‘ഇടതുപക്ഷത്തിന്റെ ഹിന്ദുത്വ യുക്തികൾ’ എന്ന ശീർഷകത്തിൽ എൻ.കെ. ഭൂപേഷ് എഴുതിയ ലേഖനം (ലക്കം: 1390) വായിച്ചപ്പോൾ തോന്നിയ ചില വിചിന്തനങ്ങളാണ് ഈ കുറിപ്പിനാധാരം. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ, കേട്ടുകേൾവിയില്ലാത്ത തരത്തിൽ ഒരു ഭരണകക്ഷി എം.എൽ.എ സർക്കാറിന്റെ ആഭ്യന്തര വകുപ്പിനെതിരെ അതിഗുരുതര ആരോപണങ്ങൾ തെളിവു സഹിതം ഉന്നയിക്കുകയും പാർട്ടി അംഗം പോലുമല്ലാത്ത ആ വ്യക്തിക്കൊപ്പം അണികളും ഘടകകക്ഷികളും നിലകൊള്ളുകയും പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള പിണറായി വിജയനെ ന്യായീകരിച്ച് അധികംപേർ രംഗത്തുവരാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ആ പാർട്ടിയെ സംബന്ധിച്ചിടത്തോളം നടാടെ ആയിരിക്കും എന്നു തോന്നുന്നു.
പി.വി. അൻവർ എന്ന സമ്പന്നനായ രാഷ്ട്രീയക്കാരൻ തുറന്നു വിട്ട ഭൂതം സുജിത് ദാസിനെയും അജിത് കുമാറിനെയും പി. ശശിയെയും കടന്ന് പിണറായി വിജയനെ തരിപ്പണമാക്കാൻ പാകത്തിലുള്ള ശക്തിയായി വളർന്നു കഴിഞ്ഞിരിക്കുന്നു. പാർട്ടി ഭരണത്തിൽ ഇരിക്കുന്ന സമയത്ത് പൊലീസിൽ നടക്കാൻ പാടില്ലാത്ത പലതും നടക്കുന്നു എന്ന യാഥാർഥ്യം തെളിവുകൾ നിരത്തി അൻവർ പറഞ്ഞപ്പോൾ സ്വർണ കള്ളക്കടത്തുകാരൻ എന്ന ചാപ്പയടി വരികൾക്കിടയിലൂടെ അദ്ദേഹത്തിന്റെ മേൽ ചാർത്തി അരിശം തീർത്തു എന്നതിനപ്പുറം പൊതുസമൂഹത്തിനു ബോധ്യമാവുന്ന ഒരു ഉത്തരവും നൽകാൻ പിണറായി വിജയന് കഴിഞ്ഞില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ അണികൾ പോലും അദ്ദേഹത്തിന്റെ വാർത്താസമ്മേളനം സാമൂഹിക മാധ്യമങ്ങളിൽ ആഘോഷിക്കാൻ തയാറായില്ല. പിണറായി വിജയന്റെ ശൈലീ ഭ്രംശനം ചോദ്യം ചെയ്യപ്പെടാതെ നിലനിൽക്കുന്നു എന്നത് ഒരു നഗ്ന യഥാർഥ്യമാണെങ്കിലും ഈ വഴിവിട്ട പോക്കിൽ അണികൾ ഏറെയും അസംതൃപ്തരാണ്.
അൻവർ ഉയർത്തിക്കൊണ്ടു വന്ന വിഷയങ്ങൾ മുസ്ലിംകൾ അടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങളെ ബാധിക്കുന്ന പൊള്ളുന്ന കാര്യങ്ങളാണ്. പൊലീസിന്റെ ഉപമേധാവി രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ രണ്ടാമനെ കണ്ടതെന്തിനാണെന്ന ഒറ്റ വിഷയത്തിൽ കറങ്ങിത്തിരിയുകയാണ് നമ്മുടെ മുഖ്യധാര മാധ്യമങ്ങളിൽ പലതും. അതിനപ്പുറം ചർച്ച പോകരുതെന്ന് ആർക്കൊെക്കയോ പ്രത്യേകമായ താൽപര്യമുള്ള പോലെ തോന്നുന്നു പല ചാനൽ ചർച്ചകളും കാണുമ്പോൾ.
യഥാർഥത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘം ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഒരു സംഘടനയാണോ? സർക്കാർ ജീവനക്കാർക്ക് ഈ സംഘടനയിൽ പ്രവർത്തിക്കാനുള്ള വിലക്കുപോലും കേന്ദ്രസർക്കാർ എടുത്തുമാറ്റിയ ഈ കാലത്ത്, നമ്മുടെ ഭരണത്തിന്റെ കുഞ്ചികസ്ഥാനങ്ങളിൽ ഉപവിഷ്ടരായിട്ടുള്ളവർ ഒട്ടു മുക്കാലും സംഘപ്രചാരകർ ആയ ഒരു നേരത്ത് പൊലീസിന്റെ തലപ്പത്തുള്ള ഒരാൾ അതിന്റെ നേതാവിനെ പോയി കണ്ടു എന്ന ഒറ്റബിന്ദുവിൽ ചർച്ചയെ ചുരുട്ടിക്കൂട്ടിയിടുന്നതിന്റെ പിന്നിൽ ഒരു അജണ്ടയില്ലേ എന്ന് ആരെങ്കിലും വിചാരിച്ചാൽ അവരെ കുറ്റപ്പെടുത്തുക സാധ്യമല്ലതന്നെ.
യഥാർഥത്തിൽ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ ഭരിക്കുന്ന യഥാർഥ ആശങ്ക എന്തെന്നുവെച്ചാൽ കേരള പൊലീസിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രത്യക്ഷമായതും പ്രച്ഛന്നമായതുമായ സംഘിവത്കരണമാണ്. നമ്മുടെ നാടിന്റെ നീതിനിർവഹണ സംവിധാനങ്ങളുടെ തലപ്പത്ത് ഇത്തരം മനഃസ്ഥിതിയുള്ളവർ പിടി മുറുക്കുമ്പോൾ മേൽപറഞ്ഞ വിഭാഗങ്ങൾക്ക് ന്യായമായും ലഭിക്കേണ്ട നീതി അട്ടിമറിക്കപ്പെടില്ലേ എന്നതാണ് പ്രസക്തമായ ചോദ്യം? (പാർട്ടി ഭരണത്തിലിരിക്കുന്ന സമയമായിട്ട് പോലും കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പൊലീസ് സ്റ്റേഷനിൽ പുല്ലുവില മാത്രമാണ് ലഭിക്കുന്നതെന്ന വർത്തമാനവും ഇതോട് ചേർത്ത് വായിക്കേണ്ട ഒന്നാണ്)
ന്യൂനപക്ഷ, ദലിത്, പിന്നാക്ക, പാർശ്വവത്കൃത ജനസമൂഹത്തിനു സ്വൈര്യമായി ജീവിക്കാൻ പറ്റുന്ന സ്ഥലം എന്ന നമ്മുടെ കൊച്ചു കേരളത്തിന്റെ ഖ്യാതിക്ക് കോട്ടം തട്ടുന്ന തരത്തിൽ ഉത്തരേന്ത്യൻ മോഡൽ അരക്ഷിതാവസ്ഥയുടെ ആഴങ്ങളിലേക്ക് മേൽപ്പറഞ്ഞ ജനവിഭാഗങ്ങൾ വീണുപോവുന്ന അവസ്ഥയായിരിക്കില്ലേ നിയമപാലന സംവിധാനത്തിൽ സംഭവിക്കുന്ന സംഘിവത്കരണത്തിന്റെ ആത്യന്തിക ഫലം?
രക്തസാക്ഷികളുടെ ചുടുചോരയുടെ അസ്തിവാരത്തിൽ പണിതുയർത്തപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിക്ക് പ്രത്യക്ഷത്തിൽ ആ പ്രസ്ഥാനവുമായി കൂട്ടുകൂടുന്നത് അംഗീകരിക്കാൻ പ്രയാസമുള്ള കാര്യമാണ്. എങ്കിലും കഴിഞ്ഞ എട്ടു വർഷത്തെ പിണറായി വിജയൻ സർക്കാറിന്റെ പൊലീസിങ്ങിനെക്കുറിച്ച് പഠിക്കുമ്പോൾ ഇടതു നയം എന്നതിലുപരി സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന ആദർശം അപ്പാടെ പിൻ പറ്റി മുന്നോട്ടുപോകുന്നപോലെ ഏത് സാധാരണക്കാരനും തോന്നുന്ന തരത്തിലാണ് നീങ്ങുന്നത് എന്നത് ഒരു പച്ച പരമാർഥമാണ്.
ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽനിന്നും അമിത് ഷായെ രക്ഷിച്ചെടുത്തു എന്നു പറയപ്പെടുന്ന ലോക് നാഥ ബെഹ്റയെ ചരിത്രത്തിൽ ആദ്യമായി വിജിലൻസിന്റെ കൂടെ ചുമതലയുള്ള പൊലീസ് മേധാവിയായി പിണറായി സർക്കാർ നിശ്ചയിച്ചതിൽനിന്നുതന്നെ തുടങ്ങാം. ഒടുവിൽ കാലാവധി കഴിഞ്ഞിട്ടും സ്വദേശത്തേക്ക് പറഞ്ഞയക്കാതെ കൊച്ചി മെട്രോയുടെ തലപ്പത്തു പ്രതിഷ്ഠിക്കപ്പെട്ടതും യാദൃച്ഛികതയുടെ കണക്കിൽ വരവുവെക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
2017 ആഗസ്റ്റ് 15ന് മോഹൻ ഭാഗവത് പാലക്കാട് കർണകിയമ്മൻ സ്കൂളിൽ ദേശീയ പതാക ഉയർത്തിയതിലെ ചട്ടലംഘനം സംബന്ധിച്ച് പൊലീസ് ഇടപെടൽ വേണ്ടെന്നു തീരുമാനിച്ചതും, അദ്ദേഹത്തിനെതിരെ നിയമ നടപടി പാടില്ലെന്നു തീരുമാനമെടുത്തതും മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്ന വാർത്ത (മനോരമ ഓൺലൈൻ 2017 ആഗസ്റ്റ് 17), മുജാഹിദ് പ്രവർത്തകർ നോട്ടീസ് വിതരണം ചെയ്തതിന്റെ പേരിൽ ആർ.എസ്.എസ് പ്രവർത്തകരാൽ മർദിക്കപ്പെട്ട കേസ്, സമസ്ത കോഓഡിനേഷൻ കമ്മിറ്റി കാസർകോട് നടത്തിയ റാലിയിൽ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുവെന്നു പറഞ്ഞുണ്ടായ കേസ്, റിയാസ് മൗലവി, കൊടിഞ്ഞി ഫൈസൽ തുടങ്ങിയവരുടെ കൊല പാതകങ്ങളിൽ ഹിന്ദുത്വവാദി പ്രവർത്തകർക്കുള്ള പങ്ക് എഫ്.ഐ.ആറിൽ ഇല്ലാതെ പോയത്, അലൻ-താഹ യു.എ.പി.എ കേസ്, മാവോവാദിവെടിവെപ്പ് സംഭവം, കൊടകര കേസ്, പട്ടാളക്കാരന്റെ മുതുകിൽ പി.എഫ്.ഐ ചാപ്പ കുത്തിയ കേസ്, പാലത്തായി പീഡന കേസ് തുടങ്ങിയവയോടുള്ള സമീപനം പരിശോധിച്ചാൽ ഇരട്ടത്താപ്പുകൾ പ്രകടമാണ്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടുവെന്നു പറയുന്നത് 2023 മേയ് 22നും ജൂൺ രണ്ടിനുമാണ്. കൃത്യം 15 മാസം കഴിഞ്ഞു 2024 സെപ്റ്റംബറിൽ പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം വിളിച്ചു പറഞ്ഞപ്പോഴാണ് ഇക്കാര്യം പൊതുസമൂഹം അറിയുന്നത്.
കൂടിക്കാഴ്ച നടന്ന സമയത്തുതന്നെ ഇക്കാര്യത്തെപ്പറ്റി വിശദമായ റിപ്പോർട്ട് സ്പെഷൽ ബ്രാഞ്ച് നൽകിയിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാവാതെ പോയതും, പൊലീസിനെതിരെ നിരന്തരം ആരോപണങ്ങൾ ഉണ്ടായിട്ടും ഒരുവിധ തിരുത്തലിനും ശ്രമിക്കാതെ സേനയുടെ ആത്മവീര്യം തകർക്കരുത് എന്ന ഒറ്റ ന്യായീകരണത്തിൽ ഇപ്പോഴും അദ്ദേഹം ഉറപ്പിച്ചു നിലകൊള്ളുന്നതും ദുരൂഹതകൾ കേരള മനഃസാക്ഷിക്ക് മുന്നിൽ കുടഞ്ഞിടുന്നുണ്ട്. തൃശൂരിൽ സുരേഷ് ഗോപിക്ക് ജയിക്കാൻ സാഹചര്യം ഒരുക്കിയ പൂരത്തിൽ പൊലീസ് ഇടപെട്ട നടപടിയെപ്പറ്റിയുള്ള റിപ്പോർട്ടിനെ ചൊല്ലിയുള്ള ഭരണകക്ഷിയായ സുനിൽ കുമാറിന്റേതടക്കമുള്ളവരുടെ പ്രസ്താവനയുടെ കുന്തമുനയും പാഞ്ഞുചെല്ലുന്നത് പിണറായി വിജയന്റെ നേർക്കുതന്നെയാണ്.
ചുരുക്കത്തിൽ കാലങ്ങളായി സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ കരാള ഹസ്തത്തിൽനിന്ന് കേരളത്തെ കോട്ടപോലെ കാത്തുരക്ഷിച്ചുകൊണ്ടിരിക്കുന്നത് ഞങ്ങളാണ് എന്നു നാഴികക്ക് നാൽപതു വട്ടം വീമ്പുപറയുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ മസ്തകത്തിനുതന്നെ വലിയ അടിയാണ് പിണറായി വിജയൻ എന്ന പൊലീസ് മന്ത്രി വരുത്തിവെച്ചിരിക്കുന്നത് എന്നു നിസ്സംശയം പറയാൻ കഴിയും. ഇപ്പോഴും ദുരൂഹത മുഴച്ചുനിൽക്കുന്ന ഐ.എസ് കഥകൾ പൊടി തട്ടിയെടുത്തു വാർത്തയാക്കിയാലൊന്നും പാർട്ടി അകപ്പെട്ട വലിയ പ്രതിസന്ധിയിൽനിന്നും കര കയറാൻ കഴിയില്ല എന്നും അതിനു തലപ്പത്തുനിന്നും തിരുത്തലുകൾ വേണമെന്നും ബന്ധപ്പെട്ടവർ തിരിച്ചറിയേണ്ടതുണ്ട്.
കാരണം, ഇടതുപക്ഷം ഈ മലയാളക്കരയിൽ ആവശ്യമാണ്. അത് തകരുമ്പോൾ അതിന്റെ അണികൾ കോൺഗ്രസിലേക്കല്ല, മറിച്ചു വർഗീയ പ്രസ്ഥാനങ്ങളിലേക്കാണ് ഒഴുകുക എന്നതിന് ത്രിപുരയും ബംഗാളു മൊക്ക നമ്മുടെ മുന്നിലെ മികച്ച ഉദാഹരണങ്ങളാണ്. ആയതിനാൽ പാർട്ടിക്കുവേണ്ടി മരിച്ചുവീണ രക്തസാക്ഷികളുടെ കുടുംബങ്ങളും, പാർട്ടിയെ അതിരറ്റു സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകരും നേതാക്കന്മാരെ തിരുത്തിയില്ലെങ്കിൽ കേരളം എന്ന തുരുത്തിൽനിന്നു കൂടി ചെങ്കൊടി അസ്തമിച്ചുപോകുമെന്നത് അവിതർക്കിതമായ കാര്യമാണ്. അങ്ങനെ നോക്കുമ്പോൾ വാർത്താസമ്മേളനം നടത്തിയും പാർട്ടി സർക്കുലർ ഇറക്കിച്ചും ചോദ്യകർത്താവിനെ നിശ്ശബ്ദമാക്കാൻ ശ്രമിച്ചു വിജയിക്കാൻ ശ്രമിക്കുന്ന പിണറായി അക്ഷരാർഥത്തിൽ തോൽപിക്കുന്നത് പാർട്ടിയെ തന്നെയാണ്.
രണ്ട് മുന്നണികൾ തമ്മിലുള്ള ബലാബലമാണ് ബി.ജെ.പി എന്ന രാഷ്ട്രീയ പാർട്ടിക്ക് കടന്നുകയറുന്നതിനുള്ള പല വിഘാതങ്ങളിൽ ഒന്ന് എന്ന വസ്തുത മുൻനിർത്തി ഇടതുപക്ഷം നിലനിൽക്കേണ്ടത് മതേതര കേരളത്തിന്റെ കൂടി ആവശ്യമാണെന്നിരിക്കെ ഇടതുപക്ഷത്തെ തിരുത്തിക്കുക എന്നത് ജനാധിപത്യ വിശ്വാസികളുടെ മുഴുവൻ നിലനിൽപിെന്റ കൂടെ പ്രശ്നമാണ്. അതുകൊണ്ട് തന്നെ പൊലീസിലെ പുഴുക്കുത്തുകളെ പരസ്യമായി ന്യായീകരിക്കുന്ന പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്കൊപ്പമല്ല, മറിച്ച് പി.വി. അൻവർ മുന്നോട്ടുവെച്ച നടുക്കുന്ന സത്യങ്ങളോടൊപ്പമാണ് കേരളം നിലയുറപ്പിക്കേണ്ടത്. അൻവർ എന്ന വ്യക്തിയെ ഇഴകീറി പരിശോധിക്കേണ്ട സമയമല്ല ഇത്, മറിച്ച് അദ്ദേഹം മുന്നോട്ടുവെച്ച നമ്മുടെ കൺമുന്നിലെ യാഥാർഥ്യങ്ങളിലേക്കു മാത്രം കണ്ണു പായിച്ചാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.