'വഴികളും മനുഷ്യരും ലഡാക് പാതകളും’ എന്ന വി. മുസഫര്‍ അഹമ്മദിന്റെ സഞ്ചാരപാതയിലെ കാഴ്ചകള്‍ക്കിടയിൽ കണ്ട 'ബുദ്ധ ആര്യന്മാരും മുസ്ലിം ആര്യന്മാരും' എന്നെ ഹഠാദാകര്‍ഷിച്ചു (ലക്കം: 1388). പേജുകൾ മറിയവേ വയലാര്‍ എഴുതി ജി. ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്കി അനശ്വരമാക്കിയ
‘‘സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ
സ്വപ്നം വിടരും ഗ്രാമം
പ്രേമവതിയാം എന്‍ പ്രിയ കാമുകി
താമസിക്കും ഗ്രാമം’’
എന്ന പാട്ടിന്റെ വരികള്‍ മനസ്സില്‍ കിനിഞ്ഞു. സുന്ദരികളും സുന്ദരന്മാരുമായ ഗ്രാമവാസികളും അവരുടെ നിറപ്പകിട്ടാർന്ന ഉടയാടകളും ശിരോവസ്ത്രങ്ങളും ആചാരരീതികളും ജീവിതചര്യകളും വർണവൈവിധ്യമാർന്ന പൂക്കളും എന്നെ ആശ്ചര്യപ്പെടുത്തി. കലര്‍പ്പില്ലാത്ത ആര്യ വംശജരാണത്രേ ബ്രോഗ്പ്പകൾ/ ദ്രോഗ്പ്പകൾ എന്ന് വിളിക്കപ്പെടുന്ന ഈ ഗ്രാമീണർ! വിഖ്യാത ചരിത്രകാരിയായ റോമിലാ ഥാപ്പർ ഇവരെ ‘പൊട്ടിച്ചൂട്ട്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ വഴിചുറ്റിക്കൽ/ വഴി തെറ്റിക്കൽ എന്നർഥം വരുന്ന ഈ മോശം പേര് സ്വീകരിക്കാനവർ തയാറല്ല. ഈ ചെറിയ സമുദായത്തെക്കുറിച്ച് ചരിത്രകാരി വേണ്ടത്ര മനസ്സിലാക്കാതെയാണ് ഇത്തരം പ്രകോപനപരമായ വാക്കുകൾ ഉപയോഗിക്കുന്നതെന്നാണ് അവരുടെ പക്ഷം.
ഒരു കുളിര് നിര്‍ഝരിപോലെ ഒഴുകിപ്പരക്കുന്ന വിവരണം. സാന്ദ്രവും തീക്ഷ്ണവും ഏകാഗ്രവുമായ ഒരു ഭാവത്തിനുമപ്പുറത്ത് ഇതില്‍ ഭാവശബളതയാണുള്ളത്. വാക്കുകളുടെ മൃദുതാളനിസ്വനമാണ് ഇതില്‍ മുഴങ്ങി കേള്‍ക്കുന്നത്. അങ്ങനെ കവിതയോടടുത്ത് നില്‍ക്കുകയാണ് ഈ യാത്രാവിവരണം.
ഹൃദയസ്പർശിയായ ഒരു ചെറുകഥപോലെയോ മനസ്സിലേക്ക് നറുംനിലാവ് കോരിയിടുന്ന ഒരു നോവല്പോലെയോ വായിച്ചു പോകാവുന്ന ഈ സഞ്ചാരസാഹിത്യം മുസഫർ അഹമ്മദിന്റെ ഇതുവരെയുള്ള രചനകളേക്കാളൊക്കെ അനുവാചക ഹൃദയങ്ങളെ ശക്തിയായി ചലിപ്പിക്കുന്നു. അസംഭാവ്യതകള്‍ സംഭാവ്യതകളായി മാറുന്നു.അടുത്ത ലക്കങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഞാന്‍.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി വിടവാങ്ങിയതിനെ തുടർന്ന് ആഴ്ചപ്പതിപ്പ് അവതരിപ്പിച്ച രാധാകൃഷ്ണൻ എം.ജിയുടെ ‘സി.പി.എം യെച്ചൂരിക്ക് ഒപ്പവും അല്ലാതെയും’ എന്ന ലേഖനവും സെബാസ്റ്റ്യൻ പോളിന്റെ ‘ഇങ്ങനെയും ചിലർ ജനാധിപത്യത്തിന് ആവശ്യമുണ്ട്’ എന്ന ലേഖനവും ഇന്ത്യൻ ജനാധിപത്യത്തിൽ മതേതരത്വത്തിന്റെ ശക്തമായ മുഖമായിരുന്ന സീതാറാം െയച്ചൂരിയെ യഥാവിധി വരച്ചിടുന്നതായി. എല്ലാത്തിനും മുകളിലാണ് പാർട്ടി അല്ലെങ്കിൽ എല്ലാവരും പാർട്ടിക്കു മുന്നിൽ വിനയാന്വിതരായി നിലകൊള്ളണമെന്ന പാർട്ടിയുടെ പതിവു വരട്ടുന്യായത്തിന് മുന്നിൽ െയച്ചൂരി എത്ര വിഭിന്നനായിരുന്നുവെന്നും, പലപ്പോഴും പാർട്ടിയെ താൻ മുന്നോട്ടുവെച്ച ശരിയായ പാതയിലൂടെ എങ്ങനെ നയിക്കാനായെന്നും രണ്ടു ലേഖനങ്ങളിൽനിന്നും വായിച്ചെടുക്കാനാവുന്നുണ്ട്.
കഴിഞ്ഞ കുറെ വർഷങ്ങളായി മുമ്പെങ്ങുമില്ലാത്തവിധം രാജ്യം വർഗീയതയിൽ മുങ്ങി കുളിക്കുമ്പോഴും രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ന്യൂനപക്ഷത്തിന്റെ നിലനിൽപ്പുമൊക്കെ ചോദ്യം ചെയ്യപ്പെടുമ്പോഴും മതേതരത്വവും ജനാധിപത്യവുമൊക്കെ കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ പാർട്ടി കൂടിയായ സി.പി.എമ്മിന് അധികാരം പങ്കിടാൻ അവസരമുണ്ടായിട്ടുപോലും കിട്ടിയ അവസരമൊന്നും വിനിയോഗിക്കാതെ പിന്നീട് ‘ചരിത്രപരമായ വിഡ്ഡിത്ത’മായെന്ന് വിലപിച്ചപ്പോഴുമൊക്കെ വേറിട്ടു ചിന്തിച്ച അപൂർവ വ്യക്തിത്വമായിരുന്നു സീതാറാം െയച്ചൂരി. ഭൂരിപക്ഷ മതാധിപത്യം ഇന്ത്യയെന്ന ആശയത്തെ വിഴുങ്ങുന്ന വർത്തമാനകാലത്ത് മറ്റെല്ലാത്തിലുമുപരി പരിഗണന അതിനെ ചെറുക്കുന്നതിനാകണമെന്ന് ഉറച്ച് വിശ്വസിക്കുകയും വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്തതാണ് െയച്ചൂരിയുടെ സംഭാവന എന്ന് രാധാകൃഷ്ണൻ എം.ജി പറയുന്നതു തന്നെയാണ് യെച്ചൂരിയുടെ മതേതര മുഖത്തിന്റെ കാതൽ.
ശ്രീരാമകൃഷ്ണൻ എന്ന പേരിൽ ആകൃഷ്ടനായി മുമ്പൊരിക്കൽ കേരള നിയമസഭ ചരിത്രത്തിലെ ഒരേയൊരു ബി.ജെ.പി അംഗം സ്പീക്കർ സ്ഥാനത്തേക്ക് സി.പി.എം അംഗത്തിന് വോട്ടു ചെയ്തു എന്ന വാദത്തിന് യെച്ചൂരി മറുപടി നൽകിയത് മാനവികതയുടെയും മതനിരപേക്ഷതയുടെയും പ്രതീകവും പ്രതിനിധിയും സംരക്ഷകനുമാണ് സീതാറാം എന്നാണെന്ന് സെബാസ്റ്റ്യൻ പോളിന്റെ ലേഖനത്തിന്റെ അവസാന ഭാഗത്തുനിന്നു വായിച്ചെടുക്കാനാവുമ്പോൾ സീതാറാം യെച്ചൂരിയുടെ തെളിഞ്ഞ മതേതര കാഴ്ചപ്പാടിന് ഏറെ വിശദീകരണം വേണ്ട തന്നെ.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം ഏറെ ഭീതിജനകമാെണന്ന് അവിടെ നിന്നെത്തുന്ന വാർത്തകളിലൂടെ അറിയുമ്പോൾ നമ്മൾ നമ്മുടെ നാടിെന്റ ഇന്നത്തെ സാഹചര്യങ്ങളെ അവിടത്തെ സാഹചര്യങ്ങളുമായി താരതമ്യംചെയ്യാറുണ്ട്. ഏകദേശം 70-80 കാലഘട്ടംവരെ കേരളത്തിൽ നിലനിന്നിരുന്ന ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയുടെ അന്ത്യം കുറിച്ചത് കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തമായ സ്വാധീനം ചെലുത്തിയ നക്സലൈറ്റ് പ്രവർത്തനങ്ങളുടെയുംകൂടി ശ്രമഫലമായിട്ടായിരുന്നുവെന്നത് തർക്കമില്ലാത്ത വസ്തുതയാണ്.
നമ്മുടെ വർത്തമാന സാഹചര്യങ്ങളിൽ അസംബന്ധമായ ഒരു രാഷ്ട്രീയ പ്രവർത്തനമായി സായുധവിപ്ലവമെന്ന ആശയം മാറുന്നത്, ആ രാഷ്ട്രീയ ലൈൻ ഒരുകാലത്ത് കേരളത്തിെന്റ ജീവിതനിലവാരം ഉയർത്തിയതിൽ നിർണായകമായ സ്വാധീനം ചെലുത്തിയതുകൊണ്ടുകൂടിയാണ്. ജനാധിപത്യപരമായ സമരങ്ങളിലൂടെ ആദിവാസി ജീവിതപ്രശ്നങ്ങളിൽ നക്സലൈറ്റ് പ്രസ്ഥാനങ്ങൾ ഇപ്പോൾ ഇടപെടുന്നത് ആ തിരിച്ചറിവുകൊണ്ടാണ്.
പക്ഷേ, മാവോവാദി പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ കേരളജനത കൈയൊഴിഞ്ഞത് ഇന്നത്തെ സാമൂഹിക വ്യവസ്ഥയിൽ അത് അപ്രസക്തമാണെന്ന ഉറച്ച ബോധ്യത്തിെന്റ അടിസ്ഥാനത്തിലാണ്. അതിനു പ്രേരകമാകുന്നത് കേരളത്തിെന്റ മതേതര മനസ്സുള്ള ഉന്നതമായ രാഷ്ട്രീയ സാക്ഷരതയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ രാഷ്ട്രീയത്തിെന്റയും കാലോചിതമായ ബൗദ്ധിക ഇടപെടലുകളുമായിരുന്നുവെന്നതാണ് വാസ്തവം. ഇത്തരത്തിലുള്ള ഇടപെടലുകൾക്ക് വഴങ്ങാത്ത സാഹചര്യമാണ് ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നത്.
ജനാധിപത്യത്തിനുള്ളിൽതന്നെ സമാന്തര ഭരണകൂടങ്ങളായി ഫ്യൂഡലിസം വർത്തിക്കുന്നുവെന്നതാണ് പ്രധാന കാരണം. ജാതീയമായ വേർതിരിവുകൾ സൃഷ്ടിച്ച് ജനതയെ തന്നെ അടിമകളാക്കി ചൂഷണംചെയ്ത് ജന്മിത്തം ശക്തി പ്രാപിക്കേണ്ടത് കോർപറേറ്റ് ഫാഷിസ്റ്റ് സർക്കാറുകളുടെ ആവശ്യവുമാെണന്ന് മനസ്സിലാക്കാൻ വർത്തമാന ഇന്ത്യൻ രാഷ്ട്രീയാവസ്ഥയിലൂടെ കണ്ണോടിച്ചാൽ മതി. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുന്ന ഇടങ്ങളിൽ സ്വാഭാവികമായും രാജ്യവിരുദ്ധ പ്രവർത്തനമെന്ന് ഭരണകൂടം ആവർത്തിച്ചു പറയുന്ന മാവോവാദി പ്രസ്ഥാനങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്.
ഈ പശ്ചാത്തലത്തിലാണ് പ്രകാശ് മാരാഹിയുടെ ‘ഒഡിഷ’ എന്ന കഥ അതിെന്റ രാഷ്ട്രീയദൗത്യം നിറവേറ്റുന്നത്. സമീപകാലത്ത് ഒഡിഷയിലെ ഒരു ഗ്രാമത്തിൽ ബലാത്സംഗം ചെയ്യപ്പെട്ടതിനുശേഷം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കാണപ്പെട്ട ദലിത് പെൺകുട്ടിയെ കുറിച്ചും ശവശരീരം ഒറ്റക്ക് കുഴിയെടുത്തു മറവുചെയ്യേണ്ടിവന്ന അവളുടെ അമ്മയെക്കുറിച്ചും വന്ന പത്രവാർത്തയുടെ പ്രേരണയിൽ എഴുതപ്പെട്ട ഈ കഥ നടുക്കമുളവാക്കുന്ന ജീവിതസാഹചര്യങ്ങളിൽ ജീവിച്ചു മരിക്കേണ്ടിവരുന്ന എല്ലാ ജനവിഭാഗങ്ങളെയും അഭിസംബോധന ചെയ്യുന്നു.
ഫിക്ഷൻ അതിെന്റ സൗന്ദര്യം നിലനിർത്തുന്നത് മികച്ച എഡിറ്റിങ്ങിനു വിധേയമാകുമ്പോഴാണ്. കളയാൻ ഒരു വാക്കുപോലുമില്ലാതെ ചെത്തി കൂർപ്പിച്ചെടുത്ത ആയുധംപോലെ തീക്ഷ്ണമായി ആഴ്ന്നിറങ്ങാൻ കെൽപു നേടുമ്പോൾ കല അനുവാചകനിൽ ഉൽപാദിപ്പിക്കുന്ന രസം ‘ഒഡിഷ’ എന്ന ഈ കഥയിലൂടെ അനുഭവിക്കാനാകും.
ലളിതമായ ഭാഷയിൽ നേർരേഖയിൽ സഞ്ചരിക്കുന്ന ഈ കഥയുടെ സങ്കീർണമായ രാഷ്ട്രീയാനുഭവം കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളിലൂടെ വെളിവാക്കുമ്പോൾ സംഭവിക്കാവുന്ന പാളിച്ചകളെ മറികടക്കാൻ കഥാകാരെന്റ കൈയടക്കത്തിനു കഴിഞ്ഞിട്ടുണ്ട്. പുതുകാല പ്രവണതയായ പരത്തിപ്പറയലിനെ സ്വീകരിക്കാതെ ഏറ്റവും ചുരുക്കത്തിൽ എഴുതപ്പെട്ടുവെന്നതാണ് ഈ കഥയുടെ മഹത്ത്വം.
സുഭാഷ് ഒട്ടുംപുറത്തിന്റെ കഥ ‘ധൃതരാഷ്ട്രം’ (ലക്കം: 1387) അവതരണത്തിലെ പുതുമകൊണ്ടും പ്രതീകാത്മകമായ സൂചകങ്ങളാലും രാഷ്ട്രീയ, മനഃശാസ്ത്ര വിതാനങ്ങളിലേക്ക് പടർന്നു കയറുന്നതുമായ കഥയുടെ ഒരു പുതുവഴി വെട്ടിത്തുറക്കുന്നു.
രഘുരാമനിൽ കാഴ്ചയുടെ രാസമാറ്റം പെട്ടെന്നൊരു നാൾ സംഭവിക്കുന്നതോടെ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്ന ചാരനിറമയവും അതിനു പ്രതിവിധിയായി ഡോക്ടർ രാഘവൻ നിർദേശിക്കുന്ന ചികിത്സയിലൂടെ പരിസമാപനമാവുന്ന കഥയിലൂടെ വായനക്കാരെ കഥയുടെ പുതുകാലത്തേക്ക് കൂട്ടിക്കൊണ്ടുപോവാൻ സുഭാഷിന് കഴിയുന്നു എന്ന് നിസ്സംശയം തെളിയിക്കുന്നു ‘ധൃതരാഷ്ട്രം’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.