60
മുക്കണ്ണൻ തേങ്ങ ചലനമറ്റു നിൽക്കുന്ന ദിശയിലേക്ക് മരിച്ചവരുടെ കൈകാലുകൾ മുറിച്ചെടുക്കാനുള്ള ആയുധങ്ങളുമായി പുറപ്പെടുമ്പോഴെല്ലാം ദൊരൈ കരയും. അപകടം നടക്കുന്നതിന്റെ തലേരാത്രി മുതലാണ് അയാൾക്ക് സംഭ്രമം തുടങ്ങുക. ഏത് ദിക്കിലാണ് ഉണ്ടാവുക. എത്രയാളുകൾ മരിക്കും എന്നതൊക്കെ കൃത്യമായിരുന്നു.
പേരിലൊരു തമിഴനുണ്ടെങ്കിലും ദൊരൈ മലയാളിയാണ്. നാടുവിട്ട് വണ്ടിത്താവളത്തിൽ എത്തുന്നതിനു മുന്നേ കക്ക വാരലായിരുന്നു പണി. ചെറുപ്പത്തിന്റെ ചുറുക്കോടെ പൊരിവെയിലത്ത് മുങ്ങും. പൊന്തിവരുമ്പോൾ ചുമലിലെ തിളക്കം ചൂരൽകൊട്ടയിലെ കക്കകൾക്കും.
അന്തിക്ക് കള്ളും മോന്തി തോണിപ്പുരയിലെ പതിവുകാരിക്കൊപ്പം കൂടും. കക്കാ ദൊരൈയെന്നാണ് അന്നയാൾ നാട്ടിൽ അറിയപ്പെട്ടിരുന്നത്.
ഒരു നട്ടുച്ചക്ക് മുങ്ങിനിവരുമ്പോൾ കെട്ടുവള്ളത്തോളം വലുപ്പമുള്ളൊരു മരക്കൂട് മുകളിൽനിന്നൂർന്ന് കായലിലേക്ക് വീഴുന്നത് ദൊരൈ കണ്ടു. കെണിയിൽപെട്ടതുപോലെ അതിനുള്ളിൽനിന്നും ആളുകളുടെ കരച്ചിൽ. മരക്കള്ളികൾക്കിടയിലൂടെ പുറത്തേക്ക് നീളുന്ന കൈകൾ. വെപ്രാളത്തോടെ ദൊരൈ കരക്കു കയറി. അതിനടുത്ത ദിവസവും അതുതന്നെ കണ്ടു. മൂന്നാംദിവസം ഉച്ച കഴിഞ്ഞതു മുതൽ പെരുമഴയും കാറ്റും. പണിക്കുപോകാതെ കടവിൽ വള്ളം കെട്ടിയിട്ടു. തോണിപ്പുരയിൽ കിടക്കുമ്പോൾ വീണ്ടും അതേ കാഴ്ച. അഴിഞ്ഞുപോയ മുണ്ടും വാരിച്ചുറ്റി ദൊരൈ പുറത്തേക്കിറങ്ങി.
“മഴേം നനഞ്ഞ് ഇരുട്ടത്തിതെങ്ങോട്ടാ..?”
പെണ്ണിനോടൊന്നും പറയാതെ അയാൾ വള്ളമഴിച്ചു. തുഴഞ്ഞെത്തുന്നതിനു മുന്നേ വടക്കുനിന്നെത്തിയ തീവണ്ടി കായലിലേക്ക് പാളം തെറ്റിയിരുന്നു. വീണുപോയ ബോഗികളിൽ മൂന്നാലെണ്ണം വെള്ളത്തിലേക്ക് താണു. ഒരെണ്ണം പിടിവിടാതെ പാലത്തിൽനിന്ന് തൂങ്ങി.
ദൊരൈ വെള്ളത്തിലേക്ക് ചാടി. ദൂരെനിന്നും ചെറുവള്ളങ്ങൾ തുഴഞ്ഞുവരുന്നതിന്റെ വെട്ടങ്ങൾ. ആളും ബഹളവുമായതോടെ ഇരുട്ടിന്റെ മറപറ്റി മടങ്ങി. കടവിൽ തിരിച്ചെത്തുമ്പോൾ വള്ളപ്പടിക്കു താഴെ സ്വർണവളകളും മാലകളും വാച്ചുകളും. മുറിച്ചെടുത്ത വിരലുകളിൽനിന്ന് അയാൾ മോതിരം ഊരിയെടുക്കുന്നത് കണ്ട് പെണ്ണ് പരിഭ്രമിച്ചു. അവളുടെ ചോദ്യങ്ങളെയെല്ലാം നിശ്ശബ്ദമാക്കി ദൊരൈയുടെ പങ്കായം ഉയർന്നുതാണു.
മുങ്ങിത്താഴുന്നവരെ രക്ഷിക്കണമെന്നു തന്നെയായിരുന്നു വഞ്ചിയിറക്കുമ്പോൾ. ആളുകളുടെ കരച്ചിലിനു മീതെ അവർ നീട്ടിയ കൈകളിലേക്ക് കണ്ണുപാളിയതാണ് കുഴപ്പമായത്. ആഗ്രഹത്തോടു കൂടിയുള്ള കാഴ്ചയാണ് ലോകത്തിന്റെ ഇടർച്ചകളുടെ കാരണം. ഒരുവന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചാലും അത്തരം കാഴ്ചകളുടെ ശക്തി കെടില്ല. കണ്ണിനുമപ്പുറം കാഴ്ചയെ നിയന്ത്രിക്കുന്ന ഒരുവൻ എല്ലാ മനുഷ്യരുടെയും ഉള്ളിലുണ്ട്.
വണ്ടിത്താവളത്തിലിരുന്ന് കഞ്ചാവിന്റെ ലഹരിയിൽ ദൊരൈ പറയുന്നതെല്ലാം കേട്ടിരിക്കുമ്പോൾ, അയാൾ ജീവനോടെ മുറിച്ചെടുത്ത മോതിരവിരലുകൾ വള്ളക്കള്ളിയിൽ മീനിനെപ്പോലെ പിടയുന്ന കാഴ്ചയായിരുന്നു രായന്റെ മനസ്സിൽ.
61
അപകടമുണ്ടായാൽ ആദ്യമെത്താൻ പറ്റുമെന്ന കണക്കുകൂട്ടലിലാണ് ഇറക്കത്തെ വളവിൽ രായൻ ചായക്കട തുടങ്ങിയത്. ഒരാണ്ട് കഴിഞ്ഞിട്ടും കാര്യമായതൊന്നും തടഞ്ഞില്ല. പൊന്നും പണവുമൊക്കെ കൈനിറയെ കിട്ടുന്ന വലിയൊരു കുരുതിക്കായുള്ള കാത്തിരിപ്പ് നീണ്ടു.
കടയടച്ചു കഴിഞ്ഞാൽ പട്ടിക്കുള്ള തീറ്റയുമെടുത്ത് പാലത്തിനടിയിലെ എടുപ്പിലേക്ക് കുഞ്ഞാപ്പി മടങ്ങും. ഇറക്കത്തെ വഴിയിലൂടെ ഞാറമരങ്ങളുടെ നിഴൽപറ്റി കൂട്ടുകാരൻ മറയുന്നതോടെ ഇരുട്ടത്തുള്ള കുത്തിയിരിപ്പ് രായന് മടുക്കും.
കുട്ടിക്കാലം മുതലുള്ള എല്ലാ ഇടപാടിനും അടിമയെപ്പോലെ കൂടെ നിന്നവനാണ്. മരണവക്കിൽ വീണാലും കുഞ്ഞാപ്പിയുണ്ടെങ്കിൽ രക്ഷപ്പെടുമെന്നായിരുന്നു വിശ്വാസം. ഈയിടെയായി അവനൊരു മാറ്റം. ചോരവീണ മുതലിനായി ആഗ്രഹിക്കുന്നവന്റെ ആത്മാവിനു ഗതിയുണ്ടാവില്ലെന്നും പറഞ്ഞ് രാത്രിക്കൂട്ടിനു വിളിക്കുമ്പോഴെല്ലാം ഒഴിയും.
എത്ര മോശം കാര്യം ചെയ്താലും കൂടെയുള്ളവൻ വിശ്വസ്തനാണെങ്കിൽ ഏത് ഏടാകൂടത്തിൽനിന്നും ഊരിപ്പോരാനാവും. കൂട്ടുപ്രവൃത്തിയിൽ ഒപ്പമുള്ളവന് മനംമാറ്റം ഉണ്ടായാൽ എത്ര അടുപ്പമാണെങ്കിലും കൊല്ലണം.
കുറച്ചുദിവസം ഞാറക്കടവിൽനിന്നും മാറിനിൽക്കാൻ തീരുമാനിച്ചെങ്കിലും പിറ്റേന്ന് സന്ധ്യക്ക് രായൻ ചായക്കടയിലേക്ക് ചെന്നു. അടുപ്പിലെ കനലിൽനിന്ന് സിഗരറ്റ് കത്തിച്ചിട്ട് െബഞ്ചിലേക്ക് മലർന്നു. കുഞ്ഞാപ്പി അതൊന്നും കാണാത്തതുപോലെ സവോള നുറുക്കിക്കൊണ്ടിരുന്നു.
‘‘എനിക്ക് കുറച്ചു കാശു വേണം.’’
‘‘പെട്ടീന്നെടുത്തോ.’’
“കൊട്ടക്കണക്കിനല്ലേ ഇതീ കിടക്കുന്നത്.”
ഉള്ളതു മുഴുവൻ എടുത്ത് രായൻ ഇറങ്ങി. കട അടക്കാറായപ്പോൾ അവൻ വീണ്ടുമെത്തി. ഇത്തവണ മരത്തിൽ ചാരിവെച്ചിരുന്ന ലോഡുസൈക്കിളെടുത്തു.
“എങ്ങോട്ടാ..?”
കുന്തിക്കേറി രായൻ പോകുന്നതും നോക്കിനിന്നിട്ട് കുഞ്ഞാപ്പി വേസ്റ്റുബക്കറ്റുമായി പാലത്തിനടിയിലേക്ക് നടന്നു. മിച്ചം വരുന്നെതല്ലാം എടുപ്പിലെ പട്ടികൾക്കാണ് കൊടുക്കുക. പെറ്റു കണ്ണുതുറക്കാത്ത മൂന്നാലെണ്ണമുണ്ട്.
അതുങ്ങളെ കാണുമ്പോഴൊക്കെ പട്ടിക്കുഞ്ഞുങ്ങളുടെ ചോര പുരട്ടി രായൻ ഇറച്ചി വിറ്റ കാര്യം ഓർക്കും. താളം തെറ്റുമായിരുന്നെങ്കിലും രായന്റെ അമ്മക്ക് മനുഷ്യരോടും ദൈവങ്ങളോടും സ്നേഹമായിരുന്നു. ഇടുപ്പെല്ല് തകർക്കാനെടുത്ത വാക്കത്തിപോലെ മകന്റെ ജീവിതമിങ്ങനെ കടുപ്പപ്പെട്ടു പോകുമെന്ന് അവർ കരുതിയിട്ടുണ്ടാവില്ല.
പാട്ടവിളക്കുമായി കർമലി കടവിലിറങ്ങിയതോടെ ഇരുട്ടു കേറുന്ന തന്റെ ഉള്ളിലേക്കൊരു വെട്ടം വീഴുന്നത് കുഞ്ഞാപ്പി അറിഞ്ഞു. ഇഷ്ടമുള്ള ഒരാളെ എന്നും കാണാനാവുക. സംസാരിക്കണമെന്നോ പരസ്പരം അറിയണമെന്നോ പോലുമില്ല. അത്തരം തുടർക്കാഴ്ചകളിൽ ജീവിതം മുന്നോട്ടുകൊണ്ടു പോകാനുള്ള അത്ഭുതം ഒളിഞ്ഞിരിപ്പുണ്ട്. രായനതൊന്നും മനസ്സിലാവില്ല. ബന്ധങ്ങളുടെ കണ്ണികൾ കൂട്ടിച്ചേരുന്ന ലോകത്തിൽ കാലുറപ്പിക്കാതെ, ചലിക്കുകയും രമിക്കുകയും കൊല്ലുകയും ചെയ്യുന്ന ചിലന്തിയെപ്പോലെയാണ് അവൻ.
ഇരുട്ടിലെന്തോ അനങ്ങി. കുഞ്ഞാപ്പി തീപ്പെട്ടിയുരച്ചു. അള്ളിപ്പിടിച്ച് എടുപ്പിലേക്ക് കയറിയ പട്ടിക്കുഞ്ഞ് വാലാട്ടി അവന്റെ മൂക്കിൻതുമ്പിൽ നക്കി.
അവനതിനെ ചേർത്തുപിടിച്ച് കിടന്നു.
63
പള്ളിപ്പറമ്പുവരെ സൈക്കിൾ ചവിട്ടിയിട്ട് രായൻ ചായക്കടയിലേക്ക് തന്നെ മടങ്ങി. റോഡിലെ ആളനക്കം തീരാൻ കാത്തിരുന്നു. ഒന്നു മയങ്ങി ഉണരുമ്പോഴേക്കും ദൂരെ നിന്നൊരു വെട്ടം. ഇറക്കമിറങ്ങി വരുന്നത് ടാങ്കർലോറിയാണെന്നു കണ്ട് അവൻ ഇരുട്ടിലേക്ക് മാറി. കുറച്ചുകഴിഞ്ഞൊരു മങ്ങിയ വെട്ടം വളവുതിരിഞ്ഞു വരുന്നതു കണ്ടതോടെ ലോഡുസൈക്കിൾ മുന്നോട്ടെടുത്തു. വെട്ടിച്ചെങ്കിലും എതിരെ വന്ന സ്കൂട്ടർ വലിയൊരു ഒച്ചയോടെ മറിഞ്ഞു.
സൈക്കിൾ ഒതുക്കിവെച്ചിട്ട് രായൻ അടുത്തേക്ക് ചെന്നു. സ്കൂട്ടർ ഓടിച്ചിരുന്നയാൾ കമിഴ്ന്നാണ് കിടക്കുന്നത്. കഴുത്തിലൊരു വെന്തീഞ്ഞ. കൈവിരലിൽ മോതിരമില്ലെന്നു കണ്ടതിന്റെ നിരാശയോടെ ആളെ മലർത്തിക്കിടത്തി. പരിചയമുഖം. അനക്കമറ്റു കിടന്നവന്റെ പേഴ്സെടുത്തു. ചോര പുരണ്ട വാച്ച് അഴിക്കുമ്പോഴാണ് കയറ്റമിറങ്ങി വരുന്ന ലോറിയുടെ വെട്ടം.
രായൻ സൈക്കിളുമെടുത്ത് ഇടവഴിയിലേക്ക് ഇറങ്ങി.
64
നേരം വെളുക്കും മുന്നേ പാലമിറങ്ങി പോലീസുകാരെത്തി. കുത്തിപ്പിഴിഞ്ഞുകൊണ്ടിരുന്ന കൈലി കടവിൽ വെച്ചിട്ട് കുഞ്ഞാപ്പി രായനെ വിളിച്ചുണർത്തി. രാത്രി പത്തരയോടെ ചായക്കട അടച്ചെന്നും കുഞ്ഞാപ്പിയോടൊപ്പം സൈക്കിളിലാണ് മടങ്ങിയതെന്നും രായൻ പറഞ്ഞു. കാക്കി യൂനിഫോം കൺമുന്നിൽനിന്നും മറയുന്നവരെ പിടച്ചുനിന്ന കുഞ്ഞാപ്പി വിയർത്തൊലിച്ചു നിലത്തു കുത്തിയിരുന്നു. അവന്റെ സംശയം നിറഞ്ഞ നോട്ടം കാണാത്തപോലെ രായൻ തുഴയുമെടുത്ത് കടവിലേക്ക് ഇറങ്ങി.
‘‘സത്യം പറ കുഞ്ഞാ. നമ്മളു പിരിഞ്ഞതിനുശേഷം നീ കടയിലേക്ക് പിന്നേം പോയിരുന്നോ..?’’
‘‘ഇല്ല. എന്താ അങ്ങനെ ചോദിച്ചത്...’’
‘‘നീയെന്തോ ഒളിക്കുന്നപോലെ.’’
ഇങ്ങോട്ടെന്തെങ്കിലും ചോദിക്കാൻ അവസരം കൊടുക്കാതെ കുഞ്ഞാപ്പിയെ വിരട്ടിയതിന്റെ സന്തോഷത്തിൽ രായൻ വള്ളമഴിച്ചു.
സ്കൂട്ടറിൽനിന്നും വീണ്, തല പിളർന്നാണ് ചാക്കോ മരിച്ചത്. വർഷങ്ങളായി അയാളാണ് ഞാറക്കടവുപള്ളിയിലെ കുഴിവെട്ടി. ഒറ്റാംതടിയായിരുന്നെങ്കിലും അമ്പനാപുരത്ത് അയാൾക്കൊരു ഇടപാടുണ്ടായിരുന്നു. രാത്രി അവരുടെ വീട്ടിൽ പോയിട്ടുവരുമ്പോഴാണ് അപകടം. ഇടിച്ചിട്ട വണ്ടിയെക്കുറിച്ച് പോലീസുകാർ അന്വേഷിക്കുന്നുണ്ട്.
മേടയിലേക്ക് പെട്ടെന്ന് ചെല്ലണമെന്നും പറഞ്ഞ് മാമ്പള്ളിയച്ചൻ ആളെ അയച്ചപ്പോൾ കുഞ്ഞാപ്പി രായനെയും കൂട്ടിനു വിളിച്ചു. ചാക്കോയുടെ പെടുമരണത്തെക്കുറിച്ച് ചോദിക്കാനാണെന്നാണ് അവൻ വിചാരിച്ചത്.
‘‘രായാ നമ്മുടെ കടയുടെ മുന്നിലല്ലേ അപകടം. എന്താ പറയുക..?’’
‘‘പോലീസുകാരോടു പറഞ്ഞില്ലേ. അതുതന്നെ മതി.’’
കുഞ്ഞാപ്പി പേടിയോടെ മേടയുടെ മുന്നിൽ കെട്ടിയിട്ടിരുന്ന ഓട്ടുമണി മുഴക്കി.
പാതി ചാരിയിട്ടിരുന്ന വാതിൽ തുറന്ന് പാതിരി രണ്ടുപേരെയും അകത്തേക്ക് വിളിച്ചു.
‘‘ഒരു കുഴിവെട്ടണമല്ലോ കുഞ്ഞാപ്പി.’’
കുഞ്ഞാപ്പിയൊന്നു പതറി. കുഴിവെട്ടിയുടെ കുഴിയാണ് എടുക്കേണ്ടത്. ആളുകളെ കുഴിച്ചിടുമ്പോൾ തനിക്കുമൊരു ശവക്കുഴി ആരെങ്കിലും വെട്ടുമെന്ന് അയാൾ എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടാവുമോ.
ചത്തുകിടന്ന ചാക്കോയുടെ തുറന്ന കണ്ണും, അയാളുടെ പേഴ്സിനുള്ളിൽ വീർപ്പുമുട്ടി കിടന്നിരുന്ന മുഷിഞ്ഞ നോട്ടുകളുമായിരുന്നു രായന്റെ മനസ്സിൽ.
‘‘അച്ചൻ വേറെ ആരെയെങ്കിലും നോക്ക്.’’
രായൻ അതും പറഞ്ഞ് എഴുന്നേറ്റു.
‘‘വലിയ താഴ്ചയൊന്നും വേണ്ട. ആറടിയെന്നൊക്കെ ഒരു കണക്കല്ലേ. പട്ടി മാന്തി പുറത്തിടരുത് അത്രേയുള്ളൂ.’’
65
‘‘നീയെന്നെ സഹായിക്ക്. പെട്ടെന്നൊരാളെ കിട്ടാൻ പാടാ.’’
മാമ്പള്ളിയച്ചൻ ശവവണ്ടിപ്പുരയുടെ താക്കോൽ നീട്ടി. പറ്റില്ലെന്നും പറഞ്ഞ് രായനിറങ്ങിപ്പോയെങ്കിലും കുഞ്ഞാപ്പി അത് വാങ്ങി. സെമിത്തേരിയോടു ചേർന്ന ഷെഡിലായിരുന്നു കുഴിവെട്ടി ചാക്കോ താമസിച്ചിരുന്നത്. അവനത് തുറന്നു. ഒരു ആന കയറിനിൽക്കുന്നപോലെ മുറി നിറഞ്ഞ് ശവവണ്ടി. അഴയിൽ മരിച്ചവന്റെ പതാകപോലെ അയാളുടെ കൂറത്തോർത്ത്. ശവവണ്ടിയുടെ കറുത്ത റബർപാളി പൊതിഞ്ഞ മരവീലു കണ്ടപ്പോൾ കുഞ്ഞാപ്പിക്ക് കാലിലൂടെ ഒരു വേദന കയറിയിറങ്ങി.
മാലിപ്പുറം പള്ളിയിലും ശവമെടുത്തിരുന്നത് മരവീലുള്ള വണ്ടിയിലായിരുന്നു. തടിവീലു തേയാതിരിക്കാൻ ചുറ്റോടുചുറ്റും കറുത്ത റബർപാളി പൊതിയും. പാളികൾ ചേരുന്നിടം കറങ്ങി നിലത്തു തൊടുമ്പോൾ വണ്ടി അപ്പാടെ ഒന്നു കുലുങ്ങും, അകത്തു കിടക്കുന്ന ശവം ഉലയും. താടി ചേർത്തു കെട്ടിയിട്ടും അമ്മയുടെ മുൻവരി പല്ല് ശവവണ്ടിയുടെ ആട്ടത്തിനൊപ്പം പുറത്തേക്ക് തള്ളിക്കൊണ്ടിരുന്നു. കണ്ണീച്ചകൾ വട്ടംചുറ്റുന്ന അവരുടെ മുഖത്തുനിന്ന് കണ്ണുമാറ്റാതെ ശവമഞ്ചത്തിനൊപ്പം നടക്കുമ്പോഴാണ് മരവീല് അവന്റെ വിരലിലൂടെ കയറിയിറങ്ങിയത്. ഉച്ചത്തിൽ കരഞ്ഞെങ്കിലും അത് അമ്മയുടെ വേർപാടിലുള്ള മകന്റെ നിലവിളിയാണെന്നാണ് ആളുകൾ കരുതിയത്.
കുഞ്ഞാപ്പി കാലിലേക്ക് നോക്കി. വർഷങ്ങൾ കഴിഞ്ഞെങ്കിലും കറുത്തിരുണ്ട നഖം ഇപ്പോഴും.
ചാക്കോയുടെ പണിസാധനങ്ങൾ ഒരു മൂലക്ക് ഒതുക്കിവെച്ചിട്ടുണ്ട്. വലിച്ചുതള്ളിയ ബീഡിക്കുറ്റികൾ മുറിയിൽ ചിതറിക്കിടക്കുന്നു. സ്കൂട്ടറിന്റെ തേഞ്ഞുപോയ ടയറിനു മീതെ ഒരു ഓട്ടുകലം. വിലകുറഞ്ഞ മദ്യക്കുപ്പി വെന്റിലേഷനിലിരിക്കുന്നതു കണ്ട് കുഞ്ഞാപ്പി അതെടുത്തു. മൂട്ടിലിത്തിരി ബാക്കിയുണ്ട്.
രൂപത്തട്ടിലൊരു പൊടിപിടിച്ച പുണ്യാളൻ. അടുത്തകാലത്തൊന്നും തിരി കത്തിച്ചിട്ടില്ല. വേദപുസ്തകം എടുത്തപ്പോൾ അതിനുള്ളിലിരുന്ന പടം താഴേക്ക് വീണു. മരിപ്പു ഫോട്ടോയിലെ അച്ചമ്മയെ അവൻ തിരിച്ചറിഞ്ഞു. ഓപ്പയണിഞ്ഞു ശവപ്പെട്ടിയിൽ കിടക്കുന്നയാൾ അച്ചമ്മയുടെ ബന്ധുവായിരിക്കും. ശവത്തിനടുത്തു നിൽക്കുന്ന ആണുങ്ങളുടെ കൂട്ടത്തിൽ മരിച്ച ചാക്കോയുടെ ചെറുപ്പമുഖം. ഫോട്ടോയും പിടിച്ച് കുഞ്ഞാപ്പി ഭിത്തിയിൽ ചാരിയിരുന്നു.
മൺവെട്ടിയും പിക്കാസുമെടുത്തു പുറത്തേക്കിറങ്ങുമ്പോൾ അവന്റെ സങ്കടംപോലെ ഒറ്റയും പെട്ടയും മുഴങ്ങി. മരിച്ചയാളെ കുഴിയിലേക്കിറക്കി മണ്ണിടുന്നതു കാണുമ്പോഴെല്ലാം ഒരു വെപ്രാളമാണ്. അടപ്പു മൂടുമ്പോൾ പെട്ടിക്കുള്ളിൽ കിടക്കുന്നവന് ജീവൻ വെച്ചാലോ. അങ്ങനെയുള്ള സ്വപ്നങ്ങൾ കുഞ്ഞാപ്പി പലതവണ കണ്ടിട്ടുണ്ട്. അന്ത്യചുംബനം കഴിഞ്ഞ് പെട്ടി അടക്കുമ്പോഴാവും കണ്ണുതുറക്കുക. അപ്പോഴേക്കും ചുറ്റും ഇരുട്ടായിരിക്കും. പെട്ടിപ്പുറത്ത് വീഴുന്ന മണ്ണൊച്ച. കുതറാനും അലറാനും ശ്രമിച്ചാലും കൈയും കാലും നാവുമൊന്നും ചലിക്കില്ല. ഉണർന്നാലും കുറേനേരം കൂടി അതൊക്കെ വിട്ടുമാറാതെ നിൽക്കും.
ചത്ത മൃഗങ്ങളെ കുഴിച്ചിട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു മനുഷ്യനുവേണ്ടി കുഴിയെടുക്കുന്നത്. മൺവെട്ടിയും പിക്കാസും താഴെവെച്ച് പുല്ലുപടർന്ന കുഴിമാടത്തിന്റെ ദ്രവിച്ച കുരിശു കുഞ്ഞാപ്പി പിഴുതു. മൺകൂന വെട്ടിത്തുടങ്ങുമ്പോൾ തൊട്ടടുത്തുള്ള പുത്തൻകുഴിയിൽനിന്നൂറിയ ദുബൈ സെന്റിന്റെ മണം. താഴേക്കു കുഴിക്കുന്തോറും ഉറഞ്ഞ ശവപ്പെട്ടിയുടെ പലകകളും എല്ലും തലയോട്ടിയുമൊക്കെ കണ്ടു തുടങ്ങി. ചൂരൽക്കൊട്ടയിൽ അതെല്ലാം വാരിയെടുത്ത് കുഞ്ഞാപ്പി അസ്ഥിക്കുഴിയിൽ കൊണ്ടിട്ടു. തിരിച്ചുവന്ന് കുഴിവെട്ടു തുടരുമ്പോൾ അടിമണ്ണ് തെളിഞ്ഞു. കഴുത്തറ്റം ആഴമായതോടെ ഇരുട്ട് കുഴിയിലേക്കിറങ്ങി. ഒരു തളർച്ച. ശവപ്പെട്ടിയുടെ ആകൃതിയിൽ ഒതുങ്ങിയ മുകളിലെ ലോകം. ശ്വാസം കുരുങ്ങിയപോലെ. പിടച്ചിലോടെ കയറിയതും വെട്ടിക്കേറ്റിയതിന്റെ എതിർപ്പോടെ മണ്ണ് കുഴിയിലേക്ക് ഇടിഞ്ഞു.
ബാൻഡ്സെറ്റും പൊൻകുരിശുമില്ലാതെ കുഴിവെട്ടി ചാക്കോയെ സെമിത്തേരിയിലേക്ക് കൊണ്ടുവന്നു. മരിച്ചവരെ അടക്കുകയെന്ന പുണ്യം കുറേക്കാലമായി ചെയ്തോണ്ടിരുന്ന ആളല്ലേ. കാശു നോക്കാതെ അവനുമൊരു പൊൻകുരിശു കൊടുക്കാമായിരുന്നു. കുഴിക്കു ചുറ്റും നിന്നവരുടെ പരാതി. ഒടുവിലത്തെ ചുംബനം കൊടുക്കാൻ ആരുമില്ലാതെ ഒരുവന്റെ ശവപ്പെട്ടി മൂടാൻ പോകുന്നു. വിരലുകൾ കൂട്ടിക്കെട്ടിയ കാലിൽ കുഞ്ഞാപ്പി തൊട്ടു.
മൺകൂന ഉയർത്തുന്നതുവരെ കാത്തുനിൽക്കാതെ അടക്കത്തിനു വന്നവരെല്ലാം പിരിഞ്ഞു. തലേ രാത്രിവരെ കൈയകലത്തിൽ തനിക്കൊരു ബന്ധുവുണ്ടായിരുന്നു. അതറിഞ്ഞപ്പോഴേക്കും ആ മനുഷ്യൻ ഭൂമി വിട്ടുപോയി.
ഒടിഞ്ഞ റീപ്പകൾ കൂട്ടിക്കെട്ടി കുഴിക്കലൊരു കുരിശു നാട്ടുമ്പോൾ അവൻ കരഞ്ഞു.
66
‘‘നീ കുളിച്ചിട്ടു വാ. എനിക്കൊരു കാര്യം പറയാനുണ്ട്.’’
അച്ചൻ കൊടുത്ത തോർത്തും സോപ്പും വാങ്ങി കുഞ്ഞാപ്പി മേടയുടെ പിന്നിലേക്ക് നടന്നു. ചുറ്റിനും കൈതച്ചക്ക തിങ്ങിയ കുളത്തിൽ മുങ്ങിനിവരുമ്പോൾ അവന്റെ കലങ്ങിമറിഞ്ഞ മനസ്സിനൊരു തണുപ്പു വീണു. ഇരുട്ടുവീണു കിടന്നിരുന്ന മേടയിലേക്കുള്ള വഴി നിറയെ മിന്നാമിന്നികൾ.
നീല പെയിന്റടിച്ച ട്രങ്ക് അവന്റെ മുന്നിലേക്ക് അച്ചൻ നീക്കിവെച്ചു.
‘‘തുറന്നു നോക്ക്.’’
മുണ്ടും തോർത്തും എണ്ണയും സോപ്പുമൊക്കെയുണ്ട് ഇരുമ്പുപെട്ടിക്കുള്ളിൽ.
‘‘ഒരു മണ്ണെണ്ണ സ്റ്റൗ കൂടി വാങ്ങിത്തരാം. മരിപ്പുവണ്ടി കിടക്കുന്ന ഷെഡിന്റെ താക്കോൽ നീ സൂക്ഷിച്ചാൽ മതി. ഇന്നുമുതൽ നീയാണ് കുഴിവെട്ടി.’’
രായനോടു ചോദിക്കാതെ പണിയേൽക്കാൻ വയ്യെന്നും പറഞ്ഞ് കുഞ്ഞാപ്പി ഒഴിഞ്ഞപ്പോൾ അച്ചൻ വീണ്ടും നിർബന്ധിച്ചു.
‘‘രായൻ ചായക്കട നടത്തട്ടെ. നീയെന്റൊപ്പം കൂടിക്കോ. പകൽ അവന്റെ കൂടെ നടന്നാലും രാത്രി തനിച്ചേ വണ്ടിപ്പുരയിലേക്ക് വരാവൂ. പള്ളീടെ മൊതലാ. ആ കീടത്തെ അവിടെ കേറ്റീ കിടത്തീന്ന് ഇടവകക്കാര് അറിഞ്ഞാൽ വല്യ പ്രശ്നമാകും.’’
രായനോടു ചോദിച്ചിട്ട് വരാമെന്നും പറഞ്ഞ് കുഞ്ഞാപ്പി മേടയിൽ നിന്നിറങ്ങി.
പിറ്റേന്നു പകൽ മുഴുവൻ അന്വേഷിച്ചു നടന്നു. രാത്രി ചായക്കടയിലേക്ക് ചെന്നു. റോഡിന്റെ ഇറക്കത്തിൽ ചാക്കോ ഓടിച്ചിരുന്ന ചാരനിറമുള്ള അച്ചന്റെ ലാമ്പി ഹെഡ്ലൈറ്റ് തകർന്നു കിടപ്പുണ്ട്. ഹാൻഡിലിൽ ചുറ്റിയിട്ടിരുന്ന അഴുക്കുനിറഞ്ഞ കൊന്തയിലെ പാതിയൊടിഞ്ഞ കുരിശ്. മുൻവശത്ത് ഒട്ടിച്ചിരുന്ന പുണ്യാളന്റെ പടമുള്ള പള്ളിപ്പെരുന്നാളിന്റെ സ്റ്റിക്കറിൽ ചോര.
ചായക്കടയിലേക്ക് കയറുമ്പോൾ അതിനകത്ത് പെട്ടുപോയ പൂച്ച വെപ്രാളത്തോടെ പരക്കംപാഞ്ഞ് പടുതയുടെ വിടവിലൂടെ പുറത്തേക്കു ചാടി.
ചരിവിറങ്ങി പള്ളിപ്പറമ്പിലേക്ക് നടക്കുമ്പോഴും ആരോ കൂടെയുള്ളതുപോലെ കുഞ്ഞാപ്പിക്ക് തോന്നി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.