, വൈകല്യങ്ങളുള്ള കുഞ്ഞ്. കുഞ്ഞിനെ അവിടെ കട നടത്തുന്ന ഒരു വൃദ്ധനെ ഈ അഭിസാരിക കാട്ടുമ്പോൾ അയാൾ വ്യസനപ്പെടുന്നു. അപ്പോൾ അഭിസാരികയുടെ മറുപടിയുണ്ട്.

‘‘ഇങ്ങനെയൊരു കുഞ്ഞിനെ പ്രസവിക്കണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിച്ചത്. അല്ലാതെ പൂർണ വളർച്ചയുള്ള ഒരു സാധാരണ കുഞ്ഞ് ആയിരുന്നെങ്കിൽ ആൾക്കാർ സംശയിക്കുമായിരുന്നില്ലേ.’’ ഇതിലെ ഹ്യൂമൻ എലമെന്‍റ് ഉണ്ടല്ലോ. നമുക്ക് എത്ര മോശം കാര്യങ്ങൾ നടന്നാലും അതിനെയെല്ലാം പോസിറ്റിവായി മാറ്റി കാണുന്നു എന്ന ഒരു വശം. അതെനിക്ക് വല്ലാതെ സ്ട്രൈക്ക് ചെയ്തു. അങ്ങനെയാണ് ജയമോഹന്‍റെ പുസ്തകങ്ങളെല്ലാം തേടിപ്പിടിച്ച് വായിച്ചത്. അദ്ദേഹത്തിന്‍റെ എഴുത്ത് വഴിയാണ് തമിഴിലെ അതികായരെ കണ്ടെത്തിയത്. പുതുമൈപിത്തൻ, ജാനകിരാമൻ, എസ്. രാമകൃഷ്ണൻ, ചാരുനിവേദിത, കു.പ രാജഗോപാലൻ, തഞ്ചൈ പ്രകാശ്, യുവൻ ചന്ദ്രശേഖർ, അ​േശാകമിത്രൻ എന്നിവരെയൊക്കെ വായിച്ചു.

ജാനകിരാമനും രാജഗോപാലനും തഞ്ചൈ പ്രകാശുമൊക്കെ തഞ്ചാവൂർ സ്വദേശികളാണ്. തഞ്ചാവൂരിന് ഇത്ര വലിയ സാഹിത്യപശ്ചാത്തലം ഉണ്ടെന്ന് ഞാൻ ക്രമേണ തിരിച്ചറിയുകയായിരുന്നു. ഈ ഒരു ഭൂമികയുടെ ഭാഗമാണല്ലോ ഞാനെന്ന ചിന്തയും വളരുകയായിരുന്നു. എഴുത്തിലെ മാനസിക ഗുരു ജയമോഹൻ തന്നെയാണ്. ഒപ്പം നേരത്തെ പറഞ്ഞ എഴുത്തുകാരും. എന്‍റെ പശ്ചാത്തലവും കാലവും ജീവിതവും പക്ഷേ, വ്യത്യസ്തമാണല്ലോ. സയൻസാണ് എന്‍റെ വിഷയവും. അതിന്റേതായ മാറ്റങ്ങളും ശൈലി വ്യത്യാസങ്ങളും എന്‍റെ എഴുത്തിലുണ്ടെന്നും വിശ്വസിക്കുന്നു.


 


ലോകേഷ് രഘുരാമൻ എഴുത്തുകാരൻ ജയമോഹനൊപ്പം പൊതുവേദിയിൽ

ഇ-മാഗസിനുകൾ എഴുത്തിന് എങ്ങനെയാണ് ഗുണപ്പെട്ടത്?

സാഹിത്യത്തിനു വേണ്ടി തമിഴിൽ ധാരാളം ഇ-മാഗസിനുകളുണ്ട്. ‘സൊൽവനം’ എന്ന മാഗസിനിലാണ് ആദ്യകഥ എഴുതി പ്രസിദ്ധീകരിച്ചത്. ‘ദൃഷ്ടി’ എന്നൊരു സയൻസ് ഫിക്ഷൻ കഥയായിരുന്നു അത്. സെലനോഫോബിയ (ചന്ദ്രനെ കുറിച്ചുള്ള ഭയം) വിഷയമായ കഥയായിരുന്നു അത്. നിലാവിൽനിന്ന് രക്ഷപ്പെടാൻ മറ്റൊരു ഗ്രഹത്തിൽ പോകുന്നതും അതിന്‍റെ പ്രശ്നങ്ങളുമൊക്കെയായിരുന്നു ഇതിവൃത്തം. നാലഞ്ച് കഥകൾ ‘സൊൽവന’ത്തിൽ പ്രസിദ്ധീകരിച്ചു. പിന്നീട് ‘തമിഴിനി’ എന്ന ഇ-മാഗസിനിലേക്ക് മാറി. തമിഴ്നാട്ടിലും ശ്രീലങ്കയിലും പ്രവർത്തിക്കുന്ന പല ഇ-മാഗസിനുകളിലും എഴുതി. ആദ്യകാലങ്ങളിലൊക്കെ പൂർണമായും ഇ-മാഗസിനുകൾക്ക് വേണ്ടിയാണ് എഴുതിയിരുന്നത്, അച്ചടിക്ക് വേണ്ടിയല്ല.

ആറാമത്തെ കഥയായാണ് അവാർഡ് ലഭിച്ച ‘വിഷ്ണുവന്താർ’ എഴുതിയത്. ഇത്തരം ഇ-മാഗസിനുകൾക്കൊക്കെ നല്ല വായനക്കാരുണ്ട്. കഥകൾ വായിച്ച് ആൾക്കാർ അഭിപ്രായമൊക്കെ പറയാൻ തുടങ്ങി. പിന്നീടാണ് പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള ആലോചന വരുന്നത്. യഥാർഥത്തിൽ അതിനുള്ള ആത്മവിശ്വാസം ആദ്യമുണ്ടായിരുന്നില്ല. ഒരു പുസ്തകം ആക്കാനുള്ള മൂല്യം എന്‍റെ കഥകൾക്കുണ്ടോ എന്ന സന്ദേഹമായിരുന്നു. അങ്ങനെയിരിക്കെയാണ് ഇ-മാഗസിനുകളിലെ കഥകൾ വായിച്ച് ചെന്നൈയിലെ സാൾട്ട് പബ്ലിക്കേഷനിലെ നരൻ സമീപിക്കുന്നത്. ഏതാനും വായനക്കാരും ചില എഴുത്തുകാരും എന്നെ ശിപാർശ ചെയ്തതിനെ തുടർന്നാണ് നരൻ വിളിക്കുന്നത്. അദ്ദേഹവും ഒരു എഴുത്തുകാരനാണ്.

നിരവധി പുതിയ എഴുത്തുകാരെ തമിഴ് വായനക്കാർക്ക് പരിചയപ്പെടുത്തിയ ആളുമാണ്. അതൊരു ദൗത്യമായി സ്വീകരിച്ചിരിക്കുകയാണ് അദ്ദേഹം. സാഹിത്യ അക്കാദമിയുടെ യുവകഥാ പുരസ്കാരത്തിന് ഈ വർഷം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടതിൽ നാലു പുസ്തകങ്ങൾ അദ്ദേഹത്തിന്‍റെ ‘സാൾട്ട് പബ്ലിക്കേഷൻസ്’ പുറത്തിറക്കിയതാണ്. അതിലൊന്നായിരുന്നു എന്‍റെ ‘വിഷ്ണുവന്താർ’. 2023 ജനുവരിയിലാണ് ‘വിഷ്ണുവന്താർ’ പ്രസിദ്ധീകരിക്കുന്നത്. രണ്ടാമത്തെ പുസ്തകം ‘അരോമ’യും പ്രസിദ്ധീകരിച്ചത് സാൾട്ട് തന്നെയാണ്. അടുത്ത സമാഹാരവും ഉടൻ പുറത്തിറങ്ങും.

എന്താണ് വായിക്കുന്നത്? ഇഷ്ട എഴുത്തുകാർ..

തമിഴാണ് കൂടുതലും വായിക്കുന്നത്. നേരത്തേ പറഞ്ഞപോലെ പുതുമൈപിത്തൻ, ജയമോഹൻ, അശോകമിത്രൻ എന്നിവരൊക്കെയാണ് ഇഷ്ട എഴുത്തുകാർ. മലയാളത്തിൽ സക്കറിയ, ബഷീർ എന്നിവരെയൊക്കെ വായിച്ചിട്ടുണ്ട്. സക്കറിയയുടെ ഒരു കഥയാണ് എന്‍റെ ‘അതു നീ’ എന്ന കഥക്ക് പ്രചോദനം. ബിബ്ലിക്കൽ ലാൻഡ്സ്കേപ്പിൽ നടക്കുന്ന കഥയാണ് ‘അതു നീ’. ബിബ്ലിക്കൽ റഫറൻസ് വെച്ചാണ് ആ കഥ എഴുതിയത്. സക്കറിയയുടെ ‘ആർക്കറിയാം’ എന്ന കഥയാണ് അതിന് പ്രധാന പ്രചോദനം. ഒപ്പം, ജയമോഹന്‍റെ ‘വെറും മുൾ’, എസ്. രാമകൃഷ്ണന്‍റെ ‘നച്ചത്തിരങ്കലുടൻ സൂദാഡുബവർകൾ’ എന്നീ കഥകളും. കന്നടയിൽ ശിവരാമ കാരന്തിന്‍റെ രചനകൾ ഇഷ്ടമാണ്. പിന്നെ മിലൻ കുന്ദേര, ദസ്തയേവ്സ്കി, മാർകേസ്...

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.