തപോമയിയുടെ അച്ഛൻ

ഞങ്ങള്‍ പുറത്തിറങ്ങി വഴിമാറി അൽപം നടപ്പാതയുടെ തിരക്കുകുറഞ്ഞ ഭാഗത്തുകൂടെ നടന്നു. പുറംകാഴ്ചകള്‍ ഞങ്ങളെ കൂടുതല്‍ മൗനികളാക്കുന്നതായി തോന്നി. നിരത്തിന്‍റെ വശങ്ങളിലെ വലിയ വൃക്ഷങ്ങളുടെ ഉച്ചിയില്‍ ചേക്കേറിയ പക്ഷികളുടെ ശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നു. ഹാലജന്‍ വിളക്കുകളുടെ മഞ്ഞകലര്‍ന്ന വെളിച്ചം. ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടു നടക്കുന്ന ചെറുപ്പക്കാരുടെ ഒരു സംഘം ഞങ്ങളെ കടന്നുപോയി. പാതയില്‍ വാഹനഗതാഗതം കുറവായിരുന്നു. തിരക്കുള്ള സമയത്ത് റോഡ് മുറിച്ചുകടക്കാനായി നിർമിച്ച മേല്‍പ്പാതക്കരികില്‍ വഴിവാണിഭക്കാരുടെ വലിയ നിര. ചുട്ടെടുത്ത ചോളം വില്‍ക്കുന്ന ഒരു മനുഷ്യന്‍ ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനായി...

ഞങ്ങള്‍ പുറത്തിറങ്ങി വഴിമാറി അൽപം നടപ്പാതയുടെ തിരക്കുകുറഞ്ഞ ഭാഗത്തുകൂടെ നടന്നു. പുറംകാഴ്ചകള്‍ ഞങ്ങളെ കൂടുതല്‍ മൗനികളാക്കുന്നതായി തോന്നി. നിരത്തിന്‍റെ വശങ്ങളിലെ വലിയ വൃക്ഷങ്ങളുടെ ഉച്ചിയില്‍ ചേക്കേറിയ പക്ഷികളുടെ ശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നു. ഹാലജന്‍ വിളക്കുകളുടെ മഞ്ഞകലര്‍ന്ന വെളിച്ചം. ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടു നടക്കുന്ന ചെറുപ്പക്കാരുടെ ഒരു സംഘം ഞങ്ങളെ കടന്നുപോയി. പാതയില്‍ വാഹനഗതാഗതം കുറവായിരുന്നു.

തിരക്കുള്ള സമയത്ത് റോഡ് മുറിച്ചുകടക്കാനായി നിർമിച്ച മേല്‍പ്പാതക്കരികില്‍ വഴിവാണിഭക്കാരുടെ വലിയ നിര. ചുട്ടെടുത്ത ചോളം വില്‍ക്കുന്ന ഒരു മനുഷ്യന്‍ ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനായി ഉറക്കെ വിളിച്ചു. നീലനാളമുള്ള ഗ്യാസടുപ്പില്‍ അയാള്‍ എന്തോ തിളപ്പിക്കുന്നുമുണ്ട്. എവിടെനിന്നോ വന്ന രണ്ടു കുരങ്ങുകള്‍ അയാളെത്തന്നെ നോക്കി നിലത്തിരിപ്പുണ്ട്. അയാളുടെ കണ്ണുതെറ്റിയാല്‍ അവര്‍ ചുട്ടു​െവച്ച ചോളവുമെടുത്തു തിരിച്ചുപോകും. ഇടക്കിടെ അയാള്‍ നീണ്ടൊരു വടിയെടുത്ത് അവര്‍ക്കുനേരേ വീശുന്നതു കണ്ടു. ഒന്നു പിറകിലേക്കു മാറിയശേഷം കൂടുതല്‍ വാശിയോടെ വാനരന്മാര്‍ മുന്നിലേക്കുതന്നെ വന്നു.

‘‘പര്‍വീണ എഴുത്തു പഠിച്ചത് ക്യാമ്പില്‍ വന്നതിനുശേഷമായിരുന്നു’’, തപോമയി പറഞ്ഞു, ‘‘ഇത്രയും മുതിര്‍ന്ന ഒരു പെണ്‍കുട്ടി ലിപികള്‍ക്കു മുന്നില്‍ പകച്ചുനിൽക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി.’’

പക്ഷേ, ‘ഷെല്‍ട്ടര്‍’ എന്ന സംഘടനയിലെ മറ്റു പ്രവര്‍ത്തകര്‍ക്ക് അതൊരു അത്ഭുതമായി തോന്നിക്കാണില്ല. കാരണം ക്യാമ്പില്‍ മിക്കവരും നിരക്ഷരരായിരുന്നു. അതുപക്ഷേ, മറ്റു കാര്യങ്ങള്‍ക്കിടയില്‍ അങ്ങനെയാരും ശ്രദ്ധിച്ചില്ലെന്നു മാത്രം. ജീവിക്കാനിടം കിട്ടുക, കഴിക്കാന്‍ ഭക്ഷണം കിട്ടുക, അതിനായി കൂലി കിട്ടുന്ന തൊഴിലുകള്‍ സമ്പാദിക്കുക – അതെല്ലാമായിരുന്നു അവര്‍ക്കിടയിലെ മുന്‍ഗണന. ജഹാന്‍ ഒരപവാദമായിരുന്നു. നാട്ടില്‍നിന്നും വരുമ്പോള്‍ത്തന്നെ അയാള്‍ക്ക് ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാം. ഇന്ത്യയില്‍ വന്നപ്പോള്‍ അയാള്‍ ഹിന്ദി കൂടി പഠിച്ചു. ആവശ്യമുള്ള എഴുത്തുകുത്തുകളെല്ലാം ഇപ്പോള്‍ ജഹാനാണ്.

കുറച്ചു നാള്‍ക്കകം അവര്‍ ക്യാമ്പില്‍ സായാഹ്ന ക്ലാസുകള്‍ ആരംഭിച്ചു. തീരെ ചെറിയ കുട്ടികള്‍ മുതല്‍ വയസ്സു ചെന്നവര്‍വരെ വിദ്യാർഥികള്‍. പുറത്തുനിന്നും അധ്യാപകരെ കൊണ്ടുവന്നു. അഭയാർഥികള്‍ക്ക് ക്ലാസുകള്‍ ഒരു പുതുമയായിരുന്നു. മറ്റുള്ളവര്‍ക്ക് സാധാരണമെന്നു തോന്നുന്ന പലതും അവര്‍ക്കു വലിയ പ്രയാസമായിത്തോന്നി. ഉദാഹരണത്തിന് പേന പിടിക്കുക എന്ന ഏറ്റവും ലളിതമെന്നു തോന്നിക്കാവുന്ന കർമം.

കുട്ടികളെപ്പോലെയല്ല, മുതിര്‍ന്നവര്‍ പലരും അതാദ്യമായി ചെയ്യുമ്പോള്‍ കുഴങ്ങി. പേന പിടിച്ചാലും അക്ഷരങ്ങളെഴുതാന്‍ പോന്ന വഴക്കം കിട്ടുന്നില്ല. കുട്ടികള്‍ പെട്ടെന്നു മുന്നേറി, അവര്‍ക്കൊപ്പമെത്താനാകാതെ പലരും വിഷമിച്ചു. മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു എന്ന അപകര്‍ഷതാബോധമായിരുന്നു, പലര്‍ക്കും. പോകപ്പോകെ പ്രായമായവര്‍ പലരും ക്ലാസുകള്‍ക്കു വരാതായി. ഞങ്ങളെ കാണുമ്പോഴേക്കും അവര്‍ തങ്ങളുടെ ഷെഡുകളില്‍ പോയി ഒളിച്ചിരുന്നു. പോലീസിനെപ്പോലെ, അഭയാർഥികളോട് വിരോധം കാണിക്കുന്ന ആളുകളെപ്പോലെ പഠിപ്പിക്കാന്‍ വരുന്നവരും അവരില്‍ പേടിയുളവാക്കിയിരുന്നു.

പര്‍വീണ പഠിത്തത്തില്‍ മിടുക്കിയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന ജോലി അവള്‍ സ്വയം ഏറ്റെടുത്തു. ഒച്ചകളേതുമില്ലാത്തതായിരുന്നു അവളുടെ അധ്യാപനരീതി. പഠിപ്പിക്കുന്നുണ്ടോ എന്നു സംശയം തോന്നും. പക്ഷേ, കുട്ടികള്‍ അവളോട് ഇണങ്ങി. അഥവാ, കുട്ടികള്‍ക്കൊപ്പമേ അവള്‍ പൊരുത്തപ്പെട്ടിരുന്നുള്ളൂ. അപ്പോഴാണ് ഇടയില്‍ ​െവച്ചു പഠനം നിര്‍ത്തിയ മനുഷ്യരെക്കൂടി പഠിപ്പിക്കാമോ എന്ന് തപോമയി അവളോടു ചോദിക്കുന്നത്. അവള്‍ ഒന്നും പറഞ്ഞില്ല. പക്ഷേ, ഓരോ കൂരയിലും പോയി, ഓരോരുത്തര്‍ക്കും വേണ്ടി അവള്‍ പണിപ്പെട്ടു. അവള്‍ക്ക് ആകാശത്തോളം ക്ഷമയുണ്ടായിരുന്നു. മുതിര്‍ന്ന ആളുകള്‍ സായാഹ്ന ക്ലാസുകളിലേക്കു തിരിച്ചുവന്നു.

ക്ലാസുകള്‍ക്കുവേണ്ട പാഠപുസ്തകങ്ങള്‍, ബ്ലാക്ക് ബോര്‍ഡുകള്‍, ബെഞ്ചും ​െഡസ് ക്കും, സ്ലേറ്റുകള്‍, പേനകള്‍, നോട്ടുബുക്കുകള്‍, പുറത്തുനിന്നും കൊണ്ടുവരുന്ന അധ്യാപകര്‍ക്കുള്ള ചെറിയതെങ്കിലും സ്ഥിരമായി വേണ്ടുന്ന വേതനം, പിന്നീട് ക്ലാസിനുവേണ്ടി കെട്ടിയുണ്ടാക്കിയ ഒരു മുറി: ‘‘എല്ലാത്തിനും കുറേ പണം ചെലവായി. അതെല്ലാം ആരാണ് തന്നതെന്നറിയാമോ?’’ തപോമയി ചോദിച്ചു. ഒരുപക്ഷേ, ഏതെങ്കിലും ഓഫീസില്‍ അയാള്‍ ഒരു പ്രോജക്ട് കൊടുത്തു ശരിയാക്കിക്കാണും.

 

‘‘ഓഫീസും സംഘടനയുമൊന്നുമല്ല. അവര്‍ക്ക് കൃത്യമായി എന്തെങ്കിലുമൊക്കെ നിർമിച്ചോ വാങ്ങിച്ചോ കാണിച്ചുകൊടുക്കണം. സംതിങ് ടാന്‍ജിബിള്‍.’’ അക്ഷരാഭ്യാസം അത്തരമൊരു തെളിവല്ല.

‘‘ഗിരിധര്‍ റാവു?’’ ഞാന്‍ ഊഹിച്ചു.

‘‘ഏയ്, അല്ല. റാവു സാറിനെ കണ്ടിട്ടു കുറച്ചായി,’’ അയാള്‍ പറഞ്ഞു. എനിക്കറിഞ്ഞുകൂടാ. ആരാണ് അഭയാർഥികളെ സാക്ഷരരാക്കുന്നതില്‍ ധനസഹായം ചെയ്യുന്നത്?

‘‘എന്‍റെ അച്ഛന്‍! ’’ തപോമയി ചിരിച്ചുകൊണ്ടു പറഞ്ഞു. തന്‍റെ നീക്കിയിരിപ്പില്‍നിന്നും ഒരുഭാഗം ഗോപാല്‍ബറുവ അതിനായി മകനു കൊടുത്തുവത്രേ. ചോദിക്കുകപോലും വേണ്ടിവന്നില്ല.

എനിക്കത്ഭുതം തോന്നി. ആരാണ് എന്നു കൃത്യമായി അച്ഛനെ അറിയിക്കാതെയാണ് തപോമയി പര്‍വീണയെ വീട്ടില്‍ നിര്‍ത്തിയിട്ടുള്ളത്. പക്ഷേ, അദ്ദേഹത്തിന് അക്കാര്യം അറിയാം. അഭയാർഥി എന്ന തന്‍റെ മേല്‍വിലാസം അദ്ദേഹത്തെ അലോസരപ്പെടുത്തുന്നുമില്ല. അദ്ദേഹവും അഭയാർഥിയായ ഒരാളെ വിവാഹം ചെയ്തു. എങ്കിലും തന്‍റെ മകന്‍ അത്തരത്തിലുള്ള ഒരു പെണ്‍കുട്ടിയെ കൂടെക്കൂട്ടുന്നതില്‍ അദ്ദേഹത്തിന് താൽപര്യമില്ല. കാവ്യാത്മകമായ ചില കാരണങ്ങള്‍ ഉന്നയിക്കുന്നു. അതേസമയം തന്നെ അഭയാർഥികളെ എഴുത്തുപഠിപ്പിക്കുന്നതിനായി തന്‍റെ കൈയില്‍നിന്നും പണം ചെലവഴിക്കുന്നു!

‘‘എന്‍റെ അച്ഛന്‍ ഒരു വലിയ മനുഷ്യനാണ്’’, തപോമയി പറഞ്ഞു. ‘‘ജീവിതത്തില്‍ വിചിത്രമായ പല അനുഭവങ്ങളിലൂടെയും അദ്ദേഹം സഞ്ചരിച്ചു. വിട്ടുപോന്ന നാടുകള്‍, മനുഷ്യര്‍, എത്തിച്ചേര്‍ന്നതും കണ്ടുമുട്ടിയതുമായ നാടും മനുഷ്യരും. മുങ്ങിപ്പോകുന്നതിനു മുമ്പ് ചിലപ്പോഴെല്ലാം കിട്ടിയ നേരിയ പിടിവള്ളികള്‍... എന്തെല്ലാം! അധികമാരോടും വെളിപ്പെടുത്താത്ത കഥകള്‍...’’

‘‘എന്നോടു പറഞ്ഞിട്ടുണ്ട്, ചില കഥകള്‍’’, ഞാന്‍ പറഞ്ഞു. വലിയ കുടിയേറ്റത്തിന്‍റെ കഥ. കിഴക്കന്‍ ബംഗാളിലെ ഒരു ഗ്രാമത്തില്‍നിന്നും പടിഞ്ഞാറോട്ട്, ഒരു നദി കടന്നുവന്നത്. അവിടെ ചതുപ്പുനിറഞ്ഞ ഒരു ദ്വീപില്‍ താമസമാക്കിയത്. തന്‍റെ പഠിപ്പിനൊത്ത ഒരു ജോലി അവിടെയില്ലായിരുന്നു. പകരം ഒരു തോണിക്കാരനായി അവിടെ ജീവിച്ചു. ദ്വീപുകളില്‍നിന്നു ദ്വീപുകളിലേക്ക്, വനപ്രദേശങ്ങളിലേക്ക്, വീടുകളിലേക്കും ചന്തകളിലേക്കും മനുഷ്യരെ കൊണ്ടുപോയി. പതുക്കെപ്പതുക്കെ ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എല്ലാവരും. അവിടെ അവരെ പ്രകൃതി ചതിച്ചു. ഒരു പ്രളയദുരിതകാലത്ത് എല്ലാം നഷ്ടപ്പെട്ട് കൊല്‍ക്കത്തയിലേക്കു വരേണ്ടിവന്നു.

‘‘അതെല്ലാം അച്ഛന്‍ പറഞ്ഞു അല്ലേ?’’ തപോമയി അത്ഭുതത്തോടെ എന്നെ നോക്കി. ‘‘എല്ലാം ശരിയാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ മേഖലയില്‍ താൽപര്യമുണ്ടെന്നു തോന്നിയതുകൊണ്ടാവാം അത്തരം കഥകള്‍ പറഞ്ഞത്. എന്നാല്‍, ഞാനതൊന്നും അച്ഛനില്‍നിന്നല്ല കേട്ടിട്ടുള്ളത്.’’

‘‘അദ്ദേഹം എന്നോട് സന്താനത്തിന്‍റെ കഥ പറയുകയായിരുന്നു’’, ഞാന്‍ തുടര്‍ന്നു: ‘‘അല്ലെങ്കില്‍ അദ്ദേഹത്തെ പരിചയപ്പെട്ട കാര്യം. കുറച്ചുനാള്‍ ഗോപാല്‍ദാ ഒരു വലിയ കെട്ടിടസമുച്ചയത്തില്‍ കാവല്‍ക്കാരനായി നിന്നിരുന്നു. അവിടത്തെ വിരസമായ പകലുകള്‍. പത്രങ്ങളില്‍ വരുന്ന പദപ്രശ്നങ്ങളും കണക്കുകളും പൂരിപ്പിച്ച് ഒരു ഉന്മാദിയെപ്പോലെ കഴിഞ്ഞു. വലിയ ആകസ്മികതകൊണ്ടാണ് കേണല്‍ സന്താനത്തെ പരിചയപ്പെട്ടത്. അദ്ദേഹത്തോടൊപ്പം സൈന്യത്തിന്‍റെ രഹസ്യവിഭാഗത്തില്‍ ജോലി ചെയ്തത്. പിന്നെ ഗുഹാലിഖിതങ്ങളും പഴയ നാഗരികതകളിലെ ലിപിസഞ്ചയങ്ങളും വായിക്കാന്‍ സന്താനത്തോടൊപ്പം പോയത്. എല്ലാം എനിക്കറിയാം. അദ്ദേഹം വലിയ ഒരാള്‍ തന്നെയായിരുന്നു. ചില പുസ്തകങ്ങളിലെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പേരുണ്ട്, സന്താനത്തോടൊപ്പം. പക്ഷേ, എവിടേയും മുന്നോട്ടുവന്നില്ല. എപ്പോഴും ഒരാളുടെ നിഴല്‍പോലെ നിന്നു. അതുകൊണ്ടാവും ആ പ്രയോഗം –നിഴല്‍പോലെ എന്നുള്ളത്– അദ്ദേഹത്തെ വിട്ടുപോകാത്തത്. അദ്ദേഹം തന്നെത്തന്നെ വിലയിരുത്തിയതാവണം.’’

‘‘അതൊക്കെയും നടന്ന കാര്യങ്ങള്‍ തന്നെ. എങ്കിലും അദ്ദേഹത്തിന്‍റെ കഴിവുകളെക്കുറിച്ചാണ് താങ്കള്‍ പറഞ്ഞത്. സ്വാഭാവികമാണ് അതെല്ലാം. സന്താനത്തെപ്പോലെ വലിയൊരു മനുഷ്യന്‍ കൂടെ കൂട്ടണം എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതിനുതക്ക ബുദ്ധി ഒരാള്‍ക്കുണ്ടായിരിക്കണമല്ലോ. ഞാനക്കാര്യമല്ല സൂചിപ്പിച്ചത്. അതെല്ലാം തലച്ചോറിന്‍റെ കഥകളാണ്. പക്ഷേ, ഈ കഥകള്‍ക്കെല്ലാമപ്പുറം, ഹൃദയത്തിന്‍റെ ചില കഥകള്‍ കൂടിയുണ്ട്. ഒരിക്കലും, ഒരുപക്ഷേ ആരോടും അദ്ദേഹം അതൊന്നും പറഞ്ഞിട്ടുണ്ടാവില്ല. അതറിഞ്ഞപ്പോഴാണ് അച്ഛനെക്കുറിച്ച് എനിക്ക് കൂടുതല്‍ മതിപ്പുതോന്നിയത്. മനുഷ്യരെ മനുഷ്യരാക്കി മാറ്റിനിര്‍ത്തുന്നത് തലച്ചോറല്ല, ഹൃദയമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാവാം.’’

തപോമയിയുടെ അച്ഛന്‍ പലപ്പോഴും തന്‍റേതാണെന്ന മട്ടില്‍ തന്നോടൊപ്പം നിന്നവരുടെ കഥ പറയുകയാണെന്നു തോന്നിയിട്ടുണ്ട്. കാവല്‍ക്കാരന്‍ എന്ന നിലയില്‍ തന്‍റെ ജീവിതം പറയുമ്പോഴും അതിലൂടെ താന്‍ കണ്ടെത്തിയ സന്താനം എന്ന വലിയ മനുഷ്യന്‍റെ കഥയിലായിരുന്നു അദ്ദേഹത്തിന്‍റെ ഊന്നല്‍. സ്വാഭാവികമായും താന്‍ മാത്രമുള്ള, തനിക്കുമാത്രം പ്രാധാന്യമുള്ള കഥകള്‍ അദ്ദേഹം പറയാന്‍ മടിക്കുന്നുണ്ടാവും. അദ്ദേഹം എഴുതുന്ന ലിപികളുടെ നിഗൂഢത കുറേയൊക്കെ ആ ജീവിതത്തിലും കാണുമെന്ന് ഞാനൂഹിക്കുന്നു. അതുകൊണ്ട് തപോമയി സൂചിപ്പിച്ച കഥകളുടെ സാന്നിധ്യം എന്നെ അമ്പരപ്പിച്ചില്ല. അവയെക്കുറിച്ചറിയണമെന്ന ആഗ്രഹം എനിക്കെപ്പോഴുമുണ്ടായിരുന്നു.

തപോമയി ഒരു സന്ദര്‍ഭം സൂചിപ്പിച്ചു: ‘‘ദ്വീപില്‍നിന്നും കൊല്‍ക്കത്തയിലെത്തിയ കാലം. വീര്‍പ്പുമുട്ടുകയായിരുന്നു ആ നഗരം. കാല്‍നൂറ്റാണ്ടെങ്കിലുമായി നിരന്തരമായ അഭയാർഥി പ്രവാഹങ്ങള്‍. ക്ഷാമം, ദുരിതം, രോഗങ്ങള്‍, പട്ടിണി. നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥ. പതിനായിരക്കണക്കിനു മനുഷ്യര്‍ തെരുവുകളില്‍ ജീവിക്കുന്നു. കലാപങ്ങളുടെ കാലവുമായിരുന്നു അത്. ക്ഷുബ്ധരായ ചെറുപ്പക്കാര്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്നു. പ്രക്ഷോഭങ്ങള്‍ ഹിംസാത്മകമാവുന്നു. പോലീസും പട്ടാളവും അവരെ കൊണ്ടുപോകുന്നു. ചിലര്‍ മരിക്കുന്നു, മറ്റുചിലരെ കാണാതാവുന്നു. ഇനിയും ചിലര്‍ ആത്മഹത്യ ചെയ്യുന്നു.

ദ്വീപില്‍നിന്നു വന്നവരില്‍ കുട്ടികളും സ്ത്രീകളും വയസ്സുചെന്നവരും ചില ദുരിതാശ്വാസ ക്യാമ്പുകളിലേക്കു പോയി. ഒരു നേരമെങ്കിലും വിശപ്പടക്കാമല്ലോ എന്നതായിരുന്നു അവരുടെ പ്രതീക്ഷ. ചെറുപ്പക്കാര്‍ തൊഴില്‍ തേടിയലഞ്ഞു. അതിനുമുമ്പേത്തന്നെ ദ്വീപില്‍നിന്നും അച്ഛന്‍ ആ നഗരത്തിലേക്കു വന്നിട്ടുണ്ടായിരുന്നു. ആ സമയത്താണ് ചില ജോലികള്‍ ചെയ്യുന്നത്, പിന്നെ നിങ്ങള്‍ പറഞ്ഞ കെട്ടിടത്തില്‍ ഒരു കാവല്‍ക്കാരനായിത്തീരുന്നതും. വിരസതയല്ല, നിരാശയായിരിക്കണം അക്കാലത്ത് അദ്ദേഹത്തെ ബാധിച്ചിരുന്നത്. എല്ലാം നഷ്ടപ്പെട്ട് ഓടിപ്പോന്നതിന്‍റെ വേദന. ഭാവി എന്ന വലിയ ചോദ്യചിഹ്നം.

കാവല്‍ജോലി കിട്ടുക എന്നതുതന്നെ വലിയ കാര്യമായിരുന്നു. അക്കാലത്ത് ഒരു അഭയാർഥിക്കും പ്രതീക്ഷിക്കാനാവാത്ത ഒന്ന്. ഭാവിയിലേക്ക് അതൊരു വഴി കാണിച്ചു. അദ്ദേഹം സന്താനം സാറിനൊപ്പമായി. ഒരിക്കലും വിചാരിക്കാനാവാത്ത ഉന്നതി. എങ്കിലും ഇടക്കിടെ അദ്ദേഹം ദ്വീപിലേക്കു തിരിച്ചുചെന്നു. അവിടെ ആരുമുണ്ടായിട്ടല്ല. ഒരുപക്ഷേ, തന്‍റെ ജന്മനാട്ടില്‍നിന്നും വന്നവരെ കാണാനാവണം. അദ്ദേഹം ആരെയും മറന്നില്ല. പ്രളയം വന്ന് ആ ദ്വീപ് മൂടിപ്പോകുംവരേക്കും തനിക്കും അവിടെയൊരു കുടിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനടുത്തുതന്നെ താന്‍ തുഴഞ്ഞിരുന്ന തോണി കെട്ടിയിട്ടിരുന്നു. ദ്വീപ് ഇല്ലാതായപ്പോഴാണ് കൊല്‍ക്കത്തയില്‍ അദ്ദേഹം സ്ഥിരതാമസമാക്കിയത്.

എന്‍റെ അമ്മ പ്രളയകാലത്ത് നഗരത്തിലേക്കു വന്നു. അമ്മ മാത്രമല്ല, ആ ദ്വീപില്‍ അവശേഷിച്ചിരുന്ന എല്ലാവരും. നഗരത്തില്‍ പലേടത്തായി അവര്‍ ചിതറിപ്പോയി. അമ്മ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ഒരു ക്യാമ്പിലായിരുന്നു. അവരും അച്ഛന്‍റെ അതേ നാട്ടില്‍നിന്നുള്ള ആളാണ്. ദ്വീപിലേക്കു പോന്നതും ഒരുമിച്ചുതന്നെയായിരുന്നു. ക്യാമ്പുകളിലെ ജീവിതം എങ്ങനെയായിരുന്നുവെന്ന് അമ്മ തെളിച്ചുപറഞ്ഞിട്ടേയില്ല. എന്നാല്‍, അപരിചിതമായൊരു പ്രദേശത്തു ചെല്ലുമ്പോള്‍ ആരുമില്ലാത്തവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. അഭയാർഥി ക്യാമ്പുകളുമായി ബന്ധപ്പെടാന്‍ തുടങ്ങിയപ്പോള്‍ എനിക്കതു കൂടുതല്‍ മനസ്സിലായി. നിസ്സഹായതയാണ് ആ കണ്ണുകളിലെ ഭാവം. ഭയമാണ് ശരീരഭാഷ. ജീവന്‍ നിലനിര്‍ത്താനുള്ള മൃഗചോദനയിലേക്ക് മനുഷ്യര്‍ ചുരുങ്ങുന്നു.

‘‘അമ്മയെ സംബന്ധിച്ച് മറ്റൊരു വലിയ നഷ്ടംകൂടിയുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവിനെ കാണാതായി’’, തപോമയി പറഞ്ഞു.

‘‘ഭര്‍ത്താവ്?’’

‘‘ഉം. അച്ഛന്‍റെ ജീവിതത്തിലേക്കു വരുന്നതിനു മുമ്പ് അവര്‍ വിവാഹിതയായിരുന്നു. മുമ്പു താമസിച്ച ദ്വീപില്‍ ​െവച്ചാണ് അവര്‍ വിവാഹിതരായത്. നേരത്തേ പരിചയമുള്ള ആളുകളായിരുന്നു എല്ലാവരും.’’

‘‘ദ്വീപില്‍ കൊടുങ്കാറ്റും പ്രളയവുമുണ്ടായപ്പോള്‍ കുറേ പേര്‍ രക്ഷപ്പെട്ടു മറ്റു ദ്വീപുകളിലേക്കു പോന്നു. ചിലര്‍ ചെന്നുപറ്റിയ ദ്വീപുകളില്‍ താമസിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവിടെയുള്ളവര്‍ അനുവദിച്ചില്ല. എന്തു ചെയ്യും? മഴ തീര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കു ശേഷം പിന്നെ അവിടെനിന്നും കൊല്‍ക്കത്തയിലേക്കു പോന്നു. ചിലരെയെങ്കിലും കാണാതായി. അവര്‍ വരും എന്ന പ്രതീക്ഷയില്‍ മറ്റുള്ളവര്‍ കാത്തിരുന്നു. ദിവസങ്ങളും ആഴ്ചകളും കടന്നുപോയിട്ടും തിരിച്ചുവന്നില്ല. മറ്റേതെങ്കിലും നഗരത്തില്‍, മറ്റേതെങ്കിലും ദ്വീപുകളില്‍, ഒരുപക്ഷേ, മുങ്ങിപ്പോയി എന്നു വിശ്വസിക്കുന്ന ആ പഴയ ദ്വീപില്‍ത്തന്നെ മുങ്ങാതെപോയ ഏതെങ്കിലും ഉള്‍പ്രദേശത്ത് അവര്‍ ഉണ്ടാവും എന്നതായിരുന്നു പ്രതീക്ഷ. മരിച്ചവരെക്കുറിച്ചുള്ള ദുഃഖം കാലം ചെല്ലുന്തോറും തീരും. എന്നാല്‍, കാണാതായശേഷം തിരിച്ചുവരും എന്നു പ്രതീക്ഷിക്കുന്നവരെക്കുറിച്ചുള്ള സങ്കടങ്ങള്‍ അവസാനിക്കുകയില്ല. വാതിലില്‍ ഒരു മുട്ടുകേള്‍ക്കും എന്ന പ്രതീക്ഷ... രാത്രിയില്‍ ഏതുറക്കത്തെയും വിളിച്ചുണര്‍ത്താവുന്ന ഒരു വിളി...

എന്‍റെ അമ്മയുടെ കാര്യത്തിലും അതായിരുന്നു അവസ്ഥ. തന്‍റെ ആദ്യ ഭര്‍ത്താവ് മരിച്ചു എന്നുപറയാന്‍ അവര്‍ക്കു ധൈര്യമുണ്ടായിരുന്നില്ല. ഒരുപക്ഷേ, എങ്ങനെയെങ്കിലും രക്ഷപ്പെട്ട് ഒരുദിവസം തന്നെ അന്വേഷിച്ചു വരും എന്ന എത്രയും നേര്‍ത്തൊരു പ്രതീക്ഷ അമ്മയ്ക്കുണ്ടായിരുന്നിരിക്കണം. അവസാനകാലത്തും അങ്ങനെയായിരുന്നു. ഇടക്കെല്ലാം അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും കേട്ടുവോ എന്ന് അമ്മ ചോദിക്കുമായിരുന്നു. അച്ഛനോട്. അദ്ദേഹം എന്തുത്തരം പറയും? എവിടെപ്പോയി തിരക്കും? പ്രാചീനകാലത്ത് മണ്‍മറഞ്ഞുപോയവരെ കണ്ടുപിടിക്കുന്നതിനേക്കാളും പ്രയാസമല്ലേ നമുക്കിടയില്‍നിന്നുതന്നെ പൊടുന്നനെ കാണാതാവുന്ന ആളുകളെ കണ്ടെത്തുക എന്നുള്ളത്!

അമ്മ കൊല്‍ക്കത്തയിലെ ക്യാമ്പിലെത്തിച്ചേര്‍ന്ന സമയം. അക്കാലത്ത് അച്ഛന്‍ സന്താനം സാറിന്‍റെ കൂടെ ജോലി തുടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു. ഇടക്കെല്ലാം ക്യാമ്പില്‍ അച്ഛന്‍ ചെല്ലുമായിരുന്നു. ദ്വീപു വിട്ടുവന്നവരുടെ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍. തന്നാലാവുന്ന സഹായങ്ങള്‍ ചെയ്തിട്ടുമുണ്ടാവണം. ആ ദുരിതക്കയത്തില്‍നിന്നും രക്ഷപ്പെടാന്‍ അമ്മയെ സഹായിക്കണമെന്ന് അച്ഛന്‍ ആത്മാർഥമായും ആഗ്രഹിച്ചു. അവര്‍ അടുത്തടുത്ത വീടുകളില്‍ ജീവിച്ചിരുന്നവരായിരുന്നു. ഏതാണ്ട് ഒരേ കാലത്ത് സ്കൂളില്‍ പഠിച്ചിരുന്നവരും. തന്‍റെ കൂടെ വരണം എന്ന് അച്ഛന്‍ നിർബന്ധിച്ചു. അമ്മ അതിനു തയാറായിരുന്നില്ല. തന്‍റെ ഭര്‍ത്താവ് വരും എന്ന് അവര്‍ പ്രതീക്ഷിച്ചു. ചിലരെല്ലാം അങ്ങനെ അപ്രതീക്ഷിതമായി വന്നതിന്‍റെ കഥകള്‍ കേട്ടതുമാണ്. അതുകൊണ്ട് വിസമ്മതമല്ല, നിശ്ശബ്ദതയായിരുന്നു അവരുടെ ഉത്തരം. അദ്ദേഹം സങ്കടത്തോടെ തിരിച്ചുപോരും. എങ്കിലും ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ അച്ഛന്‍ വീണ്ടും ക്യാമ്പിലേക്കു ചെല്ലും. അമ്മയെ ക്ഷണിക്കും. അവര്‍ ഒന്നും പറയുകയില്ല.

എന്നാല്‍, അതിനിടയില്‍ ദുഃഖകരമായ ഒരു സംഭവമുണ്ടായി. ഒരു മകന്‍ എന്ന നിലയില്‍ എനിക്കതു പറയാന്‍ ദുഃഖമുണ്ട്. പക്ഷേ, സംഭവിച്ചത് നിഷേധിച്ചിട്ടു കാര്യമില്ലല്ലോ. ഒരു രാത്രിയില്‍ കുറച്ചുപേര്‍ ക്യാമ്പില്‍ അതിക്രമിച്ചു കയറി. സ്ത്രീകളെ ഉപദ്രവിച്ചു, എതിര്‍ക്കാന്‍ ശ്രമിച്ചവരെയെല്ലാം മർദിച്ചു. പലരും പലരീതിയിലായിരുന്നു അതു വിശദീകരിച്ചത്. ചിലര്‍ പറഞ്ഞു, അക്രമികള്‍ പോലീസുകാരോ പട്ടാളക്കാരോ ആയിരുന്നുവെന്ന്. കലാപം വെറുതെ ഒരു നാടകമായിരുന്നു എന്ന്. എന്തുതന്നെയായാലും സ്ത്രീകളെ ഉപദ്രവിച്ചു എന്നുള്ളതു തീര്‍ച്ചയായിരുന്നു. മിക്കവാറും സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെട്ടു.

ആ ക്യാമ്പുതന്നെ ഇല്ലാതായി. പലരും പലവഴിക്കു പിരിഞ്ഞുപോയി. ഇത്തവണ അച്ഛന്‍ ചെന്ന് അമ്മയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. വിവാഹമോ ജീവിതമോ ഒന്നും അദ്ദേഹത്തിന്‍റെ മനസ്സിലുണ്ടായിരുന്നിരിക്കില്ല. ചെറുപ്പം മുതലേ അറിയാവുന്ന ഒരാളോടുള്ള പരിഗണന. അല്ലെങ്കില്‍ അവളെ സംരക്ഷിക്കുക എന്ന കര്‍ത്തവ്യം. ഏതായാലും അത്തവണ അമ്മ ഒന്നും എതിര്‍ത്തു പറഞ്ഞില്ല. തെരുവിലേക്കു പോകുന്നതിലും ഭേദം പരിചയമുള്ള ഒരാളുടെ കൂടെ പോവുക എന്നതാണല്ലോ.

അച്ഛന് വേണമെങ്കില്‍ അവരെ ഒഴിവാക്കാമായിരുന്നു. ഒരു വിധവ. അതും റേപ്പ് ചെയ്യപ്പെട്ട ഒരു സ്ത്രീ. താനാണെങ്കില്‍ ഇപ്പോള്‍ ഭേദപ്പെട്ട ഒരു തൊഴിലിലേക്കു പ്രവേശിച്ചിരിക്കുന്നു. താമസിക്കാന്‍ ചെറിയൊരു വീടും മാസന്തോറും മുടങ്ങാത്ത വരുമാനവും. അഭയാർഥി എന്ന വിലാസം വേണമെങ്കില്‍ മറന്നുകളയാം. ആലോചിച്ചാല്‍, അപരിചിതമായ ഒരു നഗരത്തില്‍ ഒരഭയാർഥി മറ്റൊരു അഭയാർഥിയെ പരിഗണിക്കണം എന്നു പോലുമില്ലല്ലോ. അനാഥരായ എത്രയോ മനുഷ്യര്‍! എത്രയോ ദുരിതങ്ങള്‍. കൂടുതല്‍ മെച്ചപ്പെട്ട ഒരു ജീവിതത്തിലേക്ക് പതുക്കെപ്പതുക്കെ മുന്നേറുകയായിരുന്ന ഒരാളെ സംബന്ധിച്ച് അതായിരുന്നു എളുപ്പവും. എന്നിട്ടും, എല്ലാമറിഞ്ഞിട്ടും അദ്ദേഹം അമ്മയെ കൂടെക്കൂട്ടി. ഒരുപക്ഷേ, അവര്‍ തന്‍റെ കാണാതായ ഭര്‍ത്താവിനെ കാത്തിരിക്കുകയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. അദ്ദേഹത്തോടുള്ള പരിഗണന തനിക്കു ലഭിക്കുകയില്ല എന്നു മനസ്സിലാക്കിയിട്ടുതന്നെ.

ഈ കഥ അച്ഛന്‍ ആരോടും പറഞ്ഞിട്ടില്ല. അതു പറഞ്ഞ് താനൊരു ഉദാരമതിയായ മനുഷ്യനാണെന്നു മേനി നടിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ലേ? അതുകൊണ്ടാണ് അച്ഛന്‍ വലിയൊരു മനുഷ്യനാണെന്നു ഞാന്‍ പറഞ്ഞത്.

‘‘പിന്നെ, തപോമയി ഇതെങ്ങനെയാണ് അറിഞ്ഞത്?’’ ഞാന്‍ ചോദിച്ചു.

 

‘‘ഒരിക്കല്‍, ഒരിക്കല്‍ മാത്രം അമ്മ എന്നോട് ഇതു സൂചിപ്പിച്ചിട്ടുണ്ട്. അച്ഛനുമായി ഞാന്‍ പിണങ്ങിയിരുന്ന വേളയില്‍. പത്തു പതിനാറു വയസ്സുകാരുടെ വാശിയില്‍ എന്തോ പറഞ്ഞു തര്‍ക്കിക്കുകയോ അച്ഛനോട് ദേഷ്യപ്പെടുകയോ ചെയ്തിരുന്നു അപ്പോള്‍ ഞാന്‍. അച്ഛന്‍ അപ്പോഴും ഒന്നും പറഞ്ഞില്ല. അദ്ദേഹം ഇല്ലാതിരുന്ന സമയത്ത് അമ്മ പറഞ്ഞു; ‘‘തപോ, നീ അദ്ദേഹത്തോടു പിണങ്ങരുത്. അതിന് നിനക്കവകാശമില്ല. അങ്ങനെ ചെയ്താല്‍ അത് അമ്മയോടു പിണങ്ങുന്നതുപോലെയാണ്.’’ പിന്നെ ഏതാനും വാക്കുകളില്‍ അമ്മ ഈ കഥ പറഞ്ഞു.

കഥ പറയുമ്പോള്‍ അമ്മയുടെ കണ്ണുകളിലെ ഭീതി എനിക്കു വായിക്കാമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷവും ആ കാലവും അനുഭവവും അതേ മൂര്‍ച്ചയോടെ അവരുടെ മനസ്സില്‍ തുടരുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. അവരുടെ നിശ്ശബ്ദതക്കു പിന്നിലെ കാരണം എനിക്കു മറ്റെവിടെയും അന്വേഷിക്കേണ്ടതുമില്ലായിരുന്നു.

കഥ കേട്ടപ്പോള്‍ എനിക്കു തോന്നി: പര്‍വീണയില്‍ തപോമയി കാണുന്നത് തന്‍റെ അമ്മയെത്തന്നെയാവണം. കാമുകിയേയല്ല. അങ്ങനെയുള്ള ചില മനഃശാസ്ത്ര സിദ്ധാന്തങ്ങളില്ലേ? നടന്നുനടന്ന് ഞങ്ങള്‍ കാശ്മീരി ഗേറ്റ് മെട്രോ സ്റ്റേഷനടുത്തെത്തി. കുറേ ദൂരം പിന്നിട്ടിരുന്നു.

‘‘ഇവിടെയെല്ലാം വിജനമായിരുന്നു, മുമ്പ്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഇടക്കെല്ലാം അമ്മ എന്നെ ഈ വിഹാരത്തിലേക്കു കൂട്ടിക്കൊണ്ടുവരുമായിരുന്നു. പ്രാർഥനക്കുശേഷമുള്ള വൈകുന്നേരങ്ങളില്‍ നമ്മള്‍ ഇപ്പോള്‍ നടക്കുന്നതുപോലെ ഈ തെരുവുകളിലൂടെ ഞങ്ങള്‍ നടക്കും. ബസ് കാത്തുനിൽക്കും. അക്കാലത്ത് ബുദ്ധവിഹാരത്തിനടുത്ത് ഒരു കുതിരയുണ്ടായിരുന്നു. തവിട്ടുപുള്ളികളുള്ള ഒരു വെള്ളക്കുതിര. കൂര്‍മ്പന്‍ തൊപ്പി ധരിച്ച കുതിരക്കാരന്‍. ചെറിയ പണം കൊടുത്താല്‍ കുതിരക്കാരന്‍ കുട്ടികളെ കുതിരപ്പുറത്തു കയറ്റി കുറച്ചുദൂരം ഓടിച്ചുകൊണ്ടുവരും. മഞ്ഞുകാലത്ത് തൊപ്പിയും കുപ്പായവുമൊക്കെയിട്ട് കുതിരപ്പുറത്തിരിക്കാന്‍ നല്ല രസമായിരുന്നു. ദൂരേക്കു പോകുന്തോറും വിഹാരത്തിലെ മണിമുഴക്കങ്ങള്‍ അകന്നുപോകുന്നതും വിളക്കുകളില്‍നിന്നുള്ള പ്രകാശം മങ്ങുന്നതും എനിക്കിപ്പോഴും ഓർമയുണ്ട്. എത്രയോ കാലം മുമ്പാണ് അതെല്ലാം! എന്നാലും ആ വൈകുന്നേരങ്ങളുടെ തണുപ്പും മണങ്ങളും ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല.’’

(തുടരും)

Tags:    
News Summary - weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 06:00 GMT
access_time 2024-11-25 05:45 GMT
access_time 2024-11-18 04:15 GMT