20. ശാന്തിനഗറിന്റെ മറുപിറവി, സൗമിനിയുടെയും
പുതിയൊരു ഊർജത്തോടെയാണ് സൗമിനി നാട്ടിൽനിന്ന് മടങ്ങിയെത്തിയത്. അമ്മയുമായുള്ള തെറ്റിദ്ധാരണകൾ പറഞ്ഞൊതുക്കിയതോടെ ഉള്ളിലെ ഭാരം പാതിയും കുറഞ്ഞുകിട്ടി. തെളിഞ്ഞ മനസ്സോടെ വീണ്ടും ശാന്തിനഗറിലേക്ക്. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള പരസ്യം ഉടനെ വന്നേക്കുമെന്ന് സുഷമാജി സൂചിപ്പിച്ചിരുന്നു. അതുകഴിഞ്ഞാൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വൈകില്ല.
പിറ്റേന്ന് തന്നെ പൂർണിമയുടെ വിളിയും വന്നു.
“എങ്ങനെയിരുന്നു വെക്കേഷനൊക്കെ?”
“നന്നായിരുന്നു. കൊറെക്കാലം കൂടിയിട്ടാണ് പോയത്.’’
“ഏടത്തിയുടെ വരവിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ‘ശാന്തിനഗർ ടൈംസി’ലെ ഞങ്ങളൊക്കെ.”
“എന്തേ വിശേഷിച്ചു?”
“പറയാനുണ്ട് ഒരുപാട്. എന്തായാലും ഇപ്പോൾ ശല്യപ്പെടുത്തുന്നില്ല. ഒക്കെ സെറ്റ് ആയിട്ടു രണ്ടു മൂന്നു ദിവസം കഴിഞ്ഞു വിളിക്കാം.”
“സാരല്ല്യാ, പറഞ്ഞോളൂ. ഞാനിപ്പൊ ഫ്രീയാണ്. കുറച്ചു കഴിഞ്ഞാൽ എനിക്ക് ട്യൂഷൻ ക്ലാസുകളുടെ തെരക്കാവും.” പിന്നീട് പലതും പറയാനുണ്ടായിരുന്നു പൂർണിമക്ക്.
ശാന്തിനഗർ മുനിസിപ്പാലിറ്റിയുടെ ഭരണം ആകെ കുഴഞ്ഞു കിടക്കുന്ന ഒരു കാലമുണ്ടായിരുന്നു. കൊടികളും കുപ്പായങ്ങളും മാറിമാറി വന്നിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു പുരോഗതിയും കാണാനായില്ല. വേനൽക്കാലങ്ങളിൽ നിലക്കാത്ത കുടിവെള്ള ക്ഷാമം. മഴക്കാലത്താണെങ്കിൽ അഴുക്കുചാലുകളിൽനിന്ന് നിരത്തുകളിലേക്ക് ഒഴുകിയിറങ്ങുന്ന മലിനജലം. മാലിന്യക്കൂമ്പാരങ്ങൾ മുക്കിലും മൂലയിലും കുന്നുകൂടിക്കൊണ്ടിരുന്നപ്പോൾ കേട്ടറിവില്ലാത്ത രോഗങ്ങളുടെ ആഘോഷമായി. അതേസമയം, അധികം ആഴമില്ലാത്ത ചക്കരക്കുടത്തിലെ കൈയിട്ട് വാരൽ തുടർന്നുകൊണ്ടേയിരുന്നു. ഈ ചുറ്റുപാടിൽ പൊറുതിമുട്ടിയ ജനം ഒരു മാറ്റത്തിനായി കൊതിച്ചത് സ്വാഭാവികം.
ഇവയെല്ലാം അക്കമിട്ട് നിരത്തി പൊതുസമൂഹത്തിൽ ഒരു അലയിളക്കം ഉണ്ടാക്കാനായി ആദ്യം മുന്നോട്ടുവന്നത് ‘ശാന്തിനഗർ ടൈംസ്’ ആയിരുന്നത്രെ. അക്കാലത്തു തുടർച്ചയായി വന്നുകൊണ്ടിരുന്ന പൂർണിമയുടെ പരമ്പര വളരെ വേഗം ഹിറ്റായി. അത്തരമൊരു ചുറ്റുപാടിലാണ് സുഷമാജി രംഗത്ത് വരുന്നത്. അതോടെ, മടുത്തു പിന്മാറിയിരുന്ന പലരും ഒപ്പം കൂടി. പേരെടുത്ത ഒരു കോളേജ് പ്രൊഫസർ. ഒരു എൻ.ജി.ഒയുമായി ചേർന്ന മികച്ച പ്രവർത്തനം. അങ്ങനെ എല്ലാംകൊണ്ടും നല്ലൊരു വരവായിരുന്നു സുഷമാജിയുടേത്. അതുതന്നെ പലരുടെയും നിർബന്ധംകൊണ്ടു മാത്രം.
പേക്ഷ, അവരുടെ കാലാവധി പാതിയായപ്പോഴേക്കും ഇതൊരു കോർപറേഷനായി. അതോടെ കളി മാറുമെന്ന് വ്യക്തമായി. കോർപറേഷൻ ആകുന്നതോടെ അടുത്തുള്ള മുനിസിപ്പാലിറ്റികളിലെ ചില പ്രധാന പ്രദേശങ്ങളും ഇങ്ങോട്ടു പോരും. കൂട്ടത്തിൽ കാര്യമായ നികുതി വരുമാനം കൊണ്ടുവരുന്ന വ്യവസായ, വാണിജ്യ സ്ഥാപനങ്ങളും. ശാന്തിനഗർ പ്രധാനമായും പാർപ്പിട മേഖലയായതുകൊണ്ട് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളെല്ലാം കുറച്ചു ദൂരെ അടുത്ത മുനിസിപ്പാലിറ്റിയിലാണ്. ചുരുക്കത്തിൽ പുതിയ ശാന്തിനഗർ കോർപറേഷന്റെ വരുമാനം കൂടുന്നതുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ കള്ളനോട്ടം ഇങ്ങോട്ടും വീഴുമെന്ന് തീർച്ച. ഇതെല്ലാം വിവരിച്ചശേഷം തന്റെ അടുത്ത നീക്കം അവതരിപ്പിക്കുകയായിരുന്നു പൂർണിമ.
“ഇത്തരം ചുറ്റുപാടിൽ ഒരുപക്ഷേ സൗമിനി ഏടത്തിക്കും ഈ രംഗത്തേക്ക് ഇറങ്ങേണ്ടിവന്നേക്കും. കറപുരളാത്ത പ്രതിച്ഛായ ഉള്ളവരെ തേടുമ്പോൾ സുഷമാജിയുടെ മനസ്സിൽ ആദ്യം കടന്നുവന്ന പേര് ടീച്ചറുടേത് ആണത്രേ.”
“എന്നോടും ചെലതൊക്കെ സൂചിപ്പിച്ചിരുന്നു അവർ. പക്ഷേ എനിക്ക് മനസ്സിലാവാത്തത് ഒന്നുമാത്രം. നിങ്ങൾ പറയണപോലെ വെടിപ്പുള്ള ഉടുപ്പുകളാണ് എനിക്കുള്ളതെങ്കിൽ പ്രായം ഇത്രേം കഴിഞ്ഞിട്ട് ഇപ്പോൾ എന്തിനതിൽ ചെളിയാക്കണം?”
“ഇത് കേട്ടപ്പോൾ ഞങ്ങളുടെ ചീഫ് നിർമൽദായുടെ ചില വാക്കുകളാണ് ഓർമവരുന്നത്. മഴക്കാലത്തു അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞുപോകുന്ന വണ്ടികൾ വസ്ത്രങ്ങളിൽ ചെളിവെള്ളം വീഴ്ത്തുമെന്ന് പേടിച്ചു നിരത്തിലേക്ക് ഇറങ്ങാൻ മടിക്കുന്നത് അബദ്ധമാണെന്ന് അദ്ദേഹം ആവർത്തിക്കാറുണ്ട്. പൊതുരംഗത്തു പ്രവർത്തിക്കുന്നവർ അത്തരം ചെളിവെള്ളങ്ങളെ കാത്തേ പറ്റൂ. പ്രകൃതി മഴക്കാലങ്ങളിൽ തിമർത്താടുമ്പോൾ ചൂടിൽ പൊരിഞ്ഞവർക്ക് എങ്ങനെ അതിൽനിന്ന് മാറിനിൽക്കാൻ കഴിയും?”
കോളേജിൽനിന്ന് ഇറങ്ങിയ ശേഷം പത്രപ്രവർത്തനത്തിൽ കമ്പം കയറി വന്നെത്തിയ ചെറുപ്പക്കാരിൽനിന്ന് ചീഫ് തെരഞ്ഞെടുത്ത മൂന്നുപേരിൽ ഒരേയൊരു പെൺകുട്ടിയായിരുന്നത്രെ പൂർണിമ. അടുത്തുള്ള ഒരു കുഗ്രാമത്തിൽനിന്ന് ചേക്കേറിയ അവൾക്ക് ആ പട്ടണം ശരിക്കുമൊരു വൻകടൽ ആയിരുന്നു. വേഷത്തിലും പെരുമാറ്റത്തിലും തനി ‘ദേഹാത്തി’യായ (നാട്ടിൻപുറത്തുകാരി) അവൾ എങ്ങനെ തെരഞ്ഞെടുക്കപ്പെട്ടുവെന്ന അതിശയമായിരുന്നു പലർക്കും. പക്ഷേ, ഇത്തരം കാര്യങ്ങളിൽ ദാദായുടെ കണ്ടെത്തൽ ഒരിക്കലും തെറ്റാറില്ലെന്നു അവർക്കറിയാമായിരുന്നു. അവളുടെ കണ്ണുകളിലെ ആ തീയാണ് തന്നെ ആകർഷിച്ചതെന്നു അദ്ദേഹം പിന്നീട് സമ്മതിച്ചിട്ടുണ്ടത്രെ. പുതിയത് എന്തിനോടുമുള്ള ദാഹം.
“കളിമണ്ണിന്റെ ഗുണംപോലെയിരിക്കും ശിൽപത്തിന്റെ രൂപവും ഭാവവും…” അദ്ദേഹം കൂട്ടിച്ചേർക്കാറുണ്ട്.
ശാന്തിനഗർ മുനിസിപ്പാലിറ്റിയിലെ അഴിമതികളെയും, കെടുകാര്യസ്ഥതയെയും പറ്റിയുള്ള പുതിയ പരമ്പരക്കായി നിർമൽദാ പൂർണിമയെ ചുമതലപ്പെടുത്തിയപ്പോൾ മുതിർന്നവർ ചൊടിച്ചത് സ്വാഭാവികം. പല പ്രമാണികളെയും നോവിക്കാൻ സാധ്യതയുള്ള ആ അപകട മേഖലയിലേക്ക് തുനിഞ്ഞിറങ്ങുക അത്രക്ക് എളുപ്പമാവില്ല ഒരു തുടക്കക്കാരിക്ക്. ആവേശത്തിന് കുറവില്ലെങ്കിലും ചെറിയൊരു പേടിയുണ്ടായിരുന്നു അവൾക്കും. അപ്പോഴാണ് മഴക്കാലത്തെ ചെളിവെള്ളത്തെപ്പറ്റി ദാദാ ഓർമിപ്പിച്ചത്. പൊതുരംഗത്ത് ഇറങ്ങുന്നവർക്കാർക്കും മഴക്കാലത്തിന്റെ വികൃതികളിൽനിന്ന് വഴുതിമാറാനാവില്ലല്ലോ, അദ്ദേഹം ധൈര്യം കൊടുത്തു.
ഒരുകാലത്ത് ബൂട്ട് കെട്ടി കൊൽക്കത്തയിലെ പുൽമൈതാനങ്ങളെ ഉണർത്തിയിരുന്ന ഫുട്ബാൾ പ്രാന്തനായിരുന്നു നിർമൽദാ. പ്രമുഖ ദേശീയ താരങ്ങളായിരുന്ന പി.കെ. ബാനർജിയുടെയും ചുനി ഗോസ്വാമിയുടെയും പരിചയക്കാരൻ. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർട്ടിങ് തുടങ്ങിയ മുന്തിയ ക്ലബുകളുടെ പഴയകാല ചരിത്രം അവതരിപ്പിക്കുന്നതിലൂടെ നിർമൽദാ നഗരത്തിലെ മികച്ച സ്പോർട്സ് ലേഖകനായി. ഒരു പ്രമുഖ പത്രത്തിന്റെ പ്രതിനിധിയായി ഒരു ഏഷ്യാഡിലും ചെന്നെത്തി. പിന്നീട് പൊതുസമൂഹത്തെ ആഴത്തിൽ സ്പർശിക്കുന്ന സാമൂഹിക വിഷയങ്ങളെ കൈകാര്യം ചെയ്യാതെ വയ്യെന്ന തിരിച്ചറിവോടെ കളിത്തട്ട് മാറ്റി. അങ്ങനെ ചില വലിയ നഗരങ്ങളിലെ വലിയ പത്രങ്ങളിൽ പ്രവർത്തിച്ചെങ്കിലും മടുത്തതോടെ അവിടന്നും മാറി…
ഒടുവിൽ ഇവിടെ, ഈ ചെറിയ നഗരത്തിലെ ചെറിയ പത്രത്തിൽ. അതിൽ അതിശയമില്ല പൂർണിമക്ക്. അതാണത്രേ നിർമൽദാ എന്ന പച്ച മനുഷ്യൻ. അഴുക്കുചാലുകൾ വൻ നഗരങ്ങളിൽ മാത്രമല്ലല്ലോ. അതൊക്കെ, കണ്ടെത്താനായില്ലെങ്കിൽ എന്തു പത്രക്കാരൻ, ദാദാ പറയാറുണ്ടത്രെ. അദ്ദേഹത്തിന്റെ മനസ്സിന്റെ ഉള്ളറകളിലേക്ക് കുറച്ചെങ്കിലും കടന്നുചെല്ലാൻ പ്രിയ ശിഷ്യയായ തനിക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നതിൽ വലിയ അഭിമാനമുണ്ട് അവൾക്ക്.
ഗുരുവായ നിർമൽദായെപ്പറ്റി എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല പൂർണിമക്ക്. വായിച്ചു തീരാത്ത മഹാഗ്രന്ഥം. ആർക്കും കുരുക്കഴിക്കാനാവാത്ത വ്യക്തിത്വം. തന്നെപ്പറ്റി ഏറ്റവും കുറച്ചു അറിയാവുന്നത് തനിക്ക് തന്നെയെന്നു സമ്മതിക്കാറുണ്ടത്രെ അദ്ദേഹം. കിഴക്കൻ ബംഗാളിന്റെ വിമോചനത്തിന് മുമ്പേ ചെറിയ പ്രായത്തിൽ പലായനം ചെയ്ത കൂട്ടത്തിൽപ്പെട്ടയാൾക്ക് അച്ഛനമ്മമാരെ പറ്റി കാര്യമായ ഓർമകളില്ല. ആരൊക്കെയോ കണ്ടെത്തി വളർത്തി. ആരൊക്കെയോ അച്ഛനമ്മമാരായി. അതിൽ ഖേദമില്ല അദ്ദേഹത്തിന്. മുലകുടിച്ചു വളരാത്ത കുട്ടിക്ക് കെട്ടുപാടുകളെന്തിന്? അങ്ങനെ സൗഹൃദങ്ങൾ നന്നെ കുറവ്. നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്കുള്ള കൂടുമാറ്റങ്ങളിൽ ആരുടെയും വിലാസങ്ങളും ഫോൺ നമ്പറുകളും സൂക്ഷിച്ചുവെക്കാറില്ല.
ഒരു പെൺകൂട്ട് വേണമെന്നും ഒരിക്കലും തോന്നിയിട്ടില്ലത്രെ. തന്നെത്തന്നെ സഹിക്കാൻ പറ്റാത്തതുകൊണ്ട് ഒരു പെണ്ണിനെ കഷ്ടപ്പെടുത്താൻ വയ്യ. ഓരോ കാലത്തായി ചിലരൊക്കെ അടുത്തുകൂടാൻ നോക്കിയെങ്കിലും അവരെയൊന്നും വേണ്ടതിലേറെ അടുപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഇപ്പോൾ ആകെക്കൂടി ശേഷിച്ചിരിക്കുന്നത് അവിടവിടെയായി ചിതറിക്കിടക്കുന്ന കുറെ ആരാധകർ മാത്രം. കുന്തമുനപോലെ തുളച്ചുകയറുന്ന ആ കുറിപ്പുകൾക്കായി വിദേശങ്ങളിൽപോലും കാത്തിരിക്കുന്ന ചില ആരാധകർ. അതിലെ അവസാനത്തെ ‘വാലറ്റം’ പലപ്പോഴും പ്രവചനാത്മകമാകാറുണ്ട്. “ദസ് സ്പേക് നിർമൽദാ.” ആരെയും മുറിപ്പെടുത്താൻ മടിയില്ലാത്ത തുറന്നെഴുത്തുകൾ. ആരാധകരിൽ ബംഗാളികൾ നന്നെ കുറവെന്നത് ശ്രദ്ധേയം. അന്തംവിട്ടിരിക്കുകയാണ് സൗമിനിയും പാർവതിയും. ഒടുവിൽ പാർവതി തൊണ്ടയനക്കി.
“അതിനർഥം ഇനി ഒരു കാലത്ത് അദ്ദേഹം ഈ കൂടും വിട്ടു പറന്നുപോകുമെന്നാണോ?”
“എന്താ സംശയം?”
“അപ്പോൾ?”
“ഇവിടെയുള്ളവരെയെല്ലാം മറക്കുമെന്ന് തന്നെ, അടുപ്പമുള്ള എന്നെയടക്കം!”
“എന്തൊരു വിചിത്ര മനുഷ്യൻ!” സൗമിനി പറഞ്ഞു.
“അതെയതെ. സഞ്ചരിക്കുന്ന വിജ്ഞാനകോശം എന്നാണ് പലരും പറയാറ്. ലോകരാഷ്ട്രീയവും ചരിത്രവും തൊട്ട് കലയും സംഗീതവുമെല്ലാം വഴങ്ങും മൂപ്പർക്ക്. സത്യജിത് റായിയുടെയും ഘട്ടക്കിന്റെയും സിനിമകളുടെ ആരാധകൻ. പ്രായമിത്രയായിട്ടും മങ്ങാത്ത അദ്ദേഹത്തിന്റെ ഓർമശക്തി ഞങ്ങളെയൊക്കെ അതിശയിപ്പിച്ചിട്ടുണ്ട്… ഒരിക്കൽ ഏടത്തി അദ്ദേഹത്തെയൊന്നു കാണണം, പരിചയപ്പെടണം.”
സൗമിനി ഒന്നു മടിച്ചെങ്കിലും ആ അവസരം കൈവിടാൻ തയാറാകാതെ പാർവതി ഇടയിൽ ചാടിവീണു.
“തീർച്ചയായും കാണും. ഒപ്പം പാർവതീംണ്ടാവും.”
“ഞാൻ പറയാം. അന്ന് എന്റെ ഇന്റർവ്യൂ വന്നപ്പോഴേ പറഞ്ഞിരുന്നു ഈ പാർട്ടിയെ ഒന്നു പരിചയപ്പെടണമെന്ന്. നല്ല മനുഷ്യൻ. രണ്ടു ദൗർബല്യങ്ങളേയുള്ളൂ. നിറുത്താനാവാത്ത പുകവലി. പിന്നെ വൈകുന്നേരത്തെ സ്കോച്ച്. ആദ്യം ചുരുട്ടായിരുന്നു. പിന്നെ എ.സി മുറിയിലെ നാറ്റം സഹിക്കാനാവുന്നില്ലെന്ന് ചിലർ പരാതിപ്പെട്ടപ്പോൾ പൈപ്പാക്കി. അതിനും നാറ്റം കാണാതിരിക്കില്ല. പിന്നെ സ്കോച്ചിന്റെ കാര്യമാണെങ്കിൽ അതൊക്കെ എത്തിച്ചുകൊടുക്കാൻ വിദേശങ്ങളിലുള്ള ചില ആരാധകന്മാരുണ്ട്.”
അങ്ങനെ ഒരു വൈകുന്നേരം ‘ശാന്തിനഗർ ടൈംസി’ലെ നിർമൽദായുടെ മുറിയിൽ. പൂർണിമയോടൊപ്പം സൗമിനിയും പാർവതിയും. ആരെയും വീട്ടിലേക്ക് ക്ഷണിക്കാറില്ല ദാദാ. തന്റെ മനസ്സ് പോലെ അലങ്കോലമായി കിടക്കുന്ന ബാച്ചിലർ ഫ്ലാറ്റ് ആരെയും കാണിക്കാൻ ഇഷ്ടമല്ലത്രെ.
ആരും പറയാതെതന്നെ മേശപ്പുറത്തു ചുടുചായയും പ്ലേറ്റുകളിൽ ബിസ്കറ്റും കശുവണ്ടിയും നിരന്നു.
“ഒടുവിൽ നീ ടീച്ചറെ ഇവിടെ എത്തിച്ചുവല്ലേ? സ്മാർട്ട്ഗേൾ.” ദാദായുടെ മുഴങ്ങുന്ന ചിരി.
“ഒരുപാട് മടിച്ചു. പിന്നെ നിർമൽദായെപ്പറ്റി വിശദമായി പറഞ്ഞപ്പോൾ കാണാതെ വയ്യെന്നായി അമ്മയും മകളും.”
“പതിവുപോലെ ഇവൾ ഒരുപാട് കൂട്ടിപ്പറഞ്ഞു കാണും. ഇവള് പറയുന്നതിന്റെ പകുതി കണക്കിലെടുക്കുന്നതാവും സേഫ്.”
അൽപം കഴിഞ്ഞ് പാർവതിയുടെ നേർക്ക് സൂക്ഷിച്ചുനോക്കിയിട്ട് ദാദാ തുടർന്നു:
“ഓ മൈ ഗോഡ്! അപ്പോൾ ഇതാണല്ലേ ശാന്തിനഗറിലെ ഫൂലൻ!”
“ഫൂലനോ?’’
“തോന്ന്യവാസം കാട്ടിയ പയ്യന്മാരെ ഇടിച്ചുവീഴ്ത്തിയ പെൺകുട്ടിയെപ്പറ്റി അന്നേ കേട്ടിരുന്നു. പക്ഷേ, അതീ കുട്ടിയാണെന്ന് മനസ്സിലായില്ല. ഈ പൂർണിമയും പറഞ്ഞില്ല.”
“സോറി ദാദാ. ഞാൻ അറിഞ്ഞിരുന്നില്ല.” പൂർണിമ പിറുപിറുത്തു.
“വളരെ മോശം. അന്നു രാത്രിതന്നെ എനിക്ക് റിപ്പോർട്ട് കിട്ടിയിരുന്നു. അതും മറ്റൊരു പത്രത്തിലെ ഒരു പയ്യനിൽനിന്ന്.”
“സോറി ദാ. അന്നെനിക്ക് ഇവരെയൊന്നും പരിചയമുണ്ടായിരുന്നില്ല. എന്നാലും ഈ ന്യൂസ് കിട്ടിയിരുന്നെങ്കിൽ ഞാൻ അതൊരു സ്റ്റോറി ആക്കുമായിരുന്നു.”
“ഇറ്റ്സ് ഓക്കേ കുട്ടീ. ഇതാണ് ഞാൻ പറയാറ്, പത്രക്കാരുടെ നാല് ചുറ്റും കണ്ണും കാതും ഉണ്ടാവണമെന്ന്. സിറ്റി റിപ്പോർട്ടർ അറിയാത്ത സംഭവം പത്രാധിപർ അറിയുകയെന്നുവച്ചാൽ, അതും മറ്റൊരു പത്രക്കാരനിൽനിന്ന്, അത് നമ്മുടെ ബ്യൂറോവിന് തന്നെ മോശമല്ലേ?”
“ദാദാ…”
“അവന്റെ കളി അപ്പോഴേ മനസ്സിലായി. ഒരുപക്ഷേ ആ വഴി കടന്നുപോയ ഏതോ ചങ്ങാതിയിൽനിന്നായിരിക്കണം അവന് ഈ നുറുങ്ങ് കിട്ടിയത്. കുറെക്കാലമായി ഇവിടെ കയറാൻ പാടുപെടുന്ന അവനെ അടുപ്പിച്ചിട്ടില്ല ഇതേവരെ. അതുകൊണ്ട് കിട്ടിയ അവസരം അവൻ പാഴാക്കിയില്ല, അത്രതന്നെ. ഭാഗ്യത്തിന് അവനു ഒരു ഫോട്ടോ കിട്ടിയില്ല. അതുംകൂടി കിട്ടിയിരുന്നെങ്കിൽ നാണക്കേടായേനെ.”
അതിശയിച്ചിരിക്കുകയാണ് അമ്മയും മകളും. ആദ്യത്തെ കാഴ്ചയിൽതന്നെ നിർമൽ ദാ എന്ന പത്രക്കാരനെപ്പറ്റി ഏതാണ്ടൊരു രൂപംകിട്ടി അവർക്ക്.
പലതും പറഞ്ഞ് ആ സംഭാഷണം നീണ്ടുപോയെങ്കിലും അൽപം കഴിഞ്ഞു രണ്ടാമത്തെ ചായക്കും പുകക്കും ശേഷം നിർമൽ ദാ നിവർന്നിരുന്നു.
‘‘പിന്നൊരു കാര്യം ടീച്ചറേ, ഈ രാഷ്ട്രീയമെന്ന് പറയുന്നത് വെറും ചെളിക്കുണ്ടാണെന്നും അതിൽ ഇറങ്ങുന്നവരൊക്കെ ഒരിക്കൽ നാറുമെന്നൊക്കെയുള്ള വിശ്വാസം എനിക്കില്ല. അടിസ്ഥാനപരമായി ഒരു ജനാധിപത്യ വ്യവസ്ഥയിൽ കറുപ്പും വെളുപ്പും സ്വാഭാവികമാണ്. പക്ഷേ, കറുപ്പിന് ഏറെക്കാലം നിൽക്കാനാവില്ലെന്ന് ലോക ചരിത്രം തെളിയിച്ചിട്ടുണ്ട്. ഒരുപാട് അട്ടിമറികൾക്കും നീണ്ടകാലത്തെ പട്ടാളഭരണങ്ങൾക്കും ശേഷം ജനാധിപത്യം തിരിച്ചുവന്നിട്ടില്ലേ പല രാജ്യങ്ങളിലും?’’
അദ്ദേഹം പറഞ്ഞുവരുന്നത് മനസ്സിലാവുന്നില്ലേയെന്ന മട്ടിൽ പൂർണിമ സൗമിനിയുടെ നേർക്ക് ഇടക്കൊക്കെ ഉറ്റുനോക്കുന്നുണ്ട്.
‘‘ഉലയിൽ കിടന്ന് ഉരുകിയാലേ പൊന്നിന് തിളക്കം കിട്ടൂ എന്ന് പറയാറില്ലേ? അതുപോലെതന്നെ തീച്ചൂളകളിലെ വേവറിഞ്ഞവർക്ക് ചെറിയ പ്രശ്നങ്ങളുടെ ചൂടറിയില്ല. അതൊക്കെ പറയാതെതന്നെ അറിയാമല്ലോ ടീച്ചർക്ക്.”
എന്തിനിതൊക്കെ വിസ്തരിക്കുന്നുവെന്ന മട്ടിൽ പൂർണിമയുടെ നേർക്ക് നോക്കുകയാണ് സൗമിനി. അത് മനസ്സിലായിട്ടെന്ന മട്ടിൽ ദാദാ വീണ്ടും ഉറക്കെ ചിരിച്ചു.
“അന്നത്തെ ഇന്റർവ്യൂ കണ്ടപ്പോഴേ തീരുമാനിച്ചതാണ് ഈ കഥാപാത്രത്തെ ഒന്നു നേരിൽ കാണണമല്ലോ എന്ന്. അതിനുള്ള സമയം ഇപ്പോഴാണ് കിട്ടിയതെന്നു മാത്രം. കാരണം, രാജ്യത്തെ പല നഗരങ്ങളിലും താമസിക്കാനും പ്രവർത്തിക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിലും ശരിക്കുള്ള പ്രണയം തോന്നിയത് ശാന്തിനഗറിനോട് മാത്രം. വളരെ എളുപ്പത്തിൽ ഒരു മാതൃകാശിൽപമാക്കി മാറ്റാവുന്ന മുന്തിയ കളിമണ്ണ് ഉണ്ടിവിടെ. അതുകൊണ്ടായിരിക്കണം ബാപ്പുജിക്കും ലാലാജിക്കും ഇവിടത്തോട് അത്രയേറെ അടുപ്പം തോന്നിയത്.”
“അങ്ങ് പറയണത് മനസ്സിലാവണില്ല.”
“പറയാം. കാലത്തിന്റെ വിളി വേണ്ട സമയത്തു കേൾക്കാത്തയാൾ തനി ബധിരൻ എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട് പണ്ട്. ഓർമക്കുറവ് കൊണ്ടാകാം കാലം പിന്നീട് വിളിച്ചെന്നു വരില്ല. അങ്ങനെയൊരു വിളി ഇപ്പോൾ ശാന്തിനഗറിനു ചുറ്റും വീണ്ടും മുഴങ്ങുന്നതുപോലെ. വർഷങ്ങൾക്കു മുമ്പ് അങ്ങനെയൊരു വിളി കേട്ട് തക്കസമയത്തുതന്നെ രംഗത്തിറങ്ങിയ ഒരാളുണ്ടായിരുന്നു. സുഷമാ എന്ന മുമ്പത്തെ മുനിസിപ്പൽ ചെയർപേഴ്സൺ… ഒടുവിൽ ഒരു കാര്യംകൂടി. നല്ല മനുഷ്യനായി ജീവിക്കണമെന്നുള്ളത് വെറും വ്യാമോഹമാണ്.
ചുറ്റുമുള്ള സമൂഹം നമ്മെ അതിന് അനുവദിക്കില്ല. ഒരുദിവസം എത്ര നുണകളാണ് നമ്മളൊക്കെ പറഞ്ഞുകൂട്ടുന്നതെന്ന് ഞാൻ ചിലപ്പോൾ ആലോചിക്കാറുണ്ട്. രാഷ്ട്രീയക്കാർ മാത്രമല്ല, ഇക്കാര്യത്തിൽ മോശമല്ല മാധ്യമങ്ങളും… ദൃശ്യമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളുമടക്കം. അപ്പോഴൊക്കെ വായിക്കുന്ന, കേൾക്കുന്ന ചിലരുടെ ഉള്ളിലെ പരിഹാസച്ചിരിയെ പറ്റി ഞാൻ ഓർക്കാറുണ്ട്. ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ ടീച്ചർക്ക്?”
“ഏതാണ്ടൊക്കെ…”
“വീട്ടിൽ പോയിട്ട് സ്വസ്ഥമായി ആലോചിച്ചു നോക്കൂ, അപ്പോൾ ഞാൻ പറഞ്ഞതിന്റെ അർഥം കൃത്യമായി മനസ്സിലാവും.”
കാറിൽ െവച്ചു പൂർണിമ കൂർപ്പിച്ചു നോക്കുന്നത് കണ്ടപ്പോൾ സൗമിനിക്ക് ചിരിവന്നു.
“പറഞ്ഞതൊക്കെ അപ്പഴേ മനസ്സിലായി കുഞ്ഞേ, ദാദയുടെ മുമ്പിൽ ചെറുതായൊന്നു അഭിനയിച്ചുവെന്ന് മാത്രം.”
മൂക്കത്തു വിരൽവെക്കുകയാണ് പൂർണിമ. ഈ ടീച്ചർ കാണുന്നപോലെയല്ല. നമ്മളെയെല്ലാം കടത്തിവെട്ടുന്ന മട്ടാണ്. ഒരു പക്കാ രാഷ്ട്രീയക്കാരിയുടെ കാക്കക്കണ്ണുണ്ട്.
“സമ്മതിച്ചു, ടീച്ചർ. പലപ്പോഴും അദ്ദേഹത്തിന്റെ മൂർച്ചയുള്ള വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന മുനകൾ കണ്ടുപിടിക്കാൻ ഞങ്ങൾ കുഴങ്ങാറുണ്ട്. പക്ഷേ ടീച്ചർ…”
‘‘കണക്കു ടീച്ചർമാരുടെ കണക്കുകൂട്ടലുകൾ തെറ്റാറില്ല. ദാദാ കാണണമെന്ന് പറഞ്ഞപ്പോൾതന്നെ ഞാൻ ഈ അപകടം മണത്തതാണ്.”
“അപകടം?”
“ഹേയ്, പറഞ്ഞൂന്നേയുള്ളൂ. എന്തായാലും അദ്ദേഹം പറഞ്ഞതിൽ ഒരുപാട് കാര്യംണ്ട്. ചെലതൊക്കെ എന്റെ മോളും പറയണത് കേട്ടിട്ടുണ്ട്. അതേപ്പറ്റിയൊക്കെ ആലോചിക്കാം, സമയംണ്ടല്ലോ.”
“ഓക്കേ.”
“എല്ലാറ്റിനും ഒരു സമയോം കാലോംണ്ടെന്ന് പറയാറുണ്ട്. അതായത് ‘ടൈമിങ്’. പൊതുവെ അതൊക്കെ ഉള്ളിൽ തോന്നുന്നതന്നെ. അങ്ങനെയൊരു തോന്നൽ കിട്ടിയാൽ തീർച്ചയായും ഞാനാ വിളി കേൾക്കാതിരിക്കില്ല, തെറ്റായാലും ശരിയായാലും. ഇതേവരെ അങ്ങനെതന്നെയാണ് ചെയ്തുപോന്നിരിക്കണത്.”
“ചിലതൊക്കെ അന്നത്തെ ഇന്റർവ്യൂവിൽതന്നെ പറഞ്ഞിട്ടുണ്ടല്ലോ.”
“ചെലത് മാത്രം. പറയാത്തത് കൂടിയുണ്ട്, ഒരുപാട്. എല്ലാം പറയാനാവില്ലല്ലോ പത്രക്കാരോട്.” സൗമിനി ചിരിച്ചു.
മടങ്ങിയെത്തിയിട്ടും കാതിൽ വറ്റാതെ കിടക്കുകയാണ് നിർമൽദായുടെ ശബ്ദം. അപൂർവമായൊരു കാന്തശക്തിയുണ്ട് അദ്ദേഹത്തിന്റെ ശബ്ദത്തിൽ. വെറുതെയല്ല അദ്ദേഹം ഈ രംഗത്തെ തലവനായി നിൽക്കുന്നത്. എന്തായാലും ഒരു കാര്യം ഉറപ്പ്. പൂർണിമ അളക്കുന്നതിൽ കൂടുതൽ ആഴമുണ്ട് മൂപ്പരുടെ മനസ്സിന്. അളന്നു തൂക്കിയുള്ള ആ വാക്കുകൾ കാലത്തെ കടന്നുപോകുന്നതു പോലെ.
ഒരു തീരുമാനം എടുക്കേണ്ട സമയമായിരിക്കുന്നു. കാലത്തിന്റെ ഓർമക്കുറവിനെപ്പറ്റി അദ്ദേഹം സൂചിപ്പിച്ചതിന് അർഥങ്ങൾ ഏറെ. പക്ഷേ, താൻതന്നെ സൂചിപ്പിച്ച ടൈമിങ്? ഒരു തീരുമാനമെടുക്കാനാവാതെ കുഴങ്ങുകയാണ് സൗമിനി.
ഇതേവരെയുള്ള ജീവിതത്തെയാകെ മാറ്റിയെഴുതിയേക്കാവുന്ന തീരുമാനം.
ആലോചിക്കുന്തോറും കുരുക്ക് മുറുകുന്നതുപോലെ. ഇവരൊക്കെ കണക്ക് കൂട്ടുന്നതുപോലെ വേറൊരു കോലംകെട്ടി ആടാവുന്ന അവസ്ഥയിലാണോ താൻ? അതും ഒരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത മറുനാട്ടുകാരി. ഏതോ നാട്ടിൽനിന്ന് ചേക്കേറിയ സ്ത്രീക്ക് ഈ പവിത്രമായ മണ്ണിൽ എന്ത് സ്ഥാനം? ഊരും വേരും അറിയാത്ത ഒരു പെണ്ണ്. ഇവിടത്തുകാരെ സംബന്ധിച്ചിടത്തോളം വേരിന്റെ ഈടും കരുത്തും കിടക്കുന്നത് ഒരാളുടെ ജാതിയിലാണ്. തന്റെ ജാതി ആരും തേടിയിട്ടില്ല, ചോദിച്ചാൽ മറുപടി കിട്ടില്ലെന്ന് നന്നായറിയുകയും ചെയ്യാം. തനിക്ക് ഈ നാടിനോട് ആകെയുള്ള കെട്ട് ഇവിടത്തെ കുറെ കുട്ടികൾക്ക് കുറേക്കാലം കണക്ക് പറഞ്ഞുകൊടുത്തുവെന്നതു മാത്രം. അവരുടെ കുടുംബങ്ങൾക്ക് സൗമിനിയെന്ന കണക്കുടീച്ചറെ അറിയാം. പക്ഷേ, ഒരു തെരഞ്ഞെടുപ്പ് കാലത്തെ കണക്കുകൂട്ടലുകളിൽ ഇതിനെന്തു പ്രസക്തി?
സുഷമാജിയുമായി തട്ടിച്ചുനോക്കുന്നത് വങ്കത്തമല്ലേ? ഈ നാട്ടിൽ പിറന്ന് ഇവിടത്തെ വായു ശ്വസിച്ചു വളർന്ന അവർക്ക് ഇവിടത്തെ എല്ലാ അലയിളക്കങ്ങളെയും കുറിച്ച് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് അവരുടെ പോരാട്ടത്തിന്റെ ഉണ്മയും ഊക്കും നന്നായി മനസ്സിലാകും ഇവിടത്തുകാർക്ക്. എന്തായാലും, അത്തരമൊരു കുപ്പായം തീരെ ചേരില്ല വയറ്റുപ്പിഴപ്പിനുള്ള ഉപായം തേടി ഈ നഗരത്തിലേക്ക് ചേക്കേറിയ പാവം സൗമിനി ടീച്ചർക്ക്.
മനസ്സാകെ കലങ്ങിമറിയുകയാണ്. ആരോടെങ്കിലും അഭിപ്രായം ചോദിക്കാമെന്ന് െവച്ചാൽ ആകെക്കൂടിയുള്ളത് പാർവതി മാത്രം. അവൾക്കാണെങ്കിൽ ഇക്കാര്യത്തിൽ ഒരു സംശയവുമില്ല താനും. പക്ഷേ, ആ പ്രായമല്ലല്ലോ തനിക്ക്. കൂടാതെ, ഇതെല്ലാംകൂടി തനിച്ചു കൊണ്ടുനടക്കുന്നതിനെപ്പറ്റി ആലോചിക്കാനേ വയ്യ. ഇവർ പറയുന്നതുപോലെ ഒരു കോർപറേറ്റർ ആകുകയെന്നു െവച്ചാൽ അതൊരു ഭാരിച്ച ചുമതലയാകും. അതും തീരെ പരിചയമില്ലാത്ത, ഒരുപാട് ചതിക്കുഴികളുള്ള മേഖല. ആർക്കും ഏതു സമയത്തും വന്നു മുട്ടാവുന്ന ഒരു വാതിൽ ഒരുക്കേണ്ടിവരും. എന്തുവന്നാലും തന്റെ പ്രിയപ്പെട്ട ട്യൂഷൻ സെന്റർ അടച്ചുപൂട്ടാൻ വയ്യ. ‘മൾട്ടി ടാസ്കിങ്ങിനെ’ പറ്റി പറയാൻ എളുപ്പമാണ്. പക്ഷേ അതിനുള്ള മനസ്സും ഊർജവുമില്ല തനിക്ക്.
എന്തായാലും, ഉടനെ ഒരു തീരുമാനമെടുത്തേ പറ്റൂ. തെരഞ്ഞെടുപ്പ് എന്നു വേണമെങ്കിലും പ്രഖ്യാപിക്കാം എന്നാണ് പൂർണിമ സൂചിപ്പിച്ചത്. ഒന്നു രണ്ടാഴ്ചക്കുള്ളിൽ പാർവതി പുണെക്ക് വണ്ടികയറും.
ഓളംതല്ലുന്ന മനസ്സുമായി സൗമിനി ഇത്തിരിനേരം കണ്ണടച്ചിരുന്നു. പെട്ടെന്നാണ് മിന്നൽപോലെ ഒരു ചിത്രം ഉള്ളിൽ തെളിഞ്ഞത്.
വിലാസിനിയുടെ ചിരിക്കുന്ന മുഖം.
കുറെ നാളുകളായി തന്നെ കുഴക്കിയിരുന്ന ചോദ്യത്തിന് പൊടുന്നനെ ഉത്തരം കിട്ടിയ അയവോടെ സൗമിനി നിവർന്നിരുന്നു. കുട്ടിക്കാലം മുതലേ അങ്ങനെയാണ്. മറ്റു ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ സമീപിക്കേണ്ട വൈദ്യന്റെ പേര് പത്രപ്പരസ്യങ്ങളിൽ വരുമ്പോൾ കളിയാക്കി പറയാറുണ്ട്. ‘ഉത്തരം കിട്ടാതെ വരുമ്പോൾ പി.കെ. വിലാസിനി!’
പതിവ് പരിഭവങ്ങളുമായാണ് വിലാസിനി ഫോൺ എടുത്തത്. എപ്പോഴും അങ്ങോട്ട് വിളിക്കുന്നത് താൻതന്നെ. മറിച്ചുള്ള വിളി അപൂർവം. പക്ഷേ അത്തരം പരിഭവങ്ങളൊന്നും കേൾക്കാനുള്ള മട്ടിലായിരുന്നില്ല സൗമിനി.
“ഓക്കേ. ഓക്കേ. അതൊക്കെ പിന്നീട്. അത്യാവശ്യായിട്ട് എനിക്ക് നിന്റെ അഭിപ്രായം വേണ്ടിയിരിക്കുന്നു.”
“എന്തുപറ്റി? നിന്റെ ശബ്ദം കേട്ടപ്പോഴേ മനസ്സിലായി ഏതോ ഏടാകൂടത്തിൽപെട്ടുവെന്ന്. ആരാ കക്ഷി?’’
“പോടീ. ഇത് അങ്ങനെയൊരു കാര്യല്ല…”
എന്തു സംശയം ചോദിച്ചാലും ചാടിക്കേറി ഉത്തരം പറയുന്ന ശീലമില്ല വിലാസിനിക്ക്. എല്ലാം നല്ലപോലെ ആലോചിച്ച ശേഷമേ അവൾ മറുപടി പറയാറുള്ളൂ. വല്ലാതെ കുഴഞ്ഞ പ്രശ്നമാണെങ്കിൽ അതിന്റെ മേട് സഹിക്കേണ്ടിവരിക അവളുടെ പുരികരോമങ്ങൾക്കാണ്. ഇങ്ങനെ പിഴുതുമാറ്റാൻ തുടങ്ങിയാൽ വയസ്സാകുമ്പോൾ അവിടെ ബാക്കിയൊന്നും കാണില്ലെന്ന് കളിയാക്കാറുണ്ട് കൂട്ടുകാരികൾ.
എന്തോ ഇത്തവണ പെട്ടെന്നൊരു ഉത്തരം പറയാനാകാതെ വിലാസിനി ഒന്ന് മടിക്കുന്നതുപോലെ.
“കാലത്തേ നീയെന്നെ ഇടങ്ങേറിലാക്കിയല്ലോ പെണ്ണേ”, അവൾ പരാതിപ്പെട്ടു. “ഇത് എന്റെ പരിധിയിൽ വരാത്ത വേറൊരു പഞ്ചായത്ത്. എന്തായാലും, കുറെനാൾ കൂടിയിട്ടു നീയൊരു അഭിപ്രായം ചോദിക്ക്യല്ലേ, നിരാശപ്പെടുത്താൻ വയ്യ. ഇത്തിരി കഴിഞ്ഞു ഞാൻ അങ്ങോട്ട് വിളിക്കാം. പതിവ് ഹെർബൽ കട്ടനും കുടിച്ചു ഉഷാറായി അപ്പുറത്തെ സെറ്റിയിൽ ഇരിപ്പുണ്ട് ഞങ്ങളുടെ എൻസൈക്ലോപീഡിയ. രാജ്യരാഷ്ട്രീയവും ലോകരാഷ്ട്രീയവും രണ്ടു കൈയിലുമെടുത്തു അമ്മാനമാടുന്ന എന്റെ ബോസ്.”
“ആയിക്കോട്ടെ, എത്രനേരം വേണമെങ്കിലും എടുത്തോളൂ. കൃത്യമായൊരു സൊല്യൂഷൻ കിട്ട്യാൽ മതി.”
പക്ഷേ, സൗമിനിയെ അമ്പരപ്പിച്ചുകൊണ്ട് പെട്ടെന്ന് തന്നെ മറുപടി കിട്ടി. അതും വേറൊരു മുറിയിൽനിന്ന്.
“ഞാൻ ചോദിച്ചപ്പോൾ ബോസ് ഭയങ്കര ചിരി. ഇതിൽ കവടിയെന്തിന് എന്നാണ് മൂപ്പരുടെ സംശയം. ഇടം വലം നോക്കാതെ ചാടിയിറങ്ങുക തന്നെ. കൂട്ടത്തിൽ ഒരു ഇംഗ്ലീഷ് കവിതാശകലവും. കാലവും ഓളവും ആർക്കും വേണ്ടി കാത്തുനിൽക്കാറില്ലെന്ന്…”
“എന്റമ്മേ!.”
“അത്ഭുതം വേണ്ടാ. കരിനാക്കാ ബോസിനു. പറഞ്ഞാൽ പറഞ്ഞതുതന്നെ. രണ്ടാമതൊരു ചോദ്യത്തിന് വകുപ്പില്ല. അന്നവിടെ കണ്ട അമ്മയുടെ മോൾക്ക് സംശയമേ പാടില്ലെന്നാണ് മൂപ്പര് പറഞ്ഞത്. അത്രക്ക് ഈടുറപ്പുള്ളതാവും നിന്റെ വേരുകളത്രെ. സത്യത്തിൽ നിന്നെക്കാൾ ബോസിന് ആദരവ് നിന്റെ അമ്മയോടാണെന്ന് തോന്നാറുണ്ട്. ആരും പിറക്കാൻ കൊതിക്കുന്ന വയറ് എന്നായിരുന്നു അന്നത്തെ കമന്റ്…”
അത് കേട്ടപ്പോൾ പൊട്ടിച്ചിരിയായിരുന്നു പാർവതിക്ക്. ഇത്രയും സിമ്പിളായ ഒരു ഉത്തരത്തിനായി ഒരു ഫോൺകോളും അറ്റത്തൊരു വിലാസിനിയും വേണമായിരുന്നോ എന്നു മാത്രമായിരുന്നു അവളുടെ സംശയം.
അങ്ങനെ അടുത്ത അങ്കത്തിനുള്ള കച്ച മുറുക്കുകയായി അമ്മയും മകളും…
ഒരു രാവിലെ പേടിച്ചിരുന്ന വിവരം സൗമിനിയെ തേടിയെത്തി. കുറെ നാളുകളായി ലോബിയിലെ തപാൽപ്പെട്ടി തുറക്കാനേ പേടിയായിരുന്നു അവർക്ക്.
അച്ചുവേട്ടന്റെ കത്ത്. അച്ചുവേട്ടനു വേണ്ടി ഇന്ദിര എഴുതിയിരിക്കുന്നു. നോട്ട് പുസ്തകത്തിൽനിന്ന് ചീന്തിയെടുത്ത വരയിട്ട കടലാസ്. കറുത്ത മഷിയിൽ ഉരുണ്ട അക്ഷരങ്ങൾ.
രാമചന്ദ്രൻ മാഷ് പോയി. വെറും മൂന്നു വാക്കുകളിൽ ഒടുങ്ങിയ വലിയൊരു ജീവിതം.
മരിക്കുന്നതിന് മൂന്നു നാല് ദിവസം മുമ്പ് തന്നെ ബോധം പോയത്രെ. അതേവരെ സ്വസ്ഥമായി കിടന്നിരുന്ന ആൾ പതിവില്ലാതെ പിച്ചും പേയും പറയാൻ തുടങ്ങിയതോടെ കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു ഡോക്ടർമാർക്ക്…അവിടെ നിറുത്തി സൗമിനി.
കണ്ണുകൾ കടയുന്നു. കാഴ്ച മങ്ങുകയാണോ? ആ കത്തും കൈയിൽ വെച്ചു മരവിച്ചിരിക്കുകയാണ് അവർ. കണ്ടു മറന്ന ദൃശ്യങ്ങൾ ഉള്ളിൽ കൂടിക്കുഴയുമ്പോൾ വിങ്ങൽ അടക്കാൻ പാട് പെടുകയാണ്... മുടി ഇരുവശത്തും പിന്നിയിട്ട ഒരു പാവാടക്കാരി ഏങ്ങലടിച്ചു കരയുന്നതുപോലെ. അന്തിമഴ കുളിര് പടർത്തിയ സായാഹ്നം മങ്ങിയ ഓർമയിൽ... ജാലകച്ചില്ലുകളിൽ ഏതോ പക്ഷി മുട്ടിയുണർത്താൻ നോക്കുന്നുണ്ടോ? വിയർപ്പിൽ കുതിർന്ന കൺപോളകൾ വിടർത്താൻ മടിച്ച ആലസ്യം.
ആ ചുളുങ്ങിയ കടലാസ് പാർവതിയുടെ നേർക്ക് നീട്ടി സൗമിനി കണ്ണടച്ചിരുന്നു...
മാഷ് ടെ ശേഷിച്ച സമ്പാദ്യവും ഭാര്യയുടെ സ്വർണപ്പണ്ടങ്ങളുമെല്ലാം ചികിത്സക്കായി പൊലിഞ്ഞിരുന്നു. ചില പഴയ വിദ്യാർഥികളും വായനശാല പ്രവർത്തകരും കൂടി സ്വരൂപിച്ചിരുന്ന പണവും തീർന്നതോടെ കൂടെനിന്നിരുന്ന അനന്തരവൻ കൈ മലർത്തി. ഇനി ബാക്കിയുള്ളത് താമസിച്ചിരുന്ന വീടും പറമ്പും മാത്രം. അതിൽ കൈവെക്കാൻ അയാൾ മടിച്ചപ്പോൾ ഏതോ സന്നദ്ധ സംഘടനയുടെ ശുശ്രൂഷാലയക്കാർ ഏറ്റെടുത്തു… മൂന്നു ദിവസമേ കിടന്നുള്ളൂ അവിടെ… കർമങ്ങളെല്ലാം ഇന്നലെയാണ് തീർന്നത്…
ഇന്ദിരയുടെ കാഴ്ച കുറേക്കൂടി ഭേദമായിട്ടുണ്ടത്രെ. ഉദ്ദേശിച്ചതിനേക്കാൾ ഭേദം എന്നാണ് ടൗണിലെ രാധാകൃഷ്ണൻ ഡോക്ടർ പറഞ്ഞത്. ഇങ്ങനെ പോയാൽ ഇടത്തേ കണ്ണ് വലത്തേതിനോട് കൂട്ടുകൂടാൻ വലിയ താമസമുണ്ടാവില്ലത്രെ. കാശ് ഒരുപാട് ചിലവായത്രേ. അമ്മയുടെ ഉള്ളിൽ ഇത്രക്കും സ്നേഹമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്.
പാർവതി കത്ത് വായിച്ചു തീരുമ്പോഴും കണ്ണടച്ചു മുഖം കുനിച്ചിരിക്കുകയാണ് സൗമിനി.
‘‘അമ്മേ...’’ അവൾ ചുമലിൽ തട്ടിവിളിച്ചു.
കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങുന്നുണ്ട്. ഇത്രനേരം പിടിച്ചു നിറുത്തിയിരുന്ന കണ്ണീർ. എളുപ്പത്തിലൊന്നും ഇളകാത്ത അമ്മ.
‘‘ഇത് പ്രതീക്ഷിച്ചതാണല്ലോ.” പാർവതി സമാധാനിപ്പിക്കാൻ നോക്കി. “ഏറ്റവും ഒടുവിൽ ഏതോ പാലിയേറ്റിവ് കെയർ യൂനിറ്റിലായിരുന്നെന്ന് തോന്നണു. എന്തായാലും അധികം കാലം അവടെ കെടന്നു നരകിക്കാതെ പോയത് പുണ്യം.’’
‘‘രക്ഷയില്ലാന്ന് അന്ന് കണ്ടപ്പോഴേ തോന്നിയതാണ്. എന്നാലും അവസാനം ഇങ്ങനെ ആയല്ലോന്ന് ഓർക്കുമ്പോ വെഷമം തോന്നുവാണ്. ആരേം ദ്രോഹിക്കാത്ത പാവം മനുഷ്യൻ.’’
‘‘അല്ലെങ്കിലും നല്ല മനുഷ്യരെയാണ് ആദ്യം മുകളിലേക്ക് വിളിക്കുക എന്ന് അമ്മതന്നെ പറയാറില്ലേ.’’
‘‘എന്നാലും എന്തൊക്കെയോ തോന്നണു. ഞാൻ ഇത്തിരി നേരം കെടക്കട്ടെ.’’
അമ്മ പതിയെ എണീക്കുന്നതും ആടിയാടി കിടപ്പുമുറിയിലേക്കു പോകുന്നതും നോക്കിയിരിക്കുമ്പോൾ പൊരുളറിയാത്ത ആ ബന്ധത്തിന് തിരിച്ചറിയാനാവാത്ത ആഴമുണ്ടെന്ന് ബോധ്യമായി മകൾക്ക്.
ഉണ്മയറിയാത്ത ഒരു ബന്ധത്തിന്റെ അവസാനം. പാർവതി നെടുവീർപ്പിട്ടു.
പാർവതിയെ യാത്രയാക്കാൻ തീവണ്ടിയാപ്പീസിൽ കാത്തുനിൽക്കുകയാണ് സൗമിനി. പാർവതിയോടൊപ്പം നീലിമയുമുണ്ട്. പഠിക്കുന്നത് രണ്ടു കോളേജിലാണെങ്കിലും താമസം ഒരേ ഫ്ലാറ്റിൽതന്നെ. പാർവതിക്ക് സൗകര്യമുള്ള പാർപ്പിടം. അതിനുവേണ്ടി അഞ്ചെട്ടു കിലോമീറ്റർ ബൈക്കോടിക്കാൻ തയാറാണ് നീലിമ. കൂടപ്പിറപ്പായ ബൈക്ക് ബ്രേക്കുവാനിൽ കയറ്റിയിട്ടുണ്ട്…താൻ കൂടെയില്ലെങ്കിൽ അവളെങ്ങാനും പിഴച്ചുപോയാലോ? നീലിമയെ യാത്രയാക്കാൻ ഒരുപാട് പേരുണ്ട്, താടിയും മുടിയുമായി. എന്തൊരു യാത്രയയപ്പ്. ഇവളെന്താ വിദേശയാത്രക്കോ മറ്റോ പോവാണോ, പാർവതി പിറുപിറുത്തു. എന്തായാലും പാർവതിയെ വണ്ടികേറ്റാൻ ഒരാൾതന്നെ ധാരാളം. തന്റെ പ്രിയപ്പെട്ട കൂട്ടുകാരി സൗമിനി ടീച്ചർ.
സ്റ്റേഷന്റെ അറ്റത്തുനിന്ന് മണി മുഴങ്ങി. വണ്ടി വരാറായി.
“ഇനി അടുത്ത തവണ ടീച്ചറെ കാണുമ്പോൾ വീടിനു മുമ്പിൽ ഒരു ആൾക്കൂട്ടം കാണും, അല്ലേ?”
“ങ്ങേ?”
“ഈ കോർപറേറ്റർ എന്നു പറയണത് നിസ്സാര പാർട്ട്യാ?”
“പോ കുട്ടീ…”
വണ്ടി വരുന്നതിനുമുമ്പ് പൂർണിമ ഓടിക്കിതച്ചു വരുന്നതു കണ്ടു.
“ഹാവൂ, പാർവതിയെ കേറ്റിവിടാനും ആളുണ്ട്. അതുമൊരു വല്ല്യ പത്രക്കാരി.”
പക്ഷേ, അവൾ വന്നത് സൗമിനിയെ കാണാനായിരുന്നു. തെരഞ്ഞെടുപ്പ് മിക്കവാറും ഇന്നുതന്നെ പ്രഖ്യാപിക്കുമത്രേ. ടീച്ചറെ അറിയിക്കാൻ പറഞ്ഞുവിട്ടിരിക്കുകയാണ് സുഷമാജി.
“ഓ…” സൗമിനി മൂളി.
വണ്ടി വന്നു. നീലിമക്കു വേണ്ടി കരയാൻ വീട്ടുകാരുണ്ടായിരുന്നു. പാർവതിക്കു വേണ്ടി ചിരിക്കാൻ അമ്മയും.
അനുബന്ധം:
നോവൽ എഴുതിക്കഴിഞ്ഞപ്പോൾ അതിന് എന്തു പേരിടണമെന്ന കാര്യത്തിൽ കുഴങ്ങി നോവലിസ്റ്റ്. ഇക്കാര്യത്തിൽ അവസാനത്തെ തീരുമാനം തന്റേത് മാത്രമാണെങ്കിലും, അതിൽ പ്രധാന കഥാപാത്രങ്ങളുടെ അഭിപ്രായം തേടുന്നതിൽ തെറ്റില്ലെന്ന് അയാൾക്ക് തോന്നി. ആ പേരിനോട് യോജിക്കാതെ അവർ വഴക്കിട്ട് ഇറങ്ങിപ്പോയാലോ? നോവൽ ശൂന്യമായതു തന്നെ. പിന്നെ ഒഴിഞ്ഞ താളുകൾ നോക്കി നെടുവീർപ്പിടുകയേ വഴിയുള്ളൂ. ഇതിനിടയിലാണ് അമ്മയും മകളും തമ്മിലുള്ള തർക്കങ്ങൾ കേൾക്കാൻ ഇടയായത്. അതും സാമാന്യം ഉറക്കെതന്നെ. കാത് കൂർപ്പിക്കുന്ന ഏത് നല്ല വായനക്കാരനും കേൾക്കാവുന്ന ശബ്ദങ്ങൾ.
‘‘പേര് അമ്മേടന്നെ.’’ വാദിക്കുകയാണ് മകൾ.
‘‘അതെങ്ങനെയാ? മോളല്ലേ ഈ കഥയെ ഇത്രയും മുന്നോട്ട് കൊണ്ടുപോയത്?’’
‘‘പക്ഷേ ആദ്യാവസാനം നെറഞ്ഞുനിക്കണത് അമ്മന്ന്യാ.’’
‘‘പാർവതിയില്ലെങ്കിൽ സൗമിനീമില്ല.’’ ഉറച്ച ശബ്ദം. ‘‘നീയെന്റെ മോള് മാത്രല്ല അമ്മയും കൂട്ടുകാരിയും…’’
‘‘ഒരമ്മേൽനിന്നേ ഏതു പാർവതീമുണ്ടാവൂ.’’
‘‘അത് വെറും ജനിതകം. പക്ഷേ സൗമിനിയെ പൂരിപ്പിക്കാൻ ഒരു പാർവതിക്കേ കഴിയൂ.’’
അതങ്ങനെ നീണ്ടുപോയെങ്കിലും കേൾക്കാൻ രസമായിരുന്നു നോവലിസ്റ്റിന്. ഒടുവിൽ പാർവതി മിണ്ടാതായപ്പോൾ നോവലിന്റെ പേര് താനെ ഉറച്ചുകിട്ടി.. പാർവതി. പാർവതി തന്നെ.
(അവസാനിച്ചു)
(ചിത്രീകരണം: സതീഷ് ചളിപ്പാടം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.