ഒടുവിൽ ഉത്തർപ്രദേശിലെ വാരാണസിയിലെ ഗ്യാൻവാപി മസ്ജിദും ഹിന്ദുത്വഭീകരർ പിടിച്ചടക്കാനുള്ള അരങ്ങൊരുക്കുന്നു. ഉത്തർപ്രദേശിലെ വാരാണസിയിലുള്ള മുഗൾ ഭരണകാല നിർമിതിയായ ഗ്യാൻവാപി മസ്‌ജിദ് പുരാതന ക്ഷേത്രം പൊളിച്ച് പടുത്തുയർത്തിയതാണോ എന്ന് പരിശോധിക്കാൻ ഉദ്ഖനനം അടക്കമുള്ള ശാസ്ത്രീയ സർവേ നടത്താൻ കഴിഞ്ഞ ജൂലൈയിൽ വാരാണസി ജില്ല കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം നൽകിയതിനെ തുടർന്ന് എ.എസ്.ഐ ഉദ്യോഗസ്ഥർ സർവേ നടത്തുകയുണ്ടായി.
ഈ സർവേക്ക് സുപ്രീംകോടതി താൽക്കാലിക സ്റ്റേ അനുവദിച്ചിരുന്നുവെങ്കിലും നിലവിലെ ഇന്ത്യൻ സാഹചര്യവും ബാബരി മസ്ജിദിന്റെ ഭൂതവും വർത്തമാനവുമൊക്കെ അറിയുന്ന ഏതൊരു ഇന്ത്യൻ പൗരനും എന്തായിരിക്കും ഇതിന്റെയൊക്കെ പര്യവസാനം എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
‘അയോധ്യ തോ ഝാകി ഹേ, കാശി-മഥുര ബാക്കി ഹെ’ (അയോധ്യ ഒരു സൂചനമാത്രമാണ്, കാശി-മഥുര അവശേഷിക്കുന്നു)... ഇത് 90കളിലെ സംഘ്പരിവാറിന്റെയും മറ്റ് തീവ്ര ഹിന്ദു സംഘടനകളുടെയും മുദ്രാവാക്യമായിരുന്നു. ബാബരി മസ്‌ജിദും സ്ഥലവും കോടതി ഏകപക്ഷീയവും നീതിരഹിതവുമായി രാമക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുത്ത തൊട്ടുടനെ ‘ഔട്ട്ലുക്ക്’ മാസികയുമായി നടത്തിയ അഭിമുഖത്തിൽ മുതിർന്ന ബി.ജെ.പി നേതാവ് വിനയ് കത്യാര്‍ പ്രതികരിച്ചതിങ്ങനെ: ‘‘അയോധ്യ വിജയിച്ചു, അടുത്തത് കാശിയും മഥുരയും; മസ്ജിദുകള്‍ അവിടെനിന്നും ഉടൻ നീക്കേണ്ടതുണ്ട്.
അയോധ്യയിലെന്നപോലെ പള്ളി പൊളിച്ചുള്ള ക്ഷേത്രനിർമാണം സാധ്യമാക്കുന്ന വഴികളെക്കുറിച്ച് ബി.ജെ.പി തകൃതിയായി ആലോചിക്കുന്നു.’’ അവിടെന്നും മുന്നോട്ട് പോയി അദ്ദേഹം. ‘‘ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിട്ട് കഴിഞ്ഞാൽ ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിക്കും. പിന്നെ രാമക്ഷേത്രത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ‘ശിലാപൂജ’ക്കുശേഷം കാശിയിലും മഥുരയിലും ക്ഷേത്രനിർമാണത്തിനായി സമാഹരണം ആരംഭിക്കും. കാശി, മഥുര, അയോധ്യ എന്നീ മൂന്ന് സ്ഥലങ്ങളും പിടിച്ചെടുക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റെയും തര്‍ക്കസ്ഥലങ്ങള്‍ തിരിച്ചെടുക്കുന്നത് എല്ലായ്‌പോഴും ഞങ്ങളുടെ പ്രധാന നിര്‍ദേശങ്ങളാണ്. ഇപ്പോള്‍ നമ്മുടെ അയോധ്യദൗത്യം പൂര്‍ത്തിയായി. ഇനി കാശിയും മഥുരയും സംഭവിക്കും. ഈ ലക്ഷ്യം നേടാന്‍ മരിക്കാന്‍ വരെ ഞങ്ങള്‍ തയാറാണ്. കൊല്ലപ്പെടുന്നവര്‍ക്ക് പിന്നാലെ കൂടുതല്‍ പേര്‍ ലക്ഷ്യം നേടിയെടുക്കാനായി മുന്നോട്ടുവരും’’ എന്നുകൂടി ആണയിടുന്നുണ്ട്. ഈ ലക്ഷ്യം ഇവിടംകൊണ്ടും തീരുമെന്ന ഒരു തെറ്റിദ്ധാരണയും നമുക്കുണ്ടാകേണ്ടതില്ല. ഇന്ത്യയുടെയും മതേതരത്വത്തിന്റെയും ശവപ്പെട്ടിയിൽ അവസാന ആണിയുമടിച്ച് മാത്രമേ ഈ സംഘ്പരിവാർ ഫാഷിസ്റ്റ് തേരോട്ടം നിൽക്കുകയുള്ളൂ. അപ്പോഴേക്കും ഇന്ത്യ എന്ന സംജ്ഞ തന്നെ അപ്രത്യക്ഷമാകും.
1669ലാണ് മുഗൾ ചക്രവർത്തി ഔറംഗസീബ് ഗ്യാൻവാപി മസ്‌ജിദ് പണിതത്. അന്നുമുതൽ ഇന്നുവരെ മുടക്കമില്ലാതെ അവിടെ ആരാധനകൾ നടക്കുന്നു. പിന്നെയും നൂറു വർഷം കഴിഞ്ഞ് 1750ലാണ് ഇന്ദോർ രാജ്ഞി അഹല്യ ഹോൽക്കർ പള്ളിക്ക് തൊട്ടടുത്ത് കാശി വിശ്വനാഥക്ഷേത്രം ഉണ്ടാക്കുന്നത്. ഈ പള്ളി തകർത്ത് അതിന്റെ ഭൂമി കൈവശപ്പെടുത്താൻ കേവലം 86 വർഷം മുമ്പാണ് ശ്രമമാരംഭിച്ചത്. ബാബരി മസ്ജിദ് മാതൃകയിൽ ഈ പള്ളികളിലും വിഗ്രഹം കടത്താനുള്ള ശ്രമം പള്ളി കമ്മിറ്റിക്കാർ കൈയോടെ പിടികൂടുകയായിരുന്നു.
രണ്ടായിരത്തിൽ ക്ഷേത്രത്തിൽനിന്ന് പിഴുതെടുത്ത് ശിവലിംഗം പള്ളിക്ക് അകത്തേക്ക് വലിച്ചെറിഞ്ഞ പ്രദേശത്ത് ഹിന്ദു-മുസ്‍ലിം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമവും ജില്ല ഭരണകൂടം ഇടപെട്ട് തടയുകയായിരുന്നു. 2018 ഒക്ടോബറിൽ സർക്കാർ കോൺട്രാക്ടർ അർധരാത്രിയിൽ പള്ളിയുടെ വടക്കൻ മതിൽ ഒരു ഭാഗം പൊളിച്ചുമാറ്റി. എന്നാൽ, പിറ്റേദിവസം തന്നെ മതിൽ വീണ്ടും പണിതെങ്കിലും ആ നിർമാണത്തിൽ സംശയമുണ്ടെന്ന് അന്നുതന്നെ പ്രദേശത്തെ മുസ്‌ലിംകൾ പരാതിപ്പെട്ടിരുന്നു.
2021 ആഗസ്റ്റിൽ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വവേദിക് സനാതൻ സംഘിന്റെ പ്രവർത്തകരായ അഞ്ചു സ്ത്രീകൾ മസ്‌ജിദ് സമുച്ചയത്തിൽ ദിവസവും വിഗ്രഹാരാധന നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹരജി നൽകി. ഇതിനെ തുടർന്ന് പള്ളിയിൽ വിഡിയോ സർവേ നടത്താൻ പ്രാദേശിക കോടതി ഉത്തരവിടുകയായിരുന്നു. ഈ സർവേ നടത്തിയ അഭിഭാഷക കമീഷണർമാർ റിപ്പോർട്ട് നൽകുന്നതിനു മുമ്പുതന്നെ വുദുഖാനക്കടുത്ത് ശിവലിംഗം കണ്ടെത്തിയെന്ന് ഉറപ്പിക്കുകയും ആ ഭാഗം മുദ്രവെക്കാൻ ഉത്തരവിടുകയും ചെയ്‌ത കോടതി നടപടിയിൽ സുപ്രീംകോടതിതന്നെ അന്ന് അത്ഭുതംകൂറുകയും ചെയ്തിരുന്നു!
യഥാർഥത്തിൽ ബാബരി മസ്ജിദിന്റെ തകർക്കൽകൊണ്ട് എന്തൊക്കെയാണോ ഹിന്ദുത്വർ ലക്ഷ്യംവെച്ചിരുന്നത്, അതൊക്കെ ഇപ്പോൾ നേടിക്കഴിഞ്ഞിരിക്കുന്നു. ഭൂരിപക്ഷ സംസ്ഥാനങ്ങളുൾപ്പെടെ കേന്ദ്രഭരണമടക്കം അവരുടെ കൈകളിലമർന്നു. ഇനി അത് നിലനിർത്തിക്കൊണ്ടുപോകലാണ് ലക്ഷ്യം. മതത്തോടുള്ള പ്രതിപത്തിയോ ശിവഭഗവാനോടുള്ള ഭക്തിയോ ഒന്നുമല്ല, അവരെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ആൾക്കൂട്ടത്തിന്റെ രക്തം തിളപ്പിച്ച് അത് വോട്ടാക്കി മാറ്റുകയും രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും ചെയ്യുക എന്നതുമാത്രമാണ് അവരുടെ അജണ്ട.
വായനക്കാരനും എഴുത്തുകാരനും നേർക്കുനേർ ഒരു സംവാദ സാഹചര്യത്തിൽ വരുന്ന കഥയാണ് മാധ്യമം ആഴ്ചപ്പതിപ്പിൽ രമേഷ് പഞ്ചവള്ളിൽ എഴുതിയ ‘തുലാം’ (ലക്കം: 1352). എഴുത്തു വേറെ, എഴുത്തുകാരന്റെ പ്രസംഗവും ജീവിതവും മറ്റൊരു നിലയിലും. ഇത്തരം അടിസ്ഥാന വൈരുധ്യം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. വായിച്ചു തുലഞ്ഞ, പുസ്തകം വാങ്ങിച്ചുകൂട്ടി ജീവിതം തുലഞ്ഞ വായനക്കാരന്റെ ചോദ്യശരങ്ങൾ, ഇവിടെ എഴുത്തുകാരൻ എന്ന ഭാഷാധികാര പദവിയുടെ സാമൂഹികാസ്തിത്വത്തെ ആകെ അപനിർമിക്കുന്നുണ്ട്.
വർഗപരമായി അധ്യാപകർ/ എഴുത്തുകാർ വിഭാഗങ്ങളിൽപെട്ടവർ പെറ്റി ബൂർഷ്വകളാണ്. കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കുന്നവർ. പൊതുവിൽ ആകെ മലക്കംമറിയുന്നവർ. ഇന്നത്തെ എഴുത്തധികാര തളങ്ങളിൽ മേയുന്ന ചില സാഹിത്യ ഐക്കണുകളായ മനുഷ്യജീവികളെ ഈ കഥ ഓർമിപ്പിക്കും.
എന്നാൽ, ഇന്ന് ബദൽ എഴുത്തുകൾ/ എഴുത്തുകാർ ഈ വൈരുധ്യത്തെ അട്ടിമറിച്ചുതുടങ്ങി. അതായത്, അധികാര സ്വരൂപികളാകാൻ ഒട്ടും ആഗ്രഹമില്ലാത്ത, അതിലെ നെറ്റ് വർക്കിനെ പിന്തുടരാൻ വിമുഖത കാണിക്കുന്ന എഴുത്തുകളും സമൃദ്ധമായി വന്നുതുടങ്ങി.
വായിക്കുന്നവർ തന്നെ എഴുത്തുകാരാകുന്നു. അങ്ങനെ പല മനുഷ്യർ പലമട്ടിൽ പരസ്പരം വായിക്കപ്പെടുന്നു. ദലിത് എഴുത്തും ഗോത്ര എഴുത്തും ട്രാൻസ്ജെൻഡർ എഴുത്തും കീഴാള ആത്മീയ എഴുത്തും ആത്മകഥയെഴുത്തും നവസിനിമയും ചിത്രകലയും നാടൻപാട്ടും ഭക്ഷണ വൈവിധ്യ ആഘോഷവും റീലുകളും സ്റ്റോറികളും ബദൽ ക്രിയാത്മകതയാണ്. ഇതൊരു ജനകീയ തുറവിയുടെ സന്ദർഭമാണ്. സോഷ്യൽ മീഡിയ ഇതിൽ ബഹുമുഖ സഹായിയായി വർത്തിക്കുന്നു. പെറ്റി ബൂർഷ്വാ എഴുത്തുകാരുടെ കനം അപ്പൂപ്പൻതാടിയാകുന്നു. ഊതിവിടാം.
അവരെ അച്ചടിച്ച് ഉറപ്പിക്കുന്ന മാധ്യമാധികാര മീഡിയ പെരുംമഴക്കാലത്തെ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോകുന്ന വാഴത്തടയാകുന്നു. കണ്ടുനിൽക്കാം. അവർ പ്രത്യേകിച്ച് ഒന്നിന്റെയും പ്രതിനിധാനമല്ല എന്നതാണ് ചരിത്രപരമായ ഇന്നത്തെ രസം! ‘തുലാം’ എന്ന കഥ വായിച്ചപ്പോൾ ഇങ്ങനെയെല്ലാം ഓർത്തുപോകുന്നു.
അപരിചിതമായ പ്രമേയം. അന്ധാളിപ്പിക്കുന്ന അവതരണ രീതി. മലയാള കഥയുടെ മാറ്റം കാണിച്ചുതരുകയാണ് ‘മാളം’ എന്ന വിചിത്രകഥയിലൂടെ കെ.എസ്. രതീഷ് (ലക്കം: 1354). ലാസറും സാമുവല്‍ സാറും കഥാനായകനും മാത്രം അടങ്ങുന്ന മാളം. വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന അധ്യാപകരെ സ്ഥലമാറ്റത്തോടെ, ജോലിക്കൊരു കുഴപ്പവും ഇല്ലാതെ നാട്ടുകാരുടെ കൺവെട്ടത്തിൽനിന്ന് മാറ്റി അജ്ഞാതമായ ഏതോ ‘മാള’ത്തില്‍ താമസിപ്പിക്കുന്ന ഒരു ഗൂഢസംഘത്തിൽപ്പെട്ടയാളാണ് ലാസറെന്ന ലാബ് അസിസ്റ്റന്‍റ്.
അയാളുടെ വാറ്റുചാരായം മോന്തി, അയാള്‍ ഉണ്ടാക്കിക്കൊടുക്കുന്ന ഭക്ഷണം കഴിച്ച്, അയാളുടെ നിയന്ത്രണത്തില്‍ കഴിഞ്ഞാൽ ശിഷ്ടകാലം ജീവിച്ചു പോകാം. അതിനുമുമ്പേ മാസാമാസം കിട്ടുന്ന ശമ്പളം അയാളുടെ അക്കൗണ്ടിൽ എത്താനുള്ള പേപ്പറുകളില്‍ ഒപ്പിട്ടുകൊടുത്തിരിക്കണം എന്നത് നിര്‍ബന്ധം. അല്ലെങ്കില്‍ വിവരമറിയും. തട്ടിപ്പിന്റെ മറ്റൊരു മുഖം അനാവരണം ചെയ്തിരിക്കുകയാണ് കഥാകൃത്ത്.
അസാധാരണമായ ആര്‍ജവവും വാക്പ്രയോഗചാരുതയുംകൊണ്ട് അറിയാത്തതും അറിഞ്ഞതും എഴുതി നിറച്ചിരിക്കുകയാണ് കഥയില്‍. അവസാനം വരെ രഹസ്യാത്മകത നിറഞ്ഞിരിക്കുന്ന കഥ ഉദ്വേഗത്തോടെ വായിച്ചുപോകാമെങ്കിലും എന്തൊക്കെയോ അപാകതകൾ ഉള്ളതുപോലെ തോന്നിക്കുന്നു.
‘‘വിദ്യാര്‍ഥിനിയെ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. അടുത്ത ദിവസം മുതല്‍ ആ പെണ്ണ് സ്കൂളിലേക്ക് വരാതായപ്പോള്‍ വലിയ വാര്‍ത്തയും, പൊലീസ് മർദനവുമാണ് ഞാന്‍ ഭയന്നത്. ഒരുമാസം ഒന്നുമുണ്ടായില്ല. ഞാനും അതെല്ലാം മറന്നുതുടങ്ങിയിരുന്നു. ആ പെണ്ണും അതൊക്കെ ആസ്വദിക്കുന്നുവെന്നാണ് എനിക്കും ചിലപ്പോഴെല്ലാം തോന്നിയത്.’’ പിന്നീടുള്ള ഭാഗത്തിൽനിന്നും കഥാനായകന്‍റെ ഭാര്യയാണ് അതിനൊക്കെ കടിഞ്ഞാണിട്ടതെന്ന് അറിയുമ്പോൾ വായനക്കാരൻ ഞെട്ടുന്നു.
അവര്‍ക്കും സമൂഹത്തില്‍ തലയുയര്‍ത്തിപ്പിടിച്ച് നടക്കണമല്ലോ? നിസ്സഹായനായ ഒരു പീഡകന്‍റെ ഈ ദയനീയാവസ്ഥയേക്കാള്‍ ഭേദം 14 വർഷം ജീവപര്യന്തത്തില്‍ ജയിലില്‍ കഴിയുന്നതായിരുന്നു. കൊള്ളാം, മാറുന്ന കഥാശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആഴ്ചപ്പതിപ്പിനും കഥാകൃത്തിനും കഥാപാത്രങ്ങളുടെ വിചാരവികാരങ്ങള്‍ ഉള്‍ക്കൊണ്ട് ചിത്രരചന നടത്തിയ സലിം റഹ്മാനും അഭിവാദ്യങ്ങള്‍.
‘തെരഞ്ഞെടുപ്പ് ജയിക്കാൻ ബി.ജെ.പി എന്തും ചെയ്യും’ എന്ന ശീർഷകത്തിൽ ആനന്ദ് തെൽതുംബ്ഡെയുമായി നടന്ന ദീർഘവർത്തമാനം (ലക്കം: 1353) വായിച്ചപ്പോൾ തോന്നിയ ചില വിചിന്തനങ്ങളാണ് ഈ എഴുത്തിന് ആധാരം. മൻ കി ബാത്, പത്മ പുരസ്‌കാരങ്ങൾ, വിശ്വാസം, ജാതി, വർഗീയത, വംശീയത, പ്രലോഭനങ്ങൾ, ഭീഷണികൾ, വൻതോതിലുള്ള ധനം, ഭരണസൗകര്യങ്ങൾ തുടങ്ങി ബഹുമുഖമായ ആയുധങ്ങൾ കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന ഭാരതീയ ജനത പാർട്ടിക്ക് മുന്നിൽ പ്രത്യേകിച്ച് ഒരു പദ്ധതിയുമില്ലാതെ ഏത് സമയവും മറുകണ്ടം ചാടാൻ ഒരുങ്ങി നിൽക്കുന്ന സ്വാർഥമൂർത്തികളായ രാഷ്ട്രീയ പാർട്ടികളെ മുന്നിൽ നിർത്തി എങ്ങനെ ഇൻഡ്യ മുന്നണിക്ക് മതേതര ഭാരതത്തെ തിരിച്ചുപിടിക്കാൻ കഴിയും എന്നത് ഉത്തരം കിട്ടാത്ത പ്രഹേളികയത്രേ.
രാജ്യതാൽപര്യം എന്ന വിശാലതക്കപ്പുറം എനിക്കെന്ത് ലഭിക്കും എന്നുമാത്രം ചിന്തിക്കുന്ന കുടുസ്സായ പാതയിൽ സഞ്ചരിക്കുന്ന നേതാക്കന്മാരാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ മുന്നണിയുടെ ശാപം. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ കഴിയാതെ പോയാൽ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും ഇത്തരമാളുകളുടെ ഇടം എന്നു മനസ്സിലാക്കിയാൽ നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.