മലയാള കവിതയിൽ പലനിലക്കും വേറിട്ട കവിയാണ് ജോർജ്. അേദ്ദഹത്തിന്റെ കവിതകൾ പരമ്പരാഗത വഴിയിൽനിന്ന് മാറിനടക്കുന്നു. ജോർജിന്റെ കവിതകളിലൂടെ സഞ്ചരിക്കുകയാണ് നിരൂപകയായ ലേഖിക.
നാം ലോകത്തെ മനസ്സിലാക്കിയെടുക്കുന്ന പ്രക്രിയയാണ് സങ്കൽപനം. ഭാഷ സങ്കൽപനമാണെന്നും അത് ഉടലറിവിന്റെ ഭാഗമാണെന്നുമാണ് ധൈഷണികവാദം കരുതുന്നത്. ഉടലറിവിൽ (embodied cognition) നിന്ന് രൂപപ്പെടുന്ന ജീവിതാനുഭവങ്ങളിൽനിന്നാണ് അർഥം മനസ്സിലാക്കുന്നത്. അതായത് അർഥഗ്രഹണത്തിന് ഉടലിന്റെ സമർപ്പണം ആവശ്യമാണ്. ലോകംതന്നെ സങ്കൽപനങ്ങളുടെ അടരുകളായി നിലകൊള്ളുന്നുവെന്ന് പറയാം. ഇങ്ങനെ പഞ്ചഭൂതാധിഷ്ഠിതമായ പ്രകൃതിയും മനുഷ്യശരീരവും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഉടലറിവുമായി ചേർന്നുനിൽക്കുന്നതാണ് ജോർജിന്റെ ‘നനവുകൾ’ എന്ന കവിതാസമാഹാരം.
കാവ്യാസ്വാദനത്തിന്റെ അഥവാ വായനയുടെ പതിവ് രീതികളിൽനിന്ന് വേറിട്ട് നിൽക്കുന്നവയാണ് ഈ കൃതിയിലെ കവിതകൾ. പദങ്ങളിൽ പുലർത്തുന്ന ധാരാളിത്തമല്ല മിതത്വമാണ് ഈ കവിതകളുടെ ആന്തരിക സൗന്ദര്യം. പഞ്ചഭൂതാത്മകമായ വസ്തു പ്രപഞ്ചാംശങ്ങളും ആവർത്തിത പദരൂപങ്ങളും ഉടലറിവ് എന്ന ആവിഷ്കാര സങ്കേതവുമാണ് പ്രധാനമായും കവിയുടെ ആഖ്യാന സാമഗ്രികൾ. പഞ്ചഭൂതങ്ങളുടെ യോഗമനുസരിച്ചുണ്ടാകുന്ന പലവിധ രസവും ചേർന്ന് സൃഷ്ടിക്കുന്നൊരു കാവ്യലയം വായനാനുഭവത്തിലേക്ക് കടന്നുവരുന്നുണ്ട്. അവ ഭൂമി, അഗ്നി, ജലം, വായു, ആകാശം എന്നിവയും ഗന്ധം, രൂപം, രസം, സ്പർശം, ശബ്ദം എന്നിവയും മൂക്ക്, നാക്ക്, കണ്ണ്, ത്വക്ക്, ചെവി എന്നിവയും മേളിച്ചുണ്ടാകുന്ന രസാനുഭൂതിയാണ്.
ഉലയുന്ന ഇരുളുകളിലൂടെ ഒഴുകുന്ന ജലം ഉണരാൻ വെമ്പുന്ന സ്വരങ്ങളെ തൊടാൻ ആയുന്നുവെന്നും ഒഴുകുന്ന ജലത്തിൽ താഴുന്ന പ്രകാശബിന്ദുക്കളിൽ ചുറ്റി അദൃശ്യതകൾ കേൾവിയുടെ ഇന്ദ്രിയം മെനയുന്നുവെന്നും പറയുമ്പോൾ നയനഗോചരമല്ലാത്തവയെ കേൾവിയിലേക്ക് പരാവർത്തനം ചെയ്യുകയാണ്. ‘ഒഴുകിയൊഴുകി’ എന്ന കവിത ഒഴുകലിന്റെയും ആയിത്തീരലിന്റെയും വിവിധ മാനങ്ങളിലൂടെ വിസ്തൃതമായൊരു ചിത്രപടം നിർമിക്കുന്നു. ആ ചിത്രപടത്തിൽ എന്തെല്ലാം കാഴ്ചകളെയും കേൾവികളെയും കോറിയിടാമെന്ന് കവിത വിസ്തരിക്കുന്നു.
ഈ കേൾവികൾ, ആഴങ്ങളിൽ കാറ്റ് ഉടഞ്ഞുപോകുമ്പോൾ മുരളുന്ന ഇരുട്ടിനെ വഹിക്കുമോ, ഈ തണുത്ത ഒഴുക്ക് അദൃശ്യവരകളെ കത്തുന്ന സ്വരങ്ങളെന്ന് ആലിംഗനംചെയ്യുമോ തുടങ്ങിയവയെല്ലാം കവിതയൊഴുകുന്ന വഴികളും അതിന്റെ അർഥാന്തരന്യാസങ്ങളും കാണിച്ചുതന്നുകൊണ്ട് കാവ്യഗർഭത്തിന്റെ അന്തരാളത്തിലെ കാഴ്ചകളിലേക്കുകൂടി കടന്നുചെല്ലുന്നു. അവിടെ ഇരുളും പ്രകാശവും മഴത്തുള്ളിയും ക്ഷണികതയും നോവിന്റെ ചീന്തുകൾ ബാക്കിയാക്കി മെനയുന്ന വർണചിത്രങ്ങൾ ഏറെയാണ്. മഴത്തുള്ളി മഴത്തുള്ളിയോട് ചേരുമ്പോഴുള്ള വൈദ്യുതിയേൽക്കാൻ മോഹിച്ചത് മേഘസന്ദേശമാകാൻ തുടങ്ങുന്ന ജലനിദ്രക്കായിരുന്നുവോ എന്ന് തുടങ്ങി ആ വർണചിത്രങ്ങൾ നീളുകയാണ്.
മണങ്ങളായി മാറാവുന്നവയെ നീറ്റിയെടുക്കാനായി ജലപാളികളിൽ കാറ്റ് ധ്യാനനിരതമാകുന്നു. ശാന്തപ്രകൃതിയായ ഭൂമിയും തേജപ്രകൃതിയായ അഗ്നിയും ലയനപ്രകൃതിയായ ജലവും വാഹകപ്രകൃതിയായ വായുവും പിന്നെ ആകാശവും അതിനൊപ്പം നിശ്ശബ്ദത, മൗനം, അപാരത, ശൂന്യത, ഏകാന്തത തുടങ്ങി അനേകം ഭാവങ്ങളും ചേർന്ന് കവിതയെ നിർണയിക്കുന്നു. ആ രൂപഭാവങ്ങളിൽ ഭൂമിയും ജലവും ചേർന്ന് അഗ്നിയും ഭൂമിയും ചേർന്ന് അമ്ലരസവും ജലവും അഗ്നിയും ചേർന്ന് ലവണരസവും ആകാശവും വായുവും ചേർന്ന് കയ്പും അഗ്നിയും കാറ്റും ചേർന്ന് എരിവും ഭൂമിയും കാറ്റും ചേർന്ന് ചവർപ്പുമായി ഈ സമാഹാരത്തിലെ മുഴുവൻ കവിതകളെയും അനുഭവസ്ഥലികളുടെ വിവിധ തലങ്ങളിലേക്ക് കൊണ്ടുപോകുന്നു.
‘ഓളങ്ങൾ’ എന്ന കവിതയിൽ കവി പറയുന്നത് അപാരതയിൽനിന്ന് ആസക്തികളുടെ വരവ് തുടങ്ങുകയായിയെന്നും ഇരുട്ടിന്റെ കാണപ്പെടാൻ ആയുന്ന അനക്കങ്ങളും കേൾക്കപ്പെടാൻ വെമ്പുന്ന സമയങ്ങളും ഓർമകളാകാൻ നുരയുന്ന രുചികളും പിളർന്നുമറിയുന്ന സ്പർശങ്ങളും അബോധത്തിലേക്ക് കൂപ്പുകുത്തുന്ന മണങ്ങളും ആസക്തിയുടെ വൈവിധ്യങ്ങളെ ധ്വനിപ്പിക്കുന്നു. ഒപ്പം അനക്കങ്ങൾ, സമയങ്ങൾ, രുചികൾ, സ്പർശങ്ങൾ, മണങ്ങൾ യഥാക്രമം കാണുക, കേൾക്കുക, ഓർമിക്കുക എന്നിവയിലൂടെ ചേർത്തുവെച്ച് അവയെ ഇന്ദ്രിയാനുഭവങ്ങളാക്കി മാറ്റുന്നു.
‘കടൽച്ഛേദ’ത്തിൽ കടലിന്റെ സ്പർശങ്ങൾ ശാന്തമായിരുന്നുവെന്നും കാറ്റ് ഭാഷയെ മടക്കുകൾ നിവർത്തി വെയിൽ കായാൻ വിരിച്ചിടുകയായിരുന്നു എന്നുമൊക്കെ ബിംബചിത്രീകരണം നടത്തുന്നു. ത്രസിക്കുന്ന നിശ്ശബ്ദതയും അനന്തതയും തമ്മിൽ പുണരാനായുന്ന നോവുകളും ‘അണയാതെ’ എന്ന കവിതയിലെ ഉടലിടങ്ങളുടെ മുറിവുകളെ പ്രത്യക്ഷീകരിക്കുന്നു. മുറിവുകളുടെ നീറ്റൽ കടൽ ഏറ്റെടുത്ത് അലയടിച്ച് കൊണ്ടേയിരുന്നപ്പോൾ ആകാശമാവട്ടെ മറുസ്വരം പാടാൻ കാത്തു കാത്ത് ചിറകൊതുക്കിയിരുന്നു. ആകാശമിവിടെ പക്ഷിയെന്ന മെറ്റഫറാണ്.
പ്രകൃതി പ്രതിഭാസങ്ങൾ ചേർന്ന് ഉരുവംകൊള്ളുന്ന അന്തരീക്ഷസൃഷ്ടി ‘മിന്നിമിന്നി’ എന്ന കവിതയുടെ ഉടലിന്റെ ജൈവാസ്തിത്വത്തെ തീവ്രമായി ആവിഷ്കരിക്കുന്നു. ഇരുട്ട് ഭൂമിയെ നനയ്ക്കുന്നു, കാറ്റത്ത് ഒരിലപോലും അനങ്ങാതെ വൻമരം കടപുഴകുന്നു. ഭാഷ, സമയം, തെരുവ്, പുലർവെളിച്ചം, പോക്കുവെയിൽ, രാത്രി എന്നിവയെല്ലാം കവിതയുടെ അംഗോപാംഗങ്ങളാണ്. തെരുവിലെ പിളർപ്പും പിളർപ്പുകളിലെ ഇരുട്ടും അപാരതയിൽനിന്നെത്തുന്ന അഭയാർഥികൾക്കുള്ള കാത്തിരിപ്പും കാഴ്ചയുടെയും അനുഭവത്തിന്റെയും കാവ്യസൗന്ദര്യമായി അടയാളപ്പെടുന്നു.
കാണപ്പെടാനും കേൾക്കപ്പെടാനും രുചിക്കാനും മണക്കാനുമായി അപാരതയിൽനിന്ന് പ്രകാശവേഗത്തിലാണ് നിഴലുകളെത്തുന്നത്. മറു ലോകങ്ങളുടെ ലഹരിയും പിളർപ്പുകളുടെ നിശ്ശബ്ദതയും പുണർച്ചകളുടെ വൈദ്യുതിയും ബോധം കെടുന്ന വീഴ്ചകളുടെ തണുപ്പും ഉടലറിവിന്റെ തീവ്രതയാകാൻ ‘ആയുന്ന’, ‘വെമ്പുന്ന’, ‘നുരയുന്ന’ എന്നീ ക്രിയാപദങ്ങളാണ് കവിത ആഗ്രഹിച്ചത്. എന്നാൽ തൊടാനാവാതെ/ കാണുവാനാകാതെ/ കേൾക്കുവാനാകാതെ/ കഴിഞ്ഞുപോകുന്നു/ ഭാഷയാകാൻ വിടർന്നതൊക്കെയും എന്ന തിരിച്ചറിവിലാണ് അതിന്റെ പരിസമാപ്തി. ഉടലായിരുന്നതും സ്നേഹമായിരുന്നതുമെല്ലാം മിന്നിമിന്നി തെളിഞ്ഞുകൊണ്ട് അകന്നകന്നു പോകുന്ന വിദൂരതകളാണെന്നും മാഞ്ഞുപോകലിന്റെ സൗന്ദര്യലഹരിയാണെന്നും കവി ഓർമിപ്പിക്കുന്നു.
ഗന്ധഗുണത്തിന്റെ വ്യത്യസ്ത വിന്യാസങ്ങളാൽ വിടരുന്ന കവിതയാണ് ‘മണങ്ങൾ’. വെയിൽ മണത്താണ് മഴയെത്തിയത്. എന്നാൽ, വെളിച്ചത്തിന്റെ അന്ത്യലിപി മഴയിൽനിന്നെടുത്ത മാംസമണം മണക്കാനാവാതെ നിൽക്കുന്ന ഇരുട്ടിനെയാണ് കാണുന്നത്. വെയിൽ, മഴ, ഇരുട്ട്, വെളുപ്പ്, കറുപ്പ് എന്നിവ മണങ്ങളിൽ നിറയുമ്പോൾ അഥവാ മണങ്ങൾ ഇവയിൽ നിറയുമ്പോൾ ധ്വനിസാന്ദ്രമായൊരു സൂക്ഷ്മത കവിതയിൽ ലീനമായിരിക്കുന്നുവെന്ന് കാണാനാവും. ‘ഒച്ചകൾ’ എന്ന കവിതയാരംഭിക്കുന്നത്, കാട്ടിലെ പായൽ പിടിച്ച പാറയിൽ രക്തം തെറിച്ചു വീണ ഒച്ചയിൽനിന്നാണ്. ആ ഒച്ച ഒഴുകിപ്പോയി കാടും മലയും അടിവാരവും സമതലവുമെല്ലാം മിടിച്ചെങ്കിലും വാനവും വാനമ്പാടിയും നിശ്ശബ്ദത പൂണ്ടിരുന്നു.
ഒച്ചയും നിശ്ശബ്ദതയും മാറിമാറി പ്രകൃതിയിലലിഞ്ഞ് പലമട്ടിൽ പ്രതിഫലിച്ചു. നിശ്ശബ്ദതയിലൂടെ സഞ്ചരിക്കുന്ന ഒച്ചയിൽ അഭാവത്തിലെ ഭാവം ദര്‍ശിക്കാനാകും. ദ്വൈതഭാവങ്ങളുടെ ദൃശ്യതയും അദൃശ്യതയും വട്ടങ്ങൾ തീർത്തു തീർത്ത് കടലിന്റെയും കരയുടെയും സമഗ്രതയെ തൊടാനായുന്നു ‘കടലുകൾ’ എന്ന കവിതയിൽ. കടൽക്കാറ്റ് രാത്രിയെയും കാലങ്ങളെയും ഉടലിന്റെ നിശ്ശബ്ദതയെയും തൊടുന്നു. പിന്നെ വട്ടംചുറ്റി കടലിലേക്ക് തന്നെ മടങ്ങുന്നു. അതോടെ, കര അകന്നകന്നു പോവുകയും ആകാരങ്ങളെല്ലാം അടർന്നടർന്ന് വെള്ള വരകളായി ഓളമിട്ട് നിശ്വാസങ്ങളിൽ വീണ് മിന്നിമറയുകയും ചെയ്തു. മനുഷ്യൻ തന്റെ വ്യവഹാരങ്ങളുടെയെല്ലാം രീതിശാസ്ത്രമായിട്ട് കാണുന്നത് വിരുദ്ധഭാവങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് കൂടിയാണല്ലോ. ഇരുട്ടും വെളിച്ചവും കരയും കടലും സ്വരവും നിശ്ശബ്ദതയും ദൃശ്യതയും അദൃശ്യതയുമെല്ലാം അത്തരത്തിലുള്ളതാണ്.
‘ഒഴിയലുകൾ’ എന്ന കവിത തെളിച്ചപ്പെടുത്തുന്നത് ഒഴിഞ്ഞു പോകലുകൾ ബാക്കിവെക്കുന്നത് ഏത് അംശത്തെയാണെന്നും ആ അംശങ്ങളുടെ നിലനിൽപ് സാർഥകമാകുന്നത് ഏതേതെല്ലാം അവസ്ഥകളിലാണെന്നുമാണ്. നീലയിൽനിന്ന് ‘നീല’ ഒഴിയുമ്പോൾ ബാക്കിയാവുന്ന മൂവന്തി ചക്രവാളത്തിൽ മൂർച്ഛിച്ച് അവശേഷിക്കുന്നു. സാകല്യത്തിൽനിന്ന് അംശം പോയ് മറഞ്ഞാൽ ബാക്കിയാവുന്നവ ചുരുണ്ടുകൂടി കിടക്കേണ്ടിവരുന്നു. പൂവിൽനിന്ന് പൂവിരിഞ്ഞ് ശ്വാസമേറിപ്പോയാൽ കാറ്റിനും കാറ്റിനും ഇടയിൽ വാക്കു മുറിഞ്ഞാൽ ഉടൽ ഉടഞ്ഞു വീശിയ തൃഷ്ണകളിൽ കണ്ണുനീർ മിന്നിയാൽ ഇങ്ങനെയിങ്ങനെ ഒഴിയലുകൾ തീർക്കുന്ന ഇടങ്ങളെയെല്ലാം തൊട്ടുതൊട്ടുകൊണ്ട് പ്രകൃതി പുതിയ ഘടനകൾ തീർത്തുകൊണ്ടേയിരിക്കുമെന്ന്, പുതുക്കി പണിതുകൊണ്ടേയിരിക്കുമെന്ന് പ്രത്യാശ നൽകുന്നു.
വെളിച്ചം വിലാപസ്വരങ്ങളിൽ നനഞ്ഞ് മൃഗതൃഷ്ണയുടെ നിറങ്ങളിലേക്ക് തുറന്നു ദാഹിച്ചുവലഞ്ഞു. വിലാപത്തിലെ കണ്ണുനീരിന്റെ ആർദ്രതയിൽ നനഞ്ഞ വെളിച്ചം മൃഗതൃഷ്ണയിലെ നനവെന്ന തോന്നലിലെ വരൾച്ചയിലേക്കാണ് തുറക്കുന്നത്. ഈ വിരുദ്ധാവസ്ഥ കൽപിത യാഥാർഥ്യത്തിലേക്കുള്ള എത്തിനോട്ടമായി കാണാവുന്നതാണ്. യാഥാർഥ്യവും കൽപിത യാഥാർഥ്യവും വിരുദ്ധകോടികളിൽ വർത്തിക്കുന്നവയാണ്. ‘നനവുകൾ’ എന്ന കവിതയിൽ ഇത്തരം പ്രതീതികൾ ഏറെയുണ്ട്. എത്തിച്ചേരാൻ ആഗ്രഹിക്കുന്നതിലേക്ക് എത്തിപ്പെടാനാവാതെ െപട്ടുപോവുകയോ മങ്ങിപ്പോവുകയോ ചെയ്യേണ്ടിവരുന്ന അവസ്ഥ -അതാണ് സമയത്തിന്റെ നനവുകളിൽ ഭാഷയുടെ നിശ്ശബ്ദമണവും എത്ര നീറിയിട്ടും ഭാഷയാകാതെ പുളയുന്ന മണങ്ങളുമെല്ലാം. ചുവപ്പും നീലയുമായ് ചില സ്വരങ്ങൾ മണ്ണിനും നനവിനും ഇടയിൽ പതിഞ്ഞുകിടന്നു.
പച്ചയിലേക്ക് എത്താൻ ആവാതെ മഞ്ഞയെ സദാ സങ്കൽപിച്ചുകൊണ്ട് എന്നിടത്ത് അതു കൂടുതൽ വ്യക്തത നേടുന്നു. അതുപോലെ തന്നെയാണ് ഉടലിന്റെ അവസ്ഥയും. ഇരുളിനും രക്തത്തിനും ഇടയിൽ പലതായി പിരിയും ഉടൽ, ചക്രവാളത്തെ വരച്ചു മായ്ക്കുന്ന സ്വരം, മുറിയുന്ന സ്വരം, ഉടൻ അലഞ്ഞ ഇടങ്ങളിൽ (പരിഭാഷപ്പെടാനാവാതെ), ഉടൽ ഇരുളിൽ/ എണ്ണമറ്റ കിനാവുകൾ/ എണ്ണമറ്റ നേരങ്ങളിൽ / ഭാഷയാകാനാവാതെ. നമ്മുടെ സങ്കൽപനങ്ങളെ അതേ തോതിൽ ഭാഷയിൽ അവതരിപ്പിക്കാനുള്ള പരിമിതിയാണ് കവിത വ്യക്തമാക്കുന്നത്. എന്നാൽ, ഭാഷക്ക് മേലെ നിൽക്കുന്ന മറ്റൊരു ഭാഷയായി ഉടൽ കവിതയിൽ സ്ഥാനം നേടുന്നു. ഭാഷ തീണ്ടിയ ഉടൽനേരം/ ചൂടേറി ചൂടേറി/ ഭൂമി ഒഴിഞ്ഞ ഒഴിവിൽ/ പൊടുന്നനെ മാഞ്ഞു/ ഉടലൊഴിവിൽ/ മഞ്ഞ വിരിച്ചു വിരിച്ചു/ നേരങ്ങൾ എന്ന് കവി വിസ്തരിക്കുന്നു. സ്പർശം എന്ന ആദിമഭാഷ കൊണ്ട് നദിയും തന്റെ സഹജീവിതങ്ങളെ തൊട്ടു നോക്കുന്നു.
ഒപ്പം ഒഴുകുന്ന മരങ്ങളുടെ നൃത്തത്തെയും ആനക്കൂട്ടങ്ങളുടെ അദൃശ്യതയെയും പുള്ളിപ്പുലി പിടിച്ചെടുത്ത മണങ്ങളെയും കലമാൻ കൂട്ടങ്ങളുടെ ഋതുക്കളെയും വേഴാമ്പലിന്റെ ദാഹത്തെയും കിളികളുടെ വായ്ത്താരിയെയും മനുഷ്യരുടെ മറവികളെയും തൊട്ടു നോക്കുന്നതിലൂടെ നൽകുന്ന നനവിന്റെ ആർദ്രത ജീവജാലങ്ങളുടെ വിശിഷ്യാ മനുഷ്യന്റെ ഉത്സുകതക്ക് നൽകുന്ന പിന്തുണയാണ്. പുഴ ബോധത്തിലും അബോധത്തിലും സൂക്ഷിച്ചുവെച്ച ആർദ്രതക്ക് (നനവുകൾക്ക്) മുകളിലാണ് സംസ്കാരങ്ങൾ മുളപൊട്ടിയത്. അപ്പോഴും ആകാശനീലിമയുടെ യാത്ര മറ്റൊരുതരത്തിലായിരുന്നു. കേൾക്കാതെ ഉണർന്ന്/ കാണാതെ തുറന്ന്/ തൊടാതെ അലിഞ്ഞ്/ രുചിക്കാതെ എരിഞ്ഞ്/ മണക്കാതെ മാഞ്ഞ്/ മഞ്ഞുപാളികൾ തുറന്ന്/ ആകാശനീലിമ യാത്രയാകുന്നു/ എത്ര ശുഭം ഈ യാത്രയെന്ന് കവി അതിനെ പരാവർത്തനംചെയ്യുന്നു.
ഉടൽ ആവിഷ്കരിക്കുന്ന അനുഭവങ്ങളുടെ പലമകളെ രേഖപ്പെടുത്താൻ ഭാഷ അപര്യാപ്തമാണ്. ഇതാ ഉടൽ നനവുകൾ / കോരുന്നു മണ്ണിൽ/ വെളിച്ചത്തുഴ പതിച്ച/ ലിപി മൗനങ്ങൾ/ ആകാരങ്ങൾ അലിഞ്ഞൊഴുകും ഉടലരുവിയിൽ/ അന്തിവെയിൽ അടരുകൾ/ താനേ തുറന്ന് അടയുന്നു എന്നിടത്തും, ഉടലിൽ വസിക്കും/ പ്രകാശവലയങ്ങൾ/ അണിഞ്ഞ്/ നൃത്ത ചുവടുകളിൽ/ ഭാഷ യാത്രയാകുമ്പോൾ/ പിന്തുടരാതെ അപാരത എന്നിടത്തും, ഉടലിൽ വീണുപോയ സമയത്തെ/ പിന്തുടരുന്ന പ്രപഞ്ചത്തിന്റെ/ വളവുകളാൽ/ സ്വരങ്ങൾ വിലാപങ്ങളാകുമ്പോൾ എന്നിടത്തും, ഒഴുകും ഉടലിന്റെ/ അരികുകളെ/ ജ്വലിപ്പിച്ച് നിശ്ശബ്ദത എന്നിടത്തുമെല്ലാം ഉടലറിവിന്റെ സാധ്യതകളെയാണ് കവി പ്രയോജനപ്പെടുത്തുന്നത്. അതാണ് കാവ്യോർജമായി ഈ സമാഹാരത്തിലെ കവിതകൾക്ക് ശക്തിസൗന്ദര്യങ്ങൾ നൽകുന്നത്. ഈ കവിതയുടെ നീട്ടലുകളാണ് പല കവിതകളുടെയും അന്തർധാര.
‘നനവുകൾ’ എന്ന കവിതപോലെ വിരുദ്ധോക്തിയോടെയുള്ള തുടക്കമാണ് ‘തുറക്കലുകൾ അഥവാ ഉടൽ’ എന്ന കവിതയുടേതും. സ്വരങ്ങളിലൂടെ പൊഴിയുന്ന മഞ്ഞിൽ ഉടൽ പൊള്ളുന്നു എന്നാണത്. ഉടലിന്റെ തുറക്കലുകൾ അകം-പുറം വ്യവസ്ഥകളോടുകൂടിയ പലമകളെ ആവിഷ്കരിക്കുന്നതിലേക്ക് ചെന്നെത്തുന്നു. അങ്ങനെ ഉടൽ നാനാർഥങ്ങൾ ഉൾക്കൊള്ളുന്ന പ്രപഞ്ചസാധ്യതയായി തിരയിലും മറുതിരയിലും മണ്ണെടുക്കുകളിലും മരച്ചില്ലകളിലും പുഴയിലും പുഴുവിലും ഇരുട്ടിന്റെ വാനമൂർച്ഛയിലും അവസ്ഥാന്തരങ്ങളായി മാറുന്നു അഥവാ പിരിയുന്നു. അതിന്റെ വ്യാപനമായ ഉടൽ ഒഴുകി ചവർപ്പുകൾക്കിടയിൽ മറയുന്നു. തുടർന്ന് നിശ്ശബ്ദത ഉടൽമിടുപ്പുകളിൽ താഴുന്നു.
ഉടൽ തുറക്കുന്നു, സ്വരങ്ങൾ മാംസത്തിലലിയുന്നു. ഉടലിലെ ഉയിരിന് ഒളിച്ചു പാർക്കാനുള്ള വിള്ളലുകളും ഉള്ളറയിൽ ഉപ്പലിഞ്ഞ് അലകളായി മിടിക്കുന്നതും അതുപിന്നെ ആഴങ്ങളിലേക്ക് നീറി നീറിയെത്തുന്നതും ഉടലിന്റെ അകംവ്യവസ്ഥയെ കുറിക്കുമ്പോൾ, കടൽ തിരകളിൽ മൗനമുതിർന്ന് ഉടൽ അതിന്റെ പുറംവ്യവസ്ഥയിലേക്ക് തുറക്കുന്നു. കാറ്റായി തുറക്കുന്ന ഉടലും ഒഴുകുന്ന ഉടലും ഇതളിതളായി തുറന്നു തുറന്നു മാഞ്ഞുപോയ ഉടലിന്റെ ഇന്ദ്രിയങ്ങളും ഉടലായിരുന്ന സമയങ്ങളുമെല്ലാം ഉടലിന്റെ പലതരം സങ്കൽപനങ്ങളാണ്. ഈ സങ്കൽപനങ്ങളെ കാവ്യഭാഷയിലേക്ക് പരിവർത്തിപ്പിക്കുകയാണ് കവി. അപ്പോഴും ഉടൽപ്രപഞ്ചത്തെ പൂർണമായി ആവിഷ്കരിക്കാൻ കഴിയില്ലെന്ന ബോധ്യം കവിക്കുണ്ട്. അതിന് തെളിവാണ് വിങ്ങുന്ന ശ്വാസത്തിൽ മിടിക്കുന്ന ഭാഷ. ആ ഭാഷക്ക് തണുത്ത് കിടക്കുന്ന സൂര്യനെയും ഭൂമിയെയും തെന്നിവീണ താരകളെയും ആവിഷ്കരിക്കാനേ സാധ്യമാവുകയുള്ളൂ.
ജോർജ്, മകൾ ഹരിത എന്നിവർ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.എൻ. ഷാജിക്കൊപ്പം
‘ആയലുകൾ’, ‘ഉടഞ്ഞുടഞ്ഞ്’, ‘പതിയെ പതിയുന്നു’, ‘വരകൾ പൊട്ടുമ്പോൾ’ എന്നീ കവിതകളിലും ഉടലിന്റെയും ഭാഷയുടെയും സമർപ്പണവും സംഘർഷവും നിശ്ശബ്ദതയുടെ വിവിധതലങ്ങളും കൽപനകളുടെ ആഴങ്ങളിലേക്ക് ആനയിക്കുന്നു. ഇത് വൈയക്തികമായ ഭാവമല്ലെന്നും മാനവികമായ തിരിച്ചറിവാണെന്നും വ്യക്തമാണ്. ആയലുകളെ ആയിത്തീരലുകളോ വെമ്പലുകളോ ഒക്കെയായി കാണാം. മണ്ണ്, മണ്ണിര, മൈന, മരം എന്നിവയിലൂടെ സൃഷ്ടിച്ചെടുത്ത പരിസ്ഥിതിയിലേക്ക് മരങ്ങൾ പ്രക്ഷേപിക്കുന്ന സന്ദേശങ്ങൾ ഒരു നിഴലാട്ടമായി സമയത്തെ പരിഭാഷപ്പെടുത്തുമ്പോൾ വെളിച്ചം പിൻവാങ്ങുകയും സ്വരങ്ങൾ ഭാഷയുടെ ഒഴിവുകളിൽ പ്രതിധ്വനിക്കുകയും ചെയ്യുന്നു.
ഭാഷയിലേക്കോ ലിപിയിലേക്കോ ചുരുങ്ങാനാവാതെ ഉപ്പന്റെ ചുവന്ന കണ്ണുകൾ അസ്തമയപരപ്പോളം വിശാലമാകുന്നു. ഭാഷയിലേക്ക് വന്നാലോ അത് കുരുമുളക് വള്ളികൾക്കിടയിൽ ഒരു മിന്നായംപോലെയുള്ള ദൃശ്യമായി മാറുന്നു. ‘ഉടഞ്ഞ് ഉടഞ്ഞ്’ എന്ന കവിത ആഗ്രഹിക്കുന്നത് പുതുക്കലുകളുംകൂടിയാണ്. അവിടെയും ലിപികളില്ലാതെ ശ്വാസം കാറ്റിന്റെ വിടുതലിൽ സ്വയം മറക്കുന്നു. നനവിനെയും സ്വരങ്ങളിലേക്ക് വിവർത്തനം ചെയ്യാനാവാതെ വരുന്നു. അതുകൊണ്ടാണ് വാക്കാകാൻ ഉടഞ്ഞതൊക്കെയും നീറിനീറി വിട്ടുപോകുന്നത്.
ഭൂമിയിലേക്ക് വീഴുന്നതിനു മുമ്പേ മേഘങ്ങളിലുടയുന്ന നിശ്വാസവും നേരങ്ങളിൽ ചുറ്റുന്ന ആസക്തികളും തൂവലുകൾ അനങ്ങാതെ വീശുന്ന കാറ്റും ഉടയുന്ന ഉടലുകളും തൊടലുകളുമെല്ലാം തികഞ്ഞ വടിവുകൾ ആഗ്രഹിക്കുന്നത്. ‘പതിയെ പതിയുന്നു’ എന്ന കവിതയിൽ മാംസബദ്ധമായ കാലം ഏൽപിക്കുന്ന നോവാണ് ഒരു പ്രശ്നം. കാഴ്ചയുടെയോ കേൾവിയുടെയോ സാന്നിധ്യമില്ലെങ്കിലും കാണുകയും കേൾക്കുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ. അവിടെ നനവുകൾക്ക് കാതോർക്കുവാനും കാട്ടുചെമ്പകത്തിന് സ്പർശങ്ങൾ വാരിവിതറാനും മാത്രമേ കഴിയുന്നുള്ളൂ.
പ്രകാശവലയമാകട്ടെ, ഒഴുകി മറയുന്ന വടിവുകളെ ഇടക്കിടക്ക് മിന്നിച്ചുകൊണ്ട് പതിയെ പതിയുന്നു. ഒപ്പം പല ലോകങ്ങളുടെ ശ്വാസതാരകളും മറവികളും പതിയുന്നു. ഇവിടെ ഭാഷ നിർമിച്ച സംജ്ഞകളും ആശയങ്ങളും മതിയാവാതെ വരുകയും സങ്കൽപനങ്ങളുടെ ആശയലോകം വിശാലമാവുകയും ചെയ്യുന്നു. ‘വരകൾ പൊട്ടുമ്പോൾ’ എന്ന കവിതയും മുന്നോട്ടുവെക്കുന്നത് ലോകാനുഭവത്തെ വിവർത്തനം ചെയ്യാനുള്ള ഭാഷയുടെ അപര്യാപ്തതയെയാണ്. അതാണ് കാറ്റിന്റെ മൂർച്ച നോട്ടങ്ങളെ ചീന്തിയത്, മൂടൽമഞ്ഞിന്റെ വട്ടങ്ങൾ ഉടലിൽ താഴ്ന്നു താഴ്ന്ന് ഭൂമിയും കടന്നുപോയത്, ഉടൽ തുറന്നു വെളിച്ചം യാത്രയാകുന്നത്, തിളക്കങ്ങൾ അപരിചിതമായ നനവുകളാകുന്നത്. ഇവിടെ കടലാണ് മരണവും മറവിയും ഉടൽ വിസ്തൃതിയിൽ വരക്കുന്നത്. സ്വരങ്ങൾ നിശ്ശബ്ദതയോളമെത്തുകയാണ്. ഈ നിശ്ശബ്ദതയാകട്ടെ കവിതയിലൂടെ മാത്രം ആവിഷ്കൃതമാകുന്നതുമാണ്. അതാണ് ജോർജ് ഈ സമാഹാരത്തിൽ മുഴുവൻ രേഖപ്പെടുത്തിയിരിക്കുന്നത്.
‘നനവുകൾ’ എന്ന സമാഹാരത്തിലെ എല്ലാ കവിതകളുടെയും അന്തഃസത്തയെ ഉൾക്കൊണ്ട് ഒരു പ്രകാശഗോപുരമായി നിൽക്കുന്നതാണ് ‘കലുങ്ക്’. കവിതയെന്നോ ഗദ്യമെന്നോ ഗദ്യകവിതയെന്നോ വിശേഷിപ്പിക്കാവുന്ന രചന. അനുവാചകന്റെ ഭാവുകത്വത്തിനനുസരിച്ച് പേരിട്ടു വിളിക്കാവുന്ന എഴുത്ത്. മറ്റൊരു പ്രധാന കാര്യം പദങ്ങളുടെ ആവർത്തനമാണ്. പദങ്ങളുടെ ആവർത്തിത പ്രയോഗത്തിലൂടെ കാവ്യഭംഗി വർധിപ്പിക്കുകയും ആശയങ്ങളെ കൂടുതൽ ഫലപ്രദമായും തീവ്രമായും ആവിഷ്കരിക്കുകയുംചെയ്യാം.
ഭാഷ സങ്കൽപനങ്ങളെ ആവിഷ്കരിക്കാനുള്ള മാധ്യമമായതിനാൽ ആവർത്തിച്ച പദപ്രയോഗങ്ങളുടെ അടയാളപ്പെടുത്തലിലൂടെ സങ്കൽപനകളെ മെറ്റഫറുകളുടെ സ്ഥലത്തിലേക്ക് ഉയർത്താനും കഴിയും. ജോർജിന്റെ കവിതകളുടെ ഒരു സവിശേഷത ആവർത്തിച്ചുള്ള പദപ്രയോഗങ്ങളാണ്. അവ ആശയങ്ങൾക്ക് ബഹുവിധ മാനങ്ങൾ ഉണ്ടാക്കുന്നു. ഈ കൃതിയുടെ ആദ്യാവസാനം ഇത്തരത്തിലായതിനാൽ ഉദാഹരണത്തിനായി പ്രത്യേകം എടുത്തു കാണിക്കേണ്ടതില്ല. ഈ കവിതാസമാഹാരത്തിലെ പൊതുബോധം ഉടലറിവുമായി ബന്ധപ്പെട്ട നാനാർഥങ്ങളുടെ അവസ്ഥാന്തരങ്ങളാണെന്ന് പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.