അടുത്തിടെ സേവനത്തിൽനിന്നു വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിചിത്രമെന്നു തോന്നുന്ന വിധി പ്രസ്താവനകളുടെയും നിലപാടുകളുടെയും പശ്ചാത്തലത്തിൽ പി.ബി. ജിജീഷ് എഴുതിയ ‘സുപ്രീം കോടതിയിലെ ദേവപ്രശ്നങ്ങൾ’ എന്ന ലേഖനം (ലക്കം: 1395) ഇന്ത്യൻ നീതിന്യായരംഗത്തെ സമീപകാല പുഴുക്കുത്തുകളെ തുറന്നുകാണിക്കുന്നതായി.
കഴിഞ്ഞകാല വിധി പ്രസ്താവനകളിലേക്കും മറ്റു പല ന്യായാധിപൻമാരുടെയും നിലപാടുകളിലേക്കും ഇറങ്ങിച്ചെല്ലുന്നതു കൊണ്ട് ലേഖനത്തിന് ആഴവും പരപ്പും കൂടുന്നു. ഇന്ത്യൻ മതേതരത്വം നിലനിൽപിനുവേണ്ടി പാടുപെടുമ്പോഴും ഫെഡറലിസം ചോദ്യം ചെയ്യപ്പെടുമ്പോഴും ചീഫ് ജസ്റ്റിസ് അതിന് കുടപിടിക്കുന്ന കേവലം രാഷ്ട്രീയക്കാരനാകുന്ന ദയനീയ ചിത്രമാണ് കാണാൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെയാണ് നമ്മുടെ ഭരണഘടന കോടതികൾ ‘ഭരണകൂട കോടതികൾ’ ആകുന്നുവോ എന്ന് സംശയിക്കേണ്ടി വരുന്നത്. ഇത് ലേഖകൻ ഒരു മറയും കൂടാതെ തുറന്നു പറയുന്നുണ്ട്.
അയോധ്യവിധിയെ കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണവും ശ്രദ്ധേയമായി. അയോധ്യ കേസിൽ ഒരു പരിഹാരത്തിനായി ചീഫ് ജസ്റ്റിസ് ദൈവത്തോട് പ്രാർഥിച്ചപ്പോൾ ദൈവം നരേന്ദ്ര മോദിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് പരിഹാരം നിർദേശിച്ചു എന്നുള്ളത് സുപ്രീംകോടതിയുടെ ഇടനാഴികളിൽ ആളുകൾ പറഞ്ഞുനടന്ന കേവലം തമാശകൾ എന്നതിലുപരി ഇന്ന് നീതിന്യായ രംഗംപോലും എങ്ങോട്ടു ചായുന്നു എന്നതിന്റെ സൂചനകൂടിയാണ്. ഇക്കാലമത്രയും കണ്ണ് മൂടിക്കെട്ടിയ നീതിദേവതയുടെ കണ്ണുകൾക്ക് കാഴ്ചനൽകിയത് പ്രത്യാശ നൽകുന്നതാണ് എന്നു പറഞ്ഞുവെക്കാമെങ്കിലും നീതിദേവതക്ക് ഇനിയുള്ള കാലം ആരുടെയെല്ലാം മുഖം എങ്ങനെയെല്ലാം നോക്കേണ്ടിവരുമെന്നാണ് വർത്തമാനകാല യാഥാർഥ്യങ്ങളുമായി കൂട്ടി വായിക്കുമ്പോൾ ചിന്തിച്ചുപോകുന്നത്.
അധികമാരും കാണാതെ പോകുന്നതോ അഥവാ കണ്ടാൽതന്നെ ശ്രദ്ധ പതിപ്പിക്കാതെ പോകുന്നതോ ആയ ഇത്തരം കാര്യങ്ങളിലൂടെ ലേഖകൻ കടന്നുപോകുമ്പോൾ ഗൗരവമുള്ള ഒരു വിഷയത്തിന്റെ വായനക്കാണ് ഇടമൊരുക്കുന്നത്. ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണം. എല്ലാ വാതിലുകളും അടയുമ്പോഴാണ് നമ്മൾ പരമോന്നത നീതിപീഠത്തിന്റെ വാതിലിൽ മുട്ടുന്നത്. അവിടെനിന്നു ലഭിക്കേണ്ടത് പ്രതീക്ഷയാണ്; നിരാശയല്ല.
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1389) അസിം താന്നിമൂട് എഴുതിയ ‘റസ്റ്റോറന്റ്’ എന്ന കവിത കുറെയേറെ ചിന്തകളിലേക്കും ഗൃഹാതുരത്വത്തിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. പഴയകാലത്തെ ചായക്കടകൾ പലതരത്തിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും മറ്റും വിധേയമായിട്ടുള്ളതാകുന്നു. സാംസ്കാരികമായ ഒരിടമായി ഒരുകാലത്ത് ചായക്കടകൾ മാറിയിരുന്നു. ഇന്ന് റസ്റ്റാറന്റിലേക്ക് മാറിക്കഴിഞ്ഞപ്പോൾ വളരെ ബഹുദൂരം നാം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു.
ഇവിടെ ചർച്ചകൾക്കോ സംസ്കാ രങ്ങൾക്കോ സാംസ്കാരികതക്കോ, സ്ഥാനമോ മാനമോ ഇല്ല. എല്ലാവരും അവനവന്റെ തുരുത്തിലേക്ക് ഒതുങ്ങിക്കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അസിം താന്നിമൂട് തന്റെ കവിതയിലൂടെ താൻ സ്കൂളിലേക്ക് പോകുമ്പോൾ തുറന്നിടുന്ന റസ്റ്റാറന്റിലെ പഴയ ഹോട്ടലിലെ രുചികരമായ വിഭവങ്ങളെ വരികളിൽ കോർത്തിണക്കിയിട്ടുണ്ട്. തന്റെ വായനയിൽനിന്ന് ലഭ്യമായിട്ടുള്ള ‘ജീൻവാൽജീൻ രുചി’ എന്ന് ഒരു വരിയിൽ പരാമർശിക്കുന്നുണ്ട്.
വളരെ വിശാലമായ അർഥതലങ്ങളിലേക്ക് കടന്നുചെല്ലുന്ന ഒരു കവിതയായിരുന്നു ‘റസ്റ്റോറന്റ്’. ഗദ്യമായിട്ടും താളത്തിലും ഈണത്തിലും ചൊല്ലാൻ കഴിയുന്ന തരത്തിലാണ് കവിതയുടെ രചനാരീതി കടന്നുപോയിട്ടുള്ളത്. കവിതയുടെ പരിമിതികളെ അതിജീവിച്ചുകൊണ്ടാണ് ഒരു കവിത കോർത്തിണക്കിയിട്ടുള്ളത്. കവിക്കും ആഴ്ചപ്പതിപ്പിനും പ്രത്യേകം അഭിവാദനങ്ങൾ.
ആഴ്ചപ്പതിപ്പിലെ ‘മണിപ്പൂർ’ എന്ന ‘തുടക്കം’ ചിന്തനീയം (ലക്കം: 1396). ഒറ്റവാക്യത്തിൽ പറഞ്ഞാൽ ‘കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം’ എന്ന ചൊല്ലുപോലെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി വിചാരിച്ചാൽ അവിടെ ശാന്തിയും സമാധാനവും കൊണ്ടുവരാൻ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അതിന് ഒരു കാര്യം മാത്രം ചെയ്താൽ മതിയത്രേ –ബി.ജെ.പിയുടെ മുഖ്യമന്ത്രിയായ ബിരേൻ സിങ്ങിനെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്ത് അറസ്റ്റുചെയ്ത് ജയിലിൽ അടക്കുക. തന്റെ തൽപര കക്ഷികളായ മെയ്തേയികൾക്ക് കുക്കികളെ ആക്രമിക്കാൻ എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്ന ആളാണ് അദ്ദേഹമെന്നാണ് ബി.ജെ.പിക്കാരടക്കം പലരും പറയുന്നത്.
കഴിഞ്ഞവർഷം മണിപ്പൂർ ഹൈകോടതി പ്രസ്താവിച്ച വിധിയാണ് ഇവിടത്തെ പ്രമുഖ ഗോത്രങ്ങളായ മെയ്തേയികളും കുക്കികളും തമ്മിലുള്ള വംശീയ കലാപത്തിനു വഴിമരുന്നിട്ടത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നാക്കം നിൽക്കുന്ന കുക്കികൾക്ക് നൽകിയിരുന്ന പട്ടികവർഗ പദവിയും ആനുകൂല്യങ്ങളും മെയ്തേയികൾക്കും നൽകുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് കോടതിവിധിയിൽ പരാമർശിച്ചിരുന്നു. അതിനെതിരെ കുക്കികൾ പ്രതിഷേധത്തിനിറങ്ങി.
പിടിച്ചാൽ കിട്ടാത്ത വിധം സംഘർഷം രൂക്ഷമായപ്പോഴേക്കും ഇരുവിഭാഗങ്ങളിൽ പെട്ട നൂറുകണക്കിനാളുകൾ ക്രൂരമായി കൊലചെയ്യപ്പെട്ടു. ബലാത്സംഗം ഭയന്ന് പലായനം ചെയ്ത സ്ത്രീകളും പെൺകുട്ടികളും അഭയം തേടിയ ആരാധനാലയങ്ങൾ ചുട്ടുചാമ്പലാക്കി. വീടും കുടിയും നഷ്ടപ്പെട്ട 60,000ത്തോളം പേർ താൽക്കാലിക ക്യാമ്പുകളിൽ അഭയം തേടി. 6000ത്തോളം ആയുധങ്ങളാണ് മെയ്തേയികൾ പൊലീസ് സ്റ്റേഷനുകളിൽനിന്ന് കൊള്ളയടിച്ചത്. അതിനെല്ലാം മൗനാനുവാദം നൽകി ബിരേൻ സിങ് മന്ത്രിമന്ദിരത്തിൽ കഴിച്ചുകൂട്ടി.
ആംഗലേയ ഭാഷയിൽ ‘‘Don't ignite a fire that one cannot extinguish’’ എന്നൊരു ചൊല്ലുള്ളതുപോലെ ബിരേൻ സിങ് കൊളുത്തിവിട്ട തീ ഇപ്പോൾ ആയിരം Fire Extinguishers ഒന്നിച്ചു ശ്രമിച്ചാലും അണക്കാനാവാത്ത അവസ്ഥയിലാണ്. കാര്യങ്ങൾ ഇത്രയ്ക്കും സങ്കീർണമായിട്ടും ഇതുവരെ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തതെന്തുകൊണ്ടെന്ന് നിഷ്പക്ഷമതികൾ ചോദിക്കുന്നു. ഒരുപക്ഷേ, അമിത് ഷായുടെ വകുപ്പിൽ കൈയിട്ടെന്ന ആരോപണം ഒഴിവാക്കാനായിരിക്കാം അദ്ദേഹം മാറിനിൽക്കുന്നതെന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അതല്ലല്ലോ രാജ്യനീതി. പ്രശ്നങ്ങൾ ഇത്രക്കും വഷളായ നിലക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഇതിന്റെ അനുരണനങ്ങൾ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചേക്കാം.
ആഴ്ചപ്പതിപ്പിൽ വന്ന നാരായണൻ അമ്പലത്തറയുടെ കഥ ‘മിന്നൽ ജാനകി’ (ലക്കം: 1396) ജീവിതഗന്ധംകൊണ്ട് വ്യത്യസ്തമാകുന്ന ഒന്നായി അനുഭവപ്പെട്ടു. പക തീർക്കാനുള്ളതാണ് എന്ന (വലിയ മാനുഷികവാദികൾ ക്ഷമിക്കട്ടെ) സാധാരണ മനുഷ്യമനസ്സുകളെ അടയാളപ്പെടുത്തുന്നത് തന്നെയാണ് ഈ കഥ പങ്കുവെക്കുന്ന വികാരം. കാമോന്മത്തനായി കൂത്താടി നടക്കുന്ന രാമൻ മേനോന്റെ ലിംഗം ഛേദിക്കുന്നതുതന്നെയാണ് ഏറ്റവും നീതീകരിക്കപ്പെടുന്ന വലിയ ശിക്ഷ. അതിന് നിയമ സംവിധാനങ്ങളും അധികാരങ്ങളും വിഘാതമാകുമ്പോൾ ഇരകൾ തന്നെ ശിക്ഷ നടപ്പാക്കിയെന്നിരിക്കും.
മുറിഞ്ഞു വീഴുന്ന ലിംഗം അധികാരത്തിന്റെയും അഹന്തയുടെയും ഭ്രാന്തമായ കാമത്തിന്റെയും പുരുഷാധിപത്യത്തിന്റെയും മുഖമാണ്. അത് മുറിഞ്ഞുവീഴുക തന്നെ വേണം. കാവിലെ ഉത്സവത്തോടെ ആരംഭിക്കുന്ന കഥ ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണത്വരയിൽ മിന്നൽ ജാനകിയുടെ ജീവകഥ അറിയുന്നിടത്താണ് അവസാനിക്കുന്നതെങ്കിലും, പല ജാതി രാമൻ മേനോൻമാർ (ചലച്ചിത്രരംഗത്തെ കെട്ട മണങ്ങൾ ദുർഗന്ധം പരത്തുന്ന സവിശേഷകാലത്ത് പ്രത്യേകിച്ച്) പുളക്കുന്ന സമൂഹ ഇടങ്ങളിൽ മുറിഞ്ഞുവീണ ലിംഗം ഒരു സിംബോളിക് രൂപം വായനാ ഇടങ്ങളിൽ കുത്തിനിർത്തും എന്നത് നിസ്തർക്കമാണ്. ഈ കഥ കൊണ്ടുവരുന്ന സാമൂഹികമായ കഥാമാനം ഇതു തന്നെയായിരിക്കും.
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1382 അതിഗംഭീരം. കെ. മുരളിയുടെ ലേഖനം ജാതി, സംവരണം എന്നിവയെക്കുറിച്ച് മിക്കവാറും സംശയങ്ങൾ തീർത്തു. നിഷ്പക്ഷം, സത്യസന്ധം, വസ്തുനിഷ്ഠം, ആധികാരികം, സമഗ്രം, ഉദാത്തം, നീതിപൂർവകം. സംവരണമല്ല വേണ്ടത് പ്രാതിനിധ്യമാണ്. 100 ശതമാനം യോജിപ്പ്. മനുഷ്യൻ സൃഷ്ടിയുടെ മകുടമല്ല, കാളകൂടമാണ്. ജനസംഖ്യ നിയന്ത്രിച്ചാൽ പരിസ്ഥിതി സംരക്ഷിക്കപ്പെടും. ബഷീറിനോടും കാളീശ്വരം രാജിനോടും ഗാഡ്ഗിലിനോടും ആദരവ്. ക്രിസ്തുവിനെ, ബുദ്ധനെ, ഗുരുവിനെ, ഗാന്ധിയെ, ഖുശ്ബുവിനെ ദൈവമാക്കാമെങ്കിൽ എന്തിന് മന്നത്തോട് അയിത്തം? സംവരണത്തെ എതിർക്കുന്നവർ സ്ത്രീ/ വികലാംഗ സംവരണത്തെ എതിർക്കുന്നു.
സംവരണത്തെ അനുകൂലിക്കുന്നു. ഉപസംവരണത്തെ എതിർക്കുന്നു. ആധാർ, പാൻ, വോട്ടർ ഐഡി, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ബാങ്ക് അക്കൗണ്ട്... എല്ലാത്തിലും ജാതി കോളം വേണം. ജാതിപേര് സ്വന്തം പേരിനൊപ്പം ചേർക്കാത്തവർക്ക് ജാതിസംവരണം നൽകരുത്. എസ്.സി/ എസ്.ടി/ ഒ.ബി.സി/ വിധവകൾ/അനാഥർ/ ഭിന്നശേഷി മുതലായ എല്ലാ അവശ വിഭാഗങ്ങളുടെയും ഇ.പി.എഫ് എംപ്ലോയീസ് കോൺട്രിബ്യൂഷൻ സർക്കാർതന്നെ വഹിക്കണം. ജാതി ആയുഷ്കാലം മാറുന്നില്ല. ജാതി സർട്ടിഫിക്കറ്റിന്റെ കാലാവധി അനന്തമായിരിക്കണം.
സുപ്രീംകോടതിയിലെ ദേവപ്രശ്നങ്ങളെക്കുറിച്ച് പി.ബി. ജിജീഷ് എഴുതിയത് വായിച്ചാൽ സാധാരണക്കാരന് കോടതിയിലും ജഡ്ജിമാരിലും ഉള്ള വിശ്വാസം ഇല്ലാതാകും (ലക്കം: 1395). ഭരണഘടനാ കോടതികളെ ഭരണകൂട കോടതികളാക്കി മാറ്റുന്നതിൽ മുഖ്യപങ്ക് വഹിച്ച ജസ്റ്റിസ് ചന്ദ്രചൂഡിനെപ്പോലുള്ള ജഡ്ജിമാർ ഭരണഘടനയെ മരണഘടനയാക്കി മാറ്റിയ ദയനീയ കാഴ്ച അപലപനീയമാണ്. ഗണേശ ചതുർഥിക്ക് പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെത്തി, പൂജ നടത്തിയ സംഭവം ജനാധിപത്യ വിശ്വാസികളുടെ മനസ്സിലുണ്ടാക്കിയ പോറൽ വാക്കുകൾക്കപ്പുറമാണ്.
കാവിവസ്ത്രങ്ങളണിഞ്ഞ് ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അയോധ്യ വിധി ഏകപക്ഷീയമായതിൽ അത്ഭുതത്തിനവകാശമില്ല. അടിയന്തരാവസ്ഥയിലെ കൊള്ളരുതായ്മകളെ നാണമില്ലാതെ ന്യായീകരിച്ച ഭൂരിപക്ഷ വിധിയോട് വിയോജിച്ച് പ്രയോജനമില്ലാത്ത ഭിന്നവിധിയെഴുതി ചീഫ് ജസ്റ്റിസ് പദവി നഷ്ടപ്പെടുത്തുകയും അതിന്റെ പേരിൽ ന്യായാധിപ പദവി ഉപേക്ഷിക്കുകയുംചെയ്ത എച്ച്.ആർ. ഖന്നയെപ്പോലുള്ള നിയമത്തിന്റെ ഭീഷ്മാചാര്യർ ജീവിച്ചിരുന്ന നമ്മുടെ രാജ്യത്ത് ജസ്റ്റിസ് ചന്ദ്രചൂഡ് ഒരു കളങ്കംതന്നെയാണ്. ജസ്റ്റിസ് മുരളീധർ സത്യസന്ധനും ധീരനും സ്വഭാവശുദ്ധിയുള്ളവനും ആയതിനാലാണ് സുപ്രീംകോടതിയിലേക്ക് പരിഗണിക്കപ്പെടാതെ പോയത് എന്നതിൽനിന്നും കേന്ദ്രഭരണകൂടത്തിന്റെ കൊളീജിയത്തിനുമേലുള്ള സ്വാധീനം എത്രമേലെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്തായാലും ബി.ജെ.പി കേന്ദ്രം ഭരിക്കുന്നിടത്തോളം കാലം നിഷ്പക്ഷമായി വിധിയെഴുതുന്ന ന്യായാധിപന്മാരെ കണ്ടെത്തുക പ്രയാസമായിരിക്കും.
ട്രൈബി പുതുവയലിന്റെ ‘മേക്കാച്ചിൽ’ (ലക്കം: 1392) തന്ന വായനാനുഭവത്തിന് നന്ദി. ആ ചുക്കുകാപ്പിയുംപൊടിയരിക്കഞ്ഞിയും കറുത്ത കുമിളകളുള്ള പപ്പടവും തേനൊഴിച്ച കട്ടനും റസ്കും അമ്മയുടെ ചുരുട്ടിപ്പിടിച്ച കൈയിലെ ഏലാദിമിഠായിയും, ഇങ്ങിനി വരാത്ത ആ കാലത്തിന്റെ ഓർമ, മനസ്സിന്റെ വിങ്ങലായി അവശേഷിക്കുന്നു. അമ്മയുടെ തലോടലിൽ ഏത് മേക്കാച്ചിലാണ് ഓടിയകലാത്തത്! ഐ.സി.യുവിലെ (അങ്ങനെയൊന്നുണ്ടാകാതിരിക്കട്ടെ) മരവിപ്പിക്കുന്ന തണുപ്പിൽ, അമ്മയുടെ തലോടലിന്റെ വിങ്ങുന്ന ഓർമകൾ തുണയാകും. ലോകത്തിലെ എല്ലാ അമ്മമാർക്കും വാഴ്വ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.