വൈലോപ്പിള്ളി ശ്രീധരമേനോൻ

ഓണപ്പാട്ടുകാരിലെ വൈലോപ്പിള്ളി

വൈലോപ്പിള്ളിയെ സംബന്ധിച്ചിടത്തോളം, ഒരു വാർഷികാഘോഷം എന്നതിലുപരി മനുഷ്യർ നേരിടുന്ന ഭൗതികവും ദാർശനികവുമായ പല സമസ്യകൾക്കുമുള്ള പരിഹാരംകൂടിയായിരുന്നോ ഓണം? വൈലോപ്പിള്ളി കവിതയിലെ ‘ഒാണ’ത്തെ സവിശേഷമായി പരിശോധിക്കുകയാണ്​ നിരൂപകയും കവിയും അധ്യാപികയുമായ ലേഖിക.

“എല്ലാ പ്രക്ഷോഭങ്ങളില്‍നിന്നും അകന്നിരുന്ന്, ജനത്തെ സമഗ്രമായി വിലയിരുത്തി തത്ത്വചിന്താത്മകങ്ങളായ കൃതികള്‍ എഴുതിയാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ, നാടിന്റെ ചെറുതും വലുതുമായ ഭൗതികപ്രശ്‌നങ്ങളില്‍നിന്ന് മനസ്സിനെ പിടിച്ചടക്കിയിരുത്താന്‍ കഴിയുന്നില്ല. ആ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സ്‌നേഹത്തെക്കാളും നീതിയെ, ധർമത്തെയാണ് ഞാന്‍ തേടിപ്പിടിച്ച് സര്‍വാത്മനാ ആശ്രയിക്കുന്നത്.” (വൈലോപ്പിള്ളി ശ്രീധരമേനോൻ, ആമുഖം, ‘വൈലോപ്പിള്ളിക്കവിതകള്‍’, പ്രസാ. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം)

വൈലോപ്പിള്ളിയെ സംബന്ധിച്ചിടത്തോളം, ഒരു വാർഷികാഘോഷം എന്നതിലുപരി മനുഷ്യർ നേരിടുന്ന ഭൗതികവും ദാർശനികവുമായ പല സമസ്യകൾക്കുമുള്ള പരിഹാരംകൂടിയാണ്, ഓണം. മനുഷ്യവംശത്തി​ന്റെ പ്രയാണവും പരിണാമവും, പാരമ്പര്യവും പുരോഗതിയും, ഐക്യവും സംഘർഷവുമെല്ലാം ഉൾക്കൊള്ളുന്ന ആ മഹാഗാഥ പാടിനടക്കുന്നവർ, താനുൾ​െപ്പടെ, പല കാലത്ത് പലപല പേരിൽ അറിയപ്പെടുന്നുവെങ്കിലും, അടിസ്ഥാനപരമായി ഓണത്തപ്പ​ന്റെ പതാകവാഹകരാണ്. അവരെയെല്ലാവരെയും ചേർത്താണ്, ഇവിടെ ‘ഓണപ്പാട്ടുകാർ’ എന്നു വിവക്ഷിക്കുന്നത്.

(‘കന്നിക്കൊയ്ത്തി’ന് ശേഷം പ്രസിദ്ധീകരിച്ച ‘ശ്രീരേഖ’യിലെ) ‘തുയിലുണർത്തൽ’ എന്ന കവിത മുതൽക്ക് പ്രത്യക്ഷപ്പെടുന്ന ഇവർക്ക്, പിന്നീട്, ‘ഓണപ്പാട്ടുകാർ’ ‘ഓണമുറ്റത്ത്’, ‘ഓണപ്പാട്ട്’ തുടങ്ങി നിരവധി കവിതകളിലൂടെ, ആദിപ്രരൂപപരമായ ഒരസ്തിത്വം കൈവരുന്നതും കാണാം. കൗതുകകരമെന്നു പറയട്ടെ, ‘നിരവധി പുരുഷായുസ്സിനപ്പുറമാളിയൊരോണപ്പൊൻകിരണങ്ങൾ’ തങ്ങളുടെ നരച്ച ശിരസ്സുകൾ കൊണ്ടുനടക്കുന്നവരും ഓണക്കാലത്തുണർന്ന്, ‘തിരുവോണപ്പാട്ടുകളാണെൻ പാട്ടുകൾ' എന്നുദ്ഘോഷിക്കുന്നവരുമാണെങ്കിലും ഇവരെല്ലാം അതിസാധാരണക്കാരാണ്. പായും പനമ്പും നെയ്യുന്നവരോ, പാടത്തും പറമ്പിലും പണിയെടുക്കുന്നവരോ ആയ തൊഴിലാളികൾ; അരവയർ പട്ടിണിപെട്ടവർ, കീറിപ്പഴകിയ കൂറ പുതച്ചവർ.

ത​ന്റെ കവിതക്ക് പല കാലങ്ങളിലുണ്ടായ മാറ്റത്തെക്കുറിച്ച് വൈലോപ്പിള്ളി ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: “ആദ്യമാദ്യം ഭാവനകളുടെയും ഭാഷയുടെയും വൈശിഷ്‌ട്യസൗന്ദര്യങ്ങളെ അനുസരിച്ചെഴുതിയിരുന്ന ഞാന്‍ പിന്നെപ്പിന്നെ സാമൂഹിക ചലനങ്ങളില്‍ ശ്രദ്ധാലുവായിത്തീര്‍ന്നതിന്റെ മുദ്രകള്‍ ഈ കവിതകളുടെ ചോടു പിടിച്ചുപോകുന്നവര്‍ക്ക് കാണാന്‍ കഴിയും. ശൈശവസ്‌മരണകളില്‍ ഒന്നാം ലോകയുദ്ധത്തിന്റെ അമ്പരപ്പുകള്‍ പേറിനടക്കുന്ന ഞാന്‍, യൗവനത്തില്‍ മറ്റു പലരെയുംപോലെ രണ്ടാം മഹായുദ്ധത്തിന്റെ അണുസ്‌ഫോടനം വരെ നെഞ്ചില്‍ താങ്ങി.

എന്റെ നാടിന്റെയും പുതിയ അയല്‍നാടുകളുടെയും സ്വാതന്ത്ര്യലബ്ധിയില്‍ അതു ധന്യത പൂണ്ടു. അനന്തര കാലുഷ്യങ്ങളെക്കൊണ്ട് അപ്രസന്നമായ പാതയിലൂടെ ഇപ്പോഴും നീങ്ങുന്നു” (വൈലോപ്പിള്ളിക്കവിതകള്‍ എന്ന പേരില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം സമാഹരിച്ച കൃതിയുടെ ആമുഖം). എന്നാൽ, അന്തിയുണ്ട്, പഴങ്ങൾ തൻ മാംസം നുണഞ്ഞ്, വിദ്യുദൈദ്രധനുസ്സുകൾ ചൂഴും സത്യസൗന്ദര്യലോകം തേടിക്കുതിച്ച തന്നിലെക്കവി, ഓണപ്പാട്ടുകാരിലൊരാളായി മാറിയതെങ്ങനെ എന്നദ്ദേഹം തെളിച്ചു പറഞ്ഞിട്ടില്ല.

കവിതയുടെ അടിവേരുകൾ നീളുന്നത് അധ്വാനത്തിന്റെ താളത്തിലേക്കാണ് എന്ന ബോധ്യം, ആദ്യകാലം മുതൽക്കേ വൈലോപ്പിള്ളിയിൽ കാണുന്നുണ്ട്; ഓണം, അധ്വാനിക്കുന്ന ജനതയുടെ അഭിമാനബോധത്തെയും പാരമ്പര്യവീര്യത്തെയും ഉണർത്തുന്ന സവിശേഷ സന്ദർഭമായിട്ടും. കളികളും പാട്ടുകളും സർഗാത്മകമായ മറ്റു നിരവധി ആനന്ദങ്ങളും നിറഞ്ഞ ഓണക്കാലം പക്ഷേ, കുട്ടിയായ കവിക്ക് ദൂരെനിന്ന് നോക്കിക്കാണാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്ന് അദ്ദേഹം (കാവ്യലോക സ്മരണകളിൽ) എഴുതിയിട്ടുണ്ട്: “ഞങ്ങളുടെ നാട്ടിൽ സവർണർ എന്നു പറയുന്നവരുടെ വീടുകളിൽ ഓണക്കളിയോ തിരുവാതിരക്കളിയോ അതതിന്റെ ആട്ടമോ പാട്ടോ ഒന്നും ഉണ്ടായിരുന്നില്ല.

പുത്തൻ പരിഷ്കാരത്തിന്റെ മരവിപ്പ് അവിടെ എല്ലാം അരിച്ചുകയറി തുടങ്ങിയിരുന്നു. എന്നാൽ ഈഴവർ, പുലയർ മുതലായവരുടെ കുടിലുകളിൽ ഓണത്തിനു വിശേഷിച്ചും, പാട്ടും കൈകൊട്ടിക്കളിയും തിരുതകൃതിയായി നടന്നിരുന്നു. നിഷ്കളങ്കമായ ഈ നൈസർഗിക വിനോദം കണ്ടും കേട്ടും വഴിയരികിൽ ഞാൻ കൊതിച്ചു നിൽക്കാറുണ്ട്; ഒട്ടു മുതിർന്നതിനുശേഷവും. ഓണക്കളിക്കാർ മുതലായ കവിതകളിൽ പിന്നീട് അവരുടെ ഈ സ്വാഭാവികാഹ്ലാദത്തിമിർപ്പിനെ ഞാൻ കൊണ്ടാടിയിട്ടുണ്ട്’:

 

‘‘പൂർവികരുടെ ശീലുതുടർന്നീ-/ പുതുതാം തലമുറ പാടുമ്പോൾ /പുതിയൊരുദാരത, പുതിയൊരു ധീരത,/ പുളയുകയാണാഗ്ഗാനത്തിൽ/ വേലയെ വേട്ടവരെങ്ങും വെല്ലും/ പോലെ വരട്ടെ പൊന്നോണം’’ എന്നു മാത്രവുമല്ല, അവരുടെ നൈസർഗിക കാവ്യങ്ങൾക്കു മുന്നിൽ, ത​ന്റെ നാഗരികഗീതങ്ങൾ, പൊൻകസവിഴയെന്നു കരുതി നെയ്ത ഈരടികൾ, കേവലം മാറാലകളായിപ്പോയതും കവി തിരിച്ചറിയുന്നു. അപ്പൊഴൊക്കെയും, താൻ അവരിലൊരാളാകാൻ ആഗ്രഹിക്കുന്നതേയുള്ളൂ. എന്നാൽ, ‘ഓണമുറ്റത്ത്’ എന്ന കവിതയിലെത്തുമ്പോൾ, ഓണപ്പാട്ടുകാരനായ പുലവനും കവിയും തമ്മിലുള്ള ആത്മൈക്യത്തി​ന്റെ ലയം പൂർണമാകുന്നു:

“പഴയൊരു പുള്ളുവനാണല്ലോ ഞാൻ;/ പായും കുടയും നെയ്യും, പിന്നെ-/പ്പല കൈവേലകൾ ചെയ്യും, പുഞ്ചകൾ/ കൊയ്യും കാലം കറ്റമെതിച്ചു കി-/തയ്ക്കും ഗ്രാമപ്പെൺകൊടിമാരുടെ/ കരളുകൾ തുള്ളാൻ, കാലുകൾ നർത്തന-/ കലവികൾ കൊള്ളാ, നഴകിയ നാടൻ-/ കവിതകൾ പാടിയിരിക്കും ചാരേ/ ഞാനും കൈയിലെ വീണപ്പെണ്ണും.../ വെറ്റിലയൊന്നു മുറുക്കാ,നൊന്നു കൊ-/റിക്കാൻ നെല്ലു കിടച്ചാലായി.”

പരിഷ്‍കാരത്തി​ന്റെ തിണ്ണയിലുള്ളവർ നോക്കുമ്പോൾ, പൂത്തറയിൽ, ഓലക്കുടയും ചൂടിയിരിക്കുന്ന ഓണത്തപ്പ​ന്റെ മൺപ്രതിമക്കു മുന്നിൽ പാടാനിരിക്കുന്ന ഒരു പഴവൻ; എന്നാൽ, പാട്ടുകാരൻ കാണുന്നതോ, മലയാളത്തറവാട്ടി​ന്റെ അങ്കണത്തിൽ, സ്വർണസിംഹാസനത്തിൽ, മുത്തുക്കുടയും ചൂടിയിരിക്കുന്ന മഹാബലിയെ! പൊടുന്നനെ, അയാൾ, ‘തുംബുരനാരദവിദ്യാധരസുരകിംപുരുഷാദിക’ളുടെ പിൻഗാമിയായി മാറുന്നു, അഭിമാനത്താൽ വളരുന്നു: ‘‘വാക്കിനു വാക്കിനു പൊരുളിൻ മുത്തുക-/ ളുതിരും പഴയൊരു പുലവൻ ഞാൻ;/ എൻ കൈയിലിരിക്കും വീണപ്പെൺകൊടി/ കലയുടെ സഖിയാം കന്നിപ്പൈങ്കിളി/ കാലത്തിന്റെ കൂടത്തിൽക്കൊട്ടി- /ക്കൂടെപ്പാടുവതോമൽക്കൈരളി.’’

അരിയും പഴവും പപ്പടവും നൽകി ഒഴിവാക്കാൻ ശ്രമിക്കുന്നവർക്ക്, അയാൾ, വാക്കിൽ പൊരുളുണർന്ന പെരിയ പുലവനാകുന്നതോ അയാളുടെ ചെറുവീണ കലയുടെ സഖിയായ കന്നിപ്പൈങ്കിളിയാകുന്നതോ കൂടെപ്പാടാൻ കൈരളി ഇറങ്ങിവരുന്നതോ കാണാൻ കഴിയുന്നില്ലെന്ന് മാത്രവുമല്ല, അയാളുടെ പാട്ടുകൾ, കിനാവെന്നോ കളവെന്നോ അനുകരണമെന്നോ ‘‘പഴമയിലിഴയും പല്ലുകൊഴിഞ്ഞൊരു പാട്ടെ’’ന്നോ തോന്നുകയുംചെയ്യും. അവരോടും, ലോകത്തോടും തനിയ്ക്കൊന്നേ പറയാനുള്ളൂ: “ഇവരറിയുന്നീലെന്നഭിമാനം-”

വൈലോപ്പിള്ളിയുടെ ഓണക്കവിതകളിൽ തെളിയുന്ന സോഷ്യലിസ്റ്റ് വീക്ഷണം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നിരവധി സാധ്യതകളുണ്ടായിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ/ കേരളത്തിൽ സോഷ്യലിസം സാധ്യമാകുന്നില്ല എന്ന സംശയവും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരർഥത്തിൽ, ഈ സമസ്യക്കും മഹാബലി-വാമന കഥ, അദ്ദേഹത്തിന് ഉത്തരം നൽകിയിട്ടുണ്ട്. ആ കഥയുടെ സമകാലികമായൊരു വായനയിൽ, മനുഷ്യർ, കാർഷിക സംസ്കൃതിയിലേക്ക് എത്തും മുമ്പേ നിലനിന്ന പ്രാകൃത സോഷ്യലിസ്റ്റ് കാലംതന്നെയാണ് ഓണക്കാലം എന്നും ‘ദേവമായ’ത്താൽ, ‘കുരുട്ടുമനസ്സു’കളുടെ ‘കുടിലത’യാൽ മഹാബലിക്ക് പാതാളത്തിൽ പോകേണ്ടിവന്നതിനാലാണ്, അധഃസ്ഥിത ജനതക്ക് മോചനം ലഭിക്കാത്തത് എന്നും അദ്ദേഹം തിരിച്ചറിഞ്ഞു.

ചരിത്രപരമായ ഈ അട്ടിമറിക്കു പിന്നിൽ, രാഷ്ട്രീയമായ അധികാര വടംവലികൾ നടന്നിട്ടുണ്ടാകുമെന്ന് മഹാബലി-വാമന കഥ പറയുന്നിടത്തൊക്കെ കവി സൂചിപ്പിച്ചിക്കുന്നതു കാണാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, The Origin of Family എന്ന കൃതിയിൽ, ഏംഗൽസ് സൂചിപ്പിക്കുന്ന, സമത്വാധിഷ്ഠിത സാമൂഹികബന്ധങ്ങളുടെ തകർച്ചയിലേക്ക് നയിച്ച സ്വകാര്യസ്വത്തി​ന്റെ ഉത്ഭവവും അധികാരശ്രേണിയുടെ രൂപവത്കരണവും തന്നെയാണ്, വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാരും പാടുന്നത്:

 

“മുന്നം വാമനനസുരാധീശനെ,/ മൂവടിമണ്ണിനിരന്നു കൊടുത്തൊരു/ ദാനത്തണ്ണീരുടെയൊഴുക്കി-/ പ്പാതാളത്തിലയച്ചതുതൊട്ടേ,/ മായം പൂണ്ട കുരുട്ടു മനസ്സുകൾ / കുനിയും മുഖമൊടു കൂമ്പും കരമൊടു/ മഞ്ജുസ്‌മിതമൊടു നാനാതുറകളിൽ/ മുന്തിയ ശുദ്ധോദാരാത്മാക്കളെ/ മൂവടിയിടമേ കെഞ്ചിയിരന്നതു/ നൽകുകയാലേ മുതിരും കാലാൽ/ മൂർധാവിങ്കലമർത്തി, ജ്ജീവിത-/ പാതാളത്തിലണച്ചതുമെല്ലാം.”എന്നും

‘‘മൂവടി മണ്ണിനിരന്നു കവർന്നു... വ-/ ധിച്ചു നശിപ്പോരൽപസുഖത്തിൻ/ പാവകളിച്ചതു തല്ലിയുടച്ചു/ കരഞ്ഞു മയങ്ങിയുറങ്ങിടുന്നോർ/ സൽഗുണമഹിമ ചവിട്ടിയമർത്തി / വസുന്ധരയൊക്കെയസുന്ദരമാക്കി/ സ്വർഗപഥത്തിൽ നയിപ്പാനന്ധ-/ വിരക്തിയെ നിന്നു വിളിച്ചീടുന്നോർ-” എന്നുമൊക്കെ, ഇത്തിരിവട്ടം മാത്രം കാണുകയും ചിന്തിക്കുകയും ചെയ്യുന്ന അധോമുഖവാമനൻമാരുടെ പുരാവൃത്തം അദ്ദേഹം ആഖ്യാനംചെയ്തു.

“ആവിധം പോകെ, ബലഹീനതയുടെ ബലി-/ഷ്ഠായുധം വിബുധന്മാരങ്ങയിൽ പ്രയോഗിച്ചു;/ പശ്ചിമാംബുധിതീരം തുടുക്കെ, ശുഭകർമ- / യജ്ഞശാലയിൽ മേവുമങ്ങയെ, സ്സുവിനീതം/ വഞ്ചനയുടെ പാദം ചവിട്ടിത്താഴ്ത്തി, ധർമ-/ ഭ്രംശമെന്നൊരു പാപം ചുമത്തിപ്പാതാളത്തിൽ-” എന്നിങ്ങനെ ‘അഭിവാദന’ത്തിലും ഈ അട്ടിമറി രേഖപ്പെടുത്തുന്നുണ്ട്. തന്നെയുമല്ല, ‘ബലഹീനതയുടെ ബലിഷ്‌ഠായുധം’ എന്നതിന് ‘ചതി’ എന്ന അടിക്കുറിപ്പും ചേർത്തിരിക്കുന്നു. ചതി ഒരു ദേവമായത്താലും മറയ്ക്കപ്പെടരുത് എന്ന നിർബന്ധം ഇതിലുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും, ചരിത്രമവസാനിക്കുകയില്ലെന്നും വരാനിരിക്കുന്ന പുതിയ യുഗത്തിൽ ധർമപ്പെരുമാളുമായി അദ്ദേഹം മാനവഹൃദയസിംഹാസനത്തിലേറി ഭരിക്കുമെന്നും കവിക്കുറപ്പുണ്ട്. (‘പുതിയൊരു യുഗമാണത്രേ വന്നു പിറന്നു’ എന്ന് വർത്തമാനകാലക്രിയയാണ് ഉപയോഗിച്ചിരിക്കുന്നതെന്നത് ഈ ഉറപ്പിനെ അഭിവ്യഞ്ജിപ്പിക്കുന്നു.) അതിനു സാക്ഷിയായി താനുണ്ടാകണമെന്നില്ല. എന്നാൽ, തലമുറകളിലൂടെ തുടരുന്ന ജീവശ്ശക്തി, പുരോഗാമിയായ കാലത്തോടൊപ്പം അന്നു വരേക്കും തന്നെ നിലനിർത്തുമെന്ന പ്രതീക്ഷ അദ്ദേഹത്തിൽ കെട്ടുപോകുന്നില്ല:

‘‘ഞാനൊരു പഴവനിരിക്കില്ലെന്നേ-/ യ്ക്കെങ്കിലുമെന്നെയടക്കിയ മണ്ണിൻ-/ മാറിലൊരോമൽപ്പൊൻപൂവുണ്ടാം, / പൂന്തേനുണ്ണാനൊരുമണിവണ്ടും.../ ആ മലർനുള്ളിപ്പുതിയൊരു തലമുറ-/ യങ്ങേപ്പൂക്കളമണിയിച്ചേയ്ക്കാം.../ ആ മധുവുണ്ടൊരു മണിവണ്ടിവിടെ-/ ചിറകിൻ വീണയിൽ മീട്ടിപ്പാടാം/ ഞാനിന്നിവിടെപ്പാടുമ്പോലെ’’ (ഓണമുറ്റത്ത്).

ആ കാലം എപ്പോൾ വരുമെന്ന് കവിക്കറിഞ്ഞുകൂടെങ്കിലും അക്കാലത്തെ മനുഷ്യർ എങ്ങനെയായിരിക്കുമെന്ന് അദ്ദേഹത്തിന് ഊഹമുണ്ട്: “അലിഖിതമായൊരു ധർമം പാലി-/ ച്ചുന്നതവിസ്തൃത ചിന്താകർമ/ പ്പൊലിമയിലന്നു പരസ്‌പരമൊത്തു പു-ലർന്നു മനുഷ്യൻ മഹാസ്വതന്മാർ സ്വൈരതയേലിലുമവിടെസ്സുദതികൾ...

സൗഹൃദമധുര പവിത്രചരിത്രകൾ/ വീരതകൊൾകിലുമവിടെപ്പൂരുഷർ/ വിനയവിശാരദർ, കരുണാമൂർത്തികൾ/കുശമുനപോലാം ധിഷണകളവിടെ/ ക്കുടിലതയെന്നേമിന്നി, വാർധക/ ദശയിലുമങ്ങു വികസ്വര യൗവന/ രസികതയാർന്നു വിളങ്ങി കരൾകൾ” (ഓണപ്പാട്ടുകാർ), എന്നിങ്ങനെ ആന്തരികമായ അച്ചടക്കവും ഔന്നത്യവുമുള്ള ജനത. ഇത്തരമൊരു ജനതക്കേ മഹാബലിയെപ്പോലെ ഒരു ഭരണാധികാരിയെ ചിരകാലത്തേക്ക് കൊണ്ടുനടക്കാനാകൂ. അതിനു സാധിച്ചില്ല എന്നത് നമ്മുടെ പരാജയമായി കവി തിരിച്ചറിയുന്നു.

‘‘ഋഷിമാരുടെ പുണ്യാശ്രമമാമിബ്ഭൂമിയിൽ/ തൃഷിതാത്മാവേ, സ്നേഹതീർഥത്താൽ സന്തർപ്പിച്ചു/ ലജ്ജിച്ചും വ്യസനിച്ചും ദീർഘമാം തപസ്യയാ-/ ലുൾച്ചിന്നും മൃഗത്വത്തെസ്സംസ്കരിച്ചിണക്കിയും/ ജീവിതപ്രകാശമാം ധർമത്തെയുപാസിച്ചും/ ദേവദാനവമർത്ത്യ നിർദയ ഹൃദയങ്ങൾ/ പൂവുപോൽ പരിശുദ്ധമാകട്ടെ, മടങ്ങായ് വാൻ/ ഹാ! വരികപ്പോൾ, അങ്ങേയ്ക്കർഹരാമപ്പോൾ ഞങ്ങൾ...’’

മഹാബലിയെപ്പോലെ ഒരു ഭരണാധികാരിക്ക് അർഹരാകുന്ന വിധത്തിൽ മനുഷ്യർ ഉയരുന്ന കാലം തന്നെയാണ് കവിയുടെ ഓണക്കാലം. പ്രായോഗികമായി ഇത്തരമൊരു വ്യവസ്ഥിതി രൂപപ്പെടുത്താൻ സോഷ്യലിസത്തിലൂടെ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വിശ്വസിക്കുന്നു.

സങ്കീർണമായ സാമൂഹിക വ്യവസ്ഥയിൽ, ഇത്തരമൊരു ഔന്നത്യത്തിലേക്ക് സ്വയം ഉയരാൻ, ജനതക്ക് സാധിച്ചെന്നു വരില്ല. അപ്പോൾ, അവരെ കൈപിടിച്ചുയർത്താൻ ഇച്ഛാശക്തിയുള്ള പുതിയ മഹാബലിമാർ ഉണ്ടാകേണ്ടതാണ് എന്നും അദ്ദേഹം എഴുതി. (ഒരു ഭരണാധികാരിയെന്ന നിലയിൽ, മലയാളികളെ ഒന്നിപ്പിക്കുകയും സ്വത്വബോധമുള്ളവരാക്കുകയും ചെയ്‌ത രണ്ടുപേരെ -മഹാബലിയെയും ഇ.എം.എസിനെയും -താരതമ്യംചെയ്യുന്ന) ‘അഭിവാദനം’ എന്ന കവിതയിൽ, ഏതു ഭരണാധികാരികളുടെയും മൗലികവും പ്രഥമവുമായ കടമ എന്താണ് എന്ന വൈലോപ്പിള്ളിയുടെ സങ്കൽപം അനാവരണം ചെയ്യപ്പെടുന്നുണ്ട്:

‘‘കുണ്ടിലുമിരുട്ടിലും കുഴമണ്ണിലും കള്ളിൻ-/ തൊണ്ടിലും ക്രൂരാചാരപാഷാണപ്പരപ്പിലും/ നിന്നൊരു ജനതയെ നിർമിച്ചു,/ വെളിച്ചത്താൽ കണ്ണുകൾ കഴുകിച്ച/ വളർത്തിയെടുക്കവെ...’’ ഇതിനു സമാന്തരമായി,

‘‘ഹേ ലെനിൻ, ഇതേമട്ടു/ മണ്ണിൽ മാഴ്‌കിടും മണ്ണു-/പോലെഴും ജനതയെ- / വീണ്ടുയുർത്തിയഭവാൻ...’’ എന്ന് ‘ലെനിൻ’ എന്ന കവിതയിലും ‘‘സ്വച്ഛം, സുന്ദരമെല്ലാം- എന്നാൽ/ സുന്ദരതമമായുള്ളതു ധർമം/ ധർമത്തിൻ പെരുമാളെയിരുത്തി, മ- /ഹാബലിയെ ശുഭമാനസവേദിയിൽ / നമ്മൾ തുരത്തീ വാമനമൂർത്തിയെ,/ വഞ്ചനകാമനയെബ്ബഹുദൂരം/ ആരുടെ നെഞ്ചിലെ വാത്സല്യത്തി- / ന്നാതാപമേറ്റു രോജാസൂനവു-/ മകളങ്കം ശിശുലോകവു മാകുല- / ലോകസമാധാനത്തിൻ പ്രാവും/ അസ്തംഗതനാമാപ്രിയരൂപനെ,/ ഭാരതനാട്ടിൻ രാജകുമാരനെ-/ യാവീരോജ്ജ്വലചരിതനെ നമ്മ-/ ളിരുത്തി മാബലി മന്നന്നരികെ/ തിരുവോണത്തിനു മാത്രവുമല്ലാ/ സത്യത്തെസ്സൗന്ദര്യത്തെപ്പൂ/ ത്തറമേൽ മനസിയുപാസിക്കെ,/ പ്പുനരോണം വരവായോരോ ദിനവും’’

എന്ന് ‘ഓണക്കിനാ’വിലും അദ്ദേഹം പറയുന്നതു കാണാം. ഇ.എം.എസും ലെനിനും നെഹ്റുവുമെല്ലാം പൊതുവായി പങ്കുവെച്ചത്, സമത്വത്തി​ന്റെ, സോഷ്യലിസത്തി​ന്റെ, സ്വപ്നമാണല്ലോ. പോകപ്പോകെ, ഇത്തരം പ്രതീക്ഷകളും അദ്ദേഹത്തിൽ അസ്തമിച്ചുവോ? വിമോചനസമരം, അടിയന്തരാവസ്ഥ തുടങ്ങിയ രാഷ്ട്രീയ സാഹചര്യങ്ങൾ കവിയെ അസ്വസ്ഥനാക്കിയിട്ടുണ്ട് എന്നതിന് അദ്ദേഹത്തി​ന്റെ കവിതകൾതന്നെ തെളിവ്. അവസാനകാലത്തെഴുതിയ പല കവിതകളിലും നിരാശയുടെ സ്വരം കേൾക്കാമെങ്കിലും, പ്രതീക്ഷ കൈവിടാൻ അദ്ദേഹം തയാറാവുന്നില്ല. അത്രയൊന്നും ചർച്ച ചെയ്യപ്പെടാത്ത, ‘ചാത്തനും കുയിലും ഞാനും’ എന്നൊരു ദീർഘകവിതയുണ്ട്, വൈലോപ്പിള്ളിയുടേതായി. ഇനിയും സാധ്യമാകേണ്ട ഓണക്കാലത്തെക്കുറിച്ചുള്ള ഗഹനമായ ചിന്തകൾ അദ്ദേഹം മുന്നോട്ടുവെക്കുന്ന രചനയാണിത് (കുയിൽ കുമാരനാശാനും ചാത്തൻ ‘ദുരവസ്ഥ’യിലെ കഥാപാത്രവും ആണ്).

കവിത ആരംഭിക്കുമ്പോൾ, ഓണമുണ്ണാൻ ചാത്തനെ ത​ന്റെ ഗൃഹത്തിലേക്ക് ക്ഷണിക്കുകയാണ് കവി: “ഓണമുണ്ണുവാനൊന്നിച്ചു ചാത്താ,/ വേണമിയ്യാണ്ടു നീയുമെൻ വീട്ടിൽ/ ഈ മലനാട്ടിൽ ചെങ്കോൽ പിടിച്ച/ നീ മഹാബലി, ദേവമായത്താൽ/ കൂരിരുട്ടിൽ പതിച്ചു ദാസ്യത്തിൻ/ ഭാരമേറിയ തൂമ്പയേന്തീലേ?”

ഇവിടെ, മഹാബലിയും ചാത്തനും ഒരാൾ തന്നെയാകുന്നതു ശ്രദ്ധിക്കുക. അപ്പോൾ, ചാത്ത​ന്റെ വിമോചനം– ഏറ്റവും അധഃസ്ഥിതരായ മനുഷ്യരുടെ ഉന്നമനം– തന്നെയാണ് ഓണം എന്നു വരുന്നു. അധികാരവും സമൂഹത്തിലെ ശ്രേണീബന്ധങ്ങളും ചാത്തനെ എക്കാലത്തും കൂരിരുട്ടിൽ നിർത്താനേ ശ്രമിക്കുകയുള്ളൂ. ഏതു വ്യവസ്ഥിതി വന്നാലും വിദ്യയറ്റവർക്ക് ഒരവകാശവും നേടിയെടുക്കാനാവില്ലെന്നും, സ്വന്തം സഹോദരന്റെ പുറത്തു കയറി യാത്രചെയ്യാൻ കൊതിക്കുന്നവരാണ് ചുറ്റുമുള്ളതെന്നുമുള്ള തിരിച്ചറിവിൽ, വിദ്യയും സ്നേഹവും വിമോചനോപാധിയാകുമെന്ന് കവി വിശ്വസിക്കുന്നു. ഒറ്റപ്പെട്ട വ്യക്തികൾ തമ്മിലുള്ള സ്നേഹം ഏതുവിധമായാലും മാനുഷ്യകത്തി​ന്റെ മൊത്തം പ്രശ്നമാകുമ്പോൾ സ്വന്തം സഹോദര​ന്റെ പുറത്തേറി യാത്രചെയ്യുന്നത് സ്നേഹരാഹിത്യം മാത്രമല്ല, സഹോദരൻ അനുഭവി‌ക്കേണ്ടിവരുന്ന അസ്വാതന്ത്ര്യവും അസമത്വവുംകൂടിയാണ്. പുറത്തുനിന്നുള്ള ഒരിടപെടലും മാറ്റമുണ്ടാക്കുകയില്ല എന്ന തിരിച്ചറിവാണ് പ്രശ്നപരിഹാരമായി ഇപ്രകാരം നിർദേശിക്കാൻ കവിയെ പ്രേരിപ്പിക്കുന്നത്;

 

“മാനവന്നു പുറത്തുനിന്നും സ-/ മ്മാനമായ് വരാ സ്വാതന്ത്ര്യസൗഖ്യം/ വ്യക്തിയും, സമുദായവും നാടും/ ഭദ്രമുള്ളിൽനിന്നുള്ള വികാസാൽ/ സുസ്വതന്ത്രത ചൂടുന്നു, നല്ല / ചുറ്റുപാടുകൾ ചൂഴുമൃതുക്കൾ...” ഉള്ളിൽനിന്നുള്ള വികാസത്തിന് വിദ്യതന്നെയാണ് വേണ്ടത്. വിദ്യ കിട്ടി അൽപം ഉയർന്നവരോട് ചാത്തനു (കുയിലിനും കവിക്കും) പറയാനുള്ളത് ഇതാണ് –നിങ്ങളിൽ തല മുന്തിയോർ അൽപസുഖങ്ങളിൽ ചാഞ്ഞുറങ്ങാതെ സമുദായത്തെ ഉന്നമിപ്പിക്കുന്നതിനുവേണ്ടി വിദ്യാലയങ്ങൾ സ്ഥാപിക്കുക. കാരണം,

‘‘തിണ്ടിലുള്ള താപ്പാനയാൽക്കേറും/ കുണ്ടിലുള്ള കാട്ടാനയനേകം’’ അങ്ങനെ, ഒരു ജനത മുഴുവൻ പ്രകാശം പരത്തുന്നവരായി ഉയരും. അത്തരമൊരവസ്ഥയെത്തുമ്പോൾ, “കള്ളക്കർക്കടം മാഞ്ഞു സിംഹത്തിൻ/ കണ്ഠത്തിൽക്കേറിയെത്തിടുമോണം;/ ഓണമുണ്ണുവാനൊന്നിച്ചു ചാത്താ,/ ഞാനുമുണ്ടാവുമന്നു നിൻ വീട്ടിൽ–” കവി സ്വപ്നം കണ്ട ‘നാളെ’ ഏറക്കുറെ സാധിതമായ മലനാട്ടിലെ പുതുതലമുറയാണ് നമ്മൾ എന്നതിൽ അഭിമാനിക്കാം. ഒരു കാലഘട്ടത്തി​ന്റെ ഭൗതിക സമസ്യകളിൽ പലതും നമ്മൾ പരിഹരിച്ചിരിക്കുന്നു.

എന്നാൽ, പുതിയ കാലത്തിന് അതി​ന്റേതായ പ്രശ്നങ്ങളും സമസ്യകളും ഉണ്ട് എന്ന് തിരിച്ചറിയാനോ വൈലോപ്പിള്ളിയെയും അദ്ദേഹത്തി​ന്റെ തലമുറയിലെ മറ്റു കവികളെയുംപോലെ, അത്ര ആവേശത്തോടെ, പുതിയ കാലത്തി​ന്റെ സമത്വസന്ദേശങ്ങൾ ചിറകിൻ വീണയിൽ മീട്ടിപ്പാടാനോ നമുക്ക് സാധിക്കാത്തതെന്തുകൊണ്ടാവാം എന്ന ആലോചനയോടെ ചുരുക്കുന്നു.

Tags:    
News Summary - weekly literature book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.