ശ്രീകുമാരൻ തമ്പിയുടെ മലയാള ചലച്ചിത്ര ഗാന ചരിത്രം വർഷങ്ങൾ പിന്നിട്ട് തുടരുമ്പോൾ മലയാള ചലച്ചിത്ര ഗാനരംഗത്തെക്കുറിച്ച് മാത്രമല്ല, മലയാള സിനിമയെതന്നെ സംബന്ധിച്ച ഒരു റഫറൻസായി മാറുന്നുവെന്ന് നിസ്സംശയം പറയാം. മലയാള സിനിമയുടെ ആരംഭകാലം മുതൽക്കുള്ള സുപ്രധാന സിനിമകളുടെ പേരെടുത്തു പറഞ്ഞ് അതിന്റെ നിർമാണവും മറ്റ് അണിയറ പ്രവർത്തനങ്ങളും നടീനടന്മാരെയുമെല്ലാം പരിചയപ്പെടുത്തുമ്പോൾ മലയാള സിനിമയെ അടുത്തറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ശ്രീകുമാരൻ തമ്പിയുടെ സംഗീതയാത്ര ഒരു മുതൽക്കൂട്ടാണ്. സംഗീതയാത്രയുടെ 118ാം ഭാഗത്ത് (ലക്കം: 1388) ‘തെക്കൻ കാറ്റ്’, ‘ചുഴി’, ‘സ്വർഗപുത്രി’ എന്നീ സിനിമാഗാനങ്ങളെ പരിചയപ്പെടുത്തുമ്പോൾ പ്രശസ്ത ഗായകർ പാടി അനശ്വരമാക്കിയ ഏറെ പരിചിതമായ ഒരുപിടി ഗാനങ്ങൾ ഈ ചിത്രങ്ങളിലേതാണെന്ന് പല വായനക്കാരും ഒരുപക്ഷേ അറിയുന്നതു തന്നെ നടാടെയായിരിക്കും.
കവിയും ഗാനരചയിതാവുമായ പി. ഭാസ്കരൻ, ഭരണിക്കാവ് ശിവകുമാർ, സംഗീത സംവിധായകൻ എ.ടി. ഉമ്മർ, ഗാന ഗന്ധർവൻ യേശുദാസ്, ഭാവഗായകൻ പി. ജയചന്ദ്രൻ, വേറിട്ട ശബ്ദത്തിനുടമയായ ബ്രഹ്മാനന്ദൻ, ഗാനകോകിലങ്ങളായ പി. സുശീല, എസ്. ജാനകി, പി. മാധുരി, എൽ.ആർ. ഈശ്വരി, കഥാകൃത്തും തിരക്കഥാകൃത്തുക്കളുമായ തോപ്പിൽ ഭാസി, മുട്ടത്തു വർക്കി തുടങ്ങിയ നിരവധി പ്രതിഭാധനർ മേൽ പരാമർശിച്ച ചിത്രങ്ങൾക്കു നൽകിയ സംഭാവനകളെ അടുത്തറിയാനായി സംഗീതയാത്രയുടെ പ്രസ്തുത ഭാഗത്തുനിന്നും.
ഒരു ചലച്ചിത്ര ഗാനത്തിന്റെ രചന, സംഗീതം, ആലാപനം തുടങ്ങിയവയെല്ലാം നിർവഹിച്ചത് ആരാണെന്ന് പഠിക്കാൻ ആഗ്രഹമുള്ള ഒരാൾക്ക് ആശ്രയിക്കാവുന്ന എളുപ്പവും ലളിതവുമായ മാർഗം ആകാശവാണിയുടെ ചലച്ചിത്രഗാന പരിപാടി മുടങ്ങാതെ കേൾക്കുക എന്നതാണ്. എന്നാൽ, അതേരീതിയിൽ തന്നെയോ അതെല്ലങ്കിൽ അതിലുമുപരിയായോ ആശ്രയിക്കാവുന്ന ഒന്നായി മാറുകയാണ് ശ്രീകുമാരൻ തമ്പിയുടെ മലയാള ചലച്ചിത്രഗാന ചരിത്രം. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
മലയാളത്തിലെ ദൃശ്യ-ശ്രവ്യ-പത്ര മാധ്യമങ്ങൾ തുടർച്ചയായി ഉശിരുകയറ്റിയ വാർത്തയായിരുന്നല്ലോ സംസ്ഥാന എ.ഡി.ജി.പിക്കും പത്തനംതിട്ട എസ്.പിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എതിരെ നിലമ്പൂർ എം.എൽ.എ പി.വി. അൻവർ തൊടുത്തുവിട്ട ബ്രഹ്മാസ്ത്രങ്ങൾ. എന്നാൽ, ഈയാഴ്ചത്തെ ആഴ്ചപ്പതിപ്പിലെ വി.ആർ. രാഗേഷിന്റെ ഒടുക്കം/ പൊരുൾവര കാണുന്നതുവരെ അതൊന്നും എന്നിലേക്ക് കയറിയില്ല. സംസ്ഥാന എ.ഡി.ജി.പി ഇരുകൈകളും ഉയർത്തി മുഖ്യമന്ത്രിക്കും ആർ.എസ്.എസ് നേതാവിനും സല്യൂട്ടടിക്കുന്നതും അവർ പ്രത്യാചാരം നൽകുന്നതും കണ്ടപ്പോഴാണ് എനിക്ക് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായത്. സല്യൂട്ട് സ്വീകരിക്കുന്നവരുടെ മുഖത്തെ വിചാര വികാരങ്ങൾപോലും ഒപ്പിയെടുക്കാൻ പാകത്തിലാണ് വരയുടെ സൂക്ഷ്മത. മൗനം വാചാലമാകുന്ന അവസ്ഥ!
മാധ്യമപ്രവർത്തകരുടെ നാലഞ്ചു ദിവസത്തെ വാചാടോപങ്ങളാണ് കുറിയതും നീണ്ടതുമായ ചില ബ്രഷ് ചലനങ്ങളിലൂടെ പ്രതിഭാധനനായ കാർട്ടൂണിസ്റ്റ് ആവിഷ്കരിച്ചിരിക്കുന്നത്. ശക്തിയുടെ കലയാണ് കാർട്ടൂണെന്ന് തെളിയിക്കാൻ ഇതിലും വലിയ തെളിവെന്തു വേണം? മാധ്യമത്തിന്റെ ശക്തിയും യുക്തിയും ലക്ഷ്യവും ഈ കാർട്ടൂണിസ്റ്റിന്റെ വരകളിൽ അഗ്നിനാവായി ജ്വലിച്ചുനിൽക്കുന്നു. അഭിവാദ്യങ്ങൾ –കാർട്ടൂണിസ്റ്റിനും ആഴ്ചപ്പതിപ്പിനും.
സണ്ണി ജോസഫ്, മാള
മാനവികതയുടെയും മതനിരപേക്ഷതയുടെയും പ്രതീകവും പ്രതിനിധിയും സംരക്ഷകനുമാണ് സീതാറാം യെച്ചൂരിയെന്ന് സെബാസ്റ്റ്യൻ പോൾ എഴുതിയതിനോട് (ലക്കം: 1387) പൂർണമായി യോജിക്കുന്നു. ഇങ്ങനെയും ചിലർ ജനാധിപത്യത്തിന് ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞതും എത്രയോ ശരിതന്നെയാണ്. 2008ൽ സീതാറാം യെച്ചൂരിയായിരുന്നു പാർട്ടി സെക്രട്ടറിയെങ്കിൽ യു.പി.എ മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിക്കില്ലായിരുന്നു എന്ന ചിന്ത പ്രസക്തമാണ്. അദ്ദേഹം രൂപപ്പെടുത്തിയ പൊതുമിനിമം പരിപാടിയാണ് സർക്കാറിനെ മുന്നോട്ടുനയിച്ചതും യു.പി.എ മന്ത്രിസഭയെ പ്രവർത്തനക്ഷമമാക്കിയതെന്നും സെബാസ്റ്റ്യൻ പോൾ പറയുന്നു.
ആണവ സഹകരണത്തിന്റെ പേരിൽ മൻമോഹൻ സിങ്ങിനുള്ള പിന്തുണ പിൻവലിക്കാനുള്ള സി.പി.എം തീരുമാനം അപക്വവും അപകടകരവുമാെണന്ന തിരിച്ചറിവ് യെച്ചൂരിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം എഴുതി. ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഏതെങ്കിലും വിഷയം മുൻനിർത്തി ഉചിതമായ സമയത്ത് ബന്ധം വിച്ഛേദിക്കാമെന്ന നിലപാടായിരുന്നു യെച്ചൂരിക്ക്. വിലക്കയറ്റം, അഴിമതി തുടങ്ങിയ എത്രയോ വിഷയങ്ങൾ അന്ന് ഉണ്ടായിരുന്നുതാനും.
പാർട്ടിയുടെ അമരക്കാരനായി യെച്ചൂരി എത്തുമ്പോൾ പാർട്ടിയുടെ അപചയവും ആരംഭിച്ചുകഴിഞ്ഞിരുന്നു എന്ന നിഗമനവും ഏറക്കുറെ ശരിതന്നെയാണ്. പാർലമെന്ററി രംഗത്ത് പാർട്ടിയുടെ സാന്നിധ്യം നാമമാത്രമായി. രാജ്യസഭയിലെ യെച്ചൂരിയുടെ 12 വർഷങ്ങൾ അവിസ്മരണീയമാണ്. അത് യെച്ചൂരിയുടെ നയചാതുരി പ്രകടമാക്കി. യെച്ചൂരി ആരോടും കലഹിച്ചില്ല. മറിച്ച് എല്ലാവരുടെയും ഇഷ്ടക്കാരനായി. കമ്യൂണിസ്റ്റുകാരോടും സാമാന്യജനങ്ങൾക്കുള്ള ഭയം മാറാനും ഈ സമീപനം ഏറെ സഹായകമായെന്നും അദ്ദേഹം ജനപ്രിയ നേതാവായി ഉയർന്നിരുന്നുവെന്നും ലേഖകൻ പറയുന്നതും ശരിതന്നെയാണ്. യെച്ചൂരിയുടെ നയചാതുരി പ്രസിദ്ധമാണ്. പാണ്ഡിത്യത്തിന്റെ ഗർവ് പ്രകടിപ്പിക്കാതെയുള്ള അദ്ദേഹത്തിന്റെ ആശയ സംവാദം അത്യപൂർവമായിരുന്നു. സാധാരണക്കാരോട് അവർക്ക് മനസ്സിലാകുന്ന ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. പാർലമെന്റിലെ സഹപ്രവർത്തകരോടും അവരുടെ ഭാഷയിലാണ് യെച്ചൂരി ആശയവിനിമയം ചെയ്തത്.
ജയിക്കാനായി ജനിച്ചവൻ എന്ന വിശേഷണം അദ്ദേഹത്തിന് സർവഥാ യോജിച്ചതുതന്നെയാണ്. ലേഖകൻ പറഞ്ഞതുപോലെ ചുണ്ടിൽ കരുതിവെക്കുന്ന നല്ല പുഞ്ചിരിയും മുഖത്തെ സ്ഥായിയായ കൗമാരഭാവവും എതിർക്കുന്നവരെ തന്നോടൊപ്പം ചേർക്കുന്നതും യെച്ചൂരിയുടെ സവിശേഷതയായിരുന്നു. വിദേശങ്ങളിൽ അദ്ദേഹം ഇന്ത്യയുടെ ഗുഡ്വിൽ അംബാസഡറായിരുന്നുവെന്നും ലേഖകൻ പറയുന്നു. ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അദ്ദേഹം ഒരിക്കലും സംസാരിക്കാറില്ല. പ്രത്യയശാസ്ത്രത്തോട് നീതിപുലർത്തിക്കൊണ്ടുള്ള തുറന്ന പുസ്തകമായിരുന്നു യെച്ചൂരിയുടെ ജീവിതമെന്നും ലേഖകൻ പറയുന്നു. എന്നാൽ, പ്രത്യയശാസ്ത്രത്താൽ ബന്ധിതമായിരുന്നില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം. ലക്ഷ്യത്തിലേക്ക് മാർഗങ്ങൾ പലതുണ്ടെന്ന സൗമ്യവും ദീപ്തവുമായ വാദഗതിയാണ് യെച്ചൂരിക്കുണ്ടായിരുന്നത്. ഈ വിശ്വാസമാണ് യെച്ചൂരിയെ പ്രായോഗികവാദിയാക്കിയതും.
അടിയന്തരാവസ്ഥയെ ശക്തമായി എതിർത്ത യെച്ചൂരിയെ ഇന്ദിര ഗാന്ധിയുടെ മരുമകളുടെയും കൊച്ചു മകന്റെയും അഭ്യുദയകാംക്ഷിയും സംരക്ഷകനുമാക്കിയതും ഈ വിശ്വാസമാണ്. ബി.ജെ.പിയുടെ കോൺഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യത്തിന്റെ അർഥശൂന്യതയെ രാഷ്ട്രീയത്തിന് ബോധ്യപ്പെടുത്തിയതും അദ്ദേഹമായിരുന്നു. രാജ്യം മുഴുവൻ സ്വാധീനമുള്ള കോൺഗ്രസിനെ എതിർത്തുകൊണ്ടുള്ള പ്രതിപക്ഷ ഐക്യത്തിന് അർഥമില്ലെന്ന് അദ്ദേഹം മറ്റ് രാഷ്ട്രീയ പാർട്ടികളെ ബോധവാന്മാരാക്കി. തന്നെപ്പോലെ ദേശീയവും സാർവദേശീയവുമായ ഇടതുപക്ഷ വീക്ഷണമുള്ള കമ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയ ജീവിതം പ്രക്ഷുബ്ധവും സങ്കീർണവുമായിരിക്കുമെന്നും യെച്ചൂരിക്ക് അറിയാമായിരുന്നു. അമേരിക്കയുമായി ആണവ കരാർ ഒപ്പിടുന്നതിനുമുമ്പ് അത് സൂക്ഷ്മപരിശോധന നടത്തിയത് യെച്ചൂരി ആയിരുന്നു.
രാഷ്ട്രീയ തീരുമാനങ്ങൾ വ്യക്തിപരമാകരുതെന്ന അഭിപ്രായക്കാരനായിരുന്നു യെച്ചൂരി. കരാർ തിരുത്തിയെഴുതിയതിനു ശേഷം പാർട്ടി പിന്തുണ പിൻവലിച്ചതിനെയും യെച്ചൂരി അനുകൂലിച്ചിരുന്നില്ല. അതേസമയം, വ്യക്തിയിൽനിന്ന് വേറിട്ട് രാഷ്ട്രീയമില്ലെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതം ഇതിനു വ്യക്തമായ തെളിവാണ് നൽകുന്നത്. മതനിരപേക്ഷത അദ്ദേഹത്തിന്റെ മുദ്രാവാക്യമായിരുന്നു. ഇത് ഹിന്ദുത്വവാദികളെ ഓർമപ്പെടുത്താൻ അദ്ദേഹം തനിക്കു കിട്ടിയ അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് മാനവികതയുടെയും മതനിരപേക്ഷതയുടെയും പ്രതീകവും സംരക്ഷകനുമാണ് യെച്ചൂരിയെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞത്. യെച്ചൂരിയെക്കുറിച്ചുള്ള ശരിയായ വിലയിരുത്തലാണ് ഇതെന്നതിനും സംശയമില്ല.
സദാശിവൻ നായർ, എരമല്ലൂർ
ചെറിയ ഇടവേളക്കുശേഷം ധന്യാരാജിന്റെ ഒരു കഥ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. (ലക്കം: 1389). ‘ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും പര്യായങ്ങൾ’ എന്നാണ് പേര്. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ധന്യാരാജിന്റെ കഥകൾ മലയാളത്തിലെ പ്രമുഖ വാരികകളിൽ വന്നുതുടങ്ങിയത്. തുടക്കം മുതലേ, മനോഹരമായ കഥകൾ എഴുതുകയും വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട് ഈ എഴുത്തുകാരി. പിന്നീട് ദീർഘകാലം എഴുത്തിൽനിന്നും മാറിനിന്നു. അത്തരം മാറിനിൽക്കലുകൾ എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ഗുണത്തേക്കാൾ ദോഷമാണ് ചെയ്യാറ്.
പുരുഷസമൂഹത്തെയാകെ പ്രതിക്കൂട്ടിൽ കയറ്റുന്ന പതിവ് സ്ത്രീപക്ഷ രചനാരീതി അല്ലാത്തതിനാൽ ഈ കഥയും വേറിട്ടൊരു വായനാനുഭവം നൽകുന്നുണ്ട്. സങ്കീർണമായ മനുഷ്യമനസ്സിന്റെ തെളിമയാർന്ന അവതരണമാണ് ഈ കഥ. അകത്തും പുറത്തും പൊരുത്തക്കേടുകളോടെ ജീവിക്കുന്ന മനുഷ്യർ. വായനയുടെ ഒരു സന്ദർഭത്തിലും ഈ കഥ മുഷിപ്പിക്കുന്നില്ല.
ശ്രീകണ്ഠൻ കരിക്കകം (ഫേസ്ബുക്ക്)
മാധ്യമം ആഴ്ചപ്പതിപ്പിൽ അസീം താന്നിമൂടിന്റെ കവിത ‘റെസ്റ്റോറന്റ്’ (ലക്കം: 1389) ഒരുകാലത്ത് നാട്ടുമ്പുറത്തുകാരായ ഏവരുടെയും അനുഭവ പരിസരത്ത് വരാവുന്നത്. ചായക്കടയിൽനിന്ന് റസ്റ്റാറന്റിലേക്കുള്ള ദൂരം ഗ്രാമത്തിൽനിന്ന് നഗരത്തിലേക്കുള്ള ഒരു സാംസ്കാരിക മാറ്റത്തിന്റേതുകൂടിയാണ്. അത് വളരെ തന്മയത്വത്തോടെ ഈ കവിത വരച്ചിടുന്നു, ഒപ്പം ഒരു നൊസ്റ്റാൾജിക് ഫീലും ശക്തമായ ഒരു രാഷ്ട്രീയ വീക്ഷണവും..!
കുറിച്ചിലക്കോട് ബാലചന്ദ്രൻ (ഫേസ്ബുക്ക്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.