തപോമയിയുടെ അച്ഛൻ

വയലുകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന വരമ്പുകള്‍. ശീതകാലമായിരുന്നു. നനുത്ത തിരശ്ശീലപോലെ മഞ്ഞ് നമുക്കിടയിലുണ്ട്. ഇളംകാറ്റുവന്ന് അതിന്‍റെ ഞൊറിവുകള്‍ ഇളക്കിയപ്പോള്‍ മുന്നിലെ വഴികള്‍ തെല്ലിടനേരം കാഴ്ചയില്‍ വന്നു. അത്രമാത്രം. വീണ്ടും മഞ്ഞിന്‍റെ മേലാടകള്‍ ഇണങ്ങിച്ചേരുന്നു. വക്കുകളില്‍ വെളുപ്പാന്‍കാലത്തിന്‍റെ സ്വര്‍ണത്തരികള്‍ പിടിപ്പിച്ച മേഘങ്ങള്‍ ചെമ്മരിയാടിന്‍പറ്റങ്ങള്‍പോലെ ആകാശത്തു മേയുന്നുണ്ട്. ദൂരെ കുന്നുകള്‍, കുന്നുകള്‍; കുന്നുകള്‍ക്കു മുകളിലും മഞ്ഞു പുകയുന്നു. ഞാന്‍ എത്ര വിളിച്ചിട്ടും നീ തിരിഞ്ഞുനോക്കിയില്ല. കേള്‍ക്കാതെയല്ലെന്നെനിക്കറിയാം... തലേന്ന് എന്തോ ചെറിയ കാര്യത്തില്‍...

വയലുകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന വരമ്പുകള്‍. ശീതകാലമായിരുന്നു. നനുത്ത തിരശ്ശീലപോലെ മഞ്ഞ് നമുക്കിടയിലുണ്ട്. ഇളംകാറ്റുവന്ന് അതിന്‍റെ ഞൊറിവുകള്‍ ഇളക്കിയപ്പോള്‍ മുന്നിലെ വഴികള്‍ തെല്ലിടനേരം കാഴ്ചയില്‍ വന്നു. അത്രമാത്രം. വീണ്ടും മഞ്ഞിന്‍റെ മേലാടകള്‍ ഇണങ്ങിച്ചേരുന്നു. വക്കുകളില്‍ വെളുപ്പാന്‍കാലത്തിന്‍റെ സ്വര്‍ണത്തരികള്‍ പിടിപ്പിച്ച മേഘങ്ങള്‍ ചെമ്മരിയാടിന്‍പറ്റങ്ങള്‍പോലെ ആകാശത്തു മേയുന്നുണ്ട്. ദൂരെ കുന്നുകള്‍, കുന്നുകള്‍; കുന്നുകള്‍ക്കു മുകളിലും മഞ്ഞു പുകയുന്നു.

ഞാന്‍ എത്ര വിളിച്ചിട്ടും നീ തിരിഞ്ഞുനോക്കിയില്ല. കേള്‍ക്കാതെയല്ലെന്നെനിക്കറിയാം... തലേന്ന് എന്തോ ചെറിയ കാര്യത്തില്‍ നാം വഴക്കടിച്ചിരുന്നു. ആ പിണക്കമാണ് നമുക്കിടയില്‍ അപ്പോള്‍ നിലനിന്നിരുന്ന ദൂരം. എന്നാലും സാരമില്ല, ശിരോവസ്ത്രത്തില്‍നിന്നും മാറിയ നിന്‍റെ മുടിയിഴകള്‍ കാറ്റില്‍ പാറിക്കളിക്കുന്നതും നോക്കി ഇങ്ങനെ പിറകില്‍ നടക്കാന്‍ എന്തു രസം!

പൊടുന്നനെ, ദേശാടനപ്പക്ഷികളുടെ ഒരുകൂട്ടം വയല്‍ക്കരയില്‍ വന്നിരുന്നു. നാം നടന്നടുക്കുമ്പോള്‍ കൊറ്റികള്‍ ഇത്തിരി ദൂരം പറക്കും, പിന്നെയും താഴ്ന്നുവന്ന് വരമ്പുകളിലിരിക്കും. മേഘപ്പറ്റത്തില്‍നിന്നും അടര്‍ന്നുവന്ന പൊട്ടുകള്‍പോലെയുണ്ടായിരുന്നു അവ. എന്തൊരു വെളുത്ത നിറം! വരമ്പില്‍ പാൽപ്പത തൂവിയതുമാതിരി.

കുറച്ചു പോയപ്പോള്‍ പെട്ടെന്ന് ഒരു നിലവിളിയോടെ നീ നിന്നു. ആ ശബ്ദം ഭയംകൊണ്ടു വിറക്കുന്നത് എനിക്കു കേള്‍ക്കാം. നിന്‍റെ കൈകളില്‍നിന്നും പുസ്തകങ്ങള്‍ താഴെ വീണുപോയി. ഞാന്‍ നോക്കിയപ്പോള്‍ തൊട്ടുമുന്നില്‍ പടമുയര്‍ത്തിനിൽക്കുന്ന ഒരു സര്‍പ്പത്തെ കണ്ടു. ഞാന്‍ നിന്‍റെ മുന്നില്‍ കയറി. പേടിയുണ്ടായിരുന്നെങ്കിലും നിന്‍റെ മുന്നില്‍ അതു മറച്ചുപിടിക്കാന്‍ ഞാന്‍ ഉത്സാഹിച്ചിരുന്നു. ‘‘പോ, പോ’’, ഞാന്‍ പാമ്പിനോടു പറഞ്ഞു. കുനിഞ്ഞ് ഒരു ചെറുകല്ലു വലിച്ചെടുത്ത് ഞാന്‍ അതിനെ എറിഞ്ഞു, നിലത്തു ചവിട്ടി ഒച്ചയുണ്ടാക്കി. അൽപനേരം അങ്ങനെ നോക്കിനിന്നശേഷം, പടം താഴ്ത്തി അത് ഇഴഞ്ഞ് മറ്റെവിടേക്കോ പോയി.

‘‘എന്നോടു വഴക്കിട്ടതിന് നിന്നെ പേടിപ്പിക്കാന്‍ വന്നതാണ് ആ പാമ്പ്.’’ തിരിഞ്ഞുനിന്നുകൊണ്ട് നിന്നെ നോക്കി ഞാന്‍ പറഞ്ഞു.

‘‘ഓ, ഞാന്‍ പോകുന്നിടത്തു വന്നുനിൽക്കാന്‍ ഇയാള്‍ വളര്‍ത്തുന്നതാണോ അതിനെ?’’ നീ കെറുവിച്ചു. എന്നാലും ആ പഴയ ഗൗരവമില്ല. ചുണ്ടിലെവിടെയോ ഒരു കുസൃതി മിന്നിമായുന്നു.

‘‘അതേ. വിശ്വാസം വരുന്നില്ലെങ്കില്‍ തിരികേ വിളിക്കാം. വേണോ?’’ ഞാന്‍ ഗൗരവം തുടര്‍ന്നു. രണ്ടു വിരലുകള്‍ മടക്കി വായ്ക്കടുത്തുകൊണ്ടുപോയി ചൂളമടിക്കാന്‍ തുനിഞ്ഞു. എന്‍റെ ചൂളംവിളി കേട്ടാല്‍ ഏതു പാമ്പാണ് മടങ്ങിവരാതിരിക്കുക?

അവള്‍ സംശയത്തോടെ എന്നെ നോക്കി. ആ കണ്ണുകളുടെ താഴ്വാരങ്ങളില്‍ പേടി പൂത്തുവരുന്നത് ഇപ്പോള്‍ എനിക്കു കാണാം. നമുക്കിടയിലുള്ള ദൂരം കുറഞ്ഞുവന്നു. പിന്നെ, പിണക്കം മതിയാക്കി പതിവുപോലെ, വരമ്പിലൂടെ നമ്മള്‍ ഒരുമിച്ചു നടന്നു. അപ്പോഴെല്ലാം വീതിയുള്ള വരമ്പുകള്‍പോലും നേര്‍ത്തുനേര്‍ത്തുവന്ന്, നമുക്കു ചേര്‍ന്നു നടക്കാന്‍മാത്രം വീതിയുള്ള ഒറ്റയടിപ്പാതകളായിത്തീരുമായിരുന്നു.

സുമനാ, നിനക്കോർമയുണ്ടോ, ആ കാലം! അതു മാഞ്ഞുപോവാതിരുന്നെങ്കില്‍! എപ്പോഴും നമ്മള്‍ അങ്ങനെ കുട്ടികളായി മാത്രം തുടര്‍ന്നിരുന്നുവെങ്കില്‍!

* * *

ഗോപാല്‍ ബറുവയുടെ പുസ്തകത്തില്‍നിന്നായിരുന്നു അത്. കണ്ടുകിട്ടുകയാണെങ്കിലും അത് ഉപയോഗിക്കുകയില്ലെന്ന് അദ്ദേഹത്തിനു കൊടുത്ത വാഗ്ദാനം ഞാന്‍ ഓർമിക്കാതെയല്ല. എങ്കിലും ഒരു ചിഹ്നഭാഷക്കാരന്‍ എഴുതിവെക്കാനിടയുള്ള ചില കാര്യങ്ങള്‍ കണ്ടുകിട്ടുമെന്നൊരു പ്രതീക്ഷയായിരുന്നു എനിക്കാദ്യം ഉണ്ടായിരുന്നത്. അതില്‍ ആര്‍ക്കെന്തു ഖേദം? അങ്ങനെയെന്തെങ്കിലും ലഭിക്കുകയാണെങ്കില്‍ എഴുതിയെടുത്തശേഷം ഉപേക്ഷിക്കാനുറച്ചുകൊണ്ടുതന്നെയാണ് ഞാനതു സൂക്ഷിച്ചതും. ആദ്യം മറിച്ചുനോക്കിയപ്പോള്‍ത്തന്നെ പല ഭാഷകളിലും ചിത്രങ്ങളിലുമെഴുതിയ എഴുത്തുകള്‍ ഞാന്‍ കണ്ടിരുന്നു. പക്ഷേ, നിത്യജീവിതത്തിരക്കുകള്‍ക്കിടയില്‍ അതില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പിന്നെ നോക്കാം എന്നൊരു അലസഭാവത്തില്‍ ഞാന്‍ തുടര്‍ന്നു.

അങ്ങനെ കുറേ നാള്‍ കഴിഞ്ഞു. ഒരു രാത്രി മറ്റേതോ പുസ്തകങ്ങള്‍ പരതിക്കൊണ്ടിരുന്നപ്പോള്‍ മേശപ്പുറത്ത് ആ പഴയ ഡയറിയിരിക്കുന്നതു കണ്ണിൽപെട്ടു. മറ്റൊന്നും ആലോചിക്കാതെ, ഞാനതു മറിച്ചുനോക്കുകയായിരുന്നു. ഇടയിലിടയിലുള്ള അതിലെ ചിഹ്നഭാഷ കണ്ടപ്പോള്‍ പെട്ടെന്ന് ഞാന്‍ ഗോപാല്‍ ബറുവയെ ഓര്‍ത്തു. ആ ഓർമ എന്നെ പുരാതനമായ ആ പരിസരങ്ങളിലേക്കും ആദിമനാഗരികതകളുടെ പിടിതരാത്ത ലിപിസഞ്ചയത്തിലേക്കും നയിച്ചു. തപോമയിയെ കണ്ടിട്ടോ വിളിച്ചിട്ടോ കുറെയായല്ലോ എന്നും വിചാരിച്ചു. ഞാന്‍ ആ എഴുത്തുകളിലേക്ക് കൗതുകത്തോടെ നോക്കി. ആദ്യതാളുകളിലൊന്നില്‍ത്തന്നെ കവിതയെന്നോ ഓർമക്കുറിപ്പെന്നോ വിളിക്കാവുന്ന ചിലതു ഞാന്‍ വായിച്ചു. അതു ചിത്രലിപികളിലെഴുതിയതായിരുന്നില്ല എന്നതായിരുന്നു രസം.

എന്‍റെ പിഴ! എന്‍റെ വാഗ്ദാനലംഘനം. പക്ഷേ, വായിക്കാതിരിക്കാന്‍ മാത്രം രഹസ്യാത്മകമായി ഇതിലെന്തുണ്ട്! പ്രണയത്തിന്‍റെ പഴയൊരു ചിത്രം. ഒരു ഓർമക്കുറിപ്പാവാം. തുടങ്ങി​െവച്ച കവിതയോ കഥയോ ആവാം. ഗോപാല്‍ ബറുവ തന്‍റെ കുറിപ്പുകള്‍ ആളുകള്‍ കാണാതിരിക്കണം എന്നു വിചാരിക്കാന്‍ മാത്രമുള്ള ഒന്നും അതിലില്ലായിരുന്നു. ഇനി തന്‍റെ പ്രണയക്കുറിപ്പുകള്‍ മകന്‍ വായിക്കും എന്നതിലെ ജാള്യമായിരിക്കുമോ! എനിക്കു ചിരിവന്നു.

ഗോപാല്‍ ബറുവയുടെ ഡയറി താരതമ്യേന വലുപ്പം കൂടിയ ഒന്നായിരുന്നു. സാമാന്യത്തിലധികം നീളവുമുണ്ട്. ഡയറിയാണെങ്കിലും തീയതികള്‍ക്കു താഴെ കുറിപ്പുകള്‍ എഴുതിയിരിക്കുകയല്ല. ദിനംതോറുമുള്ള കുറിപ്പുകളാവണമെന്നുമില്ല. ഉപയോഗിക്കാതെ​ െവച്ച പഴയ ഡയറികള്‍ നോട്ടുപുസ്തകങ്ങള്‍പോലെ ഉപയോഗിച്ചതാവാം. കഥയോ നോവലോ മാതിരി ചില കുറിപ്പുകള്‍ താളുകളോളം നീണ്ടുനീണ്ടു പോകുന്നു. ചിലത് ഏറെ ഹ്രസ്വമാണ്. വരി തിരിച്ചെഴുതിയ കവിതകളുമുണ്ട്. അപൂർവം ചിലപ്പോള്‍, കുറിപ്പുകള്‍ തുടങ്ങുന്നതിനും മുമ്പ് അദ്ദേഹം തീയതി എഴുതിയിട്ടുള്ളതായി കണ്ടു.

പലേടത്തും ഇല്ല. മറ്റു ചിലേടത്ത് നീണ്ട ഒപ്പു കാണാം. ഒപ്പുകള്‍ ആവര്‍ത്തിക്കുന്നതും അപൂർവമല്ല. തുടക്കത്താളുകളിൽതന്നെ ചില ചിഹ്നങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതാണ് എന്നെ ആകര്‍ഷിച്ചതും. പക്ഷേ, ചില നീണ്ട കുറിപ്പുകളില്‍ പലപ്പോഴും സാധാരണ ഭാഷയാണ്. അധികവും ഇംഗ്ലീഷ്, അപൂർവം ഇടങ്ങളില്‍ ബംഗ്ലായും ഹിന്ദിയും. പോകപ്പോകെ, അത്തരം സാധാരണ ലിഖിതങ്ങള്‍ കുറഞ്ഞുവന്നു. അവക്കു പകരം വരകളും ചിത്രങ്ങളും മുദ്രകളും സ്ഥാനംപിടിക്കാന്‍ തുടങ്ങി. ഏറ്റവും ഒടുവിലെ താളുകള്‍ പൂര്‍ണമായും നിഗൂഢവും ദുര്‍ഗ്രഹവുമായൊരു പദാവലി നിറഞ്ഞ് ഒരു നിബിഡവനംപോലെ കാണപ്പെട്ടു. അവയിലെ വെളിച്ചം എപ്പോഴോ അസ്തമിച്ചതായി തോന്നി. ഞാന്‍ ആ താളുകള്‍ വെറുതേ മറിച്ചുനോക്കിയതിനുശേഷം പുസ്തകം അടച്ചു​െവച്ചു.

പക്ഷേ, പിറ്റേന്നും അദൃശ്യമായൊരു പ്രേരണയിലെന്നപോലെ ഞാന്‍ ആ താളുകളിലേക്കു വീണ്ടും നടന്നുചെന്നു. ഭീരുവായ ഒരു ഒളിച്ചുനോട്ടക്കാരനെപ്പോലെയായിരുന്നു അപ്പോള്‍ എന്‍റെ ഭാവം. അതിലെ രതിയും ആത്മനിന്ദയും ഞാന്‍ ഒരുമിച്ച് അനുഭവിച്ചു. എന്നാലും ഒരു വാഗ്ദാനലംഘനമായിരുന്നില്ലേ അത്; ആ ഡയറിയുടെ വായന? ഞാന്‍ ചെയ്യുന്നതു ശരിയാണോ? ഒരിക്കലും അല്ല, ഒരാള്‍ തന്‍റെ ആയുസ്സില്‍ എഴുതി​െവച്ച സ്വകാര്യതകള്‍ ഒളിച്ചുനോക്കാന്‍ നമുക്കവകാശമില്ല. അതു വായിക്കപ്പെടരുത് എന്ന് ആഗ്രഹിച്ചുകൊണ്ട് മരിച്ചുപോയ ഒരാളുടെ കാര്യത്തില്‍ വിശേഷിച്ചും.

എന്നാല്‍, ഒരു സാധാരണ ജീവിതം നയിച്ചുകൊണ്ടിരുന്ന ഒരു വയോധികന്‍ തന്‍റെ ഭൂതകാലത്തെ മറച്ചുപിടിക്കാന്‍പോന്ന ഒരു ഗൂഢലിപിസഞ്ചയത്തെ സമാഹരിക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ വിചിത്രമായി എനിക്കു തോന്നിയിരുന്നു. ഒളിച്ചുനോട്ടം എന്നു തന്നെ പറയാവുന്ന വിധത്തിലുള്ള ഒരു ജിജ്ഞാസയാണ് മറിയാമ്മ വിളിച്ച അന്നുതന്നെ തിരക്കിട്ടുപോയി ആ ഡയറി കൈക്കലാക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഗോപാല്‍ ബറുവ ഭയപ്പെട്ടിരുന്നതുപോലെ അതു തെറ്റായ കൈകളില്‍ എത്തിച്ചേരരുതെന്നുള്ള താൽപര്യമൊക്കെ രണ്ടാമതായിട്ടേ ഉണ്ടായിരുന്നുള്ളൂ.

അതേസമയം, എന്‍റെ സ്ഥാനത്ത് ആരായാലും ഇതുതന്നെയല്ലേ ചെയ്യുക? വാഗ്ദാനങ്ങള്‍ ലംഘിക്കാന്‍ മനുഷ്യര്‍ വിധിക്കപ്പെട്ടിരിക്കുന്നു. താന്‍ മരിച്ചശേഷം തന്‍റെ അപൂര്‍ണമാക്കി നിര്‍ത്തിയ സാഹിത്യവും ഡയറിക്കുറിപ്പുകളും നശിപ്പിക്കണം എന്നല്ലേ മഹാനായ കാഫ്ക തന്‍റെ സുഹൃത്ത് മാക്സ് ബ്രോഡിനു കൊടുത്ത നിർദേശം? എന്നിട്ടെന്തു സംഭവിച്ചു? ആ വാഗ്ദാനം ലംഘിക്കപ്പെട്ടു. പിന്നെയുള്ളത് ഇരുപതാം നൂറ്റാണ്ടിന്‍റെ സാഹിത്യ ചരിത്രമാണ്.

എന്നാല്‍, ഇവിടെ ഡയറിയെഴുതിയിരിക്കുന്നത് കാഫ്കയെപ്പോലെ ഒരെഴുത്തുകാരനല്ല. അദ്ദേഹം സാഹിത്യതൽപരനായിരുന്നു എന്നും ചെറുപ്പത്തില്‍ കവിതകള്‍ എഴുതിയിരുന്നുവെന്നും എനിക്കൂഹിക്കാം. പക്ഷേ, ആ ജീവിതം അദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ടാവണം. അതു സാരമില്ല. സാഹിത്യം വായിക്കാനുള്ള കൗതുകമല്ലല്ലോ ആ ഡയറി നോക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതും.

ഞാനും ഗോപാല്‍ ബറുവയും പങ്കിട്ടിരുന്ന സവിശേഷമായൊരു താൽപര്യമാണ് അതിന്‍റെ പിന്നില്‍. സാധാരണ ഭാഷയിലെഴുതിയിരിക്കുന്ന ഒരു പുസ്തകമായിരുന്നെങ്കില്‍ മിക്കവാറും അതു ഞാന്‍ മാറ്റിവെക്കുമായിരുന്നു. ഇതിപ്പോള്‍ നിഗൂഢ ലിപികളാണ്, അല്ലെങ്കില്‍ കുറേയെങ്കിലും അത്തരമൊരു ചിഹ്നഭാഷയിലെഴുതിയിട്ടുള്ള കുറിപ്പുകളാണ്. അതുകൊണ്ടുതന്നെ അതിനെ നിർധാരണംചെയ്യാനും അതിനുള്ളില്‍ ഒളിച്ചിരിക്കുന്ന നിഗൂഢതകളെ തിരിച്ചറിയാനുമുള്ള കൗതുകം ഇപ്പോള്‍ എന്നെ ആവേശിക്കുന്നു.

അതേസമയം, ഡയറിയുടെ ആദ്യതാളുകളൊന്നില്‍ ഇംഗ്ലീഷിലെഴുതിയിരിക്കുന്ന, നേരത്തേ കാണിച്ച ആ ഖണ്ഡികകള്‍ വായിച്ചപ്പോള്‍ തപോമയിയുടെ അച്ഛന്‍ എന്തുകൊണ്ടാണ് തന്‍റെ കുറിപ്പുകള്‍ മകന്‍ വായിക്കരുതെന്ന് നിർബന്ധം പിടിച്ചത് എന്നതിന്‍റെ കാരണം എനിക്കൂഹിക്കാനായി. ഒരു പ്രണയകവിത പോലെയുണ്ടായിരുന്നില്ലേ അത്? നേര്‍ലിപിയിലാണ് എഴുതിയിട്ടുള്ളത്; കവിതയുടെ മുഖമറ മാത്രം. അവസാനത്തെ വരിയിലുണ്ടായിരുന്ന സുമന എന്ന പേരു മാത്രമേ കോഡു ചെയ്ത ഭാഷയില്‍ ഉണ്ടായിരുന്നുള്ളൂ. ആ പേരാണ് അദ്ദേഹം മറയ്ക്കാന്‍ ഉദ്ദേശിച്ചത് എന്നു തോന്നും. പ്രായമുള്ള മകന്‍ തന്‍റെ പ്രണയചാപല്യങ്ങള്‍ വായിക്കരുതേ എന്നുള്ള പിതാവിന്‍റെ പ്രാർഥന മനസ്സിലാക്കാവുന്നതേയുള്ളൂ.

ആ പുസ്തകത്തിലേക്കു ഞാന്‍ വീണ്ടും നോക്കി. പലതവണ ഉപയോഗിച്ചതുകൊണ്ട് മുഷിഞ്ഞുമടങ്ങിയ താളുകള്‍. ആദ്യത്തെ താളില്‍ ഇംഗ്ലീഷ് അക്ഷരമാലയെ ഒരു പ്രത്യേകരീതിയില്‍ കോഡു ചെയ്തുകൊണ്ട് അധികമാര്‍ക്കും മനസ്സിലാകാത്ത രീതിയില്‍ തന്‍റെ പേരും വിലാസവും എഴുതി​െവച്ചിരിക്കുന്നു. വിലാസം അദ്ദേഹം അവസാനകാലത്ത് താമസിച്ചിരുന്ന സന്താനത്തിന്‍റെ വീടല്ല. അതേ ഭാഗത്തുതന്നെ, എന്നാല്‍, മറ്റൊരു തെരുവിലുള്ള ഒരു ഫ്ലാറ്റ്. അതുകൊണ്ട് ഈ പുസ്തകം എഴുതിത്തുടങ്ങുന്ന കാലം കുറേ മുമ്പായിരിക്കും എന്നു ഞാനൂഹിച്ചു.

ആദ്യത്തെ താളുകളില്‍ കണ്ട കവിതപോലെയായിരുന്നില്ല, പിന്നീട്. ഇടക്കിടെ അത്തരം ചില ഖണ്ഡികകള്‍ ആവര്‍ത്തിച്ചിരുന്നുവെങ്കിലും മിക്കവാറും ചെറിയ അനുഭവക്കുറിപ്പുകള്‍, കഥകള്‍, ചില സംഭവങ്ങള്‍: അങ്ങനെയൊക്കെയായിരുന്നു അതിലെ താളുകളുടെ സംവിധാനം. പലതും ഒറ്റനോട്ടത്തില്‍ എനിക്കു വായിക്കാന്‍ കഴിഞ്ഞിരുന്നില്ല. കോഡു ചെയ്ത, ചിഹ്നങ്ങളും ലിപികളും മാറ്റിയെഴുതിയ വാക്യങ്ങളും മാത്രമല്ല, സാധാരണ ഇംഗ്ലീഷിലെഴുതിയ പലതും വായിക്കാന്‍ പ്രയാസമായിത്തോന്നി. പ്രത്യക്ഷത്തില്‍ അതിമനോഹരമായ കൈപ്പടയായിരുന്നു ഗോപാല്‍ദായുടേത്. കാലിഗ്രാഫിയിലെന്നപോലെ ചെരിവുള്ള, ഉരുണ്ട അക്ഷരങ്ങള്‍.

പൂക്കള്‍പോലെ സുന്ദരമായ കുനിപ്പുകള്‍, ഒഴുകുന്ന വളവുകള്‍. അതേസമയം, അവ കൃത്യമായി വായിക്കുകയാണ് പ്രയാസം. പലപ്പോഴും പല അക്ഷരങ്ങളും ആ ഒഴുക്കിനിടയില്‍ വിട്ടുപോകുന്നു. ഊഹിച്ചുകൊണ്ടുവേണം പലപ്പോഴും വായിക്കാന്‍. ഗുപ്തലിഖിതങ്ങള്‍ പഠിച്ചും വായിച്ചും നീണ്ടകാലം തുടര്‍ന്നതുകൊണ്ട് സാധാരണ ഭാഷപോലും ദുര്‍ഗ്രഹമായി എഴുതാന്‍ ശീലമായിപ്പോയ ഒരാളുടേതുപോലെയായിരുന്നു ആ ലിഖിതങ്ങള്‍.

അത്ര എളുപ്പമല്ലാത്ത കൈപ്പടയും പലഭാഗങ്ങളിലുമുള്ള ഗുപ്തഭാഷയും കാരണം വായന പതുക്കെയായിരുന്നു. പലപ്പോഴും ആഴ്ചകളോളം അതു വായിക്കാതിരുന്നു. ലിപികളോടു കൗതുകം തോന്നുന്ന സമയങ്ങളില്‍ കുത്തിയും കുറിച്ചും ​െവച്ചിരിക്കുന്ന ഭാഗങ്ങള്‍ ഞാന്‍ മറ്റൊരു കടലാസിലേക്കു പകര്‍ത്തും. പൊതുവേ തിരിച്ചറിയാന്‍ സാധിക്കുന്ന ചിഹ്നങ്ങള്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തുവെക്കും. അങ്ങനെ കുറേ ഭാഗങ്ങള്‍ എഴുതിക്കഴിയുമ്പോള്‍ ചില ചിഹ്നങ്ങള്‍ ഊഹിക്കാനാവും. മറച്ചു​െവച്ച വാക്കുകളില്‍ സുമന എന്ന ഒരു പേര് ആവര്‍ത്തിച്ചുവന്നുകൊണ്ടിരുന്നു. തീര്‍ച്ചയായും ഗോപാല്‍ദായുടെ ബാല്യകാലസഖിയായിരുന്നിരിക്കണം. അക്കാര്യം ഊഹിക്കാനേ സാധിക്കൂ. തപോമയിയോടു ചോദിക്കുന്നതു ശരിയല്ലെന്നു തോന്നിയതുകൊണ്ട് ഞാന്‍ വായിക്കുന്നതു തുടര്‍ന്നു.

ഇത്തരം കുറിപ്പുകള്‍ എഴുതാന്‍ അദ്ദേഹം വല്ലാതെ മടിച്ചിരുന്നു എന്നു തോന്നുന്നു. താന്‍ മാത്രം വായിക്കുന്ന, മറ്റാരും കാണാത്ത ഒരു പുസ്തകമായിരുന്നിട്ടും എഴുതാനുള്ള ധൈര്യം സംഭരിക്കാന്‍ അദ്ദേഹം വിഷമിച്ചിരുന്നതുപോലെയുണ്ട്. ഗോപാല്‍ ബറുവയുടെ കുറിപ്പുകള്‍ക്ക് ഇടനില നിൽക്കുന്നതിനു പകരം അതുതന്നെ വായിക്കുകയാവും കൂടുതല്‍ ഉചിതം എന്നാണ് ഇപ്പോള്‍ എന്‍റെ തോന്നല്‍.

ഗോപാല്‍ ബറുവയുടെ ഡയറിക്കുറിപ്പുകള്‍:

ഞാന്‍ ഗോപാല്‍ ബറുവ; കൃത്യമായി ഒരു ജന്മദിനമില്ലാത്തവന്‍... അമ്മ പറയുമായിരുന്നു: ‘‘നിന്നെ പ്രസവിച്ച ഭാദ്രമാസത്തിലെ ആ ദിവസം ഒരു വലിയ കൊടുങ്കാറ്റുണ്ടായി. പേ പിടിച്ചതുപോലെ മഴ നിന്നു പെയ്തു.’’ കൊടുങ്കാറ്റ് എന്നെ കൊണ്ടുവന്നതാണോ അതോ ഞാന്‍ കൊടുങ്കാറ്റിനെ ആനയിച്ചതാണോ, എന്താണ് അമ്മയുടെ വിവക്ഷ? പിന്നീട് ജന്മദേശം നഷ്ടപ്പെട്ടവന്‍, പ്രണയം നഷ്ടപ്പെട്ടവന്‍, ജീവിതത്തിന്‍റെ സുഖങ്ങള്‍ കൈമോശം വന്നവന്‍... നഷ്ടങ്ങളെക്കുറിച്ചെഴുതുവാന്‍ തുടങ്ങിയാല്‍ ഈ ഡയറിയൊന്നും പോരാതെ വരും.

എന്തിനാണ് കുറിപ്പുകളെഴുതുന്നത്? ഒരുപാടു തവണ ആലോചിച്ചു. പഴയകാലത്തെ ഡയറികള്‍ പലതും ശൂന്യമായി കിടക്കുന്നു. അല്ലെങ്കില്‍ ഏതാനും ചില വിലാസങ്ങളോ ഫോണ്‍ നമ്പറുകളോ അതുമല്ലെങ്കില്‍ വരവുചെലവു കണക്കുകളോ ഒക്കെ മാത്രം എഴുതി ഉപേക്ഷിച്ചിരിക്കുന്നു. ഗോപാല്‍ ബറുവ എന്ന ഒരു വ്യക്തിക്ക് നിത്യജീവിതത്തില്‍ അടയാളപ്പെടുത്താന്‍ മാത്രമായി എന്തു വലിയ സംഭവങ്ങളാണ് പറയാനുണ്ടാവുക? അഥവാ ചെറിയ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെ എന്തിനാണ് അതെല്ലാം എഴുതിവെക്കുന്നത്? അങ്ങനെ വിചാരിച്ചുകൊണ്ട് പലപ്പോഴും ഇത്തരം ശ്രമങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു എന്‍റെ രീതി.

അതേസമയം, ചില ആളുകളെക്കുറിച്ച്, അവരുമായി ബന്ധപ്പെട്ട ചില സംഭവങ്ങളെക്കുറിച്ച്, സന്ദര്‍ഭങ്ങളെക്കുറിച്ചും ഇടക്കെല്ലാം ഞാനെവിടെയൊക്കെയോ എഴുതിയിരുന്നു. അവരെക്കുറിച്ച് മറന്നുപോകരുതേ എന്നുള്ള പ്രാർഥനകൊണ്ടാവാം അങ്ങനെ ചെയ്തത്. ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ അധ്യാപകരുടെ പ്രീതി പിടിച്ചുപറ്റാനായി ചിലതെല്ലാം കുറിക്കുമായിരുന്നു. അക്കാലത്ത് അവരുടെ അഭിനന്ദനങ്ങള്‍ കൈവരുമ്പോള്‍ എന്തെന്നില്ലാത്ത ഒരാഹ്ലാദം തോന്നാറുണ്ട്.

അവരെ കാണിക്കാന്‍വേണ്ടി നിരന്തരം എഴുതിക്കൊണ്ടിരുന്നു. പിന്നീട് കുറെക്കാലം കഴിഞ്ഞ് ആലോചിക്കുമ്പോള്‍ ആ പ്രശംസകള്‍ പലപ്പോഴും അന്ന് എഴുതിയ കാര്യങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല, പകരം കുറച്ചൊക്കെ ആയാസപ്പെട്ട് ഉരുട്ടിയുരുട്ടിയെടുത്ത എന്‍റെ കൈപ്പടക്കായിരുന്നു എന്നു തോന്നിയിട്ടുണ്ട്. ചെറുപ്പത്തിൽതന്നെയുണ്ട് എനിക്കീ ലിപികളോടുള്ള കമ്പം. അത്തരമൊരു ലോകത്തിലേക്ക് പില്‍ക്കാലത്ത് എത്തിച്ചേരുമെന്നത് നിയോഗമായിരിക്കാം. ഈ വിശ്വാസങ്ങളെയൊന്നും വിശ്വസിക്കാന്‍ എനിക്കു തോന്നാറില്ലെന്നുണ്ടെങ്കിലും.

എന്‍റെ രക്ഷിതാവും ഗുരുവുമായിരുന്ന സന്താനം എന്ന വലിയ മനുഷ്യനെക്കുറിച്ച് എഴുതാന്‍ കഴിഞ്ഞതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. അത് അദ്ദേഹത്തെ അനുസ്മരിക്കുന്ന ഒരു ചടങ്ങില്‍ ഞാന്‍ വായിക്കുകയും പിന്നീട് ആ പരിപാടിയുടെ സംഘാടകര്‍ പറഞ്ഞതനുസരിച്ച് കുറച്ചു മാറ്റിയെഴുതി പ്രസിദ്ധീകരിക്കാന്‍ കൊടുക്കുകയും ചെയ്തു. അന്ന് ആ കുറിപ്പിന്‍റെ വായനയുടെ അവസാനം എനിക്കു വാക്കുകള്‍ കിട്ടിയില്ല. ഒരൽപനേരം നിര്‍ത്തി ഞാന്‍ വീണ്ടും വായിക്കാന്‍ തുനിഞ്ഞു. എന്‍റെ ശബ്ദം ഇടറുകയും വായന ഒരു നീണ്ട കരച്ചിലിലേക്കു വഴിമാറുകയും ചെയ്തു. ഒരു വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു, സദസ്സില്‍. ആ വലിയ ആള്‍ക്കൂട്ടം അപ്പോള്‍ മൗനം പാലിച്ചു. ഒരു ഹാള്‍ മുഴുവനായും നിറഞ്ഞുനിന്ന നിശ്ശബ്ദതകൊണ്ട് അവര്‍ എന്‍റെ വേദനയെ സ്വീകരിക്കുകയായിരുന്നു. അതിനുശേഷം ഞാന്‍ തിരിച്ച് ഇരിപ്പിടത്തിലേക്കു പോയപ്പോള്‍ സദസ്സ് എഴുന്നേറ്റുനിന്ന് നെടുനേരം കൈയടിച്ചു.

എന്‍റെ എഴുത്തായിരുന്നില്ല, മഹാനായ സന്താനം സാറിനോടുള്ള ആദരവായിരുന്നു ആ ഹസ്തഘോഷത്തിന്‍റെ കാരണം എന്നു തിരിച്ചറിയാനുള്ള എളിയ ബുദ്ധി എനിക്കുണ്ടായിരുന്നു. വേദിയില്‍ വലിയ ആളുകളുടെ ഒരു നിര തന്നെയുണ്ടായിരുന്നു. സൈന്യത്തിലും പിന്നീട് സർവകലാശാലകളിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവര്‍. വിദ്യാർഥികളും തൊഴിലാളികളും. വിദേശത്തുനിന്നുള്ള പ്രതിനിധികള്‍... അവര്‍ക്കിടയില്‍ ഒരു സ്ഥാനം അര്‍ഹിക്കാന്‍ മാത്രം ആരുമായിരുന്നില്ല ഞാന്‍. പിന്നെയെന്തുകൊണ്ടോ, അദ്ദേഹത്തെ കണ്ടുമുട്ടാനുണ്ടായതുപോലുള്ള ഒരു വലിയ ആകസ്മികത അക്കാര്യത്തിലും എന്നെ തുണച്ചു കാണണം.

വലിയ മനുഷ്യരെയും അവര്‍ ഇടപെട്ട മേഖലകളെക്കുറിച്ചും എഴുതുന്നതുപോലെ അനായാസമല്ല, സ്വന്തം ജീവിതത്തെക്കുറിച്ചെഴുതാന്‍. എഴുതാന്‍ മാത്രം നിനക്കെന്തു ജീവിതം എന്ന് എന്‍റെ ഉള്ളിലിരുന്ന് ആരോ ചോദിക്കുന്നു. ശരിയാണ്. ജീവിക്കുന്ന നാട്ടിൽപോലും ആരുമല്ലാത്ത ഒരാള്‍. ജന്മദേശം വിട്ടുപോന്നവന്‍. എത്ര കാലം കഴിഞ്ഞാലും വേരുറക്കാത്ത വൃക്ഷംപോലെ ഒരഭയാർഥി. രഹസ്യമായ ഒരു തൊഴിലില്‍ നിഴല്‍പോലെ ജീവിച്ചിരുന്ന ഒരാള്‍. അപ്പോൾ പിന്നെ എന്തിനാണ് ഈ സാഹസം?

മറ്റാരോടും പറയാനില്ലാത്തതുകൊണ്ട് എന്നാണ് എന്‍റെ ഉത്തരം. അല്ലെങ്കില്‍ ആരോടും പറയാനാവാത്ത ചില സങ്കടങ്ങള്‍ ഉള്ളതുകൊണ്ട് എന്നുമാവാം. അധികമാര്‍ക്കും താൽപര്യമുണ്ടാവാനിടയില്ലാത്ത ഒരു ജീവിതകഥ മാത്രമേ കൈമുതലായി ഉള്ളൂ. പലതും നിസ്സാരതകള്‍. ചില നിശ്ശബ്ദതകളും... അപ്പോഴും ആ ചെറിയ ജീവിതത്തെയും കൂട്ടിയും കിഴിച്ചും നോക്കേണ്ടിവരുമല്ലോ. സ്വയം ചോദ്യങ്ങള്‍ ചോദിക്കേണ്ടിവരുമല്ലോ. അപ്പോള്‍പ്പിന്നെ ഒന്നുകില്‍ തനിക്കുമാത്രം കേള്‍ക്കാവുന്ന ചെറിയ ഒരൊച്ചയില്‍ സ്വയം സംസാരിച്ചുകൊണ്ടു നടക്കാം.

അല്ലെങ്കില്‍, തനിക്കുമാത്രം കാണാവുന്ന, മനസ്സിലാക്കാവുന്ന ഒരു ഭാഷയില്‍ എഴുതിവെക്കാം. ഞാന്‍ രണ്ടാമത്തെ രീതി സ്വീകരിച്ചു. കടന്നുപോന്ന വഴികളെയും കണ്ടുമുട്ടിയ മനുഷ്യരെയും കുറിച്ച് എഴുതിത്തുടങ്ങി. വലിയ മരങ്ങളുടെ തണലില്‍ നിന്നു. അവര്‍ തന്ന കുടയുമായി തോരാമഴയിലേക്കിറങ്ങി. ക്രമേണ, അവരുടെ കഥകള്‍ക്കൊപ്പം അപ്രധാനമെങ്കിലും വ്യത്യസ്തമായ എന്‍റെയും ജീവിതകഥ ഉരുത്തിരിഞ്ഞുവരുന്നത് ഞാന്‍ ഒട്ടൊരു നടുക്കത്തോടെ കണ്ടു. ആലോചിച്ചുനോക്കിയാല്‍ തെരുവില്‍ വരക്കുന്ന ഒരെളിയ ചിത്രകാരനായിരുന്നു ഞാന്‍. ദൃശ്യങ്ങളെയും ആളുകളെയും വരച്ചുവരച്ച് അവിചാരിതമായി കാന്‍വാസില്‍ നോക്കുമ്പോള്‍ അവക്കിടയിലൂടെ തെളിഞ്ഞുവരുന്ന എന്‍റെ ചിത്രം. ആകസ്മികമായ ഒന്ന്.

ഇന്ന് ഞാന്‍ സുമനയെക്കുറിച്ചെഴുതുന്നു. കുറച്ചുനാള്‍ മുമ്പ് അവള്‍ മരിച്ചു. ആ മരണം എന്നില്‍ സങ്കടമല്ല, ആശ്വാസമാണ് ഉളവാക്കിയത് എന്നു പറയട്ടെ. എന്തുതരത്തിലുള്ള ആശ്വാസം? രണ്ടുപേര്‍ സൂക്ഷിച്ച രഹസ്യമായ ഒരുടമ്പടിയില്‍നിന്നും ഒരാള്‍ വിടവാങ്ങുന്നു എന്നതില്‍ അപരന്‍ അനുഭവിക്കുന്ന ആശ്വാസമാവണം. എനിക്കു തീര്‍ച്ചയില്ല. അവളുടെ വിരഹം എന്നെ നീണ്ടൊരു മൗനത്തിലേക്കു കൊണ്ടുപോയി. അല്ലെങ്കില്‍ അവളുടെ മൗനത്തെ മരണശേഷം ഞാന്‍ സ്വീകരിച്ചതുമാവാം. അതെന്തുമാവട്ടെ, ഓര്‍ത്തുനോക്കിയാല്‍ ഇത്രയും ദീര്‍ഘമായ കാലം എന്‍റെ ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്നത് അവള്‍ മാത്രമായിരുന്നില്ലേ? അതോ ഒരിക്കലും ഒപ്പമുണ്ടായിരുന്നില്ലേ! അടുത്തുതന്നെ തുടരുമ്പോഴും അകലങ്ങളില്‍ ജീവിക്കാന്‍ തീരുമാനിച്ച രണ്ടു നിഴലുകളായിരുന്നു ഞങ്ങള്‍.

-പല നിഴലുകള്‍ കൂടിച്ചേരുമ്പോഴാണോ ഇരുട്ടുണ്ടാവുന്നത്?

സുമനയും ഞാനും: ഞങ്ങള്‍ ഏതാണ്ട് ഒരേ പ്രായക്കാരായിരുന്നു. എങ്കിലും ഒരു ക്ലാസ് താഴെയാണ് അവള്‍ പഠിച്ചിരുന്നത്. എന്തോ ചില കാരണങ്ങളാല്‍ കുറച്ചു വൈകിയാണ് അവളെ സ്കൂളില്‍ ചേര്‍ത്തത് എന്ന് ഓര്‍ക്കുന്നു. അതു കാരണം ഞാന്‍ ഉപയോഗിച്ചിരുന്ന പുസ്തകങ്ങള്‍ തന്നെയാണ് അവളും പഠിച്ചത്. മുമ്പേ പഠിച്ച ആരില്‍നിന്നോ എനിക്കു കൈമാറിക്കിട്ടിയിരുന്ന പുസ്തകങ്ങളായിരുന്നു അവ. അക്കാലത്ത് പുത്തന്‍ പുസ്തകങ്ങളെന്നോ വസ്ത്രങ്ങളെന്നോ ഒന്നും ആഗ്രഹിക്കാനാവുകയില്ല.

എന്‍റെ പഠിത്തംകൂടി കഴിഞ്ഞ് അവളിലേക്കെത്തുമ്പോഴേക്കും താളുകളില്‍ മഷി പടര്‍ന്നും കുത്തിവരച്ചും ചട്ട കീറിയും അടര്‍ന്നും മുഷിഞ്ഞുമൊക്കെ ഏതാണ്ടൊക്കെ തകര്‍ന്നുപോയ മട്ടിലുള്ളവയായിരുന്നു ആ പുസ്തകങ്ങള്‍. ഒരാള്‍ക്കു പഠിക്കാനുള്ള പുസ്തകം ഇങ്ങനെ കുത്തിവരച്ചു നാശമാക്കണോ! ഒരിക്കല്‍ അവള്‍ ചോദിച്ചു. നാശമാക്കുകയല്ല, പഠിക്കാനുള്ള ഭാഗങ്ങള്‍ മാത്രം അടയാളപ്പെടുത്തിയതാണ്, പിന്നെ നിനക്കു ചിത്രം വരക്കാനറിയാമല്ലോ. നഷ്ടമായ ചിത്രങ്ങള്‍ വരച്ചുചേര്‍ക്കൂ. ചിരിച്ചുകൊണ്ട് ഞാന്‍ ന്യായം പറഞ്ഞു. ഞങ്ങള്‍ ഒരേ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. സ്കൂളിലേക്കുള്ള നീണ്ടവഴിയില്‍ കുറച്ചുദൂരം നടന്നാല്‍ അവളുടെ വീട്ടിനടുത്തെത്താം.

ഞാന്‍ വരുന്നതുംകാത്ത് അവള്‍ വീട്ടിനു മുന്നില്‍ നിൽക്കുമായിരുന്നു. കുറേ ദൂരം നടന്നും തോണിയില്‍ നദി കടന്നുമൊക്കെയാണ് സ്കൂളിലേക്കു പോവുന്നത്. പോകുന്ന വഴികളില്‍ ഇടക്കിടെ ചെറിയ ചെറിയ ഗ്രാമങ്ങള്‍. കുടിലുകള്‍. ഓരോ ഗ്രാമത്തിലെത്തുമ്പോഴും ഒന്നോ രണ്ടോ കുട്ടികള്‍ ഞങ്ങളോടു കൂടിച്ചേരും. സ്കൂളിലെത്തുമ്പോഴേക്കും അതു വലിയൊരു സംഘമായി മാറിയിട്ടുണ്ടാവും. ഞങ്ങള്‍ രണ്ടുപേര്‍ക്കുമുള്ളയത്ര ദൂരം മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല. അതുകൊണ്ട് പോക്കുവരവുകളില്‍ ഞങ്ങള്‍ മാത്രമാവുന്ന വഴികളും ഇടങ്ങളുമുണ്ടായിരുന്നു.

നിര്‍ധനമായ ഒരു കുടുംബമായിരുന്നു എന്‍റേത്. സ്കൂള്‍ത്തുടക്കത്തില്‍ അമ്മ ആരുടെയൊക്കെയോ പഴയ വസ്ത്രങ്ങള്‍ ഇരന്നു വാങ്ങി, കീറലുകള്‍ തുന്നിച്ചേര്‍ക്കും. ചിലപ്പോള്‍ ഒട്ടും ചേരാത്ത തുണിക്കഷ്ണങ്ങള്‍കൊണ്ട് വിടവുകള്‍ മറയ്ക്കും. അതുകൊണ്ട് പലനിറമുള്ള കിളികളുടേതുപോലെയായിരുന്നു എന്‍റെ ഉടുപ്പുകള്‍. അവളും വലിയ സമ്പന്നയൊന്നുമല്ല. പക്ഷേ അവളുടെ അച്ഛന് എന്തോ സ്ഥിരം ജോലിയുണ്ട്, സര്‍ക്കാറില്‍. വലിയൊരു ജോലിയൊന്നുമായിരുന്നില്ലെന്നു തോന്നുന്നു.

എങ്കിലും മാസശമ്പളത്തിന്‍റെ അച്ചടക്കത്തില്‍ പട്ടിണി കിടക്കാതെ ജീവിക്കാം. എന്നാല്‍, എന്‍റെ സ്ഥിതി അതല്ല. പഞ്ഞമാസങ്ങളിലെ ഉച്ചനേരങ്ങളില്‍ പലപ്പോഴും പട്ടിണിയിലായിരുന്നു, ഞാന്‍. ആരെയും അതറിയിക്കാതെ കഴിക്കാന്‍ ഞാന്‍ പരിശ്രമിച്ചു. അവളറിഞ്ഞാല്‍ തീര്‍ച്ചയായും ഭക്ഷണം വീതംവെക്കും. ഇത്തിരിപ്പങ്കേ അവള്‍ക്കുമുള്ളൂ. അതു പകുത്താല്‍ അവള്‍ വിശപ്പുകൊണ്ടു വാടിപ്പോകുകയില്ലേ? ആ കരുതലുണ്ടായിരുന്നു എനിക്ക്.

 

എനിക്ക് അച്ഛനെ കണ്ട ഓർമയില്ല. അച്ഛന് നദിയില്‍ തോണി തുഴയലായിരുന്നു എന്നു കേട്ടിട്ടുണ്ട്. അച്ഛന്‍ മരിച്ചതിനുശേഷം അമ്മ ആ തോണി വീടിനോടു ചേര്‍ത്ത് ഒരു കുറ്റിയില്‍ കെട്ടിയിട്ടു. കുറേക്കാലത്തേക്ക് അതു നിശ്ചലമായി അവിടെത്തന്നെ നിന്നു. ഇപ്പോഴുമതേ, അച്ഛനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്‍റെ ചെറുപ്പത്തിലെ ആ നിലച്ച തോണിയുടെ ചിത്രം മനസ്സില്‍ വരും.

അന്നൊന്നും ആരുടെ കൈയിലും പണമില്ല. അച്ഛന്‍റെ അകന്ന ബന്ധത്തിലുള്ള ഒരാളാണ് എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി സഹായംചെയ്തിരുന്നത്. ഓർമ​െവച്ച നാള്‍ മുതല്‍ ഒരേ പ്രായത്തിലും രൂപത്തിലും കണ്ടിരുന്ന ഒരാളായിരുന്നു അദ്ദേഹം. എവിടേയും കാണും. അടുത്ത ബന്ധുക്കളാരും ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. കുറച്ചുയര്‍ന്ന ഒരു പ്രദേശത്ത്, തുന്നിച്ചേര്‍ത്തതുമാതിരിയുള്ള ഒരു ചെറിയ വീട്ടില്‍ അയാള്‍ താമസിച്ചു. തൊഴിലിടങ്ങളിലായതുകൊണ്ട് മിക്കവാറും സമയം അയാള്‍ അവിടെയുണ്ടാവുകയില്ല.

പലതരം തൊഴിലുകളില്‍ ഏര്‍പ്പെട്ട് ഒറ്റപ്പെട്ട തന്‍റെ ജീവിതം അയാള്‍ മുന്നോട്ടു കൊണ്ടുപോയി. അയാളെ കൃഷിയിടങ്ങളില്‍ ഉഴവുന്നതും നടുന്നതും കളപറിക്കുന്നതും കൊയ്യുന്നതുമായ നിരവധി തൊഴിലുകളില്‍ കാണാം. അല്ലെങ്കില്‍ കുളങ്ങളിലും നദിയിലും മീന്‍പിടിക്കുകയാവാം. നാട്ടില്‍ വിവാഹങ്ങളോ മറ്റോ വരുമ്പോള്‍ പാചകത്തിനായി അയാളെയാണ് വിളിക്കുക. വിരുന്നുകള്‍ കഴിഞ്ഞുവരുമ്പോള്‍ ദാദ വീട്ടിലേക്ക് ഭക്ഷണം പകര്‍ന്നു കൊണ്ടുവന്നു തരും. വിശപ്പു മാറിയിരുന്നു എന്നു തോന്നിച്ചിരുന്നത് അത്തരം ദിവസങ്ങളില്‍ മാത്രമായിരുന്നു.അദ്ദേഹത്തിന്‍റെ പേര് ശ്യാമള്‍. ശ്യാമള്‍ ദാ എന്നു ഞങ്ങള്‍ വിളിച്ചിരുന്ന ശ്യാമള്‍ ബറുവ.

(തുടരും)

Tags:    
News Summary - weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 06:00 GMT
access_time 2024-11-25 05:45 GMT
access_time 2024-11-18 04:15 GMT