ഇരുൾവഴിയിൽ വെളിച്ചം വീശുമ്പോൾ

മാധ്യമം ആഴ്​ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച, ഇ. സ​േന്താഷ്​ കുമാർ എഴുതിയ ‘തപോമയിയുടെ അച്ഛൻ’ എന്ന നോവൽ വായിക്കുകയാണ്​ നിരൂപകൻകൂടിയായ ലേഖകൻ. ‘‘അതിർത്തി കടക്കുന്ന അഭയാർഥിക്ക് തന്റെ വഴി ശരിയാണോ എന്നുറപ്പിക്കാൻ കഴിയണമെന്നില്ല. പക്ഷേ, താൻ ശരിയായ ദിശയിൽ എത്തിച്ചേരുമെന്ന പ്രതീക്ഷ അയാളുടെ/ അവരുടെ വഴിയിലെ ഇരുൾ നീക്കുമെന്ന് ഉറപ്പാണ്’’ എന്ന്​ എഴുതുന്നു.പലായനത്തിന്റെ സമകാല ചരിത്രത്തിലെ രക്തരൂഷിതമായ അധ്യായമാണ് മ്യാന്മറിൽനിന്ന് പുറത്താക്കപ്പെട്ട റോഹിങ്ക്യൻ മുസ്‍ലിംകളുടെ ജീവിതം. ബർമ എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യം 1989ൽ മ്യാന്മർ ആയി പുനർനാമകരണംചെയ്തു. രേഖപ്പെടുത്തിയ വിവരപ്രകാരം അവിടത്തെ...

മാധ്യമം ആഴ്​ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച, ഇ. സ​േന്താഷ്​ കുമാർ എഴുതിയ ‘തപോമയിയുടെ അച്ഛൻ’ എന്ന നോവൽ വായിക്കുകയാണ്​ നിരൂപകൻകൂടിയായ ലേഖകൻ. ‘‘അതിർത്തി കടക്കുന്ന അഭയാർഥിക്ക് തന്റെ വഴി ശരിയാണോ എന്നുറപ്പിക്കാൻ കഴിയണമെന്നില്ല. പക്ഷേ, താൻ ശരിയായ ദിശയിൽ എത്തിച്ചേരുമെന്ന പ്രതീക്ഷ അയാളുടെ/ അവരുടെ വഴിയിലെ ഇരുൾ നീക്കുമെന്ന് ഉറപ്പാണ്’’ എന്ന്​ എഴുതുന്നു.

പലായനത്തിന്റെ സമകാല ചരിത്രത്തിലെ രക്തരൂഷിതമായ അധ്യായമാണ് മ്യാന്മറിൽനിന്ന് പുറത്താക്കപ്പെട്ട റോഹിങ്ക്യൻ മുസ്‍ലിംകളുടെ ജീവിതം. ബർമ എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യം 1989ൽ മ്യാന്മർ ആയി പുനർനാമകരണംചെയ്തു. രേഖപ്പെടുത്തിയ വിവരപ്രകാരം അവിടത്തെ ആദ്യകാല നിവാസികൾ തിബത്തോ-ബർമൻ ഭാഷ സംസാരിക്കുന്ന ഒരു ജനവിഭാഗമായിരുന്നു. ലഭ്യമായ വസ്തുത അനുസരിച്ച് സി.ഇ നാലാം നൂറ്റാണ്ടു മുതൽ ബുദ്ധമതക്കാർ ബർമയിലുണ്ട്. തിബത്തിൽനിന്ന് ബർമയിലേക്കുള്ള പലായനവും മറ്റും ഇക്കാലയളവിൽ സംഭവിക്കുന്നുണ്ട്. 12ാം നൂറ്റാണ്ടോടെ പ്രതാപം ക്ഷയിച്ചുതുടങ്ങിയ പേഗൻ സാമ്രാജ്യത്തിനു കീഴിലായിരുന്നു ഐരാവതിയുടെ താഴ്വരയിലുള്ള ബർമ.

250 വർഷത്തെ ഭരണത്തിനുശേഷമായിരുന്നു പേഗൻ ഭരണകൂടത്തിന്റെ അധികാരത്തിനു മങ്ങലേറ്റത്. ഇതേ കാലത്താണ് റാഖൈൻ ജനത ബർമയിലെ അരാക്കനിൽ സ്ഥിരതാമസമാക്കിയത്. 3000 ബി.സി.ഇയിൽ പലായനംചെയ്‌തെത്തിയ ഇന്തോ-ആര്യൻ ഗോത്രത്തിൽപെട്ടവരുടെ പിൻതലമുറക്കാരാണ് റോഹിങ്ക്യൻ ജനത എന്ന തരത്തിൽ ഒരു വിശകലനമുണ്ട്. സി.ഇ 10ാം നൂറ്റാണ്ട് ആയപ്പോഴേക്കും ഇക്കൂട്ടർ മതപരിവർത്തനംചെയ്ത മുസ്‍ലിംകളായി. 1784 ലാണ് അരാക്കൻ ബർമയിലേക്ക് കൂട്ടിച്ചേർത്തത്. ബർമീസ് അധിനിവേശത്തിനു മുമ്പ്, റോഹിങ്ക്യകൾ എന്ന വംശീയവിഭാഗം അരാക്കനിൽ താമസിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. ബുദ്ധമതക്കാരുടെ നിയന്ത്രണത്തിലായിരുന്ന ‘ബർമ’യിൽ 12ാം നൂറ്റാണ്ടു മുതൽക്കേ റോഹിങ്ക്യൻ വംശത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

1826ലെ യുദ്ധത്തിൽ ബ്രിട്ടീഷുകാർ അരാക്കനെ കീഴ്‌പ്പെടുത്തി തങ്ങളുടെ അധീനതയിലാക്കി. 1886ഓടെ ബർമ പൂർണമായും ബ്രിട്ടീഷ് അധികാരത്തിനു കീഴിലായി. ഭരണപരമായി ബർമ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നു. 1937ൽ ബർമ ഒരു ബ്രിട്ടീഷ് കോളനിയായിത്തീരുകയുംചെയ്തു. ബ്രിട്ടീഷ് അധികാരികൾ പൊതുവെ ബുദ്ധമതക്കാരല്ലാത്തവരെയാണ് ഭരണപരമായ നിർവഹണത്തിന് നിയോഗിച്ചിരുന്നത് എന്നും കാണാം. രണ്ടാം ലോകയുദ്ധ കാലത്ത് ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയ റോഹിങ്ക്യൻ മുസ്‍ലിംകൾ സ്വന്തമായി ഒരു രാഷ്ട്രം രൂപവത്കരിക്കാമെന്നു കരുതിയിരുന്നു.

അന്ന് ജപ്പാനുമായി സഖ്യത്തിലേർപ്പെട്ടിരുന്ന പ്രാദേശിക റാഖൈൻ ബുദ്ധമതക്കാർക്ക് ബർമയുടെ സ്വാതന്ത്ര്യാനന്തരം, ഭരണത്തിൽ വലിയ സ്ഥാനമുണ്ടായി. അവർ റോഹിങ്ക്യകൾക്ക് പൗരത്വം നിഷേധിച്ചു. റാഖൈൻ ബുദ്ധമതക്കാരും റോഹിങ്ക്യൻ മുസ്‍ലിംകളും തമ്മിലുള്ള സ്പർധ ക്രമേണ വളർന്നു. മതപരമായ വേർതിരിവായിരുന്നു അവർ തമ്മിൽ കലഹം ഉടലെടുക്കാനുള്ള കാരണം. ബർമയിലെ ബുദ്ധമതക്കാരുടെ തീവ്രനിലപാടുകളും അസഹിഷ്ണുതാപരമായ നീക്കങ്ങളും ആഭ്യന്തര സംഘർഷത്തിന് വഴിയൊരുക്കി.

ബർമക്ക് സ്വാതന്ത്ര്യം ലഭിച്ച 1948 കാലത്ത് ഇന്ത്യയിൽനിന്ന് ബർമയിലേക്കുള്ള തൊഴിൽ ലക്ഷ്യമാക്കിയുള്ള കുടിയേറ്റം നടന്നിരുന്നു. നെൽകൃഷി, റബർ എന്നീ മേഖലകളിലെ ജോലിക്കാണ് ഇന്ത്യക്കാർ പ്രധാനമായും എത്തിയത്. സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ ബർമക്ക് നേതൃത്വം നൽകിയത് ഓങ് സാൻ ആയിരുന്നു. പിൽക്കാലത്ത് അദ്ദേഹത്തിന്റെ മകൾ ഓങ് സാൻ സൂചി ബർമയുടെ രാഷ്ട്രീയ ഭൂപടത്തിൽ ശ്രദ്ധേയയായി. 80കളുടെ അവസാനത്തോടെ ജനറൽ നെവിന്റെ ഏകാധിപത്യം അവസാനിപ്പിക്കാനുള്ള പ്രക്ഷോഭത്തിലൂടെയാണ് ഓങ് സാന്റെ മകളായ ഓങ് സാൻ സൂചി ലോകശ്രദ്ധ നേടുന്നത്.

രണ്ടാം ലോകയുദ്ധത്തിന് ബ്രിട്ടീഷുകാർക്കൊപ്പം നിന്ന റോഹിങ്ക്യൻ ജനതക്ക് ഏറക്കുറെ അവരുടേതായ സ്വതന്ത്രമായ ഇടം കൊടുക്കാമെന്ന വാക്ക് പാലിക്കപ്പെട്ടില്ല. സ്വാതന്ത്ര്യത്തിനുശേഷവും പൂർണമായ അർഥത്തിൽ വിമോചിതരാവാത്ത വർഗമായി റോഹിങ്ക്യൻ മുസ്‍ലിംകൾ മാറുകയാണുണ്ടായത്. മറ്റു ഗോത്രവംശങ്ങളുടേതിൽനിന്ന് ഭിന്നമായി പൗരത്വം സംബന്ധിച്ച അവകാശങ്ങളും അവർക്ക് ലഭ്യമായില്ല. 1962 മാർച്ച് രണ്ടിന്, ജനറൽ യു നെ വിൻ നേതൃത്വം നൽകിയ സൈന്യം ബർമയുടെ ഭരണപരമായ നിയന്ത്രണം ഏറ്റെടുത്തു. അങ്ങനെ ഏകാധിപതി യു നെ വിൻ പതിറ്റാണ്ടുകളായി ബർമയിൽ ഭീകരഭരണത്തിന് നേതൃത്വം നൽകി. എന്നാൽ, നെ വിൻ റോഹിങ്ക്യ മുസ്‍ലിംകൾക്ക് മറ്റു ഗോത്രവംശങ്ങൾക്ക് തുല്യമായ സ്ഥാനമുണ്ടെന്ന് പ്രഖ്യാപിക്കുകയുംചെയ്തിരുന്നു.

1962ൽ പട്ടാളം അധികാരം പിടിച്ചെടുത്തതോടെ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായി. ശുദ്ധതാവാദവും ബുദ്ധരാഷ്ട്രമെന്ന സങ്കൽപവും മറ്റും പതുക്കെ ഉരുത്തിരിഞ്ഞു. ക്രമേണ പൗരത്വം ബുദ്ധമതവുമായി ചേർത്തുപറയുന്ന വിഷയമായി പരിണമിച്ചു. അധികം വൈകാതെ, 1974ഓടെ റോഹിങ്ക്യൻ മുസ്‍ലിംകൾ ബർമയിലെ പൗരർ അല്ല എന്ന നിയമം പ്രാബല്യത്തിൽ വരുകയും ചെയ്തു. മാത്രമല്ല, അവർക്കുള്ള സ്വാതന്ത്ര്യത്തെ റദ്ദുചെയ്തുകൊണ്ട് അവരെ ‘വിദേശി’കളായി പരിഗണിക്കുന്ന വിധത്തിലുള്ള തിരിച്ചറിയൽ കാർഡുകൾ കൈവശംവെക്കണമെന്ന ചട്ടം പുറപ്പെടുവിച്ചു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനായി 1978ൽ ‘ഓപറേഷൻ ഡ്രാഗൺ കിങ്’ എന്ന പദ്ധതി രൂപംകൊണ്ടു. 1982ൽ പൗരത്വത്തിനായി പുതിയ നയങ്ങൾ നിലവിൽ കൊണ്ടുവന്നു. അതുപ്രകാരം ബർമീസ് പൗരത്വത്തിനായി എട്ട് ‘ദേശീയ വംശങ്ങളുടെ’ ഭാഗമായ 135 വംശീയ ഗ്രൂപ്പുകളിൽ ഒന്നിൽ ഉൾപ്പെട്ടിരിക്കണം എന്ന നിയമം സ്ഥാപിതമായി. റോഹിങ്ക്യകൾ ഇക്കൂട്ടത്തിലില്ല.

ബംഗാളിൽനിന്ന് അധിനിവേശം ചെയ്തവരായി റോഹിങ്ക്യകളെ കാണുന്ന പ്രവണത ശക്തമാവുകയും ഇരുണ്ട ചർമമുള്ള അവരെ വംശീയവും മതപരവുമായ നിന്ദിക്കാൻ തുടങ്ങുകയുംചെയ്തു. വംശീയ വിഭാഗങ്ങളോടുള്ള പുച്ഛവും വെറുപ്പും പ്രകടിപ്പിക്കുന്ന നിന്ദ്യമായ പദമായ ‘Kalar’ എന്ന വിളിപ്പേരിലാണ് റോഹിങ്ക്യകളെ സംബോധന ചെയ്യാറുള്ളത്. പൊതുസമൂഹത്തിലെ അപരരായി അവർ പരിണമിച്ചു. സാഹചര്യങ്ങളുടെ സമ്മർദംമൂലം മൂന്നു ഭാഷയിൽ അവർക്ക് സംസാരിക്കേണ്ടിവരുന്നുണ്ട്. വീട്ടിൽ റാഖൈൻ ഭാഷയും സ്‌കൂളിലും മറ്റും ബർമീസും മതപരമായ വിദ്യാലയങ്ങളിൽ റോഹിങ്ക്യൻ ഭാഷയും അവർ സംസാരിച്ചു.

റോഹിങ്ക്യൻ വംശത്തിനെതിരെയുള്ള ആക്രമണം വ്യാപകമായതോടെ അഭയാർഥികളായി അവർ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാൻ തുടങ്ങി. 1823നു മുമ്പ് അരാക്കനിൽ റോഹിങ്ക്യൻ വംശത്തിന്റെ സാന്നിധ്യമില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി അവർ ബർമയിലേക്ക് എത്തിപ്പെട്ട വിദേശികളാണെന്നു സ്ഥാപിക്കുന്നതായിരുന്നു ഔദ്യോഗിക ഭാഷ്യം. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ, തൊണ്ണൂറുകളുടെ തുടക്കത്തിൽ റോഹിങ്ക്യൻ ജനത വലിയരീതിയിൽ ബംഗ്ലാദേശിലേക്കും മലേഷ്യയിലേക്കും കുടിയേറി. 1991-92ൽ മാത്രം പലായനംചെയ്ത റോഹിങ്ക്യൻ മുസ്‍ലിംകൾ ഏതാണ്ട് രണ്ടര ലക്ഷത്തോളമാണ്.

2008 വരെ പട്ടാളഭരണം നീളുകയും വിവിധ കാരണങ്ങളാൽ രാജ്യത്ത് അന്തശ്​ഛിദ്രങ്ങൾ നടമാടുകയും ചെയ്‌തു. മ്യാന്മറിൽ, റോഹിങ്ക്യകളെ രാഷ്ട്രമില്ലാത്ത വർഗമായാണ് പരിഗണിക്കുന്നത്. പൗരത്വത്തിന്റെ ഔദ്യോഗികമായ തെളിവുകൾ ഇല്ലാത്തതിനാൽ അവകാശങ്ങൾ ഉന്നയിക്കാനുള്ള അവസരങ്ങളും അവർക്ക് നിഷേധിച്ചു. 2017ൽ റാഖൈൻ സ്റ്റേറ്റിൽനിന്ന് 7,30,000 റോഹിങ്ക്യൻ മുസ്‍ലിംകളെ മ്യാന്മർ പുറത്താക്കി. ഈ സംഭവം ലോകശ്രദ്ധ പിടിച്ചുപറ്റുകയും പുറത്താക്കപ്പെട്ടവർ അയൽരാജ്യമായ ബംഗ്ലാദേശിൽ അഭയം പ്രാപിക്കുകയും ചെയ്തു.

 

വംശീയവും മതപരവുമായ അന്തരങ്ങളെ മുൻനിർത്തി ഉരുണ്ടുകൂടുന്ന പ്രശ്നങ്ങളെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടതെന്ന് ചർച്ച ചെയ്യാതെ കൂട്ടത്തോടെ മനുഷ്യരെ ഇല്ലായ്മചെയ്യാനാണ് ഭരണകൂടം ശ്രമിച്ചത്. ജിപ്സികളെപ്പോലെ നിരന്തരം സഞ്ചരിക്കുന്നവരെന്നും താൽക്കാലിക കുടിയേറ്റക്കാരെന്നും ഒക്കെയുള്ള മട്ടിലാണ് റോഹിങ്ക്യകളെ ഭരണകൂടം നോക്കിക്കണ്ടത്. ബുദ്ധമതക്കാർ പ്രകടമാക്കിയ വംശീയവിചാരം റോഹിങ്ക്യകൾക്ക് പ്രതികൂലമായിത്തീർന്നു. മടങ്ങിവരാനുള്ള സാധ്യത വരെ കൊട്ടിയടച്ചുള്ള പുറത്താക്കലാണ് അധികാരസംഘം ആസൂത്രണം ചെയ്തത്. ബംഗ്ലാദേശിലേക്കുള്ള പലായനമല്ലാതെ മറ്റൊരു വഴിയും 2017ൽ അവർക്ക് മുന്നിലില്ലായിരുന്നു. ഇതാണ് റോഹിങ്ക്യകളെ പറ്റിയുള്ള സംക്ഷിപ്തമായ വിവരണമെന്ന് പറയാം.

ചരിത്രത്തിന്റെ കണക്കെടുപ്പിൽ പുറത്താകുന്ന പ്രസ്തുത വർഗത്തിന്റെ അനുഭവങ്ങൾ മാനുഷികനോട്ടം പകരുന്ന ആഖ്യാനങ്ങളാണ്. നമ്മുടെ ചരിത്രത്തെ ജീവസ്സുറ്റതാക്കാൻ ഓർമ മാത്രം മതി എന്നുപദേശിക്കുന്ന മുത്തശ്ശിയെ കുറിച്ച് ‘First, They Erased Our Name’ എന്ന ഓർമക്കുറിപ്പിൽ റോഹിങ്ക്യൻ അഭയാർഥി ഹബീബുറഹ്മാൻ പരാമർശിക്കുന്നു. ‘‘ഞങ്ങളുടെ സമ്പത്തെല്ലാം കൊള്ളയടിക്കപ്പെട്ടു. ഇവിടെനിന്ന് ഏതാനും മൈലുകൾ അകലെയുള്ള ഞങ്ങളുടെ ഗ്രാമം അവർ ആക്രമിക്കുമ്പോൾ ഞാൻ ചെറുപ്പമായിരുന്നു. അവർ ഞങ്ങളുടെ വീടുകൾ തകർക്കുകയും അയൽക്കാരെ ഉപദ്രവിക്കുകയുംചെയ്തു. അവർ ഗ്രാമം മുഴുവൻ കീഴടക്കി. അവർക്കു മാത്രം ചെയ്യാൻ സാധിക്കുന്ന കടുത്ത പീഡനങ്ങളാണ് സ്ത്രീകൾ അനുഭവിച്ചത്.

 

വയലുകളെയും ആടുകളെയും കാളകളെയും കോഴികളെയും ഉപേക്ഷിച്ച ഞങ്ങൾ ദിവസങ്ങളോളം അതിർത്തിയിലെ വനത്തിലൂടെ അലഞ്ഞുതിരിഞ്ഞു. 1942ലായിരുന്നു ഇത്.’’ മുത്തശ്ശിയുടെ വാക്കുകൾ ഹബീബുറഹ്മാൻ എടുത്തെഴുതുന്നുണ്ട്. മറ്റൊരു മാർഗവുമില്ലാതെ ബംഗ്ലാദേശിലേക്ക് പലായനംചെയ്ത കുടുംബം ഒരു വർഷത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും സ്ഥലവും മൃഗങ്ങളുമൊക്കെ നഷ്ടമായിരുന്നു. ഇപ്പറഞ്ഞത് ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നുമില്ല. റോഹിങ്ക്യകളുടെ കറുത്ത ചർമത്തെയും കട്ടിയുള്ള തലമുടിയെയും ഇരുണ്ട പുരികത്തെയും ബർമയിലെ ഭരണകൂടം കുറ്റകരമായി കണ്ടു. അത് വർഗീയവും വംശീയവുമായ വേർതിരിവുകൾക്ക് വഴി തെളിയിക്കുകയുംചെയ്തു.

സ്വന്തം നാട്ടിൽ വിദേശിയായി ജീവിക്കേണ്ടി വരുന്നതിന്റെ എല്ലാ പ്രയാസങ്ങളും അവർ നേരിട്ടു. മനുഷ്യവ്യവഹാരങ്ങളുടെ കണക്കെടുപ്പും അസ്തിത്വവും അപരത്വവും അതിർത്തികളിലെ കാത്തിരിപ്പും അടയാളപ്പെടുത്തേണ്ട അനുഭവങ്ങളായിത്തീരുന്നു എന്ന തിരിച്ചറിവിൽ അഭയാർഥിസമൂഹം എത്തിച്ചേരുകയാണ്. സ്വരാജ്യത്തുനിന്ന്, വ്യക്തമായി നീതീകരിക്കാനാവാത്ത കാര്യകാരണങ്ങളില്ലാതെ സ്വത്വനിരാസം സംഭവിച്ച് പുറത്തുപോകേണ്ടിവരുന്ന ജനതയുടെ നിരാശയും വിങ്ങലുകളും പങ്കുവെക്കപ്പെടാനുള്ള ഇടമായി ഇത്തരം ഓർമക്കുറിപ്പുകൾ ആവിർഭവിക്കുന്നു.

പൗരത്വം റദ്ദു ചെയ്യപ്പെട്ട റോഹിങ്ക്യൻ ജനതക്ക് 2010ൽ വോട്ടവകാശം ഉണ്ടായിരുന്നു എന്നോർക്കണം. എന്നാൽ, നിക്ഷിപ്ത താൽപര്യം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ ചെയ്തിയായി മാത്ര​േമ അതിനെ കാണാൻ കഴിയൂ. ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന കലഹങ്ങൾക്കും കലാപങ്ങൾക്കും രാഷ്ട്രീയ നിറവും ലക്ഷ്യവും വന്നതോടെ ബർമൻ വംശജരും റാഖൈൻ ദേശീയവാദം ഉയർത്തുന്നവരും സംഘടിതമായി റോഹിങ്ക്യൻ ജനതയെ ആക്രമിക്കാൻ ആരംഭിച്ചു.

2013ൽ മൈതില്ല എന്ന പട്ടണത്തിൽ നടന്ന സംഭവം വലിയ ഒരു ലഹളയായി മാറിയിരുന്നു. ബുദ്ധമതത്തിൽപെട്ട ഒരു സ്ത്രീ ഒരു മുസ്‍ലിം മതസ്ഥൻ നടത്തുന്ന കച്ചവടയിടത്തിൽനിന്ന് സ്വർണത്തിന്റെ മുടിക്ലിപ്പ് വാങ്ങുന്നതിനിടയിൽ നടന്ന തർക്കം അപകടകരമായ നിലയിലേക്ക് പരിണമിക്കുകയായിരുന്നു. മേൽപറഞ്ഞ അനുഭവങ്ങൾ റോഹിങ്ക്യൻ വിഭാഗത്തിലെ ഓരോരുത്തർക്കും ഉണ്ടാവുമെന്നതിൽ സംശയമില്ല. മനുഷ്യകുലത്തിന്റെ സ്നേഹപാരസ്പര്യങ്ങളിൽ വിണ്ടുകീറൽ സംഭവിക്കുന്നതിന്റെ ജീവിച്ചിരിക്കുന്ന തെളിവുകളാണ് ഈ മനുഷ്യർ.

ബുദ്ധമതാനുയായികൾ ഹിംസാത്മകമായ ഭാവത്തിൽ പെരുമാറുന്നതിന്റെ ചിത്രങ്ങളാണ് റോഹിങ്ക്യൻ പലായനത്തിന് പശ്ചാത്തലമേകുന്നത് എന്നത് മറക്കാനാവില്ല. ഈ സാഹചര്യത്തിലാണ് ഇ. സന്തോഷ് കുമാറിന്റെ നോവലായ ‘തപോമയിയുടെ അച്ഛൻ’ നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്നത്. നാഗരിക സംസ്കൃതിയും നഷ്ടപ്രണയവും ഗൂഢലിപികളും മറ്റും വിഷയങ്ങളായി വരുന്ന നോവലിന്റെ സമഗ്ര പഠനമായി ഈ ലേഖനത്തെ കാണാനാവില്ല. മറിച്ച് പലായനം എന്ന പ്രമേയം എത്രകണ്ട് ആഴത്തിൽ ആഖ്യാനത്തിൽ രൂപപ്പെടുന്നു എന്ന അന്വേഷണമാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ബുദ്ധനെപ്പോലെ ശാന്തനായ ഗോപാൽ ബറുവ എന്ന കഥാപാത്രത്തിലൂടെ റോഹിങ്ക്യൻ അഭയാർഥികളുടെ ചരിത്രത്തിലേക്ക് നാം കടക്കുന്നു. വെള്ളത്തുള്ളികൾ അയാളുടെ അയഞ്ഞ കുപ്പായത്തിൽ നനവുള്ള ഭൂഖണ്ഡങ്ങൾ സൃഷ്ടിച്ചു എന്ന് നോവലിൽ വിശേഷിപ്പിക്കുന്നുണ്ട്. ഉണങ്ങാൻ സാധിക്കാതെ മനസ്സിൽ അവശേഷിക്കുന്ന ആകുലതകളുടെ ബാഹ്യരൂപമാവാം അത്. നന്നായി വഴുക്കുന്ന പ്രതലത്തിലൂടെയുള്ള യാത്രയാണ് ജീവിതം എന്നും ജീവൻകൊണ്ടും ജീവിതംകൊണ്ടും മരണത്തെ അതിജീവിക്കാനുള്ള യത്നങ്ങളാണ് പലവിധത്തിലും തരത്തിലും ഭൂമി എന്ന വിതാനത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നും ഇതേ എഴുത്തുകാരൻ എഴുതിയിട്ടുണ്ട്.

അഭയാർഥികൾക്കിടയിൽ പ്രവർത്തിക്കുന്ന ‘ഷെൽട്ടർ’ എന്ന സംഘടനയുടെ നടത്തിപ്പുകാരനായ തപോമയി ചില ഔദ്യോഗിക സഹായങ്ങൾക്കായി ആഖ്യാതാവിനെ സമീപിക്കുന്നതോടെയാണ് അവർ തമ്മിൽ അടുക്കുന്നത്. തപോമയി നേതൃത്വം നൽകുന്ന അഭയാർഥികളുടെ സംഘടനയിൽപെട്ട ജഹാൻ സാബിർ എന്ന ചെറുപ്പക്കാരനെ ആഖ്യാതാവ് പരിചയപ്പെടുന്നു. മനുഷ്യരുടെ അഹന്ത കുറഞ്ഞുകിട്ടാനായി ഒരിക്കലെങ്കിലും അഭയാർഥി ക്യാമ്പുകൾ സന്ദർശിക്കണമെന്ന യുക്തിയുടെ മേൽ താമസിയാതെ അയാൾ ക്യാമ്പ് സന്ദർശിക്കുകയും ചെയ്യുന്നുണ്ട്. അഭയാർഥിച്ചാപ്പ പതിച്ചുകിട്ടുന്നതിനായി ക്യാമ്പിൽ താമസിക്കുന്ന അന്തേവാസികളുടെ സാഹചര്യങ്ങൾ ശുഭകരമായിരുന്നില്ല.

‘‘തകർന്നു കിടക്കുന്ന വേലികൾ കടന്ന് തരിശിട്ടതെങ്കിലും തങ്ങളുടേതല്ലാത്ത പുൽമേടുകളിൽ ഭീതിയോടെ മേയുന്ന നാൽക്കാലികളെപ്പോലെയാണ് അഭയാർഥികളുടെ പെരുമാറ്റം’’ എന്ന നോവലിലെ പരാമർശം ശ്രദ്ധേയമാണ്. നരകതുല്യമായ ജീവിതം തള്ളിനീക്കേണ്ടി വരുന്ന ഹതാശയരായ ഒരുപറ്റം മനുഷ്യരുടെ അധിവാസസ്ഥലമായി ആ ക്യാമ്പിനെ ആഖ്യാതാവ് നോക്കിക്കണ്ടു. ഭാവിയുടെ പച്ചയിടങ്ങളിൽ ചുവടുകൾ ഉറപ്പിച്ചുവെക്കാനാകും എന്ന ശുഭപ്രതീക്ഷയിൽ ജീവിക്കുന്ന ‘സ്വത്വ’മില്ലാത്ത മനുഷ്യരാണ് അയാൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

 

അഭയാർഥി എന്ന വാക്കിന്റെ നിർവചനവും അർഥതലങ്ങളും അവരുടെ ക്യാമ്പിലെ ജീവിതവുമായുള്ള താരതമ്യം എളുപ്പമല്ല. സാമ്പത്തികവും പാരിസ്ഥിതികവുമായ കാര്യങ്ങളിൽ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പരിഗണനകൾ ചാർത്തുമ്പോഴും സാമ്പത്തിക-സാമൂഹിക ചുറ്റുപാടുകളിൽ അവർ ദുർബലരാണ്. ജാതി/ മതം/ ലിംഗഭേദം എന്നതിലുപരി അഭയാർഥി എന്ന വർഗം സാമൂഹികമായി പാപ്പരാണെന്ന ബോധ്യമാണ് അവർക്കെതിരെയുള്ള അതിക്രമങ്ങൾ കുറയാതിരിക്കാനുള്ള കാരണം.

ഡൽഹിയിലെ ഏറ്റവും വലിയ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പാണ് കാളിന്ദി കുഞ്ച്, എന്നാൽ ഇത് പ്രവർത്തിക്കുന്നത് ഇന്ത്യൻ സർക്കാറിന്റെ പിന്തുണയോടെയല്ല. അതിനോട് സാമ്യമുള്ള ഒരു ക്യാമ്പിലെ സ്ഥിതിഗതികളാണ് നോവലിൽ വിവരിക്കുന്നത്. ‘‘ഉരസാതെ കടന്നുപോകാനാവാത്തത്രയും ഇടുങ്ങിയ മനസ്സുകളിലേക്ക് പാതകൾ മെലിഞ്ഞു’’ എന്ന വാക്യത്തിലൂടെ എഴുത്തുകാരൻ പരിസരഭാവത്തെ ആവാഹിക്കുന്നുണ്ട്.

എങ്ങനെയാണ് ഒരു അഭയാർഥി രൂപപ്പെടുന്നതും പിന്നീട് ലോകത്തെ അഭിമുഖീകരിക്കുന്നതും എന്നതിനെ കുറിച്ചുള്ള ആകുലതകൾ നമ്മിൽ ഉണർത്തുന്ന ആഖ്യാനമാണിത്. നാൽപതോളം ഷെഡുകളുടെ ഒരു നിരയായിരുന്ന ‘ദാറുൽ ഹിജ്‌റാത്ത്’ എന്ന ക്യാമ്പാണ് നോവലിൽ പ്രത്യക്ഷപ്പെടുന്നത്. വീടും ജോലിയും ഭാഷയും കൈമോശം വരുന്ന അവരുടെ മാനസികാവസ്ഥ വിചിത്രമായ വഴികളിലൂടെ നീങ്ങുന്നത് സ്വാഭാവികമായി കരുതണം. മറ്റൊരു രാജ്യത്ത് പുതിയൊരു ജീവിതം ആരംഭിക്കുന്നതിനു മുന്നോടിയായി പഴയ കാലവും ജീവിതവും വിസ്മരിക്കേണ്ടി വരും.

ഇതൊട്ടും ലളിതമല്ല. അതിനാൽ അബോധപൂർവം രാജ്യഭ്രഷ്ടരായി ജീവിക്കുകയായിരുന്നുവെന്നു ഇത്രയും കാലം എന്ന ആലോചന അവരിൽ ജനിപ്പിക്കുകയും പുതിയ രാജ്യത്ത് സ്വാസ്ഥ്യത്തോടെ ജീവിക്കാമെന്ന പ്രതീക്ഷ അവരിൽ ഉണർത്തുകയും ചെയ്യുകയാണ്. ഒന്നിലധികം ഇതര ഭാഷകളിലും അവർക്ക് പ്രാവീണ്യം നേടാനാവും. ക്യാമ്പുകൾ ഏതുതരത്തിലുള്ള അധിവാസ കേന്ദ്രങ്ങളാണെന്നതിൽ കൃത്യമായ നിർവചനം സാധ്യമല്ല. ഫാഷിസത്തിന്റെയും ലോകയുദ്ധങ്ങളുടെയും പശ്ചാത്തലത്തിൽ അധികാരത്തിന്റെ വിവിധ മുദ്രകൾ പേറുന്ന ഇടമായി ക്യാമ്പുകൾ നിലകൊള്ളുന്നു. ദേശമെന്നും രാഷ്ട്രമെന്നുമുള്ള സംവർഗങ്ങളെ രൂപപ്പെടുത്തിയ ഇഴകൾക്ക് ഉലച്ചിൽ തട്ടുകയും ജൈവരാഷ്ട്രീയവും അധികാരവും നിലനിർത്താനുള്ള ഘടകമായി അഭയാർഥി ക്യാമ്പുകൾ വർത്തിക്കുകയും ചെയ്യുന്നുണ്ട്.

പൗരവർഗത്തിന്റെ അവകാശങ്ങളും മനുഷ്യവംശത്തിന്റെ അവകാശങ്ങളും തമ്മിലുള്ള അന്തരം വേർതിരിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ നോവലിൽ വിവരിക്കുന്ന അഭയാർഥികളുടെ യഥാർഥ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശാൻ സാധിക്കൂ. പൗരർക്കു ലഭിക്കുന്ന അവകാശങ്ങളും അവർ ചെയ്യേണ്ട കർത്തവ്യങ്ങളും ക്യാമ്പിലെ ജീവിതത്തിൽ പ്രസക്തമല്ല. ജോർജിയോ അഗംബന്റെ പരമാധികാര സങ്കൽപം ഈ തലത്തിൽ ചേർത്ത് വായിക്കാവുന്ന ശ്രദ്ധേയമായ വ്യവസ്ഥയാകുന്നുണ്ട്. സ്റ്റേറ്റിന്റെ അധീനതയിൽ നിയമം അനുശാസിച്ച് ജീവിക്കുന്ന പൗരരുടെ വിഭാഗത്തിലേക്ക് എത്തിച്ചേരാൻ മനുഷ്യർ നടത്തേണ്ടുന്ന പ്രയത്നങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നു.

വിദ്യാഭ്യാസം, തൊഴിൽ, സമ്പാദ്യം തുടങ്ങിയ അടിസ്ഥാനപരമായ ഘടകങ്ങൾ വരെ അഭയാർഥികൾക്ക് മുന്നിൽ ഗൗരവകരമായ വിഷയമല്ലാതാവുകയും ജീവിക്കാനായി സ്വസ്ഥതയുള്ള ഒരിടം എന്ന ലക്ഷ്യവും സ്വപ്നവും മാത്രം അവശേഷിക്കുകയും ചെയ്യുന്നു. നിയമത്തിന്റെ പരിരക്ഷ അന്യമായ അഭയാർഥിക്ക് പുനരധിവാസ അഭയകേന്ദ്രം തടങ്കൽ ക്യാമ്പായി അനുഭവപ്പെടും എന്നിടത്താണ് അധികാരവും അഭയവും ഇടയിലുള്ള രേഖ ബലിഷ്ഠമാകുന്നത്. സ്വദേശം വിട്ടവരെ സംബന്ധിച്ചിടത്തോളം എത്തിപ്പെട്ട രാഷ്ട്രത്തിന്റെ ഭരണകൂടം ഒരു പരമാധികാരസഭയാണ്. അവരുടെ സുരക്ഷയും ഭാവിയും ആശ്രയിച്ചിരുന്നത് സ്റ്റേറ്റിന്റെ അഭയാർഥികളോടുള്ള നയം മാത്രമല്ല; മറിച്ച് റോഹിങ്ക്യൻ വംശത്തോട് പ്രസ്തുത ഭരണകൂടത്തിന്റെ മനോഭാവം എന്തെന്നതും സുപ്രധാനമാണ്.

ഭയം, സമ്മർദം, ആധി എന്നിവയാൽ സംഘർഷഭരിതരാവുന്ന മനുഷ്യരുടെ പ്രതിനിധിയായിരുന്നു ജഹാൻ എന്ന കഥാപാത്രം. അഭയാർഥികളുടെ കൂട്ടത്തിൽ അയാൾക്ക് മാത്രമേ എഴുത്തും വായനയും വശമുണ്ടായിരുന്നുള്ളൂ. വിചിത്രവും സങ്കീർണവുമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഒരുപറ്റം സാധാരണക്കാരായിരുന്നു അക്കൂട്ടർ. സ്വന്തം നാട്ടിൽ നടമാടിയ ആഭ്യന്തര യുദ്ധത്തിൽ ജഹാനെ നിർബന്ധിതമായി സൈന്യത്തിൽ ചേർത്ത് അടിമപ്പണി ചെയ്യിക്കുകയിരുന്നു. അയാളുടെ മുത്തച്ഛന്റെ വെളിച്ചം കെടുത്തിയ പട്ടാളക്കാരുടെ ചെയ്തികൾ അതിക്രൂരമായിരുന്നു.

പുറത്തും അകത്തും ഇരുട്ടുമായി കഴിയേണ്ടി വന്ന ആ വൃദ്ധനാണ് ജഹാനിനോട് നാടുപേക്ഷിക്കാൻ ചട്ടംകെട്ടിയത്. അങ്ങനെ മറ്റു പല റോഹിങ്ക്യക്കാരെയുംപോലെ അയാൾ ഇന്ത്യയിലെത്തി. ലക്ഷക്കണക്കിന് റോഹിങ്ക്യൻ അഭയാർഥികൾ ഇപ്പോൾ അഭയം പ്രാപിച്ചിരിക്കുന്ന ബംഗ്ലാദേശിലെ കോക്സ് ക്യാമ്പിൽനിന്നാണ് ജഹാൻ ഇവിടേക്കെത്തിയത്. രാഷ്ട്രങ്ങളുടെ അതിർത്തി കടക്കാനായി അനിവാര്യമായ രേഖകളെ കുറിച്ച് സ്വരക്ഷക്കായി രാജ്യം വിടുന്നവർക്ക് കൃത്യമായ ധാരണയുണ്ടാവണമെന്നില്ല. ഇന്ത്യയിലേക്ക് പോകാൻ തീരുമാനിക്കുമ്പോൾ പാസ്പോർട്ട് എന്താണെന്നുപോലും ജഹാന് അറിയില്ലായിരുന്നു എന്നതാണ് വാസ്തവം.

 

അന്ധകാരം വീണ സ്വദേശത്തുനിന്ന് വെളിച്ചം തേടി മറുനാട്ടിലെത്തിയ അയാൾക്ക് അതിരുകളും മൂലകളും വേലിക്കെട്ടുകളും നിറഞ്ഞ, നിയന്ത്രണങ്ങളുള്ള പരിധികൾക്കുള്ളിൽ വീർപ്പുമുട്ടി ജീവിക്കാനേ കഴിയുന്നുള്ളൂ. സ്റ്റേറ്റിന്റെ അധികാരം നിർമിക്കുന്ന വ്യവസ്ഥിതികൾ മറികടന്നുകൊണ്ടുള്ള ലോകവും സമാധാനവും പ്രാപ്തമാവുമോ എന്ന അന്തേവാസികളുടെ ആലോചനക്ക് ബലം കൊടുക്കുന്നത് തപോമയിയെപ്പോലുള്ള സാമൂഹിക പ്രവർത്തകരാണ്. തീരാനുള്ളതല്ല പലായനപർവവും അഭയാർഥി ജീവിതവും എന്നോർമിപ്പിക്കുന്ന വിധമാണ് ക്യാമ്പിലെ മനുഷ്യരുടെ പരിസരചിത്രം ആഖ്യാതാവിന് അനുഭവപ്പെട്ടത്. ‘‘ഞാൻ ആരുമല്ലായിരുന്നു. ശൂന്യമായിരുന്നു എന്റെ ജീവിതം. അതിനു പടങ്ങളോ അക്ഷരങ്ങളോ ഒന്നും ആവശ്യമുണ്ടായിരുന്നില്ല’’ എന്ന ജഹാന്റെ വാക്കുകൾ ഏതൊരു അഭയാർഥിയും മനസ്സിൽ സൂക്ഷിക്കുന്നവയാണ്.

ദേശത്തിന്റെയും ദേശീയതയുടെയും ചിഹ്നങ്ങൾ പൂർണമായി വിച്ഛേദിക്കപ്പെട്ട അവസ്ഥയിൽ ഇന്ത്യയിൽ എത്തുന്ന റോഹിങ്ക്യൻ അഭയാർഥികളുടെ ചിന്താഭാരം വിവരിക്കാനാവില്ല. ദേശീയവും സാംസ്കാരികവുമായ സ്വത്വം നഷ്ടപ്പെടുന്നതോടെയും പൗരാവകാശങ്ങൾ റദ്ദാവുന്നതിലൂടെയും അവരും നമ്മളും ആയുള്ള വേർതിരിവുകൾ ഉടലെടുക്കുകയാണ്. മനുഷ്യത്വത്തെ തന്നെ ചോദ്യംചെയ്യുന്ന തരത്തിൽ ലോകം അതിവേഗം മാറുമ്പോൾ അഭയാർഥി ക്യാമ്പിനെ തദ്ദേശീയർ ആക്രമിക്കുന്നതിൽ അതിരുകവിഞ്ഞ അമ്പരപ്പ് ആവശ്യമില്ല. ജഹാനും പർവീണും മറ്റും ജീവിച്ചിരുന്ന ക്യാമ്പിലെ അഗ്നിബാധ അബദ്ധത്തിൽ സംഭവിച്ചതായിരുന്നില്ല. ഒരു സാഹചര്യത്തിൽ ‘ഞങ്ങൾ’ക്കും ‘അവർ’ക്കും ഇടയിലെ ദൂരം ക്രമാതീതമാവുകയും അഭയാർഥികളുടെ അഭയകേന്ദ്രം നശിപ്പിക്കപ്പെടുകയുമാണ്.

അഭയാർഥി എന്ന് സ്ഥാപിക്കുന്ന അവരുടെ കൈയിലെ ഒരേ ഒരു രേഖ വരെ തീമഴയിൽ ചാമ്പലാവുകയായിരുന്നു. ‘‘വേരുകൾക്ക് പിടിത്തമില്ലാത്ത ജലസസ്യങ്ങൾപോലെയാണ് അഭയാർഥികൾ’’ എന്ന ഗോപാലിന്റെ അഭിപ്രായം മണ്ണിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കാത്ത വർഗത്തെ കൃത്യതയോടെ നിർവചിക്കുന്നു. അഭയാർഥികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ പട്ടിക നീളമേറിയതാണ്. അഭയാർഥിയായ സ്ത്രീക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ പറഞ്ഞറിയിക്കാൻ പ്രയാസമാണ്. പർവീണയും അങ്ങനെയൊരു ദുരന്തത്തിലൂടെ കടന്നുപോയിരുന്നു. ഇത്തരം പീഡനങ്ങളെ നേരിടുന്നവർക്ക് ആശ്രയമേകാനായി ഐക്യരാഷ്ട്രസഭ ചെയ്യുന്ന സൗകര്യങ്ങൾ പോരാതെ വരുന്നു.

രണ്ടുതവണ നാടുവിടലിന്റെ കയ്പുനീർ കുടിക്കേണ്ടിവന്ന തപോമയിയുടെ അച്ഛനായ ഗോപാൽ ബറുവ താൻ കടന്നുവന്ന പാതയോരങ്ങളിലെ വെയിൽപ്പൊട്ടുകളെയും മഴത്തുള്ളികളെയും മഞ്ഞിൻകണങ്ങളെയും നിഗൂഢമായി സൂക്ഷിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിലൂടെയുള്ള യാത്രയും സംഘർഷങ്ങളും ചേർത്തുവെച്ചുകൊണ്ട് ഗോപാൽ ബറുവ ഓർമയെ പലായനവുമായി ചേർത്തുവെക്കുന്നു. ലിപികളെയും അഭയാർഥികളെയും അയാൾ വേർതിരിച്ചു കാണുന്നില്ല എന്നും ശ്രദ്ധിക്കണം. ഒരു നീണ്ട ചരിത്രമുള്ള രാഷ്ട്രത്തിന്റെ ഓർമകളെ മനുഷ്യർ ഗൂഢമായി നിലനിർത്തുന്നതു പോലെയാണ് ഗോപാലും കേണൽ സന്താനവും രഹസ്യലിപിയും ഭാഷയും ഉപാസിക്കുന്നത്.

ഗോപാൽ ബറുവയുടെ ജീവിതത്തിലൂടെ ചരിത്രത്തെ മറ്റൊരു വിധത്തിലുള്ള ഉൾക്കാഴ്ചയോടെ വിഭാവനം ചെയ്യാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. ഒറ്റക്കാവുന്ന, ഒറ്റപ്പെടുന്ന, വ്യവസ്ഥാപിതമായ സംഘങ്ങളുടെ ഭാഗമല്ലാത്ത മനുഷ്യരുടെ ആത്മകഥകളാണ്‌ ചരിത്രത്തിന്റെ ഈടുവെപ്പ് എന്ന ആശയത്തെ എഴുത്തുകാരൻ കൂട്ടുപിടിക്കുന്നു. ഭൂതകാലത്തിന്റെ ശ്രദ്ധാപൂർവമായ പഠനത്തിലൂടെ നഷ്ടപ്പെട്ട നാളുകൾ തിരിച്ചുപിടിക്കുകയും പുനർനിർമിക്കുകയും ചെയ്യാമെന്ന വാൾട്ടർ ബെന്യാമിന്റെ വാദം ഈ ഘട്ടത്തിൽ ഓർമയിൽ വരുന്നുണ്ട്. മനുഷ്യരുടെ ഭാവി അവരുടെ ഭൂതകാലവുമായി ഏതെല്ലാം തരത്തിൽ പിണഞ്ഞുകിടക്കുന്നുവെന്ന അപഗ്രഥനത്തിനും പ്രസക്തിയുണ്ട്.

അത്തരത്തിൽ ഭൂതകാലത്തെ തന്റേതായ വിശകലനത്തിന് വിധേയമാക്കാനുള്ള ഉപാധിയായി നോവലിൽ രഹസ്യലിപി പ്രവർത്തിക്കുന്നു. ചരിത്രത്തെ അനന്തമായ ഒരു പുസ്തകമായി കാണുകയും അതിലെ ഓരോ താളും ഓരോ മനുഷ്യന്റെ ആത്മകഥയായി അവരോധിക്കപ്പെടുകയും ചെയ്യുന്നതോടെ ലോകമെന്നത് മനുഷ്യരുടെ ആഖ്യാനങ്ങളായി തീരുന്നു. അങ്ങനെ ഗോപാൽ ബറുവയും ജഹാനും തപോമയിയും ആ ചരിത്രത്തിന്റെ അനിവാര്യമായ ഭാഗമാവുകയാണ്. അപ്രാപ്യമായ ലിപിയിൽ എഴുതുന്നതിലൂടെ അഭിശപ്തമായ ചരിത്രത്തെ മറ്റുള്ളവർ മനസ്സിലാക്കേണ്ട എന്ന നിർബന്ധം ബറുവക്കുണ്ടായിട്ടുണ്ടാവണം. വിഭജനവും യുദ്ധവും പലായനവും അവശേഷിപ്പിക്കുന്നത് കെട്ടുറപ്പുള്ള സംവിധാനത്തിന്റെ, ഭരണകൂടത്തിന്റെ, മതേതരമായ സ്റ്റേറ്റിന്റെ അസ്തിവാരശിലകളിലുള്ള വിള്ളലാണ്.

പ്രണയിനിയുടെ കരം വിടുവിച്ചുകൊണ്ട് നടന്നുനീങ്ങുന്ന കാമുകന്റെ അവസ്ഥയായിരിക്കണം രാജ്യം വിട്ടുപോകുന്ന അഭയാർഥിയുടേത്. അതിരു താണ്ടുന്നതിനു മുന്നേ, നദി മുറിച്ചുകടക്കുന്നതിനു മുന്നേ അയാൾ കാണുന്ന ആർദ്രമായ കാഴ്ച, തന്റെ ശ്വാസഗന്ധം ആവാഹിച്ചിരുന്ന മണ്ണിന്റെ ഉരുക്കത്തെയാവും. അകലം കൂടുന്തോറും മനസ്സിൽ ഉറപ്പിക്കപ്പെടുന്ന ദൃശ്യത്തിന്റെ തെളിച്ചം വർധിക്കുന്നതും അയാൾക്ക് വൈകാതെ ബോധ്യമാവും. ഗോപാൽ എഴുതിയ ചരിത്രവും ജഹാന് എഴുതാൻ സാധിക്കാതെ പോയ രംഗങ്ങളും കണ്ണാടിയിലെ പ്രതിച്ഛായ എന്നവണ്ണം നിലകൊള്ളുന്നു. ചുവടുറപ്പിക്കാൻ ഭൂമിയിൽ ഒരിഞ്ചുപോലും മണ്ണില്ലാതെ വരുമ്പോൾ നിലയില്ലാക്കയത്തിലേക്കാണ് അയാൾ ഒറ്റക്ക് നീന്തുന്നത്. കാൽക്കീഴിൽനിന്ന് മണ്ണൊലിച്ചുപോയ വൃക്ഷങ്ങളെപ്പോലെ ഗോപാൽ അടക്കമുള്ള മനുഷ്യരും കൈത്താങ്ങില്ലാതെയാവുകയായിരുന്നു.

നിത്യവൃത്തിക്കായി തോണിക്കാരന്റെയും കാവൽക്കാരന്റെയും ജോലി അയാൾക്ക് ചെയ്യേണ്ടിവരുന്നു. കിഴക്കൻ ബംഗാളിലെ ചതുപ്പ് നിറഞ്ഞ ഒരു ദ്വീപിൽ ജീവിച്ച ഗോപാലിന്‌ ആയിടെ ഉണ്ടായ പ്രളയംമൂലം കൽക്കത്തയിലേക്ക് പലായനംചെയ്യേണ്ടിവന്നു. പ്രളയക്കെടുതികളെ അതിജീവിക്കാൻ കഴിയാതെ, കാലാവസ്ഥയുടെ ആസുരതയെ പ്രതിരോധിക്കാൻ ഒരു വഴിയും മുന്നിലില്ലാതെ ചവിട്ടി ശീലിച്ച മണ്ണും കണ്ടു പരിചയിച്ച വിണ്ണും അയാൾക്ക് മറക്കാതെ നിർവാഹമില്ലാതായി. The Great Derangement എന്ന പുസ്തകത്തിൽ അമിതാവ് ഘോഷ് തന്റെ പൂർവികർ പത്മ നദിയിൽ രൂപംകൊണ്ട വെള്ളപ്പൊക്കത്തെ തുടർന്ന് കിഴക്കൻ ബംഗാളിൽനിന്ന് ബിഹാറിലേക്ക് രക്ഷപ്പെടുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. ജലപ്പിശാചിന്റെ ഭാവത്തിൽ വായ പിളർന്നുവരുന്ന പ്രളയത്തെ ചെറുത്തുനിൽക്കുക എന്നത് എളുപ്പമല്ല.

 

കാലാവസ്ഥയുമായി ബന്ധപ്പെട്ട വിഷമഘട്ടം സംസ്‌കാരത്തിന്റെയും അതുവഴി ഭാവനയുടെയും പ്രതിസന്ധിയാണെന്ന് ഘോഷ് ഉറപ്പിച്ചുപറയുന്നുണ്ട്. ഒരുപക്ഷേ അക്കാലത്തു ഗൗരവമായി പരിഗണിക്കാത്തതും എന്നാൽ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാവുന്നതുമായ പ്രകൃതിദുരന്തത്തിനായിരുന്നു ഗോപാൽ സാക്ഷ്യംവഹിച്ചത്. പ്രകൃതിയുമായി സമരസപ്പെടാതെയുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നതോടെ നാം നമ്മുടെ ആവാസവ്യവസ്ഥയെ സംഘർഷാത്മകമാക്കുന്നു. സൃഷ്ടിപരമായ അംശങ്ങളെ മായ്ച്ചു കളയുന്നതിനു തുല്യമാണിത് എന്നതിൽ തർക്കമില്ല.

തനിക്ക് ചുറ്റുമുള്ള ആവാസക്രമത്തിൽ മനുഷ്യർക്ക് നിയന്ത്രണം ഇല്ലാതാവുന്നതോടെ പ്രകൃതിയും കാലാവസ്ഥയുമായുള്ള സംലയനം അവസാനിക്കുകയാണ്. പ്രകൃതിയുടെ താണ്ഡവത്തിൽ സർവവും നശിച്ചുപോയ മനുഷ്യരുടെ അവസ്ഥകൂടിയാണ് നോവലിൽ വിവരിക്കുന്നത്. കാലാവസ്ഥയും പ്രതികൂലമായിത്തീരുന്ന വന്യമായ ദൃശ്യം നോവലിലുണ്ട്. അങ്ങനെ എല്ലാംകൊണ്ടും ജീവിതം ദുസ്സഹമാവുകയായിരുന്നു. യുദ്ധമുഖത്തുനിന്ന് പ്രാണരക്ഷാർഥം പലായനംചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയൊന്നും അക്കാലങ്ങളിൽ ആരും അന്വേഷിച്ചിരുന്നുപോലുമില്ല.

ഏതാനും കടലാസുകളിലൂടെ സ്വത്വനിർണയം നടത്തുന്ന സമകാലത്ത് റോഹിങ്ക്യൻ സമൂഹത്തിനു തലകുനിക്കേണ്ടിവരുന്നു. മനുഷ്യർക്കും മൃതദേഹങ്ങൾക്കും അവകാശങ്ങൾ നേടിയെടുക്കാൻ രേഖകൾ കൂടിയേതീരൂ എന്ന തിരിച്ചറിവിൽ പരാജയപ്പെട്ടുപോകുന്ന മനുഷ്യരുടെ കൂട്ടത്തിലാണ് പർവീണയും. അമ്മയെ സ്വന്തമാക്കാനും ഭർത്താവിന്റെ ചേതനയറ്റ ശരീരം ഏറ്റെടുക്കാനും അവരുടെ രേഖകൾ ഇല്ലായിരുന്നു. സ്വരാജ്യം ഉപേക്ഷിക്കേണ്ടിവരുന്ന അഭയാർഥിക്ക് സംഭവിക്കുന്ന ആഘാതത്തിൽ ഭാഷയും മറന്നുപോകുക എന്നത് ഭീകരമാണ്. പർവീണയിൽനിന്ന് വാക്കുകൾ പുറത്തുവരാത്തത് നഷ്ടമാക്കുന്നത് ഓർമകളെ പുനഃസൃഷ്ടിക്കാനുള്ള അവളുടെ കഴിവിനെ കൂടിയാണ്.

ജനിച്ച രാജ്യത്തുനിന്നും പുറത്താക്കപ്പെടുന്നതിനൊപ്പം ഓർമകളും സ്വപ്നങ്ങളും പങ്കുവെക്കാനുള്ള ശേഷി കൂടി ഇല്ലാതാവുന്നതിൽ കവിഞ്ഞ ദുരന്തം മറ്റൊന്നുമില്ല. വാക്കുകൾ പുറപ്പെടുപ്പിക്കാനാവാതെ കെട്ടിക്കിടന്നു ഉറയുന്ന മൗനത്തിന്റെ സമ്മർദം മരണതുല്യമാണ്. ഓർമകളുടെ സ്വതഃസിദ്ധമായ സഞ്ചാരത്തെ തടയണ കെട്ടി ജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിന് സമാനമാണിത്. സ്മൃതിനാശം സംഭവിച്ചില്ലെങ്കിൽകൂടി ഓർമകളെ പങ്കുവെക്കാൻ കഴിയാതെ വരുന്ന ദുഃസ്ഥിതിയായി ഇതിനെ കാണാം. സ്വതഃസിദ്ധമായ ഉച്ചാരണശൈലിയും തഴക്കവും ഭാഷയിൽനിന്ന് വഴുതിപ്പോവുക എന്നത് റോഹിങ്ക്യൻ വംശഹത്യയുടെ മറ്റൊരു പാർശ്വഫലമായി കണക്കാക്കുന്നു.

തപോമയി പറഞ്ഞതുപോലെ, ‘‘ഒരാളുടെ പൊയ്‌പ്പോയ ഭാഷ തിരിച്ചുപിടിക്കുക എന്നതിനേക്കാൾ ദുഷ്കരമായ മറ്റൊന്നും തന്നെയില്ല.’’ ഭാഷയുടെ സൂക്ഷ്മാംശങ്ങൾക്കും ഭാഷയുടെ ഉപയോഗത്തിനും വിലക്കു വരുന്നതോടെ രഹസ്യഭാഷ എന്ന സങ്കേതത്തിന് പ്രാധാന്യമേറുകയാണ്. ചിഹ്നങ്ങളിലൂടെയും കോഡുകളിലൂടെയും ഉരുത്തിരിയുന്ന ആശയങ്ങളെ നശിപ്പിക്കാനാവില്ല എന്ന ചിന്തയെ സ്ഥാപിതമാക്കാൻ യത്നിക്കുന്ന മനുഷ്യരും ലോകത്തിലുണ്ട്. ക്യാമ്പിലെത്തിയതിനുശേഷം എഴുതാൻ അഭ്യസിച്ച പർവീണ മറ്റ് അന്തേവാസികളെ പഠിപ്പിക്കുന്ന ജോലിയും ഏറ്റെടുത്തു. പേനപോലും പിടിക്കാൻ അറിയാത്ത മുതിർന്നവർ അക്കൂട്ടത്തിലുണ്ടായിരുന്നു. നിസ്സഹായതയാണ് അഭയാർഥികളുടെ കണ്ണുകളിലെ ഭാവം, ഭയമാണ് ശരീരഭാഷ എന്ന തപോമയിയുടെ നിരീക്ഷണം ഓർക്കാം.

 

വേരുകളില്ലാത്ത ഇടത്ത് എത്തിപ്പെടുന്നവർ എങ്ങനെയാണ് അവിടം തങ്ങളുടേതാക്കുന്നത് എന്നതിന് നോവലിൽ ഒരു പോംവഴി കൽപിക്കുന്നുണ്ട്. തങ്ങളുടെ ഉറ്റവരുടെ മൃതദേഹങ്ങളെ അവിടെ അടക്കുന്നതോടെ ആയിടങ്ങളിലും സ്നേഹത്തിന്റെ വേരുകൾ മുളച്ചുതുടങ്ങുകയായി. ആഭ്യന്തര ലഹളകളുടെ പൊതുസ്വഭാവം ക്രോഡീകരിക്കുകയാണെങ്കിൽ അവക്കെല്ലാം ചില സമാനതകളുണ്ടെന്നു കാണാം. മനുഷ്യർ ആഗോളീയമായി വരച്ചുകൊണ്ടിരിക്കുന്ന യുദ്ധചിത്രങ്ങൾ ഒരേ നിറത്തിലും തരത്തിലുമുള്ളതാണ്. ശുദ്ധമായ ജലാശയങ്ങളും അചുംബിതമായ വനങ്ങളും ദുർഘടങ്ങൾ നിറഞ്ഞ കരയും അവയിൽ അന്തരങ്ങളുണ്ടാക്കുന്നില്ല.

മനുഷ്യവംശത്തിന്റെ പോർവിളികൾ സൃഷ്ടിക്കുന്ന നിബിഡാന്ധകാരത്തെ അൽപമെങ്കിലും ദൂരീകരിക്കാൻ തെളിയുന്ന ചെറുതരിവെളിച്ചങ്ങളാണ് ഈ നോവലിൽ ജ്വലിച്ചു നിൽക്കുന്നത്. അശരണതയുടെ ചൂടും തണുപ്പും അറിഞ്ഞും അനുഭവിച്ചുംകൊണ്ട് ശാന്തിയുടെ തീരങ്ങളിലേക്ക് പിച്ചവെക്കുന്ന മനുഷ്യരുടെ ആഖ്യാനങ്ങൾ പ്രത്യാശാഭരിതമാണ്. അതിർത്തി കടക്കുന്ന അഭയാർഥിക്ക് തന്റെ വഴി ശരിയാണോ എന്നുറപ്പിക്കാൻ കഴിയണമെന്നില്ല. പക്ഷേ താൻ ശരിയായ ദിശയിൽ എത്തിച്ചേരുമെന്ന പ്രതീക്ഷ അയാളുടെ/ അവരുടെ വഴിയിലെ ഇരുൾ നീക്കുമെന്ന് ഉറപ്പാണ്.

Tags:    
News Summary - weekly literature book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.