തപോമയിയുടെ അച്ഛൻ

വിചിത്രമായിരുന്നു ഗോപാല്‍ ബറുവയുടെ മരണം. ജന്മദിനത്തില്‍ത്തന്നെ മരിച്ചു എന്നുള്ളതല്ല, മരിച്ച രീതിയും വിചിത്രമായിരുന്നു. ചുഴലിപോലെ കറങ്ങുന്ന ഒരു കാറ്റും നിലക്കാത്ത മഴയുമുള്ള അസാധാരണമായൊരു രാത്രി. പിന്നീടൊരിക്കല്‍ തപോമയി ആ രാത്രിയേക്കുറിച്ചു പറഞ്ഞു. അദ്ദേഹം പതിവുപോലെ രാത്രി പത്തരമണിക്ക് കിടന്നു. പൊതുവേ ഉറക്കം കുറവുള്ള ആളാണ്. പ്രോസ്റ്റേറ്റിന്‍റെ അസുഖമുള്ളതുകൊണ്ട് രാത്രിയില്‍ ഒന്നോ രണ്ടോ തവണ എഴുന്നേല്‍ക്കും. പലതവണ ശസ്ത്രക്രിയക്കു വിധേയനായെങ്കിലും അതു ഭേദമായില്ല. പരിക്കുപറ്റി കിടക്കുന്ന കാലത്ത് മുമ്പുണ്ടായിരുന്ന ഹോംനഴ്സ് സഹായിച്ചിരുന്നു. അക്കാലത്തെല്ലാം അയാളും...

വിചിത്രമായിരുന്നു ഗോപാല്‍ ബറുവയുടെ മരണം. ജന്മദിനത്തില്‍ത്തന്നെ മരിച്ചു എന്നുള്ളതല്ല, മരിച്ച രീതിയും വിചിത്രമായിരുന്നു. ചുഴലിപോലെ കറങ്ങുന്ന ഒരു കാറ്റും നിലക്കാത്ത മഴയുമുള്ള അസാധാരണമായൊരു രാത്രി. പിന്നീടൊരിക്കല്‍ തപോമയി ആ രാത്രിയേക്കുറിച്ചു പറഞ്ഞു. അദ്ദേഹം പതിവുപോലെ രാത്രി പത്തരമണിക്ക് കിടന്നു. പൊതുവേ ഉറക്കം കുറവുള്ള ആളാണ്. പ്രോസ്റ്റേറ്റിന്‍റെ അസുഖമുള്ളതുകൊണ്ട് രാത്രിയില്‍ ഒന്നോ രണ്ടോ തവണ എഴുന്നേല്‍ക്കും. പലതവണ ശസ്ത്രക്രിയക്കു വിധേയനായെങ്കിലും അതു ഭേദമായില്ല. പരിക്കുപറ്റി കിടക്കുന്ന കാലത്ത് മുമ്പുണ്ടായിരുന്ന ഹോംനഴ്സ് സഹായിച്ചിരുന്നു. അക്കാലത്തെല്ലാം അയാളും ഉറങ്ങിയിരുന്നില്ലെന്നു തോന്നുന്നു. ഇപ്പോള്‍പ്പിന്നെ ആ പ്രശ്നമില്ല, അദ്ദേഹം താനേ എഴുന്നേല്‍ക്കും. ഊന്നുവടിയുടെ സഹായത്തോടെ തനിച്ച് ബാത്ത് റൂമില്‍ പോയി തിരികെ വരാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു.

അന്നു രാത്രി കുറച്ചു വൈകിയിട്ടാണ് തപോമയി കിടക്കാനായി തന്‍റെ മുറിയിലേക്കു പോയത്. പോകുമ്പോള്‍ അച്ഛന്‍ വരാന്തയിലുണ്ട്. പുറത്തേക്കു മഴ നോക്കിനിൽക്കുന്നു. അതു പതിവുള്ളതാണല്ലോ എന്നോര്‍ത്തു. വെളിച്ചം കെടുത്തിയിരുന്നു. പക്ഷേ, മിന്നാമിനുങ്ങിനെ പോലെ നേര്‍ത്ത ഒരു വെട്ടം അവിടെനിന്നും കാണുന്നുണ്ട്. ഓ, അദ്ദേഹം സിഗരറ്റ് വലിക്കുകയാണ്. പുകയിലയുടെ നേര്‍ത്ത ഗന്ധം അന്തരീക്ഷത്തില്‍ വ്യാപിക്കുന്നു. അതു പതിവുള്ളതല്ല. കുറേക്കാലം മുമ്പു നിര്‍ത്തിയ ശീലമായിരുന്നു. എന്നാലും അപൂര്‍വമായി വല്ലപ്പോഴും ഗോപാല്‍ ബറുവ സിഗരറ്റ് വലിക്കും. പതുക്കെ, വളരെ സമയമെടുത്ത് പുക അന്തരീക്ഷത്തിലേക്ക് ഊതിവിട്ട് ഒരു നീണ്ട ധ്യാനംപോലെയാണ് ആ പുകവലി. തപോമയി അദ്ദേഹത്തെ നോക്കിനിന്നു. വിളിച്ചില്ല.

പക്ഷേ, ഗോപാല്‍ ബറുവ അയാളെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞു: ‘‘നീ പോയി കിടന്നോളൂ. ഞാന്‍ ഒരൽപം കഴിഞ്ഞിട്ടേ കിടക്കുന്നുള്ളൂ. ഉറക്കം വരുന്നില്ല.’’

‘‘അവിടെ നിൽക്കുകയാണോ?’’ തപോമയി തിരക്കി. അയാള്‍ മുറിയില്‍നിന്നും ഒരു കസേര കൊണ്ടിട്ടുകൊടുത്തു. ഇവിടെയിരിക്കൂ എന്നു പറഞ്ഞു. എന്നിട്ടും അച്ഛന്‍ ഇരുന്നില്ല.

‘‘നല്ല കാറ്റു വീശുന്നുണ്ടായിരുന്നു. എനിക്കു പേടിയായി. വീടിനു മുകളില്‍ പന്തലിച്ചുനിൽക്കുന്ന ആല്‍മരം. അതിനും നല്ല പ്രായമായിട്ടുണ്ട്. നല്ല മഴയിലും കാറ്റിലും അതു നിലംപൊത്താം. വീടിന്‍റെ മേല്‍ക്കൂരയും ഭിത്തികളും തകര്‍ന്നുവീഴാം. പക്ഷേ, ഞാനതൊന്നും പറഞ്ഞില്ല. കുറച്ചുനേരം ആ ഇരുട്ടിലേക്കു തന്നെ നോക്കിനിന്നശേഷം ഞാന്‍ കിടപ്പുമുറിയിലേക്കു പോയി.’’

അന്നു ഞായറാഴ്ചയായിരുന്നുവെങ്കിലും നല്ല തിരക്കുകളുള്ള ദിവസമായിരുന്നു. കാലത്ത് കുറേ ദൂരം യാത്രചെയ്ത് ജഹാനോടൊപ്പം പോകേണ്ടിവന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഒരു വക്കീലിനെ ചെന്നുകണ്ട് ചില കേസുകളുടെ കാര്യങ്ങള്‍ വിശദീകരിച്ചു. തിരിച്ചുവന്ന് സ്റ്റേഷനില്‍ പുതിയ ആളുകളുടെ പട്ടിക സമര്‍പ്പിച്ചു. സായാഹ്ന ക്ലാസുകളുടെ ചുമതലയുള്ളവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അങ്ങനെ അവിടെനിന്നു പോരുമ്പോള്‍ത്തന്നെ മൂന്നുമണി കഴിഞ്ഞിരുന്നു. മുടിഞ്ഞ മഴ. അച്ഛന്‍റെ ജന്മദിനത്തിന് വിരുന്നൊരുക്കണമല്ലോ എന്നാലോചിച്ചു. ചിലരെ വിളിച്ചിട്ടുണ്ട്. ചിലരെ മറന്നുപോയി. ഭക്ഷണം ഏൽപിച്ചിട്ടില്ല. പരിചയമുള്ള ഒരു കാറ്ററിങ് സര്‍വിസില്‍ വിളിച്ച് എന്തൊക്കെയോ കിട്ടാവുന്നത് ഓര്‍ഡര്‍ ചെയ്തു. കേക്ക് ഏൽപിച്ചിരുന്നില്ല. കിട്ടിയതു വാങ്ങിച്ചു. എണ്‍പത് എന്നെഴുതിയ ഒരു മെഴുകുതിരി. എല്ലാം സംഘടിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരുപാടു സമയമായി. പിറ്റേന്നത്തേക്കുള്ള കാര്യങ്ങള്‍ എഴുതിയുണ്ടാക്കി, ആവശ്യമുള്ള മെയിലുകള്‍ക്കു മറുപടി അയച്ചു. അതിനു ശേഷമാണ് അയാള്‍ ഉറങ്ങാന്‍ കിടന്നത്.

‘‘ഞാന്‍ ഉറങ്ങിപ്പോയി. രാവിലെ അഞ്ചുമണിയോടെ എഴുന്നേറ്റപ്പോള്‍ മഴ തുടരുന്നുണ്ട്. പെട്ടെന്ന് എന്തോ, അച്ഛനെക്കുറിച്ചോർമവന്നു. ചെന്നുനോക്കുമ്പോള്‍ മുറിയിലില്ല. ശുചിമുറി പുറത്തുനിന്നും പൂട്ടിയിരിക്കുന്നു. അപ്പോള്‍ ഇതുവരെയും വരാന്തയില്‍നിന്നു വന്നില്ലേ? ഞാന്‍ സംശയത്തോടെ അങ്ങോട്ടു നടന്നു. അതത്ഭുതമായിത്തോന്നി, അദ്ദേഹം അപ്പോഴും അവിടെയുണ്ട്. ജനലിന് അഭിമുഖമായി കസേരയില്‍ ഇരിക്കുകയാണ്. അവിടെയിരുന്ന് ഉറങ്ങിപ്പോയെന്നു തോന്നുന്നു. അങ്ങനെയാണെങ്കില്‍ തണുപ്പടിച്ചിട്ടുണ്ടാവും. രാത്രി നിർബന്ധിച്ചു കിടത്തേണ്ടതായിരുന്നു എന്നു ഖേദിച്ചു.

പതുക്കെ വിളിച്ചിട്ടും അദ്ദേഹം ഉണരുന്നില്ല. ദേഹത്തു തൊട്ടുനോക്കിയപ്പോള്‍ തണുക്കുന്നു. അപ്പോള്‍ ആദ്യമായി ഒരു ദുഃസൂചന തോന്നി. കൈയെടുത്തപ്പോള്‍ ശരീരം ഒരുവശത്തേക്കു ചെരിഞ്ഞു. മൂക്കിനടുത്തു വിരല്‍ തൊട്ടു. ശ്വാസമില്ല. നാഡി പിടിച്ചുനോക്കി. നിശ്ശബ്ദം. മഴയുടെ ആരവം മാത്രം തുടര്‍ന്നു. ആരെയാണ് വിളിക്കേണ്ടത്? ആരെയാണ് ഉണര്‍ത്തേണ്ടത്? എന്‍റെ ശരീരം വിറക്കാന്‍ തുടങ്ങി. ഒച്ച പൊങ്ങുന്നില്ല. വാക്കുകള്‍ക്കായുള്ള ആധി എന്നെ ബാധിച്ചു...

കുറച്ചുനേരം തപോമയി മിണ്ടിയില്ല. അയാളുടെ മനസ്സ് ആ ദൃശ്യങ്ങളിലൂടെ കടന്നുപോവുകയാണെന്നു തോന്നി.

‘‘മറ്റൊന്നാലോചിച്ചാല്‍ ഒരാശ്വാസം തോന്നും’’, തെല്ലുനേരം കഴിഞ്ഞപ്പോള്‍ തപോമയി പറഞ്ഞു, ‘‘ജന്മദിനത്തിന്‍റെയന്ന്, കുറച്ചുപേരുടെ ആഘോഷങ്ങള്‍ക്കിടയില്‍നിന്നുമാണ് അദ്ദേഹം പോയത്. അതും തനിക്കേറ്റവും പ്രിയപ്പെട്ട ഒരു സ്ഥലത്തുവന്നിരുന്ന് ഏറ്റവും പ്രിയപ്പെട്ട മഴ കണ്ടിരുന്നുകൊണ്ട്. അതൊരു ഭാഗ്യമല്ലേ? അന്നു വൈകുന്നേരം സര്‍ക്കാര്‍ അങ്കിള്‍ എന്തോ പറഞ്ഞ് അദ്ദേഹത്തെ പരിഹസിച്ചിരുന്നു. അദ്ദേഹം ചിരിച്ചു. അപൂര്‍വമായി മാത്രമുണ്ടാവാറുള്ളതായിരുന്നു ആ ചിരി. ഒരുപക്ഷേ, ഇത്തരമൊരു മരണം അദ്ദേഹം സ്വപ്നം കണ്ടിട്ടുണ്ടാവാം. എന്തു തോന്നുന്നു?’’

ഞാനൊന്നും പറഞ്ഞില്ല. അന്നു പകല്‍ ജന്മദിനാശംസകള്‍ പറയാന്‍വേണ്ടി ഞാനവിടെ വന്ന കാര്യം തപോമയിക്കറിയാം. പക്ഷേ, അയാളില്‍നിന്നും പകര്‍ത്തിയെടുത്ത കോഡുകള്‍ അച്ഛനുമായി ചര്‍ച്ചചെയ്ത കാര്യം ഞാന്‍ പറഞ്ഞില്ല. എന്‍റെയുള്ളില്‍ കുറ്റബോധമുണ്ടായിരുന്നു. ഗോപാല്‍ ബറുവയുടെ മരണത്തിനുശേഷം ഏതാണ്ട് രണ്ടുമാസമെങ്കിലും കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ മരണാനന്തരം നാൽപത്തൊമ്പതാമത്തെ ദിവസം മഹാബോധി വിഹാരത്തില്‍ നടന്ന ചടങ്ങുകളില്‍ ഞാനും പങ്കെടുത്തു. ഗോപാല്‍ ബറുവയുമായി അടുപ്പമുണ്ടായിരുന്നവര്‍ കുറവായിരുന്നു എന്നു തോന്നി. തപോമയിയുടെ സുഹൃത്തുക്കളായിരുന്നു അധികവും. ജഹാന്‍ എപ്പോഴും അയാളുടെ കൂടെയുണ്ടായിരുന്നു.

ജഹാന്‍ മടങ്ങിയപ്പോള്‍ തപോമയി എന്‍റെ കൂടെ വന്നു. കുറച്ചുദിവസം മുമ്പേത്തന്നെ അയാള്‍ പര്‍വീണയെ പറഞ്ഞുവിട്ടു. അവള്‍ മറ്റെന്തെങ്കിലും തൊഴില്‍ കണ്ടെത്തുമായിരിക്കും. തൽക്കാലം അവള്‍ക്കാണ് സായാഹ്ന ക്ലാസുകളുടെ ചുമതല. ഇപ്പോള്‍ മുതിര്‍ന്നവരെല്ലാം സ്വയം പ്രാപ്തരായിക്കഴിഞ്ഞു എന്നു തോന്നുന്നു. ഇടക്കു സഹായിക്കണം എന്നു മാത്രമേയുള്ളൂ. അതു പറയുമ്പോള്‍ അയാളുടെ മുഖത്ത് നേരിയ വിഷാദം പടരുന്നത് എനിക്കു കാണാമായിരുന്നു.

‘‘വീട്ടിലേക്കു പോകാന്‍ തിരക്കില്ല. അവിടെയിപ്പോള്‍ ആരാണുള്ളത്? വല്ലാതെ ഒറ്റപ്പെട്ടതുപോലെ തോന്നുന്നു’’, തപോമയി പറഞ്ഞു, ‘‘മുമ്പൊരിക്കല്‍ ഞാന്‍ മയൂര്‍വിഹാര്‍ ചില്ലയിലെ കൃഷിയിടങ്ങളെക്കുറിച്ചു പറഞ്ഞില്ലേ? അങ്ങോട്ടു പോയാലോ?’’ പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. കുറച്ചുദൂരം യാത്ര ചെയ്യാം എന്നു മാത്രം.

പണ്ട്, വളരെ പണ്ട് അച്ഛന് ഒരു സൈക്കിളുണ്ടായിരുന്നു. ചവിട്ടുന്ന ആളുടെ സീറ്റിനും ഹാൻഡിലിനും ഇടക്കുള്ള ഇടത്ത് പതുപതുത്ത ഒരു ചെറിയ സീറ്റു പിടിപ്പിച്ചിട്ടുള്ള പഴയൊരു റാലി സൈക്കിള്‍. ആ പതുപതുത്ത സീറ്റ് എനിക്കുള്ളതായിരുന്നു. ഒന്നിലോ രണ്ടിലോ പഠിക്കുന്ന പ്രായമായിരുന്നു എനിക്ക്. ഒഴിവുദിവസങ്ങളില്‍ നഗരത്തിന്‍റെ പരിധികള്‍ വിട്ട് ഞങ്ങള്‍ ചെറിയ ഗ്രാമങ്ങളിലേക്കു പ്രവേശിക്കും. അന്ന് ഈ നഗരത്തിന് ഇത്രയും വിസ്തൃതിയുണ്ടായിരുന്നില്ല.

ഇത്ര തിരക്കുള്ളതായിരുന്നില്ല അതിന്‍റെ പാതകള്‍. വഴിയോരങ്ങളില്‍ ചെറിയ പൂക്കളുള്ള ചെടികള്‍, അവയില്‍ പറന്നിരിക്കുന്ന കിളികള്‍. മണ്ണില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍. ഇളം ചെമപ്പുനിറമുള്ള ആകാശം. നല്ല കയറ്റമുള്ള ഇടങ്ങളില്‍ അച്ഛന്‍ വണ്ടിയില്‍നിന്നിറങ്ങി എന്നെ അവിടെത്തന്നെയിരുത്തി സൈക്കിള്‍ തള്ളിക്കൊണ്ടു മുകളിലെത്തിക്കും. ചിലപ്പോള്‍ ഒരു ലോറിയോ ഒരു കാളവണ്ടിയോ പഴയ കഥകളില്‍നിന്നും തെറ്റിവന്ന അലക്കുകാരന്‍റെ കഴുതയോ ഞങ്ങളെ കടന്നുപോകും. മറ്റുചിലപ്പോള്‍ ചെമ്മരിയാടിന്‍കൂട്ടങ്ങള്‍ പാത മുറിച്ചുകടക്കുന്നുണ്ടാവും. ചലിക്കുന്ന മഞ്ഞു കാണുന്നതുപോലെ തോന്നും.

ഒരിക്കലും മാഞ്ഞുപോകാത്ത ഓർമകള്‍. വൈകുന്നേരമാവുമ്പോഴേക്കും വിസ്തൃതമായ പാടശേഖരങ്ങള്‍ക്കരികില്‍ ഞങ്ങളെത്തിച്ചേരും. നീണ്ടുനീണ്ടുപോകുന്ന വയലുകള്‍. പച്ചയുടെ ഉത്സവം. വരമ്പുകളിലൂടെ ഗ്രാമീണര്‍ നടന്നുപോകുന്നതു കാണാം. സൈക്കിള്‍ അരികിലെവിടെയെങ്കിലും ​െവച്ച് വരമ്പുകളിലൂടെ ഞങ്ങള്‍ നടക്കും. നദിയില്‍നിന്നും വയലുകളിലേക്കു വീശുന്ന തണുത്ത കാറ്റ് ഞങ്ങളെ വന്നു തൊടുമായിരുന്നു. കുറച്ചുദൂരം നടന്ന്, നദി കാണുന്നൊരിടത്ത് കുറച്ചുയരമുള്ള ഒരു പാറക്കെട്ടുണ്ടായിരുന്നു. തെന്നാതെ, വളരെ സൂക്ഷിച്ചുവേണം മുകളില്‍ കയറാന്‍. മിനുസമുള്ള പാറകള്‍ക്കു മുകളില്‍ ഞങ്ങളിരിക്കും. അച്ഛന്‍ എന്നോടു പറയും: ‘‘ഉറക്കെ കൂവ്. അതാ, കണ്ടോ പാടങ്ങളുടെ അറ്റം... അവിടെ വരെ കേള്‍ക്കണം ആ കൂവലിന്‍റെ ശബ്ദം.’’

ഞാന്‍ പറഞ്ഞില്ലേ, എനിക്കു സംസാരത്തില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ചെറിയ കുട്ടികള്‍ സാധാരണ സംസാരിച്ചു തുടങ്ങുന്ന സമയത്ത് ഞാന്‍ നിശ്ശബ്ദനായിരുന്നു. കരച്ചിലിനപ്പുറത്തേക്ക് എന്‍റെ ശബ്ദം പോയില്ല. ഞാന്‍ ഊമയായിരിക്കുമെന്ന് അച്ഛനുമമ്മയും വിചാരിച്ചിരുന്നുവത്രേ. പിന്നീട്, അഞ്ചു വയസ്സാവുന്ന സമയത്തോ മറ്റോ ഞാന്‍ പതിയെ സംസാരിച്ചുതുടങ്ങി. അപ്പോഴുള്ള ഒരു പ്രശ്നം പലപ്പോഴും ശബ്ദം കിട്ടാത്തതായിരുന്നു. എത്ര ശ്രമിച്ചാലും വാക്കുകള്‍ പുറത്തുവരില്ല.

ആരൊക്കെയോ പറഞ്ഞ് ഒരു ഡോക്ടറെ കണ്ടു. അല്ലെങ്കില്‍ തെറാപ്പിസ്റ്റിനെയാവണം. ഡോക്ടര്‍ നിർദേശിച്ച ഒരു പോംവഴിയായിരുന്നു ഇങ്ങനെ ഉറക്കെ ഓളിയിടുക എന്നത്. ഉച്ചത്തില്‍ സംസാരിക്കാന്‍പോലും പേടിക്കേണ്ട ഒരു നഗരത്തില്‍ അതിനു സാധ്യതയില്ലായിരുന്നു. അങ്ങനെയാണ് അച്ഛന്‍ എന്നെ വെളിമ്പ്രദേശങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയത്. ഓളിയിടുക മാത്രമല്ല, ഉച്ചത്തില്‍ സംസാരിക്കുക, ആര്‍ത്തു ചിരിക്കുക... അങ്ങനെയെന്തുമാവാം. വാഹനം നഗരത്തിന്‍റെ വലിയ പരിധികള്‍ വിട്ടുതുടങ്ങി. എന്നാല്‍ ഗ്രാമങ്ങള്‍ കുറവായിരുന്നു. വലിയ നഗരത്തിന്‍റെ തുടര്‍ച്ചപോലെ ചെറുപട്ടണങ്ങളും അങ്ങാടികളും പ്രത്യക്ഷപ്പെട്ടു. ഇടക്കിടെ സിഗ്നലുകള്‍ക്കു മുന്നില്‍ ഞങ്ങള്‍ കാത്തുനിന്നു.

കുറച്ചുകാലം കഴിഞ്ഞപ്പോള്‍ എനിക്കു വാക്കുകള്‍ ഉച്ചരിക്കാമെന്നായി. ഞാനും അച്ഛനും തനിച്ചാവുമ്പോള്‍ അണമുറിയാതെ സംസാരിക്കാന്‍ അദ്ദേഹം എന്നെ പ്രേരിപ്പിച്ചിരുന്നു. അപ്പോഴും സ്കൂളില്‍, ചെറിയ ക്ലാസുകളില്‍ എനിക്കീ പ്രശ്നമുണ്ടായിരുന്നു. കാലക്രമേണ അതു മാറി. അക്കാലത്ത് ഞാന്‍ സകല പ്രസംഗമത്സരങ്ങളിലും ഡിബേറ്റുകളിലുമൊക്കെ ചേരുമായിരുന്നു. അച്ഛന്‍ എല്ലാത്തിനും നിർബന്ധിക്കും. അങ്ങനെ അച്ഛനാണ് എന്‍റെ വാക്കുകളെ നിർമിച്ചത്. അവയുടെ വളവുകള്‍ നീര്‍ത്തി, നേര്‍വരയിലാക്കി. ഒന്നോര്‍ത്താല്‍, മനുഷ്യര്‍ നിവര്‍ന്നുനിൽക്കുന്നതു ഭാഷയിലൂടെയാണ്, അല്ലേ?

 

ഞാന്‍ തപോമയിയുടെ വാക്കുകള്‍ ശ്രദ്ധിച്ചു. ഗോപാല്‍ ബറുവയുടെ കാവ്യഭാഷയുടെ അനുരണനങ്ങള്‍, മുശാഹിരയുടെ മാറ്റൊലി. അയാള്‍ ആ സായാഹ്നത്തില്‍ കൂടുതല്‍ ചെറുപ്പത്തിലേക്കു സഞ്ചരിക്കുകയാണെന്നു തോന്നിച്ചു.

‘‘അതേസമയം, എനിക്കു പിന്നീടു മനസ്സിലായത് ശബ്ദത്തിന്‍റെയോ വാക്കുകളുടെയോ പ്രശ്നമായിരുന്നില്ല അതെന്നാണ്...’’, തപോമയി പറഞ്ഞു.

‘‘പിന്നെ?’’ മുന്നില്‍ എന്തോ തടസ്സമുണ്ടെന്നു തോന്നുന്നു. വാഹനങ്ങള്‍ വേഗം കുറച്ചു. എതിര്‍ദിശയില്‍നിന്നും വണ്ടികളൊന്നും വരാതായി.

‘‘സങ്കടമായിരുന്നു എന്‍റെ പ്രശ്നം. കുട്ടിയായിരുന്നപ്പോള്‍ ഒറ്റയായിരുന്നു ഞാന്‍. അല്ലെങ്കിലും എപ്പോഴും ഒറ്റപ്പെട്ട ഒരാള്‍. ചുറ്റുമുള്ള വീടുകളിലൊന്നും എന്‍റെ പ്രായമുള്ള കുട്ടികളുണ്ടായിരുന്നില്ല. ഒപ്പം തന്നെ ശബ്ദം പോകുമല്ലോ എന്ന ഭയം സ്കൂളിലും കൂട്ടുകൂടാന്‍ എന്നെ വിമുഖനാക്കി. വിഷാദത്തിന്‍റെ നേര്‍ത്ത ആവരണത്തിനുള്ളില്‍ ആ ബാല്യകാലം തീര്‍ന്നു എന്നു പറയാം.

ഇപ്പോഴും സങ്കടങ്ങള്‍ വലിയ പക്ഷികളെപ്പോലെ വന്ന് അയാളുടെ വാക്കുകളെ അടര്‍ത്തിയെടുക്കുന്നു. പറന്നുപോകുന്നു. നിസ്സഹായനായി അയാള്‍ അവ മടങ്ങിവരുന്നതിനായി കാത്തുനിൽക്കുന്നു. കുറച്ചുനേരത്തെ തടസ്സത്തിനുശേഷം മുന്നിലുള്ള വാഹനങ്ങള്‍ ചലിക്കാന്‍ തുടങ്ങി. അഭിമുഖമായി വരുന്ന വണ്ടികള്‍ വേഗമാർജിച്ചു. പാതയരികുകളില്‍നിന്നും കച്ചവടസ്ഥാപനങ്ങളും വീടുകളും കെട്ടിടങ്ങളുമെല്ലാം ഒഴിഞ്ഞുപോയി. വിശാലമായ പ്രദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കൃഷിയിടങ്ങള്‍ക്കു നടുവില്‍ അങ്ങിങ്ങായി ചില കുടിലുകള്‍ മാത്രം കാണാം. തപോമയി പുറത്തേക്കു നോക്കിക്കൊണ്ടേയിരുന്നു.

‘‘ഇന്നെന്തോ ആ പഴയ പാടങ്ങളില്‍ പോയി നിൽക്കണമെന്നും അതിന്‍റെ അറ്റത്തോളം പോകുംവരെ ആര്‍ത്തുവിളിക്കണമെന്നും എനിക്കു തോന്നുന്നു. അതാണ് നമുക്ക് ഒരു യാത്ര പോകാമെന്നു പറഞ്ഞത്’’, അയാള്‍ പറഞ്ഞു, ‘‘ഒരുപാടു കാലമായി ഈ വഴിക്കെല്ലാം വന്നിട്ട്.’’

സന്ധ്യയാവുന്നു, പടിഞ്ഞാറന്‍ ആകാശത്തെ ചെമപ്പു ബാധിച്ചു. വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം ഞങ്ങള്‍ വയലുകള്‍ക്കിടയിലേക്കിറങ്ങി. ഇരുഭാഗത്തും നിരയൊപ്പിച്ചു വെട്ടിനിര്‍ത്തിയതുപോലെ പച്ചപ്പുകള്‍. നനഞ്ഞ മണ്‍തിട്ടകള്‍ ഇടക്കിടെ അവക്ക് അതിര്‍ത്തി നിൽക്കുന്നു. പുല്ലുമേഞ്ഞ വീടുകള്‍ക്കു മുന്നില്‍ മൂന്നു ചക്രങ്ങളുള്ള സൈക്കിളുകള്‍ കണ്ടു. പശുക്കള്‍ തൊട്ടിയില്‍നിന്നും വെള്ളം കുടിക്കുന്നു. മുളവടികള്‍കൊണ്ടു കെട്ടിയുണ്ടാക്കിയ, മേല്‍ക്കൂര മിക്കവാറും കൊഴിഞ്ഞുപോയ ഒരു കുഞ്ഞുതൊഴുത്തു കാണാം. വീടുകള്‍ക്കു മുകളില്‍ പടര്‍ന്നുകയറിയ വള്ളിപ്പടര്‍പ്പുകളില്‍നിന്നും ചാരനിറമുള്ള കുമ്പളങ്ങള്‍ തലകാണിക്കുന്നു.

നദിയിലേക്കു പോകുന്ന നടപ്പാത ഒരു വരമ്പാണ്. ഒറ്റയൊറ്റയായി നടന്നുപോകണം. ദൂരെ, നദിക്കപ്പുറം വൈദ്യുതി ടവറുകളുടെ കൂറ്റന്‍ എടുപ്പുകള്‍. ഒരു പാലത്തിന്‍റെ പണി നടക്കുന്നുണ്ട്. നദി പതിവില്‍ക്കൂടുതല്‍ വിസ്തൃതമാണിവിടെ. നിറച്ചും വെള്ളമുണ്ട്. പക്ഷേ, അതു ചലിക്കുന്നതായി തോന്നിയില്ല.

തപോമയി നിശ്ചലമായ ജലത്തിലേക്കു നോക്കിക്കൊണ്ടുനിന്നു. അയാള്‍ പറഞ്ഞു, ‘‘അച്ഛനെ ഓർമവരുന്നു. ഞങ്ങള്‍ ഇവിടെ തനിച്ചാവുമ്പോള്‍ അച്ഛന്‍ പറയും: ഇവിടെ ആരും കേള്‍ക്കാനില്ല. നീ നിനക്കുവേണ്ടി സംസാരിക്കണം. ഓരോ ചെടിയും തലയാട്ടുന്ന വിധത്തില്‍ ഒച്ചയില്‍, കൂടുതല്‍ ഒച്ചയില്‍... ഞാനേറ്റവും സന്തോഷിച്ചിരുന്ന വൈകുന്നേരങ്ങളായിരുന്നു അവ. ഒച്ചയെടുക്കുമ്പോള്‍ ഞാന്‍ വിക്കിയില്ല. വാക്കുകള്‍ വിളിപ്പുറത്തുണ്ടായിരുന്നു.

പിന്നെ കുസൃതി നിറഞ്ഞ ചില പാട്ടുകള്‍... അവ തെറ്റാതെ ചൊല്ലണം. വേഗത്തില്‍ ചൊല്ലണം. ഓരോ തവണയും കൂടുതല്‍ക്കൂടുതല്‍ വേഗത്തില്‍... ഒന്നെനിക്ക് ഇപ്പോഴും ഓർമയുണ്ട്. അയാള്‍ ഉറക്കെ ചൊല്ലി: ‘‘ചാച്ചാ നേ ചാച്ചീ കോ ചാംദീ കേ ചമ്മച്ച് സേ ചട്നീ ചടായീ...’’ പിന്നേയും വേഗത്തില്‍ ഉറക്കെ ‘‘ചാച്ചാ നേ ചാച്ചീ കോ ചാംദീ കേ ചമ്മച്ച് സേ ചട്നീ ചടായീ...’’ അതു ചൊല്ലുമ്പോള്‍ തപോമയി ചെറിയൊരു കുട്ടിയായി. അയാളുടെ കാലുകള്‍ നൃത്തത്തിലെന്നപോലെ ഉയര്‍ന്നുപൊങ്ങി. നദിയില്‍ ഓളങ്ങളുണ്ടാവുന്നതായും അതില്‍ ഉയര്‍ന്നുനിൽക്കുന്ന ജലസസ്യങ്ങള്‍ തലയാട്ടുന്നതും ഞാന്‍ കണ്ടു.

പഴയ കാലത്തെ ഒരോർമയില്‍ തപോമയി ഉറക്കെ കൂവി. അയാളുടെ കൂവല്‍ കേട്ടിട്ടെന്നോണം ചില പക്ഷികള്‍ താഴത്തേക്കു പറന്നിറങ്ങുന്നതു കണ്ടു.

ഠഠഠ

അതിനു നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് അപരിചിതമായൊരു നമ്പറില്‍നിന്നും ഒരു ഫോണ്‍ വന്നു. ഓഫീസിലായിരുന്നതുകൊണ്ട് ഞാനെടുത്തില്ല. തെല്ലുനേരം കഴിഞ്ഞപ്പോള്‍ വിളി വീണ്ടും വന്നു.

‘‘ഹലോ, ഇതു മറിയാമ്മയാ.’’ ഫോണിന്‍റെ അപ്പുറത്തുനിന്നുള്ള ശബ്ദം പറഞ്ഞു. വലിയ പരിചയമുള്ളതുപോലെയാണ് സംസാരമെങ്കിലും എനിക്കു പിടികിട്ടിയില്ല.

‘‘ആന്‍ മറിയ’’, അവള്‍ തുടര്‍ന്നു, ‘‘ആ ഭായിയോടൊപ്പം അന്നു വന്നില്ലാരുന്നോ, ഇത്ര വേഗം മറന്നോ! മല്ലു മാഫിയയുടെ ഓഫീസില്‍. അവിടുന്നു വിളിക്കുവാ.’’

‘‘ഓ, മറിയാമ്മ. സോറി, എനിക്കു പെട്ടെന്നു പിടികിട്ടിയില്ല. എന്താ വിശേഷിച്ച്?’’

‘‘ചുമ്മാ. അത്ര വലിയ കാര്യമൊന്നുമല്ല. തിരക്കാണെങ്കില്‍ പിന്നെ വിളിച്ചേക്കാം.’’ അല്ലെന്നു ഞാന്‍ പറഞ്ഞപ്പോള്‍ മറിയാമ്മ തുടര്‍ന്നു, ‘‘ആ ചങ്ങായി കുറേ പഴേ സാധനങ്ങള്‍ ഏൽപിച്ചിരുന്നു, കുറച്ചു മുമ്പ്. മിക്കതും ഞങ്ങളു വിറ്റു. ചെലതു തിരികെ കൊടുത്തു. ഇപ്പോ ഒരു പഴയ തകരപ്പെട്ടിയും കൊറച്ചു പ്രതിമകളും ബാക്കിയുണ്ട്.’’

‘‘പ്രതിമകള്‍ എനിക്കു തരൂ.’’

‘‘നോ വേ. ഡോളറു കിട്ടുന്നതാ. ഇപ്പോള്‍ പോയില്ലേലും കുറച്ചു കഴിഞ്ഞാ വിൽക്കാന്‍ പറ്റും. പിന്നെ, വലിയ വില ഞങ്ങളു പറയും. ഇപ്പോ വേണ്ട. പോയില്ലെങ്കില്‍ നോക്കാം. ഇപ്പം അതിനല്ല വിളിച്ചത്.’’

‘‘പിന്നെ?’’

‘‘ആ ട്രങ്കില്‍ പഴഞ്ചീസായ ഒരു ഡയറി കണ്ടു. അതു വിൽക്കാന്‍ പറ്റില്ലല്ലോ.’’

‘‘എന്തെങ്കിലും എഴുതിയിട്ടുണ്ടോ?’’

‘‘ഏതാണ്ടൊക്കെയോ. അധികവും കുത്തിവരകളാ. ഡൂഡ്ലിംഗ് പോലെ എന്തോ. ഞാനതു തിരികെ കൊടുക്കാമെന്നു പറഞ്ഞു വിളിച്ചപ്പോ ആ ചങ്ങാതിക്കു വേണ്ടാ. അയാള്‍ പറഞ്ഞു; ചേട്ടായിക്കു തരാന്‍. അതു നിങ്ങള്‍ക്കു വായിക്കാന്‍ പറ്റുംപോലും. നേരാണോ?’’

എന്താണ് പറയേണ്ടതെന്നറിയാതെ ഞാനൊരു നിമിഷം നിന്നു. ഇതാണോ ഗോപാല്‍ദാ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആ ഡയറി? അതു പഴയ സാധനങ്ങള്‍ക്കിടയില്‍ നിന്നു കണ്ടുകിട്ടിയിട്ടുണ്ടെന്നാണോ മറിയാമ്മ പറയുന്നത്!

 

‘‘ഇത്തിരി ആര്‍ക്കിയോളജി ഞാനും പഠിച്ചതല്ലേ! ഇന്‍ഡസ് ലിപികളുടെ മാതൃകയിലുള്ള ചില ചിഹ്നങ്ങള്‍... പക്ഷേ, ഞാന്‍ നോക്കിയിട്ട് ഒരന്തവും കുന്തവും കിട്ടുന്നില്ല. ചിലേടത്ത് ഇംഗ്ലീഷുണ്ട്. ചിലേടത്ത് കണക്കുകള്‍. എന്തോ, വിചിത്രമായി തോന്നുന്നു.’’

‘‘അവിടെ വെക്കൂ. ആര്‍ക്കും കൊടുക്കേണ്ട.’’

‘‘ഇതാര്‍ക്കു കൊടുക്കാനാ! വല്ല പഴയ കടലാസും എടുക്കുന്നവര്‍ വാങ്ങിക്കും.’’

‘‘അയ്യോ! ഞാന്‍ ഇന്നുതന്നെ വന്നു വാങ്ങാം.’’

‘‘അങ്ങനെ പിടയാനൊന്നുമില്ലെന്നേ. വെറും കാര്‍ട്ടൂണ്‍ കണക്കുള്ള വരകളാ. ഓള്‍ ഗ്രേറ്റ് ഫണ്‍.’’ ഏതായാലും അതു തന്‍റെ കൈയില്‍ സേഫായിട്ടുണ്ടാവും എന്നു പറഞ്ഞുകൊണ്ട് മറിയാമ്മ ഫോണ്‍ ​െവച്ചു.

തപോമയിയുടെ അച്ഛന്‍ പറഞ്ഞ കാര്യം ഞാനപ്പോള്‍ ഓര്‍ത്തു: ‘‘കാലക്രമേണ ആ ഡയറി നിങ്ങളിലേക്കെത്തിച്ചേരും.’’

ഒടുവില്‍ അത്രയധികം കാലമൊന്നും എടുക്കാതെത്തന്നെ, ഗോപാല്‍ ബറുവയുടെ ദിനക്കുറിപ്പുകള്‍ എന്നെത്തേടി വരികയാണ്. അദ്ദേഹം വിഷമിച്ചിരുന്നു, ഭയന്നിരുന്ന സ്വന്തം എഴുത്തുകള്‍. ഗോപാല്‍ ബറുവ തന്‍റെ അവസാന ദിവസം, എന്നെ യാത്രയാക്കാനായി പടവുകള്‍ ഇറങ്ങിവന്ന കാര്യം ഞാനപ്പോള്‍ ഓർമിച്ചു. ഊന്നുവടിയുടെ വളഞ്ഞ ഭാഗത്ത് അമര്‍ത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം എന്നോടു പറഞ്ഞു, ‘‘അപ്പോള്‍... അപ്പോള്‍... അതു നിങ്ങള്‍ നശിപ്പിച്ചു കളയണം.’’ ആ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു.

‘‘ദയവുചെയ്ത് നിങ്ങളതു വായിക്കാന്‍ ശ്രമിക്കുകയുമരുത്. എനിക്കു നിങ്ങളെ വിശ്വസിക്കാമോ?’’ ഞാന്‍ മറുപടി പറയാതെ, അദ്ദേഹത്തിന്‍റെ കൈകളില്‍ അമര്‍ത്തുക മാത്രം ചെയ്തു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആര്‍ത്തുപെയ്യുന്ന മഴ ഞങ്ങള്‍ക്കു ചുറ്റും സ്ഫടികഭിത്തികള്‍ സൃഷ്ടിച്ചു.ഇപ്പോള്‍, അദ്ദേഹം പ്രവചിച്ചതുപോലെത്തന്നെ ആ കുറിപ്പുകള്‍ എന്നെത്തേടി വരുന്നു.

(തുടരും)

Tags:    
News Summary - weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.