എഴുത്തുജീവിതത്തി​ന്‍റെ ഇടവേളകൾക്കുമപ്പുറം

വായനയെ പല രീതിയിൽ പിടിച്ചുലച്ച കഥകളും രചനകളുമായിരുന്നു നളിനി ബേക്കലി​ന്റേത്​. അവരുടെ രചനകളിലൂടെ സഞ്ചരിക്കുകയാണ്​ നിരൂപകൻകൂടിയായ ലേഖകൻ.എഴുത്തുകാരി നളിനി ബേക്കൽ സപ്തതിയിലെത്തുന്നു​. 2024 ഒക്ടോബര്‍ 15ന് അവര്‍ക്ക് 70 വയസ്സ്. സപ്തഭാഷയുടെ സംഗമഭൂമിയായ കാസര്‍കോട് ജില്ലയിലെ ബേക്കല്‍ സ്വദേശിനിയായ നളിനി സമീപകാല സാഹിത്യവേദികളിലും പ്രസാധകരംഗത്തും ആഘോഷിക്കപ്പെടുന്ന ആളല്ല. പുതിയ തലമുറയിലെ വായനക്കാര്‍ക്ക് അവര്‍ സുപരിചിതയും ആകാന്‍ ഇടയില്ല. ഇരുപത് വര്‍ഷത്തിലേറെയായി അവരുടേതായ പുതിയ രചനകള്‍ ഒന്നും പുറത്തുവന്നിട്ടില്ല. പുസ്തകങ്ങളുടെ പുതിയ പതിപ്പുകളും വായനക്കാരെ തേടിയെത്തുന്നില്ല. ലൈബ്രറികളില്‍ നേരത്തെ...

വായനയെ പല രീതിയിൽ പിടിച്ചുലച്ച കഥകളും രചനകളുമായിരുന്നു നളിനി ബേക്കലി​ന്റേത്​. അവരുടെ രചനകളിലൂടെ സഞ്ചരിക്കുകയാണ്​ നിരൂപകൻകൂടിയായ ലേഖകൻ.

എഴുത്തുകാരി നളിനി ബേക്കൽ സപ്തതിയിലെത്തുന്നു​. 2024 ഒക്ടോബര്‍ 15ന് അവര്‍ക്ക് 70 വയസ്സ്. സപ്തഭാഷയുടെ സംഗമഭൂമിയായ കാസര്‍കോട് ജില്ലയിലെ ബേക്കല്‍ സ്വദേശിനിയായ നളിനി സമീപകാല സാഹിത്യവേദികളിലും പ്രസാധകരംഗത്തും ആഘോഷിക്കപ്പെടുന്ന ആളല്ല. പുതിയ തലമുറയിലെ വായനക്കാര്‍ക്ക് അവര്‍ സുപരിചിതയും ആകാന്‍ ഇടയില്ല. ഇരുപത് വര്‍ഷത്തിലേറെയായി അവരുടേതായ പുതിയ രചനകള്‍ ഒന്നും പുറത്തുവന്നിട്ടില്ല. പുസ്തകങ്ങളുടെ പുതിയ പതിപ്പുകളും വായനക്കാരെ തേടിയെത്തുന്നില്ല. ലൈബ്രറികളില്‍ നേരത്തെ ഇടം നേടിയ കൃതികള്‍ മാത്രമാണ് നളിനി ബേക്കലിന്റെ രചനാലോകം അറിയാന്‍ അവലംബിക്കാവുന്ന ഒരോയൊരു മാര്‍ഗം. 1967 മുതല്‍ അവര്‍ കഥകള്‍ എഴുതുന്നുണ്ട്.

1977ല്‍ ‘മാതൃഭൂമി’ നടത്തിയ നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ‘തുരുത്ത്’ ആണ് സഹൃദയസമക്ഷം നളിനി ബേക്കലിന്റെ പേര് ഉയര്‍ത്തിക്കൊണ്ടുവന്നത്. ‘മാതൃഭൂമി’ വാരാന്തപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ‘തുരുത്ത്’ പിന്നീട് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പുസ്തകരൂപത്തില്‍ പുറത്തിറക്കി.

‘ഹംസഗാനം’ (1980), ‘കൃഷ്ണ’ (1985), ‘കണ്വതീര്‍ത്ഥ’ (1988), ‘അമ്മ ദൈവങ്ങള്‍’ (1992), ‘ശിലാവനങ്ങള്‍’ (1993), ‘കുഞ്ഞുതെയ്യം’ (2004) എന്നിവയാണ് നളിനി ബേക്കലിന്റെ ഇതര നോവലുകള്‍. ‘മുച്ചിലോട്ടമ്മ’ (1989), ‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ (1999) ‘അമ്മയെ കണ്ടവരുണ്ടോ’ (2000) എന്നീ നോവലെറ്റുകളും ശ്രദ്ധേയങ്ങളായിരുന്നു. ഇതിനു പുറമെ ‘ഒറ്റക്കോലം’ എന്ന പേരില്‍ കഥാസമാഹാരവും (1993) പുറത്തുവന്നു. ‘കുഞ്ഞുതെയ്യം’ തെയ്യത്തിന്റെ പശ്ചാത്തലത്തിലുള്ള ബാലസാഹിത്യ കൃതിയാണ്.

ബേക്കലിന്റെ കഥ പറയുന്ന ‘തുരുത്ത്’

നളിനി ബേക്കലിന്റെ ആദ്യനോവല്‍ ‘തുരുത്ത്’ ബേക്കല്‍കോട്ടയുടെ പശ്ചാത്തലത്തില്‍ സ്വന്തം നാടിന്റെ കഥയാണ് പറയുന്നത്. ഒപ്പം സാഹചര്യങ്ങളോട് പോരാട്ടം നടത്തുന്ന നിഷ എന്ന പെണ്‍കുട്ടിയുടെ ധീരതയും ചിത്രീകരിക്കപ്പെടുന്നു. കള്ളക്കടത്തിന്റെയും കള്ളപ്പണം സൃഷ്ടിക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥയുടെയും ദുരൂഹതയും ഭീതിജനകവുമായ ഒരന്തരീക്ഷം നോവലില്‍ തെളിഞ്ഞുകിടപ്പുണ്ട്.

നോവലില്‍ കോട്ട എന്നുമാത്രമേ പറയുന്നുള്ളൂവെങ്കിലും വിവരണങ്ങളില്‍നിന്ന് ബേക്കല്‍ ആണെന്ന് വ്യക്തമാകും. നിഷ എന്ന പെണ്‍കുട്ടിയുടെ പോരാട്ടം എന്തിനോടെല്ലാമായിരുന്നു എന്നറിയുമ്പോഴാണ് ആ ജീവിതത്തിന്റെയും മനസ്സിന്റെയും സങ്കീര്‍ണമായ അവസ്ഥ വായനക്കാരന് ബോധ്യമാവുക.‘തുരുത്ത്’ എഴുതുമ്പോള്‍ കേവലം ഇരുപത്തിമൂന്നു വയസ്സുള്ള തുടക്കക്കാരിയാണ് നളിനി ബേക്കല്‍. എന്നാല്‍, ഇരുത്തം വന്ന രചയിതാവിന്റെ സാന്നിധ്യമാണ് ‘തുരുത്തി’ല്‍ കാണാന്‍ കഴിയുക.

കസ്റ്റംസ് കലക്ടറായ ചന്ദ്രശേഖര ​േമ​േനാനും കള്ളക്കടത്തുകാരനായ ഷാഹിര്‍ഷായും തമ്മിലുള്ള ശീതസമരം നോവലില്‍ ബാഹ്യതലത്തില്‍ വളരെയൊന്നും കാണുന്നില്ല. എന്നാല്‍, ലക്ഷങ്ങളുടെ കള്ളക്കടത്ത് നടത്തുന്ന ഷായുടെ പ്രധാനശത്രു മേനോന്‍ ആയിരുന്നു എന്നകാര്യത്തില്‍ സംശയമില്ല. മേനോന്റെ മകള്‍ നിഷയും ഷായുടെ മകന്‍ റഹീമും കോളജില്‍ ഒരുമിച്ചു പഠിക്കുന്നവരാണ്. കോളജില്‍ ഉണ്ടാവുന്ന സ്‌ഫോടനത്തെ തുടര്‍ന്ന് പരിഭ്രമം നിറഞ്ഞ മനസ്സുമായി വീട്ടിലേക്ക് മടങ്ങുകയാണ് നിഷയും റഹീമും. നിഷയെ വീട്ടിലെത്തിക്കുകയെന്ന റഹീമിന്റെ ദൗത്യത്തോടെയാണ് നോവല്‍ തുടങ്ങുന്നത്.

റഹീമിനെ കേവലം സഹോദരനായി കാണണോ അതോ ജീവിതസഖാവായി കാണണോ എന്നും മറ്റുമുള്ള പ്രശ്‌നങ്ങള്‍ തുടക്കം മുതല്‍ നിഷയെ അലട്ടുന്നുണ്ട്. മാനസികമായി തകര്‍ന്നുപോകുന്ന റഹീമിന് നിഷ പലപ്പോഴും അവലംബമായി മാറുന്നുണ്ട്. അതേസമയം, ഷഹീര്‍ഷായെ ശത്രുപക്ഷത്ത് നിർത്താന്‍ മാത്രമേ അവള്‍ക്ക് ആകുന്നുള്ളൂ. കള്ളക്കടത്ത് വസ്തുക്കള്‍ വില്‍പന നടത്തുന്ന ഷാ അതുവഴി നാടിന്റെ സമ്പദ് വ്യവസ്ഥ ഒന്നാകെ നിയന്ത്രിക്കുകയാണ്.

മത്സ്യബന്ധനമേഖലയിലും മറ്റു തൊഴില്‍രംഗങ്ങളിലും അയാളാണ് അധിപന്‍. ഷായുടെ അനുമതിയില്ലാതെ നാട്ടില്‍ ഒന്നും നടക്കില്ല. അതുമാത്രമല്ല പ്രശ്‌നം, ഏത് കുടിലിലും പെണ്‍ശരീരങ്ങള്‍ തേടി ഷാ കടന്നുചെല്ലും. ഇത് ആര്‍ക്കും തടയാനാവില്ല. ഇതുകൊണ്ടെല്ലാംതന്നെ ഷായെ എതിരിടാനും പറ്റുമെങ്കില്‍ വധിക്കാനും നിഷ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, നിയമപാലകര്‍ ഉള്‍പ്പെടെ അയാളുടെ കൂടെയാണ്. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്നനിലയില്‍ ചന്ദ്രശേഖര മേനോന്റെ സാന്നിധ്യം ഷായെ വിഷമത്തിലാക്കുന്നത് സ്വാഭാവികം മാത്രം. അതിന് അയാള്‍ തോക്കിന്‍കുഴലിലൂടെ പരിഹാരം കണ്ടെത്തുന്നു.

ബേക്കല്‍കോട്ട നോവലില്‍ ഒരു കഥാപാത്രമായി മാറുന്നത് കാണാം. ദുരൂഹതയുടെ, പകയുടെ, പ്രതികാരത്തിന്റെ, ആയുധക്കടത്തിന്റെ, കാമുകീകാമുകരുടെ രഹസ്യസംഗമത്തിന്റെ എല്ലാം വേദിയായി കോട്ട മാറുന്നു. നിഷ റഹീമിനെ തേടി പലപ്പോഴും കോട്ടയില്‍ എത്തുന്നുണ്ട്. ഇവരുടെ സംഗമത്തിന് ഷാഹിര്‍ഷായും സാക്ഷിയായിട്ടുണ്ട്. കോട്ടയുടെ കവാടം, വെടിപ്പുര, താഴ്‌വരയില്‍.

പുകയിലപ്പാടങ്ങള്‍. മത്തിയും ഉണക്കമത്സ്യവും ഇട്ട് വളര്‍ത്തുന്ന പുകയിലപ്പാടങ്ങളില്‍ എപ്പോഴും ഈച്ചയുടെ ഇരമ്പമായിരിക്കും. കോട്ടയുടെ വടക്കുവശത്ത് കരയും കടലും ചേരുന്നിടത്ത് ഒരു തുരുത്താണ്. തുരുത്തിന് മുകളില്‍ നീണ്ട പാറപ്പരപ്പില്‍ ശവം ദഹിപ്പിക്കാന്‍ പണിതിട്ട ഇരുമ്പുതൂണുകള്‍.

തൂണുകള്‍ക്കു താഴെ ചാരം. മുഖം കരിഞ്ഞ മരക്കഷ്ണങ്ങള്‍. ഇങ്ങനെ കോട്ട ദുരൂഹതയുടെയും പലവിധത്തിലുള്ള വ്യാപാരങ്ങളുടെയും ഛിദ്രശക്തികളുടെ ശക്തിപരീക്ഷണകേന്ദ്രമായും മാറുന്നു. കോട്ടക്ക് താഴെ ഇപ്പോള്‍ വീഴുമെന്ന് ഭീഷണിപ്പെടുത്തുന്ന വലിയ കരിമ്പാറകള്‍. കടലിന് അഭിമുഖമായി നില്‍ക്കുന്ന കോട്ടവാതില്‍. ചെങ്കുത്തായ പാറകള്‍ക്ക് താഴെ ആര്‍ത്തിരമ്പുന്ന കടല്‍. കോട്ടഭിത്തിയില്‍ തലതല്ലി പൊട്ടിച്ചിതറുന്ന തിരമാലകള്‍. തുരുത്തിന്റെ രഹസ്യം പല കുടുംബങ്ങളുടെയും ബന്ധങ്ങളുടെയും സുഖത്തെ വിഴുങ്ങിക്കളയുന്നതായി നോവലില്‍ പറയുന്നുണ്ട്. ഇപ്രകാരം ബേക്കല്‍കോട്ട സംരക്ഷണത്തിന്റെയും സംഹാരത്തിന്റെയും പൈതൃകമഹിമയുടെയും ചിഹ്നങ്ങള്‍ ഒരേസമയം അണിയുന്നത് കാണാം.

അച്ഛന്റെ മരണശേഷം മാനസികനില തെറ്റിയ അമ്മയെ സംരക്ഷിക്കേണ്ട ചുമതല ഏറ്റെടുക്കുന്ന നിഷക്ക് സാമ്പത്തിക പ്രശ്‌നത്തിന്റെ പേരില്‍ ബന്ധുക്കളുമായി യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടിവരുന്നു. അമ്മയുടെ മരണം, പിന്നാലെ ശത്രുവായി കണ്ട ഷാഹിർ ഷായുടെ മരണം എന്നിങ്ങനെ നിഷയെ ദുരന്തങ്ങള്‍ വേട്ടയാടുകയാണ്. ഒടുവില്‍ കോളജിലെ പ്രഫസര്‍ക്കും റഹീമിനും ഒപ്പം വിദേശത്തേക്ക് യാത്രയാവുന്ന നിഷയെ, ശാരദയുടെ അച്ഛനാരെന്ന് അറിയാത്ത നവജാത ശിശുവിന്റെ കരച്ചില്‍ പിന്തുടരുന്നു.

അനാഥരുടെ അമ്മദൈവങ്ങള്‍

അനാഥാലയങ്ങളിലെ നിസ്സഹായവും ദുരിതം നിറഞ്ഞതുമായ ജീവിതമാണ് ‘അമ്മദൈവങ്ങള്‍’ എന്ന നോവലില്‍ പ്രതിപാദിക്കുന്നത്. അനാഥ സംരക്ഷണം എന്ന ആശയത്താല്‍ ആകൃഷ്ടയായി അത്തരമൊരു സ്ഥാപനത്തില്‍ സൂപ്രണ്ട് ആയി എത്തുന്ന വിനീതക്ക് നേരിടേണ്ടിവരുന്നത് ശാപഗ്രസ്തമെന്നോണമുള്ള ചുറ്റുപാടില്‍ കഴിയുന്ന കുരുന്നു ജീവിതങ്ങളെയാണ്. അനാഥസംരക്ഷണത്തിന്റെ മറവില്‍ എന്തെല്ലാം നടക്കുന്നു എന്ന അന്വേഷണം കൂടി ഈ നോവല്‍ നിര്‍വഹിക്കുന്നുണ്ട്. സൗകര്യം കിട്ടിയാല്‍ ഒളിച്ചോടുന്നവര്‍, സ്നേഹത്തിന്റെ യഥാർഥ മുഖം തേടുന്നവര്‍, പ്രതികൂല ജീവിതസാഹചര്യത്തില്‍നിന്ന് എത്തിയവര്‍, കുറ്റവാസനയുള്ളവര്‍ ഇങ്ങനെയെല്ലാമുള്ള പശ്ചാത്തലത്തില്‍നിന്ന് എത്തുന്നവരെയാണ് വിനീതക്ക് നേരിടേണ്ടിവരുന്നത്. അഥവാ സംരക്ഷിക്കേണ്ടിവരുന്നത്.

ഒളിച്ചോടി പോയി മോഷണം നടത്തി തിരിച്ചെത്തുന്ന രാജുവിനെപ്പോലുള്ള കുട്ടികളെ വിനീത പശ്ചാത്താപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും വഴിയിലേക്ക് നടത്തിക്കുന്നത് കാണാം. അനാഥാലയത്തിലെ അന്തേവാസികളെ ദത്തെടുക്കുന്നതിന്റെ പിന്നിലുള്ള പ്രശ്‌നങ്ങളും നോവല്‍ ചര്‍ച്ചചെയ്യുന്നുണ്ട്. പതിനെട്ടാം വയസ്സില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി തീരുന്ന മോട്ടിയുടെ കഥയും ഇരട്ടക്കുട്ടികളെ ദത്തെടുക്കാന്‍ ജർമനിയില്‍ നിന്നെത്തുന്ന ബെറ്റി, ഫെര്‍ണാണ്ടസ് ദമ്പതികളുടെ ആകാംക്ഷ നിറഞ്ഞ ആഹ്ലാദവും നോവലില്‍ കാണുന്നുണ്ട്. പെറ്റമ്മയും പോറ്റമ്മയും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന ചിന്ത ഇവിടെ സ്വാഭാവികമായും ഉയരുന്നു.

ബധിരയും മൂകയും മറ്റു ശാരീരിക വൈകല്യങ്ങള്‍ ഉള്ള ആളുമായ മോട്ടിക്ക് മാതാവെന്ന നിലയില്‍ ഉത്തരവാദിത്തം വഹിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് ചര്‍ച്ചയാവുന്നത്. സ്‌നേഹം എന്ന വികാരം മാത്രമാണ് മോട്ടിയില്‍ മൂല്യമുള്ള മുടക്കുമുതലായി ഉള്ളത്. എന്നാല്‍, അതുകൊണ്ടുമാത്രം കുട്ടികളെ വളര്‍ത്താന്‍ സാധിക്കുമോ. പതിനെട്ടു വയസ്സ് പിന്നിട്ടാല്‍ മോട്ടി അനാഥാലയത്തില്‍നിന്ന് ഇറങ്ങണം. പിന്നീട് അവളുടെയും കുട്ടികളുടെയും ജീവിതം എന്താകും? ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്ന നിലയിലാണ് കുട്ടികളെ ജർമന്‍ ദമ്പതികള്‍ക്ക് കൈമാറാന്‍ അനാഥാലയം പ്രസിഡന്റ് തീരുമാനിക്കുന്നത്.

എന്നാല്‍, മോട്ടി എന്ന അമ്മയുടെ തീരാവേദനയുടെ മുന്നിലാണ് വിനീതയുടെ മനസ്സ് തകര്‍ന്നുപോകുന്നത്. ആ മാതൃത്വം അംഗീകരിക്കപ്പെടേണ്ടതുതന്നെയെന്ന് വിനീത കരുതുന്നു. എന്നാല്‍, അവള്‍ക്ക് ഒന്നും ചെയ്യാനാവുന്നില്ല. പ്രസിഡന്റിന്റെ നിലപാടുകള്‍ക്ക് പിന്നില്‍ ചില സാമ്പത്തിക ലാഭങ്ങളും കച്ചവടക്കണ്ണുകളുമുണ്ട്. കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന ജർമന്‍ ദമ്പതികള്‍ ദത്തെടുത്ത കുട്ടികളെ തങ്ങളുടെ സ്ഥാപനത്തിന് ഉപയോഗപ്പെടുത്താമെന്ന് കണക്കുകൂട്ടുന്നു. ഇവര്‍ നല്‍കുന്ന വലിയ തുകയുടെ ഡ്രാഫ്റ്റിലാണ് അനാഥാലയം നടത്തിപ്പുകാരുടെ കണ്ണ്. ഇവിടെ ഒരു വര്‍ക്ക്‌ഷോപ്പും പെണ്‍കുട്ടികള്‍ക്ക് തയ്യല്‍ പഠിക്കാന്‍ സ്ഥാപനവും തുടങ്ങാമെന്ന് കണക്കുകൂട്ടുന്നു.

കുട്ടികള്‍ അനാഥരാവുക എന്നത് നമ്മുടെ ഏറ്റവും വലിയ ശാപമാണ്. ഭാവിയില്‍ അതാണ് ഈ ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമാകാന്‍ പോകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഈ അഭിപ്രായം നോവല്‍ പങ്കുവെക്കുന്നുണ്ട്. ഫലസ്തീന്‍ പ്രശ്‌നത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങളുടെ അനാഥത്വം വലിയ പ്രശ്‌നമായി ഇന്ന് മാറിയിരിക്കുകയാണ്. നോവലിസ്റ്റിന്റെ ഉള്‍ക്കാഴ്ച ഇവിടെ പ്രസക്തമാകുന്നു.

നളിനി ബേക്കലിന്റെ ‘ഹംസഗാന’ത്തിലും മറ്റും കാണുന്നപോലെ ശാപചിന്തയുടെ സാന്നിധ്യം ‘അമ്മദൈവങ്ങളി’ലുമുണ്ട്. മോട്ടിയുടെ നിസ്സഹായമായ മനസ്സിന്റെ നിഷ്‌കളങ്കമായ ശാപം തന്നെ ചുറ്റിവരിയുന്നതായി വിനീത കരുതുന്നു. മോട്ടി സ്വയം ശപിച്ചതല്ലെങ്കിലും അസഹ്യമായ ദുഃഖത്തില്‍നിന്നുണ്ടായ ശാപം എവിടെയെങ്കിലും പതിക്കാതെ വയ്യ. മോട്ടിയുടെ തീരാദുഃഖവും മരണവും സൃഷ്ടിച്ച വേദനതന്നെയാണ് ശാപമായി വിനീതയുടെ മനസ്സിനെ ചൂഴ്ന്നുനില്‍ക്കുന്നത്. അമ്മദൈവം എന്ന സങ്കല്‍പംപോലും അതിനെ തടയുന്നില്ല.

‘ഹംസഗാന’വും ‘കണ്വതീര്‍ത്ഥ’യും

ശാപചിന്തയും മൃത്യുവാഞ്ഛയും അന്ധവിശ്വാസങ്ങളും ജാതിമേല്‍ക്കോയ്മയുടെ ഭാഗമായി ഉണ്ടാവുന്ന ക്രൂരകൃത്യങ്ങളും സ്ത്രീപീഡനങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലാണ് ‘ഹംസഗാനം’, ‘കണ്വതീര്‍ത്ഥ’ എന്നീ നോവലുകള്‍ പിറക്കുന്നത്. 1980ല്‍ പുറത്തിറങ്ങുന്ന ‘ഹംസഗാന’ത്തിന് ഡോ. എം. ലീലാവതിയാണ് അവതാരിക എഴുതിയത്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് പ്രസിദ്ധീകരിച്ചത്. 1986ല്‍ രണ്ടാംപതിപ്പും പുറത്തുവന്നു. ‘ഹംസഗാന’ത്തിലെ ഗിരിജ നിരവധി ദുരന്തങ്ങളെ നേരിടുന്നതായി കാണാം. ദുര്‍മരണങ്ങളുടെ ഓര്‍മകള്‍ ധാരാളമുണ്ട് അവളുടെ മനസ്സില്‍.

ഇല്ലപ്പറമ്പിന്റെയും മുക്കുളം എന്ന കുളത്തിന്റെയും ഇടവഴികളുടെയും പശ്ചാത്തലത്തില്‍ പിറക്കുന്ന ഹംസഗാനം ബോധത്തിന്റെയും അബോധത്തിന്റെയും ഇടയില്‍ സഞ്ചരിക്കുന്ന കഥാപാത്രങ്ങളാല്‍ സമ്പന്നമാണ്. ഭീകരസ്വപ്‌നങ്ങളും സങ്കല്‍പങ്ങളും നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷസൃഷ്ടിയാണ് നോവലിസ്റ്റ് നടത്തുന്നത്. ‘ഹംസഗാന’ത്തിലെ ഗിരിജയെ ഭൂതകാലവും വര്‍ത്തമാനകാലവും ഒരേപോലെ വേട്ടയാടുന്നു. അനുജത്തി ഉഷയുടെ മരണം ഇന്നുമൊരു പ്ര​േഹളികയാണ്. മുക്കുളത്തില്‍ മുങ്ങിമരിക്കുകയാണ് ഉഷ. ഗന്ധർവസമാനനായ തുലുക്കന്റെ ആവാസകേന്ദ്രമാണ് മുക്കുളം. അവിടെ വെള്ളത്തിനടിയില്‍ കൊട്ടാര​ക്കെട്ടുകളുണ്ട്. പെണ്‍കുട്ടികളെ തുലുക്കന്‍ വശീകരിച്ചുകൊണ്ടുപോവുന്നു. മരണമായിരിക്കും പിന്നീടുള്ള ഫലം. ഉഷ അതിന് ഇരയാകുന്നു. തുലുക്കന്‍ എന്നത് ഭീകരമായ ഒരു മിത്തായി ഗ്രാമത്തെ ചൂഴ്ന്നുനില്‍ക്കുന്നു.

രാത്രിയില്‍ നാട്ടില്‍ എത്തുന്ന ഗിരിജക്ക് വഴി കാണിക്കാന്‍ തത്രപ്പെടുന്ന റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ മുരളിയും പൂജാരിയായ ശിവനും അവള്‍ക്ക് ചുറ്റും മറ്റൊരു ലോകം തീര്‍ക്കുകയാണ്. ഇല്ലപ്പറമ്പില്‍ തനിച്ച് താമസിക്കുന്ന രാധാകൃഷ്ണന്‍ മാഷും തന്ത്രികുടുംബത്തിലെ വിജ്യേട്ടനും അവളെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ നഗരത്തിലെ ആശുപത്രിയും ഹോട്ടലും അടങ്ങുന്ന വ്യവസായ ശൃംഖലയില്‍ ജോലിചെയ്യുന്ന ഗിരിജ മറ്റൊരു വ്യക്തിത്വം എടുത്തണിയുകയാണ്. അങ്കിള്‍ എന്നു വിളിക്കുന്ന സ്ഥാപനമുടമയുടെ സ്വന്തം ആളാണ് ഗിരിജ. ജോലിയിലുള്ള പ്രവീണ്യമാണ് അതിന് കാരണം. അങ്കിളിന്റെ മക്കളായ തോമസും ജോർജും മരുമകന്‍ പ്രകാശും അവള്‍ക്കു ചുറ്റും നാഗരികജീവിതത്തിന്റെ മൂടുപടവുമായി നില്‍ക്കുന്നു.

വീട്ടിലെ അന്തരീക്ഷം ഗിരിജയെ കൂടുതല്‍ വിഷാദത്തിലേക്കും ദുഃഖത്തിലേക്കും തള്ളിവിടുന്നതാണ്. വഴിവിട്ട ജീവിതത്തിലൂടെ സ്വന്തം നാശത്തെ കണ്ടെത്തുന്ന ദിനു എന്ന അനുജന്‍, സ്‌നേഹം മാത്രം അറിയാവുന്ന അമ്മ, ശരീരം കുഴഞ്ഞുകിടക്കുന്ന അച്ഛന്‍, ഡോക്ടര്‍ ആയ ജ്യേഷ്ഠന്‍ കുട്ടന്‍, കുട്ടന്റെ ഭാര്യ ഡോ. രൂപ എല്ലാവരും ഗിരിജക്ക് ചുറ്റും അശാന്തിയുടെ അന്തരീക്ഷം തീര്‍ക്കുകയാണ്. ഇതിനിടെ ഹൃദ്രോഗത്തിന്റെ അസ്‌ക്യതയും ഗിരിജയെ തേടി വരുന്നു. വീടും പരിസരവും സൃഷ്ടിക്കുന്ന പുകഞ്ഞ അന്തരീക്ഷത്തില്‍നിന്ന് അവള്‍ വീണ്ടും ജോലിസ്ഥലത്ത് എത്തുന്നു. എന്നാല്‍, അവിടെയും കാര്യങ്ങള്‍ സുഖകരമായിരുന്നില്ല. ഹോട്ടലിന്റെ വനിതാ മാനേജര്‍ ആയി ഗിരിജയെ നിയമിക്കുകയാണ് അങ്കിള്‍. ഹോട്ടലില്‍ എത്തുന്നവര്‍ക്ക് ആവശ്യമായതെന്തും നല്‍കുന്ന സംവിധാനം ഉണ്ടാവണമെന്നാണ് നിര്‍ദേശം. അങ്കിളില്‍നിന്ന് ഇതുവരെയില്ലാത്തവിധത്തിലുള്ള നിര്‍ദേശം വന്നപ്പോള്‍ ഗിരിജ അസ്വസ്ഥയാവുന്നു. അവള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുകയാണ്.

എന്നാല്‍, പെട്ടെന്ന് നാട്ടില്‍ പോകുന്നതിന് പകരം പ്രകാശുമൊത്തുള്ള യാത്രക്കാണ് ഗിരിജ ഒരുങ്ങുന്നത്. മലനിരകളും കാടും നീര്‍ച്ചാലുകളും തേടിയുള്ള യാത്ര. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയുടെ മരണവിവരമാണ് ഗിരിജയെ സ്വാഗതം ചെയ്യുന്നത്. വിവരത്തിന് കമ്പിയടിച്ചിരുന്നു. മൂന്നുദിവസം കാത്തു–എന്ന് വിജ്യേട്ടന്‍ പറയുമ്പോഴാണ് തന്റെ അജ്ഞാതവാസത്തിന്റെ സമയദൈര്‍ഘ്യത്തെപ്പറ്റി ഗിരിജ ബോധവതിയാവുന്നത്. അവസാനമായി അമ്മ ഉറങ്ങുന്ന മണ്ണ് കാണാനുള്ള ഗിരിജയുടെ യാത്ര അവസാന യാത്രയാവുകയാണ്.

മുക്കുളത്തിന്റെ കരയില്‍നിന്ന് കാല്‍വഴുതി അവള്‍ കുളത്തിലേക്ക് വീഴുന്നു. വിജ്യേട്ടന്‍ അത് കാണുന്നുണ്ടെങ്കിലും, അവളുടെ നിലവിളി കേള്‍ക്കുന്നുണ്ടെങ്കിലും രക്ഷിക്കാന്‍ കഴിയുന്നില്ല. വളരെ പെട്ടെന്ന് കുളത്തിലെ ഒഴുക്ക് അവളെ മുക്കിക്കളയുന്നു. ആരോ പിടിച്ചുവലിച്ചപോലെ ഗിരിജ അപ്രത്യക്ഷയായി. പിന്നെ പതിവുപോലെ ജലപ്പരപ്പ് ശൂന്യവും ശാന്തവുമായി. അങ്ങനെ ഗിരിജയുടെ ദൗത്യം പൂര്‍ണമാവുന്നു. മുക്കുളത്തിന്റെ പ്രലോഭനം വിജയിക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ സങ്കീര്‍ണതകളും സമ്മർദങ്ങളും നിറഞ്ഞ ലോകത്തുനിന്നുള്ള പലായനംതന്നെയാണ് ഗിരിജ നടത്തുന്നത് എന്നുകാണാം.

ജാതിചിന്തയുടെ രക്തസാക്ഷിയാണ് ‘കണ്വതീര്‍ത്ഥ’യിലെ ശൈലജ. സ്‌നേഹത്തിന്റെ ഒരു ലോകം മാത്രമാണ് അവളുടെ മനസ്സില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഉയര്‍ന്ന ജാതിക്കാരനും ജന്മികുടുംബാംഗവുമായ ശ്രീനാഥനെ പ്രണയിക്കുന്നതില്‍ അവള്‍ അസ്വാഭാവികമായി ഒന്നും കാണുന്നില്ല. രജിസ്ട്രാര്‍ ഓഫിസില്‍ നിയമപ്രകാരം വിവാഹം ചെയ്തശേഷം ‘കണ്വതീര്‍ത്ഥ’യിലേക്കുള്ള അവരുടെ യാത്ര ലക്ഷ്യം കാണുന്നില്ല. അതിനു മുമ്പേ ശ്രീനാഥനെ കുടുംബക്കാര്‍ ബലമായി പിടിച്ചുകൊണ്ടുപോവുന്നു. വിവാഹ രജിസ്‌ട്രേഷന്‍ വലിയൊരു നിയമ പരിരക്ഷയാണെന്ന ആശയവും വെറുതെയായി. ഇതോടെ, ശൈലജ നിരാലംബയും അനാഥയുമായി.

ശ്രീനാഥന്‍ ഒടുവില്‍ ശൈലജയെ തറവാട്ടില്‍ എത്തിക്കുന്നുണ്ട്. ഇവള്‍ തന്റെ ഭാര്യയാണെന്ന് അവന്‍ പ്രഖ്യാപിക്കുന്നു. ജാതിമേല്‍ക്കോയ്മയുടെ ശക്തിദുര്‍ഗങ്ങള്‍ക്ക് മുന്നില്‍ ഇരുവരുടെയും വാദമുഖങ്ങള്‍ വിലപ്പോയില്ല. അവര്‍ക്ക് ന്യായങ്ങള്‍ ഉന്നയിക്കാന്‍പോലും സാധിച്ചില്ല. ഉച്ചിര എന്ന ഉഗ്രരൂപിണിയായ അമ്മൂമ്മയുടെ മുന്നില്‍ ശ്രീനാഥനും ശൈലജയും തളര്‍ന്നുപോകുന്നു. പെണ്ണിനെ തെങ്ങില്‍ പിടിച്ചുകെട്ടാനും തീപ്പെട്ടിയും മണ്ണെണ്ണയും എത്തിക്കാനും കല്‍പന പുറപ്പെടുവിക്കുന്ന ഉച്ചിരയമ്മൂമ്മക്ക് മുന്നില്‍ ശൈലജക്ക് വഴികളൊന്നുമില്ല.

പാതിവെന്ത ശരീരവുമായി മരണത്തോട് മല്ലിട്ട ശൈലജ അതിനിടെ മകന് ജന്മം നല്‍കുന്നു. ചികിത്സയുടെ ഘട്ടത്തിലെപ്പോഴോ ആശുപത്രിയില്‍ നിന്ന് ശൈലജ അപ്രത്യക്ഷയാവുകയാണ്. കാലം മാറുന്നതിന്റെ സൂചന ഉച്ചിരയമ്മയെ തേടിയെത്തുന്നുണ്ട്. വാളും ചിലങ്കയും കുലുക്കി ഭൂമി കുലുക്കുന്ന കാല്‍വെപ്പുകളോടെ ശൈലജ തെയ്യരൂപമായി തിരിച്ചെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ചാണ് നോവല്‍ അവസാനിക്കുന്നത്.

 

പുരസ്‌കൃതമായ എഴുത്തുജീവിതം

നളിനി ബേക്കല്‍ എന്ന എഴുത്തുകാരിയുടെ സര്‍ഗാത്മക ജീവിതത്തെ പ്രമുഖ പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. 1977ലെ ‘മാതൃഭൂമി’ നോവല്‍ പുരസ്‌കാരത്തിന് പുറമെ ‘മുച്ചിലോട്ടമ്മ’ എന്ന നോവ​െലറ്റിന് 1987ലെ ഇടശ്ശേരി അവാര്‍ഡും 1992ലെ എസ്.ബി.ഐ അവാര്‍ഡും ലഭിച്ചു. 1995ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ് നേടി. 2018ല്‍ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. എഴുത്തുജീവിതത്തിന് നല്‍കിയ ദീര്‍ഘമായ ഇടവേള തുടരുന്നതിനിടയിലാണ് നളിനി ബേക്കലിന്റെ സപ്തതി കടന്നുവരുന്നത്. 1954 ഒക്ടോബര്‍ 15നാണ് ജനനം.

ബേക്കല്‍ എടയില്ലം കുഞ്ഞമ്പു നായരുടെയും മുങ്ങത്ത് കാർത്യായനി അമ്മയുടെയും മകള്‍. കരിപ്പോടി എന്ന ഗ്രാമത്തിലായിരുന്നു കുടുംബം ആദ്യം താമസിച്ചിരുന്നത്. എഴുത്തുകാരനും കോളമിസ്റ്റും സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയുമായ പായിപ്ര രാധാകൃഷ്ണനാണ് ഭര്‍ത്താവ്. മക്കള്‍: അനുരാധ (മെഡിക്കല്‍ ഓഫിസർ, ആയുര്‍വേദം), അനുജ അകത്തൂട്ട് (സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്റിസ്റ്റും, കവിയും). അധ്യാപകനായി വിരമിച്ച ചന്ദ്രശേഖരൻ നായര്‍, ഗൗരി, കാസര്‍കോട് കോളജ് ഫിസിക്‌സ് ഡിപ്പാർട്മെന്റില്‍നിന്ന് വിരമിച്ച പ്രഫ. വേണുഗോപാലന്‍, ഡല്‍ഹിയില്‍ റവന്യൂവിഭാഗം ചീഫ് സെക്രട്ടറിയായിരുന്ന മാധവന്‍കുട്ടി, അശോക് കുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Tags:    
News Summary - weekly literature book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.