നാരായന് അർഹിച്ച ആദരംസമൂഹത്തിന്റെ അരികുജീവിതങ്ങളെ അവരുടെ തനത് ഭാഷയില്‍ വരച്ചുകാണിക്കുന്ന പ്രശസ്ത എഴുത്തുകാരൻ നാരായന് വിടവാങ്ങിയ ഉടനെ അദ്ദേഹത്തിന്റെ കവർചിത്രത്തോടെയും, ഏറ്റവും ഒടുവില്‍ അദ്ദേഹം എഴുതിയ 'കടുവാകടിയന്' എന്ന കഥയോടെയും ആഴ്ചപ്പതിപ്പ് പുറത്തിറക്കിയ മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഔന്നത്യത്തെ ശ്ലാഘിക്കുന്നു. മരണശേഷം മാത്രമല്ല, ജീവിച്ചിരുന്നപ്പോഴും മാധ്യമം നാരായനായി താളുകൾ നീക്കിവെക്കുകയും കവർചിത്രമായി...
നാരായന് അർഹിച്ച ആദരം
സമൂഹത്തിന്റെ അരികുജീവിതങ്ങളെ അവരുടെ തനത് ഭാഷയില്‍ വരച്ചുകാണിക്കുന്ന പ്രശസ്ത എഴുത്തുകാരൻ നാരായന് വിടവാങ്ങിയ ഉടനെ അദ്ദേഹത്തിന്റെ കവർചിത്രത്തോടെയും, ഏറ്റവും ഒടുവില്‍ അദ്ദേഹം എഴുതിയ 'കടുവാകടിയന്' എന്ന കഥയോടെയും ആഴ്ചപ്പതിപ്പ് പുറത്തിറക്കിയ മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഔന്നത്യത്തെ ശ്ലാഘിക്കുന്നു. മരണശേഷം മാത്രമല്ല, ജീവിച്ചിരുന്നപ്പോഴും മാധ്യമം നാരായനായി താളുകൾ നീക്കിവെക്കുകയും കവർചിത്രമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
നാരായന്റെ വളരെ മനോഹരമായ കഥകളില്‍ ഒന്നാണ് 'കടുവാകടിയന്'. എത്ര അനായാസമായാണ് ഈ പ്രതിഭാധനനായ കഥാകൃത്ത് തന്റെ രചനകള്‍ സാക്ഷാത്കരിക്കുന്നതെന്ന് ഈ കഥ പറഞ്ഞുതരുന്നു. ഭാഷാപരമായ പ്രത്യേകതകള്‍കൊണ്ട് മികച്ചൊരു രചന. നന്മയും പ്രത്യാശയും പ്രസരിപ്പിക്കുന്ന കഥ. മാനം കറുത്ത സമയത്ത് പാടത്ത് വിളഞ്ഞുകിടക്കുന്ന നെല്ല് കൊയ്തെടുക്കാന്‍ പോകുന്ന കടുത്തയുടെയും കുഞ്ഞിക്കോതയുടെയും കഥ ഭാഷാമികവുകൊണ്ട് ആഴ്ചപ്പതിപ്പിന്റെ താളുകളെ ശോഭാങ്കിതമാക്കിയിരിക്കുന്നു. കൊയ്തെടുത്ത കറ്റയുമായി വനത്തിലൂടെ തിരിച്ചുപോരവേ കടുത്ത, കടുവയുടെ ആക്രമണത്തിനിരയാകുന്നു. കടുവയുമായുള്ള മൽപിടിത്തത്തില് കുഞ്ഞിക്കോതയുടെ അവസരോചിതമായ ഇടപെടല്‍ കടുത്തയെ രക്ഷപ്പെടുത്തുന്നു. അവളുടെ അരിവാളിന്റെ മൂര്‍ച്ചയില്‍ കടുവ ശിരസ്സറ്റ് നിലംപതിക്കുന്നു. ദേഹം മുഴുവന്‍ മുറിവുപറ്റിയ ഭര്‍ത്താവിനെ അവള് കുടിലില്‍ എത്തിക്കുന്നു. വിവരമറിഞ്ഞ് എത്തിയ കേളുവൈദ്യര്‍ തന്റെ പച്ചമരുന്നു പ്രയോഗത്താല്‍ കടുത്തയെ രക്ഷിച്ചെടുക്കുന്നു. "ഇവന് നമ്മുടെ കൂട്ടത്തിലെ ഒരാളല്ലേ? വിട്ടുകളയാനാണെങ്കി ഞാനെന്നേത്തിനാ വൈദ്യരെന്നും പറഞ്ഞ് നടക്കണേ?" എന്ന വൈദ്യരുടെ ചോദ്യം കേട്ട് കുഞ്ഞിക്കോത കടുത്തയെ നോക്കി പുഞ്ചിരിക്കുന്നിടത്ത് കഥ അവസാനിക്കുമ്പോള്‍ സഹൃദയരായ വായനക്കാര്‍ ഒരു നിമിഷം നിര്‍വൃതിയില്‍ ലയിക്കുന്നു. അതാണ് കഥാകാരന്റെ വൈഭവം. മണ്മറഞ്ഞുപോയ ഈ പ്രതിഭക്കു മുന്നില്‍ കൈകള്‍ കൂപ്പുന്നു.
സണ്ണി ജോസഫ്, മാള
ഒരു നാൾ വെളിച്ചം പരക്കുക തന്നെ ചെയ്യും
സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ടിന്റെ നിറവിൽ നിറഞ്ഞുനിൽക്കുന്ന നമ്മുടെ മാതൃരാജ്യത്തിന്റെ വർത്തമാന കാല അവസ്ഥകളും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും ഒപ്പം ആകുലതകളും പങ്കുവെച്ചുകൊണ്ടുള്ള കെ.ഇ.എന്നിന്റെയും ബി.ആർ.പി. ഭാസ്കറിന്റെയും പ്രൗഢമായ ലേഖനങ്ങൾ അടങ്ങിയ (ലക്കം: 1277) പതിപ്പ് അവസരോചിതമായി.
അധിനിവേശത്തിന്റെ നുകം പേറുന്ന ഏതൊരു ജനതക്കും മാതൃകയാക്കാൻ പറ്റുന്ന മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ പുറംപോക്കിൽ മാത്രം സ്ഥാനം ലഭിച്ചിട്ടുള്ള സംഘ്പരിവാർ ശക്തികൾക്ക് മേൽെക്കെയുള്ള ഭരണകൂടം ചരിത്രത്തിനു നേരെ അധികാരത്തിന്റെ കറുത്ത തുണികൊണ്ട് മറയിട്ട് പുതിയ കള്ളങ്ങൾ തലമുറകൾക്ക് പകർന്നേകാൻ വല്ലാതെ തത്രപ്പെടുമ്പോൾ ഇടതടവില്ലാതെ ഇന്നലെകളെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുക എന്നതാണ് രാജ്യസ്നേഹികൾക്ക് മുന്നിലുള്ള കരണീയ വഴി.
ലക്ഷക്കണക്കിന് പച്ചയായ മനുഷ്യരുടെ കണ്ണീരും വേദനയും ജീവനും ജീവിതത്തിനും പകരമായി ലഭിച്ച സ്വാതന്ത്ര്യം ഒരു സ്വപ്നമായി അവശേഷിച്ചു പോകാതെ തലമുറകൾക്ക് കൈമാറാൻ ഓരോ ഭാരതീയനും ജാഗരൂകമായി നിലകൊണ്ടേ മതിയാവൂ. ഗാന്ധിസ്മൃതിയുടെ വെള്ളിവെളിച്ചത്തിൽ ഫാഷിസം തീർത്ത ഇരുട്ടിനെ വകഞ്ഞുമാറ്റുന്ന പുതിയൊരു പ്രഭാതം പൊട്ടിവിടരുകതന്നെ ചെയ്യും.
ഇസ്മായിൽ പതിയാരക്കര
അത് ചോദിക്കേണ്ട ചോദ്യം തന്നെ
സ്വാതന്ത്ര്യദിന പുലരിയിൽ ആഴ്ചപ്പതിപ്പ് കിട്ടി. 'തുടക്കം' പംക്തിയിൽ എഴുതിയപോലെ നമ്മുടെ സ്വപ്നങ്ങൾ ഇപ്പോഴും മരീചികയായി നിൽക്കുകയാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും ഈ രാജ്യത്ത് ഇപ്പോഴും പൂർത്തിയാകാത്ത പ്രക്രിയകളാണ്. ഭക്ഷണമില്ലാതെ, പാർപ്പിടമില്ലാതെ, വിദ്യാഭ്യാസമില്ലാതെ അധഃകൃത വിഭാഗങ്ങൾ ഭരണഘടനാവകാശങ്ങൾ നിഷേധിക്കപ്പെട്ട് ഇപ്പോഴും ജീവിക്കുന്നു. സ്വാതന്ത്ര്യം ആരുടെ, ആർക്കെന്ന ചോദ്യം ഉന്നയിക്കപ്പെടേണ്ടതുതന്നെ.
മേക്കുന്നത്ത് കരുണാകരൻ
മലയാളികളെല്ലാം ബിഗ്ബോസ് കാണുന്നവരല്ല
'ബിഗ് ബോസ്' പോലുള്ള ചാനൽ പരിപാടികൾ സമൂഹത്തോട് എന്താണ് പറയുന്നത് എന്ന് ചോദിച്ചുള്ള സജിത്ത് എം.എസിന്റെ ലേഖനം 'മലയാളികളുടെ ബിഗ് ബോസ് ജീവിതം' (ലക്കം: 1276) വായനക്കാരോട് എന്താണ് പറയുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിക്കുന്നത് എന്ന് ഒരു എളിയ വായനക്കാരൻ എന്ന നിലയിൽ തിരിച്ച് ചോദിക്കാൻ ആഗ്രഹിക്കുന്നു. ടെലിവിഷൻ ചാനൽ സീരിയലുകൾക്കും റിയാലിറ്റി ഷോകൾക്കും അടിമപ്പെട്ട ഒരുവിഭാഗം ആളുകളോടും അവരുടെ കുടുംബത്തോടും ചോദിക്കേണ്ട ചോദ്യം മാത്രമായിരുന്നു അത്.
മൂന്നാവർത്തി വായിച്ചിട്ടും എന്താണ് ഈ ലേഖനം പറയാൻ ശ്രമിക്കുന്നതെന്ന് ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ടുതന്നെയാണ് ഇത് കുറിക്കേണ്ടിവന്നത്. ബിഗ്ബോസ് എന്ന ചാനൽ പരിപാടിയെ അംഗീകരിക്കുകയാണോ വിമർശിക്കുകയാണോ എന്ന സംശയം ലേഖനം മുഴുവൻ വായിച്ചാലും ശേഷിക്കുന്നുണ്ട്. പതിനൊന്ന് പേജ് വരുന്ന ലേഖനത്തിൽ അഞ്ചിടത്തായി ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്. അത് ഇതാണ്.
വ്യക്തികളുടെ സ്വകാര്യ ഇടത്തിലേക്ക് (Private space) കാമറവെച്ച് അതിനെ പ്രേക്ഷകർക്കു മുന്നിൽ അനാവൃതമാക്കുകയും അതുവഴി പ്രേക്ഷകരുടെ ഒളിഞ്ഞുനോട്ട ത്വരയെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു എന്നതുതന്നെയാണ് ബിഗ്ബോസ് റിയാലിറ്റി ഷോയുടെ വിജയങ്ങളിൽ പ്രധാന ഘടകം. ഇത് ബിഗ്ബോസ് റിയാലിറ്റി ഷോക്കുള്ള പരസ്യ വാചകമാണോ അതോ കടുത്ത വിമർശനമാണോ? മലയാളികളുടെ ഒളിഞ്ഞുനോട്ട ത്വരയും ഒരാൾ രഹസ്യമായി അറിഞ്ഞ കാര്യങ്ങൾ പരസ്യമായി അറിയാനുള്ള അടങ്ങാത്ത അഭിവാഞ്ഛയും ഇന്നോ ഇന്നെലയോ തുടങ്ങിയതല്ലല്ലോ.
എട്ടും പൊട്ടും തിരിയാത്ത ചെറിയ കുട്ടികളെ വിധികർത്താക്കളുടെയും മാതാപിതാക്കളുടെയും മുന്നിൽ നിർത്തി വീട്ടിൽ നടക്കുന്ന 'അടുക്കള രഹസ്യങ്ങൾ' ഉൾപ്പെടെ നിഷ്കളങ്ക മനസ്സുകളിൽനിന്നും പുറത്തുചാടിച്ച് ഊറിച്ചിരിക്കുന്ന അല്ലെങ്കിൽ ഇളകിച്ചിരിക്കുന്ന ഷോകൾ അവതരിപ്പിച്ചു തുടങ്ങിയപ്പോൾതന്നെ ടെലിവിഷൻ ചാനൽ വിഭവങ്ങളുടെ നിലവാരമെന്തെന്ന് ഒളിഞ്ഞുനോട്ട ത്വരയില്ലാത്ത കുറച്ചു മലയാളികളെങ്കിലും മനസ്സിലാക്കിയിരുന്നു. എന്നാൽ, അതിനെക്കാൾ എത്രയോ 'മോശം' എന്നുപോലും വിലയിരുത്താൻ തക്ക നിലവാരമില്ലാത്ത 'ബിഗ് ബോസി'നെ കുറിച്ചുള്ള വ്യക്തതയില്ലാത്ത ലേഖനത്തിന് ഇത്രയും പേജുകൾ മാറ്റിവെക്കണമായിരുന്നോ?
മൂല്യമുള്ള താരങ്ങൾ അവതരിപ്പിക്കുന്നുവെന്ന് പറയുമ്പോഴും ബിഗ്ബോസ് കേവലം 'സീറോബോസ്' ആണെന്നും താരങ്ങളുടെ മൂല്യങ്ങൾ ഇതുകൊണ്ടെല്ലാം ഇടിഞ്ഞുപോകുന്നുവെന്നുമുള്ള യാഥാർഥ്യം ആരും മറക്കണ്ട. 'താരമൂല്യങ്ങൾ' ഇത്തരം പരിപാടികളുടെ റേറ്റിങ് കൂട്ടുമെന്ന് പറയുന്നുണ്ടെങ്കിൽ അവർക്കും തെറ്റി.
ദിലീപ് വി. മുഹമ്മദ്
സുവ്യക്ത രാഷ്ട്രീയമുള്ള കവിത
മൊഴി വഴക്കങ്ങളിൽനിന്ന് മൊഴിപ്പിണക്കങ്ങളിലേക്കുള്ള സഞ്ചലനത്തിലാണ് പുതിയ കവിത. ബിംബപരതയിൽനിന്ന് തെന്നി, കവിതതന്നെ ഒരു ബിംബമായി മാറുന്നു.
മാധ്യമം ആഴ്ചപ്പതിപ്പിലെ (ലക്കം: 1277) 'ഗുഹയിൽ ഒരു ടെക്കി' എന്ന കളത്തറ ഗോപന്റെ കവിത ഒരു നിദർശനമാണ്. ആന്തരബിംബസമൃദ്ധിയെ പുതുക്കി നിശ്ചയിക്കുകയാണ് ഇവിടെ. ഭൂതകാല വിനിമയങ്ങളിൽ കുരുങ്ങുന്ന മാംസനിബദ്ധതകൾ, വർത്തമാന പരിപ്രേക്ഷ്യങ്ങളായി പുനർജനിക്കുന്നു. ഒഴിവുകാലം ഒരോർമ മാത്രമായി മാറുന്ന തനതു ജീവിതം! ചുട്ടെടുത്ത കാട്ടുമൃഗത്തിന്റെ ഒരു പീസ് ആർക്കുനേരെയും വെച്ചു നീട്ടപ്പെടാം. ഒരു സുവ്യക്ത രാഷ്ട്രീയം അതിശക്തമായി ചർച്ചക്കുവെക്കുകകൂടി ചെയ്യുകയാണ് ഈ കവിത. ആശംസകൾ!
കുറിഞ്ചിലക്കോട് ബാലചന്ദ്രൻ
ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന കഥ
വി. സുരേഷ് കുമാർ എഴുതിയ 'ഇരുട്ടിന്റെ വീട്' എന്ന കഥ വായിച്ചു (ലക്കം: 1275). മനുഷ്യന്റെ ആദ്യത്തെ പ്രാണൻ ശരീരത്തിലേക്ക് ആവാഹിക്കുന്നത് മുതൽ, അവസാനത്തെ ശ്വാസംവരെയും കൂടപ്പിറപ്പിനെപ്പോലെ കൊരുത്തുപിടിക്കുന്ന വികാരമാണ് നിസ്സഹായത.
ചന്ദ്രിക എന്ന ഇൻഷുറൻസ് ഏജന്റ് തന്റെ ദാരിദ്ര്യത്തിന്റെ നിസ്സഹായതയിലേക്ക് സെന്റ് പൂശിത്തരാറുള്ള മാനേജറുമായുള്ള യാത്രക്കിടയിലെപ്പോഴോ, വായിച്ചു മറന്ന ബാല്യത്തിന്റെ പുസ്തകത്തിൽ മാനം കാണാതെ ഒളിപ്പിച്ചുവെച്ചിരുന്ന ഒരു മയിൽപ്പീലിത്തുണ്ടിനെ പുറത്തേക്ക് എടുത്തു നോക്കുന്ന കാഴ്ചയാണ് കഥാകാരൻ കാൻവാസിൽ മനോഹരമായി വരച്ചു ചേർത്തിരിക്കുന്നത്.
കുട്ടിക്കാലത്ത് ടോൾസ്റ്റോയിയുടെ ബാലകഥകൾ വായിച്ചപ്പോൾ പിടികിട്ടാത്ത പലതും മുതിർന്നപ്പോൾ വായിക്കുമ്പോഴാണ് വായിച്ചാലും അനുഭവിച്ചാലും പിടികിട്ടാത്ത ചിലതുണ്ടെന്ന് മനസ്സിലായത്. വളരുമ്പോൾ, വളർച്ചയുടെ പടവുകൾ കയറുമ്പോൾ ദുഃഖഭരിതമായ നിമിഷങ്ങളിൽ അവ ഓർമിക്കപ്പെടുന്നു.
ചന്ദ്രിക സ്നേഹത്തിന്റെ നഷ്ടപ്പെട്ട വളപ്പൊട്ടുകൾ പെറുക്കിയെടുക്കാൻ ഇരുട്ടിന്റെ വീടു തേടിയുളള മടക്കയാത്രയിൽ ശ്രമിക്കുകയാണ്. പലതരം ഗന്ധങ്ങൾ അവൾ ഓർത്തെടുക്കുന്നു. ഏല്യാമ്മച്ചിയുടെ ജാക്കറ്റിന്റെ വിയർപ്പുഗന്ധം. മുട്ടയുടെ വെള്ളയുടെ ഗന്ധം. പഴമാങ്ങയുടെ വാസന. വറുത്തരച്ച തീയലിന്റെ മണം. പാഷൻ ഫ്രൂട്ടിന്റെ ഓർമയിൽ പറ്റിപ്പിടിച്ചു കിടക്കുന്ന ഗന്ധം... അവയുടെ ഓർമകൾപോലും മനുഷ്യസിരകളെ ഇത്രത്തോളം ഉത്തേജിപ്പിക്കുന്നതാണ് മറ്റൊരത്ഭുതം!
തിരമാലകൾപോലെ ജീവിതത്തിൽ വന്നടിക്കുന്ന വിഷാദങ്ങളുടെ വായനയാണ് കഥാകാരൻ അനുവാചകരുടെ മുന്നിൽ തുറന്നുവെക്കുന്നത്. ജീവിതം പെരുമഴപോലെ പെയ്തിറങ്ങുന്ന കഥ. ഉടുപ്പില്ലാത്ത സ്നേഹങ്ങളുടെ കഥ. വിശപ്പിനെയും ഭയത്തെയും അധികാരത്തെയും ഭീഷണികളെയും ഉടച്ചുകളയുന്ന കഥ. വറ്റിപ്പോയ കനാലിൽ സ്നേഹത്തിന്റെ നീരുറവ തേടിപ്പോകുന്ന കഥ.
ദൃശ്യബിംബങ്ങൾകൊണ്ടും സമൃദ്ധമാണ് സുരേഷ് കുമാറിന്റെ ഈ കഥ. സങ്കീർണമായ ദൃശ്യാനുഭവങ്ങൾ അനുവാചകരുടെ ഹൃദയത്തിലേക്ക് ചലച്ചിത്രംപോലെ, കഥയെഴുത്തുകാരൻ ഒരു കാമറയിലെന്നപോലെ പകർത്തിവെക്കുന്നുണ്ട്.
ദൃശ്യങ്ങൾ തിരശ്ശീലയിലെന്ന പോലെ ഒന്നിനു പിന്നാലെ ഒന്നായി അതിന്റെ സൂക്ഷ്മാവിഷ്ക്കാരത്തിലൂടെ കൺമുന്നിലെത്തിക്കുമ്പോൾ കഥാകാരൻ വിദഗ്ധ ഛായാഗ്രാഹകനായി വർത്തിക്കുന്ന അത്ഭുതദൃശ്യം വായനക്കാരുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു.
രുഗ്മിണി അമ്മ
തീരം ചൂടു പിടിക്കുമ്പോൾ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ തുടങ്ങിയ സമരം നിയമസഭയിലടക്കം വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയതോടെ, സമരക്കാരുമായി ചർച്ചക്കിരിക്കാൻ സർക്കാർ നിർബന്ധിതരായി എന്നത് വസ്തുതയാണെങ്കിലും തീരദേശവാസികളുടെ ആവശ്യങ്ങൾ ഇനിയും പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ആഴ്ചപ്പതിപ്പ് ലക്കം 1275ൽ വിശദമായി പ്രതിപാദിച്ചതാണ് തീരദേശ ജനതയുടെ പ്രശ്നങ്ങൾ. അതൊക്കെയും പൂർണമായും ശരിയായിരുന്നുവെന്ന് തെളിയിക്കുന്നു പുതിയ സംഭവവികാസങ്ങളത്രയും.
ചാൾസ് ജോർജ്, ടി.സി. സുബ്രഹ്മണ്യൻ, മേബിൾ, കെ.സി. ശ്രീകുമാർ, ജിഷ എലിസബത്ത്, ഹസീന ഇബ്രാഹീം എന്നിവർ നടത്തിയ നിരീക്ഷണങ്ങൾ കൃത്യമാണ്. നമ്മുടെ കടലും കരയും ഒരുപോലെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ആശങ്കജനകമാണ് കാര്യങ്ങൾ. കേരളത്തിന്റെ തീരദേശങ്ങൾ അനുദിനം ശോഷിച്ചുവരുകയാണെന്ന യാഥാർഥ്യം ഇന്ന് ആരും സമ്മതിക്കും. അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങൾതന്നെയാണ് ഇതിന്റെ ഒന്നാമത്തെ കാരണം. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം ആരംഭിച്ചതോടെ തീരശോഷണത്തിന്റെ വേഗം വർധിച്ചുവെന്നും വാഗ്ദാനം ചെയ്ത പ്രതിവിധികളൊന്നും സർക്കാർ നടപ്പാക്കിയിട്ടില്ലെന്നുമാണ് സമരക്കാർ പറയുന്നത്. തീർത്തും ന്യായമാണ് ഈ വാദമെന്ന് ഒരിക്കലെങ്കിലും ആ മേഖല സന്ദർശിച്ചിട്ടുള്ളവർക്ക് ബോധ്യപ്പെടും.
ഇപ്പോഴത്തെ സമരം പെട്ടെന്നൊരുനാൾ പൊട്ടിപ്പുറപ്പെട്ടതുമല്ല. അത്തരത്തിലൊരു പ്രചാരണം നടക്കുന്നുണ്ട്. 2017 മുതൽ തന്നെ അവിടെ ശക്തമായ സമരം നടക്കുന്നുണ്ട്. ജിഷയുടെ ലേഖനത്തിൽ ആ സമരങ്ങളുടെ ചരിത്രവും ഹ്രസ്വമായി വിവരിക്കുന്നുണ്ട്. അഥവാ, പെട്ടെന്ന് ഏതെങ്കിലും ബാഹ്യലോബികളുടെ സമ്മർദഫലമായി തുടങ്ങിവെച്ച സമരമല്ല ഇത്. മറിച്ച്, വർഷങ്ങളായി തുടരുന്ന സമരങ്ങളുടെ തുടർച്ചയാണ്. അതും കടലിന്റെയും കരയുടെയും ജീവൻ തിരിച്ചുപിടിക്കാനുള്ള സമരം. ഈ സമരത്തോട് നമുക്ക് ഐക്യപ്പെട്ടേ മതിയാകൂ. ഈ ജനകീയസമരത്തിന്റെ കൈപ്പുസ്തകമായി പ്രസ്തുത ലക്കം. അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ!
മധുകുമാർ, അടിമലത്തുറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.