തപോമയിയുടെ അച്ഛൻ

കോവിഡ് കാലം ഒഴിഞ്ഞുപോയി. പതുക്കെപ്പതുക്കെ, മുഖം മറയ്ക്കാതെ മനുഷ്യര്‍ പുറത്തിറങ്ങാന്‍ തുടങ്ങി. മറഞ്ഞുപോയ മേഘങ്ങള്‍ക്കപ്പുറത്തുനിന്നും ജീവിതത്തിന്‍റെ വെയില്‍ പുറത്തേക്കു വ്യാപിച്ചു. വെളിച്ചമായി. ജോലിത്തിരക്കുകളില്‍നിന്നും വിമുക്തനായി ഞാന്‍ നാട്ടില്‍ താമസമാരംഭിച്ചു. നിത്യജീവിതത്തിന്‍റെ പതിവുകള്‍ മറ്റൊന്നായി. ഒരുദിവസം രാവിലെ നോക്കുമ്പോള്‍ ഫോണില്‍ തപോമയിയുടെ സന്ദേശം കിടക്കുന്നു. ‘‘ജഹാനെ കാണാനില്ല.’’ അത്രമാത്രം. ഞാന്‍ തപോമയിയെ വിളിച്ചു. ‘‘കുറച്ചു ദിവസമായി അയാളെ വിളിച്ചിട്ടു കിട്ടുന്നുണ്ടായിരുന്നില്ല.’’ തപോമയി വിശദീകരിച്ചു: ‘‘എന്നോടു പറഞ്ഞിട്ടില്ല. പര്‍വീണയോടും പറഞ്ഞിട്ടില്ല....

കോവിഡ് കാലം ഒഴിഞ്ഞുപോയി. പതുക്കെപ്പതുക്കെ, മുഖം മറയ്ക്കാതെ മനുഷ്യര്‍ പുറത്തിറങ്ങാന്‍ തുടങ്ങി. മറഞ്ഞുപോയ മേഘങ്ങള്‍ക്കപ്പുറത്തുനിന്നും ജീവിതത്തിന്‍റെ വെയില്‍ പുറത്തേക്കു വ്യാപിച്ചു. വെളിച്ചമായി. ജോലിത്തിരക്കുകളില്‍നിന്നും വിമുക്തനായി ഞാന്‍ നാട്ടില്‍ താമസമാരംഭിച്ചു. നിത്യജീവിതത്തിന്‍റെ പതിവുകള്‍ മറ്റൊന്നായി.

ഒരുദിവസം രാവിലെ നോക്കുമ്പോള്‍ ഫോണില്‍ തപോമയിയുടെ സന്ദേശം കിടക്കുന്നു. ‘‘ജഹാനെ കാണാനില്ല.’’ അത്രമാത്രം.

ഞാന്‍ തപോമയിയെ വിളിച്ചു.

‘‘കുറച്ചു ദിവസമായി അയാളെ വിളിച്ചിട്ടു കിട്ടുന്നുണ്ടായിരുന്നില്ല.’’ തപോമയി വിശദീകരിച്ചു: ‘‘എന്നോടു പറഞ്ഞിട്ടില്ല. പര്‍വീണയോടും പറഞ്ഞിട്ടില്ല. ഞാന്‍ പരിചയമുള്ള പലരുടെയടുത്തും അന്വേഷിച്ചു. ആര്‍ക്കും അറിഞ്ഞുകൂടാ. അങ്ങനെ സംഭവിക്കുമോ?’’

‘‘വിചിത്രമായി തോന്നുന്നത്,’’ തപോമയി തുടര്‍ന്നു, ‘‘പര്‍വീണക്ക് ഒരു കത്തെഴുതി​െവച്ചിട്ടാണ് ജഹാന്‍ പോയത്. സ്വന്തം നാട്ടിലേക്കു പോകുന്നു എന്നാണ് എഴുത്തില്‍. നാടോ? ഏതു നാട്? എനിക്കു മനസ്സിലായില്ല. അയാളുടെ നാടെവിടെയാണ്?’’

‘‘കത്ത് തപോമയി കണ്ടോ?’’

‘‘ഇല്ല’’, അയാള്‍ പറഞ്ഞു, ‘‘പോലീസ് വാങ്ങിച്ചുകൊണ്ടുപോയി എന്നുകേട്ടു.’’

അതു കൂടുതല്‍ ദുരൂഹമായി തോന്നി. അയാള്‍ ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിച്ചിരിക്കുന്നു. അവര്‍ക്കിടയിലേക്ക് ഒരു കുഞ്ഞു വരാന്‍ പോകുന്നു. അതു മാത്രമല്ല, ജഹാന്‍ എഴുതിയ ഒരു കഥ ഒരു സന്നദ്ധസംഘടനക്കാര്‍ അവരുടെ വാര്‍ഷികം പ്രമാണിച്ച് അച്ചടിച്ചു പുറത്തിറക്കിയ സുവനീറില്‍ വെളിച്ചം കണ്ടിരിക്കുന്നു. ഒന്നല്ല, രണ്ടു ചെറിയ കഥകള്‍.

ഒന്നില്‍ അയാള്‍ അന്ധനായ മുത്തച്ഛനെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. ഒരുദിവസം അദ്ദേഹം ജഹാനെ അന്വേഷിച്ച് ആ ക്യാമ്പിന്‍റെ പരിസരത്തു വന്നു. അതിന്‍റെ കവാടത്തിൽതന്നെ കുറേ നേരം കാത്തിരുന്നുവത്രേ. ജഹാന്‍ പലതവണ അതുവഴി പോയി. പക്ഷേ, മുത്തച്ഛനു കണ്ണു കാണില്ലല്ലോ. അദ്ദേഹം ജഹാനെ കാണാതെ തിരിച്ചുപോയി.

‘‘പക്ഷേ, ജഹാന് മുത്തച്ഛനെ കാണാമല്ലോ?’’ ഞാന്‍ ചോദിച്ചു.

‘‘അതാണ് സങ്കടം. ജഹാന്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല.’’ തപോമയി പറഞ്ഞു, ‘‘അദ്ദേഹം വല്ലാതെ മാറിയിരുന്നു. അന്നു രാത്രിയില്‍ സ്വപ്നത്തില്‍ ജഹാന്‍ മുത്തച്ഛന്‍റെ കരച്ചില്‍ കേള്‍ക്കുന്നതാണ് പ്രമേയം. കഥയുടെ പേരും എന്‍റെ മുത്തച്ഛന്‍ എന്നുതന്നെയാണ്.’’

‘‘ദുഃഖകരമായ കഥതന്നെ.’’ ഞാന്‍ പറഞ്ഞു.

‘‘അടുത്ത കഥയില്‍ അയാള്‍ ആഴമുള്ള ഒരു കുളത്തില്‍ മുങ്ങിപ്പോകുന്നതാണ്. അപ്പോള്‍ ഒരാള്‍ നീന്തിവന്ന് അയാളെ കരകയറ്റുന്നു. സന്തോഷകരമായ അന്ത്യമുള്ള കഥയാണ്.’’ തപോമയി പറഞ്ഞു.

‘‘അതു നന്നായി.’’

‘‘അതിന്‍റെ പേരാണ് വിചിത്രം. തപോമയി ദാദാ. എന്‍റെ പേര്!’’

‘‘നല്ലതല്ലേ, തപോമയി ഒരു വലിയ കഥയില്‍ വരേണ്ടയാളാണ്.’’ ഞാന്‍ ചിരിച്ചു.

‘‘പക്ഷേ, എനിക്കു നീന്തലറിഞ്ഞുകൂടാ. ഈ ജഹാന്‍ എന്തു കണ്ടിട്ടാണ് ഇങ്ങനെയെല്ലാം എഴുതിവക്കുന്നത്!’’ അയാള്‍ ചിരിച്ചെങ്കിലും പെട്ടെന്നുതന്നെ നിര്‍ത്തി. കഥകളേക്കാള്‍ വിചിത്രമായൊരു സന്ദര്‍ഭത്തിന്‍റെ കരയിലാണ് താന്‍ നിൽക്കുന്നതെന്ന തിരിച്ചറിവാവാം.

‘‘എനിക്കെന്തോ വലിയ അപകടം മണക്കുന്നു.’’ അൽപനേരത്തെ മൗനത്തിനുശേഷം തപോമയി പറഞ്ഞു. ‘‘കുറച്ചുനാള്‍ മുമ്പ് ക്യാമ്പില്‍ രാത്രിയില്‍ വന്ന ചിലരെ അയാള്‍ തിരിച്ചറിഞ്ഞിരുന്നു. അവരുടെ അടയാളങ്ങള്‍ കാണിച്ച് ഒരു പരാതിയുമെഴുതിക്കൊടുത്തതാണ്. അതിനുശേഷം ചിലര്‍ ജഹാനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.’’

‘‘ഒന്നുമുണ്ടാവില്ല. നമുക്കു കാത്തിരിക്കാം.’’ ഞാന്‍ പറഞ്ഞു.

‘‘ക്യാമ്പിലുള്ളവരാരും ഒന്നും പറയുന്നില്ല. ഫോണില്‍ സംസാരിക്കാന്‍കൂടി പര്‍വീണ വിസമ്മതിക്കുന്നു. ഭയമാണ് എല്ലാവര്‍ക്കും. നാടുവിട്ടു പോകുന്നതോടുകൂടി ഒരാള്‍ പാതി മരിക്കുന്നു എന്നാണ് എന്‍റെ തോന്നല്‍. പാതി മൃതദേഹവും ചുമന്നാണ് ഓരോ അഭയാർഥിയുടെയും യാത്ര. ചിലര്‍ ആ മറുപാതിയുമായി ജീവിതാവസാനംവരെ തുടരുന്നു; എന്‍റെ അച്ഛനെപ്പോലെ... പലരും പാതിവഴിയില്‍ വീണുപോകുന്നു...’’

–അയാള്‍ അപ്പോള്‍ മരണത്തെക്കുറിച്ചു പറഞ്ഞതെന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലായില്ല.

‘‘നമുക്ക് കാത്തിരിക്കാം. അയാള്‍ ഫോണ്‍ ചെയ്യുകയോ എഴുതുകയോ ചെയ്യും.’’ ഞാന്‍ പറഞ്ഞു.

‘‘അല്ലാതെ എന്തുചെയ്യും?’’ ഫോണ്‍ വെക്കുന്നതിനു മുമ്പ് തപോമയി പറഞ്ഞു: ‘‘പിന്നെ, നിങ്ങളുടെ ഇപ്പോഴത്തെ വിലാസം അയക്കാമോ? ക്യാമ്പിലെ കുട്ടികള്‍ ഉണ്ടാക്കിയ ഒരു ചിത്രത്തൂവാല അയച്ചുതരാം.’’

‘‘എനിക്കോ? അതെന്തിനാണ്?’’

‘‘നിങ്ങളുടെ പിറന്നാള്‍ അടുത്തയാഴ്ചയാണ്. മറന്നോ? ഷെല്‍ട്ടറിന് സംഭാവന ചെയ്തവര്‍ക്കെല്ലാം ഞങ്ങള്‍ പിറന്നാള്‍ സമ്മാനം അയക്കും. വിലാസം ഒരു മെസേജായി ഇട്ടുതരൂ. അപ്പോള്‍, മെനി ഹാപ്പി റിട്ടേണ്‍സ് ഇന്‍ അഡ്വാന്‍സ്.’’

ഗോപാല്‍ ബറുവയുടെ കുറിപ്പുകള്‍ തുടരുന്നു...

സുമനയുടെ ചിത്രങ്ങള്‍

എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ ചിത്രം വരക്കുകയായിരുന്നു. ഞാന്‍ മുറിയില്‍ വന്നത് അവള്‍ അറിഞ്ഞിട്ടില്ല. കുട്ടികളായിരുന്ന സമയത്ത് സുമന വരക്കുമായിരുന്നു. ഞങ്ങള്‍ നടന്നുപോകുന്ന വഴികളും വയലുകളും വിരുന്നുവന്ന പക്ഷികളെയുമൊക്കെ അവള്‍ വരച്ചിട്ടുണ്ട്. കൈമാറിക്കിട്ടിയ പാഠപുസ്തകങ്ങളില്‍ വെട്ടിയും തിരുത്തിയും മുറിഞ്ഞുമൊക്കെ പൊയ്പോയ ചിത്രങ്ങളെ അവള്‍ കടലാസുകളില്‍ വരച്ച് ഒട്ടിച്ചുചേര്‍ത്തുെവച്ചു. അച്ചടിച്ചതിനേക്കാളും ഭംഗിയുണ്ടായിരുന്നു അവക്കെല്ലാം.

കുഞ്ഞ് ഉറങ്ങുകയായിരുന്നു. അവനെയിപ്പോള്‍ തെറപ്പിസ്റ്റിന്‍റെ അടുത്തേക്കു കൊണ്ടുപോയിട്ട് കുറച്ചായി. സുമനക്ക് അതിലൊന്നും ഒരു താൽപര്യവുമില്ലെന്നു തോന്നി. ഞാനാണെങ്കില്‍ ജോലിയുടെ ചില തിരക്കുകളിലായിരുന്നു. എല്ലാ ആഴ്ചയുമൊന്നും വീട്ടില്‍ വരാന്‍ സാധിക്കാറില്ല.

സുമന ചിത്രം വരക്കുന്നതു കണ്ടപ്പോള്‍ എന്‍റെ മനസ്സ് നിറഞ്ഞു. അവള്‍ ആ പോയ നല്ലകാലത്തിലേക്കു തിരിച്ചുവന്നെങ്കില്‍ എന്നായിരുന്നു എന്‍റെ എപ്പോഴത്തേയും ആഗ്രഹം. ഒരു പക്ഷേ, ഇത്തരം ചെറിയ സന്തോഷങ്ങള്‍ അവളെ പഴയ ജീവിതത്തിലേക്കു കൊണ്ടുപോയേക്കാം. ആ ഒരു കരുതല്‍ എന്‍റെ വാക്കുകളില്‍ ഉണ്ടാവണമെന്ന ആഗ്രഹത്തോടെ ഞാന്‍ ചോദിച്ചു: ‘‘നീ വരയ്ക്കുകയാണോ, സുമനാ?’’ അവള്‍ അമ്പരപ്പോടെ എന്നെ മുഖമുയര്‍ത്തി നോക്കി. ഒന്നും പറഞ്ഞില്ല. അത്രയും ദൂരെനിന്നു നോക്കുമ്പോള്‍ അവള്‍ ഒരു നദിയുടെ ചിത്രം വരക്കുകയാണെന്നു തോന്നി.

‘‘കാണട്ടെ, ആ ചിത്രം.’’ ഞാന്‍ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്കു നടന്നു. സുമനയപ്പോള്‍ ആ കടലാസ് ചുരുട്ടി കൈയിലെടുത്തശേഷം എഴുന്നേറ്റു. ഞാന്‍ കുറച്ചുകൂടി അടുത്തു, അവളുടെ നേര്‍ക്കു കൈ നീട്ടി. അപ്പോള്‍ അവള്‍ ചിത്രം തന്‍റെ നെഞ്ചിനോടു ചേര്‍ത്തുപിടിച്ചു. ഞാനതു കടന്നെടുക്കാന്‍ ശ്രമിക്കവേ, ഒരൽപം പിറകിലേക്കു മാറി അവള്‍ ആ കടലാസ് പല തുണ്ടുകളാക്കി മുറിച്ച് ജനലിലൂടെ പുറത്തേക്കെറിഞ്ഞു കളഞ്ഞു. ഞാന്‍ സ്തംഭിച്ചുനിന്നു. വരക്കുന്ന ചിത്രങ്ങള്‍പോലും കാണിക്കാതിരിക്കാന്‍ മാത്രം ഞാന്‍ അവളില്‍നിന്നും അകന്നുപോയോ എന്ന വേദനയായിരുന്നു എന്‍റെ മനസ്സില്‍. ഞാന്‍ താഴേക്കിറങ്ങിപ്പോയി. പിന്നീടൊരിക്കലും ഞാന്‍ അവളോട് ചിത്രം വരക്കുന്നതിനെക്കുറിച്ചു സംസാരിച്ചിട്ടില്ല.

എന്നാല്‍, ഞങ്ങളുടെ ജീവിതത്തിലെ നിര്‍ണായകമായ ദിവസം വരുന്നതേയുണ്ടായിരുന്നുള്ളൂ. അതു വിവരിക്കുക പ്രയാസമായിത്തോന്നുന്നു. അതോര്‍ക്കുന്നതുകൊണ്ടാണ് പലപ്പോഴും ഈ കുറിപ്പുകള്‍ എനിക്ക് എഴുതി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതിരുന്നത്. ഒരുപക്ഷേ, ഞാന്‍ എന്നെത്തന്നെ ഭയക്കുന്നതുകൊണ്ടാവാം. ഒരാള്‍ക്ക് അയാളുടെ മനസ്സിനെ തന്നില്‍നിന്നുതന്നെ വേര്‍പെടുത്താനാവുമോ? അഥവാ, തന്‍റെ ഭൂതകാലത്തെ ഒഴിവാക്കി പുതിയൊരു ജീവിതം രൂപപ്പെടുത്താന്‍ കഴിയുമോ? അറിഞ്ഞുകൂടാ. എത്ര ചെറിയ ജീവിതത്തിലും പ്രതിസന്ധികളുണ്ടാവും. കുരുക്കഴിക്കാനാവാത്ത കെട്ടുപാടുകള്‍, സങ്കീര്‍ണതകള്‍.

 

അങ്ങനെ കുറച്ചു നാളുകള്‍ കഴിഞ്ഞു. ഒരിക്കല്‍ ഒരു വൈകുന്നേരം ഞാന്‍ കുഞ്ഞുമായി പുറത്തുപോയി തിരിച്ചെത്തിയതായിരുന്നു. അന്നത്തെ ഞങ്ങളുടെ സായാഹ്നസവാരിയില്‍ മനോഹരമായൊരു ഭൂപ്രദേശം കണ്ടെത്തി. താമസസ്ഥലം വിട്ട് കുറച്ചു പോയപ്പോൾതന്നെ വയ്ക്കോല്‍ മേഞ്ഞ ചെറിയ വീടുകളും വയലുകളും കുളങ്ങളുമൊക്കെയുള്ള ഒരു ഗ്രാമം കണ്ടു. ചുറ്റുപാടും നിറയെ മരങ്ങള്‍. വള്ളികള്‍ പൂവിട്ടു നിൽക്കുന്നു. സൈക്കിള്‍ ഒരിടത്തു നിര്‍ത്തിയിട്ടശേഷം വരമ്പുകളിലൂടെ ഞങ്ങള്‍ നടന്നു. വയലില്‍ വെളുത്ത നിറമുള്ള കൊറ്റികള്‍ വന്നിരിക്കുന്നതു കണ്ടപ്പോള്‍ എനിക്കെന്‍റെ ജന്മദേശത്തെ ഓർമ വന്നു. ഒരു പക്ഷേ, അവിടേക്കും സഞ്ചരിച്ചിട്ടുള്ള പക്ഷികളായിരിക്കണം. ചിലത് വയലിലെ വരമ്പിലിരുന്ന് കൊക്കുനീട്ടി വെള്ളം കുടിക്കുന്നു.

മറ്റു ചിലത് ധ്യാനസ്ഥരായി ദൂരേക്കു നോക്കിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് ഞാന്‍ കൈയടിച്ചു. ചിതറിക്കൂടിയിരുന്ന പക്ഷികള്‍ ഒന്നായി ആകാശത്തിലേക്കു പറന്നു. അതിസുന്ദരമായിരുന്നു ആ കാഴ്ച. വെളുത്ത മേഘങ്ങളുടെ സഞ്ചാരംപോലെയുള്ള ഒന്ന്. തപോമയി അതു കണ്ടു പൊട്ടിച്ചിരിച്ചു. തെല്ലുനേരം കഴിഞ്ഞപ്പോള്‍ പക്ഷികള്‍ വീണ്ടും വന്ന് വരമ്പിലിരിപ്പായി. അവക്കു നേരേ കുതിച്ചുകൊണ്ട് അവന്‍ തന്‍റെ കുഞ്ഞു കൈകള്‍ കൊട്ടി. പക്ഷികള്‍ അപ്പോഴും പറന്നുയര്‍ന്നു. അവന്‍റെ ചിരി അവക്കൊപ്പം പടര്‍ന്നു.

അക്കാര്യം ഞാന്‍ അപ്പോഴേ മറന്നു. തിരിച്ചുള്ള യാത്രയില്‍ ഒരിടത്തുനിര്‍ത്തി ഞങ്ങള്‍ മധുരപലഹാരങ്ങള്‍ കഴിച്ചു. തിരിച്ചെത്തിയപ്പോള്‍ മുറ്റത്ത് സായന്തന്‍ നിൽക്കുന്നുണ്ടായിരുന്നു. അയാള്‍ അന്ന് പതിവിലുമധികം അലങ്കാരങ്ങളുള്ള വേഷം ധരിച്ചിട്ടുണ്ടായിരുന്നു. എവിടേക്കോ പോകാനുള്ള പുറപ്പാടിലാണെന്നു തോന്നി. എന്നെ കാത്തുനിൽക്കുകയായിരുന്നു അയാളെന്നു പറഞ്ഞു. ഞാന്‍ കുഞ്ഞിനെ ഗോവണിപ്പടികള്‍ കയറ്റിവിട്ടു. അവന്‍ പതുക്കെപ്പതുക്കെ ചുവടുകള്‍ ​െവച്ചു നടന്നുപോകുന്നതു കണ്ടുനിന്നു.

സായ് പറഞ്ഞു. ‘‘മിസ്റ്റര്‍ ഗോപാല്‍, ക്യാന്‍ ഐ ആസ്ക് എ ഫേവര്‍? ഐ നീഡ് യുവര്‍ ബൈസിക്കിള്‍ ഫോര്‍ സം റ്റൈം. റ്റുഡേ ഈസ് ദ റിമംബ്രന്‍സ് ഡേ ഓഫ് മൈ ബോസ്, യു നോ, മിസ്റ്റര്‍ തോംപ്സണ്‍. ദേറീസ് എ സര്‍വീസ് ഇന്‍ ദ ചര്‍ച്ച്.’’

ഞാന്‍ അപ്പോൾതന്നെ സൈക്കിള്‍ അയാള്‍ക്കു കൈമാറി. അൽപനേരംകൂടി സംസാരിച്ചുനിന്ന ശേഷം ഞാന്‍ ഞങ്ങളുടെ വാസസ്ഥലത്തേക്കു ഗോവണി കയറാന്‍ തുടങ്ങി. അവിടെയെത്തുന്നതിനു മുമ്പേ അപ്രതീക്ഷിതമായ ചില ശബ്ദങ്ങള്‍ കേട്ട് ഞാന്‍ ഒരുനിമിഷം പടികളില്‍ത്തന്നെ നിന്നു. സുമനയും കുഞ്ഞും സംസാരിക്കുകയാണ്. വൈകുന്നേരം ഞങ്ങള്‍ കണ്ട ദൃശ്യങ്ങളെക്കുറിച്ചാണ് അവന്‍ പറഞ്ഞുകൊടുക്കുന്നതെന്ന് എനിക്കു തോന്നി. പക്ഷേ, അത്ര വ്യക്തമല്ല. ആകാശത്തേക്കു പറന്നുപൊങ്ങിയെങ്കിലും ആ കൊറ്റികളുടെ ദൃശ്യം അവന്‍റെ മനസ്സില്‍ തങ്ങിനിന്നിരിക്കണം. ഞാന്‍ വാതില്‍ക്കല്‍ എത്തി അവരെ നോക്കി തെല്ലുനേരം നിന്നു.

അതേ, അവന്‍ ആ കൊറ്റികള്‍ പറന്നുപോയതു തന്നെയാണ് വിവരിക്കുന്നത്. സുമന അതു കേട്ടു ചിരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍, അപ്പോളാദ്യമായി അവന്‍റെ വാക്കുകള്‍ പിടയുന്നതും ചുണ്ടുകള്‍ വിറക്കുന്നതും ഞാന്‍ കണ്ടു. ഞാന്‍ നടുങ്ങി. പഴയ ഒരോർമ എന്നെ പലപല ദൃശ്യങ്ങളിലേക്കും മടക്കിക്കൊണ്ടുപോയി. അതേ, അവന്‍ സ്വന്തം വാക്കുകളില്‍ വിക്കുന്നു. അക്ഷരങ്ങള്‍ അവന്‍റെ നാവില്‍ മുടന്തിനടക്കുന്നു...

പൊടുന്നനെ അവന്‍റെ മുഖത്ത് ഞാന്‍ ആ ദുരൂഹമായ ലിപികള്‍ വായിച്ചു. അതേ, അതുതന്നെ. ഞാന്‍ തേടിക്കൊണ്ടിരുന്ന ആ പദപ്രശ്നത്തിന്‍റെ ഉത്തരം. ശ്യാമള്‍ദാ... അയാളുടെ ഛായ, തീര്‍ച്ചയായും അതേ പിടച്ചിലുകള്‍. എന്നെ കണ്ടപ്പോൾതന്നെ സുമന അവനെ സംസാരിക്കുന്നതു വിലക്കി. അവന്‍ പക്ഷേ, തന്‍റെ ആവേശത്തില്‍, ആ വാക്കുകളുടെ പിടച്ചില്‍ തുടര്‍ന്നുപോവുകയായിരുന്നു.

‘‘മിണ്ടരുത്. നിര്‍ത്ത്.’’ അവള്‍ കുട്ടിയോട് വീണ്ടും പറഞ്ഞു. അവന്‍ നിര്‍ത്തിയില്ല. സുമന അവനെ അടിച്ചു.

സാക്ഷയിട്ടതുപോലെ ആ വാക്കുകളുടെ വാതില്‍ അടഞ്ഞു. ഭയത്തോടെ കുട്ടി എന്നെ തിരിഞ്ഞുനോക്കി. കുട്ടിയെയല്ല, എന്നെയാണ് അവള്‍ തല്ലിയതെന്ന് എനിക്കു തോന്നി... ഞാന്‍ ആദ്യമായി അവളോടു കയര്‍ത്തു. അവള്‍ ഒന്നും പറയാതെ മുഖം താഴ്ത്തി നിന്നു.

അപ്പോള്‍ എനിക്കു മനസ്സിലായി, എന്തിനാണ് സുമന തന്‍റെയുള്ളില്‍ വളരുന്ന ജീവനെ സംരക്ഷിക്കാനായി വാശി പിടിച്ചതെന്ന്... എന്തിനാണ് നിസ്സംഗമായി എന്‍റെ നേരെ പെരുമാറിയതെന്ന്. ഞാന്‍ അയാള്‍ക്കു മുന്നില്‍ വീണ്ടും തോൽക്കുകയായിരുന്നു. അയാള്‍ മാഞ്ഞുപോയി ഇത്രനാള്‍ കഴിഞ്ഞിട്ടും സുമനക്കുള്ളില്‍ ഇപ്പോഴും അയാള്‍ തന്നെയാണുള്ളത്... വിക്കനും മുടന്തനുമായ ശ്യാമള്‍ദാ. ഞാന്‍ വേദനകൊണ്ടു നീറി.

അയാളുടെ അടയാളങ്ങളെ മറച്ചുപിടിക്കാനാണോ സുമന കുഞ്ഞിന്‍റെ വാക്കുകളെ നിയന്ത്രിച്ചിരുന്നത്? അല്ലെങ്കില്‍ അവന്‍റെ പതര്‍ച്ചകളില്‍ ശിക്ഷ നൽകിയിരുന്നത്? പക്ഷേ, എന്തിന്? സ്വയം അങ്ങനെ ചോദിച്ചപ്പോള്‍ എന്‍റെയുള്ളില്‍ എന്തോ പിടഞ്ഞു. ഇപ്പോള്‍ എന്‍റെ മനസ്സ് പതറുന്നു. ഒരു നദിക്കു മുകളില്‍ മഴ പെയ്യുന്നു. എത്ര കുടകള്‍ ചൂടിയാലും ആരേയും നനഞ്ഞു കുതിര്‍പ്പിക്കുന്ന ആ മഴ... അതു തോരുകയില്ലല്ലോ.

‘‘എല്ലാം എനിക്കറിയാം.’’ അവള്‍ പറഞ്ഞു, ‘‘നീ മായ്ച്ചുകളഞ്ഞാലും ആ മനുഷ്യന്‍ എന്നില്‍നിന്നും മാഞ്ഞുപോവുകയില്ല.’’ സുമന സാവധാനം, അതീവ ശാന്തയായി പറഞ്ഞു. അത്ര മാത്രം. പിന്നീട് ആരുമൊന്നും മിണ്ടിയില്ല. മൂന്നു വ്യത്യസ്തമായ നിശ്ശബ്ദതകള്‍ ഞങ്ങളെ വന്നുമൂടി.

അതേ, അവള്‍ക്കറിയാം. അതിന്‍റെ ചിത്രമാണ് അവള്‍ മുമ്പ് വരച്ചുകൊണ്ടിരുന്നത്. അവള്‍ അതു മനസ്സിലാക്കിയിരിക്കുന്നു എന്നതിന്‍റെ അറിവില്‍ ഞാന്‍ പകച്ചുനിന്നു. ഇനി ആ ദൃശ്യങ്ങള്‍ മായ്ക്കുക വയ്യ.

ഏറെ നേരത്തെ മൗനത്തിനുശേഷം അവള്‍ പറഞ്ഞു: ‘‘ശരിയാണ്, എന്നിട്ടും ഞാന്‍ നിനക്കൊപ്പം വന്നു... പക്ഷേ, എനിക്കുവേണ്ടിയായിരുന്നില്ല അത്. ഞാന്‍ പറഞ്ഞില്ലേ, എനിക്കു മരിക്കാന്‍ ഭയമില്ലായിരുന്നു. പക്ഷേ, എന്‍റെയുള്ളില്‍ അയാള്‍ നിലനിൽക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ ആഹ്ലാദിച്ചു. ഞാന്‍ നിറഞ്ഞുനിന്ന പാത്രമായി മാറി. സ്വയം എന്നെക്കവിഞ്ഞു തൂവി. ക്യാമ്പില്‍ ഉപദ്രവിച്ച കുറ്റവാളികളൊന്നും അപ്പോള്‍ എന്നെ ബാധിച്ചതേയില്ല.

ആദ്യമെല്ലാം നിന്നില്‍നിന്നും മാറിനിൽക്കണമെന്നു തന്നെയാണ് ഞാനാലോചിച്ചത്. പിന്നെ, ആ ഇരുണ്ട രണ്ടു രാത്രികള്‍ക്കു ശേഷം ഇനിയൊരിക്കലും എനിക്ക് ഒറ്റക്ക് പൊറുക്കാനാവില്ലെന്നു വന്നപ്പോള്‍, അപ്പോള്‍ മാത്രം ഞാന്‍ നിന്‍റെ കൂടെ വന്നു. നീ വിളിച്ചിട്ടാണ് ഞാന്‍ വന്നത്. പക്ഷേ, ഒന്നാലോചിച്ചാല്‍ നീയല്ലാതെ പിന്നെയാരാണ് ഈ കുഞ്ഞിനെ സംരക്ഷിക്കേണ്ടത്?

നിനക്കു മനസ്സിലായില്ലെന്നുണ്ടോ? പക്ഷേ, ഞാന്‍ പറയും നീയതു മനസ്സിലാക്കിയിട്ടും അഭിനയിക്കുകയാണ്. നിന്നെ വായിക്കാന്‍ എനിക്ക് എത്ര എളുപ്പമാണ്, ഗോപാല്‍. കാരണം, നമ്മള്‍ അങ്ങനെയായിരുന്നു. നീ തന്നെയായിരുന്നു ഞാന്‍. തിരിച്ചുമതേ. എന്നാല്‍, എന്‍റെ ജീവിതത്തില്‍ ദൈവം തെറ്റായി ഇടപെട്ടു. ആദ്യം അച്ഛനെ നഷ്ടപ്പെട്ടു. പിന്നെ നാടു നഷ്ടപ്പെട്ടു. എനിക്കു നിന്നെയായിരുന്നു ഇഷ്ടം.

പക്ഷേ, അയാളാണ് എന്‍റെ ജീവിതത്തിലേക്കു വന്നത്. തുടക്കത്തില്‍ എനിക്കു വെറുപ്പായിരുന്നു അയാളെ. മുഷിഞ്ഞ, വിയര്‍പ്പു മണക്കുന്ന ഉടുപ്പുകള്‍. ഏന്തിവലിഞ്ഞ് ഒപ്പമെത്താനുള്ള നടപ്പ്. അതുപോലെത്തന്നെ മുടന്തുന്ന വാക്കുകള്‍, ഒരു കിഴവന്‍റെ ഛായ. ആര്‍ക്കാണ് അയാളെ ഇഷ്ടപ്പെടാനാവുക! അങ്ങനെത്തന്നെ ഞങ്ങള്‍ തുടര്‍ന്നു. പിന്നീടെപ്പോഴൊക്കെയോ അയാളുടെ മനസ്സിന്‍റെ പരിമളം തിരിച്ചറിയാന്‍ കഴിഞ്ഞു. അയാളുടെ സ്നേഹം, ആ കരുതല്‍, ഞാന്‍ അയാളുടെ തണല്‍പറ്റി ജീവിച്ചു. എത്ര പാവമായിരുന്നു അയാള്‍! നിന്നെ എന്തു സ്നേഹമായിരുന്നു അയാള്‍ക്ക്...

അതു നിനക്കറിയാതെയാണോ? നേരത്തേ അനുഭവമുള്ളതല്ലേ, ആ മനുഷ്യന്‍റെ സ്നേഹവും കാരുണ്യവും? എന്നിട്ടും നീ അയാളെ കൂടുതല്‍ വെറുത്തു. നിന്‍റെ തോണിയില്‍ യാത്ര ചെയ്യുമ്പോഴെല്ലാം, നിന്‍റെ കണ്ണിലെ അസൂയയുടെ ദുരൂഹഭാഷ എനിക്കു വായിക്കാമായിരുന്നു. നീ തുഴയുന്നത് പങ്കായംകൊണ്ടല്ല, പക കൊണ്ടായിരുന്നു. അത് നദിയുടെ ആഴത്തില്‍ മുറിവുകളുണ്ടാക്കിക്കൊണ്ടിരുന്നു.’’

 

അവളതു പറയുമ്പോള്‍ എന്‍റെ മനസ്സില്‍ പഴയ ചില ചിത്രങ്ങള്‍ വന്നു. നാട്ടിന്‍പുറത്തെ വിരുന്നുകളില്‍നിന്നും അവശേഷിച്ച ആഹാരം തലച്ചുമടായി കൊണ്ടുവന്നിരുന്ന ശ്യാമള്‍ ദാ. ഞങ്ങള്‍ നിറഞ്ഞു ഭക്ഷണം കഴിച്ചിരുന്നത് ആ ദിവസങ്ങളില്‍ മാത്രമായിരുന്നു. പിന്നെ അയാള്‍ തന്നിരുന്ന ചില കണക്കുകള്‍. എഴുതിക്കൊടുക്കുമ്പോള്‍ കിട്ടിയ നാണയങ്ങള്‍... അമ്മ അയാളെക്കുറിച്ചു പറഞ്ഞ വാക്കുകള്‍...

ഞാന്‍ അവളെ നോക്കിക്കൊണ്ട് പതുക്കെ പറഞ്ഞു: ‘‘പക്ഷേ, പക്ഷേ... ഞാനൊന്നും ചെയ്തില്ലല്ലോ...’’

സുമന പരിഹാസത്തോടെ ചിരിച്ചു. ‘‘ശരിയാണ്. നീയൊന്നും ചെയ്തില്ല... ഒന്നും. അതായിരുന്നു എന്‍റെ ഊഹം. അതു നീയിപ്പോള്‍ സമ്മതിച്ചിരിക്കുന്നു എന്നു മാത്രം. നീയൊന്നും ചെയ്തില്ല ഗോപാല്‍, അതെനിക്ക് അന്നുതന്നെ മനസ്സിലായി.’’

അപ്പോള്‍ എന്‍റെ മനസ്സില്‍ ആ പഴയ പ്രളയകാലം തിരിച്ചുവന്നു. ഇരുണ്ടുകെട്ടിയ ആകാശത്തിനു മീതേ, ഒഴുക്കിനെതിരെ അയാള്‍ തന്‍റെ തോണിയുമായി ദ്വീപിലേക്കു തിരിച്ചുപോവുകയായിരുന്നു. ഇടക്കു നിന്നുപോയ മഴ ആര്‍ത്തലച്ചു പെയ്തുവന്നു. അയാള്‍ക്കു വലിയ ക്ഷീണമുണ്ടായിരുന്നു. എന്നിട്ടും അവളുടെ കണ്ണുകളിലെ യാചന അയാളെ മുന്നോട്ടു നയിച്ചു. വീതികൂടിയ നദിയുടെ ഒരുവശം പറ്റി, കാറ്റിനെ ഉലയ്ക്കുന്ന കുള്ളന്‍മരങ്ങളുടെ വനപരിസരത്തിലൂടെ അയാള്‍ തോണി തുഴഞ്ഞുപോയി.

അപ്പോള്‍ ദൂരെനിന്നും ഒരു കുര കേട്ടു. അകലെ, ഒരു പാറക്കെട്ടിനു മുകളില്‍ രണ്ടു നിഴലുകള്‍. അതിലൊന്ന് ആ മൃഗമായിരുന്നു. അതിന്‍റെ കുരയാണ് വീണ്ടും വീണ്ടും കേള്‍ക്കുന്നത്. മറ്റാരും കേള്‍ക്കാത്ത, അല്ലെങ്കില്‍ താന്‍ മാത്രം കേട്ടിട്ടുണ്ടായിരുന്ന അതേ കുര.

ഞാന്‍ തോണി തുഴഞ്ഞ് ഏതാണ്ട് അതിനടുത്തേക്കെത്തി. മഴ നിലക്കുന്നില്ല. ദ്വീപിലെ എടുപ്പുകളെല്ലാം മാഞ്ഞുപോയിരിക്കുന്നു. കാവല്‍പ്പുരയും മരങ്ങളും വീടുകളും എല്ലാം. വെള്ളത്തില്‍ ഉയര്‍ന്നുനിൽക്കുന്നത് ഒരു പാറക്കെട്ടു മാത്രമാണ്. ഇനിയും ജലം വിഴുങ്ങാത്ത കുറച്ചുഭാഗങ്ങള്‍ മാത്രമാണ്. പതുക്കെപ്പതുക്കെ വെള്ളം അതിനു മുകളിലേക്കും വരും. ആ പാറക്കെട്ടും അതിന്‍റെ ശിഖരവും മാഞ്ഞുപോകും. അതിനുമുമ്പ്, അവിടേക്കു തുഴഞ്ഞെത്തണം. ഞാന്‍ കൂടുതല്‍ വാശിയോടെ തുഴഞ്ഞു.

ഏതാണ്ട് അടുത്തെത്തി. ഇനിയൊറ്റക്കുതിപ്പുകൂടി മതി അവരുടെ അടുത്തെത്താന്‍. വശങ്ങളിലേക്കു നീങ്ങി ഞാന്‍ തോണി കൊണ്ടുപോയി. പട്ടി വീണ്ടും കുരക്കുന്നു. ഓരിയിടുന്നു. അത് എന്നെ കണ്ടുകഴിഞ്ഞു. ആ ആഹ്ലാദമാണ് ശബ്ദത്തില്‍. ശ്യാമള്‍ ദാ കൈയുയര്‍ത്തിക്കാണിച്ചു. അയാളുടെ മുഖത്തെ ആശ്വാസം എനിക്കു കാണാം. എപ്പോഴുമുള്ള ആ ചിരി ഇനിയും മാഞ്ഞിട്ടില്ല.

അപ്പോള്‍ പൊടുന്നനെ എന്‍റെ മനസ്സ് പതറി. ഒരു നിമിഷം ഞാന്‍ സുമനയെ ഓർമിച്ചു. ഞങ്ങള്‍ വയലുകളിലൂടെ നടന്ന സായാഹ്നങ്ങള്‍. ചുംബനങ്ങളുടെ ചാറ്റല്‍മഴ... അവളുടെ ശരീരത്തിന്‍റെ ഗന്ധം, സൂര്യകാന്തിപ്പൂക്കള്‍ വിടരുന്ന ആ കണ്ണുകള്‍... ആരാണ് ആ കണ്ണുകള്‍ക്കും തനിക്കുമിടയില്‍ നിൽക്കുന്നത്? ആ പ്രതിബന്ധം ഇതാ, താനേ മാഞ്ഞുപോവുകയാണ്. ഞാനെന്തിന് അതിനു തടസ്സം നിൽക്കണം?

-സുമന പറഞ്ഞതു ശരിയാണ്: ഞാന്‍ ഒന്നും ചെയ്തില്ല.

ഒന്നും ചെയ്യാതെ, ഞാന്‍ പതുക്കെ തോണി തിരിച്ചു. ഒരൽപദൂരം പോയശേഷം ഞാന്‍ തോണി നിര്‍ത്തി. ദീര്‍ഘമായി ശ്വാസമെടുത്തു. അതേ, പാറക്കെട്ടുകളുടെ മുകളിലേക്ക് ഒരു കൂറ്റന്‍ ജന്തുവിനെപ്പോലെ വെള്ളം അള്ളിപ്പിടിച്ചു കയറുന്നു. അതിന്‍റെ വിശപ്പടങ്ങുന്നതേയില്ല. അൽപനേരത്തിനുള്ളില്‍ ആ രണ്ടു ജീവികളും അതിന്‍റെ കൈപ്പിടിയിലമരും. ആ നായയുടെ രോദനം നിലക്കാതെ അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്... ശ്യാമള്‍ദാ എന്നെ സൂക്ഷിച്ചുനോക്കുന്നു. ആ കണ്ണുകളില്‍ തെളിയുന്ന വികാരം എന്താണ്? വേദനയാണോ, അതോ പരിഹാസമോ?

-പതുക്കെപ്പതുക്കെ ആ പാറക്കെട്ടുകളും കാഴ്ചയില്‍നിന്നും അണഞ്ഞുപോയി. ദ്വീപിനു മുകളില്‍ അവസാനിക്കാത്ത മഴ നിന്നുപെയ്തു.

ആ ഒരൊറ്റ നിമിഷം, ഒരേയൊരു നിമിഷം. അതായിരുന്നു, പില്‍ക്കാലത്തെ എന്‍റെ ജീവിതം. അതിന്‍റെ ഭാരം എന്നെ അമര്‍ത്തിക്കൊണ്ടിരുന്നു. കുറിയ മരങ്ങള്‍ കാവല്‍നിന്ന ഒരു ദ്വീപു മാഞ്ഞുപോയിരിക്കുന്നു. അതില്‍ അവശേഷിച്ച ശിലാശിഖരത്തില്‍ മരണം കാത്തുനിൽക്കുന്ന രണ്ടു നിഴലുകള്‍. ചുറ്റും മഴ പെയ്യുകയാണ്. അവസാനിക്കാത്ത മഴ. ഏതോ പ്രാചീന കാലത്തു തുടങ്ങുകയും ഒരിക്കലും അവസാനിക്കാതിരിക്കുകയും ചെയ്യുന്ന മഴ. അതിലേക്കു പകച്ചുനോക്കിനിൽക്കുകയല്ലാതെ ഈ ജീവിതത്തില്‍ മറ്റെന്ത്!

എന്നാലും അതു മറക്കാനായിരുന്നു എന്‍റെ ശ്രമം. ആ കണ്ണുകളിലെ വേദന നിറഞ്ഞ പരിഹാസം ഞാന്‍ മാത്രമേ അറിഞ്ഞുള്ളൂ എന്നതായിരുന്നു എന്‍റെ ആശ്വാസം. കാലക്രമത്തില്‍ ഞാനതു മറന്നുകളയുകയുംചെയ്തു. അല്ലെങ്കില്‍ അങ്ങനെ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

-എന്നാലിപ്പോള്‍, ഏതോ ദുരൂഹമായ ചിഹ്നഭാഷ നിർധാരണം ചെയ്യുംമട്ടില്‍ അവളിതാ എന്‍റെ ജീവിതത്തെ തുറന്നുവായിക്കുന്നു. എന്‍റെ ഗോപുരങ്ങള്‍ തകര്‍ന്നുവീണു.

‘‘ചെയ്യുന്നതല്ല, ചിലപ്പോഴെങ്കിലും ഒന്നും ചെയ്യാതിരിക്കുക എന്നതാണ് ഏറ്റവും വലിയ കുറ്റം, ഗോപാല്‍. അതു നിനക്കു മനസ്സിലാവും. അല്ലെങ്കില്‍ നിനക്കേ മനസ്സിലാവുകയുള്ളൂ. ക്യാമ്പിലെ മുഖമില്ലാത്ത മനുഷ്യര്‍ എന്നെ ആക്രമിച്ചു. എന്‍റെ ശരീരം അപ്പോഴും എനിക്കു പ്രശ്നമായിരുന്നില്ല. പക്ഷേ, ചോര വാര്‍ന്ന് അയാള്‍ എന്നില്‍നിന്നും നഷ്ടപ്പെട്ടുപോകുമെന്ന് ഞാന്‍ ഭയന്നിരുന്നു. നീയാകട്ടെ, ആ ഇരുട്ടിന്‍റെ മനുഷ്യരുടെ ഛായ ഒരു കുഞ്ഞില്‍ കാണുമെന്ന് സംശയിച്ചു. സത്യത്തില്‍, അവന് സ്വന്തം ഛായയായിരുന്നെങ്കില്‍ നീ കൂടുതല്‍ ലജ്ജിക്കണമായിരുന്നു, ഗോപാല്‍.’’

അതിനുശേഷം അവള്‍ എന്‍റെയടുത്തേക്കു വന്നു. എന്‍റെ തോളില്‍ പിടിച്ച് കണ്ണുകളില്‍ നോക്കി, നിർദയമായ നിസ്സംഗതയോടെ എന്നോടു ചോദിച്ചു: ‘‘സത്യത്തില്‍, തോണിയിലിരുന്ന് നീ അദ്ദേഹത്തെ കണ്ടോ?’’

Did u see him from the Boat?

ഞാന്‍ ഒന്നും മിണ്ടിയില്ല. അവള്‍ ജനാലയിലൂടെ കാര്‍ക്കിച്ചു തുപ്പി. അതുവഴി അവള്‍ എന്‍റെ ജീവിതത്തെ പുറത്തുകളയുകയാണെന്ന് എനിക്കു തോന്നി. പിന്നെ കുഞ്ഞിനേയുമെടുത്ത് പതുക്കെ മൂന്നു നിലകളുമിറങ്ങി നടന്നുപോയി.

അന്നുമുതല്‍ ആ പഴയ മഴയുടെ ഇരമ്പം ഞാന്‍ വീണ്ടും വീണ്ടും കേട്ടു. എന്‍റെ കൂടാരങ്ങള്‍ അതില്‍ ചോര്‍ന്നൊലിക്കുകയും ഞാന്‍ നനഞ്ഞു കുതിരുകയുംചെയ്തു. ഇടയ്ക്കെല്ലാം ആ ചോദ്യത്തിന്‍റെ ഇടിമുഴക്കങ്ങളുണ്ടായി –തോണിയിലിരുന്ന് നീ അയാളെ കണ്ടുവോ?

ആ മഴ പിന്നീടൊരിക്കലും എന്‍റെ ജീവിതത്തില്‍നിന്നും പെയ്തൊഴിയുകയുണ്ടായില്ല.

* * *

ഗോപാല്‍ ബറുവയുടെ കുറിപ്പുകള്‍ അവിടെ അവസാനിക്കുന്നു. പിന്നീട് അദ്ദേഹം ഒന്നും എഴുതിയതായി കണ്ടില്ല. ആ കുറിപ്പുകള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ അഗാധമായൊരു സങ്കടം എന്നെ വന്നുമൂടി. അതോടൊപ്പംതന്നെ അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്ക് ഒളിച്ചുനോക്കി എന്നതിലുള്ള ഒരാത്മനിന്ദ എന്നെ ബാധിക്കുകയുംചെയ്തു. അതു വായിച്ചുകഴിഞ്ഞ ദിവസംതന്നെ ഞാന്‍ ഗോപാല്‍ ബറുവക്ക് കൊടുത്ത വാക്കു പാലിച്ചു. ആ പഴയ ഡയറി ഞാന്‍ അഗ്നിക്കിരയാക്കി. വൈകിപ്പോയി എന്നുണ്ടെങ്കിലും അപ്പോഴെങ്കിലും അതു ചെയ്തുവല്ലോ എന്നൊരു ആശ്വാസമായിരുന്നു അപ്പോള്‍ എനിക്ക്.

അങ്ങനെയിരിക്കേ, ഡോക്ടര്‍ സര്‍ക്കാര്‍ ഒരു രാത്രിയില്‍ എന്നെ വിളിച്ചു. അദ്ദേഹത്തിന്‍റെ ശബ്ദത്തിന് ആ പഴയ മുഴക്കം തോന്നിയില്ല. ഇപ്പോള്‍ താന്‍ ആരേയും ചികിത്സിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സിക്കുന്നതില്‍ ഒരു കാര്യവുമില്ല. കാരണം, ഇപ്പോള്‍ സ്റ്റെതസ്കോപ്പു ​െവച്ചാല്‍ എല്ലാവരുടേയും ഹൃദയത്തില്‍നിന്നും ഓംകാരം മാത്രം കേള്‍ക്കുന്നു. ലോകം മുഴുവന്‍ പ്രണവമന്ത്രം അലയടിക്കുകയാണ്. അതത്ര നല്ല സൂചനയല്ല.

അദ്ദേഹം പറഞ്ഞു: ‘‘ഞാന്‍ മറ്റൊരു കാര്യത്തിനാണ് ഇപ്പോള്‍ നിങ്ങളെ വിളിച്ചത്. ഗോപാല്‍ദായുടെ കുറിപ്പുകളില്‍ ചിലത് എന്‍റെ കൈവശമുണ്ടെന്ന് അറിയാമല്ലോ. അതു പലതും വായിക്കുമ്പോള്‍ എനിക്കു ചില സംശയങ്ങള്‍ തോന്നുന്നു. അതാണ് നിങ്ങളെ വിളിച്ചത്. നിങ്ങള്‍ ആ കുറിപ്പുകള്‍ പലതും കണ്ടിട്ടുള്ള ആളല്ലേ? മാത്രവുമല്ല, ആ വിചിത്രഭാഷ നിങ്ങള്‍ക്ക് നന്നായി അറിയുകയും ചെയ്യാം.

ഈയിടെ തപോമയി തന്ന ചില കടലാസുകളിലൂടെ ഞാന്‍ കടന്നുപോയി. അവയൊന്നും ആദ്യം എനിക്കു വഴങ്ങിയിരുന്നില്ല. പിന്നെപ്പിന്നെ അതിന്‍റെ ചില ചരടുകള്‍ എനിക്കു കിട്ടി. ഞാനതു വായിക്കാന്‍ തുനിഞ്ഞു. ആദ്യത്തെ അമ്പരപ്പു തന്നെ അദ്ദേഹത്തിന്‍റെ മകനെക്കുറിച്ചുള്ള ഉത്കണ്ഠകളായിരുന്നു. ഞാന്‍ തപോമയിയെക്കുറിച്ചാണ് പറയുന്നത്. അയാള്‍ക്കു ചെറുപ്പം മുതല്‍ സ്പീച്ച് ഡെഫിഷ്യന്‍സി ഉണ്ടായിരുന്നു. അതു നിങ്ങള്‍ക്കറിയാമോ എന്ന് എനിക്കറിഞ്ഞുകൂടാ. അല്ലെങ്കില്‍ ബാല്യകാലത്തു മാത്രം അയാളെ ബാധിച്ചിരുന്ന ഒരു പ്രശ്നമായിരിക്കാം അത്. ഇപ്പോള്‍ അയാള്‍ ഓര്‍ക്കുന്നതുപോലുമുണ്ടാവണമെന്നില്ല.’’

‘‘അത്രത്തോളമൊക്കെ വായിക്കാറായോ!’’ അമ്പരപ്പോടെയാണ് ഞാനതു ചോദിച്ചത്.

‘‘അത്രത്തോളമേ ആയുള്ളൂ എന്നു പറയൂ. കുറേ പേജുകളൊന്നും എനിക്കു തൊടാന്‍പോലും പറ്റുന്നില്ല. അത്രയും വിഷമകരമാണ്. അതിനാണ് ഞാന്‍ നിങ്ങളെ വിളിച്ചത്. കുറേക്കാലം മുമ്പ് ഞാനദ്ദേഹത്തോടു പറഞ്ഞിരുന്നു: ആരോടും പറയാനാകാത്ത സങ്കടങ്ങള്‍ ഒരു കടലാസിലെഴുതണം. അദ്ദേഹം അങ്ങനെ ചെയ്തോ എന്നറിയില്ല. ചിലപ്പോള്‍ ചെയ്തിരിക്കാം. പിന്നെ അതുപേക്ഷിച്ചിരിക്കാം. ആര്‍ക്കറിയാം! ഇപ്പോള്‍ കുറച്ച് കടലാസുകള്‍ മാത്രമേ എന്‍റെ കൈയിലുള്ളൂ. തപ്പിനോക്കിയാല്‍ ആ ഗുഹയില്‍നിന്നും എന്തെങ്കിലും കിട്ടാതിരിക്കില്ല. ഇപ്പോള്‍ ഉള്ളതില്‍ ചില പേജുകള്‍ ഞാന്‍ സ്കാന്‍ചെയ്ത് അയക്കാം. നോക്കൂ. ചിലവ ഞാന്‍ ഊഹിച്ചു. ചിലത് അതിനും പറ്റുന്നില്ല. നിങ്ങള്‍ ഇക്കാര്യത്തില്‍ വലിയ പണ്ഡിതനാണെന്നാണ് തപോമയി പറയുന്നത്.’’

‘‘തപോമയി വെറുതേ പറയുന്നതാണ്.’’

‘‘എന്നാലും നിങ്ങള്‍ക്കെന്നെ സഹായിക്കാനാവും. ഇത് വേറൊരു ഗെയിമാണ്. സാധാരണ ഒരു രോഗിയുടെ ജീവിതം പഠിക്കുകയും അയാളുടെ രോഗങ്ങളെ അതിന്‍റെ അടിസ്ഥാനത്തില്‍ പഠിക്കുകയും വേണം എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ആധുനിക വൈദ്യശാസ്ത്രം അതില്‍ കുറച്ചു പിറകിലാണ്. അതവിടെ നിൽക്കട്ടെ. ഇവിടെ, രോഗങ്ങളില്‍നിന്നും അന്വേഷിച്ചുപോയി ഒരു ജീവിതത്തെ മനസ്സിലാക്കുക എന്നതാണ് ഞാന്‍ നോക്കുന്ന ഗെയിം. ഞാനൊരു തോറ്റ വൈദ്യനാണ്. പല രോഗങ്ങളും നിര്‍ണയിക്കാന്‍ സാധിക്കാതെ പോയ ഒരാള്‍.

പക്ഷേ, പ്രിയപ്പെട്ട ഗോപാല്‍ദായുടെ ജീവിതം എനിക്കറിയണമെന്ന ഒരാശ മനസ്സില്‍ നില്‍ക്കുന്നു. ഞാന്‍ അദ്ദേഹത്തോടു തര്‍ക്കിക്കുന്നതും പിണങ്ങുന്നതും പരിഹാസ വാക്കുകള്‍ പറയുന്നതുമൊക്കെ എന്തിനായിരുന്നു എന്ന് നിങ്ങള്‍ ഊഹിച്ചിട്ടുണ്ടോ? ജീവിതത്തിന്‍റെ ആഹ്ലാദങ്ങളിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാനുള്ള പരിശ്രമമായിരുന്നു അതെല്ലാം. കാരണം, ഇത്രയും സങ്കടത്തോടുകൂടി ജീവിച്ച ഒരാളെ ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല.’’

അന്നു രാത്രി അദ്ദേഹം അയച്ചുതന്ന സ്കാന്‍ സന്ദേശം നാലഞ്ചു ദിവസംകൊണ്ട് ഞാന്‍ വായിച്ചെടുത്തു.

‘‘വയലിന്‍റെ വിശാലതയില്‍ അവന്‍റെ ശബ്ദം നടുനിവര്‍ത്തുന്നു...’’

നീണ്ടുനീണ്ടു പോകുന്ന വയലുകള്‍. പച്ചയുടെ ഉത്സവം. വരമ്പുകളിലൂടെ ഗ്രാമീണര്‍ നടന്നുപോകുന്നതു കാണാം. അവിടെ കുറച്ച് ഉയരമുള്ള ഒരു പാറക്കെട്ടിനു മുകളില്‍ ഞങ്ങളിരിക്കും. ഞാന്‍ അവനോടു പറയും: നീ ഉറക്കെ കൂവിക്കോ. പാടങ്ങളുടെ അറ്റംവരെ കേള്‍ക്കണം ആ കൂവലിന്‍റെ ശബ്ദം.

ചില വിഷമസന്ധികളില്‍ അവന്‍ വിക്കുമ്പോള്‍, വാക്കുകള്‍ക്ക് സഞ്ചരിക്കാന്‍പോന്ന ഇന്ധനം അവനു സ്വയം സംഭരിക്കാനാവാതെ വരുമ്പോള്‍, എന്‍റെ ജീവിതം പിടയുന്നു. ആ വാക്കുകള്‍ വായിച്ചപ്പോള്‍ എനിക്കു ഭയംതോന്നി. ഡോക്ടര്‍ സര്‍ക്കാര്‍ എത്രത്തോളം മുന്നോട്ടു പോയിട്ടുണ്ടാവും? ഗോപാല്‍ ബറുവയുടെ നിഗൂഢജീവിതം അദ്ദേഹം വായിച്ചെടുക്കുമോ? രാത്രിയേറെ ആയിട്ടുണ്ടായിരുന്നുവെങ്കിലും ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു.

-ഫലിതപ്രിയനായിരുന്നു ഡോക്ടര്‍ തപസ് സര്‍ക്കാര്‍. അദ്ദേഹം സ്റ്റെതസ്കോപ്പില്‍കൂടി മാത്രമല്ല, ഫോണിലൂടെയും ഓംകാരമാണ് പ്രസരിപ്പിക്കുന്നത്. കുറേ നേരം ഓംകാരത്തില്‍ മൂളിയശേഷം ഫോണ്‍ നിലച്ചു.

(തുടരും)‍

Tags:    
News Summary - weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.