104
രാവിലെ മഠത്തിലെത്താമെന്ന് പറഞ്ഞിരുന്നെങ്കിലും മേടയിലെ തിരക്കുകൾ കാരണം മാമ്പള്ളിയച്ചന് ഉച്ചകഴിഞ്ഞേ പള്ളിയിൽനിന്ന് ഇറങ്ങാനായുള്ളൂ. ഞാറക്കടവു പാലത്തിലെത്തുമ്പോഴേക്കും നല്ല മഴ.
“ശ്രദ്ധിച്ച് ഓടിക്കണേ.”
ഇടക്കിടെ അച്ചനത് ഓർമപ്പെടുത്തിക്കൊണ്ടിരുന്നു.
ഗേറ്റിലേക്ക് എത്തിയ വണ്ടിയുടെ ഹോൺ കേട്ട് ലൂസി സിസ്റ്റർ കുടയുമായി വേഗം മുറ്റത്തേക്ക് ഇറങ്ങി. ഡോർ തുറക്കുന്നതിനിടെ ചരിഞ്ഞുപോയ കുടയിലെ വെള്ളം അച്ചന്റെ ളോവ നനച്ചു. നിർത്താതെ സോറി പറഞ്ഞുകൊണ്ടിരുന്ന സിസ്റ്ററിന്റെ വെപ്രാളം. അച്ചൻ ചിരിച്ചു.
“സാരമില്ല. കുടയിങ്ങ് താ, ഞാൻ പിടിക്കാം.”
ലൂസി സിസ്റ്ററിനെയും ചേർത്തുപിടിച്ച് ഒരു കുടക്കീഴിലുള്ള അച്ചന്റെ വരവ് കണ്ടുനിന്ന ഇരട്ടസഹോദരിമാരായ സിസ്റ്റർമാർക്ക് കലിവന്നു.
“ഇവളെന്തായീ കാട്ടുന്നത്...”
തോളിലമർന്ന അച്ചന്റെ കൈ തന്റെ ഹൃദയത്തെ തൊടുന്നപോലെ ലൂസി സിസ്റ്ററിനു തോന്നി.
നടക്കുന്നതിനിടയിലും അച്ചൻ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു.
‘‘ഞാനും നേരേ ഇളയ അനിയത്തി ജൂണയും വീടിനടുത്തുള്ള ലൊറേറ്റോ സ്കൂളിലാണ് പഠിച്ചിരുന്നത്. ചേമ്പിലയുമായി മഴയത്തു പോകുന്ന കാലം. സിലോണിൽനിന്നു വന്ന ഞങ്ങളുടെ ഒരകന്ന അങ്കിൾ അക്കൊല്ലമൊരു കുടയാണ് അപ്പച്ചനു കൊടുത്തത്. നാട്ടിലെത്തിയ ആദ്യത്തെ ശീലക്കുടയായിരുന്നു അത്. ജൂണക്ക് കുടയും ചൂടി സ്കൂളിൽ പോകണമെന്നു വല്യ ആശ. അക്കാലത്ത് പ്രമാണിത്തത്തിന്റെ അടയാളം കൂടിയായിരുന്നു കുട. അവളെത്ര കരഞ്ഞിട്ടും സ്കൂളിലത് കൊണ്ടുപോകാൻ അമ്മച്ചി സമ്മതിച്ചില്ല. മഴക്കാലം തീരുന്നതിനു മുന്നേ ജ്വരം കടുത്ത് അവളു പോയി. മാലാഖച്ചിറകുവെച്ച അവളുടെ കുഞ്ഞുശവപ്പെട്ടിക്കു മീതെ മഴവെള്ളം വീഴാതിരിക്കാൻ ശീലക്കുട ഉയർത്തിപ്പിടിക്കുമ്പോഴുള്ള അമ്മച്ചിയുടെ കരച്ചിൽ പട്ടം കിട്ടിയിട്ടും എന്റെ കാതിൽനിന്നു പോയിട്ടില്ല. മഴ പെയ്യുമ്പോഴൊക്കെ ഞാനതെല്ലാം ഓർക്കും.’’
ലൂസി സിസ്റ്ററിന്റെ കണ്ണു നിറഞ്ഞു.
‘‘എന്റെ ജൂണയുടെ ഛായയാ സിസ്റ്ററിന്.’’
കുട തിരിച്ചുകൊടുത്തിട്ട് അച്ചൻ പാർലറിലേക്ക് കയറി. കുറച്ചുനേരം മദറിനോട് സംസാരിച്ചിട്ട് ഭക്ഷണം കഴിക്കാൻ എഴുന്നേറ്റു. ഇഷ്ടവിഭവമായ കുരുമുളകു തൂവിയ ബുൾസൈ തീൻമേശയിൽ കണ്ടിട്ടും അച്ചൻ അലസമായി സ്പൂണും ഫോർക്കുമെടുത്തു.
‘‘എന്നാ പറ്റിയച്ചാ... കഴിക്ക്.’’
‘‘ഇതൊന്നും പാടില്ലെന്നാ ഡോക്ടറുടെ കൽപന. ശരീരത്തിനുള്ളിൽ പണിയെടുക്കുന്നവരൊക്കെ മടി കാണിച്ചു തുടങ്ങി മദറേ.’’
നെഞ്ചുവേദന വന്ന് മിഷൻ ആശുപത്രിയിൽ പോയതും ഹാർട്ടിനു പ്രശ്നമുള്ളതും പറഞ്ഞുകൊണ്ടു അച്ചൻ സാവധാനം ഭക്ഷണം കഴിക്കാൻ തുടങ്ങി.
“ആരോടും പറയണ്ട. ധ്യാനപട്ടക്കാരനെ ആശുപത്രിയിൽ കിടത്തിയെന്ന് അറിഞ്ഞാൽ... അതുമതി ചിലർക്ക് സെലിബ്രേറ്റ് ചെയ്യാൻ.”
എണ്ണയിൽ നന്നായി മൂപ്പിച്ച് തേങ്ങാക്കൊത്തും ചേർത്ത ബീഫ്ഫ്രൈ മദർ സങ്കടത്തോടെ മേശപ്പുറത്തുനിന്നെടുത്തു.
‘‘അതവിടെ ഇരുന്നോട്ടെ. നമ്മൾ ഇതൊക്കെ കഴിച്ചാലും ഇല്ലേലും കർത്താവു വിളിക്കുമ്പോൾ തിരിച്ചുപോണം.’’
‘‘എന്നാലും സൂക്ഷിക്കണേ അച്ചാ.’’
105
ഭക്ഷണം കഴിഞ്ഞ് മീറ്റിങ്ങിനെത്തുമ്പോൾ ലൂസി സിസ്റ്ററിന്റെ കണ്ണുനിറയുന്നത് മാമ്പള്ളിയച്ചൻ കണ്ടു. ആബേലമ്മയെ ദൈവദാസിയാക്കാൻ വിളിച്ചുകൂട്ടിയ എക്സിക്യൂട്ടിവ് മീറ്റിങ് പതിവിലും നേരത്തേ കഴിഞ്ഞെങ്കിലും മേബിൾ സിസ്റ്റർ എഴുതിയ അവരുടെ ജീവചരിത്രത്തിന്റെ കൈയെഴുത്തു പ്രതി വായിച്ചു തീർന്നപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. സഭയുടെ ഡിജിറ്റൽ പ്രസിൽ പുസ്തകം പ്രിന്റ് ചെയ്യുന്ന കാര്യവും അതിന്റെ പ്രമോഷനുമൊക്കെ ജോസഫൈനെ ഏൽപിക്കാൻ തീരുമാനിച്ചു. കുരിശുമണി കേട്ട് എല്ലാവരും എഴുന്നേറ്റ് കർത്താവിന്റെ മാലാഖ ചൊല്ലി സ്തുതിപറഞ്ഞു. അച്ചൻ മേബിൾ സിസ്റ്ററിനെ അടുത്തേക്ക് വിളിച്ചു.
‘‘നല്ല ഭാഷ. മേബിളിത് നന്നായി എഴുതിയിട്ടുണ്ട്. ടൈറ്റിൽ ‘എളിയവരുടെ വഴി’ വേണ്ട. പകരം ‘അബലകളുടെ അമ്മ’ എന്നുമതി. ആ വിഷയത്തിലാണല്ലോ ആബേലമ്മയെ നമ്മൾ ഫോക്കസ് ചെയ്യുന്നത്. ഇതിൽ കുറച്ചു കാര്യങ്ങൾകൂടി ചേർക്കണം. ബാല്യം വിവരിക്കുമ്പോൾ പ്രാർഥനയും ഭക്തിയും നിറഞ്ഞ കുട്ടിയായിരുന്നു എന്നുമാത്രം പോരാ. കുഞ്ഞിലേ മുതൽ ദൈവംകൂടെ ഉണ്ടായിരുന്നുവെന്ന് വായനക്കാരന് തോന്നുന്ന ചില സംഭവങ്ങൾകൂടി ചേർക്കണം. സ്കൂളിൽനിന്നും വരുന്നവഴി ഒരു കുഷ്ഠരോഗി ഉണ്ടായിരുന്നുവെന്നും, ഉച്ചക്കു കഴിക്കാൻ കൊടുത്തുവിടുന്ന ഭക്ഷണം ആബേലമ്മ കഴിക്കാതെ അയാൾക്കു കൊടുത്തിരുന്നുവെന്നോ... ചട്ടമ്പി പിള്ളേർ കാലെറിഞ്ഞ് ഒടിച്ച തെരുവുപട്ടിയെ വീട്ടിൽ കൊണ്ടുവന്ന് ശുശ്രൂഷ ചെയ്തെന്നോ... അങ്ങനെയെന്തെങ്കിലും കാരുണ്യപ്രവൃത്തികൾ ആബേലമ്മയുടെ ബാല്യവിവരണങ്ങളിൽനിന്ന് വിട്ടുപോകാതെ ശ്രദ്ധിക്കണം.
പിന്നെ മറക്കാതെ എഴുതിച്ചേർക്കേണ്ടത് ദൈവമാതാവോ പുണ്യാളൻമാരോ കുഞ്ഞിലേ മുതൽ ആബേലമ്മക്കു പ്രത്യക്ഷപ്പെട്ട വിവരണമാണ്. മാതാവാണ് പ്രത്യക്ഷപ്പെട്ടതെങ്കിൽ മുല്ലപൂത്ത മണത്തിന്റേയോ കുന്തിരിക്കത്തിന്റേയോ ആംബിയൻസ് വേണം. ജീവിച്ചിരിക്കെ ആബേലമ്മ തൊട്ടു സുഖപ്പെടുത്തിയ ഒന്നു രണ്ടു കഥാപാത്രങ്ങളെ ഇതിൽ ഉൾപ്പെടുത്തണം. കൃത്യം സ്ഥലവും വീടുമൊന്നും പറയേണ്ട. ആരെങ്കിലും വാലും തുമ്പുമൊക്കെ അന്വേഷിച്ചാൽ അതൊക്കെ പിന്നീടുള്ള സഭാവിചാരണകളിൽ കുഴപ്പമാവും.’’
ലൂസി സിസ്റ്റർ കൊണ്ടുവന്ന ചൂട് കരിങ്ങാലിവെള്ളം കുടിച്ചിട്ട് അച്ചൻ തുടർന്നു.
‘‘ഒരു വിശുദ്ധ അല്ലെങ്കിൽ വിശുദ്ധൻ ആവണമെങ്കിൽ അവർക്ക് മനുഷ്യരോടെന്നപോലെ പക്ഷിമൃഗാദികളോടും സസ്യലതാദികളോടും അനുകമ്പയും സ്നേഹവുമുണ്ടായിരിക്കണം. ദൈവസ്നേഹവും പരസ്നേഹവും വേണം. വിശുദ്ധനാക്കാനുള്ള നാമകരണ നടപടികളിൽ ഈ വ്യക്തി പ്രകൃതിയോടും മനുഷ്യരോടും ഇണങ്ങിയാണോ ജീവിച്ചിരുന്നത് എന്നതിനെ അടിസ്ഥാനമാക്കി പത്തിരുപത് ചോദ്യങ്ങളുണ്ടാവും. ഉത്തരങ്ങളും തെളിവുകളും മനസ്സിൽ കണ്ടുവേണം നമ്മൾ അവരെക്കുറിച്ച് എഴുതേണ്ടത്. അതൊക്കെ പരിശോധിച്ച് ബോധ്യപ്പെടുന്ന കമ്മിറ്റിയാണ് അവരെ വിശുദ്ധയാക്കാമെന്നുള്ള ശുപാർശ റോമിലേക്ക് അയക്കുന്നത്.
സ്കൂൾ കുട്ടികളുടെ ഓണപ്പരീക്ഷപോലെയാണത്. വിശ്വസിക്കാവുന്ന രീതിയിലുള്ള സംഭവങ്ങളും അതിന്റെയൊക്കെ സോളിഡ് എവിഡൻസുമുണ്ടെങ്കിലേ നാമകരണചടങ്ങിൽ മാർക്ക് കൂടുകയുള്ളൂ. അതനുസരിച്ചാണ് ദൈവദാസർ വിശുദ്ധിയുടെ പടവുകൾ ഓരോന്നായി കയറുന്നത്. പറയുന്നതൊക്കെ തെളിവുകളോടെ റോമിലുള്ളവർക്കും ബോധ്യമാവണം. ഞാനീ പറഞ്ഞതൊന്നും ആരും പുറത്തുപറയരുത്. അങ്ങനെ ചെയ്യുന്നവർ നൂറ്റാണ്ടുകളോളം വേരുപിടിച്ചു പടർന്നുനിൽക്കുന്ന മഹാവൃക്ഷത്തിന്റെ ചുവട്ടിലാണ് കോടാലി വെക്കുന്നതെന്ന് ഓർക്കണം. കെടാത്ത അഗ്നിയുള്ള നിത്യനരകമാണ് ശിക്ഷ.’’
അച്ചനങ്ങനെ പറഞ്ഞവസാനിപ്പിച്ചതും മേബിൾ അടുത്തേക്ക് ചെന്നു സ്വരം താഴ്ത്തി.
‘‘ആബേലമ്മയുടെ കുഞ്ഞിലേയുള്ള കാര്യങ്ങൾ അറിയുന്നവർ ആരും ജീവിച്ചിരിപ്പില്ലച്ചാ. എനിക്ക് വയ്യ നുണ എഴുതി പിടിപ്പിക്കാൻ.’’
‘‘സിസ്റ്റർ ഒരിക്കലും നുണ എഴുതരുത്. അറിയപ്പെടാത്ത ഒരു കാലത്തെ പകർത്തുമ്പോൾ നമ്മൾ സാധ്യതകൾക്കാണ് മുൻഗണന കൊടുക്കുന്നത്. ആബേലമ്മയുടെ അറിയപ്പെടുന്ന ജീവിതം പഠിച്ചിട്ട് അവരുടെ ബാല്യകാല ജീവിതത്തിൽ എന്തെല്ലാം ചെയ്തിരിക്കാമെന്ന് കണ്ടെത്തി എഴുതണം. സാഹിത്യകാരൻ അതിനു ഭാവന എന്നു പറയും. സഭയിലുള്ളവർ എഴുതുന്നതിനെ ആത്മാവിന്റെ വെളിപാടെന്നും. അതൊരിക്കലും നുണയെന്ന് ആരും പറയില്ല സിസ്റ്ററേ. നമ്മുടെ എല്ലാ പുസ്തകങ്ങളും ആത്മാവിനാൽ നിറയുന്ന വാക്കിന്റെ കടൽ കടഞ്ഞാണ് എഴുതപ്പെട്ടത്.”
അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അച്ചനൊരു അണപ്പ്. പറഞ്ഞതിൽ എന്തെങ്കിലും പിഴവു പറ്റിയോ. കുർബാനമുറിയിലേക്ക് കയറി. ഇടംഭാഗത്തുള്ള കള്ളനോട് എന്തൊക്കെയോ സംസാരിച്ചു നിന്നവൻ തല ചരിച്ചതുപോലെ അച്ചനെ തോന്നി.
“എഴുതപ്പെട്ടതെല്ലാം നടക്കാൻ സാധ്യതയുള്ളവയുടെ വിവരണങ്ങളാണ്.’’
ഒരു മുഴക്കംപോലെ കേട്ട വാക്കുകളുടെ തണുപ്പിൽ അച്ചൻ മഠത്തിന്റെ പടിയിറങ്ങി.
106
അച്ചൻ പറഞ്ഞതുപോലെ വിശുദ്ധരുടെയും മഹാൻമാരുടെയും ജീവചരിത്രങ്ങൾ മേബിൾ സിസ്റ്റർ വായിക്കാൻ തുടങ്ങി. രാത്രിയിലാണ് വായന. ചിലപ്പോൾ നേരം വെളുക്കുവോളം അതു നീണ്ടുപോകും. വിശുദ്ധരുടെ ബാല്യവിവരണങ്ങളിലെ സമാനതകൾ സിസ്റ്ററിനെ അത്ഭുതപ്പെടുത്തി.
അസാധാരണമായ ബാല്യമാണ് ഒട്ടുമിക്കവർക്കും. ചിലർക്ക് മാതാവാണെങ്കിൽ മറ്റു ചിലർക്ക് ക്രിസ്തുതന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. കുട്ടിക്കാലത്ത് അവർ പാവങ്ങളെ സഹായിക്കുന്നു. പക്ഷിമൃഗാദികളെ അകമഴിഞ്ഞു സ്നേഹിക്കുന്നു. ചിലർക്ക് സകല ജീവജാലങ്ങളോടും സംസാരിക്കാനുള്ള കഴിവുണ്ട്. ചിലർ തൊട്ടാൽ ആളുകളുടെ അസുഖം മാറും. ഒരേ സമയംതന്നെ രണ്ടും മൂന്നും സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള കഴിവുള്ളവർ. ശരീരത്തിൽ ഉണങ്ങാത്ത വ്രണങ്ങൾ ഉള്ളവർ. എല്ലാവരുടെയും മരണമൊഴികൾക്കും സമാനതകൾ. മിക്കവരുടെയും അന്ത്യമൊഴി ബൈബിൾ വചനങ്ങൾപോലെയുള്ള ചില വാക്യങ്ങളാണ്.
‘‘അനസ്താസി സിസ്റ്ററേ എനിക്ക് വയറ്റീ നൊമ്പരം. ഞാനിപ്പോ ചാകുവേ.’’
മരിക്കുംവരെ ആബേലമ്മ അതുതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. മലയിലെ മഠത്തിലുണ്ടായിരുന്ന അനസ്താസി സിസ്റ്ററാണ് അപ്പോഴൊക്കെ ആബേലമ്മയെ ആശ്വസിപ്പിച്ചിരുന്നത്. അന്ത്യനേരത്ത് വയറു തടവിക്കൊടുത്ത അനസ്താസിയെയും വേദന അനുഭവിച്ച ആബേലമ്മയെയും മേബിൾ ചരിത്രത്തിൽനിന്നു വെട്ടി. മാമ്പള്ളിയച്ചൻ പറഞ്ഞതുപോലെ ആത്മാവിന്റെ വെളിപാടുപോലെ അവർ ആബേലമ്മയുടെ മരണം എഴുതാൻ പേനയെടുത്തു.
ഒന്നു മടിച്ചുനിന്ന തൂലിക ശവവണ്ടിപോലെ ചലിച്ചുതുടങ്ങി. ഓരോ വാചകവും എഴുതിത്തീരുമ്പോൾ അടുത്തത് അവർക്കായി കാത്തുനിന്നു.
കുരിശുമണി കൊട്ടുന്ന നേരമായിരുന്നു. കർത്താവിന്റെ മാലാഖയും, കൊന്തയും കഴിഞ്ഞു മഠത്തിലുള്ളവരെല്ലാം ആബേലമ്മയുടെ മുറിയിലെത്തി. എന്തോ ഒരു പ്രത്യേക പ്രഭാവലയത്താൽ ആ മുറി നിറഞ്ഞു. കാറ്റിനു മുല്ലപൂത്ത മണം. പെട്ടെന്ന് ആബേലമ്മ കണ്ണുതുറന്നു. ചുറ്റിനും നോക്കി. മദർ സുപ്പീരിയർ ആബേലമ്മയുടെ കട്ടിലിൽ ഇരുന്നു.
‘‘ഞാനെന്റെ കർത്താവിനെ കാണുന്നു.”
ആബേലമ്മയുടെ സന്തോഷം നിറയുന്ന സ്വരം. മുഖത്ത് അതുവരെയില്ലാത്ത ഒരു പ്രകാശം. തൊട്ടടുത്തുനിന്ന കൊച്ചു സിസ്റ്ററിനെ അവർ അടുത്തേക്ക് വിളിച്ചു. കരയാതെ പ്രാർഥിക്കാൻ പറഞ്ഞു. പുറത്തപ്പോൾ കാറ്റ് ശക്തമായി. പോപ്ലാർ ചെടികളിൽ മഞ്ഞുപൊഴിഞ്ഞു.
എഴുതിക്കൊണ്ടിരുന്നതിന്റെ ഭൂമിക മാറിയെന്നു മനസ്സിലായപ്പോൾ മേബിൾ പോപ്ലാർ ചെടിയെയും മഞ്ഞിനെയും വെട്ടി. എഴുത്തു തുടർന്നു.
പുറത്ത് കാറ്റ് ശക്തമായി. പ്രയോർ മാവിലെ പഴുത്തയിലകൾ കൊഴിഞ്ഞുകൊണ്ടിരുന്നു. ആബേലമ്മ കൈകൾ നെഞ്ചിലേക്ക് ചേർത്ത് കൂപ്പിപ്പിടിച്ചു. അവരുടെ ചുണ്ടുകൾ മൃദുവായി ചലിച്ചു.
‘‘എന്റെ കർത്താവേ എന്നെ വിശുദ്ധീകരിച്ച്. അങ്ങേ പക്കലേക്ക് എന്നെ വിളിക്കേണമേ.’’
107
ശരീരമൊരു മടക്കസവാരിക്കുള്ള തിടുക്കം കാട്ടുന്നതായി മാമ്പള്ളിയച്ചനു തോന്നിത്തുടങ്ങി. രാവിലെ എഴുന്നേൽക്കുമ്പോഴുള്ള കൈകാൽ മരവിപ്പ് കൂടുന്നതുപോലെ. കാൽപാദങ്ങളിലെ നീര് ഒരു അപായസൂചനയാണെന്നാണ് മിഷൻ ആശുപത്രിയിലെ ഡോക്ടർ പറയുന്നത്. അങ്ങോട്ടേക്ക് ചെന്നാൽ അവരവിടെ പിടിച്ചു കിടത്തുമെന്നത് ഉറപ്പായിരുന്നു. ചിലപ്പോൾ അതോടെ ഇടവക ഭരണമൊക്കെ അവസാനിപ്പിച്ച് വിശ്രമാലയത്തിൽ ശിഷ്ടജീവിതം നയിക്കേണ്ടി വരും.
ഭൂമിയിലെ ശുദ്ധീകരണസ്ഥലമാണ് പ്രായമായ അച്ചൻമാരുടെ വിശ്രമാലയമെന്നൊരു ഭയം മാമ്പള്ളിയച്ചനുണ്ടായിരുന്നു. കാലം അവിടേക്ക് എത്തിക്കുന്നതോടെ വീതിയേറിയ അരപ്പട്ടകൾ അഴിച്ചുവെക്കേണ്ടി വരുന്ന പുരോഹിതരുടെ ആകുലതകൾ അച്ചൻ നേരിട്ട് കണ്ടിട്ടുണ്ട്. സർവ അധികാരങ്ങളും നഷ്ടപ്പെടുന്നതോടെ വാഴ്ത്താനും സ്തുതിക്കാനും അവിടെ ആരുമുണ്ടാവില്ല. തിരുനാളുകളില്ല. മരണവരമ്പിലേക്ക് ഊർന്നുവീഴുന്നവരുടെ ഞരങ്ങലും വിലാപങ്ങളുമൊെക്കയായി കഷ്ടതകളുടെ ലുത്തിനിയകളാണ് എന്നുമവിടെ. മരണകവാടംതന്നെയാണ് അതിന്റെ ഇരുമ്പുഗേറ്റ്. അതുകടന്ന് ഉള്ളിലേക്ക് കയറുന്നവരെല്ലാം മൃതിയുടെ ലോകത്തിലേക്ക് വിസ്മൃതരാവും.
എന്തിനാണ് ഈ വയസ്സാം കാലത്തും അച്ചനിങ്ങനെ ഡൈയൊക്കെ വാരിപ്പൂശുന്നതെന്ന് അടുപ്പമുള്ളവരൊക്കെ ചോദിക്കും. ആരെയും ആകർഷിക്കാനൊന്നുമല്ല. ചെറുപ്പമായിരിക്കുക, വിശ്രമാലയത്തിലേക്ക് പോകാതെ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കണം. ഇടവകയിലാണെങ്കിൽ ഒന്നു ഇടറിവീണാൽപോലും താങ്ങാൻ ആളുകളുണ്ടാവും. മരണം കൂട്ടിക്കൊണ്ടുപോകാൻ എത്തുംവരെ ഇടവകജനത്തോടൊപ്പം കഴിച്ചുകൂട്ടണം. കാലിന്റെ വലിച്ചിൽ കാര്യമാക്കാതെ മേപ്പാടി മദറിന്റെ ഒറ്റമൂലിയും പുരട്ടി വെളുപ്പിനേയുള്ള സവാരിക്ക് അച്ചൻ പള്ളിമുറ്റത്തേക്കിറങ്ങി. ഒരു ചുറ്റു നടന്നപ്പോഴേക്കും കണ്ണിൽ ഇരുട്ടു നിറയുന്നപോലെ. അണപ്പുമാറാൻ മാതാവിന്റെ ഗ്രോട്ടോയുടെ മുന്നിലിരുന്നു. ചൊല്ലിത്തുടങ്ങിയ കൊന്ത തീരുംമുന്നേ മേബിളും ആലീസും കൂടി ഗേറ്റ് തുറന്ന് അച്ചന്റെ അടുത്തേക്ക് വന്നു. പൂക്കളുമായി അൾത്താര ഒരുക്കാനുള്ള വരവാണ്. ക്ഷീണം മറച്ചുവെച്ച് അച്ചൻ എഴുന്നേറ്റു.
‘‘ഇന്നെല്ലാം വിലകൂടിയ പൂക്കളാണല്ലോ സിസ്റ്ററേ.’’
‘‘ഫിലിപ്പ് മുതലാളിയുടെ വീട്ടീന്ന് കൊടുത്തുവിട്ടതാ. കുറച്ച് അയാളുടെ കല്ലറയിലും വെയ്ക്കണം.’’
“അയാളുടെ അനിയൻ വിദേശത്തുനിന്ന് എത്തിയിട്ടുണ്ട്. വൈകീട്ട് കാണാൻ വരുമ്പോൾ ആബേലമ്മയുടെ മ്യൂസിയത്തിനുവേണ്ടി കുറച്ച് പൈസ ചോദിക്കണം.”
പൂക്കളുമായി ആലീസിനെ അൾത്താരയിലേക്ക് പറഞ്ഞുവിട്ടിട്ട് മേബിൾ സിസ്റ്റർ അച്ചനോടു സംസാരിച്ചു തുടങ്ങി.
‘‘രാത്രി ഉറങ്ങിയിട്ടില്ലച്ചാ. എനിക്കച്ചനോടു ചിലതെല്ലാം പറയാനുണ്ട്.’’
‘‘ടെൻഷനടിക്കേണ്ട സിസ്റ്ററേ. തനിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്ന് വിചാരിക്കുമ്പോഴാണ് നമ്മുടെ പ്രവൃത്തികളൊക്കെ വലിയ ഭാരങ്ങളായി തോന്നുന്നത്. എഴുതുന്നവന്റെ കൂടെ എല്ലായ്പ്പോഴും ദൈവമുണ്ട്. വാക്കാണ് ദൈവം.’’
ഗ്രോട്ടോയിലേക്ക് നോക്കി കുരിശുവരച്ചിട്ട് അച്ചൻ ആയാസപ്പെട്ട് മേടയിലേക്ക് നടന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.