മഹാകവി പി. കുഞ്ഞിരാമൻ നായരുടെ കവിതകളിലൂടെ സഞ്ചരിക്കുകയാണ് ഇൗ പഠനം. കവിയുടെ 120ാം ജന്മവാർഷികമാണ് ഇപ്പോൾ. പ്രകൃതിയിലെ മാനുഷികഭാവങ്ങളിലേക്കും മനുഷ്യനിലെ പ്രകൃതിഭാവങ്ങളിലേക്കും നിരന്തരം ദോലനം ചെയ്യുന്ന കാലഘടികാരമാണ് മഹാകവി പി യുടെ കാവ്യജീവിതമെന്ന് കവികൂടിയായ ലേഖകൻ എഴുതുന്നു.
‘‘സമാധി തേടി ചിദാകാശഗീതം കേട്ട് പകർത്തണം. അതാണ് കവിത. സത്യദർശനം കൈവന്നവന്റെ ദിവ്യാനുഭൂതിയിൽനിന്ന് ഉറവെടുക്കുന്ന കവിത ലോകാനുഗ്രഹത്തിനിറങ്ങിയ പാൽപ്പുഴയാണ്. ആ അനുഭൂതിയില്ലാത്ത കവിത ആത്മാവില്ലാത്ത ശവം മാത്രം. റബ്ബർബൊമ്മ’’ (പി. കുഞ്ഞിരാമൻ നായർ/ കവിയുടെ കാൽപാടുകൾ).
പ്രകൃതിയിലെ മാനുഷികഭാവങ്ങളിലേക്കും മനുഷ്യനിലെ പ്രകൃതിഭാവങ്ങളിലേക്കും നിരന്തരം ദോലനംചെയ്യുന്ന കാലഘടികാരമാണ് മഹാകവി പി യുടെ കാവ്യജീവിതം. കവിതാജീവിതസന്യാസയാനമെന്ന് അതിനെ വിവക്ഷിക്കാം. ‘കവിയുടെ കാൽപാടുകൾ’ ഒരേസമയം കവിയുടെ ആത്മകഥയും കവിയുടെ കാഴ്ചപ്പാടും ആകുന്നു. ജൈവനീതിയുടെ സാമൂഹികബോധപാഠങ്ങളായി അവയെ വായിച്ചെടുക്കാം. കവിയുടെ കാഴ്ചകൾ നീളുന്നത് പ്രപഞ്ചത്തിന്റെ ആത്മസൗന്ദര്യ നാളങ്ങളിലേക്കും ആ കാതുകൾ ചെല്ലുന്നത് ആദിനാദങ്ങളിലേക്കുമാണ്. ആ സത്യാന്വേഷണ സൂക്ഷ്മസഞ്ചാരങ്ങൾക്ക് സൂക്ഷ്മജീവികളും ഇഴജന്തുക്കളും ഋതുക്കളും പൂക്കളും നിലാവും പുഴയും പ്രണയവുമെല്ലാം കൂട്ടുചേരുന്നു.
‘‘തേടുകജ്ഞാത പുഷ്പത്തിൻ/തേൻ, ചൊല്ലി മധുമക്ഷിക/ആൽവിത്തുരച്ചു, നീ തേടു-/കാത്മാവിൻ പരിപൂർണത’’
മഹാകവി പി യുടെ ‘കവിയുടെ കാൽപാടുകൾ’, ‘എന്നെത്തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നീ മൂന്ന് ആത്മകഥകളും ഗദ്യത്തിന്റെ ധ്വനിസാന്ദ്രതയിൽ ശിൽപപ്പെട്ട കവിതകളായി കാണാനാണ് എനിക്കിഷ്ടം. അവയിലെ ഭാഷയുടെ നിത്യനൂതനത്വം, വാചകങ്ങളുടെ മിതത്വം, പദങ്ങളുടെ സാരള്യം, പ്രപഞ്ചോന്മുഖമായ സൗന്ദര്യം തേടിയുള്ള നിരന്തരസഞ്ചാരം, അതിലൂടെ പ്രത്യക്ഷമാവുന്ന ജീവിതദർശനങ്ങൾ എന്നിവയെല്ലാം കവി മറയില്ലാതെ ആവിഷ്‍കരിക്കുന്നു. അവയിലെല്ലാം വിശ്വ മാനവകവിതയുടെ ആന്തരികശ്രുതി കേൾക്കാനാവും.
പി യുടെ കവിതകളും ഒരർഥത്തിൽ കവിയുടെ ആത്മകഥനങ്ങൾതന്നെയാണ്. അശാന്തമായ ആത്മാവിന്റെ നിലവിളികളും പ്രാർഥനകളും രോഷങ്ങളും പ്രണയവുമെല്ലാം പ്രകൃതിയിലെ സർവചരാചരങ്ങളിലൂടെ സംക്രമിപ്പിച്ച് കവിതയാക്കി വാറ്റിയെടുക്കുന്ന രസരാസവിദ്യയാണത്. ലോകത്തെ നന്നായിക്കാണാനുള്ള ആത്മാർഥത തികഞ്ഞ സാമൂഹികബോധം അവയുടെ അടരുകളിൽ കാണാം. സാമാന്യമായ ലൗകികജീവിത പരിസരങ്ങളിലുള്ള സുഖഭോഗ തൃഷ്ണകളിലല്ല കവിയുടെ ആന്തരികചോദന നിലകൊള്ളുന്നത്.
‘കളിയച്ഛൻ’ എന്ന കവിത തന്നെ കവിയുടെ ആത്മകഥയുടെ സാന്ദ്രരൂപമായി നമുക്ക് കാണാനാകും. യഥാർഥ കലാകാരനും അയാൾക്കുള്ളിലെ വ്യക്തിയും തമ്മിലുള്ള അന്തഃസംഘർഷങ്ങൾ സൂക്ഷ്മമായി ഈ കവിതയിൽ ആവിഷ്കൃതമാവുന്നുണ്ട്.
‘‘മഞ്ഞിൽക്കുളിച്ചു കുളിരാർന്നൊരാതിര-
ത്തെന്നൽ കുറുനിരയൊന്നു മുകരണം
മുന്തിരിച്ചാറു പിഴിയുന്ന മൂവന്തി-/ യൊന്നായ് ചിരട്ടയിലിത്തിരി മോന്തണം/ രാകാശശാങ്കമുഖിയാം രജനിതൻ/ വാർകൂന്തലിൽ മുല്ലമാല ചൂടിക്കണം/ വായ്ക്കും രസത്തിൻ കസാലയിൽ വീണുടൻ/ വാനത്തു മോഹപ്പുകക്കോട്ട കെട്ടണം/ മേലാ ഗുരുപദം പിൻപറ്റിയിക്കലാ-/ ലോലമാം ജീവിതകാലം തുലയ്ക്കുവാൻ’’ എന്ന സ്വാതന്ത്ര്യബോധമാണ് പി യെന്ന കാവ്യകലാകാരനിൽ. വ്യവസ്ഥിതികളുടെ കളിയരങ്ങിൽനിന്നും പുറത്തേക്ക് കടക്കാൻ അയാൾ നിരന്തരം ആഗ്രഹിക്കുന്നു.
‘‘ഒക്കില്ലൊരിക്കലും മേലിലെനിക്കിനി-/യിക്കളിയച്ഛനോടൊത്തു കളിക്കുവാൻ’’ എന്ന് അധികാരദുർവാശിക്ക് കീഴടങ്ങാൻ കൂട്ടാക്കാത്ത, ധാടിയും മോടിയുമാർന്ന കവി സധൈര്യം പ്രഖ്യാപിക്കുന്നു.
‘‘ലോലപീതാംബരച്ചാർത്തുക്കൾക്കപ്പുറം/പീലിമുടിവനമാലകൾക്കപ്പുറം/ പ്രീതിപ്പൊലിമതൻ പൊൻതിടമ്പാം മഹാ-/ ജ്ജ്യോതിസ്വരൂപനെ കാണുന്നതില്ലയോ/ആർതൻ കരുണയാലാദ്യമായ് നീ ചോടു/ വെച്ചതീ ഭൂമിയിൽ അക്കൃപാവാരിധി/ തെറ്റുകളെന്തും പൊറുത്തിങ്ങരങ്ങത്തു/ തോറ്റവർക്കുറ്റ കളിയച്ഛനല്ലയോ’’ എന്ന്, വ്യവസ്ഥാപിത മൂല്യങ്ങളരങ്ങേറുന്ന കളിയച്ഛന്റെ ഇത്തിരി വട്ടത്തിൽനിന്നും വിശ്വകലയുടെ സാക്ഷാൽ പെരുംകളിയച്ഛനിലേക്ക് സാഷ്ടാംഗം സമർപ്പണംചെയ്യുന്ന കവിയുടെ ആത്മരൂപം നിറഞ്ഞാടുന്നുണ്ട്, ലോകോത്തര കവിതയായിത്തീരുന്ന പി യുടെ ‘കളിയച്ഛനി’ൽ.
പ്രകൃതിയിലേക്കും മനുഷ്യനിലേക്കും ഒരു നിശ്ചയവും ഇല്ലാതെ അലഞ്ഞു നടക്കുന്ന ഉദാത്തവും ഉന്മത്തവുമായ ഭാവനയാണ് പി യുടേത്. ആത്മസാക്ഷാത്കാര വഴിയിലെ ആത്മകഥാഖ്യാനങ്ങളാണ് അവയോരോന്നും. സത്യസൗന്ദര്യാത്മകമായ പ്രപഞ്ചജീവിതദർശനമാണവയിൽ. ജൈവനീതിയുടെ പക്ഷത്താണ് ആ കവിതകൾ നിലകൊള്ളുന്നത്. അതിന് വിരുദ്ധമായി നിൽക്കുന്ന എല്ലാറ്റിനെയും –അത് സാമൂഹികവും രാഷ്ട്രീയവും ആത്മീയവുമായ ഏതു മണ്ഡലവുമാവട്ടെ, കവി സധൈര്യം എതിർക്കുന്നു. ആത്മകഥയിലും കവിതയിലും തന്റെ അതൃപ്തിയുടെ ആ ആത്മരോഷം തിളക്കുന്നത് കാണാം.
‘‘ജനാധിപത്യത്തിന്റെ പൊയ്മുഖംെവച്ച് കളിക്കുന്ന സ്വേച്ഛാധിപത്യം, അതാണ് സ്വതന്ത്ര ഇന്ത്യയുടെ ശത്രു. ചൈനയല്ല, പാകിസ്താൻ അല്ല. ശത്രു പുറത്തല്ല. അകത്താണ്. ഇന്നും ഇവിടെയുള്ള ആ ഉഗ്രശത്രുവിന്റെ നേർക്കുള്ള പടവിളി, ഇന്ത്യൻ മണൽത്തരികളുടെ പോർവിളി, പൊട്ടിത്തെറിക്കുന്ന ധർമരോഷത്തീപ്പൊരി, അതാണ് ‘നരബലി’യുടെ വിത്ത്.
‘‘തരിക്കില്ല മനം തെല്ലും/പകയ്ക്കാ രണഭൂമിയിൽ/മരിക്കും ഞാൻ നിനക്കായി/ മംഗളാദർശ ദേവതേ’’
എന്ന് ‘നരബലി’ എന്ന കവിതയിൽ ഈ ആത്മബലിയുടെ ആഴം കാണാനാവും. ‘‘അങ്ങാടിവായയാൽ മൂക/ ലക്ഷങ്ങളെ വിഴുങ്ങുവോർ/നാണ്യമെണ്ണിക്കൂട്ടിവെച്ചു/ചിരിക്കുന്നു വണിക്കുകൾ’’ എന്ന് പുതിയകാലത്തെ വിപണിക്കളങ്ങളെയും ‘ക്ഷേത്രം ഭരിപ്പുകാരായ/ പെരുച്ചാഴികൾ കൂട്ടമായ്/ മാന്തിപ്പൊളിക്കയായ് സ്വർണ-/ നിക്ഷേപത്തിന്റെ കല്ലറ’’ എന്ന് കമ്പോളവത്കരിക്കപ്പെട്ട സ്വാർഥലാഭാധിഷ്ഠിതമായ ആത്മീയതയെയും കവി എതിർക്കുന്നുണ്ട്.
‘‘കഞ്ഞിവെള്ളം നുണക്കാതെ/ പൈതങ്ങൾ പിടയുമ്പോഴും /പെരുത്ത വേതനം തിന്നു/ വീർക്കുമീ ഞാൻ മരിക്കണം’’ എന്നും ‘‘പീടികത്തിണ്ണ വീടാക്കി/ സഹോദരി മയങ്ങവേ/ കൈക്കോഴയാൽ ബംഗളാവു/ തീർക്കുമീ ഞാൻ മരിക്കണം’’ എന്നും പുതുകാല യാന്ത്രികജീവിതത്തെ പരിഹസിക്കുന്നുണ്ട്, കവി.
പാരിസ്ഥിതികമായ അവബോധം കവിയുടെ ദർശനത്തിൽ ഉടനീളമുണ്ട്. വനനശീകരണത്തിനെതിരെ ‘‘നിർത്തുക വീരൻമാരേ, വിപിനവധോത്സവം’’ എന്ന ആക്രോശമായി അതുയർന്നു കേൾക്കാം. സർവചരാചരങ്ങളും തമ്മിലുള്ള സ്നേഹബന്ധത്തെ ബോധ്യപ്പെടുത്തി, ‘‘നീലവിണ്ടലമെന്ന ഒറ്റമേൽപ്പുരയുള്ള വീടാ’’യി ലോകത്തെ കാണാനുള്ള ഉൾക്കണ്ണ് നമുക്ക് കാട്ടിത്തരുന്നു. അതിൽ കെടാവിളക്കായി നിൽക്കുന്ന വിശ്വപ്രേമത്തെ അനുഭവിപ്പിക്കുന്നു.
‘‘മർത്യനും മൃഗവുമീ വൃക്ഷവും നക്ഷത്രവും
പട്ടുനൂലൊന്നിൽ കോർക്കപ്പെട്ടുള്ള മണികളാം
ക്ഷിപ്രമീ ചരാചരമൊന്നായിത്തളർന്നുപോം
ഇപ്രപഞ്ചത്തിൻ ചോരഞരമ്പൊന്നറുക്കുകിൽ’’
എന്ന പാരിസ്ഥിതികാവബോധത്തിന്റെ മറ്റൊരു പേരാണ് മഹാകവി പി. കുഞ്ഞിരാമൻ നായർ.
കുഞ്ഞിരാമൻനായർക്കവിത പി യെന്ന ഒറ്റ വ്യക്തിയുടെ ആത്മകഥനമായല്ല കാണേണ്ടത്. കവി ജീവിച്ച കാലത്തിന്റെ സ്വത്വനഷ്ടമനുഭവിക്കുന്ന സമൂഹത്തിന്റെ ആത്മവിലാപം സ്വയമേറ്റെടുത്ത ഒരു ബൃഹദ്കവിമനസ്സിൽ, ആ പ്രകൃതിതാളത്തിന് സ്വാർഥമനുഷ്യവർഗാധികാരം ഏൽപിക്കുന്ന ക്ഷതങ്ങൾക്കെതിരെയുള്ള അന്തഃക്ഷോഭങ്ങളുടെ ബഹിർസ്ഫുരണങ്ങളാണ് പി കവിതകൾ.
‘‘കണികാണുക പൂമൊട്ടേ,
പരംജ്യോതിസ്സ്വരൂപനെ
സ്വബോധമെന്ന കൈനേട്ടം
തരും വിശ്വൈകബാന്ധവൻ’’
എന്ന് കവി നമ്മോടു തന്നെ ഉള്ളിലേക്ക് നോക്കി നമ്മിലെ വിശ്വചൈതന്യത്തെ കണ്ടെത്താൻ പ്രാപ്തമാക്കുന്നുണ്ട്.
ആജീവനാന്തം കവിയും ആപാദചൂഡം കവിയുമായി കൊടുത്തുമുടിഞ്ഞ മാവായി നിൽക്കുമ്പോഴും ശുഭാപ്തിവിശ്വാസത്തിന്റെ കൈത്തിരിനാളങ്ങൾ ഓരോ വാക്കിലും കവി കൊളുത്തിെവച്ചു. കുറ്റബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും കനലിൽ വെന്തുനീറുന്നത് ഈ ലൗകിക ജീവിതത്തിന്റെ നഷ്ടബോധങ്ങളിൽ മാത്രമാണ്. അപ്പോഴും ഉന്നതാദർശപ്രേരിതമായി മഹത്തായ പ്രപഞ്ചജീവിത കവിതയുടെ ലക്ഷ്യപ്രാപ്തിക്കായി നീളുന്ന കാൽപാടുകൾ അനന്തഭാവികാലത്തേക്ക് ആ മഹാകവി നമുക്കായി പകർത്തിെവച്ചു.
‘‘അടുത്തടിവച്ചു തൊടുവാൻ നോക്കുമ്പോൾ/അകലേക്ക് പായും വെളിച്ചമേ നിന്നെ/ ശരിക്കു സാത്വികക്കറുകയേകി ഞാൻ/ മെരുക്കുവാൻ നോക്കും മരിക്കുവോളവും’’ എന്ന കാവ്യകർമ മന്ത്രമായിരുന്നു കവിയുടെ ഹൃദയതാളം.
സ്വന്തം കവിതാസാധനയുടെ വഴികളെക്കുറിച്ച് കവിക്ക് പൂർണ ബോധ്യമുണ്ട്. ‘‘സാധനം നന്നെങ്കിൽ താനെ ചെലവഴിയും. എഴുതിത്തള്ളുക. സ്വയം എഴുതിത്തെളിയുക. പേരും പണവും തനിയെ വരും, പണിക്കു മുമ്പുള്ള കൂലി, അത് നടപ്പില്ല. പത്രക്കാരുടെ തിരസ്കാരം, വായനക്കാരുടെ അവഹേളനം, നിരൂപകന്മാരുടെ കല്ലേറ്, എല്ലാം കടന്നുപോകേണ്ടതുണ്ട്. നിരാശയില്ലാത്ത നിരന്തരയത്നം, അത് തുണക്കു കൂടെ വരും. പത്രത്തിൽ പേരടിച്ചു കാണുക, പത്തുറുപ്പിക പ്രതിഫലം അയച്ചു കിട്ടുക, അത് എളുപ്പമല്ല. ഏറെക്കാലത്തെ തപസ്യാഫലമാണത്. ‘‘അകത്തിട്ടാൽ പുറത്തറിയും’’ എന്ന് കേട്ടിട്ടില്ലേ? എല്ലാം മെല്ലെമെല്ലെ. പ്രകൃതിനിയമം അതാണ്. മെല്ലെമെല്ലെ പൂമൊട്ടു വിരിയുന്നു. മെല്ലെമെല്ലെ കാട്ടുചോല പുഴയാവുന്നു. ഒരു തെങ്ങിൻതൈ കായ്ക്കുന്ന ഒരു തെങ്ങാവാൻ, മാങ്ങയണ്ടി മാവാവാൻ, ചക്കക്കുരു പിലാവാവാൻ കാലം ചെല്ലും. മനുഷ്യൻ കവിയാവാൻ യുഗങ്ങൾ നീളും. നിരാശ വേണ്ട. അലിവുള്ള കാലം തുണ നിൽക്കും. ഒന്നു വേണം. ഏതിലും പതറാത്ത കരളുറപ്പ് വേണം’’ (പി. കുഞ്ഞിരാമൻ നായർ -‘എന്നെ തിരയുന്ന ഞാൻ’).
ആ ഒരു നിശ്ചയദാർഢ്യമാണ് പി കവിതയുടെ ആത്മബലം.
കവിയുടെ ചിന്താവിഹാര മണ്ഡലം നാം കാണുന്ന സാമാന്യഭൗതികലോകം മാത്രമല്ല. അത് വിശ്വമഹാകവികളുടെ ഭാവനാലോകത്തിലാണ്. അലതല്ലുന്ന സമുദ്രത്തിന്നടിയിൽ മൗനഗാനമായും അനന്തഗോള ചലനചക്രത്തിന്റെ നിഷ്പന്ദബിന്ദുവായും അവ നമ്മെ അനുഭവിപ്പിക്കുന്നു. ഇരുട്ടിനാലാകെ മൂടി പ്രഭാതം വിരചിക്കുവാനായി ഏകാന്ത ഗൂഢമാർഗത്തിൽ തപ്പിത്തപ്പിനടക്കുന്ന കവിയെ നമുക്ക് കാണാം.
‘‘നിലാവേ നിൻ കടലലച്ചാർത്തിലെന്നെയൊഴുക്കി നീ/നക്ഷത്രം പൂക്കുമജ്ഞാത തീരത്തിലലിയിക്കുക/കൂരിരുട്ടിന്‍ മറുകരെ, വെളിച്ചത്തിന്നുമക്കരെ/ സ്ഥലം മാറ്റുക നിൻ വഞ്ചിയേറ്റി സന്ധ്യാപ്രകാശമേ’’
എന്നാണ് കവി പ്രാർഥിക്കുന്നത്. നാം കാണുന്ന സാമാന്യ വെളിച്ചങ്ങൾക്കുമപ്പുറത്തെ ദീപ്തകാവ്യലോകത്തിലാണ് കവിയുടെ ഭാവനയുടെ സഞ്ചാരം. ജീവിതത്തിന്റെ രസവിദ്യയും കലയുടെ രാസവിദ്യയും ഒരേസമയം പഠിപ്പിക്കുന്ന പ്രപഞ്ചപാഠപുസ്തകത്താളുകളാണ് പി യുടെ കവിതകളും ആത്മകഥകളും. ‘‘വിശ്വസൗന്ദര്യദർശനവിശുദ്ധഗ്രന്ഥ’’മെന്ന് നമുക്കവയെ വിശേഷിപ്പിക്കാം.
‘‘പാറക്കെട്ടിന്നടിത്തട്ടിൽ-/പ്പൊട്ടും നീർച്ചോല പോലെയും/പ്രാരബ്ധത്തിൻ ചേറ്റിൽനിന്നും/വിരിയും കല പോലെയും/വിദേശത്തിൽ പെറ്റനാടിൻ/പാവനസ്മൃതി പോലെയും/ഏകാന്ത യാത്രയിൽ പൊന്തും/തത്ത്വചിന്ത കണക്കെയും/കണ്ണീർ ചിതറുമാ ഭഗ്ന-/പ്രേമസ്മരണ പോലെയും.’’
ഗൃഹാതുരമായ കവിമനസ്സിന്റെ ‘സൗന്ദര്യപൂജ’യിൽ കവിതയുടെ കന്നിനിലാവൊളി മലയാണ്മയുടെ ആമ്പൽപ്പൂവിൽ പാദമൂന്നി ഇന്നും നിൽക്കുന്നു.
പ്രാപഞ്ചികവും സാമൂഹികവുമായ സ്വത്വമലിനീകരണത്തിനെതിരെ സാംസ്കാരിക ധ്രുവീകരണത്തിനെതിരെയൊക്കെയുള്ള കാവ്യപ്രക്ഷോഭത്തിന്റെ ഒറ്റയാൾ പട്ടാളമായി കവി മാറുന്നു. ജഡവസ്തുക്കൾക്കു പോലുമുള്ള ജീവസത്ത തിരിച്ചറിയുന്ന കവി ഓട്ടുപാത്രങ്ങൾക്ക് പോലുമുള്ള ആത്മകഥന ശബ്ദം ശ്രവിക്കുന്നുണ്ട്, ആത്മകഥയിലൊരിടത്ത്.
ഏറെക്കാലം അധ്യാപകവൃത്തിയിലായിരുന്ന കവിയുടെ ആത്മരോഷം ആത്മകഥയിൽ പ്രകടമാവുന്നുണ്ട്. വിദ്യാഭ്യാസത്തെക്കുറിച്ച് കവിയെഴുതുന്നു: ‘‘വിദ്യാഭ്യാസം –കണ്ണിലെ തിമിരത്തിന് കനംകൂടുന്ന വിദ്യാഭ്യാസം –കുരുടന്റെ കറുപ്പ്കണ്ണട –പ്രകൃതിയുടെ സർവകലാശാലാ ചുമരുകളിൽ കരിക്കട്ടകൊണ്ട് കുത്തിവരക്കുന്ന കൃത്രിമ വിദ്യാഭ്യാസം– തേന്മാവിൻ കുയിൽ പാടി– നോക്കൂ ഞാൻ പാടുന്നു, എന്നെ ആരും പാട്ടു പഠിപ്പിച്ചിട്ടില്ല –ഉള്ളിൽനിന്നും താനെ ഉറന്നുവരണം. അതാണ് കലാവിദ്യ (കവിയുടെ കാൽപാടുകൾ/ പി. കുഞ്ഞിരാമൻ നായർ).
കലയെക്കുറിച്ച്, സ്വാതന്ത്ര്യത്തെക്കുറിച്ച്, പ്രപഞ്ചസിനിമയെക്കുറിച്ച്, കവിതയെ കുറിച്ച്; മനുഷ്യനെക്കുറിച്ച് സകല ജീവജാലങ്ങളെക്കുറിച്ച്... കവി വിചാരപ്പെടുന്നു. അതിലൂടെ തന്റെ കാവ്യാദർശം വെളിപ്പെടുത്തുന്നു.
‘‘കവി എല്ലാവരിൽനിന്നും അകന്നു ദൂരെയിരുന്ന് ഈ പ്രപഞ്ചജീവിത സിനിമ കാണണം... കടലിൽ മുങ്ങാതെ കരയിൽനിന്ന് തിരകളുടെ ‘കൂത്ത്’ കാണണം. കർമസാക്ഷിയായി ഉയരെ ജ്വലിക്കുന്ന കവി, സൂര്യൻ ഉപദേശിച്ചു’’ (പി. കുഞ്ഞിരാമൻ നായർ –കവിയുടെ കാൽപാടുകൾ).
പ്രപഞ്ചത്തിന്റെ സൗന്ദര്യദർശകനായി പ്രകൃതീ പീയൂഷമായി ജൈവനീതിയുടെ പ്രവാചകനായി മലയാണ്മയുടെ ശക്തിസൗന്ദര്യമായി കാവ്യോന്മാദസഞ്ചാരം നടത്തി സത്യാന്വേഷണവും സ്വത്വാന്വേഷണവും മാത്രം മനസ്സിൽ ധ്യാനിച്ച് കവി നടന്നു.
‘‘നമസ്കാരം ഭൂതധാത്രീ,/ തായേ, പോയി വരട്ടയോ/ ഭൂഗോളമുറിതൻ താക്കോൽ/ തിരിച്ചേൽപ്പിച്ചിടുന്നു ഞാൻ’’
എന്ന് തന്റെ കാവ്യജന്മദൗത്യത്തെ കവി അടയാളപ്പെടുത്തി.
ഏറ്റവും അനിവാര്യമായ ഈ സാമൂഹികവും സാംസ്കാരികവും ആത്മീയവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ കത്തിയാളുന്ന വർത്തമാന ദശാസന്ധിയിൽ പി തിരിച്ചേൽപ്പിച്ച ആ താക്കോൽ കൈയേൽക്കാൻ മലയാള കവിത ഇന്നും പുതുതലമുറയെ കാത്തിരിക്കുകയാണ്.
‘‘നോട്ടുകെട്ടുമായി വീടുതോറും കയറിയിറങ്ങുന്ന പോസ്റ്റുമാൻ ആണ്’’ എന്ന് കവി തന്നെ സങ്കൽപിക്കുന്നു. ആ നോട്ടുകെട്ട് തന്റേതല്ലെന്നും അയാൾ തിരിച്ചറിയുന്നു. നിയോഗം വരുമ്പോഴുള്ള ശബ്ദം വെളിച്ചപ്പാടിന്റേതല്ല –ലോകം നിറഞ്ഞ പരാശക്തിയുടെ ശബ്ദം– സർഗവേദനയുടെ ശബ്ദം ഇടിമിന്നലാണ്. വെട്ടിത്തുറക്കുന്ന ഇടിമിന്നൽ. ആ ഇടിമിന്നലൊളിയിൽ ജ്വലിച്ചുനീറി വാക്കായി, കവിതയായി അക്ഷരവെളിച്ചം നൽകാൻ പച്ചയിൽ പച്ചക്ക് ഒറ്റനക്ഷത്ര വേഷം മണ്ണിൽ കത്തിയാടിയ കളിയച്ഛന്റെ ബലിജന്മത്തിന്റെ ചരിത്രരേഖയായി മഹാകവി പി യുടെ ആത്മകഥകളും കവിതകളും നിത്യനൂതനത്വമാർന്നു നിൽക്കുന്നു.
തന്നോട് തന്നെയുള്ള നിരന്തരമായ സംവാദത്തിൽ ഏർപ്പെടുകയാണ് പി. ‘കവിയും നിരൂപകനും’ എന്ന കവിതയിൽ കവിയെയും നിരൂപകനെയും വ്യത്യസ്തതലത്തിൽ വിശകലനംചെയ്ത് അവയുടെ സൗന്ദര്യാത്മകതലത്തിൽ ഏകത്വം ദർശിക്കുകയാണ് മഹാകവി.
‘‘ഒന്നറിയുകീ സത്യഗായക കവി തന്നെ/നിന്നകത്തിരിക്കുന്ന സൗന്ദര്യനിരൂപകൻ’’, അപാരവും അനന്തവുമായ കാവ്യഭാവനയുടെ മയിൽപ്പീലികൊണ്ടുഴിഞ്ഞ് വിശ്വകവിതയുടെ മഴവില്ലഴക് വിടർത്തുന്ന അനശ്വരമായ അക്ഷരമാന്ത്രികതയിലൂടെ മഹാകവി പി നിരന്തരം ഈ സ്നേഹമന്ത്രധ്വനിയാർന്ന അദ്വൈതദർശനം ലോകത്തോട് ഇന്നും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു; മരിച്ചിട്ടും മരിക്കാത്ത വിശുദ്ധ കാവ്യജന്മത്തിലൂടെ.
മഹാകവി പിയെക്കുറിച്ച് മുൻകാലത്തെയും സമകാലത്തെയും കവികളെഴുതിയ കവിതകൾ സമാഹരിച്ച് വർഷങ്ങൾക്ക് മുമ്പ് മാങ്ങാട് രത്നാകരൻ എഡിറ്റ് ചെയ്ത ‘മധുമക്ഷിക’ എന്ന കവിതാ സമാഹാരത്തിൽ ‘പി’യെന്ന പേരിൽ എന്റെയും ഒരു കവിതയുണ്ട്. അതിലെ ആദ്യഭാഗത്തെ ചില വരികൾകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കുന്നു: ‘‘പി, കാലമഹാവനം/ഒറ്റമൂലിക/താളംതെറ്റുന്ന കാലത്തിന്നു ഗതിസൂചിക/വിശ്വദർശനധ്യാനം,/സ്വപ്നവസന്തോത്സവഗന്ധം.../മലയാണ്മയിൽ പീലിവിടർത്തും മയിൽ, മണൽ-/ത്തരിയിൽ ബ്രഹ്മാണ്ഡത്തിൻ സ്പന്ദമാപിനി, പൂവിൻ/ ചെറുമൊട്ടിലും ജീവരഹസ്യനിദർശിനി,/ വരദായിനി സാരസ്വതമേകിയ പുണ്യം.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.