തപോമയിയുടെ അച്ഛൻ

അത്തവണ മഞ്ഞുകാലത്ത് നമ്മുടെ വയല്‍വരമ്പുകളില്‍ ദേശാടനക്കാരായ കൊറ്റികള്‍ വന്നുചേര്‍ന്നില്ല. വെളുത്ത മേഘങ്ങള്‍ നോക്കിക്കൊണ്ട്, പടര്‍ന്നുകിടന്ന പുകമഞ്ഞിനിടയിലൂടെ ഒരാള്‍മാത്രം നടക്കുന്നു. കാറ്റ് മായ്ച്ചുകളയുന്ന മഞ്ഞിനപ്പുറം അനന്തമായ ശൂന്യത. ശ്യാമള്‍ ബറുവയെക്കുറിച്ച് എന്താണ് പറയേണ്ടത്? അദ്ദേഹം ഏകാകിയായ ഒരു മനുഷ്യനായിരുന്നു. അധികമാരോടും സംസാരിക്കാത്ത, എന്നാല്‍ എല്ലാവരോടും എപ്പോഴും ചിരിക്കുന്ന ഒരു ഗ്രാമീണന്‍. എഴുത്തോ വായനയോ അറിയില്ല. സ്കൂളില്‍ പോവുക എന്നുള്ളത് വലിയ കാര്യമാണെന്നും അറിഞ്ഞുകൂടാ. എന്നാലും പലപ്പോഴും എന്‍റെ പഠനത്തിന്‍റെ കാര്യത്തില്‍ അമ്മ അദ്ദേഹത്തെയാണ് ആശ്രയിച്ചിരുന്നത്....

അത്തവണ മഞ്ഞുകാലത്ത് നമ്മുടെ വയല്‍വരമ്പുകളില്‍ ദേശാടനക്കാരായ കൊറ്റികള്‍ വന്നുചേര്‍ന്നില്ല. വെളുത്ത മേഘങ്ങള്‍ നോക്കിക്കൊണ്ട്, പടര്‍ന്നുകിടന്ന പുകമഞ്ഞിനിടയിലൂടെ ഒരാള്‍മാത്രം നടക്കുന്നു. കാറ്റ് മായ്ച്ചുകളയുന്ന മഞ്ഞിനപ്പുറം അനന്തമായ ശൂന്യത.

ശ്യാമള്‍ ബറുവയെക്കുറിച്ച് എന്താണ് പറയേണ്ടത്? അദ്ദേഹം ഏകാകിയായ ഒരു മനുഷ്യനായിരുന്നു. അധികമാരോടും സംസാരിക്കാത്ത, എന്നാല്‍ എല്ലാവരോടും എപ്പോഴും ചിരിക്കുന്ന ഒരു ഗ്രാമീണന്‍. എഴുത്തോ വായനയോ അറിയില്ല. സ്കൂളില്‍ പോവുക എന്നുള്ളത് വലിയ കാര്യമാണെന്നും അറിഞ്ഞുകൂടാ. എന്നാലും പലപ്പോഴും എന്‍റെ പഠനത്തിന്‍റെ കാര്യത്തില്‍ അമ്മ അദ്ദേഹത്തെയാണ് ആശ്രയിച്ചിരുന്നത്. വലിയ പിശുക്കനാണ് ദാദ എന്നാണ് പറയുക. എന്നാലും അമ്മ ചോദിച്ചാല്‍ എന്തെങ്കിലും തരും.

പത്തിരുപതു വയസ്സെങ്കിലും മൂത്ത ആളായിരുന്നു ശ്യാമള്‍ ദാ. മരിച്ചുപോയ എന്‍റെ അച്ഛന്‍ അദ്ദേഹത്തെ സഹായിക്കുമായിരുന്നുവത്രേ. അച്ഛനോടുള്ള ഒരു കടപ്പാടു പോലെ തിരിച്ച് ഞങ്ങളെ സഹായിക്കുന്നു എന്നതാവണം. എന്നാലും എന്‍റെ പഠനത്തെക്കുറിച്ചൊന്നും ഒരിക്കലും സംസാരിക്കുകയോ, എപ്പോഴെങ്കിലും ഉപദേശിക്കുകയോ ശാസിക്കുകയോ ഒന്നും ശ്യാമള്‍ ദാദയുടെ ശീലമായിരുന്നില്ല.

ചിലപ്പോള്‍ സ്കൂളില്‍ പോകുന്നതോ തിരിച്ചുവരുന്നതോ ആയ സമയത്ത് ഞങ്ങള്‍ അദ്ദേഹത്തെ കാണും. അപ്പോഴൊക്കെ പതിവുപോലെ ചിരിക്കുന്നതല്ലാതെ അദ്ദേഹം ഒന്നും ചോദിക്കാറില്ല. തലയിലൊരു ചുമടുമെടുത്ത് മണ്‍പാതയിലൂടെ പ്രയാസപ്പെട്ടു നടന്നുവരുന്നതാവും മിക്കവാറുമുള്ള കാഴ്ച. ആരുടെയെങ്കിലും വീട്ടിലേക്കു സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുപോവുകയായിരിക്കും. ശ്യാമള്‍ ബറുവ ആശ്രിതനായി നിൽക്കുന്ന കുറച്ചു വലിയ ജന്മിവീടുകളുണ്ടായിരുന്നു. അവര്‍ക്കുവേണ്ടി വാങ്ങുന്ന വസ്തുക്കളുടെയും ചെലവഴിക്കുന്ന തുകയുടെയുമൊക്കെ കണക്കുകള്‍ ഞാനാണ് എഴുതിക്കൊടുത്തിരുന്നത്. അദ്ദേഹത്തിന് എഴുത്തറിയുമായിരുന്നില്ലല്ലോ.

എഴുത്തറിയുകയില്ല എന്നതു മാത്രമല്ല, മറ്റു ചില പോരായ്മകള്‍ കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ഇടതുകാലിനുള്ള മുടന്തായിരുന്നു അതിലൊന്ന്. അതു ചെറുപ്പത്തില്‍ സംഭവിച്ച ഒരപകടത്തിന്‍റെ ബാക്കിയാണ്. നല്ല ആരോഗ്യമുള്ള ആളായിരുന്നു എന്നാണ് അമ്മ പറഞ്ഞുകേട്ടിട്ടുള്ളത്. ചെറുപ്പത്തില്‍ ആരുടെയോ പുര മേയുന്നതിനായി കറിയപ്പോള്‍ മുകളില്‍നിന്നും വീണത്രേ. അങ്ങനെ ഒരു കാലിന് ബലമില്ലാതായി. അത് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍, അടുപ്പമുള്ളവര്‍ക്കുമാത്രം അറിയാവുന്ന മറ്റൊരു ദോഷമുണ്ടായിരുന്നു.

അതാകട്ടെ ജന്മനാ ഉള്ളതും. സംസാരത്തിലുള്ള വിക്കായിരുന്നു അത്. എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ ഒരുപാടു സമയമെടുക്കും. മറ്റുള്ളവര്‍ കാണുന്നു, ശ്രദ്ധിക്കുന്നു എന്നതിന്‍റെ ഭീതിയാണോ എന്തോ, ആളുകള്‍ക്കിടയില്‍െവച്ചാണെങ്കില്‍ വാക്കുകള്‍ വരുന്നതു പിന്നെയും വൈകും. ഏതെങ്കിലും പണിയില്‍ മുഴുകിയിരിക്കുന്ന നേരത്ത് ഞാനദ്ദേഹത്തെ ഒളിഞ്ഞുനിന്നു നോക്കിയിട്ടുണ്ട്. അപ്പോഴതാ, അത്ഭുതം! വരി തെറ്റാതെ, ഈണം തെറ്റാതെ ദാദ പാട്ടു പാടുന്നു. സ്വയം മറന്നുകൊണ്ട് നാടകത്തിലെയോ സിനിമകളിലെയോ സംഭാഷണങ്ങള്‍ പറയുന്നു. പല കഥാപാത്രങ്ങളായി വേഷം മാറുന്നു. അപ്പോഴൊക്കെ തോന്നും, സംസാരത്തിലുള്ള പ്രശ്നം അദ്ദേഹത്തിന്‍റേതല്ല; അദ്ദേഹത്തെ ഉറ്റുനോക്കുന്ന ചുറ്റുപാടുമുള്ളവരുടേതാണ്.

തീരെ ചെറിയ കുട്ടികളായിരുന്നപ്പോള്‍ ഞങ്ങളെല്ലാവരും ശ്യാമള്‍ദായെ കളിയാക്കുമായിരുന്നു. അടുത്തെങ്ങും അദ്ദേഹം ഇല്ലാത്ത സമയത്ത് ആ സംസാരരീതി ഉച്ചരിച്ചും നടത്തത്തിലെ മുടന്ത് കാണിച്ചും ഞാന്‍ സുമനയെ ചിരിപ്പിക്കുമായിരുന്നു. കാടാകെ പൊട്ടിവിടരുന്നതുപോലെയുള്ള അവളുടെ ചിരി കാണാന്‍ വേണ്ടി അക്കാലത്ത് ഞാന്‍ എന്തുതന്നെ ചെയ്തിരുന്നില്ല!

പിന്നെപ്പിന്നെ അങ്ങനെ കളിയാക്കുന്നതു ശരിയല്ലെന്നുള്ളൊരു ബോധം വന്നു. ഞങ്ങള്‍ കൂടുതല്‍ വലിയ ക്ലാസുകളിലേക്കു പോയി. എനിക്ക് പലപ്പോഴും നല്ല മാര്‍ക്കു കിട്ടുമായിരുന്നു. വിശേഷിച്ചും കണക്കിനും ഇംഗ്ലീഷിനും. ഗണിതവിഷയത്തിലുള്ള ആ താൽപര്യം എനിക്കിപ്പോഴുമുണ്ട്.

അന്നൊക്കെ അധ്യാപകര്‍ വഴിയെഴുതുമ്പോഴേക്കും അവസാനത്തെ ഉത്തരം മനക്കണക്കായി കൂട്ടിയെടുക്കാന്‍ പലപ്പോഴും സാധിച്ചിരുന്നു. മറ്റു കുട്ടികള്‍ എന്നെ അത്ഭുതത്തോടെ നോക്കും. സ്വയം തെറ്റുന്നുണ്ടോ എന്നുള്ള അവസരങ്ങളില്‍ ചിലപ്പോഴെങ്കിലും സംശയനിവൃത്തിക്കായി അധ്യാപകര്‍ എന്നെയാണ് സമീപിച്ചിരുന്നത് എന്നും ഓര്‍ക്കുന്നു. അറിയാമെന്നുള്ളതിന്‍റെ ആവേശത്തില്‍ പരീക്ഷകള്‍ പലപ്പോഴും പാതിസമയം കൊണ്ടുതന്നെ തീര്‍ക്കാന്‍ എനിക്കാവുമായിരുന്നു. ആ ആവേശം അതിരുകടക്കുമ്പോള്‍ ചിലപ്പോള്‍ ചോദ്യങ്ങള്‍തന്നെ ശ്രദ്ധിക്കാതെ ഉത്തരമെഴുതി​വെച്ച് പലതും തെറ്റിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ഏതായാലും ഫൈനല്‍ പരീക്ഷയില്‍ ആ വിഷയങ്ങളില്‍ സ്കൂളില്‍ത്തന്നെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് എന്‍റേതായിരുന്നു.

പരീക്ഷ പാസായിട്ടും വലിയ കാര്യമൊന്നുമില്ല. ഒരുപക്ഷേ, പഠിപ്പുള്ളതുകൊണ്ട് കായികാധ്വാനമുള്ള പണികളിലേക്കു പോകാനും മടിയാകും എന്നുമുണ്ട്. കുറച്ചുനാള്‍ അങ്ങനെ കഴിഞ്ഞു. അടുത്തുള്ള ചില വലിയ വീടുകളില്‍ കുട്ടികള്‍ക്കു കണക്കു പറഞ്ഞുകൊടുക്കാന്‍ പോകും. അവിടെനിന്നും എന്തെങ്കിലും കിട്ടും. എന്നാല്‍ കുടുംബത്തെ സഹായിക്കാന്‍ അതൊന്നും പോരായിരുന്നു. വലിയ മേല്‍ഗതിയൊന്നുമില്ലാതെ മുന്നോട്ടുപോയി. അതിനിടെ എന്‍റെ അമ്മ തീരെ വയ്യാതെ കിടപ്പിലായി. ചെറിയ പണികള്‍ക്കുപോലും സഹായം വേണമെന്നായി.

അങ്ങനെയൊരു ദിവസം, അച്ഛന്‍റെ മരണശേഷം വീടിനോടു ചേര്‍ത്തുെവച്ചുകെട്ടിയിരുന്ന തോണി ഞാന്‍ അഴിച്ചു നദിയിലേക്കെടുത്തു. തുടക്കത്തില്‍ കഠിനമായിരുന്നു ആ ജോലി. ഒഴുക്കിനെതിരെ നീങ്ങുക പ്രയാസം. കടവുകളില്‍ കൃത്യമായി തോണിയടുപ്പിക്കാനായില്ല. എന്നാലും പതുക്കെപ്പതുക്കെ അതു വരുതിയില്‍ വന്നു. കാര്യങ്ങള്‍ കുറച്ചുകൂടി ഭേദമായി. നേരത്തേ എഴുന്നേറ്റ് വീട്ടുജോലികള്‍. പുലര്‍ച്ചെ മുതല്‍ തോണിയില്‍ കടത്തുജോലി, വൈകീട്ട് വീടുകളില്‍ പോയി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകവൃത്തി. നിത്യജീവിതം തുഴഞ്ഞുകൊണ്ടുപോകാന്‍ ഞാന്‍ ഏറെ കഷ്ടപ്പെട്ടു.

സുമനയെയും കുറച്ചുകാലം ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. മറ്റെല്ലാ വിഷയങ്ങളിലും ജയിക്കുന്ന വിദ്യാർഥിനിയായിരുന്നുവെങ്കിലും കണക്കു പ്രയാസമായിരുന്നു അവള്‍ക്ക്. അടുത്ത വര്‍ഷം പരീക്ഷയില്‍ അവള്‍ കണക്കിന് തോറ്റു. എനിക്ക് അവളെ ജയിപ്പിച്ചെടുക്കണം എന്നൊരു ഒരധികച്ചുമതലയുണ്ടായി വന്നു. ഒഴിവുദിവസങ്ങളില്‍ അവളുടെ വീട്ടിലെ സന്ദര്‍ശകനായി ഞാന്‍ മാറി.

ഉത്തരം തെറ്റിയതിനുള്ള ശിക്ഷയായിരുന്നു നിനക്കു ഞാന്‍ തന്ന ആദ്യചുംബനം. നമ്മള്‍ രണ്ടുപേരും മാത്രമുള്ള ആ സായാഹ്നം. പെയ്യാന്‍ വെമ്പിനിൽക്കുന്ന മഴ. സൂത്രവാക്യവും കണക്കിലെ വഴികളുമെല്ലാം പറഞ്ഞുകൊടുത്തു. പക്ഷേ, കണക്കു ചെയ്യുന്നതിനു പകരം നീയെന്‍റെ ചിത്രം വരച്ചുകാണിച്ചു. ശരിക്കും അത്രയും നല്ല ചിത്രമായിരുന്നു. എങ്കിലും അപ്പോള്‍ എന്നിലെ അധ്യാപകനു ദേഷ്യം വന്നു. കൈപ്പടം നീര്‍ത്തി ഞാന്‍ നിന്നെ അടിച്ചു. നിന്‍റെ കവിളില്‍ എന്‍റെ രണ്ടുവിരലുകള്‍ ചെമന്നു പതിഞ്ഞു. ഒരൊറ്റ ദേഷ്യത്തിന് ചെയ്തു പോയതാണ്. അങ്ങനെ ആരേയും അടിക്കുന്നത് എന്‍റെ സ്വഭാവമായിരുന്നില്ല.

നീയൊന്നും മിണ്ടിയില്ല. തല കുനിച്ച് വെറുതേയിരുന്നു. അതു ചെയ്യേണ്ടിയിരുന്നില്ലെന്ന് എനിക്കപ്പോള്‍ തോന്നി. കുറേനേരം അങ്ങനെ കഴിഞ്ഞു. അപ്പോഴാണ്, ആ ചുവന്ന വിരല്‍പ്പാടുകള്‍ക്കു മുകളില്‍ ഞാന്‍ വിരലുകളോടിച്ചത്. സാരമില്ല, ഞാന്‍ പറഞ്ഞു. പിന്നെ ആ ചെമപ്പുപാടുകളില്‍ പതുക്കെ ചുംബിച്ചു. അടിച്ചപ്പോഴല്ല, ഉമ്മ ​െവച്ചപ്പോഴാണ് നീ കരഞ്ഞത്. എനിക്കോർമയുണ്ട്, ചുണ്ടുകള്‍ സ്പര്‍ശിക്കുമ്പോള്‍ കൂമ്പിപ്പോയ ഇലകളുള്ള ഒരു കുഞ്ഞുമരത്തിന്‍റെ ചിത്രം. അതു ഞാന്‍ മനസ്സില്‍ വരച്ചു. ആ വര്‍ഷം സുമന പരീക്ഷ എഴുതിയില്ല. എന്നല്ല, പിന്നീടൊരിക്കലും അവള്‍ അതിനു തുനിയുക പോലുമുണ്ടായില്ല. അപ്രതീക്ഷിതമായി അവളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടായി.

സുമനയുടെ അച്ഛന്‍ മരിച്ചു. സാധാരണ മരണമല്ല, അയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്തിനാണ് അയാളതു ചെയ്തത്? ആര്‍ക്കും അറിയില്ലായിരുന്നു. അയാള്‍ ജോലിചെയ്തിരുന്ന സ്ഥലത്തിനടുത്തുള്ള വാടകവീട്ടിലെ ഉത്തരത്തില്‍ അയാള്‍ തൂങ്ങിനിൽക്കുന്നത് ആളുകള്‍ കണ്ടു. പറഞ്ഞുകേള്‍വിയായിരുന്നു.

ഞങ്ങളുടെ നാട്ടില്‍നിന്നും വളരെ ദൂരെയായിരുന്നു അദ്ദേഹം ജോലിചെയ്തിരുന്നത്. മൃതദേഹം അവിടെത്തന്നെ സംസ്കരിക്കുകയായിരുന്നു. സുമനയോ കുടുംബത്തിലെ ആരെങ്കിലുമോ ചടങ്ങുകളില്‍ പങ്കെടുത്തില്ല. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ പഴയൊരു ഇരുമ്പുപെട്ടിയും കുറച്ചു പണവുമായി അയാളുടെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ വീട്ടിലെത്തി. ആ പെട്ടിയില്‍ തന്‍റെ മക്കളുടെയും ഭാര്യയുടെയും ഒരു ചിത്രം അയാള്‍ സൂക്ഷിച്ചിരുന്നുവെന്ന് സുമന പിന്നീട് എന്നോടു പറഞ്ഞിട്ടുണ്ട്. അയാളുടെ ചിത്രം മാത്രം അതിനുള്ളില്‍ ഉണ്ടായിരുന്നില്ല.

എന്താണ് സംഭവിച്ചത്? സാമ്പത്തികമായോ ഔദ്യോഗികമായോ അയാള്‍ക്കെന്തെങ്കിലും പ്രശ്നമുള്ളതായി കേട്ടില്ല. ആ ദുരൂഹതയുടെ ചുരുളഴിയാതെ നിന്നു. അത് അവളുടെ ജീവിതത്തെ മാറ്റിമറിച്ചു. ആ കുടുംബത്തിലെ സുരക്ഷിതത്വം തീരുകയായിരുന്നു. അവളുടെ അമ്മ സമ്പന്നരുടെ വീടുകളില്‍ ചെറിയ ചെറിയ ജോലികള്‍ക്കു പോകാന്‍ തുടങ്ങി. സഹായത്തിന് സുമന കൂട്ടുപോയി. അങ്ങനെയുള്ള ചില വീടുകളില്‍ പുറംപണികള്‍ക്കായി ശ്യാമള്‍ദായുമുണ്ടായിരുന്നു.

 

ശീലമില്ലാത്ത തൊഴിലുകളില്‍ ഏര്‍പ്പെട്ടപ്പോള്‍ അവര്‍ക്കു ശകാരം കേട്ടു. ചില ജന്മിമാരുടെ കണ്ണുകള്‍ അവരുടെ ശരീരങ്ങളിലേക്കു നീണ്ടുവന്നു. അപ്പോഴെല്ലാം ശ്യാമള്‍ ബറുവയായിരുന്നു അവര്‍ക്ക് ആശ്രയം. അയാള്‍ തന്‍റെ മുടന്തുകാലുകളില്‍ ഏന്തിവലിഞ്ഞ് അവര്‍ക്കൊപ്പം കൂട്ടുപോയി. കരയുമ്പോളൊക്കെ പലപ്പോഴും മുടന്തുന്ന സ്വന്തം വാക്കുകള്‍കൊണ്ട് സാന്ത്വനിപ്പിച്ചു.

സുമന അയാളെ കേട്ടു. ഒരാള്‍ വിക്കുന്നത് അവള്‍ അത്രയും അടുത്തുനിന്ന് ആദ്യമായി കേള്‍ക്കുകയായിരുന്നു. അയാളുടെ മുഖം വക്രിക്കുന്നതും വാക്കുകള്‍ക്കായി പിടയുന്നതും പ്രയാസമുള്ള കാഴ്ചയായിരുന്നു. ഞങ്ങള്‍ ഇടയ്ക്കു കാണുമ്പോള്‍ അവള്‍ അതെല്ലാം പറയും. പഴയതുപോലെയുള്ള കളിയാക്കലുകളായിരുന്നില്ല, അതൊന്നും. എന്നാലും അയാള്‍ കൂടെക്കൂടെ വീട്ടില്‍ വരുന്നതും അമ്മയെ സഹായിക്കുന്നതുമൊന്നും അവള്‍ക്കിഷ്ടമായിരുന്നില്ല. അമ്മയുമായി എന്താണ് അയാളുടെ ബന്ധം? എല്ലാ കുട്ടികളേയുംപോലെ അമ്മയുമായി അടുക്കുന്ന മനുഷ്യരെ അവളും സംശയിച്ചു.

‘‘നീ അതൊന്നും കാര്യമാക്കേണ്ട. അവര്‍ തമ്മില്‍ ഒന്നുമുണ്ടാവില്ല. ശ്യാമള്‍ദാ ഒരു പാവമാണ്.’’ ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും.

‘‘ആയിരിക്കും. പക്ഷേ, എനിക്കെന്തോ അയാള്‍ കൂടക്കൂടെ വീട്ടില്‍ വരുന്നതൊന്നും ഇഷ്ടമാവുന്നില്ല. ഒരു രക്ഷാകര്‍ത്താവിനെപ്പോലെയാവാന്‍ അയാള്‍ ശ്രമിക്കുകയാണെന്നു തോന്നും.’’

‘‘സാരമില്ല. നിന്‍റെ അമ്മയ്ക്ക് ഒരു സഹായമാവില്ലേ? എന്‍റെ വീട്ടിലും അദ്ദേഹം വരാറുണ്ട്.’’

‘‘നിങ്ങള്‍ സ്വന്തക്കാരാണല്ലോ. പെട്ടെന്നുണ്ടായ ഒരു ബന്ധമല്ല.’’

കുറച്ചുനേരത്തിനു ശേഷം അവള്‍ എന്നോടു ചോദിച്ചു: ‘‘ഗോപാല്‍, നിനക്ക് തോണിയുണ്ട്. എത്ര ദൂരമെങ്കിലും പോകാം. മടുക്കുകയില്ല.’’

‘‘രണ്ടു കടവുകള്‍ക്കിടയിലുള്ള യാത്രയല്ലേ! അതിലെന്തു രസം?’’

‘‘നമുക്ക് ഇവിടെനിന്നും പോയാലോ?’’ സുമനയുടെ ചോദ്യം എനിക്കു മനസ്സിലായില്ല. ഞാന്‍ അവളെ നോക്കി.

‘‘ഇത്രയും ഭംഗിയുള്ള ഒരു ഗ്രാമം വിട്ടോ? എത്ര മനോഹരമായ വയലുകള്‍, നദി...’’

‘‘അതുകൊണ്ട്...’’

‘‘എനിക്ക് ഒരു പാട്ടെഴുതാന്‍ തോന്നാറുണ്ട്.’’

‘‘ങാ, അങ്ങനെ പാട്ടുമെഴുതി കാത്തിരുന്നോ!’’ അവള്‍ പരിഹസിക്കും. ‘‘ജീവിക്കാന്‍ പാട്ടും ആട്ടവുമൊന്നും മതിയാവില്ല.’’

ശ്യാമള്‍ ബറുവ വീട്ടില്‍ വരുന്നതോ സഹായിക്കുന്നതോ മാത്രമായിരുന്നില്ല സുമനയുടെ ദുഃഖം. അതു കണ്ടില്ലെന്നു നടിക്കാം. പക്ഷേ, അവളെ കൂടുതല്‍ പഠിക്കാന്‍ അമ്മ അനുവദിച്ചില്ല. പകരം തന്‍റെ കൂടെ ജോലിക്കുവരാന്‍ നിർബന്ധിച്ചു. മൂന്നു കുട്ടികള്‍ താഴെയുണ്ട്. അവരുടെ കാര്യവും നോക്കണ്ടേ? സുമന മറുത്തുപറയാതെ അവരോടൊപ്പം പോയി. ഇഷ്ടമില്ലെങ്കിലും ശ്യാമളിനോടൊപ്പം ജോലിചെയ്തു. ശ്യാമള്‍ദായാണ് അവളെ പാചകവിദ്യ പഠിപ്പിച്ചത്. വലിയ വിരുന്നുകള്‍ക്ക് അയാളോടൊപ്പം അവള്‍ക്കു ജോലി ചെയ്യേണ്ടിവന്നു.

നാട്ടില്‍ എല്ലാവരും ദൂഷണം പറഞ്ഞു; ഒരുപക്ഷേ എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യം. സുമനയുടെ അമ്മയുമായി ശ്യാമള്‍ദാക്ക് അടുപ്പമാണ്. അയാള്‍ അവരെ വിവാഹം കഴിച്ചേക്കും. അത്രയും സുന്ദരിയായ സ്ത്രീ എന്തിനാണ് നടപ്പിലും വാക്കിലും മുടന്തുന്നവനെ ഇഷ്ടപ്പെടുന്നത്? പക്ഷേ, അതു തെറ്റല്ലെന്നു ചിലര്‍ പറഞ്ഞു. അയാള്‍ ഒരു കുടുംബത്തെ സഹായിക്കുകയല്ലേ? വിധവയല്ലാത്ത ഒരാളെ അയാളെപ്പോലൊരാള്‍ക്കു കിട്ടുകയുമില്ല. അപ്പോള്‍ മറ്റുചിലര്‍ എതിര്‍ത്തു.

ഒരു വിധവ വീണ്ടും വിവാഹം ചെയ്യുന്നതെന്തിന്? വിശേഷിച്ചും ഭര്‍ത്താവ് മരിച്ച് ആണ്ടു തികയാത്ത കാലത്തുതന്നെ. ഇതൊക്കെയും എനിക്കറിയാമായിരുന്നു. ഞാന്‍ ഒരിക്കല്‍ അക്കാര്യം എന്‍റെ അമ്മയോടു തിരക്കി. അമ്മ കുറച്ചുനേരം എന്നെ നോക്കിക്കൊണ്ട് കിടന്നു. പിന്നെ പതുക്കെ പറഞ്ഞു: ‘‘ആളുകള്‍ക്ക് എന്താണ് പറഞ്ഞുകൂടാത്തത്! ഒക്കെയും നുണകളാവും. ഇനി അങ്ങനെയാണെങ്കില്‍ത്തന്നെ അതവരുടെ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുക. ശ്യാമള്‍ ഒരു സാധുമനുഷ്യനാണ്. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അയാളുടെ മനസ്സു വലുപ്പമുള്ളതാണ്.’’

അമ്മ മറ്റൊന്നുകൂടി എന്നോടു പറഞ്ഞു. സുമനയുടെ അച്ഛനെ നാട്ടില്‍ ആര്‍ക്കും ഇഷ്ടമല്ലായിരുന്നു. മരണശേഷം അയാളുടെ കുടുംബത്തെ ആരും സഹായിച്ചില്ല. ശ്യാമള്‍ ദാ അയാളുടെ ജോലിസ്ഥലത്തു പോയി ബുദ്ധിമുട്ടിയിട്ടാണ് കുറച്ചു പണവും ബാക്കിയുള്ള സാധനങ്ങളും വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കാന്‍ ഏര്‍പ്പാടാക്കിയത്.

സുമനയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തതല്ലെന്നും അമ്മ പറഞ്ഞു. പക്ഷേ, അതിന്‍റെ കാരണങ്ങള്‍ വിശദീകരിച്ചില്ല. ‘‘അതു നിന്നോടു പറയാറായിട്ടില്ല. ആ കുട്ടികളും അതറിയരുത്. ഒരുപക്ഷേ, കൂടുതല്‍ പ്രായമാവുമ്പോള്‍ അവര്‍ അതെല്ലാം മനസ്സിലാക്കിയേക്കും.’’ അതിനുള്ള പ്രായമാവുമ്പോള്‍ അമ്മ അതെന്നോടും പറയുമായിരുന്നിരിക്കണം. പക്ഷേ, അതിനൊന്നും സമയം തരാതെ ആ ആണ്ടില്‍ത്തന്നെ മാഘമാസത്തിലെ ഒരു പകല്‍ അമ്മ മരിച്ചുപോയി. എന്‍റെ ഏകാന്തത ആരംഭിക്കുന്നത് അന്നുമുതലാണ്. ഞാന്‍ കൂടുതല്‍ സമയം കടവിലും തോണിയിലുമായി ചെലവഴിക്കാന്‍ തുടങ്ങി.

ഒരുദിവസം വൈകുന്നേരം തോണിയില്‍ മറുകരയില്‍നിന്നും വീടിനടുത്തേക്കുള്ള കടവിലേക്കു പോകാന്‍ തയാറെടുക്കുമ്പോള്‍ ദൂരെനിന്നും ഒരു കൂവല്‍ കേട്ടു. വയലിനപ്പുറത്തുനിന്നും ഒരു നിഴല്‍പോലെ ആരോ വരുന്നുണ്ട്. നേരിയ ഇരുട്ടുള്ള സമയമായിരുന്നു അത്. ശബ്ദം കേട്ടു കുറേനേരം കഴിഞ്ഞിട്ടും ആളെ കാണാതായപ്പോള്‍ ഞാന്‍ തോണി പതുക്കെ ഒഴുക്കാനാരംഭിച്ചു. അപ്പോള്‍ ഒരു കൂക്കുകൂടി കേട്ടു. ഒരു ചൂട്ടിന്‍റെ വെളിച്ചം. വെളിച്ചത്തില്‍, പതുക്കെ ഭാരിച്ച ചുവടുകളോടെ അതാ ശ്യാമള്‍ ദാ... ഞാന്‍ തിരിച്ചു തുഴഞ്ഞു.

‘‘എന്താ ഈ രാത്രിയില്‍?’’ ഞാന്‍ തിരക്കി. അയാള്‍ ചിരിക്കുക മാത്രം ചെയ്തു. പക്ഷേ, പതിവുള്ളതില്‍ക്കൂടുതല്‍ ആഹ്ലാദമുണ്ട് ആ മുഖത്ത്. അയാള്‍ ചൂട്ടിലെ വെളിച്ചം കെടുത്തി. കൈയിലെ പൊതിയില്‍നിന്നും മധുരമുള്ള ഒരു പലഹാരത്തിന്‍റെ ഒരു കഷണം എനിക്കു തന്നു.

‘‘ഇപ്പോള്‍ കണക്കുകളൊന്നുമില്ലേ, എഴുതാന്‍!’’ ഞാന്‍ ചോദിച്ചു. മുമ്പ് ഇടയ്ക്കെല്ലാം അദ്ദേഹം വീട്ടില്‍വന്ന് എന്നോട് കണക്കുകള്‍ പറഞ്ഞെഴുതിക്കുമായിരുന്നു. വിരുന്നുകളുടെ വരവുചെലവുകള്‍, പച്ചക്കറികളുടെയും ധാന്യങ്ങളുടെയും കൃഷികാര്യങ്ങള്‍. ചെറിയ കടം വാങ്ങലുകള്‍, നീക്കിയിരിപ്പുകള്‍... ഒക്കെയും മനക്കണക്കുകളാക്കിയിട്ടാണ് വരവ്. അതു നോട്ടുപുസ്തകത്തില്‍നിന്നും കീറിയെടുത്ത താളുകളിലാക്കി പകര്‍ത്തി എഴുതിക്കൊടുത്താല്‍ അദ്ദേഹത്തിന് വലിയ സന്തോഷമാവും. തീരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഒരു നാണയത്തുട്ടോ മറ്റോ സമ്മാനമായി തരുമായിരുന്നു.

‘‘ഒന്നും എഴുതാനില്ല.’’ ശ്യാമള്‍ ദാ സ്വരം താഴ്ത്തി. ഇത്തവണ അദ്ദേഹത്തിന്‍റെ വാക്കുകള്‍ പിടഞ്ഞിരുന്നില്ല.

‘‘ഉണ്ടെങ്കില്‍ത്തന്നെ സുമന എഴുതിത്തരുന്നുണ്ടാവും അല്ലേ?’’ ഞാന്‍ അർഥം ​െവച്ചുകൊണ്ടു ചോദിച്ചു. അയാള്‍ ഒന്നും പറഞ്ഞില്ല. നദിയിലെ ഒഴുക്കിലേക്കു നോക്കിയിരിക്കുക മാത്രം. പിന്നെ അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ലെന്നു തോന്നി.

തോണി മുന്നോട്ടുപോയി. രാത്രി കുറേക്കൂടി ഗാഢമായി.

‘‘സു...സുമന പ... പരീക്ഷ എഴുതിക്കോട്ടെ അല്ലേ, ഗോപാല്‍?’’ തെല്ലുനേരം കഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു.

‘‘വേണ്ടതാണ് ദാദാ. അവള്‍ തീര്‍ച്ചയായും ജയിക്കും.’’

‘‘നീ പാസായതല്ലേ? പ... പരീക്ഷക്കുവേണ്ടി നീയവളെ സഹായിക്കുമോ?’’

‘‘ഉറപ്പായും.’’ ഞാന്‍ പറഞ്ഞു. ‘‘ദാദ അവളുടെ അമ്മയോടു പറയൂ.’’

അയാള്‍ കുറച്ചുനേരം വെള്ളത്തിലേക്കു നോക്കിക്കൊണ്ടിരുന്നു. ഇരുട്ടില്‍ മറുകര വ്യക്തമല്ല. നദിയില്‍ തുഴയെറിയുന്നതിന്‍റെ ശബ്ദംമാത്രം ഉയര്‍ന്നുപൊങ്ങി. സുമനയുടെ വീട്ടിലെ കാര്യങ്ങള്‍ സംസാരിക്കാന്‍ മാത്രം അയാളുടെ ബന്ധം വളര്‍ന്നിരിക്കുന്നു എന്നതില്‍ എനിക്ക് അത്ഭുതമുണ്ടായിരുന്നു.

‘‘ഇനി അതൊന്നും അവളുടെ അമ്മയല്ല തീരുമാനിക്കുന്നത്.’’ അപ്പോള്‍ ശ്യാമള്‍ പറഞ്ഞു. ഞാന്‍ അയാളെ നോക്കി. പക്ഷേ, എന്‍റെ നേര്‍ക്കു മുഖം തരാതെ ശ്യാമള്‍ദാ നദിയിലേക്കുതന്നെ നോക്കിയിരിപ്പാണ്. അവളുടെ അച്ഛന്‍റെ ഭാഗധേയത്തിലേക്ക് അയാള്‍ സ്വയം പ്രതിഷ്ഠിക്കുന്നതിലെ ഫലിതം ഞാന്‍ ആസ്വദിച്ചു.

എനിക്കു ചിരി വന്നെങ്കിലും അതു കാണിച്ചില്ല. സുമനയുടെ അമ്മയുടെ ഉത്തരവാദിത്തങ്ങള്‍ ഇനി താനാണ് നിറവേറ്റുകയെന്നുള്ള ഒരു അവകാശത്തിന്‍റെ സ്വരം. അതിന്‍റെ ആഹ്ലാദമാണ് പാവത്തിന്‍റെ മുഖത്ത്. ഒരു പക്ഷേ, ആദ്യമായിട്ടായിരിക്കും മറ്റൊരു ജീവിയിലുള്ള തന്‍റെ അവകാശം അയാള്‍ എടുത്തുപറയുന്നത്.

‘‘ഗോ... ഗോപാല്‍... ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്നു.’’ ശ്യാമള്‍ ബറുവ പറഞ്ഞു. അയാളുടെ ശബ്ദം വിറച്ചിരുന്നു.

‘‘നന്നായി. അവര്‍ നല്ല ആളുകളാണ്.’’ ഞാന്‍ പറഞ്ഞു. കൂടുതലൊന്നും ചോദിക്കേണ്ട. എനിക്കറിയാമല്ലോ.

‘‘പ്രായവ്യത്യാസത്തിന്‍റെ കാര്യം ആളുകള്‍ പ... പറയുന്നു. സാരമില്ല.’’

‘‘അത്ര വലിയ വ്യത്യാസമുണ്ടോ നിങ്ങള്‍ തമ്മില്‍?’’ ഒരുപക്ഷേ, സുമനയുടെ അമ്മ ദാദയെക്കാള്‍ കൂടുതല്‍ പ്രായമുള്ള ആളാണ് എന്നതാവാം. അതിലെന്താണ് കുഴപ്പം?

ശ്യാമള്‍ ദാ പൊടുന്നനെ എന്‍റെ നേര്‍ക്കു തിരിഞ്ഞുകൊണ്ടു ചോദിച്ചു: ‘‘പി... പിന്നില്ലേ! നിന്‍റെ പ്രായമല്ലേ സു... സുമന?’’

ഞാന്‍ തരിച്ചുനിന്നു. അപ്പോള്‍ സുമനയാണോ ശ്യാമളിന്‍റെ മനസ്സില്‍? എന്‍റെ കൈകളില്‍നിന്നും തുഴക്കോല്‍ താഴെവീണുപോകുമോ എന്നു ഞാന്‍ ഭയന്നു.

അന്നു രാത്രി ഞാന്‍ ഉറങ്ങിയില്ല. ഇത്രയും പ്രായവ്യത്യാസമുള്ള ഒരാള്‍... അതും ആ പെണ്‍കുട്ടിയുമായി യാതൊരു ചേര്‍ച്ചയുമില്ലാത്ത... ഒരു... വിക്കന്‍, ചട്ടുകാലന്‍... എന്‍റെ വാക്കുകളില്‍ പാരുഷ്യം കലര്‍ന്നു... ഇതെന്തൊരു തീരുമാനമാണ്! അല്ലെങ്കില്‍ ആരു തീരുമാനിച്ചു? ശ്യാമളിന് ഭ്രാന്താണോ!

പിറ്റേന്ന് വെളുക്കുമ്പോഴേക്കും ഞാന്‍ എന്‍റെ തീരുമാനമെടുത്തിരുന്നു. സുമനയെയും കൂട്ടി ആ നാട്ടില്‍നിന്നും പോകണം. അവള്‍ പറഞ്ഞതുപോലെ ദൂരെയെവിടേക്കെങ്കിലുമാവാം.

സുമന പക്ഷേ, നിസ്സഹായയായിരുന്നു. അവള്‍ പറഞ്ഞു: ‘‘ഞാന്‍ അയാളെ കല്യാണം കഴിച്ചില്ലെങ്കില്‍ അച്ഛന്‍ ചെയ്തതുതന്നെ താനും ചെയ്യുമെന്ന് അമ്മ പറയുന്നു. ഗോപാല്‍, നീ തന്നെ പറയൂ. ഞാനെന്തു ചെയ്യണം?’’

ഗോപാല്‍ ബറുവ അതിനുശേഷമെഴുതിയ വാക്കുകളില്‍ കൂടുതല്‍ ചിത്രവരകളായിരുന്നു. തൽക്കാലം ഞാന്‍ പുസ്തകം അടച്ചു​െവച്ചു.

‘‘ഗോപാല്‍ദാ പറഞ്ഞ് സുമന എന്നൊരു പേര് കേട്ടിട്ടുണ്ടോ തപോമയി?’’ ഞാന്‍ തപോമയിക്ക് ഒരു വാട്സ്ആപ് മെസേജ് അയച്ചു. അതാണ് അപ്പോള്‍ തോന്നിയത്. അതിനുശേഷം ഞാന്‍ ഉറങ്ങാന്‍ കിടന്നു.

 

ഉറക്കത്തില്‍ ഞാന്‍ തപോമയിയുടെ വീടും പരിസരങ്ങളും സ്വപ്നത്തില്‍ കണ്ടു. വയസ്സനായ ആല്‍മരം വളര്‍ന്ന് അതിനെ മൂടിയിരിക്കുന്നു. ഇപ്പോള്‍ ശരിക്കും അതൊരു വീടല്ല, ഇലകളും ശാഖകളുംകൊണ്ടു മറയ്ക്കപ്പെട്ട ഒരു പര്‍ണശാലയാണ്. മുമ്പ് മുറികളായിരുന്ന ഇടങ്ങളിലെല്ലാം ആല്‍മരത്തിന്‍റെ മഞ്ഞച്ച ഇലകള്‍ വീണുകിടക്കുന്നു. ഇലകള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന വെളിച്ചം. ആല്‍മരത്തില്‍ ചേക്കേറിയ പക്ഷികളുടെ കോലാഹലം.

രാവിലെ എഴുന്നേറ്റപ്പോള്‍ അങ്ങനെയൊരു സന്ദേശം അയക്കേണ്ടിയിരുന്നില്ലെന്നു തോന്നി. ഗോപാല്‍ ബറുവ പുറത്തറിയരുത് എന്ന രീതിയില്‍ എഴുതിയ ഒരു സ്വകാര്യക്കുറിപ്പിന്‍റെ കാര്യം എന്തിനാണ് അദ്ദേഹത്തിന്‍റെ മകന്‍ അറിയുന്നത്? മകന്‍ അറിയരുതെന്നുള്ളതല്ലേ, ഗോപാല്‍ദാ എപ്പോഴും ആഗ്രഹിച്ചിരുന്നത്? തപോമയി കണ്ടിട്ടില്ലെങ്കില്‍ അതു മായ്ച്ചുകളയാം എന്നു വിചാരിച്ച് സെല്‍ഫോണ്‍ തുറന്നു.

പക്ഷേ, അതിനകംതന്നെ തപോമയി അതു കണ്ടിരുന്നു. അയാളുടെ മറുപടി, രണ്ടു വ്യത്യസ്ത സന്ദേശങ്ങളിലായി വന്നിരിക്കുന്നു.

ഒന്ന്: ‘‘തീര്‍ച്ചയായും! സുമന എന്നത് എന്‍റെ അമ്മയുടെ പേരാണ്. സുമന ബറുവ.’’

രണ്ടാമത്തേത്: ‘‘പക്ഷേ, അച്ഛന്‍ അമ്മയെ ആ പേരു ചൊല്ലി വിളിക്കുന്നതു ഞാന്‍ കേട്ടിട്ടേയില്ല. ആരോടെങ്കിലും പറയുമ്പോഴും തപോമയിയുടെ അമ്മ എന്നേ സൂചിപ്പിക്കാറുള്ളൂ. നിങ്ങള്‍ ഇതെങ്ങനെയറിഞ്ഞു? അതാണൊരു അത്ഭുതം.’’

(തുടരും)

Tags:    
News Summary - weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 06:00 GMT
access_time 2024-11-25 05:45 GMT
access_time 2024-11-18 04:15 GMT