സംഗീതയാത്രകൾ 119ാം അധ്യായത്തിൽ (ലക്കം: 1389) ‘ജീസസ്’ സിനിമയെക്കുറിച്ച് പരാമർശിക്കുന്നിടത്ത്, ക്രിസ്തുവായി അഭിനയിച്ചത് ‘കുട്ടിക്കുപ്പായം’ പോലെയുള്ള ചില ചിത്രങ്ങളിൽ വേഷമിട്ട മുരളി എന്നൊരു നടനായിരുന്നു എന്ന ഒറ്റവരി പ്രസ്താവം കണ്ടു. തീർച്ചയായും ഇതിൽ കൂടുതൽ അദ്ദേഹമർഹിക്കുന്നു. കോഴിക്കോട് സ്വദേശിയായ അദ്ദേഹം പയ്യന്നൂരിൽ ബിസിനസ് സംരംഭങ്ങളുമായി സ്ഥിരതാമസമായിരുന്നു. അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം തുലോ കുറവാണെങ്കിലും കിട്ടിയ വേഷങ്ങൾ അദ്ദേഹം അവിസ്മരണീയമാക്കി. ഏറെ വർഷങ്ങൾക്കുമുമ്പ് കോഴിക്കോടുവെച്ച് അദ്ദേഹം അന്തരിച്ചു. ജയമാരുതിയുടെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമിച്ച ‘വിയർപ്പിന്റെ വില’ ചിത്രം അധ്വാനത്തിന്റെ മഹിമ വെളിപ്പെടുത്തുന്നതായിരുന്നു.
എം. കൃഷ്ണൻ നായർ സംവിധാനംചെയ്ത ഈ ചിത്രത്തിൽ ഒമ്പത് ഗാനങ്ങളായിരുന്നു. ഗാനരചന അഭയദേവും സംഗീതസംവിധാനം വി. ദക്ഷിണാമൂർത്തിയും നിർവഹിച്ചു. 1962ൽ ഇറങ്ങിയ വിയർപ്പിന്റെ വിലയിൽ സത്യൻ, തിക്കുറിശ്ശി, ആറന്മുള്ള പൊന്നമ്മ എന്നിവരോടൊപ്പം ബാങ്ക് മാനേജരായി മുഴുനീള വേഷത്തിൽ ‘ജീസസ്’ മുരളിയും ഉണ്ടായിരുന്നു. ‘‘കൂട്ടിലെക്കിളിയാണ് ഞാൻ എന്നെ കൂട്ടിന് വിളിക്കേണ്ട തോഴാ’’ എന്ന് പാടിക്കൊണ്ടെത്തിയ രാഗിണിയായിരുന്നു മുരളിയുടെ ജോടി. ഏറെ പ്രദർശന വിജയം നേടിയ ചിത്രമായിരുന്നു ‘വിയർപ്പിന്റെ വില’
1964ൽ എത്തിയ ‘കുട്ടിക്കുപ്പായ’ത്തിൽ ‘‘വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ’’ എന്ന ഗാനരംഗത്ത് ഷീലയോടൊപ്പം ഒന്നു മിന്നിമറയുകയായിരുന്നു. 1973ൽ ഇറങ്ങിയ പി.എ. േതാമസിന്റെ ജീസസ്, സാക്ഷാൽ ക്രൈസ്റ്റിന്റെ രൂപഭാവങ്ങൾ ഒത്തിണങ്ങിയ അദ്ദേഹം ജീസസായി ശാന്തഗംഭീരമായി അഭിനയിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ ‘ജീസസി’ലൂടെ ആർക്കും എഴുതിത്തള്ളാനാവാത്തതുപോലെ തന്റെ സ്ഥാനം അദ്ദേഹം ഉറപ്പിച്ചു.
1974ൽ എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയുമെഴുതി സംവിധാനം നിർവഹിച്ച ‘കന്യാകുമാരി’യിൽ കമൽഹാസനോടൊപ്പം ഫെഡറിക് എന്ന നീന്തൽക്കാരന്റെ മുഴുനീള വേഷത്തിലെത്തിയ അദ്ദേഹം പ്രേക്ഷക മനസ്സിലും സ്ഥാനംപിടിച്ചു. ‘കന്യാകുമാരി’ അദ്ദേഹത്തിന്റെ മാസ്റ്റർപീസായി ഇന്നും നിലനിൽക്കുന്നു.
സംഗീതയാത്രകളുടെ 120ാം അധ്യായത്തിൽ (ലക്കം:1390) ‘കാമിനി’ എന്ന സിനിമയിലെ ഗാനങ്ങളെ കുറിച്ച് പറയുമ്പോൾ തുടർന്നും ചില സിനിമകൾ സുബൈർ സംവിധാനം ചെയ്തു എന്ന ശ്രീകുമാരൻ തമ്പിയുടെ പരാമർശം തെറ്റാണ്. 1960-70 കാലഘട്ടങ്ങളിൽ സാഹിത്യ സാംസ്കാരിക പ്രസിദ്ധീകരണങ്ങളിൽ കവിതയും കഥകളും എഴുതിക്കൊണ്ടിരുന്ന ബാങ്കുദ്യോഗസ്ഥൻകൂടിയായിരുന്ന സുബൈർ തന്റെ മനസ്സിലുള്ള ആശയങ്ങൾ കലാതൽപരനായിരുന്ന സഹോദരൻ അൻവറിനുകൂടി പങ്കുവെച്ചിട്ടാണ് രചനകൾ പൂർത്തീകരിച്ചിരുന്നത്. അങ്ങനെ പലതും അൻവർ സുബൈർ എന്ന പേരിലായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്.
എം.എസ്. ബാബുരാജ് ഈണമിട്ട ‘കാമിനി’ മാത്രമാണ് സുബൈറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം. മറ്റ് ചിത്രങ്ങളുടെ നിർമാണത്തിലും രചനയിലും ഭാഗമാകുകയും അവയിൽ ചിലതിൽ മനോഹരമായ പാട്ടുകൾ എഴുതുകയുംചെയ്തു. ആകാശവാണിയുടെ പ്രക്ഷേപണങ്ങളിൽ ഏറെ ശ്രോതാക്കളുള്ള ഗാനങ്ങളാണ് പലതും. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ കായികനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ട ‘ഫുട്ബാൾ’ ഇദ്ദേഹത്തിന്റേതാണ്. കലാസംവിധാന രംഗത്ത് ശ്രദ്ധേയനായിരുന്ന ആർ.കെ എന്ന രാധാകൃഷ്ണൻ ഫുട്ബാൾ അതേ പേരിൽ ചലച്ചിത്രമാക്കി. ജോൺസൺ ഈണം പകർന്ന് പി. സുശീല ആലപിച്ച ‘‘മനസ്സിന്റെ മോഹം മലരായ് പൂത്തു...’’, ജയചന്ദ്രൻ ആലപിച്ച ‘ലജ്ജാവതി’യിലെ ‘‘മഴ പെയ്തു പെയ്തു മണ്ണ് കിളിർത്തു..’’
കെ.ജെ. ജോയ് ഈണമിട്ട് കേരളത്തിലെ ഗാനമേളകളിൽ തരംഗമായ ഇടവാ ബഷീർ സ്വരം പകർന്ന ‘‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ..’’ (മുക്കുവനെ സ്നേഹിച്ച ഭൂതം), ‘‘കണ്ണിന്റെ മണി പോലെ കരളിന്റെ കുളിർപോലെ.. മുല്ലപ്പൂ മണമോ നിൻ ദേഹഗന്ധം.. അദ്വൈതവേദങ്ങളെ..’’ (വീണമീട്ടിയ വിലങ്ങുകൾ) തുടങ്ങി യേശുദാസ് അടക്കമുള്ള ഗായകരും എ.ടി. ഉമ്മർ, ശ്യാം തുടങ്ങിയവർ ഈണമിട്ട് അൻവർ സുബൈർ എന്ന പേരിൽ രചിച്ച രണ്ട് ഡസനോളം ഗാനങ്ങളും വ്യത്യസ്ത വിഭാഗത്തിൽ സാഹിത്യരചനകളും സമ്മാനിച്ചിട്ടും സുബൈറിനെ എന്നും വിസ്മരിക്കുകയാണ് നമ്മുടെ സംസ്കാരിക ലോകം.
‘ഉത്താരിക’യും ‘മാറാട്ട’വും വിജു വി. നായരെഴുതുമ്പോൾ
വിജു വി. നായർ മലയാള പത്രപ്രവർത്തന രംഗത്ത് അപരിചിതനല്ല, പക്ഷേ, പുതിയ കാലത്തിന്റെ മൂല്യങ്ങൾക്കും പ്രഫഷനൽ ഞാണിന്മേൽ കളിക്കും അപ്പുറത്താണ് അദ്ദേഹത്തിന്റെ നിൽപും നിലപാടും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ പ്രഫഷനലിസത്തേക്കാൾ മനുഷ്യത്വം എന്ന സങ്കൽപനത്തെ വേരും വെള്ളവും കൊടുത്ത് വളർത്തുന്നവരുടെ തലമുറയിലെ ഒടുവിലത്തെ കണ്ണി. എന്നാലോ പ്രഫഷനലാണ്. സാധാരണ പത്രപ്രവർത്തകരെപ്പോലുള്ള തകിടം മറിച്ചിൽ, മുതലാളിത്ത വൾഗറിസം, പ്രദർശനപരത, തരികിട, സ്വയം അഭിരമിക്കൽ എന്നിങ്ങനെയുള്ള കരകൗശലവിദ്യകളിലൊന്നും തൽപരനല്ലാത്ത എന്നാൽ, എഴുത്തിൽ പത്രഭാഷയും കഥയറിയാതെ ആട്ടംകാണലുമൊന്നുമില്ലാത്ത വ്യക്തി എന്നു പറയാനുള്ള കാരണം ഈ മനുഷ്യൻ എഴുതിയത് ‘കലാകൗമുദി’ വാരികയുടെ പൂക്കാലത്തിലേ വായിക്കുവാൻ സാധിച്ചു എന്നതുകൊണ്ടാണ്.
ജയചന്ദ്രൻ നായർ പത്രാധിപരായിരുന്ന കാലത്തെ രാഷ്ട്രീയ ലേഖനങ്ങൾ അദ്ദേഹത്തിന്റെ വിശകലനപാടവത്തിന് സാക്ഷി. എഴുത്തിലെ വിജുവിയൻ രീതി പക്ഷേ, ജയചന്ദ്രൻ നായരും സംഘവും ‘കലാകൗമുദി’യുടെ പടിയിറങ്ങിയതിനുശേഷം ഒത്തിരിക്കാലം ഉണ്ടായില്ല. പത്രപ്രവർത്തനവുമായി ബന്ധപ്പെട്ടാണെങ്കിലും അല്ലെങ്കിലും വിജു എഴുതിയ നാരായണപിള്ള, എഡ്വേഡ് സൈദ് എന്നിവരെ കുറിച്ചുള്ള പുസ്തകങ്ങൾ സാധാരണ പത്രപ്രവർത്തകനുമപ്പുറത്തേക്കുള്ള വളർച്ചയുടെ ദിശാസൂചകമാണ്. ‘രതിയുടെ സൈകതഭൂവിൽ’ തുടങ്ങി വേറെയും ചില പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമർഹിക്കുന്നൊരു കാര്യം തന്റെ തലമുറയിലും തനിക്കൊപ്പവും പ്രവർത്തിച്ചിരുന്നവരിലേറെയും പ്രച്ഛന്നവേഷമഴിച്ച് വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകളിലേക്ക് പിഴുതെടുക്കപ്പെട്ടപ്പോഴും നീതിയുടെയും വേദനിക്കുന്നവരുടെയും അശരണരുടെയും പക്ഷത്തു നിലകൊണ്ടു എന്നതാണ്. വിട്ടുവീഴ്ചക്കും മൂലധന കേന്ദ്രീകൃത ശക്തികൾക്കും ഹിന്ദുത്വർക്കും വേണമെങ്കിൽ കൂറുമാറാമായിരുന്നിട്ടും വിട്ടുവീഴ്ചയില്ലാത്ത തന്റെ നിലപാടിൽ തന്നെയിന്നും അദ്ദേഹത്തിന്റെ ജീവിതം രൂഢമാണെന്നതാണ്. മുഖ്യധാരയുടെ ധാരാളിത്തങ്ങളും ആഘോഷങ്ങളും നുണപ്പെരുപ്പങ്ങളും ബഹുതലരൂപിയായ സർപ്പങ്ങളും സ്പർശിക്കാതെപോയൊരു ജീവിതം.
ഏഴു ലക്കമായി വിജു മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതുന്നു. ഒന്നിനൊന്ന് മികച്ചതും ഗംഭീരവുമായ ലേഖനങ്ങൾ. പഴയ രാഷ്ട്രീയ ലേഖനങ്ങളെ സ്വയം റദ്ദുചെയ്തുകൊണ്ടും തന്റെ ദർശനപരമായ സൂചിത്തലപ്പിലൂന്നിക്കൊണ്ടും രാഷ്ട്രീയ ലേഖനങ്ങൾ പ്രസിദ്ധംചെയ്തു വരുന്നത് കവിതാത്മകമാണ്. നൃത്തവുമായി ബന്ധപ്പെട്ടൊരു ലേഖനം വായിച്ചതിലാണെന്നു തോന്നു ഭാഷാനർത്തനം അനുഭവിച്ചത്. അതെ ‘ഉത്താരിക’ എന്ന ലേഖനം വായിച്ചുനോക്കൂ, ഭാഷ പത്രപ്രവർത്തന ലാളിത്യത്തെ കടന്ന് തികഞ്ഞ കാവ്യമാകുന്നു.
അതേപോലെ മെയ്ക്കാട് നഗരത്തെ കുറിച്ചുള്ള സൂക്ഷ്മവായനയുടെ എഴുത്ത്, വാർധക്യം പ്രധാനമായി വരുന്ന കർക്കടകം എത്രയോ ആർദ്രമാണ്. ഏറ്റവും പുതിയ ലേഖനം ‘മാറാട്ടം’. പേരുപോലെ തന്നെ പുത്തൻ അറിവുകൾ കോറിയ മതംമാറ്റത്തിന്റെ ഇതുവരെയുള്ള ആഖ്യാനങ്ങളെ തകിടംമറിക്കുന്ന ഷാർപ്നസ്സുള്ള ഭാഷയുടെ നൈരന്തര്യം. പലപ്പോഴും സ്വന്തം വിലാസത്തിനു നേരെ പാഞ്ഞടുക്കാവുന്ന മുഖ്യധാരയുടെ വാൾത്തലപ്പുകളെയത്രയും തട്ടിത്തെറിപ്പിച്ച് മുന്നേറുന്ന വിജു വി. നായരെ കുറിച്ചു സൂചിപ്പിക്കുമ്പോൾ പി.കെ. ബാലകൃഷ്ണനെപ്പോലുള്ള ഒറ്റയാനെ ഓർക്കാതെങ്ങനെ?
ഒരാൾ വിഗ്രഹമാകുമ്പോൾ നിശ്ചയമായും അയാളിൽ പലതും സംശയിക്കപ്പെടണം. ആരും മഹാനല്ല, അടിമകൾ മഹാനാക്കി മാറ്റുകയാണ്, അല്ലെങ്കിൽ ഒരു പുത്തൻ പ്രസ്ഥാനമുണ്ടാക്കാനോ പ്രശസ്തി ആഗ്രഹിച്ചോ ചരിത്രമെന്ന ഭാവനാ കിച്ചടിയുടെ ഭാഗമാകാനോ മഹാനെയും അയാളുടെ നാവിനേയും ഉടലിനെയും വാഴ്ത്തപ്പെടണം. മഹാൻ തള്ളലുകൾക്ക് ഇടയിൽ സ്വന്തം പാപങ്ങളെ ഒളിച്ചു വെക്കും. അവ ചൂണ്ടിക്കാണിക്കുന്നവർക്ക് നേരെ അടിമകൾ കല്ലെറിയും, ധിക്കാരിയെന്ന് കീറും. അടിമകൾക്ക് തങ്ങളുടെ വിഗ്രഹത്തെ എന്നും പരിപാലിക്കണം. അതിനാൽ പാപങ്ങൾ ചെയ്ത ശോഭീന്ദ്രൻ മഹാനായി, അയാളുടെ തെറ്റുകൾ അറിഞ്ഞ മിലാൻ ധിക്കാരിയായി. അടിമയായ അജയൻ കൺകൾ തുറന്നപ്പോൾ ശോഭീന്ദ്രൻ നാറിയാണെന്ന് കണ്ടു. അയാളുടെ പേരിലുള്ള വായനശാല കത്തിക്കൽ വിപ്ലവമാണെന്ന് പറഞ്ഞു.
ആഴ്ചപ്പതിപ്പിൽ (ലക്കം: 1391) കെ.എസ്. രതീഷ് എഴുതിയ വിഗ്രഹമുടയ്ക്കൽ കഥയായ ‘ശോഭീന്ദ്രൻ സ്മാരക വായനശാല’ ഒരു വിപ്ലവ കഥ തന്നെ. ഒരാൾ സമൂഹത്തിൽ അടിമകളെ ഉണ്ടാക്കുന്നുവെങ്കിൽ അയാളുടെ പുറന്തോട് പൊളിക്കുക തന്നെ വേണം.
വർത്തമാന കഥാ സാഹിത്യത്തിൽ സ്വന്തമായി കഥയെഴുത്ത് ശൈലികൾ കൊണ്ടുവന്ന രണ്ട് കഥാജീവികളാണ് വി.എസ്. അജിത്തും കെ.എസ്. രതീഷും. എന്നാൽ, രതീഷിന്റെ എല്ലാ കഥകളും ഇഷ്ടമാകാറില്ല. ഇത് പക്ഷേ, നല്ലയിഷ്ടം ചോദിച്ചു വാങ്ങി.
വിവേകാനന്ദ വായനയിൽ ഒരു പുനർവിചിന്തനം ആവശ്യപ്പെടുന്നതായി ജെ. രഘു ആഴ്ചപ്പതിപ്പിൽ എഴുതിയ ‘ഹിന്ദു ഫാഷിസവും വിവേകാനന്ദനും തമ്മിൽ എന്ത് ?’ എന്ന ലേഖനം (ലക്കം: 1392). കാരണം ഇക്കാലമത്രയും ധരിച്ചതും പഠിച്ചതുമായ വിവേകാനന്ദ സ്വാമികളല്ല ലേഖനത്തിൽ ഉടനീളം നിറഞ്ഞുനിൽക്കുന്നത്. പോർചുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരുമൊക്കെ വന്ന് അധികാരംകൊണ്ടും അധീശത്വംകൊണ്ടും ചവിട്ടിക്കുഴച്ച മണ്ണ് അതിനൊക്കെ മുമ്പുതന്നെ ജാതിവ്യവസ്ഥയാൽ ഏറെ ചവിട്ടിത്താഴ്ത്തപ്പെട്ടിരുന്നു. ദേശീയ പ്രസ്ഥാന കാലഘട്ടത്തിന്റെ തുടക്കത്തിൽതന്നെ ഉയർന്നു വന്ന വിവേകാനന്ദൻ ഒരു പ്രതീക്ഷയായിരുന്നു പലർക്കും. എന്നാൽ ലേഖനം തുടർന്നു വായിക്കുമ്പോൾ മനസ്സിൽ കൊണ്ടുനടന്ന വിവേകാനന്ദൻ നിലംപൊത്തുകയാണോ എന്ന് സംശയിച്ചുപോകും.
ഷികാഗോ സർവമത സമ്മേളനത്തിൽ വിവേകാനന്ദന് പങ്കെടുത്ത് സംസാരിക്കാൻ ഒരവസരം കിട്ടിയത് ഏറെ പ്രയാസങ്ങൾ നേരിട്ടുകൊണ്ടാണെന്നുള്ള അറിവ് അദ്ദേഹം അവിടെ പങ്കെടുത്തതിന് മറ്റൊരു ഗൂഢലക്ഷ്യമുണ്ടായിരുന്നുവെന്നറിയുമ്പോഴാണ് ആദ്യ തിരുത്തൽ വേണമോയെന്ന് ചിന്തിച്ചു പോകുന്നത്. വിശക്കുന്ന ഇന്ത്യക്ക് ഭക്ഷണമാണ് ആവശ്യം മതമല്ല, വിശക്കുന്നവന്റെ മുന്നിൽ മതത്തെക്കുറിച്ച് പറയുന്നത് അവനെ പരിഹസിക്കുന്നതിന്ന് തുല്യമാണ്.
ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത (എഴുന്നേൽക്കൂ ഉണർന്നിരിക്കൂ ലക്ഷ്യം വരെ പോരാടൂ) എന്നൊക്കെയും ആഹ്വാനം ചെയ്തിട്ടുള്ള വിവേകാനന്ദൻ മത ചിന്തയുടെ അതും സവർണ ചിന്തയുടെ പ്രതിരൂപമായിരുന്നുവെന്നും ആ ചിന്ത എങ്ങനെയൊക്കെ സമൂഹത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചു എന്നൊക്കെ അറിയുമ്പോൾ വിവേകാനന്ദനെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ മാറുകയാണ്. ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളിയിരുന്ന കഴിഞ്ഞകാല കേരളത്തിലൊരിക്കൽ ‘കേരളത്തെ ഭ്രാന്താലയ’മെന്നു വിശേഷിപ്പിച്ചു കടന്നുപോയ സന്യാസിവര്യനായ വിവേകാനന്ദ സ്വാമിയെ പാടിപ്പുകഴ്ത്താറുണ്ടെങ്കിലും അതിന്റെ പിന്നിലെ ചേതോവികാരംകൂടി അറിഞ്ഞ് എല്ലാംകൂടി ചേർത്തു വായിക്കുമ്പോൾ ഫാഷിസ്റ്റ് ശക്തികൾ എന്തുകൊണ്ട് വിവേകാനന്ദനെ ചേർത്തുപിടിച്ച് സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഏറെ പ്രയാസമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.